പ്രേമത്തിനു കണ്ണില്ല
പ്രേമത്തിനു കണ്ണില്ല
സ്പെയിനിലെ ഉണരുക! ലേഖകൻ
ഇതൊന്നു സങ്കൽപ്പിക്കുക. നിങ്ങൾ ഹ്രസ്വദൃഷ്ടിയുള്ള ഒരാളാണ്. നിങ്ങൾക്ക് ഒരു ഇണയെ വേണം. എന്നാൽ, നിങ്ങൾക്കിണങ്ങുന്ന തരുണികളാകട്ടെ ഇരുട്ടിയ ശേഷമേ പുറത്തിറങ്ങുകയുള്ളൂ. ഏതാണ്ട് ഇതേ അവസ്ഥയാണ് എംപറർ നിശാശലഭത്തിന്റെയും. എന്നുവരികിലും, ദുഷ്കരമായ ആ വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കുന്ന ചില സവിശേഷതകൾ അഴകാർന്ന ഈ ഷഡ്പദത്തിനുണ്ട്.
വേനൽക്കാലത്ത്, ഒരു ശലഭപ്പുഴു ആയിരിക്കെ, അത് കാണുന്നതെല്ലാം വെട്ടിവിഴുങ്ങി തടിച്ചു കൊഴുക്കുന്നു. തുടർന്ന്, വസന്തത്തിൽ അഴകാർന്ന ഒരു നിശാശലഭമായി സമാധിയിൽ നിന്നു പുറത്തുവന്ന ശേഷമാണ് അത് ഇണയെ അന്വേഷിച്ചു തുടങ്ങുന്നത്. അപ്പോഴേക്കും അത് ഹ്രസ്വമായ അതിന്റെ ആയുഷ്കാലത്തേക്കുള്ള ആഹാരം ശേഖരിച്ചിട്ടുണ്ടായിരിക്കും.
ഭക്ഷണ പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞ സ്ഥിതിക്ക്, ഇണയെ തേടുക എന്ന അടുത്ത ഉദ്യമത്തിൽ മുഴു ശ്രദ്ധയും കേന്ദ്രീകരിക്കാൻ എംപറർ നിശാശലഭത്തിനു കഴിയുന്നു. മൂപ്പരുടെ പക്കൽ ആ പ്രത്യേക ഉപകരണം ഇല്ലായിരുന്നെങ്കിൽ നിലാവത്ത് ഇണയെ അന്വേഷിക്കുന്നത് വൈക്കോൽക്കൂനയിൽ ഒരു സൂചി തിരയുന്നതുപോലെ ദുഷ്കരമാകുമായിരുന്നു.
മൃദുലമായ കേശപത്രികൾ പോലെ, കൊച്ചു ശിരസ്സിൽ നിന്നു തള്ളിനിൽക്കുന്ന രണ്ടു സ്പർശിനികൾ ഈ നിശാശലഭത്തിന് ഉണ്ട്. ഈ ചെറിയ സ്പർശിനികളായിരിക്കണം ഗന്ധം പിടിച്ചെടുക്കാൻ കഴിവുള്ള, ഭൂമിയിലെ ഏറ്റവും സങ്കീർണമായ ഉപകരണങ്ങൾ. പെൺ നിശാശലഭം ‘ഉപകാരേണ’ പുറപ്പെടുവിക്കുന്ന ഫെറോമോൺ എന്ന ഒരു രാസവസ്തുവിന്റെ അഥവാ “സുഗന്ധദ്രവ്യ”ത്തിന്റെ അതിസൂക്ഷ്മ ഗന്ധം പോലും പിടിച്ചെടുക്കാനുള്ള കഴിവ് അവയ്ക്കുണ്ട്.
പെൺ നിശാശലഭങ്ങൾ എണ്ണത്തിൽ വളരെ കുറവാണെങ്കിലും അവയുടെ ഫെറോമോൺ, ഘ്രാണസംജ്ഞയായി വർത്തിക്കുന്നതുകൊണ്ട് അവയെ കണ്ടെത്തുന്നത് ഒരു പ്രശ്നമായിത്തീരുന്നില്ല. 11 കിലോമീറ്റർ അകലെയുള്ള ഒരു പെൺ നിശാശലഭത്തെ കണ്ടുപിടിക്കാൻ പോന്നത്ര കഴിവുള്ളവയാണ് ആൺ നിശാശലഭത്തിന്റെ സ്പർശിനികൾ. അങ്ങനെ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് ആൺ നിശാശലഭം തന്റെ പ്രേയസിയെ കണ്ടെത്തുന്നു. പ്രേമത്തിനു കണ്ണില്ലെന്നുള്ള സംഗതി പ്രാണി ലോകത്തിൽ പ്രശ്നം സൃഷ്ടിക്കുന്നില്ല—ചുരുങ്ങിയത് ഈ നിശാശലഭത്തിന്റെ കാര്യത്തിലെങ്കിലും.
ഇത്തരം കൗതുകകരമായ വിശദാംശങ്ങളും അസാധാരണമായ രൂപകൽപ്പനയും നിറഞ്ഞതാണു ദൈവത്തിന്റെ സൃഷ്ടികൾ! “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു” എന്നു സങ്കീർത്തനക്കാരൻ എഴുതിയത് എത്രയോ വാസ്തവമാണ്!—സങ്കീർത്തനം 104:24.
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© A. R. Pittaway