മെക്സിക്കോ—കൂടുതൽ മനഃസാക്ഷി സ്വാതന്ത്ര്യം അനുവദിക്കപ്പെടുമോ?
മെക്സിക്കോ—കൂടുതൽ മനഃസാക്ഷി സ്വാതന്ത്ര്യം അനുവദിക്കപ്പെടുമോ?
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
മെക്സിക്കോയിലെ ഭരണഘടന അവിടെ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. എന്നിരുന്നാലും, ഇതേ നിയമസംഹിതതന്നെ ആരാധനാസ്വാതന്ത്ര്യത്തിന്മേൽ ചില നിയന്ത്രണങ്ങൾ വെക്കുന്നുമുണ്ട്. ഉദാഹരണത്തിന്, മനഃസാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിൽ ഏർപ്പെടാൻ വിസമ്മതിക്കാം എന്ന ആശയം മെക്സിക്കോക്കാർക്കു താരതമ്യേന അപരിചിതമാണ്. അതുകൊണ്ടാണ്, “മനഃസാക്ഷിപരമായ കാരണങ്ങളാൽ വിസമ്മതം പ്രകടിപ്പിക്കൽ—മെക്സിക്കോയിലും ലോകത്തിലും” എന്ന ഒരു അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കാൻ നാഷനൽ ഓട്ടോണമസ് യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കോയുടെ (യുനാം) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ ഇൻവെസ്റ്റിഗേഷൻസ് തീരുമാനിച്ചത്. യുനാമിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ ഇൻവെസ്റ്റിഗേഷൻസ്, ഗവൺമെന്റിന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണെങ്കിലും അതിന്റെ ദൗത്യം ഗവൺമെന്റ് പാസ്സാക്കിയിട്ടുള്ള നിയമങ്ങളെ കുറിച്ചും അവ എവിടെയെല്ലാം ഏതെല്ലാം വിധങ്ങളിൽ ബാധകമാക്കപ്പെടുന്നു എന്നതിനെ കുറിച്ചും അന്വേഷിക്കുകയാണ്. ഈ സിമ്പോസിയത്തിൽ പങ്കെടുക്കാൻ മെക്സിക്കോയിൽ ഉള്ള യഹോവയുടെ സാക്ഷികളുടെ ഒരു പ്രതിനിധിയെയും ക്ഷണിക്കുകയുണ്ടായി. “യഹോവയുടെ സാക്ഷികളും മനഃസാക്ഷിപരമായ കാരണങ്ങളാൽ ഉള്ള വിസമ്മതവും” എന്നതായിരുന്നു അദ്ദേഹത്തിനു നൽകിയ വിഷയം.
പ്രൊഫസർമാർ സംസാരിക്കുന്നു
സ്പെയിനിലെ ഗ്രനാഡ നിയമ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ. ഹാവിയർ മാർട്ടിനെസ് ടൊറൊൺ ആയിരുന്നു “മനഃസാക്ഷിപരമായ കാരണങ്ങളാൽ ഉള്ള വിസമ്മതം—അന്താരാഷ്ട്ര നിയമസംഹിതയിൽ” എന്ന ഭാഗം അവതരിപ്പിച്ചത്. മനഃസാക്ഷി സ്വാതന്ത്ര്യവും അതുപോലെ മനഃസാക്ഷിപരമായ കാരണങ്ങളാൽ ചില നിയമങ്ങൾ പാലിക്കുന്നതിനോടോ ബാധ്യതകൾ നിറവേറ്റുന്നതിനോടോ വിസമ്മതം പ്രകടിപ്പിക്കാനുള്ള അവകാശവും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പെയിനിലെ യഹോവയുടെ സാക്ഷികളുടെ സാഹചര്യവും ഗ്രീസിലെ കോക്കിനാകിസ് കേസും a അദ്ദേഹം പരാമർശിക്കുകയുണ്ടായി.
യുനാമിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ ഇൻവെസ്റ്റിഗേഷൻസിലെ ഒരു പ്രൊഫസറായ ഡോ. ഹോസേ ലൂയിസ് സോബെറാനെസ് ഫെർണാണ്ടസ് സംസാരിച്ചത് “പ്രസ്തുത വിഷയത്തിൽ മെക്സിക്കോയുടെ അനുഭവങ്ങൾ” എന്നതിനെ അധികരിച്ചാണ്. “മനഃസാക്ഷിപരമായ കാരണങ്ങളാൽ വിസമ്മതം പ്രകടമാക്കുന്നതിനെ ‘മതപരമായ കൂടിവരവും പരസ്യ ആരാധനയും സംബന്ധിച്ച മെക്സിക്കൻ നിയമം’ വിലക്കുന്നു” എന്ന് 1-ാം വകുപ്പിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറയുകയുണ്ടായി. അത് ഇങ്ങനെ പറയുന്നു: “മതപരമായ ബോധ്യങ്ങൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നതിൽ നിന്ന് ആരെയും ഒഴിവാക്കുന്നില്ല. നിയമം അനുശാസിക്കുന്ന ചുമതലകളും കടമകളും നിറവേറ്റാതിരിക്കുന്നതിനുള്ള ഒഴികഴിവായി മതപരമായ കാരണങ്ങൾ നിരത്താൻ ആരെയും അനുവദിക്കുന്നതല്ല.” ഡോ. സോബെറാനെസ് ഇങ്ങനെ ഉപസംഹരിച്ചു: “മനഃസാക്ഷിപരമായ കാരണങ്ങളാൽ വിസമ്മതം പ്രകടിപ്പിക്കുന്നതു സംബന്ധിച്ച് മെക്സിക്കോയിൽ ഉടനടി ഒരു നിയമം കൊണ്ടുവരേണ്ടത് ആവശ്യമാണ് എന്നു ഞങ്ങൾ വിശ്വസിക്കുന്നു.”
ബൈബിൾപരമായ കാരണങ്ങളാൽ പതാകവന്ദനം നടത്താത്തതുകൊണ്ട്, നൂറുകണക്കിനു യഹോവയുടെ സാക്ഷികളുടെ കുട്ടികൾക്കു മെക്സിക്കോയിൽ ഓരോ വർഷവും വിദ്യാഭ്യാസ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന കാര്യം അദ്ദേഹം പരാമർശിക്കുകയുണ്ടായി. ചിലർക്കു സ്കൂളിൽ അഡ്മിഷൻ പോലും ലഭിക്കുന്നില്ല. എന്നിരുന്നാലും, മനുഷ്യാവകാശ കമ്മീഷൻ മുഖേന അപ്പീൽ കൊടുത്തതുകൊണ്ട് ഇവരിൽ പലർക്കും വിദ്യാഭ്യാസം നടത്തുന്നതിനുള്ള അവകാശം തിരികെ കിട്ടി. കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കാതിരിക്കാൻ വിദ്യാഭ്യാസ രംഗത്തെ ചില ഉദ്യോഗസ്ഥർ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെങ്കിലും, ചില അധ്യാപകർ അതിനു തരിമ്പും വില കൽപ്പിക്കുന്നില്ല. യഹോവയുടെ സാക്ഷികളുടെ നിലപാടിനോട് അധികാരികൾ പൊതുവെ സഹിഷ്ണുത കാട്ടിയിട്ടുണ്ടെങ്കിലും, മെക്സിക്കോയിലെ സ്കൂളുകൾക്കു പിൻപറ്റാൻ കഴിയുന്ന ഒരു മാനദണ്ഡം ഇതേവരെ നിലവിലുണ്ടായിട്ടില്ല എന്നതാണു യാഥാർഥ്യം.
മറ്റു മതങ്ങളിൽ ഉള്ളവർ നേരിടുന്ന മനഃസാക്ഷി സംബന്ധമായ പ്രശ്നങ്ങളും സിമ്പോസിയത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഉദാഹരണത്തിന്, വിശുദ്ധമായി കണക്കാക്കുന്ന ദിവസങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെടുക, മതവിശ്വാസങ്ങൾക്കു നിരക്കാത്ത വിധത്തിൽ ജോലി സ്ഥലങ്ങളിൽ വസ്ത്രധാരണം ചെയ്യാൻ നിർബന്ധിതരാകുക
തുടങ്ങി പലതും. മനഃസാക്ഷി സംബന്ധമായ കാരണത്താൽ സൈനിക സേവനത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതിനെയും ചിലതരം വൈദ്യ ചികിത്സ നിരാകരിക്കുന്നതിനെയും കുറിച്ചും ചർച്ച ചെയ്യപ്പെടുകയുണ്ടായി.യഹോവയുടെ സാക്ഷികളും കൈസരും
മെക്സിക്കോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലെ ഒരംഗം, അവരുടെ അടിസ്ഥാന വിശ്വാസങ്ങളുടെ ഒരു സംഗ്രഹം അവതരിപ്പിച്ചു. “കൈസർക്കുള്ളതു കൈസർക്ക് കൊടുപ്പിൻ” എന്ന ലൂക്കൊസ് 20:25-ലേതു പോലുള്ള ബൈബിൾ തത്ത്വങ്ങൾ അവർ പിൻപറ്റുന്ന കാര്യം അദ്ദേഹം വിശദീകരിച്ചു. ലൗകിക അധികാരികളെ ബഹുമാനിക്കാൻ ആവശ്യപ്പെടുന്ന റോമർ 13:1-ഉം അദ്ദേഹം പരാമർശിക്കുകയുണ്ടായി. നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന സാധാരണ പൗരന്മാരാണ് യഹോവയുടെ സാക്ഷികൾ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നികുതികൾ അടയ്ക്കാനും അടുക്കും ചിട്ടയുമുള്ള ജീവിതം നയിക്കാനും വീടുകൾ വൃത്തിയായി സൂക്ഷിക്കാനും കുട്ടികളെ സ്കൂളിൽ അയയ്ക്കാനുമൊക്കെ അവർ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യഹോവയുടെ സാക്ഷികൾ പതാകയെ വന്ദിക്കാത്തതിന്റെ തിരുവെഴുത്തുപരമായ കാരണം അദ്ദേഹം വിശദീകരിച്ചു. പത്തു കൽപ്പനകൾ എന്നറിയപ്പെടുന്ന പുറപ്പാടു 20:3-5 വാക്യങ്ങളിലാണ് അതു കാണപ്പെടുന്നത്: “ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു.”
യഹോവയുടെ സാക്ഷികൾ ദൈവത്തെ മാത്രമേ ആരാധിക്കൂ. യാതൊരു കാരണവശാലും അവർ ഒരു പ്രതിമയെ ആരാധിക്കുകയില്ല. എന്നിരുന്നാലും, അവർ ഒരു ദേശീയ ചിഹ്നത്തിന് എതിരെ അപമര്യാദയായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുകയില്ല.
ഇതു സംബന്ധിച്ചുള്ള യഹോവയുടെ സാക്ഷികളുടെ വീക്ഷണഗതി ഒന്നുകൂടി വ്യക്തമാക്കുന്നതിനു പർപ്പിൾ ട്രയാംഗിൾസ് എന്ന വീഡിയോ പ്രദർശിപ്പിക്കപ്പെട്ടു. നാസി ജർമനിയിൽ (1933-45) യഹോവയുടെ സാക്ഷികൾ കൈക്കൊണ്ട ഉറച്ച നിലപാടാണ് ഈ വീഡിയോയുടെ ഇതിവൃത്തം. നാസി ഭരണകാലത്ത് തങ്ങളുടെ മതവിശ്വാസങ്ങൾക്കു വേണ്ടി അചഞ്ചലമായി നിലകൊണ്ട കുസ്സെറോ കുടുംബത്തിന്റെ അനുഭവകഥ അതിൽ അവതരിപ്പിച്ചിരിക്കുന്നു. b
അതിനുശേഷം, യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാത്തതിന്റെ തിരുവെഴുത്തധിഷ്ഠിത കാരണങ്ങൾ നൽകപ്പെടുകയുണ്ടായി. (ഉല്പത്തി 9:3, 4; പ്രവൃത്തികൾ 15:28, 29) ലോകവ്യാപകമായുള്ള ‘ആശുപത്രി ഏകോപന സമിതി’യുടെ ക്രമീകരണത്തെക്കുറിച്ചും വിശദീകരിക്കപ്പെട്ടു. കൂടാതെ, സഹകരണ മനോഭാവമുള്ള ഡോക്ടർമാർക്ക് യഹോവയുടെ സാക്ഷികളായ രോഗികളിൽ വിജയപ്രദമായി നടത്താൻ കഴിഞ്ഞ രക്തരഹിത ശസ്ത്രക്രിയകളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
സിമ്പോസിയം നടന്ന ഓരോ ദിവസവും ഏകദേശം 100-ഓളം പേർ ഹാജരായിരുന്നു. അവരിൽ മിക്കവരും അഭിഭാഷകരായിരുന്നു. ഹാജരായിരുന്നവരിൽ മെക്സിക്കോയിലെ മതകാര്യാദികൾക്കുവേണ്ടിയുള്ള ഓഫീസിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെട്ടിരുന്നു. മനഃസാക്ഷിപരമായ കാരണങ്ങളാൽ വിസമ്മതം പ്രകടിപ്പിക്കാനുള്ള അവകാശത്തെ ആദരിക്കുന്നതു സംബന്ധിച്ച വിദഗ്ധരുടെ കാഴ്ചപ്പാട് മനസ്സിലാക്കാൻ ഹാജരായിരുന്നവർക്കു കഴിഞ്ഞു. ഫ്രാൻസ്, പോർച്ചുഗൽ, സ്പെയിൻ, ഐക്യനാടുകൾ തുടങ്ങി അനേകം ജനാധിപത്യ രാഷ്ട്രങ്ങളിലും അതുപോലെതന്നെ ചെക്കിയ, സ്ലൊവാക്യ പോലുള്ള ചില മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇതു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും മെക്സിക്കൻ നിയമനിർമാണസഭയിലെ അംഗങ്ങൾക്ക് ഇതു തികച്ചും പുതിയ ഒരു ആശയമാണ്.
[അടിക്കുറിപ്പുകൾ]
a വീക്ഷാഗോപുരത്തിന്റെ 1993 സെപ്റ്റംബർ 1, 1998 ഡിസംബർ 1 ലക്കങ്ങളിലെ “യൂറോപ്യൻ ഹൈക്കോടതി ഗ്രീസിൽ പ്രസംഗിക്കാനുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കുന്നു,” “സുവാർത്തയെ നിയമപരമായി സാക്ഷീകരിക്കൽ” എന്നീ ലേഖനങ്ങൾ കാണുക.
b 1985 സെപ്റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “കാരാഗൃഹത്തിനും മരണത്തിനും മധ്യേയും ദൈവത്തോടുള്ള ഞങ്ങളുടെ കുടുംബത്തിന്റെ സ്നേഹം” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക. 1994 ജനുവരി 15 ലക്കത്തിന്റെ 5-ാം പേജും കാണുക.
[21-ാം പേജിലെ ചിത്രം]
മെക്സിക്കോയിലെ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ മൂല്യവത്തായി കരുതുന്നു