ദുരന്തത്തിന്റെ പേമാരിയിലും കെടാതെ നിന്ന വിശ്വാസം
ദുരന്തത്തിന്റെ പേമാരിയിലും കെടാതെ നിന്ന വിശ്വാസം
ഏതാണ്ട് 60 വർഷം മുമ്പ് മിന്നാ എഷിന് ഭർത്താവായ പേറ്ററിൽനിന്ന് ഒരു പോസ്റ്റ്കാർഡ് ലഭിച്ചു. കൈകൊണ്ടെഴുതിയ ആ കത്ത് ഹ്രസ്വമായിരുന്നു. കത്തിലെ വിവരങ്ങൾ അത്ര വ്യക്തമല്ലായിരുന്നെങ്കിലും അതു ലഭിച്ചപ്പോൾ അവർക്ക് ആശ്വാസവും സന്തോഷവും തോന്നി. ബൂകെൻവൊൽഡ് തടങ്കൽപ്പാളയത്തിൽ നിന്നായിരുന്നു അദ്ദേഹം മിന്നായ്ക്ക് ആ കത്ത് അയച്ചത്. യഹോവയുടെ സാക്ഷികളിൽ ഒരുവൻ ആണെന്നതിന്റെ പേരിൽ നാസി ഗവൺമെന്റ് അദ്ദേഹത്തെ തടങ്കൽ പാളയത്തിലിട്ടിരിക്കുകയായിരുന്നു. പോസ്റ്റ്കാർഡിന്റെ മറുവശത്ത് സംക്ഷിപ്തമായ മറ്റൊരു സന്ദേശവും ഉണ്ടായിരുന്നു: “തടവുകാരൻ ഇപ്പോഴും തന്റെ നിലപാടിൽ യാതൊരു മാറ്റവും വരുത്താതെ ഒരു ബൈബിൾ വിദ്യാർഥി [യഹോവയുടെ സാക്ഷികൾ അന്ന് അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്] ആയി തുടരുന്നു. . . . ഇക്കാരണത്താൽ മാത്രമാണ് കത്തിടപാടുകൾ നടത്താൻ അദ്ദേഹത്തിന് അനുവാദമില്ലാത്തത്.” ഈ സന്ദേശത്തിൽനിന്ന് പേറ്റർ തന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയാണെന്ന് മിന്നായ്ക്കു മനസ്സിലായി.
ന്യൂയോർക്ക് നഗരത്തിലെ ബാറ്ററി പാർക്കിൽ, നാസി കൂട്ടക്കൊലയുടെ സജീവ സ്മാരകമായി നിലകൊള്ളുന്ന മ്യൂസിയം ഓഫ് ജൂയിഷ് ഹെറിറ്റേജിൽ, നിറംമങ്ങി കീറിത്തുടങ്ങിയ ആ പോസ്റ്റ്കാർഡ് പ്രദർശനത്തിനു വെച്ചിട്ടുണ്ട്. പേറ്റർ എഷിന്റെ ഫോട്ടോയോടൊപ്പം പ്രദർശിപ്പിച്ചിരിക്കുന്ന ആ പോസ്റ്റ്കാർഡ് 60 ലക്ഷം യഹൂദർ കൊല ചെയ്യപ്പെട്ട ഒരു വൻ ദുരന്തകഥയുടെ—നാസി കൂട്ടക്കൊലയുടെ—ചെറിയൊരു ഭാഗം തുറന്നുകാട്ടുന്നു. മ്യൂസിയത്തിന്റെ വകയായ പ്രദർശന ശേഖരത്തിൽ, നാസി കൂട്ടക്കൊലയുടെ സമയത്തേത് ഉൾപ്പെടെ 1880-കൾ മുതൽ ഇന്നോളമുള്ള യഹൂദ സമുദായത്തിന്റെ അനുഭവങ്ങളെ ചിത്രീകരിക്കുന്ന 2,000-ത്തിൽ അധികം ഫോട്ടോകളും ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള 800-ഓളം വസ്തുക്കളും ഉൾപ്പെടുന്നു. മ്യൂസിയം ഓഫ് ജൂയിഷ് ഹെറിറ്റേജ്, പേറ്റർ എഷിന്റെ കത്ത് പ്രദർശിപ്പിക്കാൻ അനുയോജ്യമായ ഒരു സ്ഥലമായിരിക്കുന്നത് എന്തുകൊണ്ടാണ്?
“മ്യൂസിയത്തിന്റെ ഉദ്ദേശ്യം യഹൂദ ചരിത്രത്തെ സംബന്ധിച്ച വിശദാംശങ്ങൾ നൽകുക എന്നതാണ്,” മ്യൂസിയം ചരിത്രകാരനായ ഡോ. ജുഡ് നൂബോർൺ പറയുന്നു. “ മതപരമായ വിശ്വാസങ്ങൾ നിമിത്തവും വംശീയതയെ പ്രോത്സാഹിപ്പിക്കാഞ്ഞതു നിമിത്തവും ദുഷ്ടനായ ഒരു സ്വേച്ഛാധിപതിക്ക് പിന്തുണ പ്രഖ്യാപിക്കാതിരുന്നതു നിമിത്തവും മാത്രമാണ് യഹോവയുടെ സാക്ഷികൾ പീഡിപ്പിക്കപ്പെട്ടത്. ഹിറ്റ്ലർക്കു വേണ്ടി യുദ്ധായുധങ്ങൾ ഏന്താൻ അവർ വിസമ്മതിച്ചു. . . . കൊടും പീഡനത്തിൻ മധ്യേയും തങ്ങളുടെ വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിക്കാൻ യഹൂദന്മാർ പോരാടി. ആത്മീയ കാര്യങ്ങളെ പ്രതിയുള്ള അത്തരം ചെറുത്തുനിൽപ്പിനെ മ്യൂസിയം പ്രകീർത്തിക്കുന്നു. അക്കാരണത്താൽത്തന്നെ നാസി യുഗത്തിൽ യഹോവയുടെ സാക്ഷികൾ പ്രകടിപ്പിച്ച വിശ്വാസത്തെയും ഈ സ്ഥാപനം വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നു.”
മ്യൂസിയം ഓഫ് ജൂയിഷ് ഹെറിറ്റേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആ കൊച്ചു കത്ത് യഹോവയോടുള്ള വിശ്വസ്തത മുറുകെ പിടിക്കാൻ ഒരു മനുഷ്യൻ നടത്തിയ പോരാട്ടത്തിന്റെ കഥ പറയുന്നു. തന്റെ വിശ്വാസത്തിന് ഒരു പോറൽപോലും ഏൽക്കാതെ പേറ്റർ എഷ് നാസി പാളയത്തിലെ അഗ്നിപരീക്ഷയെ അതിജീവിച്ചു.
[31-ാം പേജിലെ ചിത്രം]
ന്യൂയോർക്ക് നഗരത്തിലെ മ്യൂസിയം ഓഫ് ജൂയിഷ് ഹെറിറ്റേജ്
[31-ാം പേജിലെ ചിത്രങ്ങൾ]
എഷ്, യഹോവയുടെ സാക്ഷിയായ ഇദ്ദേഹത്തിന് തന്റെ വിശ്വാസത്തെ ത്യജിച്ചു പറയാഞ്ഞതിന് 1938 മുതൽ 1945 വരെ തടവിൽ കഴിയേണ്ടിവന്നു