വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു കൊലയാളിയെ കൈകാര്യം ചെയ്യുന്നു

ഒരു കൊലയാളിയെ കൈകാര്യം ചെയ്യുന്നു

ഒരു കൊല​യാ​ളി​യെ കൈകാ​ര്യം ചെയ്യുന്നു

കാനഡയിലെ ഉണരുക! ലേഖകൻ

കൊല​യാ​ളി ഇരയെ​ത്തേടി വനത്തി​ലൂ​ടെ അതിശീ​ഘ്രം നീങ്ങു​ക​യാണ്‌. പ്രായ​മാ​യവ മാത്ര​മാണ്‌ അതിന്റെ ലക്ഷ്യം. ഇര തന്നെക്കാൾ വളരെ വലുതാ​ണെ​ന്നു​ള്ള​തൊ​ന്നും അതി​നൊ​രു പ്രശ്‌നമല്ല. ഇരയെ പൂർണ​മാ​യി നശിപ്പി​ക്കു​ന്ന​തു​വരെ അതിന്‌ ഉറക്കം വരില്ല. ഇര, ആക്രമ​ണ​കാ​രി​യെ തുരത്താൻ ശ്രമി​ക്കു​ന്ന​തോ​ടെ ഒരു ജീവന്മരണ പോരാ​ട്ടം ആരംഭി​ക്കു​ക​യാ​യി. എന്നാൽ ഒടുവിൽ വിജയി​ക്കു​ന്ന​തോ, കൊല​യാ​ളി തന്നെ.

ഈ കൊല​യാ​ളി ആരാ​ണെ​ന്നല്ലേ? വടക്കേ അമേരി​ക്ക​യു​ടെ പടിഞ്ഞാ​റൻ ഭാഗത്തു​നി​ന്നുള്ള ഇത്തിരി​പ്പോന്ന ഒരു മലവണ്ട്‌. ഇരയോ? സാധാ​ര​ണ​മാ​യി, കാനഡ​യി​ലെ ബ്രിട്ടീഷ്‌ കൊളം​ബിയ പ്രവി​ശ്യ​യു​ടെ ഉൾഭാ​ഗ​ങ്ങ​ളിൽ കണ്ടുവ​രുന്ന കൂറ്റൻ ലോഡ്‌ജ്‌പോൾ പൈൻമ​ര​വും.

ബ്രിട്ടീഷ്‌ കൊളം​ബി​യ​യു​ടെ വനപ്ര​ദേ​ശ​ത്തി​ന്റെ ഏകദേശം 35 ശതമാ​ന​വും ലോഡ്‌ജ്‌പോൾ പൈനു​കൾകൊണ്ട്‌ നിറഞ്ഞ​താണ്‌—പൈൻ മരങ്ങളെ ആക്രമി​ക്കുന്ന മലവണ്ടി​ന്റെ വളർച്ച​യ്‌ക്കു പറ്റിയ ചുറ്റു​പാ​ടു തന്നെ. നീണ്ടു​രുണ്ട ആകൃതി​യിൽ, വെറും മൂന്നു മുതൽ എട്ടു വരെ മില്ലി​മീ​റ്റർ വലിപ്പ​മുള്ള ഈ വണ്ടുകൾ ആരോ​ഗ്യ​മി​ല്ലാത്ത ഒരുപാ​ടു പ്രായ​മായ പൈൻമ​ര​ങ്ങ​ളെ​യാണ്‌ ആദ്യ​മൊ​ക്കെ ആക്രമി​ക്കു​ന്നത്‌. എന്നാൽ വണ്ടുകൾ പെരു​കവെ, അവ ആരോ​ഗ്യ​മുള്ള വളർച്ച​യെ​ത്തിയ മരങ്ങ​ളെ​യും ആക്രമി​ക്കാൻ തുടങ്ങു​ന്നു. (“പൈൻമ​ര​ങ്ങളെ ആക്രമി​ക്കുന്ന മലവണ്ടി​ന്റെ ജീവി​ത​ച​ക്രം” എന്ന ഭാഗം കാണുക.) ബ്രിട്ടീഷ്‌ കൊളം​ബി​യ​യിൽ അടുത്ത​കാ​ല​ത്തു​ണ്ടായ വ്യാപ​ക​മായ ആക്രമ​ണ​ങ്ങ​ളു​ടെ ഫലമായി മൂന്നു കോടി മരങ്ങളാണ്‌ ഒരൊറ്റ വർഷം​കൊ​ണ്ടു നശിച്ചത്‌. ആക്രമ​ണ​വി​ധേ​യ​മായ ഒരു മരത്തിൽനിന്ന്‌, അതേ വലിപ്പ​ത്തി​ലുള്ള രണ്ടു മരങ്ങളെ അടുത്ത വർഷം നശിപ്പി​ക്കാൻപോ​ന്ന​ത്ര​യും വണ്ടുകൾ പുറത്തു വരു​മെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു.

ഈ മലവണ്ട്‌ ആവാസ​വ്യ​വ​സ്ഥ​യു​ടെ ഭാഗം തന്നെയാണ്‌. പ്രായ​മായ പൈൻമര കൂട്ടങ്ങളെ നശിപ്പി​ച്ചു​കൊണ്ട്‌ പുതിയ മരങ്ങൾക്ക്‌ വളരാ​നുള്ള സാഹച​ര്യം ഒരുക്കി കൊടു​ക്കു​ന്ന​തിൽ കാട്ടു​തീ​യ്‌ക്ക്‌ എന്നപോ​ലെ ഇവയ്‌ക്കും ഒരു പങ്കുണ്ട്‌. എന്നാൽ മനുഷ്യൻ ഈ പ്രകൃതി നിയമ​ത്തിൽ കൈക​ട​ത്തി​യി​രി​ക്കു​ന്നു. കാട്ടുതീ പടർന്നു​തു​ട​ങ്ങു​മ്പോൾത്തന്നെ അവർ അതു കണ്ടുപി​ടി​ക്കു​ക​യും അണയ്‌ക്കു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ മുതിർന്ന​തും പ്രായ​മാ​യ​തു​മായ ഒരുപാ​ടു പൈൻമ​രങ്ങൾ നാശത്തെ അതിജീ​വി​ക്കു​ന്നു. വന്യജീ​വി​ക​ളു​ടെ സ്വാഭാ​വിക ചുറ്റു​പാ​ടു​ക​ളും ദേശാ​ന്ത​ര​ഗമന പാതക​ളും വിനോദ-വ്യവസായ ആവശ്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കുന്ന വനങ്ങളും സംരക്ഷി​ക്കു​ന്ന​തിന്‌ ഇതുവഴി സാധി​ക്കു​ന്നു എന്നതു ശരിതന്നെ. എന്നാൽ മലവണ്ടു​കൾ പെരു​കു​ന്ന​തി​നും ഇത്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവയെ നിയ​ന്ത്രി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. എന്നാൽ വിശാ​ല​മായ വനത്തി​നു​ള്ളിൽ ഈ ചെറിയ ജീവികൾ എവി​ടെ​യാ​ണെന്ന്‌ എങ്ങനെ കണ്ടുപി​ടി​ക്കും? ഇനി കണ്ടുപി​ടി​ച്ചാൽത്തന്നെ അവയുടെ അടുത്ത്‌ എങ്ങനെ എത്തി​പ്പെ​ടും? നാശം വിതച്ചു​കൊ​ണ്ടുള്ള അവയുടെ മുന്നേ​റ്റ​ത്തി​നു കടിഞ്ഞാ​ണി​ടാ​നാ​യി എന്താണു ചെയ്യാൻ സാധി​ക്കുക?

ആക്രമി​ക്ക​പ്പെട്ട പ്രദേ​ശങ്ങൾ കണ്ടെത്തി അവിടെ എത്തി​ച്ചേ​രൽ

മലവണ്ടു​കളെ നിയ​ന്ത്രി​ക്ക​ണ​മെ​ങ്കിൽ ആദ്യം​തന്നെ അവ എവി​ടെ​യൊ​ക്കെ​യാണ്‌ ഉള്ളതെന്നു കണ്ടുപി​ടി​ക്കണം. മകുട ഭാഗം ചെമപ്പാ​യി​ത്തീർന്നി​രി​ക്കുന്ന മരങ്ങൾ കണ്ടെത്തു​ന്ന​തി​നാ​യി ഒരു വ്യോ​മ​നി​രീ​ക്ഷണം നടത്തുന്നു. വൃക്ഷത്ത​ലപ്പ്‌ ചെമക്കു​ന്നത്‌ വണ്ടുകൾ അതിനെ ആക്രമി​ച്ചി​ട്ടുണ്ട്‌ എന്നുള്ള​തി​ന്റെ ലക്ഷണമാണ്‌. ഒരു പച്ച പരവതാ​നി​യി​ലെ ചെമന്ന പുള്ളി​കൾപോ​ലെ കാണ​പ്പെ​ടുന്ന ഈ മരങ്ങൾ ഒറ്റ നോട്ട​ത്തിൽത്തന്നെ കണ്ണിൽപ്പെ​ടും. ആക്രമണം ഉള്ളത്‌ എവി​ടെ​യൊ​ക്കെ​യാ​ണെ​ന്നും എത്ര മരങ്ങൾ ആക്രമി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആഗോള സ്ഥാനനിർണയ സംവി​ധാ​ന​ത്തി​ന്റെ [ജിപി​എസ്‌] സഹായ​ത്താൽ തിട്ട​പ്പെ​ടു​ത്തു​ന്നു. ഈ വിവര​ങ്ങ​ളെ​ല്ലാം കൈയിൽ കൊണ്ടു​ന​ട​ക്കാ​വുന്ന ഒരു കമ്പ്യൂ​ട്ട​റിൽ ശ്രദ്ധാ​പൂർവം രേഖ​പ്പെ​ടു​ത്തി​യിട്ട്‌ പിന്നീട്‌ ഓഫീസ്‌ കമ്പ്യൂ​ട്ട​റു​ക​ളി​ലേക്കു മാറ്റുന്നു. തുടർന്ന്‌, കാര്യ​ക്ഷ​മ​മായ ‘ഭൂമി​ശാ​സ്‌ത്ര വിവര സംവി​ധാന’ങ്ങളുടെ സഹായ​ത്താൽ, വനങ്ങളെ കുറി​ച്ചുള്ള വിശദാം​ശങ്ങൾ ഉൾക്കൊ​ള്ളി​ച്ചു​കൊണ്ട്‌ തയ്യാറാ​ക്കി​യി​രി​ക്കുന്ന ഭൂപട​ങ്ങ​ളിൽ ആ വിവരങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്നു. ആക്രമ​ണ​ത്തി​നി​ര​യായ ഓരോ പ്രദേ​ശ​ത്തി​നും ഓരോ നമ്പർ കൊടു​ക്കു​ന്നു, എന്നിട്ട്‌ ആ പ്രദേ​ശങ്ങൾ കണ്ടുപി​ടി​ക്കാൻ സഹായി​ക്കുന്ന നിർദേ​ശാ​ങ്ക​ങ്ങ​ളു​ടെ ഒരു ലിസ്റ്റു തയ്യാറാ​ക്കു​ന്നു. ആക്രമ​ണ​ത്തി​ന്റെ തീവ്രത പരി​ശോ​ധി​ക്കാൻ പോകുന്ന ഭൗമനി​രീ​ക്ഷണ സംഘത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ഇത്‌ വളരെ പ്രധാ​ന​പ്പെ​ട്ട​താണ്‌.

എന്നാൽ, വനത്തിന്‌ യഥാർഥ ഭീഷണി​യാ​യി​രി​ക്കു​ന്നത്‌ മകുട ഭാഗം ചെമപ്പാ​യി​ത്തീർന്നി​രി​ക്കുന്ന മരങ്ങളല്ല. പിന്നെ​യോ ഇപ്പോൾ വണ്ടുക​ളു​ടെ ആക്രമ​ണ​ത്തിൻ കീഴി​ലാ​യി​രി​ക്കുന്ന പച്ച മരങ്ങളാണ്‌. വണ്ടുകൾ മരത്തി​നു​ള്ളി​ലേക്ക്‌ കയറി​പ്പോ​കാൻ ഉണ്ടാക്കിയ തുളയ്‌ക്കു ചുറ്റു​മാ​യി ഉണങ്ങി കട്ടപി​ടി​ച്ചി​രി​ക്കുന്ന മരക്കറ​യും മരച്ചു​വ​ട്ടിൽ കിടക്കുന്ന തരിത​രി​യാ​യുള്ള പൊടി​യും കണ്ടാണ്‌ സാധാ​ര​ണ​ഗ​തി​യിൽ ഇത്തരം മരങ്ങളെ തിരി​ച്ച​റി​യു​ന്നത്‌. ആക്രമ​ണ​വി​ധേ​യ​മായ മരങ്ങളി​ലെ​ല്ലാം ഒരു അടയാ​ള​മെന്ന നിലയിൽ പ്ലാസ്റ്റിക്ക്‌ റിബണു​കൾ കെട്ടു​ക​യും പെയി​ന്റു​കൊണ്ട്‌ നമ്പരെ​ഴു​തു​ക​യും ചെയ്യുന്നു. കൂടാതെ ഭൂപ്ര​ദേ​ശ​ത്തി​ന്റെ സവി​ശേ​ഷ​ത​ക​ളും ആക്രമി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന മരങ്ങളു​ടെ എണ്ണവും ആക്രമ​ണ​ത്തി​ന്റെ വ്യാപനം തടയാൻ എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കാൻ ചുമത​ല​പ്പെ​ട്ട​വരെ സഹായി​ക്കുന്ന മറ്റെല്ലാ വിവര​ങ്ങ​ളും കുറി​ച്ചു​വെ​ക്കു​ന്നു.

നിയ​ന്ത്രി​ക്കാ​നുള്ള മാർഗങ്ങൾ

ഒരു പ്രദേ​ശത്തെ മരങ്ങൾ ഒന്നാകെ വെട്ടി​നീ​ക്കേണ്ടി വരും​വി​ധം ഒട്ടേറെ മരങ്ങൾ ബാധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ, ആ പ്രദേ​ശ​ത്തി​ന്റെ മാപ്പ്‌ നിർമി​ക്കാ​നാ​യി മറ്റൊരു സംഘത്തെ അങ്ങോട്ട്‌ അയയ്‌ക്കു​ന്നു. മരങ്ങൾ മുറി​ച്ചു​നീ​ക്കു​ന്നതു സംബന്ധി​ച്ചുള്ള ഒരു പ്ലാൻ തയ്യാറാ​ക്കി വനകാര്യ മന്ത്രാ​ല​യ​ത്തി​ന്റെ അംഗീ​കാ​ര​ത്തി​നാ​യി സമർപ്പി​ക്കു​ന്നു. മരങ്ങൾ വെട്ടാ​നുള്ള ചുമതല ഏറ്റെടുത്ത കമ്പനി​തന്നെ ആ പ്രദേ​ശത്തു പുതിയ തൈകൾ വെച്ചു​പി​ടി​പ്പി​ക്കു​ക​യും തനിയെ വളരാ​റാ​കു​ന്നതു വരെ അവയെ പരിപാ​ലി​ക്കു​ക​യു​മെ​ല്ലാം ചെയ്യണം. മരങ്ങൾ ഇങ്ങനെ വെട്ടി​മാ​റ്റു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ പലതാണ്‌. അത്‌ വണ്ടുക​ളു​ടെ ആക്രമണം വ്യാപി​ക്കു​ന്നത്‌ തടയു​ക​യും പുതിയ വൃക്ഷങ്ങ​ളു​ടെ വളർച്ച സാധ്യ​മാ​ക്കു​ക​യും ചെയ്യുന്നു. കൂടാതെ, വെട്ടി​മാ​റ്റുന്ന മരങ്ങൾ പല ആവശ്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കു​ക​യും ചെയ്യാം.

എന്നാൽ ഒരു പ്രദേ​ശത്തെ മരങ്ങൾ ഒന്നാകെ വെട്ടി​നീ​ക്കേണ്ട ആവശ്യം ഇല്ലാത്ത​പ്പോൾ ആക്രമ​ണ​വി​ധേ​യ​മായ ഓരോ മരത്തി​നും പ്രത്യേ​കം പ്രത്യേ​കം ശ്രദ്ധ നൽകു​ന്ന​താ​യി​രി​ക്കും. മരത്തിൽ കീടനാ​ശി​നി​കൾ കുത്തി​വെ​ക്കു​ന്ന​തോ ആക്രമ​ണ​ത്തിന്‌ ഇരയായ മരം മാത്രം വെട്ടി കത്തിച്ചു​ക​ള​യു​ന്ന​തോ ഇതിൽ ഉൾപ്പെ​ടു​ന്നു. രണ്ടാമതു പറഞ്ഞ സംഗതി വണ്ടുകൾ പുറ​ത്തേക്കു വന്നുതു​ട​ങ്ങു​ന്ന​തി​നു മുമ്പ്‌, അതായത്‌ ശൈത്യ​കാ​ല​ത്തി​ന്റെ ഒടുവി​ലോ വസന്തത്തി​ന്റെ തുടക്ക​ത്തി​ലോ ആണു ചെയ്യു​ന്നത്‌. ഈ മാർഗം വളരെ ഫലപ്ര​ദ​മാണ്‌, ഒപ്പം കഠിനാ​ധ്വാ​നം ഉൾപ്പെ​ട്ട​തും. വണ്ടുകൾ ആക്രമി​ച്ചി​രി​ക്കുന്ന മരങ്ങൾ കണ്ടുപി​ടി​ക്കു​ന്ന​തി​ലും ആക്രമണം നിയ​ന്ത്രി​ക്കു​ന്ന​തി​ലും വിദഗ്‌ധ​നായ ഡേൽ ഒരു സാധാരണ ജോലി​ദി​വ​സത്തെ സംഭവങ്ങൾ ഉണരുക!യോടു വിശദീ​ക​രി​ക്കു​ന്നു:

“വലിയ തടി​ലോ​റി​കൾ കടന്നു​പോ​കുന്ന, ഇരുവ​ശ​ത്തേ​ക്കും ഗതാഗ​ത​മുള്ള, വീതി​കു​റഞ്ഞ റോഡു​ക​ളി​ലൂ​ടെ വണ്ടി​യോ​ടി​ച്ചു പോകു​ന്ന​താണ്‌ ഉൾപ്പെ​ട്ടി​രി​ക്കുന്ന ആദ്യ സംഗതി. റോഡി​ലെ സുരക്ഷ ഉറപ്പു​വ​രു​ത്തു​ന്ന​തി​നു വേണ്ടി ഞങ്ങൾ ഒരു വയർലെസ്സ്‌ സെറ്റ്‌ ഉപയോ​ഗി​ക്കു​ന്നു. റോഡ്‌ തീരു​ന്നി​ട​ത്തു​നിന്ന്‌ ഞങ്ങൾ സ്‌

നോ​മൊ​ബൈ​ലു​ക​ളി​ലും സ്ലെഡു​ക​ളി​ലു​മാ​യി ഹിമത്തി​ലൂ​ടെ വനാന്ത​ര​ങ്ങ​ളി​ലേക്കു പോകു​ന്നു. ജിപി​എ​സും വടക്കു​നോ​ക്കി​യ​ന്ത്ര​ങ്ങ​ളും ഞങ്ങളുടെ ബാഗു​ക​ളിൽ സുരക്ഷി​ത​മാ​യി വെച്ചി​ട്ടു​ണ്ടാ​കും. കൂടാതെ ഇലക്‌ട്രിക്‌ മോ​ട്ടോർ ഘടിപ്പിച്ച അറപ്പു​വാ​ളു​കൾ, പെ​ട്രോൾ, ഓയിൽ, കോടാ​ലി​കൾ, റേഡി​യോ​കൾ, ഹിമഷൂസ്‌, പ്രഥമ​ശു​ശ്രൂ​ഷ​യ്‌ക്കുള്ള സാമ​ഗ്രി​കൾ എന്നിവ​യും ഞങ്ങൾ കരുതി​യി​ട്ടു​ണ്ടാ​കും. വനത്തി​നു​ള്ളി​ലെ ചതുപ്പു നിലങ്ങ​ളി​ലൂ​ടെ​യും വെട്ടി​ത്തെ​ളിച്ച പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ​യും മുമ്പ്‌ ആളുകൾ സഞ്ചരിച്ച പാതക​ളി​ലൂ​ടെ​യും ഏതാനും കിലോ​മീ​റ്റർ ഞങ്ങൾ യാത്ര​ചെ​യ്യു​ന്നു. ഹിമവാ​ഹ​ന​ങ്ങൾക്കു മുമ്പോ​ട്ടു പോകാൻ നിർവാ​ഹ​മി​ല്ലാത്ത ഘട്ടമെ​ത്തു​മ്പോൾ ഞങ്ങൾ ഹിമഷൂ​സു​മിട്ട്‌ കഷ്ടപ്പെ​ട്ടാ​ണെ​ങ്കി​ലും മഞ്ഞിലൂ​ടെ നടന്നു തുടങ്ങു​ന്നു. ചില സ്ഥലങ്ങളിൽ മഞ്ഞിന്‌ 120 സെന്റി​മീ​റ്റർ വരെ കട്ടിയു​ണ്ടാ​യി​രി​ക്കും.

“നേരെ ചൊവ്വെ വഴി​യൊ​ന്നും ഇല്ലാത്ത ഒരു പ്രദേ​ശ​ത്തു​കൂ​ടെ 15 കിലോ​ഗ്രാം ഭാരവും പേറി നടക്കുക എന്നത്‌ ഒരു വെല്ലു​വി​ളി​ത​ന്നെ​യാണ്‌. നടന്നു​ന​ടന്നു വശം​കെ​ടു​മെ​ങ്കി​ലും ലക്ഷ്യസ്ഥാ​നത്ത്‌ എത്തി​ച്ചേ​രു​ന്ന​തോ​ടെ ഞങ്ങൾക്ക്‌ എന്തെന്നി​ല്ലാത്ത ആശ്വാസം തോന്നു​ന്നു! എന്നാൽ യഥാർഥ​ത്തിൽ ജോലി ആരംഭി​ക്കാൻ പോകു​ന്നതേ ഉള്ളൂ. ലക്ഷ്യം പിഴയ്‌ക്കാ​തെ അമ്പെയ്യുന്ന വിദഗ്‌ധ​നായ ഒരു വില്ലാ​ളി​യെ പോലെ, പരിശീ​ലനം ലഭിച്ച ഒരു തൊഴി​ലാ​ളി ആക്രമ​ണ​വി​ധേ​യ​മായ മരങ്ങൾ ഒന്നൊ​ന്നാ​യി വളരെ കൃത്യ​ത​യോ​ടെ വെട്ടി​വീ​ഴ്‌ത്തു​ന്നു. തുടർന്ന്‌ സംഘത്തി​ലെ എല്ലാവ​രും ചേർന്ന്‌ കത്തിക്കാൻ പറ്റിയ വലിപ്പ​ത്തിൽ മരങ്ങൾ മുറി​ക്കു​ന്നു. ലാർവ​കളെ നശിപ്പി​ക്കു​ന്ന​തിന്‌ മരപ്പട്ട പൂർണ​മാ​യി കത്തിച്ചു​ക​ള​യേ​ണ്ട​തുണ്ട്‌. ഉച്ചഭക്ഷണം കഴിക്കാ​നാ​യി ഞങ്ങൾ പണിനി​റു​ത്തു​മ്പോൾ -20 ഡിഗ്രി സെൽഷ്യ​സാണ്‌ താപനില. അൽപ്പ​നേരം തീകാ​യാൻ അവസരം കിട്ടു​ന്ന​തിൽ ഞങ്ങൾ സന്തുഷ്ട​രാണ്‌. തണുത്തു​റഞ്ഞ സാൻഡ്‌വി​ച്ചു​കൾ ഞങ്ങൾ ഈ സമയത്തു ചൂടാ​ക്കു​ക​യും ചെയ്യുന്നു. അതുക​ഴിഞ്ഞ്‌ വീണ്ടും പണി. എന്നാൽ ഏറെ താമസി​യാ​തെ​തന്നെ ശൈത്യ​കാല വാനം ഇരുണ്ടു​തു​ടങ്ങി, അതേ തിരി​ച്ചു​പോ​കാൻ സമയമാ​യി​രി​ക്കു​ന്നു.”

വനത്തി​നു​ള്ളി​ലെ ജോലി

വനം​തൊ​ഴി​ലാ​ളി​ക​ളു​ടെ പണി വെല്ലു​വി​ളി നിറഞ്ഞ ഒന്നാണ്‌. ജോലി​യോ​ടു ബന്ധപ്പെട്ട്‌ ഉയർന്നു വരുന്ന വെല്ലു​വി​ളി​കൾ കൈകാ​ര്യം ചെയ്യേ​ണ്ട​തു​ണ്ടെ​ങ്കി​ലും, വിദഗ്‌ധ​രായ ഈ തൊഴി​ലാ​ളി​കൾ തങ്ങൾക്കു ചുറ്റു​മുള്ള സൃഷ്ടി​യി​ലെ അത്ഭുതങ്ങൾ കണ്ട്‌ ആസ്വദി​ക്കു​ക​യും ചെയ്യുന്നു. വശ്യസു​ന്ദ​ര​മായ ഭൂപ്ര​കൃ​തി​യും ചില വന്യജീ​വി​കളെ കണ്ടുമു​ട്ടുന്ന അവിസ്‌മ​ര​ണീയ സന്ദർഭ​ങ്ങ​ളും ഇതിൽ പെടും. ചില​പ്പോൾ ഒരു ചതുപ്പു​നി​ല​ക്കോ​ഴി നമ്മുടെ തൊട്ടു​മു​ന്നി​ലാ​യി, മഞ്ഞിനി​ട​യിൽനിന്ന്‌ ഒച്ചവെ​ച്ചു​കൊണ്ട്‌ ചിറക​ടി​ച്ചു പൊങ്ങി​യേ​ക്കാം. മറ്റുചി​ല​പ്പോൾ ഒരു അണ്ണാൻ അതിന്റെ ഗതി​കേ​ടിന്‌ പൊത്തിൽനിന്ന്‌ പാഞ്ഞു​വന്ന്‌ ഒരു തൊഴി​ലാ​ളി​യു​ടെ പാന്റി​നു​ള്ളി​ലേക്കു കയറി​യേ​ക്കാം. എന്നാൽ ഇതൊ​ന്നും അല്ലാതെ യഥാർഥ​ത്തിൽ ജീവൻ അപകട​ത്തി​ലാ​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങ​ളെ​യും നേരി​ടേണ്ടി വരുന്നു. ഒരു ഗ്രിസ്‌ലി​ക​ര​ടി​യോ കരിങ്ക​ര​ടി​യോ ചില​പ്പോൾ അവരെ ഓടി​ച്ചി​ട്ടു പിടി​ക്കാൻ ശ്രമം നടത്തി​യേ​ക്കാം. എന്നാൽ സാധാ​ര​ണ​ഗ​തി​യിൽ, തൊഴി​ലാ​ളി​കളെ ബോധ​വ​ത്‌ക​രി​ക്കു​ന്ന​തി​ലൂ​ടെ​യും പരിശീ​ലി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും അപകടങ്ങൾ വളരെ​യ​ധി​കം കുറയ്‌ക്കാൻ കഴിയും. അങ്ങനെ അമിത​മായ ഭയംകൂ​ടാ​തെ അവർക്കു തങ്ങൾ ജോലി​ചെ​യ്യുന്ന ചുറ്റു​പാ​ടു​കൾ ആസ്വദി​ക്കാൻ കഴിയും.

ഭൂമി​യി​ലെ വിലപ്പെട്ട വിഭവങ്ങൾ ബുദ്ധി​പൂർവം കൈകാ​ര്യം ചെയ്യു​ന്ന​തിന്‌ സഹായ​ക​മായ സാങ്കേ​തി​ക​വി​ദ്യ​യിൽ ഇപ്പോൾ ആവേശ​ക​ര​മായ നേട്ടങ്ങൾ കൈവ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. മലവണ്ടി​നെ പോലുള്ള ജീവി​ക​ളെ​യും മറ്റും നിയ​ന്ത്രി​ച്ചു​കൊണ്ട്‌ നമ്മുടെ വിലപ്പെട്ട വൃക്ഷങ്ങളെ സംരക്ഷി​ക്കാൻ പല നല്ല ആളുക​ളും ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നുണ്ട്‌. നമ്മുടെ അത്ഭുത​ക​ര​മായ വനങ്ങളെ കുറിച്ച്‌ ഇനിയും ഏറെ പഠിക്കാ​നു​ണ്ടെ​ന്നു​ള്ള​തിൽ സംശയ​മില്ല. പ്രകൃ​തി​യു​ടെ നിയമ​ങ്ങ​ളോ​ടുള്ള പൂർണ യോജി​പ്പിൽ അവയെ പരിപാ​ലി​ക്കാൻ കഴിയുന്ന ഒരു സമയത്തി​നാ​യി നാമെ​ല്ലാം അതിയാ​യി ആഗ്രഹി​ക്കു​ന്നു.

[22-ാം പേജിലെ ചതുരം/രേഖാ​ചി​ത്രം]

പൈൻമരങ്ങളെ ആക്രമി​ക്കുന്ന മലവണ്ടി​ന്റെ ജീവി​ത​ച​ക്രം

വേനൽ പകുതി​യാ​കു​ന്ന​തോ​ടെ, പ്രായ​പൂർത്തി​യായ ഒരു പെൺവണ്ട്‌ ലോഡ്‌ജ്‌പോൾ പൈൻമ​ര​ത്തി​ന്റെ തൊലി കുത്തി​ത്തു​രന്ന്‌ തടി​വെ​ള്ള​യി​ലേക്കു കടക്കുന്നു. ഇണചേർന്ന ശേഷം അവൾ അവിടെ 75-ഓളം മുട്ടക​ളി​ടു​ന്നു. മരക്കറ ഒഴുകി​വന്ന്‌ വണ്ടുകളെ നശിപ്പി​ക്കു​ന്നത്‌ തടയു​ന്ന​തി​നാ​യി ഒരു ഫംഗസി​നെ​യും—നീലനി​റ​ത്തി​ലുള്ള കറ ഉത്‌പാ​ദി​പ്പി​ക്കുന്ന ഫംഗസ്‌ഇ​തോ​ടൊ​പ്പം അവൾ തടിയു​ടെ വെള്ളയി​ലേക്കു കടത്തി​വി​ടു​ന്നു. മുട്ടകൾ വിരിഞ്ഞ്‌ കമ്പിളി​പ്പു​ഴു​പോ​ലത്തെ ലാർവകൾ പുറത്തു​വ​രു​ന്നു. ഇവ മരത്തിന്റെ ഫ്‌ളോ​യം (മരത്തിന്റെ സങ്കീർണ​മായ ഒരു കല) തിന്നു ജീവി​ക്കു​ന്നു. വണ്ട്‌ ആക്രമണം തുടങ്ങി ആഴ്‌ച​കൾക്കു​ള്ളിൽത്ത​ന്നെ​മ​ര​ത്തി​ലൂ​ടെ​യുള്ള വെള്ളത്തി​ന്റെ​യും പോഷ​ക​ങ്ങ​ളു​ടെ​യും ഒഴുക്ക്‌ തടസ്സ​പ്പെ​ടു​ന്ന​തി​നാൽ—മരത്തിന്റെ കഥകഴി​യു​ന്നു. ശൈത്യ​കാ​ലം​കൊണ്ട്‌ ലാർവകൾ വളർച്ച​പ്രാ​പി​ക്കു​ന്നു. അടുത്ത വേനലാ​കു​ന്ന​തോ​ടെ പുതിയ മരങ്ങളെ ആക്രമി​ച്ചു​കൊണ്ട്‌ ഈ ചക്രം ആവർത്തി​ക്കാൻ അവ ഒരുങ്ങി​ക്ക​ഴി​ഞ്ഞി​രി​ക്കും.

[രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

വളർച്ചയെത്തിയ വണ്ട്‌

മുട്ടകൾ

ലാർവ

പ്യൂപ്പ

[22, 23 പേജു​ക​ളി​ലെ ചിത്രങ്ങൾ]

കേടുവന്ന ഒരു മരത്തിന്റെ ക്ലോസപ്പ്‌

ആക്രമണവിധേയമായ മരങ്ങൾ

മരക്കറ