“ചിലന്തിവല ലേസ്”—പരാഗ്വേയിലെ അതിമനോഹരമായ കരകൗശലവസ്തു
“ചിലന്തിവല ലേസ്”—പരാഗ്വേയിലെ അതിമനോഹരമായ കരകൗശലവസ്തു
പരാഗ്വേയിലെ ഉണരുക! ലേഖകൻ
പരാഗ്വേയിലെ അസൂൺഷിയോൺ വിമാനത്താവളം. ഞങ്ങളുടെ സാധനങ്ങൾ വിമാനത്തിൽ നിന്ന് ഇറക്കുന്നതേയുള്ളൂ. ചുറ്റുമുള്ള കാഴ്ചകളൊക്കെ കാണാൻ ഏതാനും മിനിട്ടുകൾ വീണുകിട്ടിയ സന്തോഷത്തിലാണു ഞങ്ങൾ. പെട്ടെന്നാണ് ചുവരിൽ തൂക്കിയിരിക്കുന്ന ഒരു പ്രദർശനവസ്തു കാണാൻ ഭാര്യ എന്നെയും വലിച്ചു കൊണ്ടുപോയത്. “നോക്കൂ, എന്തു ഭംഗിയാ അതു കാണാൻ അല്ലേ?,” അവൾക്ക് ആശ്ചര്യം അടക്കാൻ കഴിയുന്നില്ല. അതിസങ്കീർണമായ ഡിസൈനോടു കൂടിയ മനോഹരമായ ഒരു ലേസ് മേശവിരി ചൂണ്ടിയാണ് അവൾ അതു പറഞ്ഞത്. അത് ഉണ്ടാക്കിയത് എങ്ങനെയാണെന്ന് ഉടനെ അറിയണം എന്നായി അവൾ.
“ചിലന്തിവല ലേസ്” ജന്മമെടുത്തത് അറേബ്യയിൽ ആണ്. പരാഗ്വേ, പൊതുവിവരങ്ങളും വിനോദസഞ്ചാരപരമായ വിവരങ്ങളും (ഇംഗ്ലീഷ്) അതിനെക്കുറിച്ച് ഇപ്രകാരം പറയുന്നു: “[അറേബ്യയിൽ നിന്ന് അത്] കാനറി ദ്വീപുകളിലും സ്പെയിനിലും എത്തിച്ചേർന്നു. പിന്നീട്, 17-ഉം 18-ഉം നൂറ്റാണ്ടുകൾക്ക് ഇടയിൽ അതു പരാഗ്വേയിൽ എത്തി. ടെനെറിഫിൽ നിന്നുള്ള സൂര്യലേസിന് അവിടെവെച്ചാണ് പരാഗ്വൻ ലേസ് അഥവാ ന്യാൻഡൂറ്റെ എന്ന പേരു വീണത്.” പരാഗ്വേയിലെ ലേസ് നിർമാതാക്കൾ ഓരോരുത്തരും അതിന് തങ്ങളുടേതായ രൂപഭാവങ്ങൾ കൂട്ടിച്ചേർത്തു. തങ്ങളുടെ നാട്ടിലെ സസ്യജന്തുജാലങ്ങളുടെ സവിശേഷതകളും അവർ അതിന്റെ ഡിസൈനിൽ പകർത്തി. ഈ ലേസിന്റെ ഉപജ്ഞാതാക്കൾ പരാഗ്വേക്കാർ അല്ലായിരുന്നുവെങ്കിലും, പുതിയ തരം തുന്നലുകൾ അതിൽ ചേർത്തുകൊണ്ട് അവർ അതിന്റെ മോടി കൂട്ടുക തന്നെ ചെയ്തു. ലേസ് നെയ്യൽ ഇന്ന് അവിടെയുള്ള മിക്കവരുടെയും ഉപജീവനമാർഗം ആയിത്തീർന്നിരിക്കുന്നു.
അവരെങ്ങനെയാണ് കാഴ്ചയ്ക്ക് ചിലന്തിവല പോലുള്ള ഈ സങ്കീർണമായ ലേസ് ഉണ്ടാക്കിയെടുക്കുന്നത്? ഉത്തരം തേടിയുള്ള യാത്ര ഞങ്ങളെ കൊണ്ടെത്തിച്ചത് അസൂൺഷിയോണിന് 30 കിലോമീറ്റർ കിഴക്കുള്ള ഇറ്റ്വാഗ്വാ എന്ന കൊച്ചുപട്ടണത്തിലാണ്. പരാഗ്വേയിലെ ചിലന്തിവല ലേസിന്റെ ഏറിയപങ്കും നിർമിക്കപ്പെടുന്നത് ഈ പ്രദേശത്താണ് എന്നു ഗൈഡ് ഞങ്ങളോടു പറഞ്ഞു. അവിടത്തെ പ്രധാന തെരുവിൽ ഉള്ള കടകൾ നീളെ, നെയ്തുണ്ടാക്കിയ അത്തരം അനേകം വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നതു ഞങ്ങൾ കണ്ടു.
ഒരു കടയുടമസ്ഥ ഞങ്ങളെ ഹാർദമായി സ്വാഗതം ചെയ്തു. അവിടെ ഉണ്ടായിരുന്ന ആകർഷകമായ ഇനങ്ങളിൽ ചിലവ അവർ ഞങ്ങൾക്കു കാണിച്ചുതന്നു. “കൈകൊണ്ട് ഉണ്ടാക്കുന്ന ലേസുകളെ അവ നെയ്തെടുക്കുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയാണ് തരംതിരിക്കുന്നത്,” അവർ ഞങ്ങളോടു വിശദീകരിച്ചു. ചിലന്തിവല ലേസ് ഒരു നീഡിൽപോയന്റ് ലേസ് (സൂചിമുന കൊണ്ടുള്ള അലങ്കാരത്തുന്നലോടു കൂടിയ ലേസ്) ആണ്. പരാഗ്വേയിലെ മിക്ക ലേസ് നെയ്ത്തുകാർക്കും സങ്കീർണമായ ഡിസൈനുകൾ മനഃപാഠമാണ്. എങ്കിലും, പാറ്റേൺ നോക്കി ലേസ് നിർമിക്കുന്നവരും ഉണ്ട്. തടി കൊണ്ടുള്ള ഒരു ഫ്രെയിമിൽ പിടിപ്പിച്ചിരിക്കുന്ന പരുത്തിത്തുണിയിൽ സൂചിയും നൂലും കൊണ്ടാണ് എല്ലാവരും ലേസ് നിർമിക്കുന്നത്. അമ്മമാരിൽ നിന്ന് നന്നെ ചെറുപ്പത്തിലെ തന്നെ അവർ ഈ കരകൗശലവിദ്യ പഠിച്ചെടുക്കുന്നു. പിന്നീട് അവർ ഈ അറിവ് അവരുടെ മക്കൾക്കു കൈമാറുന്നു.”
ഒരു ചിലന്തിക്ക് വല നെയ്യാൻ വെറും രണ്ടോ മൂന്നോ മണിക്കൂർ മതി. എന്നാൽ, “പരുപരുത്ത നൂൽ കൊണ്ട്, എട്ടു പേർക്ക് ഇരിക്കാവുന്ന മേശയ്ക്ക് ഇത്തരം ഒരു വിരി നെയ്തെടുക്കാൻ രണ്ടോ മൂന്നോ മാസം എടുക്കും. ഇനി, അതേ മേശവിരി തന്നെ നേർമയേറിയ നൂൽ ഉപയോഗിച്ചാണു നെയ്യുന്നതെങ്കിൽ ആറു മുതൽ എട്ടു വരെ മാസം വേണ്ടിവരും,” അവർ തുടർന്നു. “നൂൽ എത്രമാത്രം നേരിയതാകുന്നോ അത്രയും മനോഹരമായിരിക്കും ഉത്പന്നവും.”
ഒരു വെള്ള ലേസ് തൂവാല എടുത്തുകാണിച്ചിട്ട് അവർ ഇങ്ങനെ വിശദീകരിച്ചു: “ഇതിന്റെ നടുക്കു കാണുന്ന ഡിസൈൻ ഗ്വാവ മരത്തിൽ വിരിയുന്ന പൂവിന്റേതാണ്. നെയ്യുന്ന സമയത്ത് അതിന്റെ നൂലുകൾ എണ്ണി വേണം എടുക്കാൻ. നെയ്തുണ്ടാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഡിസൈൻ ഇതാണ്. നേർമയേറിയ നൂലാണ് ഉപയോഗിക്കുന്നതെങ്കിൽ, രണ്ടോ മൂന്നോ ആഴ്ച വേണം ഇതു ചെയ്തു തീർക്കാൻ. ലേസ് നിർമാണത്തിന്റെ പ്രാരംഭ നാളുകളിൽ നെയ്ത്തുകാർ നേരിയ നൂലുകൾ മാത്രം ഉപയോഗിച്ചിരുന്നതിനാൽ ലേസുകൾക്ക് പൊള്ളുന്ന വിലയായിരുന്നു. അതുകൊണ്ട്, കുറഞ്ഞ ചെലവിൽ കൂടുതൽ വേഗത്തിൽ ലേസ് നിർമിക്കുന്നതിനായി പല നെയ്ത്തുകാരും പിന്നീട് പരുപരുത്ത നൂൽ ഉപയോഗിക്കാൻ തുടങ്ങി.”
വെള്ള നിറത്തിലും മറ്റു പല നിറങ്ങളിലുമുള്ള മേശവിരികളും തൂവാലകളുമൊക്കെ ആ കടയിൽ പ്രദർശിപ്പിച്ചിരുന്നു. വസ്ത്രങ്ങളെ കുറിച്ച് ഞങ്ങൾ ചോദിച്ച ഉടനെ അവർ ഒരു തനി പരാഗ്വൻ ഉടുപ്പ് എടുത്തുകൊണ്ടുവന്നു. മഴവില്ലിന്റെ നിറഭേദങ്ങളോടു കൂടിയ, നിറയെ തൊങ്ങലുകളും ഞൊറികളും മറ്റ് അലങ്കാരപ്പണികളും ഉണ്ടായിരുന്ന മനോഹരമായ ഒരു ഉടുപ്പ്. അവരുടെ മകളുടേത് ആയിരുന്നു അത്. അതിനെക്കുറിച്ച് അവർ അഭിമാനം കൊണ്ടിരുന്നു എന്നു വ്യക്തം. മറ്റു ചില കടകളിൽ ഞങ്ങൾക്കു ലേസുകൾ പിടിപ്പിച്ച മനോഹരമായ പോസ്റ്റ് കാർഡുകൾ കാണാൻ കഴിഞ്ഞു. ചിലന്തിവല ലേസ്, പരാഗ്വേയിലെ ഏറ്റവും പ്രസിദ്ധമായ കരകൗശലവസ്തു ആയതിൽ അത്ഭുതപ്പെടാനില്ല.
[18-ാം പേജിലെ ചിത്രം]