അടിമത്തം—ചരിത്രത്തിലെ ഒരു അടഞ്ഞ അധ്യായമോ?
അടിമത്തം—ചരിത്രത്തിലെ ഒരു അടഞ്ഞ അധ്യായമോ?
“ആരെക്കൊണ്ടെങ്കിലും അടിമവൃത്തി ചെയ്യിക്കുകയോ ആരെയും അടിമത്തത്തിൽ വെക്കുകയോ ചെയ്യാൻ പാടുള്ളതല്ല: എല്ലാത്തരം അടിമത്തവും അടിമക്കച്ചവടവും നിരോധിക്കപ്പെടണം.” സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനം.
നല്ലൊരു ജോലി നൽകാമെന്ന മോഹന വാഗ്ദാനവുമായാണ് ഹെയ്റ്റിക്കാരനായ പ്രേവോയെ മറ്റൊരു കരീബിയൻ രാജ്യത്തേക്കു കൊണ്ടുപോയത്. എന്നാൽ, വാസ്തവത്തിൽ വെറും 344 രൂപയ്ക്ക് താൻ വിൽക്കപ്പെടുകയായിരുന്നെന്ന കാര്യം പ്രേവോ അറിഞ്ഞതേയില്ല.
അടിമ നുകം പേറേണ്ടി വരുന്ന, തന്റെ രാജ്യത്തെ ആയിരക്കണക്കിന് ആളുകളെ പോലെ അദ്ദേഹത്തിനും ഒരു കരിമ്പിൻ തോട്ടത്തിൽ ആറേഴു മാസം പണിയെടുക്കേണ്ടി വന്നു. ഇങ്ങനെ എത്തിപ്പെടുന്ന പാവം തൊഴിലാളികളുടെ കയ്യിൽനിന്നു മുതലാളിമാർ ഉള്ളതെല്ലാം പിടിച്ചുവാങ്ങും. എന്നിട്ട് കയ്യിലൊരു വാക്കത്തിയും കൊടുത്ത് തോട്ടത്തിലേക്കു വിടും. എല്ലുമുറിയെ പണിതാലേ ആഹാരമുള്ളൂ. കൂലി വല്ലതും കിട്ടിയാലായി. താമസമാണെങ്കിൽ ഒരുപാടു പേർ തിങ്ങിക്കൂടി കഴിയുന്ന, വൃത്തിഹീനമായ ചുറ്റുപാടുകളിലാണ്. അവിടെനിന്നൊന്നു രക്ഷപ്പെടാൻ ശ്രമിച്ചാലോ, അടിച്ചു ശരിയാക്കിയതുതന്നെ.
തെക്കുകിഴക്കൻ ഏഷ്യയിലെ ലിൻ-ലിൻ എന്ന പെൺകുട്ടിയുടെ കാര്യമാണ് അതിലും കഷ്ടം. അവൾക്ക് 13 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. തുടർന്ന് ഒരു തൊഴിൽ ഏജൻസി 20,640 രൂപ കൊടുത്ത് അവളെ അച്ഛന്റെ കയ്യിൽനിന്നു വാങ്ങി. നല്ലൊരു ജോലി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ആ 20,640 രൂപ, മുൻകൂറായി നൽകുന്ന അവളുടെ ശമ്പളമാണ് എന്നാണ് അവളോട് പറഞ്ഞത്—ഉടമസ്ഥരുടെ പിടിയിൽനിന്ന് അവൾ വിട്ടു പോകില്ലെന്ന് ഉറപ്പു വരുത്താനുള്ള മാർഗം. മാന്യമായ ഒരു ജോലി കൊടുക്കുന്നതിനു പകരം, അവർ അവളെ നേരെ ഒരു വേശ്യാലയത്തിലേക്കാണു കൊണ്ടുപോയത്. അവിടെ, ഒരു മണിക്കൂർ നേരത്തേക്ക് അവളുടെ ശരീരത്തിനു പറയുന്ന വില 172 രൂപ ആണ്. ലിൻ-ലിൻ ശരിക്കും ഒരു തടവുകാരിയാണ്. കാരണം, കടം വീട്ടുന്നതുവരെ അവൾക്ക് അവിടെനിന്നു മോചനമില്ല. ഈ കടത്തിൽ വേശ്യാലയ നടത്തിപ്പുകാരിക്കു കൊടുത്തു തീർക്കേണ്ട 20,640 രൂപയും അതിന്റെ പലിശയും അവളുടെ സ്വന്തം ചെലവും ഉൾപ്പെടും. വേശ്യാലയ നടത്തിപ്പുകാരി പറയുന്ന കാര്യങ്ങൾ അക്ഷരംപ്രതി അനുസരിച്ചില്ലെങ്കിൽ അവളെ തല്ലിച്ചതയ്ക്കുകയോ മറ്റു രീതിയിൽ പീഡിപ്പിക്കുകയോ ചെയ്തേക്കാം. രക്ഷപ്പെടാൻ ശ്രമിച്ചാൽ ഒരുപക്ഷേ കൊന്നുകളഞ്ഞെന്നും വരാം.
സകലർക്കും സ്വാതന്ത്ര്യമോ?
ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ എറിയപ്പെട്ട ഒരു പഴഞ്ചൻ സമ്പ്രദായമാണ് അടിമത്തം എന്നാണു മിക്കയാളുകളും കരുതുന്നത്. അടിമത്തം നിർത്തലാക്കുന്നതിനായി മിക്ക രാജ്യങ്ങളും നിരവധി സമ്മേളനങ്ങൾ വിളിച്ചുകൂട്ടുകയും പ്രഖ്യാപനങ്ങൾ നടത്തുകയും നിയമങ്ങൾ നിർമിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെന്നുള്ളതു ശരിതന്നെ. അടിമത്തത്തിനെതിരെയുള്ള ശബ്ദം അന്തരീക്ഷത്തിലെങ്ങും മാറ്റൊലിക്കൊള്ളുന്നു. ദേശീയ നിയമങ്ങൾ അടിമത്തത്തെ വിലക്കുന്നു, അന്തർദേശീയ പ്രമാണങ്ങളിൽ അടിമത്ത നിർമാർജനം എന്നത് സ്വർണ ലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു—തുടക്കത്തിൽ ഉദ്ധരിച്ച, 1948-ലെ സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 4-ാം വകുപ്പിലെ പ്രസ്താവന ഇതിനു നല്ലൊരു ഉദാഹരണമാണ്.
എന്നാൽ, അടിമത്ത സമ്പ്രദായം ഇന്നും തഴച്ചുവളരുന്നു എന്നതാണു വാസ്തവം, ചിലർ അതിനെ സംബന്ധിച്ച് അജ്ഞരാണെങ്കിലും. പനോം പെൻ മുതൽ പാരീസ് വരെയും മുംബൈ മുതൽ ബ്രസീലിയ വരെയും ഉള്ള നമ്മുടെ ലക്ഷക്കണക്കിനു സഹജീവികൾ—പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും—അടിമകളായി അല്ലെങ്കിൽ അടിമകളുടേതു പോലുള്ള സാഹചര്യങ്ങളിൽ ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അടിമത്ത വിരുദ്ധ സംഘടന—ആളുകളെക്കൊണ്ടു നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന സമ്പ്രദായത്തെ സംബന്ധിച്ചു നിരീക്ഷണം നടത്തുന്ന ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സ്ഥാപനം—അടിമത്തത്തിന്റെ കയ്പുനീർ കുടിക്കുന്ന ആളുകളുടെ എണ്ണം കോടികളിലാണു രേഖപ്പെടുത്തുന്നത്. ലോകത്തിൽ ഇന്ന് മുമ്പെന്നത്തെക്കാളുമധികം അടിമകളുണ്ട് എന്നതാണു വാസ്തവം.
പണ്ടത്തെ അടിമത്തത്തിന്റെ മുഖമുദ്രകളായ ചങ്ങലയും ചാട്ടവാറും ലേലം വിളിയുമൊന്നും ഇപ്പോഴത്തെ അടിമത്തത്തിനില്ലായിരിക്കാം. ആളുകളെക്കൊണ്ട് നിർബന്ധിച്ചു പണിയെടുപ്പിക്കൽ, കൊച്ചു പെൺകുട്ടികളെ അടിമയെപോലെ വിവാഹജീവിതത്തിലേക്കു തള്ളിവിടൽ, കടത്തിന്റെ പേരിൽ ആളുകളെ അടിമകളാക്കൽ, കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കൽ, വേശ്യാവൃത്തി ചെയ്യിക്കൽ ഇവയൊക്കെയാണ് ഇന്നത്തെ അടിമത്തത്തിന്റെ കൂടുതലായി കണ്ടുവരുന്ന രൂപങ്ങൾ. വെപ്പാട്ടികളോ കരിമ്പു മുറിക്കുന്നവരോ പരവതാനി നെയ്ത്തുകാരോ റോഡു പണിക്കാരോ ഒക്കെ ആയിരിക്കാം ഇന്നത്തെ അടിമകൾ. അവരിൽ നല്ലൊരു ശതമാനവും അടിമച്ചന്തകളിൽ ലേലത്തിൽ വിൽക്കപ്പെടുന്നില്ല എന്നതു ശരിതന്നെ. എന്നാൽ അവരുടെ സ്ഥിതി അവരുടെ പൂർവികരുടേതിൽനിന്നും ഒട്ടും വിഭിന്നമല്ല. ഇവരിൽ ചിലരുടെ ജീവിതം പണ്ടത്തെ അടിമകളുടേതിനെക്കാൾ ദുരിതപൂർണമാണ്.
അടിമത്തത്തിന്റെ ക്രൂരമുഖം കാണേണ്ടി വരുന്നത് ആർക്കൊക്കെയാണ്? അവർ അടിമകളാകുന്നത് എങ്ങനെയാണ്? അവരെ സഹായിക്കാനായി എന്താണു ചെയ്തുകൊണ്ടിരിക്കുന്നത്? അടിമത്തത്തിനു തിരശ്ശീല വീഴാറായിരിക്കുന്നുവോ?
[4-ാം പേജിലെ ചതുരം/ചിത്രം]
എന്താണ് ആധുനിക അടിമത്തം?
വർഷങ്ങളായുള്ള ശ്രമത്തിനു ശേഷവും ഐക്യരാഷ്ട്രങ്ങൾക്കു പോലും ഉത്തരം നൽകാൻ വിഷമം ഉള്ള ഒരു ചോദ്യമാണത്. “ഉടമാവകാശത്തോടു ബന്ധപ്പെട്ട ഏതെങ്കിലും ഒരു അധികാരമോ അല്ലെങ്കിൽ എല്ലാ അധികാരങ്ങളുമോ ഒരു വ്യക്തിയുടെ മേൽ പ്രയോഗിക്കപ്പെടുമ്പോഴുള്ള അയാളുടെ അവസ്ഥ അഥവാ നില” എന്നാണ് 1926-ലെ അടിമത്ത കൺവെൻഷൻ അടിമത്തത്തെ നിർവചിച്ചത്. എങ്കിലും, ആ പദം വ്യാഖ്യാനത്തിനായി തുറന്നിട്ടിരിക്കുന്നു. ജേർണലിസ്റ്റായ ബാർബ്ര ക്രോസെറ്റ് അടിമത്തത്തെ ഇപ്രകാരം വർണിക്കുന്നു: “വിദേശത്തെ വസ്ത്ര നിർമാണ ശാലകളിലും സ്പോർട്സ് സാമഗ്രികൾ ഉണ്ടാക്കുന്ന വ്യവസായശാലകളിലും അമേരിക്കൻ നഗരങ്ങളിലെ സ്വെറ്റ് ഷോപ്പുകളിലും (അനാരോഗ്യകരമായ ചുറ്റുപാടുകളിൽ കുറഞ്ഞ വേതനത്തിനു ദീർഘനേരം പണിയെടുപ്പിക്കുന്ന വ്യവസായ ശാലകളും കടകളും) കുറഞ്ഞ വേതനത്തിനു പണിയെടുക്കുന്നവരോടുള്ള ബന്ധത്തിലാണ് അടിമത്തം എന്ന പദം ഉപയോഗിക്കുന്നത്. ലൈംഗിക വ്യവസായത്തെയും തടവുപുള്ളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന രീതിയെയും പരാമർശിക്കാൻ അത് ഉപയോഗിച്ചു വരുന്നു.”
“അടിമത്തം പുതിയ രൂപങ്ങൾ കൈക്കൊള്ളുമ്പോൾ—അല്ലെങ്കിൽ കൂടുതൽ സാഹചര്യങ്ങളെ വിശേഷിപ്പിക്കാൻ ആ പദം ഉപയോഗിക്കപ്പെടുമ്പോൾ—ആ വാക്കിന്റെ യഥാർഥ അർഥത്തിന്റെ തീവ്രത ചോർന്നു പോകുകയോ കുറഞ്ഞുപോകുകയോ ചെയ്യുമെന്ന്” അന്താരാഷ്ട്ര അടിമത്ത വിരുദ്ധ സംഘടനയുടെ ഡയറക്ടറായ മൈക്ക് ഡോട്രിജ് കരുതുന്നു. “ഒരു വ്യക്തി മറ്റൊരാളുടെ ഉടമാവകാശത്തിൻ കീഴിലോ പൂർണമായ നിയന്ത്രണത്തിൻ കീഴിലോ വരുന്ന ഏതൊരു സമ്പ്രദായവും അടിമത്തമാണ്,” അദ്ദേഹം പറയുന്നു. ഒരു വ്യക്തിയുടെ മേൽ അധികാരം പ്രയോഗിച്ചു കാര്യങ്ങൾ ചെയ്യിക്കുന്നതും അയാളുടെ ഓരോ ചലനത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നതും അതിൽ ഉൾപ്പെടുന്നു. “തൊഴിലുടമയെ ഉപേക്ഷിച്ചു പോകാനോ മറ്റൊരു തൊഴിലുടമയെ തിരഞ്ഞെടുക്കാനോ അയാൾക്കു സ്വാതന്ത്ര്യമില്ല” എന്നർഥം.
എ. എം. റോസെന്റാൽ ദ ന്യൂയോർക്ക് ടൈംസിൽ ഇങ്ങനെ എഴുതി: “അടിമകൾ ജീവിതത്തിന്റെ എല്ലാ തുറകളിലും അടിമത്തത്തിന്റെ ദുരിതങ്ങൾ പേറുന്നു—ജീവനും ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്ന തരം തൊഴിൽ, ബലാത്സംഗം, പട്ടിണി, പീഡനം, തുടങ്ങിയ അതിനീചമായ കാര്യങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു. “50 ഡോളർ ഉണ്ടെങ്കിൽ ഒരു അടിമയെ വാങ്ങാം. അതുകൊണ്ട് അടിമകൾ എത്രകാലം ജീവിക്കുന്നു എന്നത് [യജമാനന്മാർക്ക്] ഒരു വിഷയമേ അല്ല. മരിച്ചുകഴിഞ്ഞാൽ അടിമയുടെ ജഡം മറവുചെയ്യാൻ പോലും കൂട്ടാക്കാതെ ഏതെങ്കിലും നദിയിലേക്കു വലിച്ചെറിയുകയും ചെയ്യും.”
[കടപ്പാട്]
Ricardo Funari