പുകവലി ഉപേക്ഷിക്കേണ്ടത് എന്തുകൊണ്ട്?
പുകവലി ഉപേക്ഷിക്കേണ്ടത് എന്തുകൊണ്ട്?
സുദീർഘവും സന്തുഷ്ടവുമായ ഒരു ജീവിതം ആഗ്രഹിക്കുന്നവർക്കുള്ളതല്ല പുകവലി. ദീർഘകാലം പുകവലിക്കുന്ന 2-ൽ ഒരാളെ വീതം പുകയില കൊന്നൊടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഇങ്ങനെ പ്രസ്താവിച്ചു: “സിഗരറ്റ് . . . ഉപഭോക്താവിന്റെ ജീവനൊടുക്കുന്നതിനു മുമ്പ് ആയുഷ്കാലം മുഴുവൻ അയാളെ അടിമയാക്കി നിറുത്തുന്ന, കൃത്യമായ അളവിൽ നിക്കോട്ടിൻ എത്തിച്ചുകൊടുക്കുന്ന, അതിവിദഗ്ധമായി നിർമിച്ചെടുത്തിരിക്കുന്ന ഒരു ഉത്പന്നമാണ്.”
അതുകൊണ്ട്, ആരോഗ്യത്തെയും ജീവനെയും അപായപ്പെടുത്തുന്നു എന്നതാണു പുകവലി ഉപേക്ഷിക്കേണ്ടതിന്റെ ഒരു കാരണം. ജീവനു ഭീഷണി ഉയർത്തുന്ന 25-ലധികം രോഗങ്ങൾ പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഹൃദയാഘാതം, മസ്തിഷ്കാഘാതം, വിട്ടുമാറാത്ത ശ്വാസനാള വീക്കം, എംഫിസിമാ, പലതരം കാൻസറുകൾ—വിശേഷിച്ചും ശ്വാസകോശ കാൻസർ—തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു പ്രധാന കാരണം പുകവലിയാണ്.
പുകവലി തുടങ്ങി വർഷങ്ങൾക്കു ശേഷമായിരിക്കാം ഇത്തരം രോഗങ്ങളിലൊന്ന് ഒരു വ്യക്തിയെ പിടികൂടുന്നത്. പുകവലികൊണ്ട് ഒരാളുടെ വ്യക്തിപ്രഭാവം ഒരുകാലത്തും വർധിക്കാൻ പോകുന്നില്ല. പുകവലിക്കാർ ഗ്ലാമറുള്ളവരും കരുത്തുറ്റവരുമായിട്ടാണു പരസ്യങ്ങളിൽ ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ, മറിച്ചാണു വസ്തുത. പുകവലി നിമിത്തം വായ് നാറ്റം ഉണ്ടാകുന്നു, പല്ലുകളിലും വിരലുകളിലും കറപിടിക്കുന്നു. പുരുഷന്മാരിൽ അതു വന്ധ്യതയ്ക്കും ഇടയാക്കുന്നു. പുകവലിക്കാർക്കു ചുമയും കിതപ്പും ഉണ്ടാകുന്നു. പുകവലിക്കാർക്ക്, മുഖത്തെ ത്വക്ക് അകാലത്തിൽത്തന്നെ ചുക്കിച്ചുളിയാനും മറ്റു ത്വഗ്രോഗങ്ങൾ ഉണ്ടാകാനും കൂടുതൽ സാധ്യതയുണ്ട്.
പുകവലി മറ്റുള്ളവരെ ബാധിക്കുന്ന വിധം
“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നു ബൈബിൾ പറയുന്നു. (മത്തായി 22:39) അയൽക്കാരോട്—ഏറ്റവും അടുത്ത അയൽക്കാരായ കുടുംബാംഗങ്ങളോട്—ഉള്ള സ്നേഹം പുകവലി ഉപേക്ഷിക്കാനുള്ള ഒരു ശക്തമായ കാരണമാണ്.
പുകവലി മറ്റുള്ളവർക്കു ദോഷം ചെയ്യുന്നു. കുറച്ചുകാലം മുമ്പു വരെ ഒരു പുകവലിക്കാരന് എവിടെ നിന്നു വേണമെങ്കിലും പുകയ്ക്കാമായിരുന്നു. ആർക്കും അതിൽ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ സ്ഥിതി അതല്ല. മറ്റൊരാൾ വലിക്കുന്ന സിഗരറ്റിൽ നിന്നുള്ള പുക ശ്വസിക്കുന്നതിന്റെ അപകടം പലരും മനസ്സിലാക്കുന്നുണ്ട്. ഉദാഹരണത്തിന്, പുകവലിക്കാത്ത വ്യക്തിക്ക് പുകവലിക്കുന്ന ഒരാളെ വിവാഹം ചെയ്യുന്നതു മൂലം ശ്വാസകോശ കാൻസർ ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്ത ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നെങ്കിൽ
ഉണ്ടായേക്കാവുന്നതിന്റെ 30 ശതമാനം കൂടുതലാണ്. പുകവലിക്കാത്തവരുടെ കുട്ടികളെക്കാൾ പുകവലിക്കുന്നവരുടെ കുട്ടികൾക്ക് രണ്ടു വയസ്സുവരെ ന്യൂമോണിയയോ ശ്വാസനാളവീക്കമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഗർഭിണികൾ പുകവലിക്കുന്നതു മൂലം ഗർഭസ്ഥ ശിശുക്കളുടെ ജീവന് അപായം സംഭവിക്കുന്നു. സിഗരറ്റിന്റെ പുകയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിനും കാർബൺ മോണോക്സൈഡും അപകടകരമായ മറ്റു രാസവസ്തുക്കളും അമ്മയുടെ രക്തത്തിലൂടെ ഗർഭസ്ഥശിശുവിന്റെ ശരീരത്തിൽ കടക്കുന്നു. അത് ഗർഭമലസൽ, ചാപിള്ള ജനനം, നവജാത ശിശുമരണം എന്നിവയ്ക്കുള്ള സാധ്യതയെ ഏറെ വർധിപ്പിക്കുന്നു. കൂടാതെ, ഗർഭിണി ആയിരിക്കെ പുകവലിച്ചിട്ടുള്ളവർക്കു പിറക്കുന്ന കുട്ടികൾക്ക് ക്ഷിപ്ര ശിശുമൃത്യു വ്യാധി ഉണ്ടാകാനുള്ള സാധ്യതയാകട്ടെ മൂന്നിരട്ടിയാണ്.
ഭാരിച്ച ചെലവ്
പുകവലി ഉപേക്ഷിക്കേണ്ടതിന്റെ മറ്റൊരു കാരണം അത് ചെലവേറിയ ഒരു ശീലമാണ് എന്നതാണ്. ലോക ബാങ്ക് നടത്തിയ ഒരു പഠനം അനുസരിച്ച്, പുകവലിജന്യ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രതിവർഷം 20,000 കോടി ഡോളർ ചെലവുള്ളതായി കണക്കാക്കപ്പെടുന്നു. എന്നാൽ, പുകയിലജന്യ രോഗങ്ങൾ വരുത്തിവെക്കുന്ന യാതനകളും വേദനകളുമായി തട്ടിച്ചുനോക്കുമ്പോൾ ആ തുക ഏതുമല്ല.
ഓരോ വ്യക്തിയും പുകച്ചുതള്ളുന്ന സിഗരറ്റുകളുടെ വില കണക്കുകൂട്ടാൻ എളുപ്പമാണ്. നിങ്ങൾ ഒരു ദിവസം സിഗരറ്റിനായി ചെലവഴിക്കുന്ന തുകയെ 365 കൊണ്ടു ഗുണിക്കുക. ഒരു വർഷം നിങ്ങൾ എന്തുമാത്രം പണം ചെലവഴിക്കുന്നു എന്ന് അതു വ്യക്തമാക്കും. ആ തുകയെ പത്തുകൊണ്ടു ഗുണിക്കുക. അടുത്ത പത്തു വർഷത്തേക്കു സിഗരറ്റിനായി നിങ്ങൾ എത്ര പണം ചെലവഴിക്കേണ്ടി വരുമെന്ന് അതു വ്യക്തമാക്കും. അതു നിങ്ങളെ അമ്പരപ്പിച്ചേക്കാം. അത്രയും പണംകൊണ്ട് വേറെ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുക.
കടുപ്പം കുറഞ്ഞ സിഗരറ്റു വലിക്കുന്നതു കൂടുതൽ സുരക്ഷിതമോ?
പുകവലികൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കാനുള്ള ഒരു മാർഗമെന്നോണം പുകയില കമ്പനികൾ, ടാറിന്റെയും നിക്കോട്ടിന്റെയും അളവു കുറവുള്ള കടുപ്പം കുറഞ്ഞ സിഗരറ്റുകൾ ഉത്പാദിപ്പിക്കുന്നു. എന്നാൽ, കടുപ്പം കുറഞ്ഞ സിഗരറ്റു വലിക്കുന്നവർ മുമ്പ് ഉപയോഗിച്ചിരുന്നത്രയും ടാറിനും നിക്കോട്ടിനും കിട്ടാനായി വെമ്പുന്നു. തന്മൂലം, അവർ കൂടുതൽ സിഗരറ്റുകൾ വലിക്കുകയോ ഒരേ സിഗരറ്റുതന്നെ പല തവണ വലിക്കുകയോ പുക ഉള്ളിലേക്ക് ആഞ്ഞു വലിക്കുകയോ അല്ലെങ്കിൽ ഒരു സിഗരറ്റ് പരമാവധി വലിച്ചു തീർക്കുകയോ ഒക്കെ ചെയ്തുകൊണ്ട് അതിന്റെ കടം വീട്ടുന്നു. ഇനി, അങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽപ്പോലും, അവർ
അനുഭവിക്കുന്ന പ്രയോജനങ്ങൾ പുകവലി പൂർണമായി ഉപേക്ഷിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രയോജനങ്ങളോടുള്ള താരതമ്യത്തിൽ ഏതുമല്ല.പൈപ്പുകളും ചുരുട്ടുകളും വലിക്കുന്നതു സംബന്ധിച്ചെന്ത്? അന്തസ്സിന്റെ പ്രതീകമായിട്ടാണു പുകയില കമ്പനികൾ ദീർഘകാലമായി അവയെ ചിത്രീകരിച്ചു പോന്നിരിക്കുന്നതെങ്കിലും അവയിൽ നിന്നുള്ള പുകയും സിഗരറ്റിന്റെ പുക പോലെതന്നെ മാരകമാണ്. ചുരുട്ടോ പൈപ്പോ വലിക്കുന്നവർ പുക ഉള്ളിലേക്ക് എടുക്കുന്നില്ലെങ്കിൽപ്പോലും അവർക്കു ചുണ്ടിലും വായിലും നാക്കിലും കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ധൂമരഹിത പുകയില സുരക്ഷിതമാണോ? ഇത് രണ്ടു രൂപങ്ങളിൽ—പുകയിലപ്പൊടിയായിട്ടും ചവയ്ക്കാനുള്ള പുകയിലയായിട്ടും—ലഭ്യമാണ്. സാധാരണമായി, പുകയിലപ്പൊടി ടിന്നിലോ പൊതികളിലോ ആക്കിയാണു വിൽക്കുന്നത്. അതുപയോഗിക്കുന്നവർ മിക്കപ്പോഴും കീഴ്ച്ചുണ്ടിനും മോണയ്ക്കുമിടയിൽ അതു തിരുകിവെക്കുന്നു. ചവയ്ക്കാനുള്ള പുകയില കൂടുതലും നീണ്ട ഇഴയായിട്ട്, പൊതികളിലാണു വിൽക്കപ്പെടുന്നത്. പേരു വ്യക്തമാക്കുന്നതുപോലെതന്നെ അതു ചവയ്ക്കുകയാണു ചെയ്യുന്നത്, അതിന്റെ നീര് ഉള്ളിലേക്ക് ഇറക്കുകയില്ല. ഇത്തരത്തിലെല്ലാമുള്ള പുകയിലയുടെ ഉപയോഗം വായ് നാറ്റത്തിന് ഇടയാക്കുന്നു. കൂടാതെ അതു നിമിത്തം പല്ലിനു കറപിടിക്കുന്നു, വായിലും തൊണ്ടയിലും കാൻസർ ഉണ്ടാകുന്നു, നിക്കോട്ടിന് അടിമപ്പെടുന്നു, കാൻസറിന് ഇടവരുത്തുന്ന വായ്പ്പുണ്ണുണ്ടാകുന്നു, മോണയ്ക്കു കേടുവരുന്നു, പല്ലിനു ചുറ്റുമുള്ള എല്ലിനു ക്ഷതം സംഭവിക്കുന്നു. വ്യക്തമായി പറഞ്ഞാൽ, പുകയില ചവയ്ക്കുകയോ അതിന്റെ നീര് ഇറക്കുകയോ ചെയ്യുന്നത് പുകവലിക്കുന്നതിനെക്കാൾ ഒട്ടും സുരക്ഷിതമല്ല.
പുകവലി ഉപേക്ഷിക്കുന്നതിന്റെ പ്രയോജനങ്ങൾ
നിങ്ങൾ ദീർഘകാലമായി പുകവലിക്കുന്ന ഒരാളാണെന്നിരിക്കട്ടെ. പുകവലി നിറുത്തുമ്പോൾ നിങ്ങൾക്ക് എന്തു സംഭവിക്കുന്നു? പുകവലി നിറുത്തി 20 മിനിട്ടു കഴിയുമ്പോൾ നിങ്ങളുടെ രക്തസമ്മർദം സാധാരണ നിലയിൽ ആകുന്നു. ഒരാഴ്ച കഴിയുമ്പോൾ ശരീരത്തിൽ നിക്കോട്ടിന്റെ അംശം ഇല്ലാതാകുന്നു. ഒരു മാസം കഴിയുമ്പോൾ ചുമ, കഫക്കെട്ട്, ക്ഷീണം, ശ്വാസതടസ്സം എന്നിവ കുറയാൻ തുടങ്ങുന്നു. അഞ്ചു വർഷം കഴിയുമ്പോൾ ശ്വാസകോശ കാൻസർ കൊണ്ടു മരിക്കാനുള്ള സാധ്യത 50 ശതമാനമായി കുറഞ്ഞിരിക്കും. 15 വർഷത്തിനു ശേഷം നിങ്ങൾക്കു ഹൃദയധമനീ രോഗം ഉണ്ടാകാനുള്ള സാധ്യത, ഒരിക്കലും പുകവലിക്കാത്ത ഒരു വ്യക്തിയുടേതിനു തുല്യമായിരിക്കും.
രുചിയും മണവും അറിയാനുള്ള നിങ്ങളുടെ പ്രാപ്തി വർധിക്കുന്നു. നിങ്ങളുടെ നിശ്വാസ വായുവിനും ശരീരത്തിനും വസ്ത്രങ്ങൾക്കും പുകയിലയുടെ നാറ്റമുണ്ടായിരിക്കില്ല. പുകയില വാങ്ങാനായി മേലാൽ പണം ചെലവഴിക്കേണ്ടി വരുന്നില്ല. നിങ്ങൾക്കു ചാരിതാർഥ്യം അനുഭവപ്പെടും. 2 കൊരിന്ത്യർ 7:1, ഓശാന ബൈബിൾ) പുകവലി നിറുത്താൻ വൈകിപ്പോയെന്നു കരുതേണ്ട; എത്രയും നേരത്തെ അത് ഉപേക്ഷിക്കുന്നുവോ അത്രയും നന്ന്.
മക്കൾ ഉണ്ടെങ്കിൽ അവർ നിങ്ങളുടെ മാതൃക അനുകരിക്കുന്നതു മൂലം പുകവലിക്കാർ ആകാനുള്ള സാധ്യത കുറവായിരിക്കും. നിങ്ങളുടെ ആയുർദൈർഘ്യം വർധിക്കാനും ഇടയുണ്ട്. മാത്രമല്ല, നിങ്ങൾ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും. എന്തെന്നാൽ, ബൈബിൾ ഇങ്ങനെ പറയുന്നു: ‘നമുക്കു ശരീരത്തിന്റെ എല്ലാ മാലിന്യങ്ങളിൽനിന്നും ശുദ്ധീകൃതരാകാം.’ (പുകവലി ഉപേക്ഷിക്കുന്നതു ദുഷ്കരമായിരിക്കുന്നതിന്റെ കാരണം
പുകവലി ഉപേക്ഷിക്കാനുള്ള ആഗ്രഹം എത്രതന്നെ ശക്തമാണെങ്കിലും ശരി, അതു ചെയ്യുക എന്നതു ദുഷ്കരമായ ഒരു സംഗതിയാണ്. പുകയിലയിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ, ആസക്തിയുളവാക്കുന്ന ഒരു മയക്കുമരുന്നാണ് എന്നതാണ് അതിന്റെ പ്രധാന കാരണം. “മാനസികോത്തേജക ലഹരിപദാർഥങ്ങളുടെ ഗണത്തിൽ ഹെറോയിൻ, കൊക്കെയ്ൻ എന്നിവയെക്കാൾ കൂടുതൽ ആസക്തിയുളവാക്കുന്നതു നിക്കോട്ടിൻ ആണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു” എന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നു. ഹെറോയിനും കൊക്കെയ്നും ഉപയോഗിക്കുമ്പോഴത്തേതു പോലെ മത്തുപിടിക്കുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളൊന്നും നിക്കോട്ടിൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ലാത്തതിനാൽ അതിന്റെ വീര്യത്തെ അവമതിച്ചു കാണുക എളുപ്പമാണ്. എങ്കിലും, നിക്കോട്ടിൻ നൽകുന്ന സുഖാനുഭൂതി വീണ്ടും വീണ്ടും ആസ്വദിക്കേണ്ടതിന് മിക്കവരും തുടർച്ചയായി പുകവലിക്കുന്നു. നിക്കോട്ടിന് ഒരുവന്റെ മാനസികാവസ്ഥയ്ക്കു കൂടെക്കൂടെ മാറ്റങ്ങൾ വരുത്താനാകും; അത് ഉത്കണ്ഠ ലഘൂകരിക്കുന്നു. എന്നാൽ, ലഘൂകരിക്കപ്പെടുന്നതായി തോന്നുന്ന ഈ ഉത്കണ്ഠയുടെ ഭാഗികമായ കാരണം നിക്കോട്ടിനോടുള്ള ആസക്തിയാണ്.
നിക്കോട്ടിന് അടിമകളായിത്തീരുന്നതിനു പുറമേ, പുകവലിക്കാരെ സംബന്ധിച്ചിടത്തോളം കൂടെക്കൂടെ സിഗരറ്റു കത്തിക്കുന്നതും വലിക്കുന്നതുമൊക്കെ അവരുടെ ഒരു ശീലമായിത്തീരുന്നു എന്നതും അത് ഉപേക്ഷിക്കുന്നതു ദുഷ്കരമാക്കിത്തീർക്കുന്നു. ‘അതു ചെയ്യാൻ നല്ല രസമാണ്,’ ‘സമയം കൊല്ലാൻ അതു സഹായിക്കുന്നു’ എന്നൊക്കെ അതേക്കുറിച്ചു ചിലർ പറഞ്ഞേക്കാം.
പുകവലി ഉപേക്ഷിക്കുന്നതു ദുഷ്കരമാക്കുന്ന മൂന്നാമത്തെ ഘടകം അത് അനുദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു എന്നതാണ്. പുകയില വ്യവസായം പരസ്യത്തിനായി മാത്രം ഓരോ വർഷവും 600 കോടി ഡോളറാണു ചെലവഴിക്കുന്നത്. പുകവലിക്കാരെ ഗ്ലാമറുള്ളവരും ഉത്സാഹികളും നല്ല ആരോഗ്യമുള്ളവരും ബുദ്ധിശാലികളുമായി പരസ്യങ്ങളിൽ ചിത്രീകരിക്കുന്നു. ഒട്ടുമിക്കപ്പോഴും അവർ കുതിരസവാരി നടത്തുന്നതോ നീന്തുന്നതോ ടെന്നീസ് കളിക്കുന്നതോ മറ്റേതെങ്കിലും വിധത്തിലുള്ള ആകർഷകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതോ ആയാണു ചിത്രീകരിക്കുന്നത്. ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും നല്ല കഥാപാത്രങ്ങൾ പുകവലിക്കുന്നതു സർവസാധാരണമായ രംഗമാണ്. പുകയില നിയമപരമായി വിൽക്കപ്പെടുന്നു, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുംതന്നെ അവ ലഭ്യവുമാണ്. പലപ്പോഴും നമ്മുടെ ചുറ്റുവട്ടത്തായി പുകവലിക്കുന്ന ആരെങ്കിലുമൊക്കെ ഉണ്ടായെന്നുവരും. അങ്ങനെ നാമും പുകവലിയുടെ ദൂഷ്യഫലം അനുഭവിക്കേണ്ടിവരുന്നു.
ഒരു ആസ്പിരിൻ കഴിച്ച് തലവേദന അകറ്റുന്നതു പോലെ, ഒരു ഗുളിക കഴിച്ച് പുകവലി ശീലം നിർത്താനാകില്ലെന്നതു ശരിതന്നെ. പുകവലി ഉപേക്ഷിക്കുക എന്ന ദുഷ്കര ദൗത്യത്തിൽ വിജയിക്കുന്നതിന് ഒരു വ്യക്തിക്കു പ്രചോദനം ആവശ്യമാണ്. വണ്ണം കുറയ്ക്കുന്ന കാര്യത്തിലെന്നപോലെതന്നെ അതിനു ദീർഘനാളത്തെ പ്രതിബദ്ധത വേണ്ടിയിരിക്കുന്നു. വിജയിക്കണമെങ്കിൽ പുകവലിക്കാരൻതന്നെ മനസ്സുവെക്കണം.
[5-ാം പേജിലെ ചതുരം]
ചെറുപ്പം മുതലുള്ള ശീലം
സിഗരറ്റു പരീക്ഷിച്ചു നോക്കിയിട്ടുള്ള യുവജനങ്ങളിൽ 4-ൽ ഒരാൾ വീതം ക്രമേണ അതിന് അടിമകളായതായി ഐക്യനാടുകളിൽ നടത്തിയ ഒരു പഠനം തെളിയിച്ചു. അത് കൊക്കെയ്നും ഹെറോയിനും പരീക്ഷിച്ചു നോക്കി അവയ്ക്ക് അടിമപ്പെട്ടിരിക്കുന്നവരുടെ നിരക്കിനു തുല്യമായിരുന്നു. പ്രായപൂർത്തിയായ പുകവലിക്കാരിൽ 70 ശതമാനം പേരും പുകവലി തുടങ്ങിയതിൽ ഖേദിക്കുന്നുണ്ടെങ്കിലും അവരിൽ ചുരുക്കം ചിലർക്കു മാത്രമേ ആ ശീലം നിറുത്താൻ കഴിയുന്നുള്ളൂ.
[5-ാം പേജിലെ ചതുരം]
സിഗരറ്റ് പുകയിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു?
സിഗരറ്റിന്റെ പുകയിലുള്ള ടാറിൽ 4,000-ത്തിൽ അധികം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവയിൽ 43 എണ്ണം കാൻസറിന് ഇടവരുത്തുന്നതായി തെളിഞ്ഞിരിക്കുന്നു. സയനൈഡ്, ബെൻസീൻ, മെതനോൾ, അസെറ്റലിൻ (തീ കത്തിക്കാൻ ഉപയോഗിക്കുന്ന ഒരു ഇന്ധനം) എന്നിവ അവയിൽപ്പെടുന്നു. സിഗരറ്റിന്റെ പുകയിൽ വിഷവാതകങ്ങളായ നൈട്രജൻ ഓക്സൈഡും കാർബൺ മോണോക്സൈഡും അടങ്ങിയിരിക്കുന്നു. അതിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് അത്യധികം ആസക്തിയുളവാക്കുന്ന മയക്കുമരുന്നായ നിക്കോട്ടിനാണ്.
[6-ാം പേജിലെ ചതുരം]
പ്രിയപ്പെട്ട ഒരാളെ പുകവലി ഉപേക്ഷിക്കാൻ സഹായിക്കൽ
പുകവലിയുടെ അപകടങ്ങളെ കുറിച്ച് അറിയാവുന്ന, പുകവലിക്കാത്ത ഒരാളാണു നിങ്ങൾ എങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും തുടർന്നു പുകവലിക്കുന്നതു നിങ്ങളെ ദുഃഖിപ്പിച്ചേക്കാം. പുകവലി ഉപേക്ഷിക്കാൻ അവരെ സഹായിക്കുന്നതിനു നിങ്ങൾക്ക് എന്തു ചെയ്യാനാകും? ആ ശീലത്തെച്ചൊല്ലി സദാ പരാതിപ്പെടുന്നതും അത് ഉപേക്ഷിക്കാൻ അഭ്യർഥിക്കുന്നതും നിർബന്ധിക്കുന്നതും പരിഹസിക്കുന്നതും കുറ്റപ്പെടുത്തിക്കൊണ്ടു നീണ്ട പ്രസംഗം നടത്തുന്നതുമൊന്നും ഇക്കാര്യത്തിൽ തെല്ലും ഫലം ചെയ്യില്ല. മിക്കപ്പോഴും, പുകവലി ഉപേക്ഷിക്കുന്നതിനു പകരം അത്തരം നടപടികളുടെ ഫലമായി ഉണ്ടായേക്കാവുന്ന വൈകാരിക വേദനയ്ക്കു ശമനം കണ്ടെത്താൻ അവർ സിഗരറ്റിൽ അഭയം തേടാനേ അത് ഇടയാക്കൂ. അതുകൊണ്ട്, പുകവലി ഉപേക്ഷിക്കുന്നത് എത്രകണ്ടു പ്രയാസകരമാണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ചിലർക്ക് ആ ശീലം നിറുത്താൻ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിമുട്ടാണെന്ന കാര്യവും മനസ്സിൽപ്പിടിക്കുക.
ഒരു വ്യക്തിയെക്കൊണ്ടു പുകവലി നിറുത്തിക്കാൻ നിങ്ങൾക്കാവില്ല. പുകവലി ഉപേക്ഷിക്കാനുള്ള ഉൾക്കരുത്തും നിശ്ചയവും അയാൾക്കുതന്നെ ഉണ്ടായിരിക്കണം. ആ ശീലം ഉപേക്ഷിക്കുന്നതിന് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നിങ്ങൾ സ്നേഹനിർഭരമായ മാർഗങ്ങളിലൂടെ നൽകേണ്ടതുണ്ട്.
നിങ്ങൾക്കത് എങ്ങനെ ചെയ്യാനാകും? ആ വ്യക്തിയോടു നിങ്ങൾക്കുള്ള സ്നേഹം യഥാസമയം പ്രകടിപ്പിക്കുക, അയാളുടെ പുകവലി ശീലത്തിൽ നിങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും പറയാവുന്നതാണ്. പുകവലി നിറുത്താനുള്ള ഏതു ശ്രമത്തെയും പിന്തുണയ്ക്കാൻ നിങ്ങൾ കൂടെ ഉണ്ടായിരിക്കുമെന്നു വിശദീകരിക്കുക. എന്നാൽ, ഈ രീതി അടിക്കടി ഉപയോഗിച്ചാൽ അതിന്റെ ഫലപ്രദത്വവും അർഥവും നഷ്ടപ്പെടുമെന്ന കാര്യം മറക്കരുത്.
ആ വ്യക്തി പുകവലി നിറുത്താൻ തീരുമാനിക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും? പുകവലി നിറുത്തുന്നതുമായി ബന്ധപ്പെട്ട അസ്വാസ്ഥ്യവും വിഷാദവും മറ്റു ബുദ്ധിമുട്ടുകളും അവർക്ക് അനുഭവപ്പെടുമെന്ന കാര്യം മനസ്സിൽ പിടിക്കുക. തലവേദന ഉണ്ടായേക്കാം, ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇത്തരം ബുദ്ധിമുട്ടുകൾ താത്കാലികമാണെന്നും പുതിയതും ആരോഗ്യാവഹവുമായ ഒരു സന്തുലിതാവസ്ഥയുമായി ശരീരം പൊരുത്തപ്പെടുന്നതിന്റെ അടയാളങ്ങളാണ് അവയെല്ലാമെന്നും അവരെ ഓർമിപ്പിക്കുക. സന്തോഷവും ശുഭാപ്തിവിശ്വാസവും ഉള്ളവരായിരിക്കുക. അവർ പുകവലി ഉപേക്ഷിക്കുന്നതിൽ നിങ്ങൾക്കു വളരെ സന്തോഷമുണ്ടെന്നു പറയുക. ആ കാലഘട്ടത്തിൽ ഉടനീളം, പഴയ ശീലത്തിലേക്കു മടങ്ങാൻ പ്രേരിപ്പിക്കുന്ന സമ്മർദപൂരിതമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കുക.
ഇനി, വീണ്ടും ആ ശീലത്തിലേക്കു വഴുതിവീഴുന്നെങ്കിലോ? അതിനോട് അമിതമായി പ്രതികരിക്കാതിരിക്കാൻ ശ്രമിക്കുക. അനുകമ്പയുള്ളവർ ആയിരിക്കുക. നിങ്ങളെയും അവരെയും സംബന്ധിച്ചിടത്തോളം ഒരു അനുഭവ പാഠമായി അതിനെ വീക്ഷിക്കുക. അടുത്ത ശ്രമം വിജയിക്കുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസം ഉള്ളവർ ആയിരിക്കുക.
[7-ാം പേജിലെ ചിത്രം]
പുകയില വ്യവസായം പരസ്യത്തിനായി ഓരോ വർഷവും ഏകദേശം 600 കോടി ഡോളറാണു ചെലവഴിക്കുന്നത്