ഇന്നത്തെ അടിമകൾ ആരെല്ലാം?
ഇന്നത്തെ അടിമകൾ ആരെല്ലാം?
ഈ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കൂ. 15 വയസ്സിൽ താഴെ പ്രായമുള്ള 20 കോടി മുതൽ 25 കോടി വരെ കുട്ടികൾ പകലന്തിയോളം വിയർപ്പൊഴുക്കി പണിയെടുക്കുന്നവരാണ്. വിശ്രമം എന്നു പറയാൻ അവർക്കു ലഭിക്കുന്നതോ, രാത്രിയിൽ ഉറങ്ങുന്ന ഏതാനും മണിക്കൂറുകൾ. 1995, 1996 എന്നീ വർഷങ്ങളിൽ മാത്രം, ഏഴു വയസ്സുകാർ ഉൾപ്പെടെ രണ്ടര ലക്ഷം കുട്ടികളാണ് യുദ്ധായുധങ്ങളേന്താൻ നിർബന്ധിതരായത്. ചിലർ അതോടെ അടിമകൾ ആയിത്തീർന്നു. വർഷം തോറും അടിമകളായി വിൽക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം പത്തുലക്ഷത്തിൽ അധികമാണെന്നു കണക്കാക്കപ്പെടുന്നു.
ഈ ബലിയാടുകൾക്കു പറയാനുള്ളത് കണ്ണീരിൽ കുതിർന്ന കഥകളാണ്. ഉദാഹരണത്തിന്, എഴുത്തുകാരിയായ എലിനോർ ബർക്കെറ്റ്, ഒരു ഉത്തരാഫ്രിക്കൻ രാജ്യത്തു വെച്ച് ഫാറ്റ്മ എന്ന ചെറുപ്പക്കാരിയെ കണ്ടുമുട്ടാനിടയായി. തന്റെ ക്രൂരനായ യജമാനന്റെ കയ്യിൽനിന്ന് ഒരുതരത്തിൽ രക്ഷപ്പെട്ടു പോന്ന ആ യുവതിയുമായി കുറെ നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ ബർക്കെറ്റിന് ഒരു കാര്യം മനസ്സിലായി. ഫാറ്റ്മയുടെ “മനസ്സ് എന്നും അവളെ അടിമച്ചങ്ങലയിൽ തളച്ചിടും” എന്ന്. ഫാറ്റ്മയ്ക്ക് മെച്ചപ്പെട്ട ഒരു ഭാവിയെക്കുറിച്ച് സ്വപ്നം കാണാനെങ്കിലും കഴിയുമോ? “ഇല്ല, അവൾക്കു സ്വപ്നങ്ങൾ എന്നു പറയാനായി ഒന്നുമില്ല. ഭാവി ജീവിതം അവളെ സംബന്ധിച്ചിടത്തോളം അനന്തതയിലേക്കു നീണ്ടുകിടക്കുന്ന ഒരു ഇരുണ്ട തുരങ്കമാണ്,” ബർക്കെറ്റ് പറയുന്നു.
അതേ, നിങ്ങൾ ഇതു വായിക്കുന്ന സമയത്തുതന്നെ നമ്മുടെ കോടിക്കണക്കിനു സഹജീവികൾ ഒരു നല്ല ഭാവിയുടെ നിഴലാട്ടം കൂടി കാണാനാവാതെ അടിമകളായി കഴിയുകയാണ്. ഇവരെല്ലാം എങ്ങനെയാണ് അടിമകളായിത്തീരുന്നത്, എന്തുകൊണ്ടാണ്? ഏതെല്ലാം തരത്തിലുള്ള അടിമ നുകങ്ങളാണ് അവർ പേറേണ്ടി വരുന്നത്?
‘മാംസവിപണി’യിൽ വിൽപ്പനച്ചരക്കുകൾ ആകുന്നവർ
ഐക്യനാടുകളിൽ എങ്ങും വിതരണം ചെയ്യപ്പെടുന്ന ടൂറിസ്റ്റ് ലഘുപത്രിക ഒരു മറയും കൂടാതെ ഇങ്ങനെ പറയുന്നു: “തായ്ലൻഡിലേക്ക് ലൈംഗിക വിനോദയാത്രകൾ. ആരെയും മയക്കുന്ന സുന്ദരിമാർ, തുച്ഛമായ ചെലവിൽ യഥാർഥ ലൈംഗിക സുഖം അനുഭവിച്ചറിയൂ. . . . വെറും 200 ഡോളറിന് ഒരു കന്യകയെ വാങ്ങാൻ കഴിയുമെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ?” എന്നാൽ, ഈ “കന്യകമാർ” തട്ടിക്കൊണ്ടുപോകപ്പെട്ടവർ ആയിരിക്കാമെന്ന് അല്ലെങ്കിൽ വേശ്യാലയങ്ങൾക്കു വിൽക്കപ്പെട്ടവർ ആയിരിക്കാമെന്ന്—അവിടെ, ശരാശരി പത്തു മുതൽ ഇരുപതു വരെ പേർ ദിവസവും അവരെ തേടി ചെല്ലുന്നു—ആ ലഘുപത്രിക വെളിപ്പെടുത്തുന്നില്ല. ലൈംഗികാഭാസങ്ങൾക്കു വഴങ്ങിയില്ലെങ്കിൽ അവർക്കു പ്രഹരമേൽക്കേണ്ടിവരും. തെക്കൻ തായ്ലൻഡിലെ ഒരു വിനോദ കേന്ദ്രമായ പൂക്കെറ്റ് ദ്വീപിലെ ഒരു വേശ്യാലയത്തിൽ തീപിടിത്തം ഉണ്ടായപ്പോൾ 5 വേശ്യകളാണ് വെന്തു മരിച്ചത്. അതിന്റെ കാരണമോ? അവരെ ചങ്ങലകൊണ്ട് കട്ടിലിനോടു
ബന്ധിച്ചിരുന്നതിനാൽ അവർക്ക് ഓടി രക്ഷപ്പെടുന്നതിനു സാധിച്ചില്ല.ഈ യുവതികൾ എവിടെനിന്നാണു വരുന്നത്? ലൈംഗിക വ്യവസായത്തിന്റെ ഈ മേഖല ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പെൺകുട്ടികളെയും സ്ത്രീകളെയുംകൊണ്ടു നിറഞ്ഞുവരുകയാണ് എന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അവർ തട്ടിക്കൊണ്ടു പോകപ്പെട്ടവരോ വേശ്യാവൃത്തിയിലേക്കു വലിച്ചിഴയ്ക്കപ്പെട്ടവരോ വേശ്യാലയങ്ങൾക്കു വിൽക്കപ്പെട്ടവരോ ആണ്. വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യവും സമ്പന്ന രാഷ്ട്രങ്ങളിലെ സമ്പദ്സമൃദ്ധിയും അതുപോലെതന്നെ അന്തർദേശീയ വ്യാപാരത്തിനും ഉടമ്പടി-അടിമത്തത്തിനും നേരെ കണ്ണടയ്ക്കുന്ന നിയമവ്യവസ്ഥയും കൈകോർത്തു നീങ്ങുന്നതാണ് സാർവദേശീയമായി ലൈംഗിക വ്യാപാരം തഴച്ചുവളരാൻ കാരണം.
1970-കളുടെ പകുതി മുതൽ 1990-കളുടെ ആരംഭം വരെയുള്ള കാലയളവിൽ ലോകമെമ്പാടുമായി മൂന്നു കോടി സ്ത്രീകൾ വിൽപ്പനച്ചരക്കുകൾ ആയിട്ടുണ്ടെന്ന് തെക്കു കിഴക്കൻ ഏഷ്യയിലെ സ്ത്രീ സംഘടനകൾ കണക്കാക്കുന്നു. വലയിൽ വീഴാൻ സാധ്യതയുള്ളതായി കാണപ്പെടുന്ന കൊച്ചു പെൺകുട്ടികളെയും സ്ത്രീകളെയും നോട്ടമിട്ടുകൊണ്ട് പെൺവാണിഭക്കാർ റെയിൽവേ സ്റ്റേഷനുകളിലും ദരിദ്ര ഗ്രാമങ്ങളിലും നഗരവീഥികളിലും കഴുകൻ കണ്ണുകളുമായി പരതുന്നു. അക്ഷരാഭ്യാസം ഇല്ലാത്തവരോ അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ അശരണരോ ഒക്കെയാണ് സാധാരണഗതിയിൽ ഇവരുടെ വലയിൽ കുടുങ്ങുന്നത്. ജോലി കൊടുക്കാമെന്നു പറഞ്ഞു മോഹിപ്പിച്ച് ഇവരെ മറ്റു സംസ്ഥാനങ്ങളിലേക്കോ രാജ്യങ്ങളിലേക്കോ ഒക്കെ കൊണ്ടുപോയി ഒടുവിൽ വേശ്യാലയങ്ങൾക്കു വിൽക്കുന്നു.
1991-ൽ കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലംപൊത്തിയതോടെ സ്ത്രീകളും പെൺകുട്ടികളും അടക്കം അനേകമാളുകൾ നിർധനരായി തീർന്നിരിക്കുന്നു. അരാജകത്വം, സ്വകാര്യവത്കരണം, വർധിച്ചുവരുന്ന സാമൂഹിക-സാമ്പത്തിക അസമത്വം എന്നിവ കുറ്റകൃത്യവും ദാരിദ്ര്യവും തൊഴിലില്ലായ്മയും കൊടികുത്തിവാഴാൻ ഇടയാക്കിയിരിക്കുന്നു. റഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും ഒട്ടനവധി സ്ത്രീകളും പെൺകുട്ടികളും ഇപ്പോൾ അന്താരാഷ്ട്രതലത്തിലുള്ള സംഘടിത ലൈംഗിക വ്യവസായത്തിന്റെ ‘കറവപ്പശുക്കൾ’ ആയിത്തീർന്നിരിക്കുന്നു. “മയക്കുമരുന്നു വിൽപ്പനയിൽ ഏർപ്പെടുമ്പോൾ പിടിക്കപ്പെടാനുള്ളത്ര സാധ്യത ആളുകളെ വിൽപ്പനച്ചരക്ക് ആക്കുമ്പോൾ ഇല്ല” എന്ന് മുൻ യൂറോപ്യൻ നീതിന്യായ കമ്മീഷണർ ആനീറ്റ ഗ്രാഡിൻ പറയുകയുണ്ടായി.
കൈവിട്ടുപോകുന്ന ബാല്യം
ഏഷ്യയിലെ, പരവതാനി നെയ്യുന്ന ഒരു കൊച്ചു ഫാക്ടറിയിൽ വെറും അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങൾ ഒരു നയാപ്പൈസ പോലും കൂലിയില്ലാതെ വെളുപ്പിന് 4 മുതൽ രാത്രി പതിനൊന്നു വരെ പണിയെടുക്കുന്നു. അപകടകാരികളായ രാസവസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്നതും വേണ്ടത്ര വെളിച്ചമോ വായുസഞ്ചാരമോ ഇല്ലാത്ത ചുറ്റുപാടുകളിൽ നീണ്ട മണിക്കൂറുകൾ പണിയെടുക്കേണ്ടി വരുന്നതും നിമിത്തം പലപ്പോഴും ഇത്തരം കൊച്ചു തൊഴിലാളികൾക്ക് a
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സുരക്ഷിതമല്ലാത്ത യന്ത്രസാമഗ്രികളുടെ ഉപയോഗം ഇവരുടെ ജീവൻതന്നെ അപകടത്തിലാക്കുന്നു.തൊഴിൽ മേഖലയിൽ കുരുന്നുകൾക്ക് ഇത്രയധികം ഡിമാൻഡ് ഉള്ളത് എന്തുകൊണ്ടാണ്? ഒരു സംഗതി, അവർക്കു കുറഞ്ഞ വേതനം നൽകിയാൽ മതി എന്നതാണ്. അവരെ പറഞ്ഞ് അനുസരിപ്പിക്കാൻ എളുപ്പമാണ്. അതുപോലെതന്നെ പരാതിപ്പെടാനും അവർ ധൈര്യം കാണിക്കില്ല. ഇനിയും, കുട്ടികളുടെ പിഞ്ചു ശരീരവും ചുറുചുറുക്കുള്ള കുരുന്നു വിരലുകളുമെല്ലാം പരവതാനി നെയ്ത്തു പോലുള്ള ജോലികൾക്കു പറ്റിയവയായി കണ്ണിൽച്ചോരയില്ലാത്ത തൊഴിലുടമകൾ കാണുന്നു. അതുകൊണ്ട് മാതാപിതാക്കൾ പണിയില്ലാതെ വീട്ടിലിരിക്കുമ്പോഴും കുട്ടികൾക്കു പണി കിട്ടുന്നു.
കുരുന്നു തൊഴിലാളികളുടെ യാതനകൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല. വീട്ടുവേല ചെയ്യുന്ന കുട്ടികൾ ലൈംഗികവും ശാരീരികവുമായ പീഡനത്തിന് ഇരകളാകാൻ കൂടുതൽ സാധ്യതയുള്ളവരാണ്. പല കുട്ടികളെയും തട്ടിക്കൊണ്ടുപോയി വിദൂരസ്ഥലങ്ങളിൽ പാർപ്പിക്കുകയും രക്ഷപ്പെട്ടു പോകാതിരിക്കാൻ രാത്രിയിൽ ചങ്ങലയിട്ടു പൂട്ടുകയും ചെയ്യുന്നു. പകൽനേരം അവരെക്കൊണ്ട് റോഡുപണി ചെയ്യിക്കുകയും കല്ലുമടകളിൽ പണിയെടുപ്പിക്കുകയും ഒക്കെ ചെയ്തേക്കാം.
ചില കുട്ടികൾക്ക് ബാല്യം കൈവിട്ടുപോകുന്നത് മറ്റൊരു വിധത്തിലാണ്. വിവാഹപ്രായത്തിനു മുമ്പേ ഒരു അടിമയെപ്പോലെ അവർ വിവാഹജീവിതത്തിലേക്കു പ്രവേശിക്കേണ്ടിവരുന്നു. ഉദാഹരണത്തിന്, അന്താരാഷ്ട്ര അടിമത്ത വിരുദ്ധ സംഘടന ഇപ്രകാരം പറയുന്നു: “60 വയസ്സുള്ള ഒരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന വിവരം ഒരു 12 വയസ്സുകാരിയെ അവളുടെ വീട്ടുകാർ അറിയിക്കുന്നു. അവൾക്ക് അതിനെ എതിർക്കാനുള്ള അവകാശമുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ ആ അവകാശം പ്രയോഗിക്കാൻ അവൾക്കു കഴിയില്ല. തനിക്ക് അതിന് അവകാശമുണ്ടെന്നു പോലും അവൾക്ക് അറിയില്ല എന്നതാണു വസ്തുത.”
കടത്തിന്റെ അടിമകൾ
ലക്ഷക്കണക്കിനു തൊഴിലാളികൾ അവരുടെ തൊഴിലുടമകളുടെ അടിമകളായിത്തീർന്നിരിക്കുന്നു. കാരണം തൊഴിലുടമകൾ ഈ തൊഴിലാളികൾക്കോ അവരുടെ മാതാപിതാക്കൾക്കോ പണം കടം കൊടുത്തിട്ടുണ്ട്. പണ്ടു മുതലേ ഇത്തരം അടിമത്തം മുഖ്യമായും കണ്ടുവരുന്നത് കാർഷിക മേഖലകളിലാണ്. തൊഴിലാളികൾ വീട്ടുവേലക്കാരോ കൃഷിപ്പണിക്കാരോ ആയിരിക്കാം. ചില സന്ദർഭങ്ങളിൽ ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്കു കടബാധ്യത കൈമാറപ്പെടാറുണ്ട്. ആ കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ പിടിയിൽനിന്ന് ഒരിക്കലും വിട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് തൊഴിലുടമകളുടെ ലക്ഷ്യം. മറ്റു ചില സന്ദർഭങ്ങളിൽ, പണം കടം കൊടുത്തിരിക്കുന്ന തൊഴിലുടമ ഒരു പുതിയ തൊഴിലുടമയ്ക്ക് തൊഴിലാളിയെ വിൽക്കുമ്പോൾ തൊഴിലാളിയോടൊപ്പം കടബാധ്യതയും കൈമാറപ്പെടുന്നു. കടത്തിന്റെ പേരിൽ അടിമകളായിരിക്കുന്ന ഇത്തരം തൊഴിലാളികൾക്ക് വേതനമായി ഒരു നയാപ്പൈസ ലഭിക്കാത്ത അവസ്ഥപോലും വരാറുണ്ട്. തൊഴിലാളിക്ക് അയാളുടെ വേതനത്തിൽ കുറെ മുൻകൂറായി നൽകിക്കൊണ്ട് അയാളെ കടത്തിൽ തളച്ചിടുന്നതാണ് മറ്റൊരു രീതി. ആ കടബാധ്യത തീർന്നുകഴിയുമ്പോൾ പിന്നെയും പിന്നെയും പണം മുൻകൂറായി കൊടുത്തുകൊണ്ടിരിക്കും. അങ്ങനെ തൊഴിലാളി തൊഴിലുടമയുടെ അടിമയായിത്തീരുന്നു.
അനുഷ്ഠാനപരമായ അടിമത്തം
പശ്ചിമാഫ്രിക്കയിൽ നിന്നുള്ള ബിന്റിക്കു വയസ്സ് പന്ത്രണ്ടേ ഉള്ളൂ. ഏവേ ഭാഷയിൽ “ദേവദാസികൾ” എന്നർഥമുള്ള ട്രോക്കോസി ആയി സേവിക്കുന്ന ആയിരക്കണക്കിനു പെൺകുട്ടികളിൽ ഒരാളാണ് അവൾ. ചെയ്യാത്ത ഒരു കുറ്റത്തിനുള്ള—സ്വന്തം ജനനത്തിനു കാരണമായ ബലാത്സംഗം—പ്രായശ്ചിത്തമെന്നവണ്ണം അടിമനുകം പേറാൻ നിർബന്ധിതയായിരിക്കുന്നു അവൾ. ഇപ്പോൾ അവളുടെ ജോലി, സ്ഥലത്തെ പുരോഹിതന് വീട്ടുവേല ചെയ്തു കൊടുക്കുക മാത്രമാണ്. എന്നാൽ, കുറേക്കൂടെ കഴിയുമ്പോൾ തന്റെ യജമാനനായ പുരോഹിതന്റെ ലൈംഗിക സുഖത്തിനുള്ള ഒരു ഉപഭോഗ വസ്തു കൂടിയായിത്തീരും അവൾ. എന്നാൽ യൗവനം പടിയിറങ്ങുന്നതോടെ പുരോഹിതൻ അവളെ മാറ്റി സുന്ദരികളായ മറ്റു പെൺകുട്ടികളെ ദേവദാസികളായി തിരഞ്ഞെടുക്കും.
‘പാപ’മായി വ്യാഖ്യാനിക്കപ്പെട്ട ഒരു പ്രവൃത്തിക്കോ ദൈവിക കൽപ്പന ലംഘിച്ചതിനോ ഉള്ള പ്രായശ്ചിത്തമെന്നവണ്ണം ബിന്റിയെ പോലുള്ള ആയിരക്കണക്കിനു പേരെ സ്വന്തം കുടുംബാംഗങ്ങൾ ഇത്തരം അടിമവൃത്തിക്കായി സമർപ്പിക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും, ‘ദൈവത്തിന്റെ പ്രേയസികൾ’—ഒരു ദേവനുമായി വിവാഹബന്ധത്തിൽ വന്നിരിക്കുന്നവർ—ആണെന്ന പേരിൽ നിരവധി പെൺകുട്ടികൾക്കും സ്ത്രീകൾക്കും മതപരമായ കർത്തവ്യങ്ങൾ അനുഷ്ഠിക്കുകയും പുരോഹിതന്റെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യേണ്ടി വരുന്നു. പലപ്പോഴും ഈ സ്ത്രീകൾ പ്രതിഫലമൊന്നും വാങ്ങാതെ മറ്റു സേവനങ്ങളും ചെയ്യണം. താമസസ്ഥലമോ ജോലിസ്ഥലമോ വിട്ടുപോകാനുള്ള സ്വാതന്ത്ര്യം ഇവർക്കില്ല. ഇവർ പലപ്പോഴും വർഷങ്ങളോളം ഈ അടിമച്ചങ്ങലയിൽ തളച്ചിടപ്പെടുന്നു.
പരമ്പരാഗത രീതിയിലുള്ള അടിമത്തം
അടിമത്തം നിയമപരമായി നിർത്തലാക്കിയെന്നു മിക്ക രാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ പരമ്പരാഗത രീതിയിലുള്ള അടിമത്തം അടുത്തയിടെയായി ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. ആഭ്യന്തര കലഹത്താലോ സായുധ സംഘട്ടനത്താലോ പിച്ചിച്ചീന്തപ്പെട്ട പ്രദേശങ്ങളിലാണ് സാധാരണഗതിയിൽ ഇത്തരം അടിമത്തം കണ്ടുവരുന്നത്. അന്താരാഷ്ട്ര അടിമത്ത വിരുദ്ധ സംഘടന ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “സംഘട്ടനങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ നിയമവ്യവസ്ഥ മരവിച്ച അവസ്ഥയിൽ ആയിരിക്കുന്നതിനാൽ പട്ടാളക്കാർക്കോ അർധസൈനിക വിഭാഗത്തിനോ ശിക്ഷയെ ഭയക്കാതെ . . . ആളുകളെക്കൊണ്ട് നിർബന്ധിച്ച്, കൂലി കൊടുക്കാതെ പണിയെടുപ്പിക്കാൻ കഴിയും; അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയിട്ടില്ലാത്ത സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് മുഖ്യമായും അത്തരം സംഗതികൾ അരങ്ങേറുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.” എന്നാൽ, “ഗവൺമെന്റ് സൈനികർ നിയമവിരുദ്ധമായി പൗരന്മാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായുള്ള റിപ്പോർട്ടുകളും അടുത്തകാലത്തു ലഭിച്ചിട്ടുണ്ട്” എന്ന് അതേ സംഘടന പറയുന്നു. സൈനികരും അർധസൈനിക വിഭാഗങ്ങളും തങ്ങൾ പിടിച്ചെടുത്ത ആളുകളെ മറ്റുള്ളവർക്കു വിറ്റുകൊണ്ട് അടിമക്കച്ചവടം നടത്തുന്നതായും റിപ്പോർട്ടു ലഭിച്ചിരിക്കുന്നു.
സങ്കടകരമെന്നു പറയട്ടെ, അടിമത്തം പല രൂപങ്ങളിലും ഭാവങ്ങളിലും മാനവരാശിയെ ഇപ്പോഴും ഒരു തീരാശാപം പോലെ പിടികൂടിയിരിക്കുകയാണ്. ലോകത്തെമ്പാടുമായി അടിമത്തത്തിന്റെ കയ്പുനീർ കുടിക്കുന്നത് കോടിക്കണക്കിന് ആളുകളാണെന്ന ഞെട്ടിക്കുന്ന ആ യാഥാർഥ്യത്തെ കുറിച്ച് ഒരിക്കൽക്കൂടി ചിന്തിക്കൂ. ഈ താളുകളിൽ നിങ്ങൾ വായിക്കാനിടയായ ആധുനിക അടിമത്തത്തിന്റെ ബലിയാടുകളായ ലിൻ-ലിൻ, ബിന്റി എന്നിവരെ പോലുള്ളവരുടെ കദന കഥകളെ കുറിച്ചും ഓർക്കുക. ആധുനിക അടിമത്തം എന്ന കുറ്റകൃത്യം അവസാനിച്ചു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അടിമത്ത നിർമാർജനം എന്നെങ്കിലും ഒരു യാഥാർഥ്യമാകുമോ? അതിനു മുമ്പായി സമൂല മാറ്റങ്ങൾ തന്നെ സംഭവിക്കേണ്ടതുണ്ട്. ആ മാറ്റങ്ങളെ കുറിച്ച്
പിൻവരുന്ന ലേഖനത്തിൽ വായിക്കുക.
[അടിക്കുറിപ്പ്]
a “ബാലതൊഴിൽ—അതിന്റെ മരണമണി മുഴങ്ങുന്നു!” എന്ന ശീർഷകത്തിലുള്ള 1999 മേയ് 22 ലക്കം ഉണരുക! കാണുക.
[6-ാം പേജിലെ ചതുരം/ചിത്രം]
അടിമത്തം—പരിഹാര ശ്രമങ്ങൾ
ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും പോലുള്ള വിവിധതരം ഔദ്യോഗിക ഏജൻസികൾ, ആധുനിക അടിമത്തം നിർമാർജനം ചെയ്യാനുള്ള പദ്ധതികൾ സംഘടിപ്പിക്കാനും അവ നടപ്പിലാക്കാനുമൊക്കെ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. അതിനു പുറമേ, അന്താരാഷ്ട്ര അടിമത്ത വിരുദ്ധ സംഘടന, മനുഷ്യാവകാശ നിരീക്ഷണ സംഘടന തുടങ്ങിയ ഗവൺമെന്റ് പങ്കാളിത്തമില്ലാത്ത ഒരുകൂട്ടം സംഘടനകൾ ആധുനിക അടിമത്തം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള അവബോധം വർധിപ്പിക്കാനും അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ആളുകളെ സ്വതന്ത്രമാക്കാനും ഉള്ള ശ്രമങ്ങൾ നടത്തിയിരിക്കുന്നു. അടിമകളെക്കൊണ്ടോ ബാല തൊഴിലാളികളെക്കൊണ്ടോ അല്ല സാധനങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്ന് അറിയിക്കാനായി ഉത്പന്നങ്ങളിൽ പ്രത്യേക ലേബലുകൾ ഒട്ടിക്കുന്ന രീതി ആരംഭിക്കാൻ ഈ സംഘടനകളിൽ ചിലതു ശ്രമിക്കുന്നുണ്ട്. “ലൈംഗിക വിനോദസഞ്ചാരികൾ”ക്കെതിരെ അവരുടെ സ്വന്തം രാജ്യത്ത് നിയമങ്ങൾ നിർമിക്കണമെന്ന് ആവശ്യപ്പെടുന്ന ഏജൻസികളുമുണ്ട്. അങ്ങനെയാകുമ്പോൾ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന ഈ സഞ്ചാരികൾ സ്വദേശത്തു മടങ്ങിയെത്തുമ്പോൾ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ സാധിക്കും. തങ്ങൾക്കു കഴിയുന്നിടത്തോളം അടിമകളെ വീണ്ടെടുക്കുന്നതിനായി ചില മനുഷ്യാവകാശ പ്രവർത്തകർ അടിമവ്യാപാരികൾക്കും മുതലാളികൾക്കും വലിയ തുക കൊടുക്കുന്ന അളവോളംപോലും പോയിരിക്കുന്നു. ഇത് പക്ഷേ വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നു. കാരണം, അത്തരം നടപടികൾ ആളുകളെ അടിമകളാക്കുന്നത് ആദായകരമായ ഒരു ബിസിനസ്സ് ആയിത്തീരാനും അടിമയുടെ വില കുതിച്ചുയരാനും ഇടയാക്കും.
[7-ാം പേജിലെ ചിത്രം]
ബാല്യം പടിയിറങ്ങുന്നതിനു മുമ്പേ പല പെൺകുട്ടികൾക്കും വിവാഹജീവിതത്തിന്റെ ഉത്തരവാദിത്വം പേറേണ്ടിവരുന്നു
[കടപ്പാട്]
UNITED NATIONS/J.P. LAFFONT
[8-ാം പേജിലെ ചിത്രം]
ആഹാരത്തിനായി ക്യൂ നിൽക്കുന്ന ഈ തൊഴിലാളികൾ കടബാധ്യതയുടെ പേരിൽ അടിമകളായതാണ്
[കടപ്പാട്]
Ricardo Funari
[8-ാം പേജിലെ ചിത്രം]
ചിലപ്പോൾ കൊച്ചു കുട്ടികൾ സൈനിക സേവനത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു
[കടപ്പാട്]
UNITED NATIONS/J.P. LAFFONT