വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കൊച്ചു​കു​ട്ടി​ക​ളും ടെലി​വി​ഷ​നും

രണ്ടു വയസ്സിൽ താഴെ​യുള്ള കുട്ടികൾ ടെലി​വി​ഷൻ കാണു​ന്നതു നല്ലത​ല്ലെന്ന്‌ അമേരി​ക്കൻ ബാലചി​കി​ത്സാ അക്കാദമി അഭി​പ്രാ​യ​പ്പെ​ടു​ന്ന​താ​യി ദ ടൊറ​ന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. മാതാ​പി​താ​ക്ക​ളു​മാ​യും തങ്ങളെ നോക്കുന്ന മറ്റു മുതിർന്ന​വ​രു​മാ​യും സമ്പർക്കം ഉണ്ടായി​രി​ക്കേ​ണ്ടത്‌ ശിശു​ക്ക​ളെ​യും കൊച്ചു​കു​ട്ടി​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ പ്രധാ​ന​മാണ്‌ എന്ന്‌ ജനന​ശേ​ഷ​മുള്ള ആദ്യ വർഷങ്ങ​ളി​ലെ മസ്‌തിഷ്‌ക വളർച്ചയെ കുറി​ച്ചുള്ള ഗവേഷ​ണങ്ങൾ വ്യക്തമാ​ക്കു​ന്നു. എന്നാൽ ടിവി കാണു​ന്നത്‌ “അവരുടെ സാമൂ​ഹിക, വൈകാ​രിക, ഗ്രഹണ പ്രാപ്‌തി​ക​ളു​ടെ വളർച്ച​യ്‌ക്ക്‌ ആവശ്യ​മായ സഹവാ​സ​ത്തി​നു തടസ്സം സൃഷ്ടി”ച്ചേക്കാം. എല്ലാ വിദഗ്‌ധ​രും ഈ അഭി​പ്രാ​യ​ത്തോ​ടു യോജി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, മാതാ​പി​താ​ക്ക​ളു​ടെ മേൽനോ​ട്ട​ത്തിൽ ഉയർന്ന ഗുണനി​ല​വാ​ര​മുള്ള പരിപാ​ടി​കൾ ദിവസ​വും—30 മിനി​റ്റിൽ താഴെ മാത്രം—കാണു​ന്നത്‌ ഒരു കുട്ടി​യ്‌ക്ക്‌ “മാതാ​വി​നാ​ലോ പിതാ​വി​നാ​ലോ പഠിപ്പി​ക്ക​പ്പെ​ടാ​നുള്ള അവസരം” പ്രദാനം ചെയ്യുന്നു എന്ന്‌ കനേഡി​യൻ ബാലചി​കി​ത്സാ സൊ​സൈറ്റി പറയുന്നു. എന്നിരു​ന്നാ​ലും, കൊച്ചു കുട്ടി​കളെ ഉറക്കുന്ന മുറി​യിൽ ടെലി​വി​ഷ​നോ കമ്പ്യൂ​ട്ട​റു​ക​ളോ വെക്കരു​തെ​ന്നും കുട്ടി​കളെ അടക്കി​യി​രു​ത്തുന്ന റോൾ ടിവി ഏറ്റെടു​ക്കുന്ന സ്ഥിതി​വി​ശേഷം വരുത്ത​രു​തെ​ന്നും മേൽപ്പറഞ്ഞ രണ്ടു സംഘട​ന​ക​ളും ഒരു​പോ​ലെ സമ്മതി​ക്കു​ന്നു. എപ്പോ​ഴും ടിവി കണ്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌ കുട്ടി​ക​ളു​ടെ ആരോ​ഗ്യ​ത്തെ ബാധി​ച്ചേ​ക്കാ​മെ​ന്ന​തു​കൊണ്ട്‌ “പുറത്തി​റങ്ങി കളിക്കാ​നോ വീടി​ന​ക​ത്തു​തന്നെ ജിഗ്‌സോ പസിൽ പോലെ ബുദ്ധി​യു​പ​യോ​ഗി​ച്ചുള്ള കളിക​ളിൽ ഏർപ്പെ​ടാ​നോ പുസ്‌ത​കങ്ങൾ വായി​ക്കാ​നോ ഒക്കെ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കണം” എന്നു നിർദേ​ശി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ജോലി​സ്ഥ​ലത്ത്‌ അനുഭ​വി​ക്കുന്ന നൈരാ​ശ്യം

ജോലി​ക്കി​ട​യിൽ ചില ആളുകൾ പൊട്ടി​ത്തെ​റി​ക്കു​ക​യോ അക്രമാ​സ​ക്ത​രാ​കു​ക​യോ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അത്‌ അവർ സമ്മർദം അനുഭ​വി​ക്കു​ന്ന​തു​കൊ​ണ്ടു മാത്രമല്ല പിന്നെ​യോ അവർക്ക്‌ നൈരാ​ശ്യം ഒട്ടും സഹിക്കാൻ പറ്റാത്ത​തു​കൊ​ണ്ടും കൂടെ​യാ​യി​രി​ക്കാം എന്ന്‌ ടൊറ​ന്റോ​യി​ലെ ഒരു മനശ്ശാ​സ്‌ത്ര​ജ്ഞ​നായ സാം ക്ലാ​റൈക്ക്‌ പറയുന്നു. “ചോര നീരാ​ക്കി​യി​ട്ടും അർഹി​ക്കുന്ന പ്രതി​ഫലം തൊഴി​ലു​ട​മ​യിൽനിന്ന്‌ തങ്ങൾക്കു കിട്ടു​ന്നി​ല്ലെന്നു” കരുതുന്ന തൊഴി​ലാ​ളി​ക​ളിൽ ആണ്‌ ഇത്തരം സ്വഭാ​വ​വി​ശേഷം വളർന്നു​വ​രു​ന്നത്‌ എന്ന്‌ അദ്ദേഹം കരുതു​ന്ന​താ​യി ഗ്ലോബ്‌ ആന്റ്‌ മെയ്‌ൽ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. കോപം ദീർഘ​കാ​ലം മനസ്സിൽ വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ “ആരോ​ഗ്യ​ത്തി​നു വളരെ ദോഷം ചെയ്യും” എന്ന്‌ ക്ലാ​റൈക്ക്‌ മുന്നറി​യി​പ്പു നൽകുന്നു. മസ്‌തി​ഷ്‌കാ​ഘാ​ത​മോ ഹൃദയ​സ്‌തം​ഭ​ന​മോ ഉണ്ടാകാൻ അത്‌ ഇടയാ​ക്കും. നിരാ​ശയെ നേരി​ടാൻ പഠിക്കാ​നും യഥാർഥ​ത്തിൽ തങ്ങൾക്ക്‌ എന്തുമാ​ത്രം ജോലി ചെയ്യാൻ കഴിയും എന്നതിനെ കുറിച്ച്‌ തൊഴി​ലു​ട​മ​ക​ളു​മൊത്ത്‌ ശാന്തമാ​യി ചർച്ച ചെയ്യാ​നും അദ്ദേഹം തൊഴി​ലാ​ളി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. തൊഴി​ലു​ട​മ​കൾക്കും അദ്ദേഹം ചില ബുദ്ധി​യു​പ​ദേ​ശങ്ങൾ നൽകുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു തൊഴി​ലാ​ളി തളർന്ന്‌ അവശനാ​യ​തു​പോ​ലെ കാണ​പ്പെ​ട്ടാൽ കൂടു​ത​ലായ സഹായം നൽകു​ക​യോ അയാളു​ടെ ജോലി ഭാരം കുറച്ചു​കൊ​ടു​ക്കു​ക​യോ ചെയ്യുക. അല്ലെങ്കിൽ അവരോട്‌ ഒരു ദിവസത്തെ അവധി​യെ​ടു​ത്തു​കൊ​ള്ളാൻ പറയുക.

പാടു​ന്നത്‌ മനസ്സിന്റെ പിരി​മു​റു​ക്കം കുറയ്‌ക്കു​ന്നു

പാട്ടു പാടു​മ്പോൾ, നമ്മുടെ മനസ്സിന്‌ അയവു വരുത്തു​ക​യും നമ്മെ സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യുന്ന ചില രാസവ​സ്‌തു​ക്കൾ മസ്‌തി​ഷ്‌ക​ത്തിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​യി ശാസ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നു​വെന്ന്‌ ജർമൻ വർത്തമാ​ന​പ​ത്ര​മായ ഷ്‌റ്റു​റ്റ്‌ഗാർറ്റ നാച്ച്‌റി​ച്ച്‌റ്റെൻ റിപ്പോർട്ട്‌ ചെയ്യുന്നു. പാടു​ന്നത്‌, മസ്‌തി​ഷ്‌ക​ത്തി​ലെ “വികാ​രങ്ങൾ ഉണ്ടാകാൻ ഇടയാ​ക്കുന്ന [രാസവ​സ്‌തു​ക്ക​ളു​ടെ] തന്മാത്ര”കളെ പ്രവർത്ത​ന​ക്ഷ​മ​മാ​ക്കു​മെന്ന്‌ ഗവേഷകർ പറയുന്നു. അതു​കൊണ്ട്‌ “പാട്ടു പാടു​ന്നത്‌ വികാ​രങ്ങൾ പ്രകട​മാ​ക്കാ​നുള്ള മാർഗം മാത്രമല്ല, വികാ​രങ്ങൾ സൃഷ്ടി​ക്കാ​നുള്ള മാർഗം കൂടി​യാ​ണെന്നു പറയ​പ്പെ​ടുന്ന”തായി റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. പാട്ടു പാടൽ “പഴഞ്ചൻ സമ്പ്രദാ​യമാ”ണെന്ന്‌ അല്ലെങ്കിൽ തങ്ങളുടെ സ്വരം അത്ര നല്ലത​ല്ലെന്ന്‌ പലർക്കും തോന്നു​ന്നു, അതു​കൊണ്ട്‌ പാട്ടും സംഗീ​ത​വും അവർ മാധ്യ​മ​ങ്ങൾക്കാ​യി വിട്ടു​കൊ​ടു​ത്തി​രി​ക്കു​ന്നു എന്ന്‌ സംഗീത അധ്യാ​പകർ പറയുന്നു. എന്നാൽ പാട്ടു​പാ​ടു​ന്നത്‌ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നു എന്നാണ്‌ ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌.

വിളകൾ മോഷണം പോകു​ന്നു

സീജെനെ റ്റ്‌​സൈ​റ്റുങ്‌ റിപ്പോർട്ട്‌ ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ ജർമനി​യിൽ പല ഇടങ്ങളി​ലും വിള​മോ​ഷണം വർധി​ച്ചി​രി​ക്കു​ന്ന​താ​യി കർഷകർ പരാതി​പ്പെ​ടു​ന്നു. ചില മോഷ്ടാ​ക്കൾ ബക്കറ്റു​ക​ണ​ക്കി​നു വെള്ളരി​ക്ക​ക​ളാണ്‌ കടത്തി​ക്കൊ​ണ്ടു പോകു​ന്നത്‌. ചെറിയ വാനു​ക​ളിൽ അസ്‌പ​രാ​ഗസ്‌ തണ്ടുകൾ കൂമ്പാരം കൂട്ടി​യി​ട്ടു കൊണ്ടു​പോ​കു​ന്ന​വ​രു​മുണ്ട്‌ ഇക്കൂട്ട​ത്തിൽ. ഒരിടത്ത്‌ 7,000 സ്‌​ട്രോ​ബെറി ചെടി​ക​ളാണ്‌ മോഷണം പോയത്‌. കടുത്ത സാമ്പത്തിക ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ന്ന​തു​കൊ​ണ്ടാ​കാം ചിലർ ഭക്ഷ്യവി​ളകൾ മോഷ്ടി​ക്കു​ന്നത്‌. എന്നാൽ മറ്റു ചിലർ ഒരു നേര​മ്പോ​ക്കി​നു വേണ്ടി​യാണ്‌ ഇത്തരം മോഷണം നടത്തു​ന്നത്‌. മോഷണം നടന്ന വയലു​കൾക്ക​രി​കിൽ “കാറുകൾ” കണ്ടതായി കർഷകർ റിപ്പോർട്ടു ചെയ്യുന്നു. മിക്കവ​രു​ടെ​യും കൃഷി​ഭൂ​മി അവരുടെ വീടി​രി​ക്കുന്ന സ്ഥലത്തു​നിന്ന്‌ വളരെ അകലെ​യാണ്‌. അതു​കൊണ്ട്‌ മോഷ്ടാ​ക്കൾ കൂടുതൽ ധൈര്യം കാട്ടുന്നു. മോഷ്ടാ​ക്കളെ അടുപ്പി​ക്കാ​തി​രി​ക്കാൻ കൃഷി​സ്ഥ​ലത്തു നിറയെ ചാണകം വിതറാൻ ഒരു കൺസൽട്ടന്റ്‌ കർഷക​രോട്‌ നിർദേ​ശി​ക്കു​ന്നു.

ആയുസ്സു കൂട്ടാൻ സാമൂ​ഹിക സമ്പർക്കം വർധി​പ്പി​ക്കൂ!

പള്ളിയി​ലും ഹോട്ട​ലി​ലും പോകുക, കായിക പരിപാ​ടി​ക​ളും സിനി​മ​ക​ളും കാണാൻ പോകുക എന്നിങ്ങ​നെ​യുള്ള കാര്യങ്ങൾ ചെയ്യു​ന്നവർ, മിക്ക​പ്പോ​ഴും വീട്ടിൽത്തന്നെ ചടഞ്ഞു കൂടി​യി​രി​ക്കു​ന്ന​വരെ അപേക്ഷിച്ച്‌ ശരാശരി രണ്ടര വർഷം കൂടുതൽ ജീവി​ച്ചി​രി​ക്കു​ന്ന​താ​യി ഹാർവാർഡ്‌ യൂണി​വേ​ഴ്‌സി​റ്റി നടത്തിയ ഒരു പുതിയ പഠനം വെളി​പ്പെ​ടു​ത്തു​ന്നു. അത്തരം പ്രവർത്ത​ന​ങ്ങ​ളി​ലെ ശാരീ​രി​ക​മായ ഉൾപ്പെടൽ ആയുസ്സ്‌ വർധി​പ്പി​ക്കു​ന്നു എന്ന കാര്യം ദീർഘ​കാ​ല​മാ​യി അറിവു​ള്ള​താണ്‌ എന്ന്‌ പഠനത്തി​നു നേതൃ​ത്വം നൽകിയ ഹാർവാർഡ്‌ സർവക​ലാ​ശാ​ല​യി​ലെ തോമസ്‌ ഗ്ലാസ്‌ പറഞ്ഞു. എന്നിരു​ന്നാ​ലും, “ജീവിത സായാ​ഹ്ന​ത്തിൽ അർഥവ​ത്തായ ഒരു ഉദ്ദേശ്യം ഉണ്ടായി​രി​ക്കു​ന്നത്‌ ആയുസ്സു വർധി​പ്പി​ക്കു​ന്ന​തിൽ ഒരു വലിയ പങ്കു വഹിക്കു​ന്നു എന്നതിന്‌, ഇന്നോളം ലഭിച്ചി​ട്ടു​ള്ള​തി​ലേ​ക്കും ഒരുപക്ഷേ ഏറ്റവും ശക്തമായ തെളിവ്‌” ഈ പഠനം പ്രദാനം ചെയ്യു​ന്നു​വെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. കൂടുതൽ പ്രവർത്ത​ന​ക്ഷ​മ​രാ​യി​രി​ക്കു​ന്നത്‌ മിക്കവാ​റും എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ ആയുസ്സു വർധി​പ്പി​ക്കു​ന്ന​താ​യി ഗ്ലാസ്‌ അഭി​പ്രാ​യ​പ്പെട്ടു.

ലോക​ത്തി​ലെ ഏറ്റവും പുരാ​ത​ന​മായ കപ്പൽച്ചേ​ത​ങ്ങൾ

പൊ.യു.മു. 750-നോട​ടുത്ത്‌ തകർന്ന രണ്ടു ഫിനീ​ഷ്യൻ കപ്പലു​ക​ളു​ടെ അവശി​ഷ്ടങ്ങൾ സമു​ദ്ര​ശാ​സ്‌ത്രജ്ഞർ കണ്ടെത്തി​യ​താ​യി ഫ്രഞ്ച്‌ മാസി​ക​യായ സ്യാൻസ്‌ ഏ ആവെനിർ റിപ്പോർട്ടു ചെയ്യുന്നു. 15-ഉം 18-ഉം മീറ്റർ നീളമുള്ള ഈ കപ്പലുകൾ ഇസ്രാ​യേ​ലി​ന്റെ തീര​ദേ​ശ​ത്തു​നി​ന്നു മാറി കടലിൽ ഏതാണ്ട്‌ 500 മീറ്റർ താഴ്‌ച​യി​ലാണ്‌ കണ്ടെത്തി​യത്‌. പുറങ്ക​ട​ലിൽ കണ്ടെത്ത​പ്പെ​ട്ടി​ട്ടുള്ള ഏറ്റവും പഴയ കപ്പലു​ക​ളാണ്‌ ഇവ. വീഞ്ഞു നിറച്ച മൺഭര​ണി​ക​ളു​മാ​യി സോരി​ലെ തുറമു​ഖ​ത്തു​നിന്ന്‌ ഒരുപക്ഷേ ഈജി​പ്‌തി​നെ അല്ലെങ്കിൽ ഉത്തരാ​ഫ്രി​ക്കൻ നഗരമായ കാർത്തേ​ജി​നെ ലക്ഷ്യമാ​ക്കി പുറ​പ്പെ​ട്ട​താ​യി​രു​ന്നു ഈ കപ്പലുകൾ. പ്രസ്‌തുത കപ്പലുകൾ കണ്ടെത്തിയ റോബർട്ട്‌ ബാല്ലർഡ്‌ ഇങ്ങനെ പറഞ്ഞതാ​യി ഇന്റർനാ​ഷണൽ ഹെറാൾഡ്‌ ട്രിബ്യൂൺ റിപ്പോർട്ട്‌ ചെയ്യു​ക​യു​ണ്ടാ​യി: “സമു​ദ്ര​ത്തിന്‌ ആഴം കൂടു​ത​ലാ​യ​തു​കൊ​ണ്ടും അതിന്റെ അടിത്ത​ട്ടിൽ മർദം വളരെ ഉയർന്ന​താ​യ​തു​കൊ​ണ്ടും അവി​ടേക്ക്‌ സൂര്യ​പ്ര​കാ​ശം കടന്നു​ചെ​ല്ലാ​ത്ത​തു​കൊ​ണ്ടും അതിന്റെ ആഴങ്ങളിൽ നാം വിചാ​രി​ച്ച​തി​നെ​ക്കാൾ അധിക​മാ​യി ചരിത്രം പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” “പുരാതന ഫൊയി​നീ​ഷ്യൻ നാവിക സംസ്‌കാ​രത്തെ സംബന്ധിച്ച ഗവേഷ​ണ​ത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ” ഈ കണ്ടെത്തൽ “സഹായി​ക്കു”മെന്ന്‌ ഗവേഷകർ പറയു​ക​യു​ണ്ടാ​യി.

സമ്മർദം കുറയ്‌ക്കാ​നുള്ള മാർഗ​ങ്ങ​ളിൽ ഏറ്റവും ഇഷ്ടപ്പെ​ട്ടത്‌

അടുത്ത കാലത്ത്‌ ലോകത്തെ മൊത്തം പ്രതി​നി​ധീ​ക​രി​ക്കുന്ന 30 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 1,000 പേരെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു സർവേ നടത്തു​ക​യു​ണ്ടാ​യി. സമ്മർദം കുറയ്‌ക്കാൻ അല്ലെങ്കിൽ ഇല്ലാതാ​ക്കാൻ ഉള്ള മാർഗ​ങ്ങ​ളിൽ ഏറ്റവും പ്രിയ​പ്പെ​ടു​ന്നത്‌ ഏതാ​ണെന്നു ചോദി​പ്പോൾ സർവേ​യിൽ പങ്കെടു​ത്ത​വ​രിൽ 56 ശതമാ​ന​ത്തി​ന്റെ​യും ഉത്തരം ‘സംഗീതം’ എന്നായി​രു​ന്നു​വെന്ന്‌ റോയി​റ്റെ​ഴ്‌സ്‌ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ഏഷ്യയി​ലെ വികസിത രാജ്യ​ങ്ങ​ളിൽ നിന്നു​ള്ള​വ​രിൽ 46 ശതമാനം ഇക്കാര്യ​ത്തിൽ സംഗീ​ത​ത്തിന്‌ ഒന്നാം സ്ഥാനം നൽകി​യ​പ്പോൾ വടക്കേ അമേരി​ക്ക​യിൽ നിന്ന്‌ 64 ശതമാ​ന​മാ​യി​രു​ന്നു അങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടത്‌. മൊത്ത​ത്തി​ലുള്ള അഭി​പ്രാ​യം കണക്കി​ലെ​ടു​ക്കു​മ്പോൾ രണ്ടാം സ്ഥാനം ടിവി കാണലി​നും മൂന്നാം സ്ഥാനം കുളി​ക്ക​ലി​നും ആയിരു​ന്നു. “സംഗീതം ശ്രവി​ക്കാൻ വേണ്ടി​വ​രുന്ന ചെലവും റേഡി​യോ, ടിവി, സിഡി പ്ലെയർ, ഇന്റർനെറ്റ്‌ തുടങ്ങി പല മാധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഉള്ള അതിന്റെ ലഭ്യത​യും കണക്കി​ലെ​ടു​ക്കു​മ്പോൾ ലോക​ത്തി​ന്റെ പകുതി​യ​ല​ധി​ക​വും സമ്മർദം കുറയ്‌ക്കാ​നുള്ള മാർഗ​മെന്ന നിലയിൽ സംഗീതം ശ്രവി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല” എന്ന്‌ റോപ്പർ സ്റ്റാർച്ച്‌ വേൾഡ്‌​വൈഡ്‌ എന്ന കമ്പനി നടത്തിയ ആ സർവേ​യ്‌ക്കു നേതൃ​ത്വം നൽകിയ ടോം മില്ലെർ പറഞ്ഞു.

ദാരി​ദ്ര്യം—ഒരു ആഗോള പ്രശ്‌നം

ലോക​ത്തിൽ ദാരി​ദ്ര്യം വർധി​ക്കു​ന്ന​തിൽ ലോക ബാങ്കിന്റെ പ്രസി​ഡന്റ്‌ ജെയിംസ്‌ ഡി. വൊൾഫൻസോൺ അടുത്ത​യി​ടെ ഉത്‌കണ്‌ഠ പ്രകടി​പ്പി​ച്ചു. 600 കോടി വരുന്ന ലോക​ജ​ന​സം​ഖ്യ​യു​ടെ മൂന്നിൽ ഒരു ഭാഗം ഇന്നും കടുത്ത ദാരി​ദ്ര്യ​ത്തിൽത്ത​ന്നെ​യാണ്‌ കഴിയു​ന്നത്‌ എന്ന്‌ അദ്ദേഹം അഭി​പ്രാ​യ​പ്പെ​ട്ട​താ​യി മെക്‌സി​ക്കോ നഗരത്തി​ലെ ലാ ഹൊർനാ​ഡാ എന്ന വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്‌തു. ഭൂവാ​സി​ക​ളിൽ പകുതി​യും ദിവസം 2 ഡോള​റിൽ കുറഞ്ഞ വരുമാ​നം​കൊ​ണ്ടും അതിൽത്തന്നെ 100 കോടി ആളുകൾ ദിവസം ഒരു ഡോള​റിൽ കുറഞ്ഞ വരുമാ​നം​കൊ​ണ്ടു​മാണ്‌ കഴിഞ്ഞു​കൂ​ടു​ന്നത്‌ എന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. ദാരി​ദ്ര്യം ഇല്ലാതാ​ക്കാ​നുള്ള ശ്രമത്തിൽ ലോക ബാങ്കു കൈവ​രിച്ച പുരോ​ഗ​തി​യിൽ അദ്ദേഹം അഭിമാ​നം കൊള്ളു​ന്നു​ണ്ടെ​ങ്കി​ലും ദാരി​ദ്ര്യം വിപു​ല​വ്യാ​പ​ക​മാ​ണെ​ന്നും ആ പ്രശ്‌നം പരിഹ​രി​ക്ക​പ്പെ​ട്ടി​ട്ടേ​യി​ല്ലെ​ന്നും ഉള്ളതിന്‌ അദ്ദേഹം ചില തെളി​വു​കൾ നിരത്തു​ക​യു​ണ്ടാ​യി. അദ്ദേഹം ഇപ്രകാ​രം പറഞ്ഞു: “ദാരി​ദ്ര്യം ഒരു ആഗോള പ്രശ്‌ന​മാ​ണെന്നു നാം തിരി​ച്ച​റി​യണം.”

സംശയം തോന്നി​യാൽ കളഞ്ഞേ​ക്കു​ക

ബ്ലൂ ചീസിൽ കാണു​ന്ന​തു​പോ​ലുള്ള ചില പൂപ്പലു​കൾ ഭക്ഷ്യ​യോ​ഗ്യ​മാണ്‌. എന്നാൽ മറ്റുള്ള പൂപ്പലു​കൾ അപകട​കാ​രി​ക​ളാണ്‌, വിശേ​ഷി​ച്ചും ആരോ​ഗ്യ​സ്ഥി​തി മോശ​മാ​യ​വർക്ക്‌. യുസി ബെർക്ലി വെൽനസ്‌ ലെറ്റർ ആണ്‌ ഈ മുന്നറി​യി​പ്പു നൽകു​ന്നത്‌. റൊട്ടി​യി​ലും ധാന്യം​കൊ​ണ്ടുള്ള ഉത്‌പ​ന്ന​ങ്ങ​ളി​ലും കാണ​പ്പെ​ടു​ന്നവ ഏറ്റവും വിഷമുള്ള പൂപ്പലു​ക​ളിൽ പെടുന്നു. ആഹാര​സാ​ധ​ന​ങ്ങൾക്കു പുറത്ത്‌ പറ്റിപ്പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി നാം കാണുന്ന പൂപ്പലു​കൾക്ക്‌ പലപ്പോ​ഴും വേരു പോലുള്ള ഭാഗങ്ങ​ളുണ്ട്‌. അവ ആഹാര​സാ​ധ​ന​ത്തി​നു​ള്ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്നു. തന്നെയു​മല്ല, പൂപ്പൽ ഉത്‌പാ​ദി​പ്പി​ക്കുന്ന വിഷങ്ങൾ, ആഹാര​സാ​ധ​നങ്ങൾ വേവി​ച്ചാ​ലും നശിപ്പി​ക്ക​പ്പെ​ടു​ന്നില്ല. വെൽനസ്‌ ലെറ്റർ പിൻവ​രുന്ന നിർദേ​ശങ്ങൾ നൽകുന്നു:

◼ ഭക്ഷ്യസാ​ധ​നങ്ങൾ കഴിയു​മെ​ങ്കിൽ ശീതീ​ക​രി​ച്ചു സൂക്ഷി​ക്കുക, പൂപ്പൽ പിടി​ക്കു​ന്ന​തി​നു മുമ്പ്‌ ഉപയോ​ഗി​ച്ചു തീർക്കുക.

◼ മുന്തി​രി​ങ്ങ​ക​ളും ബെറി​ക​ളും പോലുള്ള ചെറിയ പഴങ്ങൾക്ക്‌ പൂപ്പൽ പിടി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അവ കളയുക. ഭക്ഷിക്കു​ന്ന​തി​നു തൊട്ടു മുമ്പു മാത്രമേ പഴം കഴുകാ​വൂ, കാരണം ഈർപ്പം പൂപ്പൽ പിടി​ക്കു​ന്ന​തിന്‌ ഇടയാ​ക്കും.

◼ ആപ്പിൾ, ഉരുള​ക്കി​ഴങ്ങ്‌, കോളി​ഫ്‌ളവർ, സവോള തുടങ്ങി​യവ പോലെ കട്ടിയും വലിപ്പ​വു​മുള്ള പഴങ്ങളു​ടെ​യും പച്ചക്കറി​ക​ളു​ടെ​യും കാര്യ​ത്തിൽ ചെറി​യൊ​രു ഭാഗത്തു മാത്രമേ പൂപ്പൽ ബാധി​ച്ചി​ട്ടു​ള്ളു​വെ​ങ്കിൽ അത്‌ മുറിച്ചു കളഞ്ഞിട്ട്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. എന്നാൽ പീച്ചും തണ്ണിമ​ത്ത​ങ്ങ​യും പോലുള്ള മാംസ​ള​മായ പഴങ്ങളിൽ പൂപ്പൽ ബാധി​ക്കു​ക​യാ​ണെ​ങ്കിൽ അവ തിന്നരുത്‌.

◼ കട്ടിയുള്ള ചീസാ​ണെ​ങ്കിൽ പൂപ്പൽ പിടിച്ച ഭാഗം കുറഞ്ഞത്‌ രണ്ടോ മൂന്നോ സെന്റി​മീ​റ്റർ കനത്തിൽമു​റി​ച്ചു കളഞ്ഞിട്ട്‌ ബാക്കി​യു​ള്ളത്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. എന്നാൽ മൃദു​വായ തരം ചീസോ തൈരോ റൊട്ടി​യോ മാംസ​മോ ബാക്കി വന്ന വിഭവ​ങ്ങ​ളോ അണ്ടിപ്പ​രി​പ്പോ പീനട്ട്‌ ബട്ടറോ സിറപ്പോ ടിന്നി​ലടച്ച ഭക്ഷണസാ​ധ​ന​ങ്ങ​ളോ ഒക്കെയാ​ണെ​ങ്കിൽ പൂപ്പൽ ബാധി​ച്ചാൽ അവ ഉപയോ​ഗി​ക്കു​കയേ അരുത്‌.

ആഹാര​സാ​ധ​നങ്ങൾ ഗ്രില്ലിൽ വെച്ച്‌ പൊള്ളി​ച്ചെ​ടു​ക്കു​മ്പോൾ സൂക്ഷി​ക്കു​ക

“മാംസം നന്നായി വേവി​ക്കാ​തെ കഴിക്കു​ന്നത്‌ ആരോ​ഗ്യ​ത്തി​നു നന്നല്ലെന്ന്‌ നാം എപ്പോ​ഴും കേൾക്കാ​റു​ള്ള​താണ്‌. എന്നാൽ സമീപ വർഷങ്ങ​ളിൽ, മാംസം അമിത​മാ​യി വേവി​ക്കു​ന്നത്‌—വിശേ​ഷി​ച്ചും, മത്സ്യവും മാംസ​വും കനലടു​പ്പി​നു മുകളി​ലാ​യി, ഗ്രില്ലിൽ വെച്ച്‌ കരിഞ്ഞു​പോ​കാ​നി​ട​യാ​കും​വി​ധം ഉയർന്ന ചൂടിൽ ചുട്ടെ​ടു​ക്കു​ക​യോ പൊള്ളി​ച്ചെ​ടു​ക്കു​ക​യോ ചെയ്യു​ന്നത്‌—ആരോ​ഗ്യ​ത്തി​നു കൂടുതൽ സ്ഥായി​യായ പ്രശ്‌നങ്ങൾ സൃഷ്ടി​ക്കു​മെന്നു മനസ്സി​ലാ​ക്കി”യതായി കാനഡ​യു​ടെ നാഷണൽ പോസ്റ്റ്‌ വർത്തമാ​ന​പ​ത്രം പറയുന്നു. മാംസം അപ്രകാ​രം ഉയർന്ന ചൂടിൽ പാകം ചെയ്യു​ന്നത്‌ അത്‌ കരിഞ്ഞു​പോ​കാ​നും ഹെറ്റെ​റോ​സൈ​ക്ലിക്ക്‌ അമീനു​കൾ (എച്ച്‌സിഎ-കൾ) എന്നറി​യ​പ്പെ​ടുന്ന, കാൻസർ ഉളവാ​ക്കുന്ന സംയു​ക്തങ്ങൾ രൂപം​കൊ​ള്ളാ​നും ഇടയാ​ക്കു​ന്നു. മേൽപ്പറഞ്ഞ രീതി​യിൽ ഉയർന്ന ചൂടിൽ ചുടു​ന്ന​തി​നോ പൊള്ളി​ക്കു​ന്ന​തി​നോ മുമ്പ്‌ ഇറച്ചി​യിൽ “അമ്ലാം​ശ​മുള്ള നാരങ്ങാ​നീ​രോ ഓറഞ്ചു​നീ​രോ വിനാ​ഗി​രി​യോ” പുരട്ടി​വെ​ക്കു​ന്നത്‌ അപകടത്തെ ഇല്ലാതാ​ക്കു​മെന്ന്‌ റിപ്പോർട്ട്‌ പറയുന്നു. “അമ്ലാം​ശ​മുള്ള നാരങ്ങാ​നീ​രും മറ്റും പുരട്ടി​വെച്ച ശേഷം പൊള്ളി​ച്ചെ​ടുത്ത ഇറച്ചി​യിൽ, അങ്ങനെ ചെയ്യാതെ പൊള്ളി​ച്ചെ​ടുത്ത ഇറച്ചിയെ അപേക്ഷിച്ച്‌ എച്ച്‌സിഎ-കൾ 92-99 ശതമാനം കുറവാ​യി​രു​ന്നു​വെ​ന്നും അത്‌ പുരട്ടി​വെ​ക്കു​ന്നത്‌ 40 മിനിറ്റു നേര​ത്തേ​ക്കാ​യാ​ലും രണ്ടു ദിവസ​ത്തേ​ക്കാ​യാ​ലും വ്യത്യാ​സ​മൊ​ന്നും സംഭവി​ക്കു​ന്നി​ല്ലെ​ന്നും” അമേരി​ക്കൻ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഫോർ കാൻസർ റിസർച്ചി​ലെ ഗവേഷകർ നടത്തിയ തുടർച്ച​യായ പരീക്ഷ​ണങ്ങൾ “വെളി​പ്പെ​ടു​ത്തി.”