വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുകവലിക്ക്‌ അടിമപ്പെട്ട ഒരു ലോകം

പുകവലിക്ക്‌ അടിമപ്പെട്ട ഒരു ലോകം

പുകവ​ലിക്ക്‌ അടിമ​പ്പെട്ട ഒരു ലോകം

ബിൽ വളരെ ദയാലു​വും ബുദ്ധി​ശാ​ലി​യും ആയിരു​ന്നു, അതു​പോ​ലെ​തന്നെ കരുത്ത​നും. കുടും​ബം എന്നു വെച്ചാൽ അദ്ദേഹ​ത്തി​നു ജീവനാ​യി​രു​ന്നു. പക്ഷേ, നന്നേ ചെറുപ്പം മുതൽ അദ്ദേഹം സിഗരറ്റു വലിക്കാൻ തുടങ്ങി. പിന്നീട്‌, ആ ശീല​ത്തോട്‌ അദ്ദേഹ​ത്തി​നു വെറു​പ്പാ​യി​ത്തു​ടങ്ങി. അതു​കൊണ്ട്‌, അദ്ദേഹം സിഗരറ്റു വലിക്കു​മാ​യി​രു​ന്നെ​ങ്കി​ലും തന്റെ മക്കളോട്‌ അതു ചെയ്യരു​തെ​ന്നും പുകവലി വളരെ മോശ​മായ ശീലമാ​ണെ​ന്നും കർക്കശ​മാ​യി പറയു​മാ​യി​രു​ന്നു. മേലാൽ സിഗരറ്റു വലിക്കി​ല്ലെന്നു പറഞ്ഞു​കൊണ്ട്‌ അദ്ദേഹം പലപ്പോ​ഴും സിഗരറ്റ്‌ പാക്കറ്റു​കൾ ഞെരിച്ച്‌ വലി​ച്ചെ​റി​ഞ്ഞി​ട്ടുണ്ട്‌. എന്നാൽ അധികം താമസി​യാ​തെ, സിഗരറ്റ്‌ വീണ്ടും അദ്ദേഹ​ത്തി​ന്റെ ചുണ്ടിൽ സ്ഥാനം പിടി​ക്കും—ആദ്യ​മൊ​ക്കെ രഹസ്യ​മാ​യി​ട്ടാ​യി​രി​ക്കു​മെന്നു മാത്രം.

15 വർഷം മുമ്പ്‌ കാൻസർ പിടി​പെട്ട്‌ ബിൽ മൃതി​യ​ടഞ്ഞു. മാസങ്ങ​ളോ​ളം വേദന തിന്നാണ്‌ അദ്ദേഹം മരിച്ചത്‌. പുകവ​ലി​ക്കാ​തി​രു​ന്നി​രു​ന്നെ​ങ്കിൽ അദ്ദേഹം ഒരുപക്ഷേ ഇന്നും ജീവി​ച്ചി​രി​ക്കു​മാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ഭാര്യ വിധവ ആകുമാ​യി​രു​ന്നില്ല; മക്കൾക്കു ഡാഡിയെ നഷ്ടപ്പെ​ടു​മാ​യി​രു​ന്നില്ല.

ബില്ലിന്റെ മരണം അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തിന്‌ കനത്ത ആഘാതം​തന്നെ ഏൽപ്പിച്ചു. എന്നാൽ, അത്‌ ഒറ്റപ്പെട്ട സംഭവമല്ല. ലോകാ​രോ​ഗ്യ സംഘടന പറയു​ന്ന​ത​നു​സ​രിച്ച്‌, പുകയില സംബന്ധ​മായ രോഗങ്ങൾ ഓരോ എട്ട്‌ സെക്കൻഡി​ലും ഒരാളെ എന്ന നിരക്കിൽ പ്രതി​വർഷം 40 ലക്ഷത്തോ​ളം പേരെ കൊ​ന്നൊ​ടു​ക്കു​ന്നു. ലോക​വ്യാ​പ​ക​മാ​യി, പ്രതി​രോ​ധി​ക്കാ​വുന്ന രോഗ കാരണ​ങ്ങ​ളിൽ പ്രഥമ​സ്ഥാ​നത്തു നിൽക്കു​ന്നതു പുകയി​ല​യു​ടെ ഉപയോ​ഗ​മാണ്‌. ഈ സ്ഥിതി തുടർന്നാൽ 20 വർഷം കൊണ്ട്‌ ലോക​വ്യാ​പ​ക​മായ മരണത്തി​ന്റെ​യും വൈക​ല്യ​ങ്ങ​ളു​ടെ​യും മുഖ്യ കാരണം പുകവലി ആയിരി​ക്കും. എയ്‌ഡ്‌സ്‌, ക്ഷയരോ​ഗം, പ്രസവ സംബന്ധ​മായ പ്രശ്‌നങ്ങൾ, വാഹന അപകടങ്ങൾ എന്നിവ മൂലം മരിക്കു​ന്ന​വ​രു​ടെ​യും ആത്മഹത്യ ചെയ്യു​ന്ന​വ​രു​ടെ​യും നരഹത്യ​യ്‌ക്ക്‌ ഇരയാ​കു​ന്ന​വ​രു​ടെ​യും സംഖ്യ​യെ​ക്കാൾ കൂടു​ത​ലാ​യി​രി​ക്കും പുകവലി മൂലം മരിക്കു​ന്ന​വ​രു​ടെ എണ്ണം.

സിഗരറ്റ്‌ ആളുകളെ കൊ​ന്നൊ​ടു​ക്കു​ന്നു. എന്നിട്ടും എല്ലായി​ട​ത്തു​മുള്ള ആളുകൾ പുകവ​ലി​ക്കു​ന്നു. ലോക​മെ​മ്പാ​ടു​മാ​യി ചുരു​ങ്ങി​യത്‌ 110 കോടി പുകവ​ലി​ക്കാ​രെ​ങ്കി​ലും ഉണ്ടെന്നു ലോകാ​രോ​ഗ്യ സംഘടന പ്രസ്‌താ​വി​ക്കു​ന്നു. ലോക​ത്തി​ലെ മുതിർന്ന​വ​രു​ടെ മൂന്നി​ലൊ​ന്നു​വ​രും ആ സംഖ്യ.

തങ്ങൾക്കെ​തി​രെ​യുള്ള കേസുകൾ തീർക്കു​ന്ന​തി​നാ​യി പുകയില കമ്പനികൾ കോടി​ക്ക​ണ​ക്കി​നു ഡോളർ ചെലവ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ലാഭമാ​യി കിട്ടുന്ന ശതകോ​ടി​ക്ക​ണ​ക്കി​നു ഡോള​റു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ അത്‌ വളരെ നിസ്സാ​ര​മാണ്‌. ഐക്യ​നാ​ടു​ക​ളി​ലെ സിഗരറ്റ്‌ ഫാക്ടറി​ക​ളിൽ മാത്രം 150 കോടി സിഗര​റ്റു​കൾ ഓരോ ദിവസ​വും ഉത്‌പാ​ദി​പ്പി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. ലോക​വ്യാ​പ​ക​മാ​യി പുകയില കമ്പനി​ക​ളും പുകയില ഉത്‌പ​ന്ന​ങ്ങ​ളു​ടെ​മേൽ കുത്തക​യുള്ള ഗവൺമെ​ന്റു​ക​ളും ഓരോ വർഷവും 5 ലക്ഷം കോടി സിഗര​റ്റു​കൾ വിറ്റഴി​ക്കു​ന്നു!

ഇത്ര​യേ​റെ ആളുകൾ മാരക​മായ ഈ ശീലത്തിന്‌ അടിമ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങൾ പുകവ​ലി​ക്കുന്ന ഒരാളാ​ണെ​ങ്കിൽ, നിങ്ങൾക്ക്‌ ആ ശീലം എങ്ങനെ ഉപേക്ഷി​ക്കാ​നാ​കും? തുടർന്നു​വ​രുന്ന ലേഖന​ങ്ങ​ളിൽ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ ലഭിക്കും.