വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ പുകവലി എങ്ങനെ ഉപേക്ഷിക്കാം?

നിങ്ങൾക്ക്‌ പുകവലി എങ്ങനെ ഉപേക്ഷിക്കാം?

നിങ്ങൾക്ക്‌ പുകവലി എങ്ങനെ ഉപേക്ഷി​ക്കാം?

സൈക്കിൾ ചവിട്ടാൻ പഠിക്കു​ന്നതു പോ​ലെ​യാ​ണു പുകയില ഉപേക്ഷി​ക്കാൻ ശ്രമി​ക്കു​ന്ന​തും, ആദ്യ ശ്രമത്തിൽത്തന്നെ അതിനു കഴി​ഞ്ഞെന്നു വരില്ല. അതു​കൊണ്ട്‌, നിങ്ങൾ പുകവലി നിറു​ത്താൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്ന​പക്ഷം അതിൽ വിജയി​ക്കു​ന്നതു വരെ ശ്രമം തുടരാൻ തയ്യാറാ​യി​രി​ക്കണം. വീണ്ടും ആ ശീലത്തി​ലേക്കു വഴുതി​വീ​ഴു​ന്നെ​ങ്കിൽ അതിനെ ഒരു പരാജ​യ​മാ​യി വീക്ഷി​ക്ക​രുത്‌. വിജയി​ക്കാ​നി​രി​ക്കുന്ന ഒരു പദ്ധതി​യി​ലെ താത്‌കാ​ലിക പരാജ​യ​മാ​യി കണക്കാ​ക്കി​ക്കൊണ്ട്‌ അതിനെ ഒരു അനുഭവ പാഠമാ​യി വീക്ഷി​ക്കുക. ചിലരു​ടെ കാര്യ​ത്തിൽ ഫലപ്ര​ദ​മെന്നു തെളിഞ്ഞ ഏതാനും നിർദേ​ശങ്ങൾ താഴെ കൊടു​ക്കു​ന്നു. നിങ്ങളു​ടെ കാര്യ​ത്തി​ലും അതു ഫലപ്രദം ആയിരു​ന്നേ​ക്കാം.

പുകവലി ഉപേക്ഷി​ക്കാൻ നിങ്ങളു​ടെ മനസ്സിനെ ഒരുക്കുക

■ ഒന്നാമ​താ​യി, പുകവലി ഉപേക്ഷി​ക്കു​ന്നതു ശ്രമത്തി​നു തക്ക മൂല്യ​മു​ള്ള​താ​ണെന്നു സ്വയം ബോധ്യ​പ്പെ​ടണം. ആ ശീലം ഉപേക്ഷി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തി​ന്റെ പിന്നിലെ കാരണ​ങ്ങ​ളും അതു​കൊ​ണ്ടുള്ള പ്രയോ​ജ​ന​ങ്ങ​ളും പട്ടിക​പ്പെ​ടു​ത്തുക. പുകവലി ഉപേക്ഷി​ച്ച​ശേഷം ഈ പട്ടിക പുനഃ​പ​രി​ശോ​ധി​ക്കു​ന്നത്‌ തീരു​മാ​ന​ത്തിൽ ഉറച്ചു​നിൽക്കാൻ നിങ്ങളെ സഹായി​ക്കും.ദൈവത്തെ പ്രീതി​പ്പെ​ടു​ത്താ​നുള്ള ആഗ്രഹ​മാ​ണു പുകവലി ഉപേക്ഷി​ക്കാൻ പ്രചോ​ദി​പ്പി​ക്കുന്ന ഏറ്റവും ശക്തമായ കാരണം. ദൈവത്തെ നാം പൂർണ ഹൃദയ​ത്തോ​ടും പൂർണ ആത്മാ​വോ​ടും പൂർണ മനസ്സോ​ടും പൂർണ ശക്തി​യോ​ടും കൂടെ സ്‌നേ​ഹി​ക്കേണം എന്നു ബൈബിൾ പറയുന്നു. പുകയി​ല​യോട്‌ ആസക്തി ഉണ്ടായി​രി​ക്കു​ന്ന​പക്ഷം നമുക്ക്‌ അതിനു സാധി​ക്കില്ല.—മർക്കൊസ്‌ 12:30.

■ നിങ്ങൾ പുകവ​ലി​ക്കു​ന്നത്‌ എപ്പോ​ഴാ​ണെ​ന്നും എന്തു കാരണ​ത്താൽ ആണെന്നും മനസ്സി​ലാ​ക്കാൻ നിങ്ങളു​ടെ പുകവലി ശീലത്തെ വിശദ​മാ​യി പരി​ശോ​ധി​ക്കുക. ഓരോ ദിവസ​വും നിങ്ങൾ സിഗരറ്റ്‌ വലിക്കു​ന്നത്‌ ഏതെല്ലാം സമയത്താ​ണെ​ന്നും എവി​ടെ​വെ​ച്ചാ​ണെ​ന്നും ഒരു കടലാ​സിൽ കുറി​ച്ചു​വെ​ക്കു​ന്നതു സഹായ​ക​മെന്നു കണ്ടെത്തി​യേ​ക്കാം. പുകവലി ഉപേക്ഷി​ച്ച​ശേഷം വീണ്ടും അതിനു പ്രലോ​ഭി​പ്പി​ക്കുന്ന സാഹച​ര്യ​ങ്ങൾ മുൻകൂ​ട്ടി​ക്കാ​ണാൻ അതു നിങ്ങളെ സഹായി​ക്കും.

പുകവലി ഉപേക്ഷി​ക്കാൻ ഒരു ദിവസം തിര​ഞ്ഞെ​ടു​ക്കു​ക

■ അതിനാ​യി ഒരു ദിവസം തിര​ഞ്ഞെ​ടുത്ത്‌ കലണ്ടറിൽ അടയാ​ള​പ്പെ​ടു​ത്തുക. അനാവശ്യ ബാഹ്യ സമ്മർദങ്ങൾ ഒന്നുമി​ല്ലാത്ത ഒരു ദിവസം തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണു നല്ലത്‌. ആ ദിവസം വന്നെത്തു​മ്പോൾ പുകവലി പാടെ നിറു​ത്തുക—അതേ, പൊടു​ന്നനെ, പൂർണ​മാ​യി ഉപേക്ഷി​ക്കുക.

■ പുകവലി ഉപേക്ഷി​ക്കാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ദിവസം വന്നെത്തു​ന്ന​തി​നു മുമ്പു​തന്നെ ആഷ്‌​ട്രേ​യും തീപ്പെ​ട്ടി​യും ലൈറ്റ​റും നശിപ്പി​ച്ചു​ക​ള​യുക. പുകയില മണക്കുന്ന വസ്‌ത്ര​ങ്ങ​ളെ​ല്ലാം കഴുകി​യെ​ടു​ക്കുക.

■ പുകവലി നിറു​ത്താൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു സഹപ്ര​വർത്ത​ക​രു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും പിന്തുണ ഉറപ്പു​വ​രു​ത്തുക. നിങ്ങളു​ടെ സമീപത്തു നിന്നു പുകവ​ലി​ക്ക​രു​തെന്നു മറ്റുള്ള​വ​രോ​ടു പറയാ​നുള്ള ധൈര്യം കാണി​ക്കുക.

■ പുകവലി നിറു​ത്താൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ദിവസ​ത്തേക്ക്‌ എന്തെങ്കി​ലും പരിപാ​ടി​കൾ ആസൂ​ത്രണം ചെയ്യുക. കാഴ്‌ച​ബം​ഗ്ലാ​വോ തീയേ​റ്റ​റോ പോലെ, പുകവലി നിരോ​ധി​ച്ചി​രി​ക്കുന്ന ഇടങ്ങളിൽ പോകാ​വു​ന്ന​താണ്‌. വ്യായാ​മ​വും ചെയ്യാ​വു​ന്ന​താണ്‌, നീന്താൻ പോകു​ക​യോ സൈക്കിൾ ചവിട്ടു​ക​യോ ദീർഘ​ദൂ​രം നടക്കു​ക​യോ ചെയ്യുക.

പുകവലി നിറു​ത്തു​ന്ന​തു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തരണം ചെയ്യൽ

നിങ്ങൾ കടുത്ത പുകവ​ലി​ക്കാ​രാ​ണെ​ങ്കിൽ ആ ശീലം ഉപേക്ഷി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്‌. ഒടുവി​ലത്തെ സിഗരറ്റു വലിച്ച്‌ ഏതാനും മണിക്കൂ​റു​കൾക്കു ശേഷം പ്രശ്‌നങ്ങൾ തലപൊ​ക്കും. പ്രകോ​പനം, അക്ഷമ, ദേഷ്യം, ഉത്‌കണ്‌ഠ, വിഷാദം, ഉറക്കമി​ല്ലായ്‌മ, അസ്വസ്ഥത, അമിത​മായ വിശപ്പ്‌, സിഗര​റ്റി​നാ​യുള്ള വാഞ്‌ഛ എന്നിവ അതിൽ ഉൾപ്പെ​ട്ടേ​ക്കാം. ഒരുപക്ഷേ, ഈ പ്രശ്‌ന​ങ്ങൾക്കു ശമന​മേ​കുന്ന എന്തെങ്കി​ലും മരുന്നു കുറി​ച്ചു​ത​രാൻ നിങ്ങളു​ടെ ഡോക്ടർക്കു കഴി​ഞ്ഞേ​ക്കും. കൂടാതെ, ഇക്കാര്യ​ത്തിൽ വിജയി​ക്കാൻ നിങ്ങൾക്കു​തന്നെ പല കാര്യ​ങ്ങ​ളും ചെയ്യാൻ കഴിയും.

■ ബുദ്ധി​മു​ട്ടേ​റിയ ആദ്യത്തെ ഏതാനും വാരങ്ങ​ളിൽ കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക, ഒപ്പം ധാരാളം വെള്ളവും കുടി​ക്കുക. കാരറ്റോ സെലറി​യോ ഒക്കെ പച്ചയ്‌ക്കു ചവയ്‌ക്കു​ന്നതു സഹായ​ക​മാ​ണെന്നു ചിലർ കണ്ടെത്തി​യി​ട്ടുണ്ട്‌. വ്യായാ​മം ചെയ്യു​ന്നത്‌ പൊണ്ണ​ത്തടി ഉണ്ടാകാ​തി​രി​ക്കാ​നും രക്തയോ​ട്ടം മെച്ച​പ്പെ​ടു​ത്താ​നും സഹായി​ക്കും.

■ പുകവ​ലി​ക്കാൻ നിങ്ങൾക്കു പ്രലോ​ഭനം തോന്നുന്ന സ്ഥലങ്ങളും സാഹച​ര്യ​ങ്ങ​ളും ഒഴിവാ​ക്കുക.

■ പുകവ​ലി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കുന്ന തെറ്റായ ന്യായീ​ക​ര​ണ​ങ്ങളെ ചെറു​ക്കുക. പുകവലി ഉപേക്ഷി​ക്കു​മ്പോൾ സാധാ​ര​ണ​മാ​യി ഉയർന്നു​വ​രാ​റുള്ള ഏതാനും ചിന്താ​ഗ​തി​കൾ ഇവയാണ്‌: ‘ഈ ബുദ്ധി​മു​ട്ടൊ​ന്നു മാറി​ക്കി​ട്ടാൻ ഇന്നു മാത്രം പുകവ​ലി​ച്ചി​ട്ടു നിറു​ത്തി​യേ​ക്കാം.’ ‘പുകവ​ലി​യാ​ണ​ല്ലോ എന്റെ ഏക ബലഹീനത!’ ‘എന്തായാ​ലും, പുകയില അത്രകണ്ടു മോശ​മൊ​ന്നു​മല്ല; കടുത്ത പുകവ​ലി​ക്കാ​രായ ചിലർ 90-ലധികം വയസ്സു​വരെ ജീവി​ച്ചി​രി​ക്കു​ന്നുണ്ട്‌.’ ‘എന്തെങ്കി​ലും കാരണം കൊണ്ട്‌ എന്നെങ്കി​ലും മരി​ക്കേ​ണ്ട​തല്ലേ?’ ‘പുകവ​ലി​ച്ചി​ല്ലെ​ങ്കിൽ ജീവി​ത​ത്തിൽ എന്താ​ണൊ​രു രസം!’

■ വീണ്ടും പുകവ​ലി​ക്കാൻ തോന്ന​ലു​ണ്ടാ​കു​മ്പോൾ അൽപ്പസ​മയം കാത്തി​രി​ക്കുക. പത്തു മിനിട്ടു കഴിയു​മ്പോൾ പുകവ​ലി​ക്കാ​നുള്ള തീവ്ര​മായ ആഗ്രഹം കെട്ടട​ങ്ങും. മേലാൽ പുകവ​ലി​ക്കില്ല എന്നു ചിന്തി​ക്കു​ന്നതു ചില​പ്പോ​ഴൊ​ക്കെ ആകുല​പ്പെ​ടു​ത്തി​യേ​ക്കാം. അങ്ങനെ നിങ്ങൾക്കു തോന്നു​ന്ന​പക്ഷം അന്നത്തേക്കു മാത്രം പുകവ​ലി​ക്കാ​തി​രി​ക്കു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കുക.

■ ദൈവത്തെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​പക്ഷം സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. തന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ ജീവി​ക്കാൻ കിണഞ്ഞു പരി​ശ്ര​മി​ക്കു​ന്ന​വർക്കു ‘തക്കസമ​യത്തു സഹായം’ പ്രദാനം ചെയ്യാൻ നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്രഷ്ടാ​വി​നു സാധി​ക്കും. (എബ്രായർ 4:16) എന്നാൽ, അത്ഭുത​മൊ​ന്നും പ്രതീ​ക്ഷി​ക്ക​രുത്‌. പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ നിങ്ങൾ പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌.

ഒരു മുൻ പുകവ​ലി​ക്കാ​രൻ ആയി നില​കൊ​ള്ളു​ക

■ ആദ്യത്തെ മൂന്നു മാസമാണ്‌ ഏറ്റവും ബുദ്ധി​മു​ട്ടേ​റിയ സമയം. എന്നാൽ, പുകവ​ലി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കുന്ന പുകവ​ലി​ക്കാ​രെ​യും അതിനുള്ള സാഹച​ര്യ​ങ്ങ​ളെ​യും അതിനു ശേഷവും ഒഴിവാ​ക്കുക.

■ പുകവലി നിറു​ത്തി​യിട്ട്‌ ഒന്നോ രണ്ടോ വർഷമാ​യാ​ലും, വല്ലപ്പോ​ഴു​മൊ​ക്കെ പുകവ​ലി​ക്കു​ന്ന​തു​കൊ​ണ്ടു കുഴപ്പ​മില്ല എന്നു ചിന്തിച്ചു സ്വയം വിഡ്‌ഢി​യാ​ക​രുത്‌.

■ “ഒരൊറ്റ സിഗരറ്റ്‌” വലിക്കാ​നുള്ള പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കുക. ഒരെണ്ണം വലിക്കു​ന്നത്‌ രണ്ടാമ​തൊ​ന്നു വലിക്കാൻ നിങ്ങളെ നിഷ്‌പ്ര​യാ​സം പ്രേരി​പ്പി​ക്കും. താമസി​യാ​തെ, പുകവലി നിറു​ത്താൻ നിങ്ങൾ ചെയ്‌ത എല്ലാ കഠിന ശ്രമങ്ങ​ളും വെള്ളത്തി​ലാ​കും. ഇനി, ഒരു ദുർബല നിമി​ഷ​ത്തിൽ ഒരു സിഗരറ്റു വലി​ച്ചെ​ന്നി​രി​ക്കട്ടെ, രണ്ടാമ​തൊ​രെണ്ണം വലി​ക്കേ​ണ്ട​തി​ന്റെ യാതൊ​രു ആവശ്യ​വു​മില്ല. പരാജ​യ​പ്പെ​ടു​ന്നെ​ങ്കിൽ വീണ്ടും ശ്രമം തുടരുക.

കോടി​ക്ക​ണ​ക്കിന്‌ ആളുകൾ പുകവലി ഉപേക്ഷി​ക്കു​ന്ന​തിൽ വിജയി​ച്ചി​രി​ക്കു​ന്നു. നിശ്ചയ​ദാർഢ്യ​വും സ്ഥിരോ​ത്സാ​ഹ​വും ഉണ്ടെങ്കിൽ നിങ്ങൾക്കും അതിനു കഴിയും!