പെട്ര—പാറ വെട്ടിയുണ്ടാക്കിയ ഒരു നഗരം
പെട്ര—പാറ വെട്ടിയുണ്ടാക്കിയ ഒരു നഗരം
പല പുരാതന നഗരങ്ങളിലൂടെയും സുപ്രധാന നദികൾ ഒഴുകിയിരുന്നു. അവയിലെ സമൃദ്ധമായ വെള്ളം ആ നഗരങ്ങളെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു. എന്നാൽ, അതിന് അപവാദമായിരുന്ന ഒരു നഗരം ഉണ്ടായിരുന്നു. അറേബ്യൻ മരുഭൂമിയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന ആ നഗരം പ്രസിദ്ധിയാർജിക്കാൻ തന്നെ കാരണം വെള്ളത്തിന്റെ അഭാവമായിരുന്നു. ആ നഗരമായിരുന്നു പെട്ര.
ആധുനിക ഹൈവേകൾ ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഏറെക്കുറെ സമാനമായി, മരുയാത്രികരുടെ പാതകൾ മെഡിറ്ററേനിയൻ അതിർത്തിയിലുള്ള മരുപ്രദേശങ്ങളിലെ വിദൂര നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്നു. എന്നാൽ, കാറുകളിൽ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകൾ ആവശ്യമായിരിക്കുന്നതു പോലെതന്നെ ഒട്ടകങ്ങൾക്കു വെള്ളം കുടിക്കാനും—വെള്ളമില്ലാതെ കഴിയാനുള്ള അതിന്റെ പ്രാപ്തിയെ കുറിച്ചു നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും—ഇടത്താവളങ്ങൾ ആവശ്യമാണ്. രണ്ടായിരം വർഷം മുമ്പ്, മധ്യപൂർവ ദേശത്തെ ഏറ്റവും പുകഴ്പെറ്റ ഇടത്താവളങ്ങളിൽ ഒന്നായിരുന്നു പെട്ര.
രണ്ടു പ്രമുഖ വാണിജ്യ പാതകൾ സംഗമിക്കുന്നിടത്തായിരുന്നു പെട്ര സ്ഥിതി ചെയ്തിരുന്നത്. അതിലൊന്ന് ചെങ്കടലിനെ ഡമാസ്കസുമായും മറ്റൊന്ന് പേർഷ്യൻ കടലിടുക്കിനെ മെഡിറ്ററേനിയൻ തീരത്തുവെച്ച് ഗാസയുമായും ബന്ധിപ്പിച്ചിരുന്നു. വിലയേറിയ സുഗന്ധവ്യഞ്ജന ചരക്കുകളുമായി പേർഷ്യൻ കടലിടുക്കിൽ നിന്നെത്തിയിരുന്ന മരുയാത്രികരെ സംബന്ധിച്ചിടത്തോളം അറേബ്യൻ മണലാരണ്യത്തിലൂടെയുള്ള യാത്ര ധൈര്യം ആവശ്യമായിരുന്ന, വെല്ലുവിളി നിറഞ്ഞ ഒരു സംരംഭം ആയിരുന്നു. ആഴ്ചകളോളം നീണ്ട അത്തരം യാത്രയ്ക്കു ശേഷമേ അവർക്കു പെട്രയുടെ പ്രവേശനദ്വാരത്തിങ്കലുള്ള, സിക്ക് എന്ന മലയിടുക്കിൽ എത്താൻ കഴിഞ്ഞിരുന്നുള്ളൂ. പെട്രയിൽ അവർക്കു ഭക്ഷണവും താമസസൗകര്യവും
സർവോപരി, നവോന്മേഷദായകമായ വെള്ളവും ലഭിച്ചിരുന്നു.ഇത്തരം സൗകര്യങ്ങളൊന്നും സൗജന്യമായിട്ടല്ല പെട്രയിലെ ജനങ്ങൾ നൽകിയിരുന്നത് എന്നതു ശരിതന്നെ. താമസസൗകര്യത്തിന്റെയും ഒട്ടകങ്ങൾക്കുള്ള തീറ്റിയുടെയും ചെലവിനു പുറമേ പാറാവുകാർ, ദ്വാരപാലകർ, പുരോഹിതന്മാർ, രാജസേവകർ എന്നിവർക്കു സമ്മാനങ്ങളും നൽകേണ്ടിയിരുന്നു എന്ന് റോമൻ ചരിത്രകാരനായ പ്ലിനി റിപ്പോർട്ടു ചെയ്യുന്നു. എങ്കിലും, യൂറോപ്പിലെ സമ്പദ്സമൃദ്ധമായ നഗരങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധദ്രവ്യങ്ങളും വിറ്റു ധാരാളം പണം കൊയ്യാൻ കഴിഞ്ഞിരുന്നതിനാൽ വാണിഭസംഘങ്ങൾ തുടർന്നും പെട്രയിലെത്തി. അങ്ങനെ പെട്രയും സമ്പന്നമായി.
പാറയെ കീഴടക്കി വെള്ളം ശേഖരിക്കുന്നു
പെട്രയിൽ ഓരോ വർഷവും വെറും 15 സെന്റിമീറ്റർ മഴയേ ലഭിക്കുന്നുള്ളൂ. അവിടെ അരുവികളൊന്നും ഇല്ലെന്നുതന്നെ പറയാം. ആ സ്ഥിതിക്ക്, തങ്ങളുടെ നഗരത്തിന്റെ നിലനിൽപ്പിന് ആവശ്യമായ വിലയേറിയ വെള്ളം പെട്രയിലെ ജനങ്ങൾ സംഭരിച്ചിരുന്നത് എങ്ങനെയാണ്? അവർ പാറവെട്ടി തോടുകളും ജലസംഭരണികളും ചിറകളും ഉണ്ടാക്കി. ക്രമേണ, പെട്രയിൽ വീണ ഓരോ തുള്ളി വെള്ളവും സംഭരിക്കപ്പെട്ടു. അങ്ങനെ വെള്ളം സംഭരിച്ചതുകൊണ്ട് പെട്രയിലെ ജനങ്ങൾക്കു കൃഷി ചെയ്യാനും ഒട്ടകങ്ങളെ വളർത്താനും വ്യാപാരകേന്ദ്രങ്ങൾ പണിയാനും സാധിച്ചു. തങ്ങളുടെ നാട്ടിലൂടെ കൊണ്ടുപോയിരുന്ന കുന്തിരിക്കവും മൂരും മറ്റും അവിടത്തെ വ്യാപാരികളെ സമ്പന്നരാക്കി. വളഞ്ഞു പുളഞ്ഞു കിടക്കുന്ന, കല്ലു വെട്ടിയുണ്ടാക്കിയ തോട് സിക്കിലുടനീളം ഇന്നും വെള്ളം എത്തിക്കുന്നു.
വെള്ളം ശേഖരിക്കുന്ന കാര്യത്തിൽ മാത്രമല്ല, കൽപ്പണിയിലും പെട്രയിലെ ജനങ്ങൾ വിദഗ്ധരായിരുന്നു. “പാറക്കൂട്ടം” എന്നർഥമുള്ള പെട്ര എന്ന പേരു കേൾക്കുമ്പോൾത്തന്നെ കല്ലുകളെ കുറിച്ചാണ് ഒരുവന് ഓർമ വരിക. വാസ്തവത്തിൽ, റോമാ സാമ്രാജ്യത്തിലെ മറ്റു നഗരങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരു കൽനഗരംതന്നെ ആയിരുന്നു പെട്ര. ആ നഗരത്തിലെ നിർമാണ വിദഗ്ധരായ നാബാറ്റിയക്കാർ ക്ഷമാപൂർവം, കടുത്ത പാറ വെട്ടി വീടുകളും കല്ലറകളും മന്ദിരങ്ങളുമൊക്കെ ഉണ്ടാക്കി. പെട്ര സ്ഥിതിചെയ്തിരുന്ന ചെമന്ന മണൽക്കല്ലു നിറഞ്ഞ പർവതങ്ങൾ അതിനു തികച്ചും അനുയോജ്യമായിരുന്നു. അങ്ങനെ, പൊ.യു. ഒന്നാം നൂറ്റാണ്ടോടെ മണലാരണ്യത്തിനു നടുവിൽ ശ്രദ്ധേയമായ ഒരു നഗരം ഉയർന്നുവന്നു.
വ്യാപാരത്തിൽ നിന്ന് വിനോദസഞ്ചാര വ്യവസായത്തിലേക്ക്
രണ്ടു സഹസ്രാബ്ദത്തിനു മുമ്പ് വ്യാപാരമാണു പെട്രയെ സമ്പന്നമാക്കിയിരുന്നത്. എന്നാൽ, റോമാക്കാർ പൂർവദേശങ്ങളിലെത്താൻ കപ്പൽ ചാലുകൾ കണ്ടുപിടിച്ചതോടെ കരമാർഗമുള്ള സുഗന്ധവ്യഞ്ജന വ്യാപാരം നിലച്ചു. ക്രമേണ, മണലാരണ്യത്തിൽ പെട്ര ഒറ്റപ്പെട്ടു. എങ്കിലും, മണലാരണ്യത്തിലെ കൽപ്പണിക്കാരുടെ വേല അപ്പോഴും തുടർന്നു. ഇപ്പോൾ, വർഷം തോറും അഞ്ചു ലക്ഷം വിനോദസഞ്ചാരികളാണു ചെമന്ന നഗരമായ പെട്ര കാണാനെത്തുന്നത്. അവിടത്തെ നിർമിതികൾ ഇപ്പോഴും മഹത്തായ ഒരു ഭൂതകാലത്തിനു സാക്ഷ്യം വഹിക്കുന്നു.
സുഖശീതളമായ കാലാവസ്ഥയിൽ സിക്കിലൂടെ ഒരു കിലോമീറ്റർ നടന്നു കഴിയുമ്പോൾ മലയിടുക്കിലെ ഒരു വളവിൽ ഒരു വലിയ ‘ഭണ്ഡാരഗൃഹം’ കാണാം. ഒരു ഭീമൻ പാറയിലാണ് അതിന്റെ മുൻവശം കൊത്തിയുണ്ടാക്കിയിരിക്കുന്നത്. ഒരിക്കൽ കണ്ടാൽ പിന്നെ അത് ആരും മറക്കുകയില്ല. ഒന്നാം നൂറ്റാണ്ടിലെ നിർമിതികളിൽ ഏറ്റവും നന്നായി പരിരക്ഷിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് അത്. സ്വർണത്തിന്റെയും വിലയേറിയ രത്നങ്ങളുടെയും കലവറയായി കരുതപ്പെട്ടിരുന്ന ഒരു വലിയ കൽഭരണിയുടെ രൂപം ആ നിർമിതിക്കു മകുടം ചാർത്തുന്നു. അങ്ങനെയാണ് അതിന് ‘ഭണ്ഡാരഗൃഹം’ എന്ന പേരു കിട്ടിയതെന്നു പറയപ്പെടുന്നു.
ആ മലയിടുക്കിലൂടെ മുന്നോട്ടു പോകവെ വിനോദസഞ്ചാരികൾ, ധാരാളം ഗുഹകളുള്ള, മണൽക്കല്ലുകൾ കൊണ്ടുള്ള വിശാലമായ ഒരു പ്രകൃതിജന്യ അംഫിതീയേറ്ററിൽ പ്രവേശിക്കുന്നു. എന്നാൽ സന്ദർശകന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നതു കിഴുക്കാംതൂക്കായ പാറ വെട്ടിയുണ്ടാക്കിയ ഭീമാകാരമായ കല്ലറകളാണ്. ഇരുട്ടു നിറഞ്ഞ ആ കല്ലറകൾക്കുള്ളിൽ പ്രവേശിക്കാൻ ധൈര്യപ്പെടുന്ന സന്ദർശകർക്ക് അതിന്റെ ഉയരം നിമിത്തം തങ്ങൾ കുള്ളന്മാരായതു പോലെ തോന്നും. അവിടെയുള്ള ഒരു സമദൂരസ്തംഭ മന്ദിരവും (കൊളോണേഡ്) തീയേറ്ററും ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ റോമാക്കാരുടെ സാന്നിധ്യം വിളിച്ചോതുന്നു.
നാബാറ്റിയക്കാരുടെ പിൻഗാമികളാണ് ആധുനിക ബെഡോയിൻകാർ. അവർ, നടക്കാൻ താത്പര്യമില്ലാത്ത വിനോദസഞ്ചാരികൾക്ക് ഒട്ടകപ്പുറത്തു യാത്ര ചെയ്യാൻ സൗകര്യമൊരുക്കുകയും സ്മരണികകൾ വിൽക്കുകയും ആളുകളുടെയും മൃഗങ്ങളുടെയും ദാഹം ശമിപ്പിക്കുന്ന പെട്രയിലെ നീരുറവയിൽ നിന്ന് തങ്ങളുടെ ആട്ടിൻപറ്റത്തിനു വെള്ളം കൊടുക്കുകയുമൊക്കെ ചെയ്യുന്നതു കാണാം. പെട്രയിലെ കല്ലു പാകിയ പണ്ടുകാലത്തെ ഹൈവേകൾ ഇപ്പോഴും ഒട്ടകങ്ങൾക്കും കുതിരകൾക്കും കഴുതകൾക്കുമായി നീക്കിവെച്ചിരിക്കുന്നു. അങ്ങനെ, ഒട്ടകം മരുഭൂമി വാഴുകയും പെട്ര മണലാരണ്യത്തിൽ അധീശത്വം പുലർത്തുകയും ചെയ്തിരുന്ന ഗതകാലങ്ങളിൽ കേട്ടിരുന്ന ശബ്ദങ്ങൾ ഇന്നും അവിടെ കേൾക്കാം.
അസ്തമയ സൂര്യൻ ചക്രവാളത്തിൽ ചെഞ്ചായം പൂശുമ്പോൾ പെട്രയുടെ മുഖവും ചുവന്നു തുടുക്കുന്നു. പെട്ര നമ്മെ പഠിപ്പിക്കുന്ന പാഠങ്ങളെ കുറിച്ചു ചിന്തിക്കാൻ അവിടം സന്ദർശിക്കുന്ന, നിരീക്ഷണപടുവായ ഒരു വ്യക്തി പ്രേരിതനായേക്കാം. തികച്ചും പ്രതികൂലമായ അത്തരമൊരു ചുറ്റുപാടിലും പരിമിതമായ വിഭവങ്ങൾ പരിരക്ഷിക്കുന്നതിനുള്ള മനുഷ്യന്റെ പ്രാപ്തിക്ക് ആ നഗരം നിസ്സംശയമായും നല്ലൊരു സാക്ഷ്യമാണ്. അതേസമയം, ഭൗതിക സമ്പത്തു പെട്ടെന്ന് ‘ആകാശത്തേക്കു ചിറകടിച്ചു പറന്നുകളയും’ എന്നതിന്റെ ഒരു ജ്ഞാപകം കൂടിയാണ് ആ നഗരം.—സദൃശവാക്യങ്ങൾ 23:4, 5.
[18-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഉൾച്ചിത്രം: Garo Nalbandian