മത അസഹിഷ്ണുത കാട്ടിയെന്ന് ഇപ്പോൾ സമ്മതിച്ചു പറയുന്നു
മത അസഹിഷ്ണുത കാട്ടിയെന്ന് ഇപ്പോൾ സമ്മതിച്ചു പറയുന്നു
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“മേരി രാജ്ഞി ചെയ്ത ‘ഘോരകൃത്യങ്ങളെ’ പ്രതി ബിഷപ്പുമാർ ഖേദം പ്രകടിപ്പിക്കുന്നു” 1998 ഡിസംബർ 11-ലെ ബ്രിട്ടന്റെ കാത്തലിക് ഹെറാൾഡിന്റെ തലക്കെട്ട് അങ്ങനെയായിരുന്നു. “കത്തോലിക്കാ മതത്തിന്റെ പേരിൽ ഘോരകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നും ഗ്രേറ്റ് ബ്രിട്ടനിലെ മതനവീകരണ കാലത്ത് പ്രൊട്ടസ്റ്റന്റുകാരോടു ചെയ്ത ക്രൂരകൃത്യങ്ങൾ അതിന് ഉദാഹരണമാണെന്നും” ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും റോമൻ കത്തോലിക്കാ ബിഷപ്പുമാർ സമ്മതിച്ചു പറഞ്ഞു. മേരി രാജ്ഞി ആരായിരുന്നു? ബിഷപ്പുമാർ കുറ്റസമ്മതം നടത്താൻ തക്കവിധം എന്തെല്ലാം ദുഷ്കൃത്യങ്ങളാണു മേരി രാജ്ഞി ചെയ്തത്? കുറ്റസമ്മതം നടത്താൻ ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും ബിഷപ്പുമാർ ആ സമയം തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരുന്നു?
റോമൻ കത്തോലിക്കാ മതം അധീശത്വം പുലർത്തിയിരുന്ന ഇംഗ്ലണ്ടിൽ, 1516-ലാണ് മേരി ട്യൂഡർ ജനിച്ചത്. ഹെൻറി VIII-ാമൻ രാജാവിന് ആദ്യ ഭാര്യയായ അരഗൊണിലെ കാതറൈനിൽ ഉണ്ടായ കുട്ടികളിൽ ജീവനോടെ അവശേഷിച്ച ഒരേയൊരു കുട്ടിയായിരുന്നു മേരി. ഒരു ഉറച്ച കത്തോലിക്കാ വിശ്വാസി ആയാണു മേരിയെ അമ്മ വളർത്തിക്കൊണ്ടുവന്നത്. തന്റെ പിന്തുടർച്ചാവകാശിയായി ഒരു ആൺകുട്ടി വേണമെന്ന് ഹെൻറി രാജാവ് വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ കാതറൈന് ആ ആഗ്രഹം സാധിച്ചു കൊടുക്കാനായില്ല. കാതറൈനുമായുള്ള വിവാഹബന്ധം വേർപിരിക്കാൻ പാപ്പാ സമ്മതിക്കാഞ്ഞതിനാൽ, ഹെൻറി സ്വയം ചില കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു, അങ്ങനെ ഇംഗ്ലണ്ടിൽ പ്രൊട്ടസ്റ്റന്റ് മതനവീകരണത്തിനു കളമൊരുങ്ങി. 1533-ൽ അദ്ദേഹം ആൻ ബുളിനെ വിവാഹം കഴിച്ചു. കാന്റർബറിയിലെ ആർച്ചുബിഷപ്പായ തോമസ് ക്രാൻമെർ, ഹെൻറിയുടെ ആദ്യ വിവാഹത്തെ നിയമസാധുതയില്ലാത്തതായി പ്രഖ്യാപിക്കുന്നതിനു നാലു മാസം മുമ്പായിരുന്നു അത്.
അടുത്ത വർഷംതന്നെ ഹെൻറി റോമൻ കത്തോലിക്കാ സഭയുമായുള്ള തന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുകയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധികാരിയായിത്തീരുകയും ചെയ്തു. തന്റെ അവസാന വർഷങ്ങളിൽ പൊതുജീവിതത്തിൽ നിന്നകന്നു പാർക്കാൻ കാതറൈൻ നിർബന്ധിത ആയിത്തീർന്നിരുന്നതുകൊണ്ട്, മേരിക്ക്—അപ്പോൾ ഒരു അവിഹിത സന്തതി മാത്രമായി കണക്കാക്കപ്പെട്ടിരുന്നു—തന്റെ അമ്മയെ പിന്നീടൊരിക്കലും കാണാൻ സാധിച്ചില്ല.
പ്രൊട്ടസ്റ്റന്റ് അസഹിഷ്ണുത
ഹെൻറിയെ സഭയുടെ അധികാരിയായി അംഗീകരിക്കാതിരിക്കുകയും പാപ്പായുടെ അധികാരത്തെ അംഗീകരിക്കുകയും ചെയ്തവരായ ചിലർ പിന്നീടുവന്ന 13 വർഷങ്ങളിൽ വധിക്കപ്പെട്ടു. 1547-ൽ ഹെൻറിയുടെ മരണത്തെ തുടർന്ന്, ഒമ്പതു വയസ്സുണ്ടായിരുന്ന മകൻ, എഡ്വേർഡ് അധികാരത്തിലേറി. ഹെൻറിയുടെ ആറു ഭാര്യമാരിൽ മൂന്നാമത്തെ ഭാര്യയിൽ ജനിച്ച, എഡ്വേർഡ് ആയിരുന്നു അദ്ദേഹത്തിന്റെ ഏക നിയമാനുസൃത പുത്രൻ. എഡ്വേർഡും അദ്ദേഹത്തിന്റെ ഉപദേശകന്മാരും ഇംഗ്ലണ്ടിനെ ഒരു പ്രൊട്ടസ്റ്റന്റ് രാഷ്ട്രമാക്കാനുള്ള നീക്കമാരംഭിച്ചു. അതിന്റെ ഭാഗമായി, റോമൻ കത്തോലിക്കാ മതവിശ്വാസികൾ പീഡിപ്പിക്കപ്പെട്ടു, പള്ളികളിൽ നിന്ന് അൾത്താരകൾ പൊളിച്ചു മാറ്റുകയും രൂപങ്ങൾ എടുത്തു കളയുകയും ചെയ്തു.
ഇംഗ്ലീഷിലുള്ള ബൈബിൾ അച്ചടിക്കുന്നതിനും വായിക്കുന്നതിനും ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പെട്ടെന്നുതന്നെ നീക്കം ചെയ്തു. ബൈബിൾ വായന ഉൾപ്പെടുന്ന സഭാ ശുശ്രൂഷകൾ ലത്തീനിലല്ല, മറിച്ച് ഇംഗ്ലീഷിൽ നടത്താൻ തീരുമാനിച്ചു. എന്നാൽ, 1553-ൽ 15 വയസ്സു മാത്രമുണ്ടായിരുന്ന എഡ്വേർഡ് ടി ബി പിടിപെട്ട് അകാല ചരമമടഞ്ഞു. യഥാർഥ പിന്തുടർച്ചാവകാശിയായി കണക്കാക്കപ്പെട്ട മേരി തുടർന്ന് ഇംഗ്ലണ്ടിന്റെ രാജ്ഞിയായി.
കത്തോലിക്ക അസഹിഷ്ണുത
സിംഹാസനത്തിലേറിയ 37-കാരി മേരിയെ ജനങ്ങൾ വരവേറ്റെങ്കിലും, ജനപിന്തുണ നഷ്ടമാകാൻ അധികനാൾ വേണ്ടിവന്നില്ല. അവരുടെ പ്രജകൾ പ്രൊട്ടസ്റ്റന്റു മതവുമായി അനുരൂപപ്പെട്ടു കഴിഞ്ഞിരുന്നു. എന്നാൽ മേരിയാകട്ടെ ഇംഗ്ലണ്ടിനെ റോമൻ കത്തോലിക്കാ രാഷ്ട്രമാക്കി മാറ്റാൻ തീരുമാനിച്ചു. എഡ്വേർഡ് പ്രാബല്യത്തിലാക്കിയ എല്ലാ മതനിയമങ്ങളും ചുരുങ്ങിയ കാലം കൊണ്ട് അവർ റദ്ദു ചെയ്തു. രാഷ്ട്രത്തിനു വേണ്ടി മേരി, പാപ്പായുടെ ക്ഷമ യാചിച്ചു. ഇംഗ്ലണ്ട് വീണ്ടും ഒരു റോമൻ കത്തോലിക്കാ രാഷ്ട്രമായിത്തീർന്നു.
റോമൻ കത്തോലിക്കാ സഭ വീണ്ടും ഇംഗ്ലണ്ടിൽ അധീശത്വം പുലർത്താൻ തുടങ്ങിയതോടെ പ്രൊട്ടസ്റ്റന്റുകാർക്കെതിരെ പീഡനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശി. ശരീരമാസകലം പടരുന്നതിനു മുമ്പായി നീക്കം ചെയ്യേണ്ട മാരകമായ ഒരു പരുവിനോടാണ് പ്രൊട്ടസ്റ്റന്റുകാരെ ഉപമിച്ചിരുന്നത്. തത്ഫലമായി, കത്തോലിക്കാ സഭയുടെ ഉപദേശങ്ങൾ സ്വീകരിക്കാഞ്ഞ അനേകരെ സ്തംഭത്തിലേറ്റി ജീവനോടെ ചുട്ടെരിച്ചു.
മതവിരോധികളെ ശിക്ഷിക്കുന്നു
മേരിയുടെ വാഴ്ചക്കാലത്ത് ആദ്യമായി വധിക്കപ്പെട്ടത് ജോൺ റോജേഴ്സ് ആയിരുന്നു. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിന് ആധാരമായിത്തീർന്ന, ‘മാത്യൂസ് ബൈബിൾ’ സമാഹരിച്ചത് അദ്ദേഹമായിരുന്നു. “വിനാശകമായ പാപ്പാമതം, വിഗ്രഹാരാധന, അന്ധവിശ്വാസം” എന്നിവയ്ക്കെതിരെ റോമൻ കത്തോലിക്കാ വിരുദ്ധ പ്രസംഗം നടത്തിയ അദ്ദേഹത്തെ ഒരു വർഷത്തേക്കു തടവിലാക്കുകയും മതവിരോധിയെന്ന കുറ്റമാരോപിച്ച് 1555 ഫെബ്രുവരിയിൽ ചുട്ടെരിക്കുകയും ചെയ്തു.
ഗ്ലോസ്റ്ററിലെയും വുസ്റ്ററിലെയും ബിഷപ്പായിരുന്ന ജോൺ ഹൂപ്പറിനെയും മതവിരോധിയെന്നു മുദ്രകുത്തി. വൈദികർക്കു വിവാഹം കഴിക്കാമെന്നും വ്യഭിചാരത്തിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം നേടാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കുർബാനയുടെ സമയത്ത് ക്രിസ്തു അക്ഷരീയമായിത്തന്നെ സാന്നിധ്യവാനാകുന്നു എന്ന സംഗതിയും അദ്ദേഹം തള്ളിക്കളഞ്ഞു. ഹൂപ്പറിനെയും ജീവനോടെ ദഹിപ്പിച്ചു. ഏതാണ്ട് മുക്കാൽ മണിക്കൂറുകൊണ്ട് ഇഞ്ചിഞ്ചായാണ് അദ്ദേഹത്തെ കൊന്നത്. 70 വയസ്സുള്ള പ്രൊട്ടസ്റ്റന്റ് സുവിശേഷകൻ ഹ്യൂ ലാറ്റിമെർ ആയിരുന്നു ചുട്ടെരിക്കപ്പെട്ട മറ്റൊരു വ്യക്തി. തന്നോടുകൂടെ സ്തംഭത്തിൽ മരണം കാത്തുകിടന്ന, സഹ മതപരിഷ്കർത്താവായിരുന്ന നിക്കോളാസ് റിഡ്ലിക്ക് അദ്ദേഹം പിൻവരുന്ന പ്രോത്സാഹനമേകി: “ധൈര്യമായിരിക്കൂ മാസ്റ്റർ റിഡ്ലി, പുരുഷത്വം കാട്ടൂ. ദൈവകൃപയാൽ, നാം ഇന്നേദിവസം കൊളുത്താൻ പോകുന്ന തിരിനാളം ഇംഗ്ലണ്ടിൽ ഒരിക്കലും കെടില്ല.
ഹെൻറി, എഡ്വേർഡ് എന്നിവരുടെ ഭരണകാലത്ത്, കാന്റർബറിയിലെ പ്രഥമ പ്രൊട്ടസ്റ്റന്റ് ആർച്ചു ബിഷപ്പായിരുന്ന തോമസ് ക്രാൻമെറിനെയും ഒരു മതവിരോധിയായി കുറ്റംവിധിച്ചു. ആദ്യം പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങളെ മറുത്തു പറഞ്ഞെങ്കിലും അവസാന നിമിഷത്തിൽ അദ്ദേഹം പാപ്പായെ ക്രിസ്തുവിരോധിയായി പ്രഖ്യാപിച്ചുകൊണ്ട് പരസ്യമായി എല്ലാം തിരിച്ചു പറഞ്ഞു. തുടർന്ന് തന്റെ മതവിശ്വാസങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രേഖയിൽ ഒപ്പുവെച്ചതിന്റെ കുറ്റം ഉള്ളതുകൊണ്ട് തന്റെ വലതുകരം അദ്ദേഹം ആദ്യം ചുട്ടെരിച്ചു.
ധനികരായ 800 പ്രൊട്ടസ്റ്റന്റുകാരെങ്കിലും പ്രാണരക്ഷാർഥം അന്യരാജ്യങ്ങളിലേക്കു പലായനം ചെയ്തു. എങ്കിലും അടുത്ത മൂന്നേമുക്കാൽ വർഷത്തേക്ക്, അതായത് മേരി മരിക്കുന്നതുവരെ,
ഇംഗ്ലണ്ടിൽ ചുരുങ്ങിയ പക്ഷം 277 പേരെ സ്തംഭത്തിലേറ്റി കത്തിച്ചു. തങ്ങൾ എന്താണു വിശ്വസിക്കേണ്ടത് എന്നതു സംബന്ധിച്ച് ആകെപ്പാടെ ചിന്താക്കുഴപ്പത്തിൽ ആയ സാധാരണക്കാരായിരുന്നു വധിക്കപ്പെട്ടവരിൽ പലരും. പോപ്പിനെ അധിക്ഷേപിക്കുന്നതു മാത്രം കേട്ടുവളർന്ന ചെറുപ്പക്കാർ ഇപ്പോൾ പോപ്പിനെതിരെ സംസാരിക്കുന്നതു നിമിത്തം ശിക്ഷിക്കപ്പെട്ടു. മറ്റുചിലരാകട്ടെ ബൈബിൾ സ്വന്തമായി വായിക്കാൻ പഠിക്കുകയും തങ്ങളുടേതായ മതാഭിപ്രായങ്ങൾക്കു രൂപം കൊടുക്കുകയും ചെയ്തിരുന്നു.പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇഞ്ചിഞ്ചായി വെന്തുമരിക്കുന്ന കാഴ്ച അനേകരെയും ഞെട്ടിച്ചുകളഞ്ഞു. ചരിത്രകാരിയായ കാരൊളി എറിക്സൺ അത്തരത്തിലൊരു രംഗം പിൻവരുന്ന വിധം വിവരിക്കുന്നു: “ചുട്ടെരിക്കാനായി ഒട്ടുമിക്കപ്പോഴും ഉപയോഗിച്ചിരുന്നതു പച്ച വിറകായിരുന്നു. മാത്രമല്ല, തീ പിടിപ്പിക്കാനായുള്ള കോരപ്പുല്ല് നനഞ്ഞിരുന്നതിനാൽ എളുപ്പത്തിൽ കത്തുമായിരുന്നില്ല. അവരുടെ ശരീരത്തിൽ കെട്ടിവെച്ചിരുന്ന വെടിമരുന്നു സഞ്ചികൾ—വേദനയുടെ സമയദൈർഘ്യം കുറയ്ക്കാനായി—കത്തുമായിരുന്നില്ല, അല്ലെങ്കിൽ അത് അവരെ കൊല്ലാതെ അംഗഭംഗപ്പെടുത്തുമായിരുന്നു.” വായിൽ തുണി തിരുകുകയില്ലായിരുന്നതിനാൽ, “മരിക്കുന്ന അവസാന നിമിഷം വരെയും ഉള്ള അവരുടെ അലർച്ചകളും പ്രാർഥനകളും കേൾക്കാനാകുമായിരുന്നു.”
ഉപദേശങ്ങൾ അടിച്ചേൽപ്പിക്കാനായി, ആളുകളെ സ്തംഭത്തിലേറ്റി ചുട്ടെരിക്കുന്ന ഒരു മതത്തെ നല്ലൊരു ഭാഗം ആളുകളും സംശയിക്കാൻ തുടങ്ങി. പ്രൊട്ടസ്റ്റന്റ് രക്തസാക്ഷികളോടുള്ള സഹതാപം അവരെ കുറിച്ചു ഗാനങ്ങളെഴുതാൻ വീരഗാഥാ രചയിതാക്കൾക്കു പ്രചോദനമേകി. അങ്ങനെ ജോൺ ഫോക്സ്, രക്തസാക്ഷികളുടെ ഗ്രന്ഥം (ഇംഗ്ലീഷ്) എന്ന പുസ്തകം എഴുതി. ഏതാണ്ട് ബൈബിൾ പോലെതന്നെ പ്രൊട്ടസ്റ്റന്റ് മതപരിഷ്കർത്താക്കളെ സ്വാധീനിച്ച ഒരു പുസ്തകമായിരുന്നു അത്. മേരിയുടെ വാഴ്ചയുടെ ആദ്യഘട്ടത്തിൽ റോമൻ കത്തോലിക്കരായിരുന്ന അനേകർ അതിന്റെ അവസാനമായപ്പോഴേക്കും പ്രൊട്ടസ്റ്റന്റുകാരായി മാറി.
മേരി തനിക്കായി സമ്പാദിച്ച പേര്
സ്പെയിനിന്റെ സിംഹാസനത്തിന് അവകാശിയായ തന്റെ കസിൻ ഫിലിപ്പിനെ വിവാഹം ചെയ്യുമെന്നു രാജ്ഞിയായിത്തീർന്ന ശേഷം മേരി പറയുകയുണ്ടായി. വിദേശ രാജാവായ അദ്ദേഹം ഒരു മൂത്ത കത്തോലിക്കാ വിശ്വാസിയായിരുന്നു. അതാകട്ടെ മിക്ക ഇംഗ്ലീഷുകാരും അങ്ങേയറ്റം വെറുത്തിരുന്ന ഒരു സംഗതിയും. ഈ വിവാഹത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റുകാർ സംഘടിപ്പിച്ച വിപ്ലവം പരാജയമടയുകയും 100 വിപ്ലവകാരികൾ വധിക്കപ്പെടുകയും ചെയ്തു. ഫിലിപ്പിന് സിംഹാസനം കിട്ടിയില്ലെങ്കിലും 1554 ജൂലൈ 25-ന് ഫിലിപ്പിന്റെയും മേരിയുടെയും വിവാഹം നടന്നു. എങ്കിലും റോമൻ കത്തോലിക്കനായ ഒരു അവകാശി തനിക്കു പിൻഗാമിയായി വേണമെന്നാഗ്രഹിച്ച മേരിക്കു കുട്ടികളൊന്നും ഉണ്ടാകാതിരുന്നത് അവരെ വല്ലാതെ അലട്ടിയിരുന്നു.
മേരിയുടെ ആരോഗ്യം ക്ഷയിച്ചു, വെറും അഞ്ചു വർഷം മാത്രം ഭരണം നടത്തിയ ശേഷം 42-ാമത്തെ വയസ്സിൽ അവർ മരണമടഞ്ഞു. മരണം വരെയും അവർ കണ്ണീരു കുടിക്കുകയായിരുന്നു. മേരിയുടെ ഭർത്താവ് അവരെക്കൊണ്ടു മടുത്തിരുന്നു, പ്രജകളിൽ ഒട്ടുമുക്കാലും അവരെ വെറുത്തിരുന്നു. ലണ്ടൻകാരിൽ പലരും തെരുവുകളിൽ പാർട്ടികൾ നടത്തി അവരുടെ മരണം ആഘോഷിച്ചു. മേരിയുടെ മതഭ്രാന്ത് ഫലത്തിൽ, റോമൻ കത്തോലിക്കാ മതത്തെ പുനഃപ്രതിഷ്ഠിക്കുകയല്ല മറിച്ച് പ്രൊട്ടസ്റ്റന്റു മതത്തിന് കരുത്തേകുകയാണു ചെയ്തത്. “രക്തദാഹിയായ മേരി” എന്ന പേരിൽ അവർ അറിയപ്പെടുന്നതിനാൽ ആളുകൾ അവരെ എങ്ങനെ വീക്ഷിച്ചിരുന്നു എന്നു നമുക്കു മനസ്സിലാക്കാനാകും.
തെറ്റായി പ്രേരിതമായ മനഃസാക്ഷി
ഇത്രയധികം ആളുകളെ ചുട്ടെരിക്കാൻ മേരി ഉത്തരവിട്ടത് എന്തുകൊണ്ടാണ്? കാരണം, മതവിരോധികൾ ദൈവത്തോടു വിശ്വാസവഞ്ചന കാട്ടുന്നവരാണെന്നാണ് അവരെ പഠിപ്പിച്ചിരുന്നത്. അത്തരക്കാരുടെ സ്വാധീനം മുഴു രാഷ്ട്രത്തിലും വ്യാപിക്കുന്നതിനു മുമ്പായി അവരെ വേരോടെ പിഴുതുകളയേണ്ടത് തന്റെ കർത്തവ്യമാണെന്ന് അവർ വിശ്വസിച്ചിരുന്നു. സ്വന്ത മനഃസാക്ഷിയുടെ ശബ്ദത്തിനു ചെവികൊടുത്ത അവർ, തങ്ങളുടെ മനഃസാക്ഷിയനുസരിച്ച് മറ്റൊരു ദിശയിൽ പ്രവർത്തിച്ചവരുടെ അവകാശങ്ങളെ തള്ളിക്കളയുകയാണു ചെയ്തത്.
എന്നാൽ അസഹിഷ്ണുതയുടെ കാര്യത്തിൽ പ്രൊട്ടസ്റ്റന്റുകാരും ഒട്ടുംതന്നെ പിന്നിലല്ലായിരുന്നു. ഹെൻറിയും എഡ്വേർഡും ആളുകളെ അവരുടെ മത വിശ്വാസങ്ങൾ നിമിത്തം ചുട്ടുകൊന്നിരുന്നു. മേരിക്കു ശേഷം അധികാരത്തിൽ വന്ന പ്രൊട്ടസ്റ്റന്റുകാരിയായ എലിസബത്ത് I, റോമൻ കത്തോലിക്കാ മതം ആചരിക്കുന്നത് ഒരു രാജ്യദ്രോഹക്കുറ്റമായി പ്രഖ്യാപിക്കുകയും തന്റെ ഭരണകാലത്ത് 180-ലധികം ഇംഗ്ലീഷുകാരായ റോമൻ കത്തോലിക്കരെ വധിക്കുകയും ചെയ്തു. പിന്നീടുവന്ന ഒരു നൂറ്റാണ്ടു കാലത്ത്, തങ്ങളുടെ മത വിശ്വാസങ്ങളെ പ്രതി നൂറുകണക്കിനാളുകൾ കൂടി കൊല്ലപ്പെടുകയുണ്ടായി.
എന്തുകൊണ്ട് ഇപ്പോൾ ഈ ക്ഷമാപണം?
ഐക്യരാഷ്ട്രങ്ങളുടെ ‘സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപന’ത്തിന്റെ 50-ാം വാർഷികമായിരുന്നു 1998 ഡിസംബർ 10-ന്. “ചിന്താ സ്വാതന്ത്ര്യത്തിനും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും ഉള്ള അവകാശ”ത്തെ അതിന്റെ 18-ാം വകുപ്പ് അംഗീകരിക്കുന്നുണ്ട്. മതം മാറാനും അതു പഠിപ്പിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ടാണ്, ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും റോമൻ കത്തോലിക്കാ ബിഷപ്പുമാർ “കത്തോലിക്കർക്ക് ഈ കാര്യങ്ങളിലുള്ള തങ്ങളുടെ മനഃസാക്ഷിയെ പരിശോധിക്കുന്നതിനും” പ്രത്യേകിച്ചും മേരി ട്യൂഡറിന്റെ കാലത്ത് കാട്ടിക്കൂട്ടിയ “ഘോരകൃത്യ”ങ്ങൾ സമ്മതിക്കാനും “പറ്റിയ ഒരവസരമായി” ഈ 50-ാം വാർഷികം തിരഞ്ഞെടുത്തത്.
ഏതാണ്ട് 450 വർഷങ്ങൾക്ക് മുമ്പു കാണിച്ച മത അസഹിഷ്ണുതയ്ക്ക് ഇപ്പോൾ മാപ്പു ചോദിച്ചെങ്കിലും, മത അസഹിഷ്ണുതയുടെ കാര്യത്തിൽ യഥാർഥത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? ഇന്ന് ആരെയും സ്തംഭത്തിൽ കെട്ടി ദഹിപ്പിക്കുന്നില്ലായിരിക്കാം. എന്നിരുന്നാലും ക്രിസ്ത്യാനികളെന്നു വിളിക്കപ്പെടുന്ന അനേകർ ഇപ്പോഴും മറ്റു മതങ്ങളിൽപ്പെട്ടവരെ കഠിനമായി ദ്രോഹിക്കുകയും കശാപ്പു ചെയ്യുകയും ചെയ്യുന്നുണ്ട്. അത്തരം അസഹിഷ്ണുത ദൈവത്തിനു പ്രസാദകരമല്ല. വാസ്തവത്തിൽ ദൈവത്തിന്റെ വ്യക്തിത്വം പൂർണമായി പ്രതിഫലിപ്പിച്ച യേശുക്രിസ്തു ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:35.
[12-ാം പേജിലെ ചിത്രം]
മേരി രാജ്ഞി
[12-ാം പേജിലെ ചിത്രം]
From the book A Short History of the English People
[കടപ്പാട്]
From the book Foxe’s Book of Martyrs
[13-ാം പേജിലെ ചിത്രം]
ലാറ്റിമെറെയും റിഡ്ലിയെയും സ്തംഭത്തിൽ ചുട്ടെരിച്ചു
[13-ാം പേജിലെ ചിത്രം]
തന്റെ വലതുകരം ആദ്യം കത്തിയെരിയുന്നുവെന്ന് ക്രാൻമെർ ഉറപ്പുവരുത്തുന്നു
[കടപ്പാട്]
From the book The History of England (Vol. 1)
[12-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Border: 200 Decorative Title-Pages/Alexander Nesbitt/Dover Publications, Inc.