ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
യൂറോപ്പിലെ ചെങ്കരടികൾ വംശനാശത്തിന്റെ വക്കിലോ?
ആഗോള പ്രകൃതി സംരക്ഷണ നിധി റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, പശ്ചിമ യൂറോപ്പിലെ ചെങ്കരടികൾ വംശനാശത്തിന്റെ വക്കിലാണ്. അവയുടെ എണ്ണം വെറും ആറ് ആയി കുറഞ്ഞിരിക്കുന്നു. “ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ ചെങ്കരടികളാണ് ഏറ്റവുമധികം വംശ ഭീഷണിയെ നേരിടുന്നത്. മറ്റ് എവിടെ നിന്നെങ്കിലും കൂടുതൽ കരടികളെ കൊണ്ടുവരാത്തപക്ഷം അവ നാമാവശേഷമാകും എന്ന് പ്രകൃതി സംരക്ഷണ വാദികൾ മുന്നറിയിപ്പു നൽകുന്ന”തായി ലണ്ടനിലെ ദ ഡെയ്ലി ടെലിഗ്രാഫ് പ്രസ്താവിക്കുന്നു. “ഇറ്റലിയിലെ ദക്ഷിണ ആൽപ്സിൽ വെറും നാലു കരടികളേ ഉള്ളൂ” എന്ന് ആ വർത്തമാനപത്രം കൂട്ടിച്ചേർക്കുന്നു. ഗ്രീസിൽ, ഈ കരടികൾ ആടുമാടുകളെ പിടിക്കുകയും തേനീച്ചക്കൂടുകൾ നശിപ്പിക്കുകയും ചെയ്യുന്നതു നിമിത്തം രോഷാകുലരായ കർഷകരും തേനീച്ചവളർത്തുകാരും അവയെ നിയമവിരുദ്ധമായി വേട്ടയാടുന്നു. നേരെ മറിച്ച്, പൂർവ യൂറോപ്പിലെ ചിലയിടങ്ങളിൽ കരടികളുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. റൊമേനിയയിലെ കർശനമായ സംരക്ഷണ നടപടികളും കരടികളുടെ എണ്ണം വർധിപ്പിക്കാനുള്ള പദ്ധതികളും അവ പെരുകാൻ ഇടയാക്കിയിരിക്കുന്നു. കരടികൾക്കു സംരക്ഷണം നൽകുന്ന റഷ്യയിൽ അവയുടെ എണ്ണം ഏകദേശം 36,000 ആയിരിക്കുന്നു. “പശ്ചിമ യൂറോപ്പിൽ അവശേഷിച്ചിരിക്കുന്ന ഏതാനും കരടികളെ രക്ഷിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതു മർമപ്രധാനമാണ്” എന്ന് യൂറോപ്പിലെ മാംസഭുക്കുകളായ ജന്തുക്കൾക്കു വേണ്ടിയുള്ള ആഗോള പ്രകൃതി സംരക്ഷണ നിധിയുടെ പ്രചാരണ പരിപാടിക്കു നേതൃത്വം വഹിക്കുന്ന കല്ലം റാങ്കിൻ അഭിപ്രായപ്പെടുന്നു. “ഉചിതമായ നടപടി സ്വീകരിക്കാത്തപക്ഷം ഈ കരടികൾ നാമാവശേഷമാകും.”
ചെലവേറിയ ദാനധർമം
ദാനം ചെയ്യപ്പെട്ട മരുന്നുകൾ, അപകടസന്ധിയിൽ ആയിരുന്നിട്ടുള്ള കോടിക്കണക്കിന് ആളുകൾക്കു പ്രയോജനം ചെയ്തിട്ടുണ്ട്. എന്നുവരികിലും, ഈയിടെ ലോകാരോഗ്യ സംഘടന നടത്തിയ ഒരു സർവേ അനുസരിച്ച്, ദാനം ചെയ്യപ്പെടുന്ന മരുന്നുകൾ മിക്കപ്പോഴും തിരിച്ചറിയിക്കൽ ലേബലുകൾ ഇല്ലാത്തവയോ കാലാവധി കഴിഞ്ഞവയോ ആണ്. മരുന്നുകൾ അയയ്ക്കുന്നതു സദുദ്ദേശ്യത്തോടെ ആണെങ്കിലും മിക്ക മരുന്നുകളും “സത്വര ചികിത്സ ആവശ്യമായിരിക്കുന്ന ആരോഗ്യ പ്രശ്നം പരിഹരിക്കാൻ അപര്യാപ്തമാണ്. ഒരു രാജ്യത്ത് എത്തിക്കഴിഞ്ഞാൽ അവ, അവിടെ അതിനോടകം തന്നെ കുന്നുകൂടിക്കിടക്കുന്ന മരുന്നുകളുടെ വിതരണത്തെ തടസ്സപ്പെടുത്തുന്നു” എന്ന് ലോകാരോഗ്യ സംഘടനയിലെ ഒരു ഉദ്യോഗസ്ഥനായ ഡോ. ജോനഥൻ ക്വിക്ക് പറയുന്നു. ബോസ്നിയയിലേക്കു കയറ്റി അയച്ച മരുന്നിന്റെ പകുതിയിലധികവും വാസ്തവത്തിൽ രോഗികൾക്കു വേണ്ടിയിരുന്ന മരുന്നുകൾ ആയിരുന്നില്ല. ആ മരുന്നുകൾ നശിപ്പിച്ചു കളയാൻ ഒരു പ്രത്യേക സംഘത്തെതന്നെ അർമേനിയ, മോസ്റ്റാർ, ബോസ്നിയ-ഹെർസെഗോവിന എന്നിവിടങ്ങളിലേക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അയയ്ക്കേണ്ടിവന്നു. ക്രൊയേഷ്യയിലുള്ള, ഉപയോഗപ്രദമല്ലാത്ത അത്തരം 1,000 ടൺ മരുന്നുകൾ നശിപ്പിച്ചു കളയേണ്ടതിനായി അവിടെ നിന്നു കയറ്റി അയയ്ക്കുന്നതിന് ഏകദേശം 20 മുതൽ 40 വരെ ലക്ഷം ഡോളർ ചെലവു വരുമെന്നു കണക്കാക്കപ്പെടുന്നു.
വശീകരണ നാദം
മിക്ക ചെടികളും നിറമോ ഗന്ധമോ ഉപയോഗിച്ച് പരാഗികളെ വശീകരിക്കുമ്പോൾ ഉഷ്ണമേഖലാ പ്രദേശത്തെ മുക്കുന ഹൊൾട്ടോണി ആ കൃത്യം നിർവഹിക്കുന്നതിനായി ശബ്ദ പ്രതിഫലനത്തെ ആശ്രയിക്കുന്നുവെന്ന് ജർമൻ മാസികയായ ഡാസ് ടിർ റിപ്പോർട്ടു ചെയ്യുന്നു. ഈ വള്ളിച്ചെടിയിൽ വന്നെത്തുന്ന വവ്വാലുകൾ അൾട്രാസൗണ്ട് സംജ്ഞകൾ പുറപ്പെടുവിച്ചുകൊണ്ടു തങ്ങളുടെ സാന്നിധ്യം ചെടിയെ അറിയിക്കുന്നു. ആ ചെടിയുടെ പൂന്തേൻ ഒരു ശബ്ദ പ്രതിഫലനിയായി വർത്തിക്കുന്നതായി എർലാങ്കൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാർ കണ്ടെത്തി. “ഈ വിധത്തിൽ പ്രസ്തുത ചെടി, അതിന്റെ പൂക്കൾ കണ്ടെത്താൻ വവ്വാലുകളെ സഹായിക്കുന്നു” എന്ന് ആ മാസിക പറയുന്നു.
കൂൺ വരുത്തുന്ന അപകടങ്ങൾ
“കൂണുകൾ പറിച്ചെടുക്കുന്നത് ഒരു പരമ്പരാഗത രീതിയായിരിക്കുന്ന പൂർവ ഇറ്റലിയിൽ വർഷം തോറും നിരവധി ആളുകൾ മരിക്കുകയും അനേകർക്കു വിഷബാധ ഏൽക്കുകയും ചെയ്യുന്നു” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. കാട്ടുകൂൺ കൊണ്ടുള്ള വിഭവങ്ങൾക്കു പ്രചാരം വർധിച്ചിരിക്കുന്നു. അതു കണക്കിലെടുത്തുകൊണ്ട് ബ്രിട്ടന്റെ ഗ്രാമപ്രദേശത്തു വളരുന്ന ഏതാണ്ട് 250 ഇനം കൂണുകൾ വിഷക്കൂണുകളാണെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഡെത്ത് ക്യാപ്, ഡിസ്ട്രോയിങ് എയ്ഞ്ചൽ എന്നീ കൂണുകൾ ഭക്ഷിക്കുന്നതു മരണത്തിന് ഇടയാക്കിയേക്കാം. അപകടം ഒഴിവാക്കാൻ, കൂൺ പറിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരോടൊപ്പം അതു ചെയ്യാൻ ആളുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. “ഒരു [കൂൺ] വിഷക്കൂണാണോ അല്ലയോ എന്നു തീരുമാനിക്കാൻ ലളിതമായ വിദ്യകളൊന്നുമില്ല. അതിനാൽ, വിദഗ്ധ സഹായമില്ലാതെ തനിയെ കൂൺ പറിക്കാൻ പോകുന്നതു ബുദ്ധിമോശമായിരിക്കും” എന്ന് ബ്രിട്ടീഷ് മൈക്കളോജിക്കൽ സൊസൈറ്റിയിലെ ഒരു മുതിർന്ന അംഗം മുന്നറിയിപ്പു നൽകുന്നു.
എയ്ഡ്സിന്റെ സാമ്പത്തിക പ്രഹരം
ആഫ്രിക്കയിൽ എയ്ഡ്സ് ഒരു ആരോഗ്യ വിപത്തായി മാത്രമല്ല, സാമ്പത്തിക മഹാവിപത്തായും പരിണമിച്ചു വരുകയാണ് എന്ന് ല മോൺട് റിപ്പോർട്ടു ചെയ്യുന്നു. അവിടെ 2.3 കോടി ആളുകൾക്ക് എയ്ഡ്സ് വൈറസ് ബാധിച്ചിരിക്കുന്നു. കൂടാതെ, ഓരോ വർഷവും 20 ലക്ഷം പേർ അതു നിമിത്തം മരിക്കുന്നു. ആ സ്ഥിതിക്ക് “എയ്ഡ്സ് മഹാമാരി താമസിയാതെ ആഫ്രിക്കയിലെ വികസന ഫലങ്ങളെ അസാധുവാക്കും.” ആഫ്രിക്കൻ കമ്പനികൾ പലതും പ്രതിസന്ധിയിലാണ്. കാരണം, പ്രസ്തുത രോഗം നിമിത്തം അവിടത്തെ പല ജോലിക്കാരും മരണമടഞ്ഞിരിക്കുന്നു അല്ലെങ്കിൽ കിടപ്പിലാണ്. ഒരു ദേശീയ റയിൽവേ കമ്പനിക്ക് 10 ശതമാനം ജോലിക്കാരെ നഷ്ടമായി. 11,500 ജോലിക്കാരുള്ള മറ്റൊരു വലിയ കമ്പനിയിൽ 3,400 പേർ എയ്ഡ്സ് ബാധിതരാണ്. കർഷകർ എയ്ഡ്സിന് ഇരയാകുന്നതു നിമിത്തം കൃഷി അവതാളത്തിലാകുന്നു. കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ മാതാപിതാക്കൾക്കു പണമോ സമയമോ ഇല്ലാത്തതിനാലും നൂറുകണക്കിന് അധ്യാപകർ എയ്ഡ്സ് ബാധിച്ച് മരണമടഞ്ഞതിനാലും വിദ്യാഭ്യാസം താറുമാറാകുന്നു, നിരക്ഷരത വർധിക്കുന്നു.
ജ്യോതിശ്ശാസ്ത്രജ്ഞർ നിശ്ശബ്ദതയ്ക്കായി കേഴുന്നു
ആദ്യ താരാപംക്തികളുടെയും നക്ഷത്രങ്ങളുടെയും പിറവിയെപ്പറ്റി അറിവു പകരുന്ന സൂചനകൾക്കായി കാതോർക്കുന്ന, റേഡിയോ വികിരണങ്ങളെ കുറിച്ചു പഠനം നടത്തുന്ന ജ്യോതിശ്ശാസ്ത്രജ്ഞർ “ആധുനിക സംസ്കാരത്തിന്റെ സങ്കീർണ ഉപകരണങ്ങൾ” നിമിത്തം തികച്ചും ഭഗ്നാശരാണ് എന്ന് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. ടെലിവിഷൻ സ്റ്റേഷനുകൾ, റേഡിയോ ട്രാൻസ്മിറ്ററുകൾ, വാർത്താവിനിമയ ഉപഗ്രഹങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവ ആ ശാസ്ത്രജ്ഞന്മാർ കാതോർക്കുന്ന വികിരണങ്ങളെ അടിച്ചമർത്തുന്നു. തങ്ങളുടെ ഗവേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനു വേണ്ടി ജ്യോതിശ്ശാസ്ത്രജ്ഞർ, “സകല വിധ റേഡിയോ തരംഗങ്ങളുടെ പ്രക്ഷേപണങ്ങളും നിരോധിച്ചിരിക്കുന്ന” ശാന്തമായ ഒരു ഇടം തേടുകയാണ്. അവിടെ, നൂറു കണക്കിനു കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന, “ഇന്ന് ഉപയോഗത്തിലുള്ള ഉപകരണങ്ങളെക്കാൾ 100 ഇരട്ടി ശക്തിയുള്ള” നിരവധി റേഡിയോ ഡിഷ് ആന്റിനകൾ ഘടിപ്പിക്കാൻ അവർ പദ്ധതിയിടുകയാണ്. അങ്ങനെ ലഭിക്കുന്ന വിവരങ്ങൾ സമയത്തിന്റെയും ബഹിരാകാശത്തിന്റെയും ദ്രവ്യത്തിന്റെയും ഉത്ഭവം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായിക്കുമെന്നു ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നു.
മെക്സിക്കോ നഗരത്തിൽ പക്ഷിസംഖ്യാ വിസ്ഫോടനം
മെക്സിക്കോ നഗരത്തിൽ പക്ഷികളുടെ എണ്ണം നിയന്ത്രണാതീതമായി പെരുകുകയാണ്. റിഫോർമാ എന്ന വർത്തമാനപത്രത്തിൽ റിപ്പോർട്ടു ചെയ്യപ്പെട്ട പ്രകാരം, 13,35,000-ത്തോളം പ്രാവുകൾ ഇപ്പോൾ ആ വൻ നഗരത്തിലുണ്ട്. സ്മാരകങ്ങളും പ്രതിമകളുമാണ് അവയ്ക്ക് ഇഷ്ടപ്പെട്ട വിശ്രമ സ്ഥാനങ്ങൾ. “തലസ്ഥാന നഗരി കയ്യടക്കിയിരിക്കുന്ന ഈ പക്ഷികൾ മൂന്നു ഘട്ടങ്ങളിലായാണ് അനുദിന യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്” എന്നു പക്ഷി നിയന്ത്രണ വിദഗ്ധർ അഭിപ്രായപ്പെടുന്നതായി പ്രസ്തുത പത്രം റിപ്പോർട്ടു ചെയ്യുന്നു. “ചേക്കേറാൻ ഒരു സ്ഥലവും തീറ്റിതേടാൻ മറ്റൊരു സ്ഥലവും വിശ്രമിക്കാൻ വേറൊരു സ്ഥലവും അവ തിരഞ്ഞെടുക്കുന്നു. എന്നാൽ, ഈ മൂന്നു സ്ഥലങ്ങളിൽ [ഓരോന്നിലും] തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അവ കാഷ്ഠിച്ചിട്ടു പോകുന്നു.” ആ പ്രാവുകൾ പല രോഗങ്ങളും വരുത്തിവെക്കുന്നു. ബാക്ടീരിയ, ഫംഗസ് അലർജികൾക്കും വൈറസ് ബാധയ്ക്കും അവ കാരണക്കാരാണ്. ‘പരിസ്ഥിതി സംരക്ഷണത്തിനും നഗരത്തിലെ പ്രാവുകളെ നിരുപദ്രവകരമായി മാറ്റിപ്പാർപ്പിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടന’ “പൊതു സ്ഥലങ്ങളിൽ വെച്ചു പ്രാവുകൾക്കു തീറ്റി കൊടുക്കുന്നതിനെ നിരോധിക്കുന്ന ഒരു നിയമം രൂപീകരിക്കാൻ പദ്ധതിയിടുന്നു.” എന്നാൽ, “ആ പക്ഷികളുടെ എണ്ണം പെരുകുന്നതു തടയാനുള്ള ഒരു നടപടിയെന്ന നിലയിൽ അവയെ കൊല്ലുന്ന ഏതൊരാളെയും ശിക്ഷിക്കാനുള്ള നിയമം” നിർമിക്കാനും അതു പദ്ധതിയിടുന്നു.
‘പുണർന്നു കൊല്ലുന്നു’
“ലോകത്തിലേക്കും വെച്ച് ഏറ്റവും പഴയതും വലിയതുമായ മരങ്ങളിലൊന്നിനെ ആളുകൾ പുണർന്നു കൊല്ലുകയാണ്,” ദി ഓസ്ട്രേലിയൻ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ദിവസവും ആയിരക്കണക്കിനു വിനോദസഞ്ചാരികളാണു ന്യൂസിലൻഡിലെ ഓക്ലൻഡിനു വടക്കു സ്ഥിതി ചെയ്യുന്ന കൗരി മരത്തെ സന്ദർശിക്കാൻ എത്തിച്ചേരുന്നത്. ഒരു ചടങ്ങെന്നോണം ആ മരത്തെ പുണരുന്ന സന്ദർശകർ അതിന്റെ വേരുകൾ ചവിട്ടിമെതിക്കുന്നു. “ലോകത്തിലേക്കും വെച്ച് ഏറ്റവും ഉയരമുള്ള മരം ഇതല്ല. എങ്കിലും, ഇതിന് 160 അടി [50 മീറ്റർ] ഉയരമുണ്ട്,” ആ പത്രം പറയുന്നു. “എന്നിരുന്നാലും, ഇത് ഏറ്റവും കൂടുതൽ തടി പ്രദാനം ചെയ്യുന്ന മരങ്ങളിൽപ്പെടും.” “വനത്തിലെ വൃദ്ധൻ” എന്ന് അറിയപ്പെടുന്ന ഈ മരത്തിന് 2,000 വർഷം പഴക്കമുള്ളതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നതെങ്കിലും അതിലും ഇരട്ടി പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. വർഷങ്ങളിൽ ഉടനീളം പ്രകൃതി വിപത്തുകളെയും, ക്ഷുദ്ര പ്രാണികളുടെ ആക്രമണത്തെയും കോടാലിയെയും അതിജീവിച്ച ഈ മരത്തെ ഇപ്പോൾ ആളുകൾ പുണർന്നു കൊല്ലുകയാണ്. അതേക്കുറിച്ച് ഒരു പ്രകൃതി സംരക്ഷണ ഉദ്യോഗസ്ഥൻ ഇങ്ങനെ പറയുന്നു: “അതു മരണത്തിന്റെ പാതയിലാണെന്നു തോന്നുന്നു; ചിലപ്പോൾ അല്ലെന്നും വരാം, നമുക്കൊന്നും ഉറപ്പിച്ചു പറയാനാവില്ല.”
മുലയൂട്ടൽ വണ്ണം കുറയ്ക്കുന്നുവെന്നോ?
മുലയൂട്ടലിന്റെ മറ്റൊരു പ്രയോജനം തങ്ങൾ കണ്ടുപിടിച്ചിരിക്കുന്നതായി ഗവേഷകർ അവകാശപ്പെടുന്നു: പിൽക്കാലത്തു കുട്ടിക്ക് അമിത വണ്ണം ഉണ്ടാകാതിരിക്കാൻ അതു സഹായിച്ചേക്കാം. ഫോക്കസ് എന്ന ജർമൻ വാർത്താപത്രികയിൽ റിപ്പോർട്ടു ചെയ്യപ്പെട്ട പ്രകാരം, മ്യൂണിക്ക് യൂണിവേഴ്സിറ്റിയിലെ ഒരു ഗവേഷക സംഘം അഞ്ചിനും ആറിനും ഇടയ്ക്കു പ്രായമുള്ള 9,357 കുട്ടികളുടെ തൂക്കം പരിശോധിച്ചു. അവരിൽ ഓരോരുത്തർക്കും ശൈശവഘട്ടത്തിൽ ഏതു തരം ഭക്ഷണമാണു ലഭിച്ചിരുന്നത് എന്നും അന്വേഷിച്ചറിഞ്ഞു. മൂന്നു മുതൽ അഞ്ചു വരെ മാസക്കാലം മുലപ്പാൽ കുടിച്ച കുട്ടികൾക്ക് ഒരിക്കലും മുലകുടിക്കാത്ത കുട്ടികളെ അപേക്ഷിച്ച് സ്കൂൾ പ്രായമെത്തുമ്പോൾ അമിതതൂക്കം ഉണ്ടാകാനുള്ള സാധ്യത 35 ശതമാനം കുറവായിരുന്നു എന്ന് ഗവേഷണ ഫലം കാണിച്ചു. കുട്ടി എത്രകാലം മുലകുടിക്കുന്നുവോ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും അതിനനുസരിച്ചു കുറവായിരിക്കും. അമ്മയുടെ മുലപ്പാലിൽ അടങ്ങിയിരിക്കുന്ന, ഉപാപചയപ്രവർത്തനത്തെ സഹായിക്കുന്ന ഘടകങ്ങളാണ് അതിനു കാരണം എന്ന് ഒരു ഗവേഷകൻ അഭിപ്രായപ്പെട്ടു.
കുട്ടികൾ എന്തുമാത്രം വെള്ളം കുടിക്കണം?
ഒന്നിനും നാലിനും ഇടയ്ക്കു പ്രായമുള്ള കുട്ടികൾ വളരെ കുറച്ചു വെള്ളമേ കുടിക്കുന്നുള്ളൂ. ജർമനിയിലെ ഡോർട്ട്മുൺടിലുള്ള ‘ശിശുപോഷണ ഗവേഷണ സ്ഥാപനം’ നടത്തിയ ഒരു പഠനം അപ്രകാരം വെളിപ്പെടുത്തിയതായി ഉപഭോക്തൃ മാസികയായ ടെസ്റ്റ് റിപ്പോർട്ടു ചെയ്തു. ഒന്നിനും നാലിനും ഇടയ്ക്കു പ്രായമുള്ള കുട്ടികൾക്കു നിർജലീകരണം സംഭവിക്കാൻ കൂടുതൽ സാധ്യതയുണ്ട്. തന്മൂലം, ഭക്ഷണത്തിൽ നിന്നു ലഭിക്കുന്നതിനു പുറമേ അവർ ദിവസേന ഏകദേശം ഒരു ലിറ്റർ വെള്ളം കുടിക്കേണ്ടതുണ്ട്. സാധാരണഗതിയിൽ അവർ അതിന്റെ മൂന്നിലൊന്നു വെള്ളമേ കുടിക്കുന്നുള്ളൂ, അതും നിർബന്ധിക്കുന്നതു കൊണ്ടുമാത്രം. എന്തെങ്കിലും കുടിക്കാനുള്ള 5 കുട്ടികളിൽ ഒരാളുടെ വീതം ആഗ്രഹത്തെ മാതാപിതാക്കൾ അവഗണിക്കുക ആയിരുന്നു എന്നു ഗവേഷകർ കണ്ടെത്തി. ഏറ്റവും നല്ല പാനീയം ഏതാണ്? ശുദ്ധമായിരിക്കുന്നപക്ഷം വെറും വെള്ളമാണ് ഏറ്റവും ഉത്തമം എന്ന് ടെസ്റ്റ് പ്രസ്താവിക്കുന്നു.