എൽ നിന്യോ അത് എന്താണ്?
എൽ നിന്യോ അത് എന്താണ്?
പെറുവിലെ ലിമയ്ക്കു സമീപം വരണ്ടുണങ്ങി കിടന്നിരുന്ന ആപുരിമാക് നദി പൊടുന്നനെ അലറിപ്പാഞ്ഞൊഴുകാൻ തുടങ്ങി. അതിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാർമെന് ഉണ്ടായിരുന്ന സകലതും ഒലിച്ചു പോയി. അവൾ പറയുന്നു: “എന്റെ മാത്രമല്ല, മറ്റു പലരുടെയും ഗതി ഇതുതന്നെയായിരുന്നു.” കുറച്ചുകൂടെ വടക്ക്, സെക്കൂരാ മണലാരണ്യത്തിലെ 5,000 ചതുരശ്ര കിലോമീറ്റർ വരുന്ന ഒരു പ്രദേശത്തെ, താത്കാലികമായി പെറുവിലെ രണ്ടാമത്തെ വലിയ തടാകം ആക്കിത്തീർത്തുകൊണ്ടു മഴ തകർത്തുപെയ്തു. ഭൂമിയിൽ മറ്റു പലയിടങ്ങളിലും കനത്ത വെള്ളപ്പൊക്കത്തിന്റെയും ശക്തമായ ചുഴലിക്കൊടുങ്കാറ്റിന്റെയും കൊടിയ വരൾച്ചയുടെയും ഫലമായി ഭക്ഷ്യക്ഷാമവും മഹാമാരിയും കാട്ടുതീയും ഉണ്ടായിരിക്കുന്നു. അങ്ങനെ, വിളവുകൾക്കും വസ്തുവകകൾക്കും പരിസ്ഥിതിക്കും നാശം സംഭവിച്ചിരിക്കുന്നു. അതിനെല്ലാം കാരണം എന്തായിരുന്നു? ഉഷ്ണമേഖലയിലോ ഭൂമധ്യരേഖയ്ക്കടുത്തോ ആയി പസിഫിക് സമുദ്രത്തിൽ, 1997-ന്റെ അവസാനത്തോടെ രൂപംകൊണ്ട് എട്ടു മാസക്കാലം നീണ്ടുനിന്ന എൽ നിന്യോയെയാണു പലരും പഴിക്കുന്നത്.
വാസ്തവത്തിൽ, എൽ നിന്യോ എന്താണ്? അത് എങ്ങനെയാണു വികാസം പ്രാപിക്കുന്നത്? അത് ഇത്ര ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നത് എന്തുകൊണ്ട്? അതിന്റെ അടുത്ത രംഗപ്രവേശം എന്നായിരിക്കുമെന്നു കൃത്യമായി പ്രവചിച്ചുകൊണ്ട് മരണസംഖ്യയും നാശനഷ്ടവും കുറയ്ക്കാനും കഴിയുമോ?
സമുദ്രജലം ചൂടുപിടിക്കുന്നു
“കൃത്യമായി പറഞ്ഞാൽ, രണ്ടു മുതൽ ഏഴു വരെ വർഷമെത്തുമ്പോൾ പെറുവിലെ തീരക്കടലിൽ ഉണ്ടാകുന്ന ഉഷ്ണജല പ്രവാഹമാണ് എൽ നിന്യോ” എന്ന് ന്യൂസ്വീക്ക് മാസിക പറയുന്നു. നൂറിലധികം വർഷങ്ങളായി പെറുവിന്റെ തീരക്കടലിലൂടെ സഞ്ചരിച്ചിരുന്ന നാവികർ സമുദ്രജലം ചൂടുപിടിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഉഷ്ണജലപ്രവാഹം സാധാരണമായി ഉണ്ടാകുന്നത് ക്രിസ്തുമസ് കാലത്തായതിനാൽ അതിനു സ്പാനിഷിൽ ‘ഉണ്ണിയേശു’ എന്ന് അർഥമുള്ള എൽ നിന്യോ എന്ന പേരു ലഭിച്ചു.
പെറുവിന്റെ തീരപ്രദേശത്തോടു ചേർന്നു സമുദ്രജലം ചൂടുപിടിക്കുന്നതിന്റെ ഫലമായി ആ ദേശത്തു ധാരാളം മഴ പെയ്യുന്നു. സമൃദ്ധമായ മഴ നിമിത്തം മരുഭൂമികൾ പുഷ്പിക്കുകയും കന്നുകാലികൾ തടിച്ചുകൊഴുക്കുകയും ചെയ്യുന്നു. പക്ഷേ, ചിലപ്പോഴൊക്കെ കനത്ത മഴ ആ പ്രദേശത്തെ വെള്ളത്തിൽ മുക്കാറുമുണ്ട്. കൂടാതെ, ചൂടുള്ള സമുദ്രോപരിതലം, പോഷകസമൃദ്ധമായ തണുത്ത വെള്ളം മുകളിലേക്കു വരാതെ തടയുന്നു. തന്നിമിത്തം, സമുദ്ര ജീവികളിൽ മിക്കവയും ചില പക്ഷികളും ആഹാരം തേടി ദേശാന്തരഗമനം നടത്തുക പതിവാണ്. പെറുവിന്റെ തീരപ്രദേശത്തു നിന്നു വളരെ അകലെ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളും എൽ നിന്യോയുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കാറുണ്ട്. a
കാറ്റിന്റെയും വെള്ളത്തിന്റെയും പ്രഭാവം
പെറുവിലെ തീരക്കടലിനോടു ചേർന്ന് താപനില ക്രമാതീതമായി ഉയരാൻ കാരണമെന്താണ്? അതു മനസ്സിലാക്കാൻ ആദ്യമായി, വാക്കർ സംവഹനം എന്ന് അറിയപ്പെടുന്ന ഒരു വലിയ സംവഹന വലയത്തെ കുറിച്ച് b ഉഷ്ണമേഖലയിലെ കിഴക്കൻ പസിഫിക്കിനും പടിഞ്ഞാറൻ പസിഫിക്കിനും ഇടയ്ക്കുള്ള അന്തരീക്ഷത്തിലാണ് അതു സ്ഥിതിചെയ്യുന്നത്. ഇന്തൊനീഷ്യക്കും ഓസ്ട്രേലിയയ്ക്കും അടുത്ത്, പസിഫിക്കിന്റെ പടിഞ്ഞാറു ഭാഗത്തെ സമുദ്രജലപ്പരപ്പ് സൂര്യപ്രകാശത്താൽ ചൂടുപിടിക്കുന്നതിന്റെ ഫലമായി ഈർപ്പമുള്ള ഉഷ്ണവായു അന്തരീക്ഷത്തിലേക്ക് ഉയരുന്നു. തന്നിമിത്തം ജലോപരിതലത്തിനടുത്തു മർദം ഗണ്യമായി കുറയുന്നു. അന്തരീക്ഷത്തിലേക്ക് ഉയരുന്ന വായു തണുത്ത് അതിന്റെ ഈർപ്പം പുറത്തുവിടുന്നതുകൊണ്ട് ആ പ്രദേശത്തു മഴ ലഭിക്കുന്നു. ഈർപ്പരഹിതമായ വായുവിനെ കാറ്റ് ഉയർന്ന അന്തരീക്ഷത്തിലേക്കു പറത്തിക്കൊണ്ടു പോകുന്നു. കിഴക്കോട്ടു സഞ്ചരിക്കുന്തോറും വായു തണുത്ത് കൂടുതൽ ഭാരമുള്ളതായി തീരുന്നു. പെറുവിലും ഇക്വഡോറിലും എത്തുന്നതോടെ അതു താഴാൻ തുടങ്ങുന്നു. സമുദ്രജലപ്പരപ്പിൽ ഉയർന്ന മർദം ഉണ്ടാകാൻ ഇത് ഇടവരുത്തുന്നു. ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ നിന്നു വാണിജ്യവാതം എന്ന് അറിയപ്പെടുന്ന കാറ്റ് ഇന്തൊനീഷ്യയെ ലക്ഷ്യമാക്കി തിരികെ പടിഞ്ഞാറേക്ക് വീശുന്നു. അങ്ങനെ ആ സംവഹന വലയം പൂർത്തിയാകുന്നു.
പരിചിന്തിക്കാം.വാണിജ്യവാതങ്ങൾ, ഉഷ്ണമേഖലാ പസിഫിക്കിന്റെ ജലോപരിതല താപത്തെ ബാധിക്കുന്നത് എങ്ങനെയാണ്? ന്യൂസ്വീക്ക് പറയുന്നു: “ഈ കാറ്റുകൾ സാധാരണമായി, കൊച്ചു കുളങ്ങളിൽ അടിക്കുന്ന ഇളങ്കാറ്റു പോലെയാണു പ്രവർത്തിക്കുന്നത്. ഇവ ചൂടുള്ള സമുദ്രജലത്തെ പടിഞ്ഞാറൻ പസിഫിക്കിലേക്ക് ഒഴുക്കിക്കൊണ്ടു പോകും. തത്ഫലമായി അവിടെ സമുദ്രജലനിരപ്പിൽ 60 സെന്റിമീറ്ററും സമുദ്രോപരിതല താപനിലയിൽ എട്ടു ഡിഗ്രി സെൽഷ്യസും വർധനവുണ്ടാകുന്നു. അതിന് ഉദാഹരണമാണ് ഇക്വഡോർ.” കിഴക്കൻ പസിഫിക്കിൽ പോഷക സമൃദ്ധമായ തണുത്ത ജലം മുകളിലേക്ക് ഉയരുന്നതുകൊണ്ട് അവിടം സമുദ്രജീവികളാൽ സമ്പുഷ്ടമാണ്. അങ്ങനെ, എൽ നിന്യോ ഉണ്ടാകാത്ത സാധാരണ വർഷങ്ങളിൽ പടിഞ്ഞാറൻ പസിഫിക്കിനെ അപേക്ഷിച്ച് കിഴക്കൻ പസിഫിക്കിൽ സമുദ്രോപരിതല താപനില കുറവായിരിക്കും.
എൽ നിന്യോയ്ക്ക് ഇടയാക്കുന്ന അന്തരീക്ഷ വ്യതിയാനങ്ങൾ എന്തെല്ലാമാണ്? “വർഷങ്ങൾ കഴിയുന്തോറും വാണിജ്യവാതങ്ങൾ ശമിക്കുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്നു. അതിന്റെ കാരണം ശാസ്ത്രജ്ഞർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല” എന്ന് നാഷണൽ ജിയോഗ്രഫിക് പ്രസ്താവിക്കുന്നു. വാണിജ്യവാതങ്ങളുടെ ശക്തി കുറയുന്നതോടെ ഇന്തൊനീഷ്യക്കു സമീപം സംഭരിക്കപ്പെട്ടിരിക്കുന്ന ഉഷ്ണജലം വീണ്ടും കിഴക്കോട്ട് ഒഴുകുന്നു. തത്ഫലമായി, പെറുവിലും മറ്റു കിഴക്കൻ പ്രദേശങ്ങളിലും സമുദ്രോപരിതല താപനില ഉയരുന്നു. ഈ വ്യതിയാനം അന്തരീക്ഷസ്ഥിതിയിൽ കാര്യമായ മാറ്റം വരുത്തുന്നു. “കിഴക്കൻ ഉഷ്ണമേഖലാ പസിഫിക്കിൽ താപനിലയിലുണ്ടാകുന്ന വർധനവ് വാക്കർ സംവഹന വലയത്തെ ക്ഷയിപ്പിക്കുകയും കനത്ത
വർഷപാതമുണ്ടാകുന്ന സംവഹന മേഖല കിഴക്കോട്ടു നീങ്ങാൻ ഇടവരുത്തുകയും ചെയ്യുന്നു. അത് ഉഷ്ണമേഖലാ പസിഫിക്കിന്റെ പടിഞ്ഞാറു നിന്നു മധ്യഭാഗത്തോട്ടും കിഴക്കോട്ടും നീങ്ങുന്നു” എന്ന് ഒരു പരാമർശഗ്രന്ഥം പറയുന്നു. അങ്ങനെ, ഭൂമധ്യരേഖയോട് അടുത്ത പസിഫിക്ക് മേഖലയിലെല്ലാം ഗണ്യമായ അന്തരീക്ഷ വ്യതിയാനങ്ങൾ സംഭവിക്കുന്നു.അരുവിയിലെ ഉരുളൻ പാറ പോലെ
ഉഷ്ണമേഖലാ പസിഫിക്കിലെ ജലപ്രവാഹത്തിൽ നിന്നു ബഹുദൂരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലെ കാലാവസ്ഥയെ തകിടം മറിക്കാനും എൽ നിന്യോയ്ക്കു കഴിയും. എങ്ങനെ? അന്തരീക്ഷ സംവഹനവ്യവസ്ഥയെ ഒരു മാധ്യമമായി ഉപയോഗിച്ചുകൊണ്ട്. അന്തരീക്ഷ സംവഹനവ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രാദേശിക പ്രക്ഷുബ്ധതയുടെ ദൂരവ്യാപക ഫലങ്ങളെ, ഒരു അരുവിയുടെ മധ്യത്തിലുള്ള ഉരുളൻ പാറ അരുവിയിലുടനീളം ഓളങ്ങൾ സൃഷ്ടിക്കുന്നതിനോടു താരതമ്യപ്പെടുത്താവുന്നതാണ്. ഉഷ്ണമേഖലയിലെ ചൂടുപിടിച്ച സമുദ്രത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന കനത്ത മേഘപാളികൾ, ഒരു ഉരുളൻ പാറപോലെ അന്തരീക്ഷത്തിൽ വിഘ്നം സൃഷ്ടിക്കുന്നു. അത് ആയിരക്കണക്കിനു കിലോമീറ്റർ അകലെ വരെ അന്തരീക്ഷ സ്ഥിതിയെ ബാധിക്കുന്നു.
ഉയർന്ന അക്ഷാംശങ്ങളിൽ എൽ നിന്യോ, ‘ജെറ്റ് നീരൊഴുക്കുകൾ’ എന്നറിയപ്പെടുന്ന കിഴക്കോട്ടുള്ള ജലപ്രവാഹത്തിന് ആക്കംകൂട്ടുകയും അതിനു ഗതിഭ്രംശം വരുത്തുകയും ചെയ്യുന്നു. ഈ അക്ഷാംശങ്ങളിൽ വെച്ച് ജെറ്റ് നീരൊഴുക്കുകൾ മിക്ക കൊടുങ്കാറ്റുകളുടെയും ഗതി തിരിച്ചുവിടുന്നു. ജെറ്റ് നീരൊഴുക്കുകളുടെ ഗതിവേഗത്തിന്റെയും ഗതിഭ്രംശത്തിന്റെയും ഫലമായി കാലാവസ്ഥാ വ്യതിയാനങ്ങൾ രൂക്ഷമാകുകയോ മിതമാകുകയോ ചെയ്യുന്നു. ഉദാഹരണത്തിന്, എൽ നിന്യോയുടെ ഫലമായി ഐക്യനാടുകളുടെ ചില വടക്കൻ ഭാഗങ്ങളിൽ പതിവിലും മിതമായ ശൈത്യമാണ് ഉണ്ടാകുക. അതേസമയം, അതിന്റെ ഫലമായി ഐക്യനാടുകളുടെ ചില ദക്ഷിണ ഭാഗങ്ങളിൽ ശൈത്യകാലത്തു കൊടിയ തണുപ്പിനൊപ്പം മഴയും ഉണ്ടാകുന്നു.
എത്രത്തോളം പ്രവചിക്കാനാകും?
ഒരു കൊടുങ്കാറ്റ് ഉണ്ടാകുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പു മാത്രമേ അതിന്റെ രൂക്ഷതയെ കുറിച്ച് മുൻകൂട്ടി പറയാനാകൂ. എൽ നിന്യോയുടെ കാര്യത്തിലും അത് അങ്ങനെയാണോ? അല്ല. അതിന്റെ കാര്യത്തിൽ, താത്കാലിക കാലാവസ്ഥാ വ്യതിയാനങ്ങൾക്കു പകരം പല പ്രദേശങ്ങളിലും മാസങ്ങളോളം അസാധാരണ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എൽ നിന്യോയെ കുറിച്ചു പ്രവചിക്കുന്നതിൽ കാലാവസ്ഥാ ഗവേഷകർ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്.
ദൃഷ്ടാന്തത്തിന്, 1997-98-ലെ എൽ നിന്യോയെ കുറിച്ച് അത് ഉണ്ടാകുന്നതിന് ഏതാണ്ട് ആറുമാസം മുമ്പ്, 1997 മേയിൽ, മുന്നറിയിപ്പു നൽകപ്പെട്ടു. ഇപ്പോൾ ഉഷ്ണമേഖലാ പസിഫിക്കിലുടനീളം, ഉപരിതലത്തിലെ കാറ്റിന്റെ തീവ്രതയും 500 മീറ്റർ താഴെ സമുദ്ര താപനിലയും അളക്കാനായി 70 ബോയാകൾ (buoys) സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടർ ഡേറ്റയിലേക്ക് ചേർക്കുന്നു, അത് ഉപയോഗിച്ച് പിന്നീട് കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചു മുന്നറിയിപ്പു നൽകാൻ സാധിക്കുന്നു.
എൽ നിന്യോയെ കുറിച്ചു മുന്നറിയിപ്പുകൾ ലഭിക്കുന്നത്, അതിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനു തയ്യാറെടുപ്പുകൾ നടത്താൻ ആളുകളെ സഹായിക്കും. ദൃഷ്ടാന്തത്തിന്, 1983 മുതൽ പെറുവിൽ എൽ നിന്യോയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നതിന്റെ ഫലമായി കാലാവസ്ഥയ്ക്കു യോജിച്ചവണ്ണം കൃഷി ഇറക്കാൻ പല കർഷകർക്കും കഴിഞ്ഞു. മീൻ പിടിക്കാൻ പോകുന്നതിനു പകരം മുക്കുവന്മാർ, ഉഷ്ണജലത്തോടൊപ്പം എത്തിച്ചേർന്ന ചെമ്മീനുകൾ പിടിച്ച് കൃഷി നടത്തിയിരിക്കുന്നു. അതേ, കൃത്യമായ പ്രവചനവും മുൻകൂട്ടിയുള്ള തയ്യാറെടുപ്പും കൊണ്ട് എൽ നിന്യോയുടെ ഫലമായി ഉണ്ടാകുന്ന മരണസംഖ്യയും സാമ്പത്തിക നഷ്ടവും കുറയ്ക്കാൻ സാധിക്കും.
ഭൗമാന്തരീക്ഷത്തെ നിയന്ത്രിക്കുന്ന പ്രക്രിയകളെ കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണം, ഏകദേശം 3,000 വർഷം മുമ്പു ശലോമോൻ രാജാവ് രേഖപ്പെടുത്തിയ നിശ്വസ്ത വചനങ്ങളുടെ കൃത്യതയെ സാക്ഷ്യപ്പെടുത്തുന്നു. അവൻ ഇങ്ങനെ എഴുതി: “കാററു തെക്കോട്ടു ചെന്നു വടക്കോട്ടു ചുററിവരുന്നു; അങ്ങനെ കാററു ചുററിച്ചുററി തിരിഞ്ഞുകൊണ്ടു പരിവർത്തനം ചെയ്യുന്നു.” (സഭാപ്രസംഗി 1:6) ആധുനിക മനുഷ്യൻ കാറ്റിന്റെ ഗതിയെയും സമുദ്രജലപ്രവാഹങ്ങളെയും കുറിച്ചു പഠിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. എൽ നിന്യോ പോലത്തെ പ്രതിഭാസങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾക്കു ചെവി കൊടുത്തുകൊണ്ട് അത്തരം വിവരങ്ങളിൽ നിന്നു നമുക്കു പ്രയോജനം നേടാം.
[അടിക്കുറിപ്പുകൾ]
a എൽ നിന്യോയുടെ വിപരീതമാണ് ലാ നിന്യോ (സ്പാനിഷിൽ “കൊച്ചു പെൺകുട്ടി” എന്നർഥം). ലാ നിന്യോ സംഭവിക്കുമ്പോൾ ദക്ഷിണ അമേരിക്കയുടെ പശ്ചിമ തീരങ്ങളിൽ നിന്നു മാറിയുള്ള ഭാഗങ്ങളിൽ താപനില ക്രമാതീതമായി താഴുന്നു. ദൂരവ്യാപകമായ അന്തരീക്ഷ വ്യതിയാനങ്ങൾ വരുത്തുന്നതിൽ ലാ നിന്യോയ്ക്കും കാര്യമായ പങ്കുണ്ട്.
b 1920-ൽ പ്രസ്തുത പ്രക്രിയയെ കുറിച്ചു പഠനം നടത്തിയ സർ ഗിൽബെർട്ട് വാക്കർ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്റെ പേരാണ് ആ വലയത്തിന് ഇട്ടിരിക്കുന്നത്.
[27-ാം പേജിലെ ചതുരം]
എൽ നിന്യോയുടെ സംഹാര യാത്ര
■ 1525: പെറുവിൽ എൽ നിന്യോ ഉണ്ടായതിന്റെ ആദ്യത്തെ ചരിത്ര രേഖ.
■ 1789-93: എൽ നിന്യോ ഇന്ത്യയിൽ 6,00,000-ത്തിലധികം പേരുടെ ജീവൻ അപഹരിച്ചു, ആഫ്രിക്കയുടെ തെക്കുഭാഗത്തു കൊടിയ ക്ഷാമത്തിനും ഇടവരുത്തി.
■ 1982-83: 2,000 പേരെ കൊന്നൊടുക്കിയ എൽ നിന്യോ 1,300 കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തി. കൂടുതലും ഉഷ്ണമേഖലാ പ്രദേശങ്ങളാണ് അതിന്റെ പിടിയിലമർന്നത്.
■ 1990-95: മൂന്നു സംഭവങ്ങൾ ഒന്നിനു പുറകെ ഒന്നായി നടന്നപ്പോൾ അത്, രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും ദീർഘിച്ച എൽ നിന്യോ ആയിത്തീർന്നു.
■ 1997-98: എൽ നിന്യോയുടെ ഫലമായ വെള്ളപ്പൊക്കത്തെയും വരൾച്ചയെയും കുറിച്ച് ആദ്യമായി വിജയപ്രദമായ മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടും ലോകമെമ്പാടുമായി 2,100 പേർ മരണപ്പെട്ടു, 3,300 കോടി ഡോളറിന്റെ നാശനഷ്ടങ്ങളും ഉണ്ടായി.
[24, 25 പേജുകളിലെ രേഖാചിത്രം/ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
സാധാരണമായുള്ള
വാക്കർ സംവഹന മാതൃക
ശക്തമായ വാണിജ്യവാതങ്ങൾ
ചൂടുള്ള സമുദ്രജലം
തണുത്ത സമുദ്രജലം
[24, 25 പേജുകളിലെ രേഖാചിത്രം/ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
എൽ നിന്യോ
ജെറ്റ് നീരൊഴുക്കിന്റെ ഗതിഭ്രംശം
ദുർബലമായ വാണിജ്യവാതങ്ങൾ
ഉഷ്ണജലം കിഴക്കോട്ട് ഒഴുകുന്നു
പതിവിലും ചൂടുള്ളത് അല്ലെങ്കിൽ ഈർപ്പരഹിതം
സാധാരണയിലും തണുപ്പുള്ളത് അല്ലെങ്കിൽ ഈർപ്പമുള്ളത്
[26-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
എൽ നിന്യോ
മുകളിൽ കൊടുത്തിരിക്കുന്ന ഗ്ലോബിലെ ചെമന്ന നിറങ്ങൾ സാധാരണയിലും കൂടിയ ജലോഷ്മാവിനെ സൂചിപ്പിക്കുന്നു
സാധാരണമായുള്ളത്
ഉഷ്ണജലം പടിഞ്ഞാറൻ പസിഫിക്കിൽ സംഭരിക്കപ്പെടുന്നു. തന്നിമിത്തം കിഴക്കൻ പസിഫിക്കിൽ പോഷക സമൃദ്ധമായ തണുത്ത വെള്ളം ഉപരിതലത്തിലേക്ക് ഉയരുന്നു
എൽ നിന്യോ
ദുർബല വാണിജ്യവാതങ്ങൾ ഉഷ്ണജലം തിരിച്ച് കിഴക്കോട്ടു പ്രവഹിക്കാൻ ഇടവരുത്തുന്നതിനാൽ തണുത്ത വെള്ളം ഉപരിതലത്തിലേക്ക് ഉയരുന്നതു തടയുന്നു
[24, 25 പേജുകളിലെ ചിത്രങ്ങൾ]
പെറു വെള്ളപ്പൊക്കത്തിനിരയായ സെക്കൂരാ മണലാരണ്യം
മെക്സിക്കോ ലിൻഡ ചുഴലിക്കൊടുങ്കാറ്റ്
കാലിഫോർണിയ മണ്ണിടിച്ചിൽ
[കടപ്പാട്]
24-5 പേജുകളിലെ ചിത്രങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്: Fotografía por Beatrice Velarde; Image produced by Laboratory for Atmospheres, NASA Goddard Space Flight Center; FEMA photo by Dave Gatley