യേശുവിനെ ആരാധിക്കുന്നത് ഉചിതമോ?
ബൈബിളിന്റെ വീക്ഷണം
യേശുവിനെ ആരാധിക്കുന്നത് ഉചിതമോ?
ക്രൈസ്തവലോകത്തിലെ അനേകരും നൂറ്റാണ്ടുകളായി യേശുക്രിസ്തുവിനെ സർവശക്തനായ ദൈവം എന്ന നിലയിൽ ആരാധിച്ചു വരുന്നു. എന്നാൽ യേശുവാകട്ടെ, യഹോവയാം ദൈവത്തിലേക്കു മാത്രമാണ് ആരാധനയും ശ്രദ്ധയും തിരിച്ചുവിട്ടത്. ഉദാഹരണത്തിന്, പിശാചിനെ ആരാധിക്കാൻ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ അവൻ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയെയാണു നീ ആരാധിക്കേണ്ടത്, അവനു മാത്രമാണു നീ വിശുദ്ധസേവനം അർപ്പിക്കേണ്ടത്.” (മത്തായി 4:10, NW) പിന്നീടൊരവസരത്തിൽ യേശു തന്റെ ശിഷ്യന്മാരെ ഇങ്ങനെ പ്രബോധിപ്പിച്ചു: “ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.”—മത്തായി 23:9.
ദൈവത്തെ എപ്രകാരം ആരാധിക്കണം എന്ന് യേശു ഒരു ശമര്യക്കാരിക്കു വിശദീകരിച്ചു കൊടുക്കുകയുണ്ടായി. ആത്മാവിലും സത്യത്തിലും ആണ് അവനെ ആരാധിക്കേണ്ടത് എന്ന് യേശു പറഞ്ഞു. വാസ്തവത്തിൽ “തന്നേ നമസ്കരിക്കുന്നവർ [‘ആരാധിക്കുന്നവർ’, പി.ഒ.സി. ബൈബിൾ] ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യോഹന്നാൻ 4:23, 24) അതേ, ഭക്തിയോടു കൂടിയ ആദരവ് അർഹിക്കുന്നത് ദൈവം മാത്രമാണ്. മറ്റെന്തിനെയും—വസ്തുവിനെയാകട്ടെ വ്യക്തിയെയാകട്ടെ ആരാധിക്കുന്നത് വിഗ്രഹാരാധനയാണ്. വിഗ്രഹാരാധനയെ ആണെങ്കിൽ എബ്രായ തിരുവെഴുത്തുകളും ഗ്രീക്കു തിരുവെഴുത്തുകളും ഒരുപോലെ കുറ്റം വിധിക്കുകയും ചെയ്യുന്നു.—പുറപ്പാടു 20:4, 5; ഗലാത്യർ 5:19, 20.
എന്നാൽ ചിലർ പറഞ്ഞേക്കാം: ‘യേശുവിനെയും ആരാധിക്കേണ്ടതാണെന്ന് ബൈബിൾ സൂചിപ്പിക്കുന്നില്ലേ? എബ്രായർ 1:6-ൽ “ദൈവത്തിന്റെ സകല ദൂതൻമാരും അവനെ [യേശുവിനെ] ആരാധിക്കട്ടെ” എന്നു പൗലൊസ് പറയുന്നുണ്ടല്ലോ.’ (ജയിംസ് രാജാവിന്റെ ഭാഷാന്തരം) വിഗ്രഹാരാധനയെ കുറിച്ചു ബൈബിൾ പറയുന്നതിന്റെ വീക്ഷണത്തിൽ നമുക്ക് ഈ തിരുവെഴുത്ത് എങ്ങനെ മനസ്സിലാക്കാം?
ആരാധന എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്
ആരാധന എന്ന പദംകൊണ്ട് പൗലൊസ് ഇവിടെ എന്താണ് ഉദ്ദേശിച്ചതെന്ന് നാം ആദ്യംതന്നെ മനസ്സിലാക്കണം. പ്രോസ്കിനെയോ എന്ന ഗ്രീക്കു പദമാണ് അവൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ആങ്കറിന്റെ ബൈബിൾ നിഘണ്ടു പറയുന്നതനുസരിച്ച് ഈ വാക്കിന്റെ അക്ഷരീയ അർഥം ‘ആദരസൂചകമായി ആരുടെയെങ്കിലും കൈയിൽ മുത്തുകയോ മറ്റേതെങ്കിലും തരത്തിൽ അത് പ്രകടിപ്പിക്കുകയോ ചെയ്യുക’ എന്നാണ്. ഈ വാക്ക് “ആദരപൂർവകമായ ഒരു പ്രവൃത്തിയെയാണു സൂചിപ്പിക്കുന്നത്, അതു ദൈവത്തോടോ . . . മനുഷ്യരോടോ ഉള്ള ഒന്നാകാം” എന്നു ഡബ്ല്യു. ഇ. വൈനിന്റെ ആൻ എക്സ്പോസിറ്ററി ഡിക്ഷ്ണറി ഓഫ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ് പറയുന്നു. ബൈബിൾ കാലങ്ങളിൽ, ഉയർന്ന സ്ഥാനമുള്ള ഒരു വ്യക്തിയുടെ മുമ്പിൽ അക്ഷരീയമായി കുമ്പിടുന്നതിനെ കുറിക്കാനാണ് മിക്കപ്പോഴും പ്രോസ്കിനെയോ എന്ന പദം ഉപയോഗിച്ചിരുന്നത്.
വലിയൊരു തുക തന്റെ യജമാനന് കടപ്പെട്ടിരുന്നെങ്കിലും അതു കൊടുത്തു തീർക്കാൻ നിർവാഹമില്ലാഞ്ഞ ഒരു അടിമയെ കുറിച്ചുള്ള യേശുവിന്റെ ഉപമ പരിചിന്തിക്കുക. അവിടെ ഈ ഗ്രീക്കു പദത്തിന്റെ ഒരു രൂപം ഉപയോഗിച്ചിരിക്കുന്നത് കാണാം. ജയിംസ് രാജാവിന്റെ ഭാഷാന്തരം അത് ഇങ്ങനെ പരിഭാഷ ചെയ്തിരിക്കുന്നു: “അതുകൊണ്ടു ആ ദാസൻ വീണു അവനെ [രാജാവിനെ] ആരാധിച്ചു [പ്രോസ്കിനെയോയുടെ ഒരു രൂപം], പ്രഭോ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു വീട്ടിക്കൊള്ളാം എന്നു പറഞ്ഞു.” (മത്തായി 18:26; ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) ഈ മനുഷ്യൻ ചെയ്തത് വിഗ്രഹാരാധനാപരമായ ഒരു പ്രവൃത്തി ആയിരുന്നോ? ഒരിക്കലുമല്ല! തന്റെ യജമാനനും ശ്രേഷ്ഠാധികാരിയുമായ രാജാവിന് അദ്ദേഹം അർഹിക്കുന്ന ആദരവും ബഹുമാനവും നൽകുക മാത്രമാണ് അയാൾ ചെയ്തത്.
ആദരവിന്റേതായ അത്തരം ക്രിയകൾ ബൈബിൾ കാലങ്ങളിൽ, പൗരസ്ത്യ ദേശങ്ങളിൽ സാധാരണമായിരുന്നു. തന്റെ സഹോദരനായ ഏശാവിനെ കണ്ടപ്പോൾ യാക്കോബ് ഏഴു തവണ നിലം മുട്ടെ താണുവണങ്ങി. (ഉല്പത്തി 33:3, പി.ഒ.സി. ബൈ) ഈജിപ്തിലെ രാജമന്ദിരത്തിൽ യോസേഫിനുണ്ടായിരുന്ന സ്ഥാനത്തെ ആദരിച്ചുകൊണ്ട് അവന്റെ സഹോദരന്മാർ അവന്റെ മുമ്പിൽ സാഷ്ടാംഗപ്രണാമം ചെയ്തു, അഥവാ അവർ ആദരവു പ്രകടിപ്പിച്ചു. (ഉല്പത്തി 42:6) ഇതുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ, “യഹൂദന്മാരുടെ രാജാവായി പിറന്നവൻ” ആണെന്ന് അവർക്ക് അറിയാമായിരുന്ന ശിശുവായ യേശുവിനെ കണ്ടപ്പോൾ ജ്യോത്സ്യന്മാർ ചെയ്ത സംഗതി നമുക്കു കൂടുതൽ മെച്ചമായി മനസ്സിലാക്കാൻ കഴിയും. ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ അവർ “വീണ് അവനെ ആരാധിച്ചു [പ്രോസ്കിനെയോ]” എന്നാണു പറഞ്ഞിരിക്കുന്നത്.—മത്തായി 2:2, 11.
അപ്പോൾ വ്യക്തമായും ചില ബൈബിൾ ഭാഷാന്തരങ്ങളിൽ ‘ആരാധിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പ്രോസ്കിനെയോ എന്ന പദം യഹോവയാം ദൈവത്തിനു ഭക്തി നൽകുന്നതിനെ സൂചിപ്പിക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. മറ്റു വ്യക്തികളോടുള്ള ആദരവ്, ക്രിയകളിലൂടെ പ്രകടിപ്പിക്കുന്നതിനെ സൂചിപ്പിക്കാനും അതിനു കഴിയും. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തിൽ ചില ബൈബിൾ ഭാഷാന്തരങ്ങൾ എബ്രായർ 1:6-ലെ പ്രോസ്കിനെയോ എന്ന വാക്ക് ‘അവനെ കുമ്പിടുക’ (ഗുണ്ടർട്ട് ബൈബിൾ), ‘അവനോട് ആദരവു കാണിക്കുക’ (പുതിയ യെരൂശലേം ബൈബിൾ), ‘അവനെ ബഹുമാനിക്കുക’ (ആധുനിക ഇംഗ്ലീഷിലുള്ള സമ്പൂർണ ബൈബിൾ), ‘അവനോട് ആദരവു പ്രകടിപ്പിക്കുക’ (വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം) എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നു.
യേശു ആദരസൂചകമായ ക്രിയകൾ അർഹിക്കുന്നു
മേൽപ്പറഞ്ഞതു പോലുള്ള ആദരസൂചകമായ ക്രിയകൾ യേശു അർഹിക്കുന്നുണ്ടോ? തീർച്ചയായും! എബ്രായർക്ക് എഴുതിയ തന്റെ ലേഖനത്തിൽ “സകലത്തിന്നും അവകാശി” എന്ന നിലയിൽ യേശു ‘ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കുന്നു’ എന്ന് അപ്പൊസ്തലനായ പൗലൊസ് വിശദീകരിക്കുന്നു. (എബ്രായർ 1:2-4) അതുകൊണ്ട്, “യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏററുപറകയും ചെയ്യേണ്ടിവരും.”—ഫിലിപ്പിയർ 2:10, 11.
വളരെ പെട്ടെന്നുതന്നെ യേശു തന്റെ ഈ ഉയർന്ന സ്ഥാനവും വർധിച്ച അധികാരവും ഉപയോഗിച്ച് ഭൂമിയെ ഒരു ആഗോള പറുദീസയായി രൂപാന്തരപ്പെടുത്തും എന്നതു ശ്രദ്ധേയമാണ്. ദൈവത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ, തന്റെ നീതിപൂർവകമായ ഭരണത്തിനു കീഴ്പെടുന്നവരുടെ പ്രയോജനത്തിനായി അവൻ ഭൂമുഖത്തു നിന്ന് വേദനയും ദുഃഖവുമെല്ലാം തുടച്ചുമാറ്റും. അവന്റെ മറുവിലയാഗത്തിലൂടെയാണ് ഇതു സാധ്യമായിത്തീരുന്നത്. അപ്പോൾ തീർച്ചയായും യേശു നമ്മുടെ ആദരവും ബഹുമാനവും അർഹിക്കുന്നില്ലേ? അവനെ നാം അനുസരിക്കേണ്ടതല്ലേ?—സങ്കീർത്തനം 2:12; യെശയ്യാവു 9:6; ലൂക്കൊസ് 23:43, NW; വെളിപ്പാടു 21:3-5.
“സമ്പൂർണ ഭക്തി നിഷ്കർഷിക്കുന്ന ഒരു ദൈവം”
എന്നാൽ നമ്മുടെ ആരാധന—മതപരമായ അർഥത്തിലുള്ള ആദരവും ഭക്തിയും—ദൈവത്തിനു മാത്രമേ നൽകാവൂ എന്നു ബൈബിൾ വ്യക്തമായി കാണിക്കുന്നു. മോശെ അവനെ “സമ്പൂർണ ഭക്തി നിഷ്കർഷിക്കുന്ന ഒരു ദൈവം” എന്നാണു വിശേഷിപ്പിച്ചത്. ‘ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും നീരുറവകളെയും സൃഷ്ടിച്ചവനെ ആരാധിക്കാൻ’ ബൈബിൾ നമ്മെ പ്രബോധിപ്പിക്കുന്നു.—ആവർത്തനപുസ്തകം 4:24, NW; വെളിപ്പാടു 14:7, പി.ഒ.സി. ബൈ.
തീർച്ചയായും, സത്യാരാധനയിൽ യേശുവിന് മർമപ്രധാനമായ ഒരു സ്ഥാനമുണ്ട്, ആദരവും ബഹുമാനവും അർഹിക്കുന്ന ഒരു സ്ഥാനം തന്നെ. (2 കൊരിന്ത്യർ 1:20, 21; 1 തിമൊഥെയൊസ് 2:5, 6) അവനിലൂടെ മാത്രമേ നമുക്കു യഹോവയാം ദൈവത്തെ സമീപിക്കാൻ സാധിക്കുകയുള്ളു. (യോഹന്നാൻ 14:6) ഇതുവരെ പരിചിന്തിച്ചതിന്റെയെല്ലാം വീക്ഷണത്തിൽ സത്യക്രിസ്ത്യാനികൾ സർവ്വശക്തനായ യഹോവയാം ദൈവത്തെ മാത്രം ആരാധിക്കുന്നു.