ശരീരം കുത്തിത്തുളയ്ക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
യുവജനങ്ങൾ ചോദിക്കുന്നു . . .
ശരീരം കുത്തിത്തുളയ്ക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
‘ആളുകൾ ചുണ്ടുകളും മറ്റു ശരീര ഭാഗങ്ങളും കുത്തിത്തുളച്ചിരിക്കുന്നതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു, “ഹയ്യട, അതു കൊള്ളാമല്ലോ!”’—ലിസ.
ഇക്കാര്യത്തിൽ ലിസ ഒറ്റയ്ക്കല്ല. പുരികം, നാക്ക്, ചുണ്ട്, പൊക്കിൾ തുടങ്ങിയ ശരീരഭാഗങ്ങൾ കുത്തിത്തുളച്ച് വളയങ്ങളും കടുക്കനുകളും ഇടുന്ന യുവജനങ്ങളുടെ എണ്ണം വർധിച്ചുവരുകയാണ്. a
16-കാരി ഹെതറിനെയും ഈ ഭ്രമം പിടികൂടിയിട്ടുണ്ട്. പൊക്കിളിൽ ഒരു വളയമിട്ടാൽ “അത് സൂപ്പറായിരിക്കും” എന്നാണ് അവൾ കരുതുന്നത്. 19 വയസ്സുള്ള ജോ, നാക്കു തുളച്ച് ഒരു സ്വർണക്കമ്പി ഇട്ടിരിക്കുന്നു. “ആളുകൾ കണ്ടു ഞെട്ടിത്തരിക്കുന്ന എന്തെങ്കിലും” ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ഒരു പെൺകുട്ടി പുരികം കുത്തിത്തുളച്ചത്.
ശരീരം കുത്തിത്തുളച്ച് ആഭരണമണിയുന്ന ഈ രീതി പണ്ടേ ഉള്ളതാണ്. ബൈബിൾ കാലങ്ങളിൽ ദൈവഭക്തയായ റിബെക്കാ മൂക്കുത്തി ഇട്ടിരുന്നു. (ഉല്പത്തി 24:22, 47) ഈജിപ്തിൽ നിന്നു പോന്ന ഇസ്രായേല്യർ കാതിൽ പൊൻകുണുക്ക് അണിഞ്ഞിരുന്നു. (പുറപ്പാടു 32:2) അത്തരം ആഭരണങ്ങൾ അണിയാൻ അവർ കാതും മൂക്കും കുത്തിത്തുളച്ചിരുന്നോ എന്നു വ്യക്തമല്ല. യജമാനന്മാരോടുള്ള വിശ്വസ്തതയുടെ പ്രതീകമായി വിശ്വസ്ത ദാസന്മാരുടെ കാതു കുത്തിയിരുന്നു. (പുറപ്പാടു 21:6) വേറെ ചില പ്രാചീന സംസ്കാരങ്ങളിലും ശരീരം കുത്തിത്തുളയ്ക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ആസ്റ്റെക്കുകാരും മയ്യകളും മതപരമായ കാരണങ്ങളാൽ നാക്കു കുത്തിത്തുളച്ചിരുന്നു. ചുണ്ട് കുത്തിത്തുളയ്ക്കുന്ന രീതി ആഫ്രിക്കയിലും ദക്ഷിണ അമേരിക്കൻ ഇന്ത്യക്കാരിലും ഇപ്പോഴും വ്യാപകമായി കാണപ്പെടുന്നു. മൂക്കു തുളച്ച് അലങ്കാര വസ്തുക്കളിടുന്ന രീതി മലനേഷ്യക്കാരുടെയും ഇന്ത്യക്കാരുടെയും പാകിസ്ഥാനികളുടെയും ഇടയിൽ സാധാരണമാണ്.
പാശ്ചാത്യലോകത്ത് അടുത്ത കാലം വരെ കാതുകൾ മാത്രം കുത്തുന്ന സമ്പ്രദായമേ ഉണ്ടായിരുന്നുള്ളൂ, അതും സ്ത്രീകളുടെ കാതുകൾ. എന്നാൽ, ഇപ്പോൾ ലിംഗഭേദമില്ലാതെ കൗമാരപ്രായക്കാരും യുവപ്രായക്കാരും ഏതെല്ലാം ശരീര ഭാഗങ്ങൾ കുത്തിത്തുളയ്ക്കാമോ അവിടെയെല്ലാം കുത്തിത്തുളച്ച് ആഭരണങ്ങൾ അണിയുന്നു.
കുത്തിത്തുളയ്ക്കുന്നതിന്റെ കാരണം
പുതുപുത്തൻ ഫാഷനാണെന്നു കരുതിയാണു പലരും ശരീരം കുത്തിത്തുളയ്ക്കുന്നത്. അഴകു വർധിപ്പിക്കും എന്ന ചിന്തയാണു വേറെ ചിലരെ അതിനു പ്രേരിപ്പിക്കുന്നത്. ഒന്നാംകിട മോഡലുകളും സ്പോർട്സ് താരങ്ങളും പ്രശസ്ത സംഗീതജ്ഞരുമൊക്കെ അപ്രകാരം ചെയ്യുന്നു എന്നത് ഈ ഭ്രമം വർധിക്കാൻ ഇടയാക്കിയിരിക്കുന്നു. ചില യുവജനങ്ങളെ സംബന്ധിച്ചിടത്തോളം, ശരീരം കുത്തിത്തുളയ്ക്കുന്നതു സ്വാതന്ത്ര്യത്തിന്റെ ചിഹ്നവും വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ഒരു മാർഗവുമാണ്. തങ്ങൾ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തരാണ് എന്നു കാണിക്കാൻ പറ്റിയ ഒരു വിധമായി അവർ അതിനെ കരുതുന്നു. “അടിക്കടി ശരീരഭാഗങ്ങൾ കുത്തിത്തുളയ്ക്കുന്നതിന്റെ പിന്നിലെ ഒരു പ്രധാന ഉദ്ദേശ്യം മാതാപിതാക്കളെ പ്രകോപിപ്പിക്കുകയും ഇടത്തരക്കാരെ ഞെട്ടിപ്പിക്കുകയുമാണെന്നു തോന്നുന്നു” എന്ന്
പംക്തിയെഴുത്തുകാരനായ ജോൺ ലിയോ അഭിപ്രായപ്പെടുന്നു. അസംതൃപ്തി, പൊരുത്തക്കേട്, ധിക്കാരഭാവം, മത്സരബുദ്ധി എന്നീ സ്വഭാവ വൈകല്യങ്ങളാകാം അവർക്ക് അതിനു പ്രചോദനമേകുന്നത്.ആഴമേറിയ മാനസിക, വൈകാരിക ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയും ശരീരം കുത്തിത്തുളയ്ക്കുന്നവരുണ്ട്. ദൃഷ്ടാന്തത്തിന്, അപ്രകാരം ചെയ്യുന്നത് ആത്മാഭിമാനം വളർത്തിയെടുക്കാൻ തങ്ങളെ സഹായിക്കുമെന്നു ചില യുവജനങ്ങൾ കരുതുന്നു. ശിശുദ്രോഹത്തിന് ഇരയായിട്ടുള്ള ചിലർ തങ്ങളുടെ ശരീരത്തിന്റെ പൂർണ നിയന്ത്രണം സ്വന്തം കയ്യിലാണെന്നു കാണിക്കാനുള്ള ഒരു മാർഗമായി അതിനെ കാണുന്നു.
കുത്തിത്തുളയ്ക്കൽ കൊണ്ടുള്ള പ്രശ്നങ്ങൾ
ഇങ്ങനെ ശരീരം കുത്തിത്തുളയ്ക്കുന്നതു സുരക്ഷിതമാണോ? ചില രീതികൾ തെല്ലും സുരക്ഷിതമല്ല എന്നു പല ഡോക്ടർമാരും പറയുന്നു. അതു സ്വയം ചെയ്യുന്നതു തീർച്ചയായും അപകടകരമാണ്. ശരീരം കുത്തിത്തുളയ്ക്കുന്ന ‘വിദഗ്ധരെ’ ആശ്രയിക്കുന്നതിലുമുണ്ട് അതിന്റേതായ പ്രശ്നങ്ങൾ. പലരും വേണ്ടത്ര പരിശീലനം സിദ്ധിച്ചിട്ടില്ലാത്തവരാണ്, സുഹൃത്തുക്കളിൽ നിന്നോ മാസികകൾ, വീഡിയോകൾ എന്നിവയിൽ നിന്നോ ഒക്കെയാണ് അവർ അതു പഠിച്ചിരിക്കുന്നത്. തത്ഫലമായി, അവർ ശുചിത്വരീതികളൊന്നും പിൻപറ്റുന്നുണ്ടാവില്ല. ഇങ്ങനെ കുത്തിത്തുളയ്ക്കുന്നതിന്റെ അപായങ്ങളെ കുറിച്ചും പലർക്കും അറിയില്ല. ശരീരഘടനയെ കുറിച്ചു പോലും യാതൊരു അറിവും ഇല്ലാത്തവരാണു പലരും എന്നതാണു വസ്തുത. ഇതത്ര നിസ്സാരമല്ല. കാരണം, ചില ശരീരഭാഗങ്ങൾ കുത്തിത്തുളയ്ക്കുന്നത് അമിതമായ രക്തവാർച്ചയ്ക്ക് ഇടവരുത്തും. ഞരമ്പിലാണു കുത്തുന്നതെങ്കിൽ സ്ഥായിയായ ക്ഷതം പോലും സംഭവിച്ചേക്കാം.
അണുബാധയാണു മറ്റൊരു പ്രശ്നം. അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ കരൾവീക്കം, എയ്ഡ്സ്, ക്ഷയം, ടെറ്റനസ് എന്നിങ്ങനെയുള്ള മാരകമായ രോഗങ്ങൾ പകരാൻ ഇടവരുത്തുന്നു. ഉപകരണങ്ങൾ അണുവിമുക്തമാക്കിയവ ആണെങ്കിൽ പോലും കുത്തിത്തുളച്ച ശരീര ഭാഗത്തിനു പരിചരണം ആവശ്യമാണ്. ഉദാഹരണത്തിന്, പൊക്കിളിന്റെ കാര്യമെടുക്കാം. വസ്ത്രങ്ങൾ ഉരസുന്നതിന്റെ ഫലമായി, കുത്തിത്തുളയ്ക്കലിനെ തുടർന്ന് അവിടം ചൊറിഞ്ഞു പൊട്ടുന്നു. അതു ഭേദമാകാൻ ചിലപ്പോൾ എട്ടൊമ്പതു മാസം വരെ വേണ്ടിവരും.
ഒരുവന്റെ മൂക്കിന്റെയോ കാതിന്റെയോ തരുണാസ്ഥി കുത്തിത്തുളയ്ക്കുന്നത് കാതു കുത്തുന്നതിനെക്കാൾ അപകടകരമാണ് എന്നു ഡോക്ടർമാർ പറയുന്നു. അമേരിക്കൻ അക്കാഡമി ഓഫ് ഫേഷ്യൽ പ്ലാസ്റ്റിക് ആൻഡ് റീക്കൺസ്ട്രക്ടീവ് സർജറിയുടെ ഒരു വാർത്താപത്രിക ഇങ്ങനെ വിശദീകരിക്കുന്നു: “മേൽക്കാത് പല തവണ കുത്തിത്തുളയ്ക്കുന്നത് ആശങ്കയ്ക്ക് ഇടവരുത്തുന്നു. ഗുരുതരമായ അണുബാധ നിമിത്തം മേൽക്കാതു പൂർണമായി നഷ്ടപ്പെടാൻ ഇടയായേക്കാം. മൂക്കു കുത്തിത്തുളച്ച് ആഭരണങ്ങളിടുന്നതും അപകടകരമാണ്. ഈ ഭാഗത്തുണ്ടാകുന്ന അണുബാധ രക്തധമനികളെ ബാധിക്കുകയും സാവധാനം തലച്ചോറിലേക്കു വ്യാപിക്കുകയും ചെയ്തേക്കാം.” ആ പത്രിക ഇങ്ങനെ പറയുന്നു: “കർശനമായി പറഞ്ഞാൽ കീഴ്ക്കാതു മാത്രമേ [കുത്തിത്തുളയ്ക്കാൻ] പാടുള്ളൂ.”
ആഭരണങ്ങളും മറ്റും ധരിക്കുന്നതു മൂലമുണ്ടാകുന്ന അലർജികളും വിരൂപത ഉളവാക്കുന്ന പാടുകളുമാണ് അതുകൊണ്ടുള്ള മറ്റു പ്രശ്നങ്ങൾ. സ്തനം പോലുള്ള
മൃദുലമായ ഭാഗങ്ങൾ തുളച്ച് വളയങ്ങൾ ഇടുന്നത് അവ വസ്ത്രങ്ങളിൽ ഉടക്കുന്നതിനും അങ്ങനെ ആ ഭാഗം വലിഞ്ഞു കീറുന്നതിനും ഇടയാക്കിയേക്കാം. ഒരു പെൺകുട്ടിയുടെ സ്തനം കുത്തിത്തുളയ്ക്കുമ്പോൾ രൂപം കൊള്ളുന്ന കലകൾ നിമിത്തം മുലപ്പാൽ വഹിക്കുന്ന നാളികൾ അടഞ്ഞു പോയേക്കാം. ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ അവൾക്കു മുലയൂട്ടാൻ കഴിയാതാകും.ശരീരം കുത്തിത്തുളയ്ക്കുന്നത് ഒരു പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ‘അമേരിക്കൻ ദന്ത സമിതി’ ഈയിടെ പ്രസ്താവിച്ചു. വായിലെ ഏതെങ്കിലും ഭാഗം കുത്തിത്തുളയ്ക്കുന്നതുകൊണ്ടു പിൻവരുന്ന അപകടങ്ങളും ഉണ്ടാകുന്നു: ആഭരണങ്ങൾ തൊണ്ടയിൽ കുടുങ്ങുന്നതിന്റെ ഫലമായി ശ്വാസതടസ്സം അനുഭവപ്പെടുന്നു, നാക്കിനു മരവിപ്പു തോന്നുകയും രുചി അറിയാനുള്ള പ്രാപ്തി നഷ്ടപ്പെടുകയും ചെയ്യുന്നു, ദീർഘനേരം രക്തവാർച്ച ഉണ്ടാകുന്നു, പല്ലുകൾ പൊട്ടുകയോ ഇളകുകയോ ചെയ്യുന്നു, ഉമിനീർ സ്രാവം വർധിക്കുന്നു, നിയന്ത്രണാതീതമായി തുപ്പലൊഴുകുന്നു, മോണയ്ക്കു ക്ഷതം സംഭവിക്കുന്നു, സംസാര വൈകല്യം ഉണ്ടാകുന്നു, ശ്വസിക്കാനും ചവയ്ക്കാനും ഭക്ഷണം ഇറക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കെൻഡ്ര എന്ന ഒരു പെൺകുട്ടിയുടെ നാക്കു കുത്തിത്തുളച്ചപ്പോൾ അത് “ബലൂൺ പോലെ വീർത്തു.” കുത്തിത്തുളച്ചയാൾ താടിയിൽ ഇടാനുള്ള ആഭരണം ഉപയോഗിച്ചതു പ്രശ്നം ഒന്നുകൂടെ വഷളാക്കി. അത് അവളുടെ നാക്കിൽ കുത്തിയിറങ്ങി താഴെയുള്ള കലകളെ നശിപ്പിച്ചു. കെൻഡ്രയ്ക്കു സംസാരപ്രാപ്തി നഷ്ടപ്പെടുമെന്ന നിലവരെയെത്തി കാര്യങ്ങൾ.
ശരീരത്തോട് ആദരവു കാട്ടാനും സ്വയംകൃത അംഗച്ഛേദം ഒഴിവാക്കാനും ദൈവം തന്റെ ജനത്തോടു കൽപ്പിച്ചിരുന്നു. (ലേവ്യപുസ്തകം 19:28; 21:5; ആവർത്തനപുസ്തകം 14:1) ക്രിസ്ത്യാനികൾ ഇന്നു മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും തങ്ങളുടെ ശരീരത്തെ ആദരവോടെ വീക്ഷിക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെടുന്നു. (റോമർ 12:1) ആ സ്ഥിതിക്ക്, അനാവശ്യ അപകടങ്ങൾ ഒഴിവാക്കുന്നത് ഉചിതമാണെന്നു തോന്നുന്നില്ലേ? എന്താണെങ്കിലും, ആരോഗ്യപരമായ കാരണങ്ങൾക്കു പുറമേ വേറെയും ചില കാര്യങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ പരിചിന്തിക്കേണ്ടതുണ്ട്.
എന്തു സന്ദേശമാണ് അതു കൈമാറുന്നത്?
ശരീരം കുത്തിത്തുളയ്ക്കുന്നതിനെ കുറിച്ച് ബൈബിൾ സുനിശ്ചിതമായ ഒരു കൽപ്പന നൽകുന്നില്ല. എങ്കിലും, “ലജ്ജാശീലത്തോടും [“എളിമയോടും,” NW] സുബോധത്തോടുംകൂടെ” നമ്മെത്തന്നെ അലങ്കരിക്കാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 2:9) ലോകത്തിന്റെ ഒരു ഭാഗത്ത് ഒരു സംഗതി ചെയ്യുന്നതു സർവസാധാരണം ആയിരുന്നേക്കാം. എന്നാൽ, ആ സംഗതിയെ നിങ്ങളുടെ പ്രദേശത്ത് എങ്ങനെ വീക്ഷിക്കുന്നു എന്നതാണ് യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നത്. ഉദാഹരണത്തിന്, സ്ത്രീകളുടെ കാതു കുത്തുന്നതു ചില പ്രദേശങ്ങളിൽ സ്വീകാര്യമായി കരുതപ്പെടുമ്പോൾ, മറ്റൊരു രാജ്യത്തോ സംസ്കാരത്തിലോ ഉള്ള ആളുകൾക്ക് അത് അരോചകമായിരിക്കാം.
തന്നിമിത്തം, പ്രശസ്തരായ പലരും ശരീരം കുത്തിത്തുളയ്ക്കുകയും കമ്മലണിയുകയും ചെയ്തിട്ടും പാശ്ചാത്യ നാടുകളിൽ അതിനു കാര്യമായ അംഗീകാരം ലഭിച്ചിട്ടില്ല. തടവുപുള്ളികളും മോട്ടോർസൈക്കിൾ റൗഡിസംഘങ്ങളും സാമൂഹിക വിരുദ്ധ സംഗീത സംഘങ്ങളും സ്വവർഗസംഭോഗികളും മറ്റും ദീർഘകാലമായി തങ്ങളുടെ മുഖമുദ്രയെന്നോണം ആ രീതി പിൻപറ്റിയിരിക്കുന്നതാകാം അതിന് ഒരു കാരണം. അനേകരുടെയും വീക്ഷണത്തിൽ, ശരീരം കുത്തിത്തുളയ്ക്കുന്നതു ധിക്കാരത്തിന്റെയും മത്സരത്തിന്റെയും അടയാളമാണ്. പലരും അതിനെ ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമായി വീക്ഷിക്കുന്നു. അഷ്ലി എന്ന ഒരു ക്രിസ്തീയ പെൺകുട്ടി പറയുന്നു: “എന്റെ ക്ലാസ്സിലുള്ള ഒരു പയ്യൻ മൂക്കു കുത്തിത്തുളച്ചത് ഈയിടെയാണ്. അവന്റെ ഭാവം കണ്ടാൽ എന്തോ ആനക്കാര്യം സാധിച്ചതുപോലുണ്ട്. എന്നാൽ, എനിക്കതു കാണുമ്പോൾ അറപ്പാണു തോന്നുന്നത്!”
ആ സ്ഥിതിക്ക്, അമേരിക്കയിലെ പ്രശസ്തമായ ഒരു കട, ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ട ജീവനക്കാർ കാതിൽ ഒരു കമ്മൽ മാത്രമേ അണിയാവൂ എന്നും മറ്റൊരു ശരീരഭാഗവും കുത്തിത്തുളയ്ക്കാൻ പാടില്ലെന്നുമുള്ള നിയമം വെച്ചിരിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല. “ആളുകൾ [അതിനോട്] എങ്ങനെ പ്രതികരിച്ചേക്കും എന്നു പറയാനാവില്ല,” കമ്പനിയുടെ ഒരു വക്താവ് പറയുന്നു. അതുപോലെ, കോളെജിൽ പഠിക്കുന്ന ആൺകുട്ടികൾ ജോലിക്കായി അപേക്ഷിക്കുമ്പോൾ, “കമ്മലോ ശരീരം കുത്തിത്തുളച്ച് മറ്റെന്തെങ്കിലും ആഭരണങ്ങളോ അണിയരുത്” എന്നും “പെൺകുട്ടികൾ മൂക്കുത്തി അണിയരുത്” എന്നും തൊഴിലുപദേഷ്ടാക്കൾ നിർദേശിക്കുന്നു.
തങ്ങളെ കുറിച്ചു മറ്റുള്ളവർക്കു മതിപ്പു തോന്നുന്ന വിധത്തിൽ പ്രവർത്തിക്കാൻ യുവ ക്രിസ്ത്യാനികൾ പ്രത്യേകം ശ്രദ്ധയുള്ളവർ ആയിരിക്കണം, വിശേഷിച്ചും സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ. തങ്ങളുടെ ‘ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാ’തിരിക്കാൻ അവർ ആഗ്രഹിക്കും. (2 കൊരിന്ത്യർ 6:3, 4) ശരീരം കുത്തിത്തുളയ്ക്കുന്നതിനെ കുറിച്ചു നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം എന്തുതന്നെ ആയിരുന്നാലും, നിങ്ങളുടെ വേഷഭൂഷാദികൾ നിങ്ങളുടെ മനോനിലയെയും ജീവിതരീതിയെയും കുറിച്ചു വസ്തുനിഷ്ഠമായി പ്രസ്താവിക്കുന്നു. ഏതു രീതിയിലുള്ള പ്രസ്താവനയാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന് അന്തിമമായി തീരുമാനിക്കേണ്ടതു നിങ്ങൾ—ഒപ്പം നിങ്ങളുടെ മാതാപിതാക്കളും—ആണ്. “ലോകം നിങ്ങളെ അതിന്റെ മൂശയിലേക്കു തള്ളിക്കയറ്റാൻ അനുവദിക്കാതിരിക്കുക” എന്നു ജ്ഞാനപൂർവം ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. (റോമർ 12:2, ഫിലിപ്സ്) എന്തൊക്കെയായാലും, അതിന്റെ ഭവിഷ്യത്തും പേറി ജീവിക്കേണ്ടി വരുന്നതു നിങ്ങൾതന്നെയാണല്ലോ.
[അടിക്കുറിപ്പ്]
a കാതും മൂക്കും കുത്തുന്നത് പല ദേശങ്ങളിലും സർവസാധാരണവും സംസ്കാരത്തിന്റെ ഭാഗവുമാണ്. അതിനെയല്ല ഞങ്ങൾ ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, ഇന്ന് അത്യന്തം പ്രബലമായിരിക്കുന്ന അതിരുകടന്ന കുത്തിത്തുളയ്ക്കൽ രീതികളെയാണ് ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്.—1974 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്] 318-19 പേജുകൾ കാണുക.
[12-ാം പേജിലെ ചിത്രങ്ങൾ]
ശരീരം കുത്തിത്തുളയ്ക്കൽ യുവജനങ്ങളുടെ ഇടയിൽ പ്രചുരപ്രചാരം നേടിയിരിക്കുന്നു