ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
അപൂർവ ഇറച്ചി വിൽപ്പനയ്ക്ക്
യൂറോപ്യൻ രാജ്യങ്ങളിൽ വവ്വാലിറച്ചി വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതു നിരോധിച്ചുകൊണ്ടുള്ള അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ബ്രിട്ടനിലെ കടകളിലും റെസ്റ്ററന്റുകളിലും അതിന്റെ വിൽപ്പന പൊടിപൊടിക്കുന്നു. “സംരക്ഷിത വർഗമായ വവ്വാലുകളെ വേട്ടയാടുന്നതും വവ്വാലിറച്ചി കള്ളക്കടത്ത് നടത്തുന്നതും ഒരു വലിയ തലവേദനയായി തീർന്നിരിക്കുകയാണ്, ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ലാത്ത ഇറച്ചി കഴിക്കുന്നത് പൊതുജനാരോഗ്യത്തിന് ഉയർത്തുന്ന ഭീഷണിയുടെ കാര്യമൊട്ടു പറയാനുമില്ല” എന്ന് ‘ആഗോള പ്രകൃതി സംരക്ഷണ നിധി’യിലെ റിച്ചാർഡ് ബാർൺവെൽ പറയുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ വർഷങ്ങളായി പഴംതീനി വവ്വാലിന്റെ ഇറച്ചി ഭക്ഷണമേശയിലെ ഒരു മുഖ്യ വിഭവമാണ്. ഇറച്ചി വിൽപ്പന തകൃതിയായതോടെ മലേഷ്യയിലും ഇന്തൊനീഷ്യയിലും ഉള്ള പഴംതീനി വവ്വാലിന്റെ ചില അത്യപൂർവ വർഗങ്ങളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. കൂടാതെ, സെയ്ഷെൽസുകാർക്ക് വവ്വാലിറച്ചിക്കറി ഒരു വിശിഷ്ട വിഭവമാണ്. എന്നാൽ ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് “യൂറോപ്പിൽ, വംശനാശഭീഷണി നേരിടുന്നതും അതോടൊപ്പം ഇറച്ചിക്കായി വേട്ടയാടപ്പെടുന്നതുമായ ഏക ജീവി [വവ്വാൽ] അല്ല.” ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രുസൽസിലെ റെസ്റ്ററന്റുകളിൽ ചിമ്പാൻസി ഇറച്ചിയും കിട്ടും.
നിങ്ങൾക്ക് അടങ്ങിയിരിക്കാൻ കഴിയുന്നില്ലേ?
ലോക ജനസംഖ്യയുടെ ഏകദേശം 15 ശതമാനവും, സമ്മർദത്തിൻ കീഴിലായിരിക്കുമ്പോൾ വികൃത ശീലങ്ങൾ പ്രകടിപ്പിക്കുന്നവരാണ് എന്ന് കാനഡയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ വർത്തമാനപത്രം പറയുന്നു. ചിലർ “മുടി ചുറ്റിക്കുകയോ, കാലുകൊണ്ട് താളം പിടിക്കുകയോ, കാൽ ആട്ടുകയോ, നഖം കുത്തുകയോ ഒക്കെ ചെയ്യുന്നു.” എന്താണ് ഇതിനു കാരണം? തുടർച്ചയായ ഇത്തരം ക്രിയകൾ ഒരു വ്യക്തിക്ക് ആശ്വാസം പ്രദാനം ചെയ്യുന്നു എന്ന് ആസക്തിക്കും മാനസിക പ്രശ്നങ്ങൾക്കുമായുള്ള ടൊറന്റോ കേന്ദ്രത്തിലെ മനോരോഗ വിദഗ്ധയായ പെഗ്ഗി റിച്ചർ കരുതുന്നു. എന്നാൽ മനശ്ശാസ്ത്രജ്ഞനായ പോൾ കെല്ലി പറയുന്നത് ഉത്കണ്ഠയുടെ ഫലമായി ബോധപൂർവമല്ലാതെ ചെയ്യുന്ന ഇത്തരം സംഗതികൾ നിങ്ങളുടെ സമ്മർദം കുറയ്ക്കാൻ ഉതകും എന്നാണ്. “ഇത്തരം ശീലങ്ങൾ റീപ്ലേസ്മെന്റ് തെറാപ്പിയിലൂടെ—ഈ വികൃതശീലങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുന്നു എന്നു കാണുമ്പോൾ മറ്റെന്തെങ്കിലും വസ്തുവിൽ ശ്രദ്ധ പതിപ്പിക്കുന്നതിലൂടെ—ക്രമേണ മാറ്റിയെടുക്കാൻ കഴിയുമെന്ന്” വിദഗ്ധർ പറയുന്നതായി ഗ്ലോബ് റിപ്പോർട്ടു ചെയ്യുന്നു.
കോളയുടെ അടിമകളോ?
മെക്സിക്കോയിൽ വർഷത്തിൽ ഒരാൾ ശരാശരി 160 ലിറ്റർ കോള കുടിക്കുന്നുണ്ടെന്ന് മെക്സിക്കൻ അസ്സോസിയേഷൻ ഓഫ് സ്റ്റഡീസ് ഫോർ കൺസ്യൂമർ ഡിഫെൻസ് റിപ്പോർട്ടു ചെയ്യുന്നു. പ്രതിവർഷം, പത്ത് അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്കായി മൊത്തം ചെലവഴിക്കുന്ന തുകയെക്കാൾ കൂടുതൽ പണം കോളയ്ക്കായി ചെലവഴിക്കുന്നു. മെക്സിക്കോയിലെ വികലപോഷണത്തിനുള്ള ഏറ്റവും പ്രമുഖ കാരണങ്ങളിൽ ഒന്നാണ് ഈ പാനീയങ്ങളുടെ ഉപയോഗം എന്നു പറയപ്പെടുന്നു. കോളയിൽ അടങ്ങിയിട്ടുള്ള ചില പദാർഥങ്ങൾ, ശരീരത്തിലേക്കു കാൽസ്യവും ഇരിമ്പും ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, ഉറക്കമില്ലായ്മ, ആമാശയ വ്രണങ്ങൾ, ഉത്കണ്ഠ എന്നിവയ്ക്കു പുറമേ കോളയുടെ ഉപയോഗം വൃക്കയിൽ കല്ലുണ്ടാകാനും പല്ലുകളിൽ പോടുകൾ വരാനുമുള്ള സാധ്യത വർധിപ്പിക്കുമെന്നു കരുതപ്പെടുന്നു. കൺസ്യൂമേഴ്സ് ഗൈഡ് മാഗസിൻ പറയുന്നു: ‘ചോളം ധാരാളമായി കഴിച്ചിരുന്നതിനാൽ പണ്ടു നമ്മൾ “ചോള മനുഷ്യർ” ആയിരുന്നു, എന്നാൽ ഇപ്പോൾ കോള ഇങ്ങനെ കുടിച്ചുകൂട്ടുന്നതുകൊണ്ട് നമ്മെ “കോള” മനുഷ്യരെന്നു വിളിക്കാവുന്നതാണ്.’
“നീതിനിഷ്ഠമായ യുദ്ധ”മോ?
“യുഗോസ്ലാവിയയിലെ യുദ്ധത്തെ തുടർന്ന് സഭകളിൽ വലിയ ചേരിതിരിവുകൾ ഉണ്ടായിരിക്കുന്നു. ‘നീതിനിഷ്ഠമായ യുദ്ധ’ത്തിന് പരമ്പരാഗതമായി നൽകിപ്പോന്ന വ്യാഖ്യാനമാണ് അടിസ്ഥാന കാരണം” എന്ന് ഫ്രഞ്ച് വർത്തമാനപത്രമായ ലെ മോണ്ട് പറയുന്നു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അഗസ്റ്റിൻ ആണ് നീതിനിഷ്ഠമായ യുദ്ധം (യൂസ് ആഡ് ബെല്ലും) എന്ന ആശയത്തിനു രൂപം നൽകിയത്. ലെ മോണ്ട് പറയുന്നതനുസരിച്ച് പിന്നീട് കത്തോലിക്കാ തത്ത്വജ്ഞാനിയായ തോമസ് അക്വിനാസ് ഇത്തരം ഒരു യുദ്ധത്തിനുള്ള “ധാർമിക” ന്യായീകരണങ്ങൾക്കു രൂപം നൽകി. അവയിൽ പിൻവരുന്നവ ഉൾപ്പെടുന്നു: യുദ്ധത്തിന് “നീതിനിഷ്ഠമായ ഒരു കാരണം” ഉണ്ടായിരിക്കണം, “അറ്റകൈ” എന്ന നിലയിലേ അതിന് ഒരുമ്പെടാവൂ, യുദ്ധത്തിൽ ഏർപ്പെടുന്നവർക്ക് അതിനുള്ള “നിയമപരമായ അധികാരം” ഉണ്ടായിരിക്കണം, “തിന്മ നീക്കുന്നതിന് ആവശ്യമായതിലുമധികം ദ്രോഹത്തിനോ ക്രമക്കേടിനോ അതിടയാക്കരുത്.” 17-ാം നൂറ്റാണ്ടിൽ “വിജയസാധ്യത” എന്ന മറ്റൊരു നിബന്ധനയും അതിനോടു കൂട്ടിച്ചേർക്കപ്പെട്ടു. ഇപ്പോൾ മിക്ക സഭകളും “വിശുദ്ധ യുദ്ധം” എന്ന ആശയം തള്ളിക്കളയുന്നുവെങ്കിലും “നീതിനിഷ്ഠമായ യുദ്ധം” എന്നു വിളിക്കപ്പെടുന്നതിനെച്ചൊല്ലിയുള്ള വാഗ്വാദങ്ങൾ തുടരുകയാണ്.
ബ്രസീലിലെ യുവജനങ്ങളും ലൈംഗികതയും
ബ്രസീലിൽ “33% പെൺകുട്ടികളും 64% ആൺകുട്ടികളും തങ്ങളുടെ ലൈംഗിക ജീവിതത്തിനു തുടക്കം കുറിക്കുന്നത് 14-നും 19-നും ഇടയ്ക്കുള്ള പ്രായത്തിലാണ്” എന്ന് ഒ എസ്റ്റാഡോ ഡെ സൗ പൗലൂ റിപ്പോർട്ടു ചെയ്യുന്നു. കൂടാതെ, വിവാഹപൂർവ ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടുന്ന 15-നും 19-നും ഇടയ്ക്കു പ്രായമുള്ള ബ്രസീലിയൻ പെൺകുട്ടികളുടെ എണ്ണം വെറും പത്തു വർഷത്തിനുള്ളിൽ ഇരട്ടിയായിരിക്കുന്നു. ജനസംഖ്യാ ശാസ്ത്രജ്ഞയായ എലിസബത്ത് ഫെറാസിന്റെ അഭിപ്രായത്തിൽ, “ലൈംഗികതയോടുള്ള മനോഭാവത്തിൽ വലിയ മാറ്റം” ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ബ്രസീലിലെ 18 ശതമാനം കൗമാരപ്രായക്കാർക്കും ഇപ്പോൾ തന്നെ ഒരു കുട്ടിയുണ്ട്, അല്ലെങ്കിൽ അവർ ഒരു കുഞ്ഞിന്റെ ആഗമനം പ്രതീക്ഷിച്ചു കഴിയുന്നവരാണ് എന്ന് മറ്റൊരു പഠനം കാണിക്കുന്നു.
നിങ്ങളുടെ ആശുപത്രി എത്ര സുരക്ഷിതമാണ്?
“അയർലണ്ടിലെ ആശുപത്രികൾ സന്ദർശിക്കുന്ന 10 രോഗികളിൽ ഒന്നിൽ കൂടുതൽ പേർക്ക് അവിടെ വെച്ച് രോഗബാധയുണ്ടാകാനുള്ള
സാധ്യതയുണ്ട്” എന്ന് ദി ഐറിഷ് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഹോസ്പിറ്റൽ അക്വയർഡ് ഇൻഫെക്ഷൻ അഥവാ എച്ച്എഐ (ആശുപത്രിയിൽ വെച്ചുണ്ടാകുന്ന രോഗബാധ) നിമിത്തം ചികിത്സയുടെയും ആശുപത്രിയിൽ കിടക്കേണ്ടി വരുന്നതിന്റെയും കാലയളവ് നീണ്ടുപോകുന്നു. ഒരൊറ്റ പ്രാവശ്യം ഇങ്ങനെ സംഭവിച്ചാൽത്തന്നെ ഒരു രോഗിയുടെ കൈയിൽനിന്ന് ഏകദേശം 2,200 ഡോളർ ചെലവാകും. രോഗം രക്തത്തെ ബാധിക്കുന്നതാണെങ്കിൽ കൂടുതലായി ഒരു 11 ദിവസംകൂടി ആശുപത്രിയിൽ കഴിച്ചുകൂട്ടേണ്ടിയും വരും. “സാധാരണഗതിയിലുള്ള ആന്റിബയോട്ടിക്കുകൾ ഒന്നും ഏശാത്ത സൂപ്പർ ബഗ്ഗുകൾ” വരുത്തുന്ന രോഗബാധയാണ് ഏറ്റവും സ്വൈര്യം കെടുത്തുന്നത് എന്ന് ആ പത്രം പറയുന്നു. ആശുപത്രിയിൽ വെച്ചു രോഗബാധയുണ്ടാകാൻ സാധ്യത കൂടുതൽ ഉള്ളത് “വൃദ്ധർ, കൊച്ചു കുഞ്ഞുങ്ങൾ, ആശുപത്രിയിൽ കുറേ കാലം കിടക്കേണ്ടി വരുന്നവർ, ഹൃദയ സംബന്ധ രോഗങ്ങളും പഴകിയ ശ്വാസനാളവീക്കവും പോലുള്ള മാറാരോഗങ്ങൾ ഉള്ളവർ എന്നിവർക്കാണ്.”ജീനുകളുടെ എണ്ണത്തിൽ വർധന
മനുഷ്യശരീരത്തിലെ ഓരോ കോശത്തിലും 50,000 മുതൽ 1,00,000 വരെ ജീനുകൾ ഉണ്ടെന്നാണ് നേരത്തേ കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ അടുത്തകാലത്തു നടത്തിയ ചില ഗവേഷണങ്ങൾ, മനുഷ്യ കോശത്തിലെ ജീനുകളുടെ എണ്ണം 1,40,000 ആണെന്നു വെളിപ്പെടുത്തിയിരിക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ അർഥം മനുഷ്യ ശരീരം നാം വിചാരിച്ചിരുന്നതിനെക്കാളൊക്കെ വളരെ വളരെ സങ്കീർണമാണെന്നാണ്. മാംസ്യങ്ങൾ നിർമിക്കാൻ ആവശ്യമായവിധം അമിനോ അമ്ലങ്ങളുടെ കൃത്യമായ അനുക്രമം സൃഷ്ടിക്കാൻ ശരീര കോശങ്ങൾക്കു നിർദേശം നൽകുന്നതു ജീനുകളാണ്. ജീനുകളുടെ എണ്ണത്തെപ്പറ്റിയുള്ള ഈ പുതിയ അറിവ് “മനുഷ്യരിലെ ജനിതക പ്രോഗ്രാമിങ്ങിനെ കുറിച്ചു നമുക്ക് ഇനിയും എന്തുമാത്രം പഠിക്കാനുണ്ടെന്ന വസ്തുതയിലേക്കു വിരൽ ചൂണ്ടുന്നു” എന്ന് ആ പത്രം പറയുന്നു.
നരകത്തെ കുറിച്ചുള്ള വീക്ഷണം മാറുന്നു
ദുഷ്ടന്മാരുടെ ആത്മാക്കളെ നിത്യമായി ദണ്ഡിപ്പിക്കുന്ന സ്ഥലമാണ് നരകം എന്നാണ് നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ പഠിപ്പിച്ചിരുന്നത്. ഇപ്പോൾ അതിനൊരു മാറ്റം വന്നിരിക്കുന്നു. നരകം എന്നാൽ “ദൈവം അക്ഷരീയമായി ആളുകൾക്കു നൽകുന്ന ഒരു ശിക്ഷയല്ല, മറിച്ച് അത് മനുഷ്യൻ സ്വന്തം ജീവിതത്തിൽ സൃഷ്ടിക്കുന്ന ഒരു അവസ്ഥയാണ്” എന്നു ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പറയുന്നുവെന്ന് ലോസ്സേർവാറ്റൊറേ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു. “നരകം എന്നത് ഒരു സ്ഥലമല്ല, മറിച്ച് അത് ജീവന്റെയും സന്തോഷത്തിന്റെയും ഉറവായ ദൈവത്തിൽ നിന്ന് സ്വമനസ്സാലെ മനഃപൂർവം അകന്നു മാറുന്നവർ തങ്ങളെത്തന്നെ ആക്കിവെക്കുന്ന അവസ്ഥയാണ്. ‘നിത്യദണ്ഡനം’ എന്നത് ദൈവത്തിന്റെ പ്രവൃത്തിയല്ല; മറിച്ച്, [ദൈവ]സ്നേഹത്തിൽ നിന്ന് തങ്ങളെ വേർപെടുത്തുന്ന വ്യക്തികൾ തന്നെ വരുത്തിവെക്കുന്ന ഒന്നാണ്” എന്നും അദ്ദേഹം പറഞ്ഞു.
നടക്കൂ, ആരോഗ്യം നിലനിർത്തൂ
തൂക്കം കുറയ്ക്കുകയും ഉത്കണ്ഠ ശമിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, നടത്തം “ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും രക്തസമ്മർദവും” കുറയ്ക്കാൻ സഹായിക്കുന്നു എന്ന് ടൊറന്റോയിലെ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നു. അതുകൊണ്ടുതന്നെ, നടത്തത്തിനായി ഒരു ക്ലിപ്ത സമയം നീക്കിവെക്കേണ്ടതുണ്ട്. എത്ര സമയം? “കാനഡാസ് ഫിസിക്കൽ ആക്റ്റിവിറ്റി ഗൈഡ് ടു ഹെൽത്തി ആൻഡ് ആക്റ്റിവ് ലിവിങ് പറയുന്നതനുസരിച്ച് നിങ്ങൾ മിതമായ വേഗത്തിലാണു നടക്കുന്നതെങ്കിൽ ദിവസവും 60 മിനിട്ട് അതിനായി നീക്കിവെക്കേണ്ടി വരും—പല ഘട്ടങ്ങളായാണു നടക്കുന്നതെങ്കിൽ ഓരോ പ്രാവശ്യവും 10 മിനിട്ട് എങ്കിലും നടക്കണം.” അതുപോലെ ദിവസവും 30 മുതൽ 60 വരെ മിനിട്ട്, സൈക്കിൾ ചവിട്ടുന്നതോ വേഗത്തിൽ നടക്കുന്നതോ 20 മുതൽ 30 വരെ മിനിട്ട് ഓടുന്നതോ നല്ല ആരോഗ്യത്തിനു സംഭാവന ചെയ്തേക്കാം. ഗ്ലോബ് പിൻവരുന്ന നിർദേശം നൽകുന്നു: വായു നന്നായി കടക്കുന്ന ഭാരം കുറഞ്ഞ പാദരക്ഷകൾ ഉപയോഗിക്കുക. അവ നല്ല വഴക്കമുള്ളവയായിരിക്കണം, പാദങ്ങളുടെ സ്വാഭാവിക വളവിന് അനുയോജ്യമായിരിക്കണം, മയമുള്ള ഇൻസോളുകൾ ഉള്ളവയായിരിക്കണം. അതുപോലെ വിരലുകൾ അനക്കാൻ ആവശ്യമായത്ര സ്ഥലവും ഉണ്ടായിരിക്കണം.
കാലേക്കൂട്ടിയുള്ള മുന്നറിയിപ്പ്
“‘വൻ വിപത്തുകളു’ടെ ഒരു ദശകമായിരിക്കാം ലോകത്തെ കാത്തിരിക്കുന്നത്” എന്ന് വേൾഡ് പ്രസ്സ് റിവ്യൂ റിപ്പോർട്ടു ചെയ്യുന്നു. ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസിൽ വന്ന ഒരു ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു റിപ്പോർട്ട് ആയിരുന്നു അത്. റെഡ്ക്രോസ്-റെഡ്ക്രെസെന്റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷൻ, ലോകത്തിലെ വലിയൊരു ഭാഗം ജനങ്ങളും ചുഴലിക്കാറ്റും ഭൂകമ്പങ്ങളും പോലുള്ള പ്രകൃതി വിപത്തുകളാൽ ബാധിക്കപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണുന്നു. “ലോകത്തിലെ ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന 50 നഗരങ്ങളിൽ 40 എണ്ണവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലാണ് സ്ഥിതിചെയ്യുന്നതെന്നും കടൽക്ഷോഭത്താൽ ബാധിക്കപ്പെടാൻ സാധ്യതയുള്ള തീരപ്രദേശങ്ങളിലാണ് ലോക ജനസംഖ്യയുടെ പകുതിയും വസിക്കുന്നതെന്നും” പ്രസ്തുത മാസിക പറയുന്നു. വിപത്തുകൾ വർധിക്കുമ്പോൾത്തന്നെ അടിയന്തിര സഹായനിധി സ്വരൂപിക്കുന്നതിൽ പല രാജ്യങ്ങളിലെയും ഗവൺമെന്റുകൾ വീഴ്ചവരുത്തിയിരിക്കുന്നു എന്നത് സാഹചര്യത്തെ കുറെക്കൂടെ വഷളാക്കുന്നു.
നീണ്ട രാത്രി
“രാജകീയ തമസ്സ്.” നോർവീജിയൻ ധ്രുവപര്യവേക്ഷകനായ ഫ്രിഡ്ജൊഫ് നാൻസെൻ, മോർക്കീറ്റിറ്റ് അഥവാ ഉത്തര നോർവേയിൽ സൂര്യൻ ഉദിക്കുകയേ ചെയ്യാത്ത സമയത്തെ വർണിക്കുന്നത് അങ്ങനെയാണ്. രണ്ടു മാസം അവിടെ ഇരുട്ടായിരിക്കും. ഉച്ചസമയത്ത് മാത്രം ഒരു മങ്ങിയ ചെമന്ന പ്രകാശം കാണാം. എന്നാൽ എല്ലാവരുമൊന്നും ഈ കാലയളവിനെ അത്ര സന്തോഷത്തോടെയല്ല വരവേൽക്കുന്നത്. ഇബെൻബ്യൂറെനർ ഫൊക്സ്സ്റ്റൈറ്റുങ് എന്ന വർത്തമാനപത്രം പറയുന്നതനുസരിച്ച് ധ്രുവവൃത്തത്തിനപ്പുറം വസിക്കുന്ന 21.2 ശതമാനം നോർവേക്കാർ ശൈത്യകാല വിഷാദം അനുഭവിക്കുന്നു. മസ്തിഷ്കത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മെലാറ്റോനിൻ എന്ന ഹോർമോണിന്റെ അഭാവം ആയിരിക്കാം ഇതിനു കാരണം. വെളിച്ചമാണ് ഏക പരിഹാരം. എന്നിരുന്നാലും മിന്നിമറയുന്ന ചെമന്ന വെളിച്ചവും നിലാവത്ത് തിളങ്ങുന്ന മൂടൽ മഞ്ഞും അരണ്ട വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ചിതറിക്കിടക്കുന്ന ഗ്രാമങ്ങളുടെ ദൃശ്യവും അനേകം വിനോദസഞ്ചാരികളെ ഈ ധ്രുവവൃത്തത്തിലേക്ക് ആകർഷിക്കുന്നു.