വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രശസ്‌തിയാർജിച്ച ഗതകാലവും വെല്ലുവിളി നിറഞ്ഞ ഭാവിയുമായി ഏഥൻസ്‌

പ്രശസ്‌തിയാർജിച്ച ഗതകാലവും വെല്ലുവിളി നിറഞ്ഞ ഭാവിയുമായി ഏഥൻസ്‌

പ്രശസ്‌തി​യാർജിച്ച ഗതകാ​ല​വും വെല്ലു​വി​ളി നിറഞ്ഞ ഭാവി​യു​മാ​യി ഏഥൻസ്‌

ഗ്രീസിലെ ഉണരുക! ലേഖകൻ

ഏതാനും നിമി​ഷങ്ങൾ കൂടി കാത്തി​രി​ക്കു​കയേ വേണ്ടൂ വിമാനം ഏഥൻസ്‌ അന്താരാ​ഷ്‌ട്ര വിമാ​ന​ത്താ​വ​ള​ത്തിൽ ചെന്നി​റ​ങ്ങാൻ. രണ്ടു വർഷത്തെ ഇടവേ​ള​യ്‌ക്കു ശേഷം ഞാൻ ഏഥൻസി​ലേക്കു മടങ്ങി​യെ​ത്തു​ക​യാണ്‌, ഇരുപതു വർഷം എന്റെ സ്വദേശം ആയിരുന്ന ഇടത്തേക്ക്‌. ജനാധി​പ​ത്യ​ത്തി​ന്റെ പിള്ള​ത്തൊ​ട്ടി​ലാ​യാണ്‌ അനേക​രും ഈ നഗരത്തെ കണക്കാ​ക്കു​ന്നത്‌ എന്നു ചരി​ത്ര​പു​സ്‌ത​ക​ങ്ങ​ളിൽ വായി​ച്ചതു ഞാൻ ഓർമി​ച്ചു. ആ നഗരമാണ്‌ എനിക്കു താഴെ.

നിലത്തി​റ​ങ്ങി​യ​പ്പോൾ, ഗ്രീസി​ന്റെ പ്രശസ്‌ത​മായ ഈ തലസ്ഥാന നഗരി​യു​ടെ മറ്റൊരു സവി​ശേഷത ഞാൻ ദർശിച്ചു. പുകഴ്‌പെറ്റ ചരി​ത്ര​ത്തി​നും കലാപാ​ര​മ്പ​ര്യ​ത്തി​നും സൗകു​മാ​ര്യം തുടി​ക്കുന്ന സ്‌മാ​ര​ക​സൗ​ധ​ങ്ങൾക്കു​മെ​ല്ലാം അപ്പുറത്ത്‌ ചുറു​ചു​റു​ക്കും ശുഭാ​പ്‌തി​വി​ശ്വാ​സ​വും കൈമു​ത​ലാ​യുള്ള ഒരു ജനതയെ. അവിടത്തെ ജനസംഖ്യ പെരു​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആധുനിക ഏഥൻസി​ലെ ജീവിതം വെല്ലു​വി​ളി നിറഞ്ഞ​താ​ണെ​ങ്കി​ലും, സൗഹൃ​ദ​ത്തോ​ടെ ഇടപെ​ടുന്ന, സദാ പുഞ്ചി​രി​ക്കുന്ന മുഖമുള്ള അവരെ​ല്ലാം നഗരം കൂടുതൽ മോടി പിടി​പ്പി​ക്കു​ന്ന​തി​നും മറ്റുമുള്ള കഠിന യത്‌ന​ത്തി​ലാണ്‌. 2004-ലെ ഒളിമ്പിക്‌ മത്സരങ്ങൾക്ക്‌ ആതി​ഥേ​യ​ത്വം വഹിക്കാ​നുള്ള നറുക്കു വീണി​രി​ക്കു​ന്നത്‌ ഏഥൻസിന്‌ ആയതി​നാൽ പ്രത്യേ​കി​ച്ചും.

പ്രശസ്‌ത​മായ ഗതകാലം

ക്രിസ്‌തു​വി​നും 20 നൂറ്റാ​ണ്ടു​കൾക്കു മുമ്പാണ്‌ ഏഥൻസി​ന്റെ ചരിത്രം തുടങ്ങു​ന്നത്‌. ഗ്രീക്കു ദേവത​യായ അഥീന​യു​ടെ പേരിൽ നിന്നാണ്‌ ഏഥൻസ്‌ എന്ന പേരു വന്നത്‌. വേണ​മെ​ങ്കിൽ, സോ​ക്ര​ട്ടീസ്‌ നടന്നി​ട്ടുള്ള തെരു​വു​ക​ളി​ലൂ​ടെ നടക്കു​ന്ന​തി​നോ അരി​സ്റ്റോ​ട്ടിൽ പഠിപ്പിച്ച സ്‌കൂൾ ഒന്നു കയറി​ക്കാ​ണു​ന്ന​തി​നോ നിങ്ങൾക്ക്‌ ഇപ്പോ​ഴും കഴിയും. മാത്രമല്ല, സോ​ഫോ​ക്ലി​സി​ന്റെ​യും അരി​സ്റ്റോ​ഫാ​നെ​സി​ന്റെ​യും നാടകങ്ങൾ അരങ്ങേ​റി​യി​രുന്ന അതേ വേദി​ക​ളിൽ ഇപ്പോ​ഴും നിങ്ങൾക്ക്‌ ഒന്നാന്ത​ര​മൊ​രു ഹാസ്യ​നാ​ട​ക​മോ ആത്മാവി​ന്റെ ആഴങ്ങളിൽ പതിയുന്ന ഒരു ദുരന്ത​പ​ര്യ​വ​സാ​യി​യായ നാടക​മോ ആസ്വദി​ക്കാൻ കഴിയും.

ഏറ്റവും ആദ്യം രൂപം​കൊണ്ട യവന നഗരരാ​ഷ്‌ട്ര​ങ്ങ​ളിൽ ഒന്നായി​രു​ന്നു ഏഥൻസ്‌. അതിന്റെ ചരി​ത്ര​ത്തി​ലെ ഏറ്റവും തിളക്ക​മാർന്ന നാളുകൾ, അതിന്റെ സുവർണ​കാ​ലം, പൊ.യു.മു. അഞ്ചാം നൂറ്റാ​ണ്ടി​ലാ​യി​രു​ന്നു. ആ കാലഘ​ട്ട​ത്തിൽ പേർഷ്യ​യു​ടെ മേൽ ഗ്രീസ്‌ നേടി​യെ​ടുത്ത വിജയ​ത്തിൽ ജനാധി​പത്യ ഏഥൻസ്‌ ഒരു മുഖ്യ പങ്ക്‌ വഹിച്ചി​രു​ന്നു. പിന്നീട്‌, ഈ നഗരം ഗ്രീസി​ന്റെ കലാ-സാംസ്‌കാ​രിക കേന്ദ്ര​മാ​യി​ത്തീർന്നു. വാസ്‌തു​കലാ സൗകു​മാ​ര്യം വഴി​ഞ്ഞൊ​ഴു​കുന്ന പ്രശസ്‌ത​മായ സൗധങ്ങ​ളിൽ നിരവധി എണ്ണവും നിർമി​ക്ക​പ്പെ​ട്ടത്‌ ആ കാലഘ​ട്ട​ത്തി​ലാണ്‌. അക്കൂട്ട​ത്തിൽ ഏറ്റവും പുകഴ്‌പെ​റ്റത്‌ പാർഥി​നോൺ ആണ്‌.

പേർഷ്യ​യെ തറപറ്റി​ക്കാൻ കഴി​ഞ്ഞെ​ങ്കി​ലും സമീപ​ത്തു​തന്നെ ഉണ്ടായി​രുന്ന ഒരു ആജന്മശ​ത്രു​വി​ന്റെ, സ്‌പാർട്ട​യു​ടെ, ആക്രമ​ണ​ങ്ങൾക്കു മുന്നിൽ ഏഥൻസിന്‌ ഒടുവിൽ മുട്ടു​മ​ട​ക്കേ​ണ്ടി​വന്നു. തുടർന്നു​വന്ന നൂറ്റാ​ണ്ടു​ക​ളിൽ മാസി​ഡോ​ണിയ, റോം, കോൺസ്റ്റാ​ന്റി​നോ​പ്പി​ളി​ലെ ബൈസാ​ന്റൈൻ ചക്രവർത്തി​മാർ, കുരി​ശു​യു​ദ്ധങ്ങൾ നടത്തിയ ഫ്രാങ്കിഷ്‌ പ്രഭു​ക്ക​ന്മാർ, തുർക്കി​കൾ എന്നിവ​രു​ടെ അധീന​ത​യി​ലാ​യി​രു​ന്നു ഏഥൻസ്‌. 1829-ൽ ഗ്രീസ്‌ സ്വാത​ന്ത്ര്യം നേടു​മ്പോ​ഴേ​ക്കും, ഏതാനും ആയിരങ്ങൾ മാത്ര​മു​ണ്ടാ​യി​രുന്ന വെറു​മൊ​രു പ്രവി​ശ്യാ​പ​ട്ടണം ആയിത്തീർന്നി​രു​ന്നു ഏഥൻസ്‌.

നഗരത്തി​ന്റെ ആധുനിക മുഖം

1834-ൽ ഗ്രീസി​ന്റെ തലസ്ഥാന പദവി അലങ്കരി​ക്കാൻ തുടങ്ങി​യതു മുതൽ നഗരം വേഗത്തിൽ വളർച്ച​യു​ടെ പടവുകൾ താണ്ടി​ത്തു​ടങ്ങി. ആറ്റിക്ക സമതല​ത്തിൽ സ്ഥിതി​ചെ​യ്യുന്ന ഈ നഗരത്തിന്‌ ഇപ്പോൾ ഏകദേശം 450 ചതുരശ്ര കിലോ​മീ​റ്റർ വിസ്‌തൃ​തി​യുണ്ട്‌. എന്നാൽ, നഗരാ​ധി​വാ​സം ആറ്റിക്കാ സമതലത്തെ അതി​ക്ര​മിച്ച്‌ പാർനെസ്‌, പെൻഡെ​ലി​ക്കോൺ, ഹൈ​മെ​റ്റസ്‌ എന്നീ മലഞ്ചെ​രി​വു​ക​ളോ​ളം ഇപ്പോൾ വ്യാപി​ച്ചി​രി​ക്കു​ന്നു. ഗ്രീസി​ലെ മൊത്തം ജനസം​ഖ്യ​യു​ടെ ഏകദേശം 45 ശതമാ​ന​വും—45 ലക്ഷത്തി​ലു​മ​ധി​കം ആളുകൾ—പാർക്കു​ന്നത്‌ ഈ വൻനഗ​ര​ത്തി​ലാണ്‌. വലിയ തോതി​ലുള്ള ആസൂ​ത്ര​ണ​മൊ​ന്നു​മി​ല്ലാ​തെ അനധി​കൃ​ത​മാ​യി​ട്ടാണ്‌ നഗരം മിക്കവാ​റും പടുത്തു​യർത്ത​പ്പെ​ട്ടത്‌. ഒരു കണക്കു പറയു​ന്നത്‌, അവി​ടെ​യുള്ള ഭവനങ്ങ​ളിൽ മൂന്നി​ലൊ​ന്നി​ലു​മ​ധി​കം നിർമി​ക്ക​പ്പെ​ട്ടത്‌ നിയമ​വി​രു​ദ്ധ​മാ​യി​ട്ടാണ്‌ എന്നാണ്‌. കോൺക്രീറ്റ്‌ കെട്ടി​ടങ്ങൾ ഇല്ലാത്ത പ്രദേ​ശങ്ങൾ ഇന്ന്‌ ഏഥൻസിൽ വളരെ ചുരു​ക്ക​മാണ്‌.

എങ്ങും അംബര​ചും​ബി​ക​ളായ കെട്ടി​ട​ങ്ങ​ളെ​കൊ​ണ്ടു നിറഞ്ഞി​രി​ക്കുന്ന മറ്റു നഗരങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാണ്‌ ഏഥൻസ്‌. പെട്ടികൾ അടുക്കി​വെ​ച്ചി​രി​ക്കു​ന്നതു പോലുള്ള കോൺക്രീറ്റ്‌ കെട്ടി​ട​ങ്ങ​ളും അവിട​വി​ടെ​യാ​യി ഉയർന്നു​നിൽക്കുന്ന പുരാതന സ്‌തം​ഭ​ങ്ങ​ളും ഉണ്ടെങ്കി​ലും പകൽവെ​ളി​ച്ച​ത്തിൽ മുകളിൽനി​ന്നു നോക്കി​യാൽ, നഗരം നില​ത്തോ​ടു പറ്റി​ച്ചേർന്നു​കി​ട​ക്കു​ന്നതു പോ​ലെ​യാ​ണു തോന്നുക. അന്തരീ​ക്ഷ​ത്തിൽ വ്യവസായ ശാലക​ളിൽ നിന്നും മോ​ട്ടോർവാ​ഹ​ന​ങ്ങ​ളിൽ നിന്നു​മുള്ള പുക തങ്ങിനിൽക്കു​ന്നു.

മിക്ക ആധുനിക വൻനഗ​ര​ങ്ങ​ളെ​യും പോ​ലെ​തന്നെ പുകമഞ്ഞ്‌ മേഘങ്ങൾ ഏഥൻസി​നും ഒരു ഭീഷണി​യാണ്‌. നഗരത്തി​ലെ ടെലി​വി​ഷൻ ആന്റീന​കൾക്ക്‌ ഏതാണ്ട്‌ ഒന്നോ രണ്ടോ മീറ്റർ മുകളി​ലാ​യി പുകമ​ഞ്ഞി​ന്റെ മേഘങ്ങൾ—ഏഥൻസു​കാർ അതിനെ നെഫോസ്‌ എന്നാണു വിളി​ക്കു​ന്നത്‌—രൂപ​പ്പെ​ടു​ന്നു. അവി​ടെ​യുള്ള പുരാതന സ്‌മാരക സൗധങ്ങൾക്കെ​ല്ലാം നൊടി​നേരം കൊണ്ടെന്ന പോലെ പുകമഞ്ഞ്‌ കേടു​വ​രു​ത്തു​ന്നു. അതു​കൊ​ണ്ടു​തന്നെ, അക്രോ​പൊ​ലി​സി​നു മുകളിൽ സ്‌ഫടിക നിർമി​ത​മായ ഒരു ആവരണം ഉണ്ടാക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ ഒരിക്കൽ ഗൗരവ​മാ​യി പരിചി​ന്തി​ച്ച​താണ്‌. മലിനീ​ക​രണം സംബന്ധി​ച്ചുള്ള മുന്നറി​യി​പ്പു​കൾ ഇപ്പോൾ നഗരവാ​സി​കൾക്കൊ​രു പുത്തരി​യല്ല. കാലാ​വ​സ്ഥാ​പ​ര​മായ മാറ്റങ്ങ​ളാൽ, ഏഥൻസിന്‌ ചുറ്റു​മുള്ള മലനി​രകൾ പുകമ​ഞ്ഞി​നെ തടഞ്ഞു​നിർത്തു​മ്പോൾ നെഫോസ്‌ തികച്ചും അപകട​കാ​രി​യാ​യി​ത്തീർന്നേ​ക്കാം. അതു​കൊണ്ട്‌ അങ്ങനെ​യുള്ള ദിവസ​ങ്ങ​ളിൽ, സ്വകാര്യ കാറുകൾ നഗര​കേ​ന്ദ്ര​ത്തി​ലേക്കു പ്രവേ​ശി​ക്കാൻ അനുവ​ദി​ക്കു​ക​യില്ല. ഫാക്ടറി​ക​ളിൽ ഇന്ധനോ​പ​യോ​ഗം കുറയ്‌ക്കും. പ്രായ​മാ​യവർ വീട്ടി​ന​ക​ത്തു​തന്നെ കഴിഞ്ഞു​കൂ​ടും. തങ്ങളുടെ കാറുകൾ വീട്ടിൽത്തന്നെ ഇടാൻ ഏഥൻസ്‌ നിവാ​സി​കൾക്കു നിർദേശം നൽകുന്നു.

വാരാ​ന്ത്യ​ങ്ങ​ളിൽ, ഏഥൻസു​കാ​രെ​ല്ലാം കൂട്ട​ത്തോ​ടെ നഗരം വിടും. ഇക്കാര്യ​ത്തി​ലെ ഒരു ‘പതിവു​കാ​ര​നായ’ വാസി​ലിസ്‌ പറയു​ന്നതു കേൾക്കൂ. ഒരു കഫേയിൽ ഇരുന്ന്‌ പഞ്ചസാ​ര​യി​ടാത്ത ഒരു കപ്പ്‌ കട്ടൻകാ​പ്പി​യും കുടിച്ച്‌ തേനും പരിപ്പു​ക​ളും നിറച്ച ബാക്ലാ​വ​യും കഴിക്കു​ന്ന​തി​നി​ട​യിൽ അദ്ദേഹം നൽകിയ ഉപദേശം ഇതാണ്‌: “ഓടി​വന്ന്‌ നിങ്ങളു​ടെ കാറിൽ കയറി സ്റ്റാർട്ടു ചെയ്‌തോ​ളൂ. ഏതാനും മണിക്കൂ​റു​കൾകൊണ്ട്‌ നിങ്ങൾക്ക്‌ മലഞ്ചെ​രു​വു​ക​ളി​ലോ കടലോ​ര​ത്തോ എത്താം.” അദ്ദേഹ​ത്തി​ന്റെ വാക്കു​ക​ളിൽ ഒളിഞ്ഞി​രുന്ന അർഥം ഇതാണ്‌: വലിയ ഉത്സാഹ​ത്തോ​ടെ വന്നു കാറിൽ കയറി​യാ​ലും, അനക്കമി​ല്ലാ​തെ കിടക്കുന്ന വാഹന​ങ്ങ​ളു​ടെ നീണ്ട നിരയിൽ ഏതാനും മണിക്കൂർ കുടുങ്ങി കിടന്നാൽ മാത്രമേ നഗരത്തിൽ നിന്നു പുറത്തു കടക്കാ​നാ​കൂ.

നഗരം വൃത്തി​യാ​ക്കൽ

എന്തു വില കൊടു​ത്തും തങ്ങൾ നഗരം വൃത്തി​യാ​ക്കു​മെന്ന്‌ ഏഥൻസു​കാർ പറയുന്നു. അതി​നൊ​രു തെളി​വെന്ന നിലയിൽ ചൂണ്ടി​ക്കാ​ണി​ക്കാൻ അവർക്കൊ​രു മുൻകാല ചരി​ത്ര​വു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഏഥൻസി​ലെ ഏറ്റവും തിര​ക്കേ​റിയ ഷോപ്പിങ്‌ തെരു​വു​കൾ ആയിരുന്ന മിക്ക ഇടങ്ങളി​ലും ഇപ്പോൾ വാഹന​ഗ​താ​ഗതം അനുവ​ദി​ക്കു​ന്നില്ല. എന്നാൽ ഇത്തര​മൊ​രു നടപടി സ്വീക​രി​ക്കു​ന്ന​തി​നു മുമ്പ്‌, ഈ വാണി​ജ്യ​കേന്ദ്ര തെരു​വു​ക​ളി​ലൂ​ടെ വെറും അഞ്ചു കിലോ​മീ​റ്റർ വേഗത്തിൽ—യാതൊ​രു ധൃതി​യു​മി​ല്ലാ​തെ നടന്നു​നീ​ങ്ങുന്ന ഒരാളു​ടെ വേഗം—ആയിരു​ന്നു കാറുകൾ നീങ്ങി​ക്കൊ​ണ്ടി​രു​ന്നത്‌. അറ്റം കാണാൻ കഴിയാ​ത്ത​വി​ധം നീണ്ടു​കി​ട​ന്നി​രുന്ന വാഹന​നി​ര​ക​ളൊ​ന്നും ഇപ്പോ​ഴില്ല. പകരം നിരനി​ര​യാ​യി നട്ടുപി​ടി​പ്പി​ച്ചി​രി​ക്കുന്ന വൃക്ഷങ്ങൾ മാത്രം. ഗിയറു​ക​ളു​ടെ കരുകര ശബ്ദത്തി​നും സ്‌കൂ​ട്ട​റു​ക​ളു​ടെ നിറു​ത്താ​തെ​യുള്ള ഹോണ​ടി​കൾക്കും പകരം ഇപ്പോൾ കേൾക്കാൻ കഴിയു​ന്നത്‌ പക്ഷിക​ളു​ടെ സംഗീ​ത​മാണ്‌. പരമ്പരാ​ഗത മെഡി​റ്റ​റേ​നി​യൻ ജീവി​ത​രീ​തിക്ക്‌ തന്നെ വെല്ലു​വി​ളി ഉയർത്തുന്ന തരത്തി​ലുള്ള മാറ്റങ്ങ​ളാ​ണു നഗരത്തിൽ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌. ഉച്ചയു​റ​ക്ക​ത്തി​നാ​യി വീട്ടി​ലേക്കു പോകുന്ന പതിവ്‌ അവസാ​നി​പ്പി​ക്കാൻ ജോലി​ക്കാ​രോട്‌ ആവശ്യ​പ്പെ​ട്ടതു മൂലം ദിവസ​വും രണ്ടു മണിക്കൂർ നേരത്തെ ഗതാഗത കുരുക്ക്‌ ഇല്ലാതാ​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു.

ഏഥൻസി​ന്റെ ഡെപ്യൂ​ട്ടി മേയറായ നിക്കോസ്‌ യാട്രാ​ക്കോ​സി​ന്റെ ഓഫീ​സി​ലു​ള്ളവർ തികഞ്ഞ ശുഭാ​പ്‌തി വിശ്വാ​സ​ത്തി​ലാണ്‌. പക്ഷേ അവർ അത്‌ അത്ര പുറത്തു കാണി​ക്കു​ന്നില്ല എന്നുമാ​ത്രം. രണ്ടു മണിക്കൂർ പാടു​പെ​ട്ടി​ട്ടാണ്‌ അദ്ദേഹ​ത്തി​ന്റെ ഓഫീ​സിൽ എത്തി​ച്ചേ​രാൻ കഴിഞ്ഞത്‌ എന്നു ഞാൻ പറഞ്ഞ​പ്പോൾ അദ്ദേഹം മനസ്സി​ലായ ഭാവത്തിൽ തലയാട്ടി. പക്ഷേ, ഉടനെ​തന്നെ അദ്ദേഹം കൂട്ടി​ച്ചേർത്തു: “2004-ലെ ഒളിമ്പി​ക്‌സ്‌ അടുത്ത​ടു​ത്തു വരിക​യാണ്‌ എന്ന കാര്യം മറന്നു​പോ​ക​രുത്‌. നഗരത്തി​ന്റെ അവസ്ഥ മെച്ച​പ്പെ​ടു​ത്താൻ ഞങ്ങൾ ബാധ്യ​സ്ഥ​രാണ്‌. തീർച്ച​യാ​യും ഞങ്ങൾ അതു ചെയ്‌തി​രി​ക്കും.” മത്സരങ്ങ​ളു​ടെ മുഖ്യ​സം​ഘാ​ട​ക​നായ കോൺസ്റ്റാൻറ്റൈൻ ബക്കൂറീസ്‌ പറയുന്നു: “ഈ കളികൾ ഞങ്ങൾക്ക്‌ ഏറ്റവും നന്നായി​ത്തന്നെ [അവതരി​പ്പി​ക്കണം]. പക്ഷേ ഒരു കാര്യ​ത്തിൽ ഞങ്ങൾക്കു നിർബ​ന്ധ​മുണ്ട്‌. എന്തെങ്കി​ലും ചെയ്യു​ക​യാ​ണെ​ങ്കിൽ . . . ഭാവി​യി​ലേക്കു കൂടെ പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ ആയിരി​ക്കണം അതു ചെയ്യേ​ണ്ടത്‌.”

2004-ലെ ഒളിമ്പി​ക്‌സിന്‌ ആതി​ഥേ​യ​ത്വം വഹിക്കാ​നുള്ള ചുമതല ലഭിച്ച​തോ​ടെ, മുമ്പൊ​രി​ക്ക​ലും നടന്നി​ട്ടി​ല്ലാത്ത തരത്തിൽ കൊണ്ടു​പി​ടിച്ച വികസ​ന​പ്ര​വർത്ത​ന​ങ്ങ​ളാണ്‌ എല്ലായി​ട​ത്തും. പാലങ്ങ​ളും അഴുക്കു​ചാ​ലു​ക​ളു​മൊ​ക്കെ നന്നാക്കു​ന്ന​തി​നും റോഡു​ക​ളും മത്സരങ്ങൾക്കു വേണ്ടി​യുള്ള കളിസ്ഥ​ല​ങ്ങ​ളും മറ്റും ഒരുക്കി​യെ​ടു​ക്കു​ന്ന​തി​നും ഉള്ള പണികൾ തകൃതി​യാ​യി നടക്കു​ക​യാണ്‌. മെട്രോ 18 കിലോ​മീ​റ്റർ കൂടി വികസി​പ്പി​ക്കു​ന്ന​തി​നുള്ള പണി ഏതാണ്ടു പൂർത്തി​യാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പദ്ധതി​പ്ര​കാ​രം എല്ലാം മുന്നോ​ട്ടു പോകു​ക​യാ​ണെ​ങ്കിൽ, 2001 മാർച്ചിൽ ഏഥൻസി​ലെ പുതിയ അന്താരാ​ഷ്‌ട്ര വിമാ​ന​ത്താ​വ​ള​ത്തിൽ—യൂറോ​പ്പി​ലെ അത്യന്താ​ധു​നിക വിമാ​ന​ത്താ​വ​ള​മെ​ന്നാണ്‌ ഇതിനെ വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌—ആദ്യത്തെ വിമാനം ഇറങ്ങും.

കൂടാതെ, 2001 എന്ന വർഷമാ​കു​മ്പോ​ഴേ​ക്കും നിരവധി പുതിയ പാതകൾ ഗതാഗ​ത​ത്തി​നാ​യി തുറന്നു​കൊ​ടു​ക്ക​പ്പെ​ടും. എല്ലാ പാതകൾക്കും കൂടെ മൊത്തം 72 കിലോ​മീ​റ്റർ നീളം വരും. ഈ പാതകൾ തുറന്നു​കൊ​ടു​ക്കു​ന്നത്‌, നഗരത്തിന്‌ ഉള്ളിലെ ഗതാഗതം അതുവഴി തിരി​ച്ചു​വി​ടു​ന്ന​തി​നും അങ്ങനെ നഗരത്തി​നു​ള്ളി​ലേക്കു സഞ്ചരി​ക്കു​ന്ന​തിന്‌ ആളുകൾ കൂടു​ത​ലാ​യി പൊതു​വാ​ഹ​ന​ങ്ങളെ ആശ്രയി​ക്കു​ന്ന​തി​നും ഇടയാ​ക്കും. ഇങ്ങനെ, ഏഥൻസ്‌ നഗരത്തി​ന്റെ കേന്ദ്ര​ഭാ​ഗത്തു കൂടെ പ്രതി​ദി​നം ഒഴുകി​ക്കൊ​ണ്ടി​രി​ക്കുന്ന കാറു​ക​ളു​ടെ എണ്ണത്തിൽ നിന്ന്‌ 2,50,000-ത്തിലധി​കം വെട്ടി​ച്ചു​രു​ക്കാൻ കഴിയും എന്നും തത്‌ഫ​ല​മാ​യി, അന്തരീക്ഷ മലിനീ​ക​രണം 35 ശതമാനം കുറയ്‌ക്കാ​നാ​കു​മെ​ന്നും പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഏഥൻസി​ലെ മലിന​ജലം ജൈവ​ശാ​സ്‌ത്ര​പ​ര​മാ​യി ശുദ്ധീ​ക​രി​ക്കു​ന്ന​തി​നുള്ള പദ്ധതി നഗരത്തി​നു ചുറ്റു​മുള്ള സമു​ദ്ര​ത്തി​ന്റെ അവസ്ഥ മെച്ച​പ്പെ​ടു​ത്തു​മെന്ന്‌ ഉറപ്പാ​യും പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ഏതാനും വർഷങ്ങൾകൊണ്ട്‌, മെച്ചപ്പെട്ട ഗതാഗത സൗകര്യ​ങ്ങ​ളും പച്ചപ്പിന്റെ മേലാ​പ്പ​ണിഞ്ഞ കൂടുതൽ പ്രദേ​ശ​ങ്ങ​ളും വൃത്തി​യുള്ള ചുറ്റു​പാ​ടു​ക​ളും ഉള്ള ഒരു പുതിയ ഏഥൻസ്‌ വാർത്തെ​ടു​ക്കു​ക​യാണ്‌ മുന്നി​ലുള്ള ലക്ഷ്യം.

പുരാതന ഏഥൻസി​ന്റെ പ്രതി​ഫ​ല​നം

പുതു​താ​യി പണിതു​യർത്തിയ കൂറ്റൻ ഓഫീസ്‌ കെട്ടി​ട​ങ്ങ​ളും പുതു​ക്കി​പ്പ​ണിത വീതി​കൂ​ടിയ തെരു​വു​ക​ളും ജലധാ​ര​ക​ളും ഭംഗി​യുള്ള കടകളും തകൃതി​യാ​യി നടക്കുന്ന കച്ചവട​വും ഒക്കെ ഉണ്ടെങ്കി​ലും അനേക​രും ഏഥൻസി​നെ ഇപ്പോ​ഴും ഒരു ഗ്രാമ​മാ​യി​ട്ടാണ്‌ കാണു​ന്നത്‌, തെല്ലും ക്രമീ​കൃ​ത​മ​ല്ലാത്ത വിധത്തിൽ പടുത്തു​യർത്ത​പ്പെ​ട്ടി​രി​ക്കുന്ന ഒരു ഗ്രാമം. ഓടു​മേഞ്ഞ വീടു​ക​ളും ഇരുമ്പു ഗ്രില്ല്‌ ഇട്ട ബാൽക്ക​ണി​ക​ളും ചട്ടിക​ളിൽ നട്ടിരി​ക്കുന്ന ജെറാ​നി​യം ചെടി​ക​ളും ഒക്കെയുള്ള നഗരഭാ​ഗ​ങ്ങ​ളിൽ ഏഥൻസി​ന്റെ ആ ഗ്രാമീ​ണ​ഭാ​വം നിഴലി​ക്കു​ന്നുണ്ട്‌.

ഏഥൻസ്‌ തേടി​യുള്ള യാത്ര​യിൽ ഞാൻ, അക്രോ​പൊ​ലി​സി​ന്റെ വടക്കൻ ചെരി​വു​കളെ പുണർന്നു​കി​ട​ക്കുന്ന പ്ലാക്ക എന്ന സ്ഥലത്ത്‌ എത്തി​ച്ചേ​രു​ന്നു. നഗരത്തി​ലെ ഏറ്റവും പുരാതന അധിവാസ പ്രദേ​ശ​മാണ്‌ ഇത്‌. കൂനി​ക്കൂ​ടി​യി​രി​ക്കു​ക​യാ​ണോ എന്നു തോന്നി​പ്പോ​കുന്ന തരത്തി​ലുള്ള വീടുകൾ, വീഞ്ഞു വിൽക്കുന്ന കടകൾ, ടാവേർണകൾ അഥവാ കഫേകൾ, ഉന്തുവ​ണ്ടി​കൾ എന്നിവ​യ്‌ക്കു പുറമേ അലഞ്ഞു നടക്കുന്ന നായ്‌ക്ക​ളെ​യും പൂച്ചക​ളെ​യും അവിടെ എനിക്കു കാണാൻ കഴിയു​ന്നു. വളഞ്ഞു​പു​ളഞ്ഞ, ചെരി​വുള്ള ഇടുങ്ങിയ തെരു​വു​ക​ളാണ്‌ അവിട​ത്തേത്‌. ഗതകാ​ലത്തെ ആഘോ​ഷ​നിർഭ​ര​മായ നാളു​ക​ളു​ടെ പ്രതി​ഫ​ല​ന​വും ഇപ്പോ​ഴും ആ പ്രദേ​ശ​ത്തുണ്ട്‌. വിദേ​ശ​സ​ഞ്ചാ​രി​കളെ അങ്ങോ​ട്ടേക്കു മാടി​വി​ളി​ക്കു​ന്ന​തും ഇതേ പ്രത്യേ​കത തന്നെ. നടപ്പാ​ത​ക​ളു​ടെ ഓരം ചേർന്ന്‌ ഇട്ടിരി​ക്കുന്ന മേശക​ളിൽ ചിലവ​യു​ടെ കാലു​ക​ളി​ലൊന്ന്‌ തീരെ ചെറു​താണ്‌, ഒപ്പം ഇട്ടിരി​ക്കുന്ന കസേര​ക​ളും തീരെ വലിപ്പം കുറഞ്ഞ​വ​യാണ്‌. വെയി​റ്റർമാ​രാ​ണെ​ങ്കിൽ, ഭക്ഷണത്തി​ന്റെ മെനു​വും കൈയിൽ പിടിച്ച്‌ എങ്ങനെ​യും കുറച്ചു കച്ചവടം ഒപ്പിക്കാ​നാ​യി ആളുകളെ ആകർഷി​ക്കാ​നുള്ള തത്രപ്പാ​ടി​ലാണ്‌.

ഓർഗൻ ഗ്രൈൻഡ​റിൽ നിന്ന്‌ ഉതിരുന്ന സംഗീതം മോ​ട്ടോർ ബൈക്കു​ക​ളു​ടെ ഫട-ഫട ശബ്ദത്തിൽ നേർത്തു​നേർത്ത്‌ ഇല്ലാതാ​കു​ന്നു. സ്‌മര​ണി​കകൾ വിൽക്കുന്ന കടകളിൽ നിരനി​ര​യാ​യി തൂക്കി​യി​ട്ടി​രി​ക്കുന്ന, പുതു​താ​യി ഊറയ്‌ക്കി​ട്ടെ​ടുത്ത തുകൽകൊ​ണ്ടുള്ള പേഴ്‌സു​കൾ. ഗ്രീക്കു​ദേ​വ​ന്മാ​രു​ടെ മുഖച്ഛാ​യ​യിൽ വെണ്ണക്ക​ല്ലിൽ തീർത്ത, യുദ്ധത്തി​നെ​ന്ന​വണ്ണം ഒരുക്കി​നിർത്തി​യി​രി​ക്കുന്ന ചതുരം​ഗ​ക്ക​ളി​യി​ലെ പടയാ​ളി​കൾ. ചരടിൽ വലിക്കു​മ്പോൾ നാടോ​ടി​നൃ​ത്ത​മാ​ടുന്ന പാവകൾ. കറങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന സെറാ​മിക്‌ കാറ്റാ​ടി​യ​ന്ത്രങ്ങൾ. ആധുനി​ക​വ​ത്‌ക​ര​ണ​ത്തി​നുള്ള ഏതൊരു ശ്രമ​ത്തെ​യും നഗരത്തി​ന്റെ ഈ ഭാഗം നഖശി​ഖാ​ന്തം എതിർത്തി​രി​ക്കു​ന്നു​വെന്നു വ്യക്തം.

രാത്രി​യി​ലെ ഏഥൻസ്‌—കാഴ്‌ച​ക​ളും ശബ്ദങ്ങളും

ഏഥൻസി​ന്റെ സമ്പന്നമായ സാംസ്‌കാ​രിക ചരിത്രം അൽപ്പ​മെ​ങ്കി​ലും രുചി​ച്ചി​ല്ലെ​ങ്കിൽ അങ്ങോ​ട്ടുള്ള സന്ദർശനം ഏതാണ്ടു പാഴായി എന്നുതന്നെ പറയാം. ഇന്നു രാത്രി ഞാനും ഭാര്യ​യും, അക്രോ​പൊ​ലി​സി​ന്റെ തെക്കേ ചെരി​വു​ക​ളിൽ സ്ഥിതി​ചെ​യ്യുന്ന പുതു​ക്കി​പ​ണി​യ​പ്പെട്ട ഹെരോദ്‌ ആംഫി​തി​യേ​റ്റ​റിൽ സിംഫണി കേൾക്കാൻ പോകു​ന്നുണ്ട്‌. ആംഫി​തി​യേ​റ്റ​റി​ലേ​ക്കുള്ള നടപ്പാ​ത​യിൽ നിശ്ശബ്ദത കനത്തു​നിൽക്കു​ന്നു. അരണ്ട വെളി​ച്ച​ത്തിൽ, ആ പാതയിൽ പൈൻമ​ര​ങ്ങ​ളു​ടെ നിഴൽച്ചി​ത്രങ്ങൾ തെളി​ഞ്ഞു​കാ​ണാം. മരങ്ങൾക്കി​ട​യി​ലൂ​ടെ നോക്കി​യാൽ ആംഫി​തി​യേ​റ്റ​റി​ന്റെ മുൻവശം കാണാം. ചെമന്ന കല്ലുകൾകൊ​ണ്ടുള്ള ആ ഭാഗം ദീപാ​ല​ങ്കാ​ര​ത്തിൽ തിളങ്ങുന്ന കാഴ്‌ച ആരു​ടെ​യും മനംക​വ​രു​ന്ന​താണ്‌. മുകളി​ലത്തെ നിരയിൽ ഇരിക്കാ​നുള്ള ടിക്കറ്റു​ക​ളാണ്‌ ഞങ്ങൾ എടുത്തത്‌. വെണ്ണക്ക​ല്ലിൽ തീർത്ത പടവുകൾ കയറി, റോമൻ മാതൃ​ക​യിൽ പണിതീർത്ത ഒരു കവാട​ത്തി​ലൂ​ടെ ഞങ്ങൾ ആംഫി​തി​യേ​റ്റ​റി​ന്റെ അകത്തു പ്രവേ​ശി​ച്ചു.

ഏതാനും നിമി​ഷ​നേ​ര​ത്തേക്ക്‌ ചുറ്റു​പാ​ടു​ക​ളു​ടെ മനോ​ഹാ​രി​ത​യിൽ ഞങ്ങൾ സ്വയം മറന്നു​പോ​യി. കരിനീല കമ്പളം പുതച്ചു​കി​ട​ക്കുന്ന നിശാ​ന​ഭസ്സ്‌, നേർത്ത പുകച്ചു​രു​ളു​കൾ പോ​ലെ​യുള്ള മേഘക്കൂ​ട്ട​ങ്ങ​ളു​ടെ പിന്നിൽ ഒളിച്ചു​നിൽക്കുന്ന ചന്ദ്രൻ. ഫ്‌ളഡ്‌​ലൈ​റ്റു​കൾ അർധ​കോ​ണാ​കൃ​തി​യി​ലുള്ള ആംഫി​തി​യേ​റ്റ​റി​ന്റെ അകവശം ഒരു അതിമ​നോ​ഹര ദൃശ്യം ആക്കിത്തീർത്തി​രി​ക്കു​ന്നു. അർധവൃ​ത്താ​കൃ​തി​യിൽ, വെള്ള മാർബിൾ കൊണ്ടു പണിതി​രി​ക്കുന്ന നിരകൾക്ക്‌ ഇടയി​ലൂ​ടെ നൂറു​ക​ണ​ക്കിന്‌ ആളുകൾ തങ്ങളുടെ ഇരിപ്പി​ടം അന്വേ​ഷി​ച്ചു നടക്കു​ക​യാണ്‌. ഏകദേശം 5,000 പേർക്ക്‌ ഇരിക്കാ​വുന്ന ഈ തിയേ​റ്റ​റി​ന്റെ വിശാ​ല​ത​യിൽ അവരെ​ല്ലാം എറുമ്പു​കളെ പോലെ തോന്നി​ക്കു​ന്നു. പകൽ മുഴുവൻ സൂര്യ​ര​ശ്‌മി​ക​ളേറ്റു കിടന്നി​രുന്ന ആ ഇരിപ്പി​ട​ങ്ങൾക്ക്‌—സഹസ്രാ​ബ്ദ​ങ്ങ​ളാ​യി സംഗീ​ത​വും നാടക​വും പൊട്ടി​ച്ചി​രി​ക​ളും കരഘോ​ഷ​ങ്ങ​ളും പ്രതി​ധ്വ​നി​ച്ചു​കേ​ട്ടി​രുന്ന അതേ ഇരിപ്പി​ടങ്ങൾ—അപ്പോ​ഴും ചെറു​ചൂട്‌ ഉണ്ടായി​രു​ന്നു.

നഗരത്തിൽ ഉള്ള നിരവധി മ്യൂസി​യ​ങ്ങ​ളും തീർച്ച​യാ​യും കണ്ടിരി​ക്കേണ്ടവ തന്നെ. അവയിൽ ഏറ്റവും മുഖ്യം ദേശീയ പുരാ​വ​സ്‌തു പ്രദർശ​ന​ശാ​ല​യാണ്‌. നൂറ്റാ​ണ്ടു​ക​ളി​ലെ, ഗ്രീക്കു കലകളു​ടെ ഒരു നല്ല സമഗ്ര​മായ വീക്ഷണം അവി​ടെ​നി​ന്നു നമുക്കു ലഭിക്കും. മ്യൂസി​യം ഓഫ്‌ സൈക്ലാ​ഡിക്‌ ആർട്ട്‌, ബൈസാ​ന്റി​യൻ മ്യൂസി​യം എന്നിവ​യും സന്ദർശ​ന​പ്പ​ട്ടി​ക​യിൽ ഉൾപ്പെ​ടു​ത്താൻ കഴിയു​ന്ന​വ​യാണ്‌. 1991-ൽ മെഗാ​റോൺ ഏഥൻസ്‌ കൺസേർട്ട്‌ ഹാൾ സ്ഥാപി​ക്ക​പ്പെട്ടു. വർഷത്തി​ലു​ട​നീ​ളം, സംഗീത നാടകങ്ങൾ, ബാലെ നൃത്തങ്ങൾ മറ്റു ശാസ്‌ത്രീയ സംഗീത പരിപാ​ടി​കൾ എന്നിവ​യ്‌ക്കെ​ല്ലാം അതു വേദി​യാ​കു​ന്നു. വെണ്ണക്ക​ല്ലിൽ തീർത്ത ഈ ഗംഭീ​ര​മായ കെട്ടി​ട​ത്തി​ന്റെ ധ്വനി​ക​പ്ര​ഭാ​വം അതിവി​ശി​ഷ്ട​മാണ്‌. ഇനി, നിരവധി കഫേക​ളിൽ ഏതെങ്കി​ലും ഒന്നിൽ ചെന്നാൽ നിങ്ങൾക്ക്‌ ഗ്രീക്ക്‌ നാടോ​ടി സംഗീതം ആസ്വദി​ക്കാ​നും കഴിയും.

ഏഥൻസി​ലേക്ക്‌ സ്വാഗതം!

പ്രശസ്‌ത​മായ ഗതകാ​ല​ത്തോ​ടു കൂടിയ ഇന്നത്തെ ഏഥൻസ്‌ സ്വപ്‌ന​ങ്ങ​ളി​ലെ ഭാവി യാഥാർഥ്യ​മാ​ക്കു​ന്ന​തി​ന്റെ സമ്മർദ​ത്തിൻ കീഴി​ലാണ്‌. എന്നാൽ, നർമരസം, സാഹച​ര്യ​ത്തി​നൊത്ത്‌ ഉയരാ​നുള്ള കഴിവ്‌, ഫിലോ​റ്റി​നോ—ആത്മാഭി​മാ​ന​ത്തോ​ടുള്ള ആദരവ്‌—എന്നിവ കൈമു​ത​ലാ​യുള്ള അവിടത്തെ നിവാ​സി​കൾ ഇതി​നോട്‌ ആകും​വി​ധം പൊരു​ത്ത​പ്പെ​ടാൻ പഠിച്ചി​രി​ക്കു​ന്നു. മിക്ക വിനോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും കണ്ണിൽ ഏഥൻസ്‌ ഇപ്പോ​ഴും, കൗതു​ക​മു​ണർത്തുന്ന, സമ്പന്നമായ സാംസ്‌കാ​രിക പൈതൃ​ക​മുള്ള ഒരു നഗരമാണ്‌.

[13-ാം പേജിലെ ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഏഥൻസ്‌

[14-ാം പേജിലെ ചിത്രം]

പുരാതന വിജാ​തീയ ആലയമാ​യി​രുന്ന പാർഥി​നോൺ ഒരു പള്ളിയാ​യും മോസ്‌ക്കാ​യും ഉപയോ​ഗി​ക്ക​പ്പെട്ടു

[15-ാം പേജിലെ ചിത്രം]

നാൽപ്പത്തിയഞ്ചു ലക്ഷത്തി​ല​ധി​കം ആളുക​ളു​ടെ ഭവനമാണ്‌ ഏഥൻസ്‌

[16-ാം പേജിലെ ചിത്രം]

ഏഥൻസിലെ ഏറ്റവും പുരാതന അധിവാസ പ്രദേ​ശ​മായ പ്ലാക്കയി​ലെ ഒരു ടാവേർണ

[കടപ്പാട്‌]

M. Burgess/H. Armstrong Roberts

[17-ാം പേജിലെ ചിത്രം]

സ്‌മരണികകൾ വിൽക്കുന്ന ചില കടകളു​ടെ പ്രത്യേ​ക​ത​യാണ്‌ ബാൽക്ക​ണി​കൾ

[കടപ്പാട്‌]

H. Sutton/H. Armstrong Roberts