ആധുനിക അടിമത്തം—അതിന്റെ മരണമണി മുഴങ്ങുന്നു!
ആധുനിക അടിമത്തം—അതിന്റെ മരണമണി മുഴങ്ങുന്നു!
“വ്യക്തി സ്വാതന്ത്ര്യവും സാർവത്രിക സ്വാതന്ത്ര്യവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒന്നിനെ തൊട്ടുകളിച്ചാൽ മറ്റേതിനെയും അതു സാരമായി ബാധിക്കും.”—1848-ലെ ഫ്രഞ്ച് ജേർണലിസ്റ്റും രാഷ്ട്രതന്ത്രജ്ഞനുമായ വിക്ടൊർ ഷൂളെർ.
“സഹജീവികളെ അവജ്ഞയോടെ വീക്ഷിക്കാനും അടക്കിഭരിക്കാനും ചവിട്ടിമെതിക്കാനും എല്ലായ്പോഴും മനുഷ്യനെ പ്രേരിപ്പിച്ചിട്ടുള്ള അവനിലെ ആ കറുത്ത വശം എന്താണ്? മനുഷ്യാവകാശ സംരക്ഷണം എന്ന ആശയം ആധുനിക മനുഷ്യ സമുദായത്തിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചതിനു ശേഷവും മനുഷ്യരോടുള്ള അത്തരം കുറ്റകൃത്യത്തിനു ശിക്ഷ ലഭിക്കാതെ പോകുന്നത് എന്തുകൊണ്ടാണ്?” ദി യുനെസ്കോ കുരിയറിന്റെ പ്രസാധകർ ചോദിക്കുന്നു.
ഉത്തരം ഒറ്റവാക്കിൽ പറയാനാകില്ല. പണം ലാഭിക്കാനായി കുരുന്നുകളെക്കൊണ്ട് യന്ത്രങ്ങളെ പോലെ പണിയെടുപ്പിക്കുന്നതിന്റെയും കടത്തിന്റെ പേരിൽ ആളുകളെ അടിമകളാക്കുന്നതിന്റെയും പിന്നിലെ പ്രേരകഘടകം അത്യാർത്തിയാണ്. പെൺകുട്ടികളെ വേശ്യാലയങ്ങൾക്കു വിൽക്കുന്നതിന്റെയും കൊച്ചു പെൺകുട്ടികളെ അടിമയെപ്പോലെ വിവാഹജീവിതത്തിലേക്കു തള്ളിവിടുന്നതിന്റെയും കാരണം ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ആണ്. മതപരമായ വിശ്വാസങ്ങളും സാംസ്കാരിക ചിന്താഗതികളും ആണ് അനുഷ്ഠാനപരമായ അടിമത്തത്തെ താങ്ങിനിർത്തുന്നത്. എയ്ഡ്സിന്റെ ഭയം കൂടാതെ ലൈംഗികാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ ഇളം പ്രായക്കാരായ ആൺകുട്ടികളെയോ പെൺകുട്ടികളെയോ തേടി ബാങ്കോക്കിലേക്കും മാനിലയിലേക്കുമൊക്കെ പോകാൻ പുരുഷന്മാരെ പ്രേരിപ്പിക്കുന്നത് വികൃതമായ ലൈംഗിക ചിന്താഗതികളും അധാർമികതയും ആണ്. ഒന്നാം നൂറ്റാണ്ടിലെ ഒരു നിയമവിദ്യാർഥി ആയിരുന്ന അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളിൽ പറഞ്ഞാൽ, ആളുകൾ “സ്വാർഥസ്നേഹികളും ധനമോഹികളും . . . മനുഷ്യത്വമില്ലാത്തവരും . . . ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും” ആയിരിക്കുന്ന ഒരു ലോകത്തിന്റെ പ്രത്യേകതകളാണ് ഇവയെല്ലാം. (2 തിമൊഥെയൊസ് 3:1-5, പി.ഒ.സി. ബൈബിൾ) ഇനി, പുരാതന കാലത്തെ ഒരു രാജ്യതന്ത്രജ്ഞനായ ശലോമോന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘വളവുള്ളതു നേരെ ആക്കുവാൻ വഹിയാത്തതും കുറവുള്ളതു എണ്ണിത്തികെപ്പാൻ വഹിയാത്തതും’ ആയ ഒരു ലോകത്തിന്റെ സവിശേഷതകളാണ് അവ.—സഭാപ്രസംഗി 1:15.
മനസ്സിന്റെ അഴിച്ചുപണി
അടിമത്ത സമ്പ്രദായത്തെ—അതിന്റെ പഴയ രൂപങ്ങളോ പുതിയ രൂപങ്ങളോ ആയാലും ശരി—പൂർണമായി ഇല്ലാതാക്കാൻ ആർക്കും ഒന്നും ചെയ്യാനാകില്ലെന്നോ ആരും ഒന്നും ചെയ്യില്ലെന്നോ ആണോ ഇതിന്റെയൊക്കെ അർഥം? ഒരിക്കലുമല്ല!
അടിമത്തം എന്നു പറയുന്നത് “ഒരു മാനസിക അവസ്ഥ” ആണെന്നു പറഞ്ഞശേഷം യുഎൻ ഓഫീസ് ഓഫ് ദ ഹൈ കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് (ഒഎച്ച്സിഎച്ച്ആർ) ഇങ്ങനെ കൂട്ടിച്ചേർത്തു: “അടിമത്തം നിർത്തലാക്കിയാലും അതിന്റെ പാടുകൾ അവശേഷിക്കും. അടിമത്തം ഔദ്യോഗികമായി നിർത്തലാക്കി നാളേറെ കഴിഞ്ഞാലും, അതിന് ഇരകളായവരുടെയും അവരുടെ പിൻഗാമികളുടെയും അതുപോലെതന്നെ അടിമത്ത സമ്പ്രദായം നടപ്പിലാക്കിയവരുടെയും അവരുടെ പിന്തുടർച്ചാവകാശികളുടെയും മനസ്സിൽ അത് മായാതെ നിലനിൽക്കും.”
അതുകൊണ്ട് അടിമത്തം നിർമാർജനം ചെയ്യാനുള്ള ഒരു മാർഗം
ലോകമെമ്പാടുമുള്ള ആളുകളുടെ ചിന്താഗതിയിൽ, അതായത് ഹൃദയനിലയിൽ മാറ്റം വരുത്തുക എന്നതാണ്. അതിനായി ഒരു പുതിയ വിദ്യാഭ്യാസ സമ്പ്രദായം, എന്നു പറഞ്ഞാൽ, മറ്റുള്ളവരെ സ്നേഹിക്കാനും അവരുടെ മാന്യതയെ ആദരിക്കാനും ആളുകളെ പഠിപ്പിക്കുന്നതരം വിദ്യാഭ്യാസം, നടപ്പിൽ വരുത്തേണ്ടത് ആവശ്യമാണ്. ഹൃദയത്തിൽനിന്ന് അത്യാർത്തിയെ വേരോടെ പിഴുതുകളയാനും ഉയർന്ന ധാർമിക നിലവാരങ്ങളനുസരിച്ചു ജീവിക്കാനും ആളുകളെ സഹായിക്കുക എന്നതാണ് അതിന്റെ അർഥം. അത്തരം വിദ്യാഭ്യാസം നൽകാൻ ആർക്കാണു കഴിയുക? “മനുഷ്യനെ നിർദയമായി ചൂഷണം ചെയ്യുന്നത് മേലാൽ വെച്ചുപൊറുപ്പിക്കാത്ത ഒരു ലോകക്രമം കൊണ്ടുവരുന്നതിൽ സകലർക്കും ഒരു പങ്കുണ്ട്” എന്ന് ഒച്ച്സിഎച്ച്ആർ പറയുന്നു.യഹോവയുടെ സാക്ഷികൾ എന്ന് അറിയപ്പെടുന്ന ക്രിസ്തീയ സമുദായം ലോകവ്യാപകമായി നടത്തിവരുന്ന വിദ്യാഭ്യാസ പരിപാടിയുടെ കാര്യമെടുക്കുക. സഹമനുഷ്യരെ നിർദയമായി ചൂഷണം ചെയ്യുന്ന രീതിയെ ഒരു തരത്തിലും പിന്താങ്ങാതിരിക്കാൻ ആത്മാർഥഹൃദയരായ വ്യക്തികളെ പഠിപ്പിക്കുന്നതിൽ ഈ വിദ്യാഭ്യാസ പരിപാടി വിജയിച്ചിരിക്കുന്നു. തങ്ങളുടെ സഹമനുഷ്യരോടെല്ലാം മാന്യതയോടെ പെരുമാറാൻ ഈ പരിപാടിയിലൂടെ 230-ലധികം ദേശങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകൾ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ വിദ്യാഭ്യാസ പരിപാടിയുടെ വിജയരഹസ്യം എന്താണ്?
മനുഷ്യന്റെ സ്രഷ്ടാവിനാൽ നിശ്വസ്തമാക്കപ്പെട്ട ബൈബിൾ എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ വിദ്യാഭ്യാസ പരിപാടി എന്നതാണ് അതിന്റെ കാരണം. മനുഷ്യന്റെ മാന്യതയ്ക്ക് ഉയർന്ന വില കൽപ്പിക്കുന്ന ഒരു പുസ്തകമാണു ബൈബിൾ. യഹോവയുടെ സാക്ഷികളുടെ വിദ്യാഭ്യാസ പരിപാടിയിലൂടെ ബൈബിൾ പഠിക്കുന്ന ആളുകൾ, നമ്മുടെ സ്രഷ്ടാവായ യഹോവ തന്റെ എല്ലാ സൃഷ്ടികൾക്കും—ലിംഗഭേദമന്യേ ഏതൊരു വർഗത്തിലും സാമൂഹിക പശ്ചാത്തലത്തിലും സാമ്പത്തിക ചുറ്റുപാടിലുംപെട്ട സകലർക്കും—മാന്യത കൽപ്പിക്കുന്ന ഒരു ദൈവമാണെന്നു മനസ്സിലാക്കുന്നു.—“സ്വാതന്ത്ര്യവും മാന്യതയും—ഏത് ഉറവിൽ നിന്ന്?” എന്ന ചതുരം കാണുക.
സമത്വവും മാന്യതയോടുള്ള ആദരവും
‘ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി’ എന്ന് പ്രവൃത്തികൾ 17:26) അതുകൊണ്ട് സഹമനുഷ്യരോടുള്ള ബന്ധത്തിൽ താൻ ശ്രേഷ്ഠനാണെന്നോ മറ്റുള്ളവരെ അടിച്ചമർത്താനോ ചൂഷണം ചെയ്യാനോ ഉള്ള അവകാശം തനിക്കുണ്ടെന്നോ ഒരാൾക്കും പറയാനാകില്ല. “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും” ബൈബിൾ പഠിക്കാൻ തയ്യാറാകുന്നവർ മനസ്സിലാക്കുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (പ്രവൃത്തികൾ 10:34, 35) ദൈവത്തിന്റെ സ്നേഹത്തണൽ ഏവർക്കും ലഭ്യമാണെന്ന് അവർ തിരിച്ചറിയുന്നു, കാരണം താനുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാനുള്ള പദവി ദൈവം സകല മനുഷ്യർക്കും നൽകിയിട്ടുണ്ട്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു . . . അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച”വനാണ് ദൈവം. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—യോഹന്നാൻ 3:16.
ബൈബിൾ പഠിപ്പിക്കുന്നു. (ഈ ബൈബിളധിഷ്ഠിത വിദ്യാഭ്യാസത്തിന് ആളുകളുടെ വ്യക്തിത്വത്തെ കാര്യമായി സ്വാധീനിക്കാനും അവരുടെ ഹൃദയങ്ങളെയും മനസ്സുകളെയും “പാടേ പുതുക്കാനും” കഴിയും. (എഫെസ്യർ 4:22-24, ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) തങ്ങളുടെ സഹ മനുഷ്യരോട് മാന്യതയോടും ആദരവോടും കൂടി പെരുമാറാൻ അത് അവരെ പ്രേരിപ്പിക്കുന്നു. ‘എല്ലാവർക്കും നൻമചെയ്യാൻ’ അവർ ദൃഢചിത്തരായിത്തീരുന്നു. (ഗലാത്യർ 6:10) ഒരു സത്യക്രിസ്ത്യാനി ആയിരിക്കാനും അതേസമയംതന്നെ സഹമനുഷ്യരെ നിർദയം ചൂഷണം ചെയ്യുന്നതിലും അടിച്ചമർത്തുന്നതിലും പങ്കുപറ്റാനും ആർക്കും കഴിയുകയില്ല. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയുടെ മാതൃക അതേപടി പിൻപറ്റുന്ന ഒരു ക്രിസ്തീയ സമൂഹം ആയിരിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ സന്തുഷ്ടരാണ്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ ഇടയിൽ ‘യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസമില്ലായിരുന്നു. എല്ലാവരും യേശുക്രിസ്തുവിൽ ഒന്നായിരുന്നു’—ഗലാത്യർ 3:28, പി.ഒ.സി. ബൈബിൾ.
ഒരു പുതിയ ഗവൺമെന്റ്
പക്ഷേ, അടിമത്തത്തിന്റെ എല്ലാ രൂപങ്ങളും എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടണമെങ്കിൽ മനുഷ്യ സമുദായത്തിൽ ഒരു സമൂല പരിവർത്തനം സംഭവിക്കേണ്ടതുണ്ട്. മനുഷ്യനെ ചൂഷണം ചെയ്യുന്ന രീതി അവസാനിപ്പിക്കണമെങ്കിൽ അത്തരം നടപടികൾ “വെച്ചുപൊറുപ്പിക്കുകയും അവയ്ക്കു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന പരിതഃസ്ഥിതികൾക്ക് മാറ്റം വരുത്തേണ്ടതുണ്ട്” എന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന പറയുന്നു. എല്ലാ രാഷ്ട്രങ്ങളുടെയും കൂട്ടായ പ്രവർത്തനവും സഹകരണവും ആഗോള മാനവസമുദായത്തിന്റെ പ്രതിജ്ഞാബദ്ധതയും ചൂഷണം അവസാനിപ്പിക്കുന്നതിന് ആവശ്യമായ മറ്റു സംഗതികളാണെന്ന് ആ സംഘടന പ്രസ്താവിക്കുന്നു.
ഇതിന് ന്യായമായും ഭൂവാസികളെ മുഴുവൻ ഒരു കൊടിക്കൂറയ്ക്കു കീഴിൽ അണിനിരത്താൻ കഴിവുള്ള, ലോകത്തെല്ലായിടത്തും സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ കഴിവുള്ള, ഒരു ഗവണ്മെന്റ് ആവശ്യമാണ്. നമ്മുടെ ഗ്രഹത്തെ വേട്ടയാടുന്ന യഥാർഥ പ്രശ്നങ്ങൾ “ആഗോള തലത്തിൽ” പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്രങ്ങളുടെ മുൻ സെക്രട്ടറി ജനറൽ ബൂട്രോസ് ബൂട്രോസ്-ഗാലി പറയുകയുണ്ടായി. എന്നാൽ ഇത് സംഭവ്യമാകുമോ എന്ന കാര്യത്തിൽ എല്ലാവർക്കുമൊന്നും അത്ര ഉറപ്പില്ല. അത്തരം സാർവത്രിക സഹകരണം സാധ്യമല്ലാത്ത വിധം, അധികാരസ്ഥാനത്തിരിക്കുന്ന ആളുകൾ തങ്ങളുടെ താത്പര്യങ്ങളിലും ലക്ഷ്യങ്ങളിലും സ്വാർഥമതികളാണെന്നാണ് കഴിഞ്ഞകാല അനുഭവങ്ങളെല്ലാം കാണിക്കുന്നത്.
എന്നാൽ, അത്തരമൊരു ആഗോള ഗവൺമെന്റു സ്ഥാപിക്കാൻ ദൈവം ഉദ്ദേശിച്ചിരിക്കുന്നുവെന്ന് ബൈബിൾ—തങ്ങളുടെ സഹജീവികളുടെ മാന്യതയ്ക്കു വില കൽപ്പിക്കാൻ ദശലക്ഷക്കണക്കിന് ആളുകളെ പഠിപ്പിച്ചിരിക്കുന്ന അതേ പുസ്തകം—വെളിപ്പെടുത്തുന്നു. നീതി വസിക്കുന്ന ഒരു പുതിയ ലോകത്തെ കുറിച്ചുള്ള അനേകം വാഗ്ദാനങ്ങൾ നിങ്ങൾക്കു ബൈബിളിൽ കണ്ടെത്താൻ കഴിയും. (യെശയ്യാവു 65:17; 2 പത്രൊസ് 3:13) ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാത്ത സകലരെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയെന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണ്. ഭൂമിയെ നീതിനിഷ്ഠമായി ഭരിക്കുന്ന ഒരു ആഗോള ഗവൺമെന്റ് സ്ഥാപിക്കുക എന്ന തന്റെ ഉദ്ദേശ്യം ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന ‘കർത്താവിന്റെ പ്രാർഥന’യിൽ ആ ഗവൺമെന്റിനു വേണ്ടി പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു.—മത്തായി 6:9, 10.
ആ ഗവൺമെന്റ് മനുഷ്യവർഗത്തിന്മേൽ ഭരണം നടത്തുമ്പോൾ ആരും മേലാൽ ചൂഷണം ചെയ്യപ്പെടുകയില്ല. അടിമത്തത്തിന്റെ എല്ലാ രൂപങ്ങളും പൂർണമായും നിർമാർജനം ചെയ്യപ്പെട്ടിരിക്കും. കാരണം രാജാവായ ക്രിസ്തു “ന്യായത്തോടും നീതിയോടും കൂടെ” ആയിരിക്കും ഭരണം നടത്തുക. (യെശയ്യാവു 9:7) അവന്റെ നീതിയുള്ള ഭരണത്തിൻ കീഴിൽ പീഡിതർ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കും. എന്തുകൊണ്ടെന്നാൽ ബൈബിൾ ഇപ്രകാരം പറയുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.”—സങ്കീർത്തനം 72:12-14.
അടിമത്തത്തിനും അതിന്റെ എല്ലാ രൂപങ്ങൾക്കും അവസാനം വന്നു കാണാൻ അതിയായി ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, അടിമച്ചങ്ങലകൾ പൊട്ടിച്ചെറിയുന്ന ഒരു ആഗോള ഗവൺമെന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ദൈവദ്ദേശ്യത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കുന്നതിനു നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും.
[11-ാം പേജിലെ ചതുരം/ചിത്രം]
സ്വാതന്ത്ര്യവും മാന്യതയും—ഏത് ഉറവിൽ നിന്ന്?
മാന്യതയ്ക്കും സ്വാതന്ത്ര്യത്തിനും ഉള്ള സഹജമായ ഒരാവശ്യവും ആഗ്രഹവും നമുക്ക് എല്ലാവർക്കുമുണ്ട്. യുഎൻ സെക്രട്ടറി ജനറലായ കോഫി ആന്നന്റെ പിൻവരുന്ന വാക്കുകളിൽ മാറ്റൊലിക്കൊള്ളുന്നത് ലോകത്തിന്റെ മൊത്തം വികാരങ്ങളാണ്: “നാമെല്ലാം ഭയം, പീഡനം, വിവേചനം എന്നിവയിൽനിന്നു മുക്തമായ ഒരു ജീവിതം ആഗ്രഹിക്കുന്നു എന്ന വസ്തുതയെ ആർക്കു നിഷേധിക്കാനാകും? . . . സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഒരു വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെ ശബ്ദമുയർത്തുന്നത് നിങ്ങൾ എന്നാണു കേട്ടിട്ടുള്ളത്? ഒരു അടിമ അടിമത്തത്തിനു വേണ്ടി വാദിക്കുന്നത് നിങ്ങൾ എവിടെയാണു കേട്ടിട്ടുള്ളത്?”
സമാനമായ അഭിപ്രായപ്രകടനങ്ങൾ ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ നമുക്കു കാണാം. ചിലർ അടിമകളായി ജനിക്കുന്നു എന്ന ആശയത്തെ ഖണ്ഡിച്ചുകൊണ്ട് ഒന്നാം നൂറ്റാണ്ടിലെ റോമൻ തത്ത്വചിന്തകനായ സെനിക്ക തന്റെ ലെറ്റേഴ്സ് റ്റു ലൂസിലിയസിൽ ഇപ്രകാരം എഴുതുന്നു: “നിങ്ങൾ അടിമ എന്നു വിളിക്കുന്ന ആളും നിങ്ങളും മനുഷ്യവംശം എന്ന ഒരേ കുലത്തിലെ അംഗങ്ങളാണ് എന്ന കാര്യം വിസ്മരിക്കരുത്. അതുപോലെ തന്നെ നിങ്ങളും അയാളും വാനമാകുന്ന ഒരേ മേൽക്കൂരയ്ക്കു കീഴിലാണു വസിക്കുന്നത്. ഒരേ വായുവാണ് ശ്വസിക്കുന്നത്, ജീവിതത്തിന്റെ ഒരേ കാതങ്ങൾ പിന്നിട്ട് ഒടുവിൽ നിങ്ങളും അയാളും ഒരുപോലെ മണ്ണടിയുന്നു!”
“സൃഷ്ടിപരമായി നോക്കുമ്പോൾ” എല്ലാ മനുഷ്യരും “തുല്യർ” ആണെന്ന് മുഹമ്മദിന്റെ നാലാമത്തെ അനന്തരഗാമിയായി ആദരിക്കപ്പെടുന്ന ഇമാം അലി ഒരിക്കൽ പറയുകയുണ്ടായി. 13-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നിരുന്ന ഒരു പേർഷ്യൻ കവിയായ സാഡി ഇപ്രകാരം പ്രഖ്യാപിച്ചു: “ആദാമിന്റെ മക്കൾ എന്ന നിലയിൽ [മനുഷ്യർ] എല്ലാവരും ഒരേ പദാർഥത്തിൽനിന്നു സൃഷ്ടിക്കപ്പെട്ടവരാണ്, ഒരു ശരീരത്തിലെ വ്യത്യസ്ത അവയവങ്ങൾ പോലെയാണ് അവരെല്ലാം. ലോകം ഒരു അവയവത്തെ വേദനിപ്പിക്കുമ്പോൾ മറ്റ് അവയവങ്ങൾക്കും ആ വേദന അനുഭവപ്പെടുന്നു.”
ബൈബിളിൽ കാണപ്പെടുന്ന ദിവ്യ നിശ്വസ്ത ചരിത്ര രേഖയും എല്ലാ മനുഷ്യരും മാന്യത അർഹിക്കുന്നു എന്ന വസ്തുതയെ എടുത്തുകാട്ടുന്നു. ഉദാഹരണത്തിന്, ഉല്പത്തി 1:27 (ഓശാന ബൈബിൾ) മനുഷ്യന്റെ സൃഷ്ടിയെ ഇപ്രകാരം വർണിക്കുന്നു: “അങ്ങനെ ദൈവം സ്വന്തം പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവം തന്റെ പ്രതിച്ഛായയിൽ അയാളെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” നമ്മുടെ സ്രഷ്ടാവ് സ്വാതന്ത്ര്യത്തിന്റെ ദൈവമാണ്. “യഹോവയുടെ ആത്മാവുള്ളിടത്തു സ്വാതന്ത്ര്യം ഉണ്ട്” എന്ന് അപ്പൊസ്തലനായ പൗലൊസ് പറയുകയുണ്ടായി. (2 കൊരിന്ത്യർ 3:17, NW) മനുഷ്യനെ തന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കുക വഴി യഹോവ മനുഷ്യന് ഒരളവുവരെ വിലയും ആത്മാഭിമാനവും മാന്യതയും നൽകിയിരിക്കുന്നു. തന്റെ സൃഷ്ടിയെ ഭാവിയിൽ “ജീർണ്ണതയുടെ അടിമത്ത”ത്തിൽനിന്നു മോചിപ്പിക്കുക വഴി അത്തരം സ്വാതന്ത്ര്യവും മാന്യതയും അവർ എക്കാലവും ആസ്വദിക്കുമെന്ന് അവൻ ഉറപ്പു വരുത്തും.—റോമർ 8:21, പി.ഒ.സി. ബൈബിൾ.
[9-ാം പേജിലെ ചിത്രം]
സ്വാതന്ത്ര്യവും മാന്യതയും സകല മനുഷ്യരുടെയും ജന്മാവകാശമാണ്
[10-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യന്റെ മാന്യതയെ ആദരിക്കേണ്ടതുണ്ടെന്നു മനസ്സിലാക്കാൻ ബൈബിൾ വിദ്യാഭ്യാസം ആളുകളെ സഹായിക്കുന്നു, ഒപ്പം അത് ഭാവിയിലെ ഒരു പുതിയ ലോകത്തെ സംബന്ധിച്ച പ്രത്യാശ നൽകുകയും ചെയ്യുന്നു
ബെനിനിലെ ഒരു കുടുംബ ബൈബിൾ അധ്യയനം
എത്യോപ്യയിലെ നീല നൈൽനദിയിലെ മനോഹരമായ ഈ വെള്ളച്ചാട്ടം പറുദീസയുടെ ചെറിയൊരു പൂർവദൃശ്യമാണ്