വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാസ—പരാജയത്തിന്റെ ആഴങ്ങളിൽനിന്ന്‌ പ്രശസ്‌തിയുടെ ഉയരങ്ങളിലേക്ക്‌

വാസ—പരാജയത്തിന്റെ ആഴങ്ങളിൽനിന്ന്‌ പ്രശസ്‌തിയുടെ ഉയരങ്ങളിലേക്ക്‌

വാസപരാജ​യ​ത്തി​ന്റെ ആഴങ്ങളിൽനിന്ന്‌ പ്രശസ്‌തി​യു​ടെ ഉയരങ്ങ​ളി​ലേക്ക്‌

സ്വീഡനിലെ ഉണരുക!ലേഖകൻ

ആഗസ്റ്റ്‌ 10, 1628. സ്വീഡന്റെ തലസ്ഥാ​ന​ന​ഗ​രി​യായ സ്റ്റോക്ക്‌ഹോം വേനൽക്കാല സൗന്ദര്യ​ത്തിൽ കുളി​ച്ചു​നിൽക്കു​ന്നു. അവിടത്തെ തുറമു​ഖത്ത്‌ ജനങ്ങൾ തടിച്ചു​കൂ​ടി​യി​ട്ടുണ്ട്‌. എന്തി​നെ​ന്നോ? വാസ എന്ന പ്രൗഢ​ഗം​ഭീ​ര​മായ യുദ്ധക്ക​പ്പ​ലി​ന്റെ കന്നിയാ​ത്ര​യ്‌ക്കു സാക്ഷ്യം​വ​ഹി​ക്കാൻ. മൂന്നു വർഷത്തെ നിർമാ​ണ​ത്തി​നൊ​ടു​വിൽ ഈ യാത്ര​യോ​ടെ അത്‌ സ്വീഡീഷ്‌ നാവി​ക​സേ​ന​യു​ടെ ഭാഗമാ​കു​ക​യാണ്‌.

വാസ ഒരു സാധാരണ യുദ്ധക്കപ്പൽ അല്ലായി​രു​ന്നു. അത്‌ ലോക​ത്തി​ലേ​ക്കും മികച്ചത്‌ ആയിരി​ക്ക​ണ​മെന്ന്‌ ഗുസ്റ്റാ​വസ്‌ രണ്ടാമൻ അഡോൾഫസ്‌ വാസ രാജാവ്‌ ആഗ്രഹി​ച്ചു. ഡാനി​ഷു​കാർ രണ്ടു വെടി​ക്കോപ്പ്‌ അറകളുള്ള ഒരു കപ്പൽ പണിയു​ന്നെന്നു കേട്ടതി​നെ തുടർന്ന്‌ വാസയ്‌ക്ക്‌ രണ്ടാമ​തൊ​രു വെടി​ക്കോപ്പ്‌ അറകൂടി പണിയാൻ അദ്ദേഹം ഉത്തരവി​ട്ട​ത്രേ. തന്റെ കുടും​ബ​പ്പേരു വഹിക്കുന്ന കപ്പൽ മറ്റൊ​ന്നി​ന്റെ മുമ്പിൽ തലകു​നി​ക്കുന്ന കാര്യം അദ്ദേഹ​ത്തി​നു ചിന്തി​ക്കാൻകൂ​ടി കഴിയു​മാ​യി​രു​ന്നില്ല.

അതിന്റെ കന്നിയാ​ത്ര അദ്ദേഹ​ത്തി​ന്റെ രാജകീയ അധികാ​ര​വും പ്രതാ​പ​വും വിളി​ച്ചോ​തു​മെ​ന്നാ​യി​രു​ന്നു പ്രതീ​ക്ഷി​ച്ചത്‌. സജ്ജമാക്കി വെച്ചി​രുന്ന 64 തോക്കു​കൾ കപ്പലിൽ ഉണ്ടായി​രു​ന്നു. 700-ലധികം കൊത്തു​പ​ണി​ക​ളും അലങ്കാ​ര​ങ്ങ​ളും​കൊണ്ട്‌ അത്‌ മോടി​പി​ടി​പ്പി​ച്ചി​രു​ന്നു. സ്വീഡന്റെ മൊത്ത ദേശീയ ഉത്‌പാ​ദ​ന​ത്തി​ന്റെ 5 ശതമാ​ന​ത്തി​ലും അധികം വിലവ​രുന്ന, ശക്തമായ ആ യുദ്ധക്കപ്പൽ കലാഭം​ഗി ഒത്തിണ​ങ്ങിയ ഒഴുകുന്ന ഒരു പ്രദർശ​ന​വ​സ്‌തു തന്നെയാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ അക്കാലത്ത്‌ നിർമി​ക്ക​പ്പെ​ട്ട​തി​ലേ​ക്കും ഗംഭീ​ര​മായ കപ്പലാ​യി​രു​ന്നു അത്‌. സ്റ്റോക്ക്‌ഹോം തുറമു​ഖ​ത്തു​നിന്ന്‌ ജലപാ​ളി​കളെ കീറി​മു​റി​ച്ചു​കൊണ്ട്‌ മുന്നോ​ട്ടു കുതി​ക്കവെ ആളുകൾ അഭിമാ​ന​പൂർവം ആർപ്പു​വി​ളി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല!

നാണ​ക്കേ​ടി​നി​ട​യാ​ക്കിയ ദുരന്തം

വാസ ഒരു കിലോ​മീ​റ്റ​റി​ലും അൽപ്പം കൂടെ ദൂരം പോയി​ക്കാ​ണും, പെട്ടെന്ന്‌ എവി​ടെ​നി​ന്നോ ആഞ്ഞുവീ​ശിയ ഒരു കാറ്റിൽപ്പെട്ട്‌ അത്‌ ചെരിഞ്ഞു. വെടി​വെ​ക്കു​ന്ന​തി​നാ​യി ഉണ്ടാക്കി​യി​രുന്ന തുളക​ളി​ലൂ​ടെ വെള്ളം അതി​ലേക്ക്‌ ഇരച്ചു​ക​യറി. വാസ ആഴിയു​ടെ അഗാധ​ങ്ങ​ളി​ലേക്കു താണു. ഒരുപക്ഷേ നാവിക ചരി​ത്ര​ത്തി​ലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കന്നിയാ​ത്ര​യാ​യി​രു​ന്നി​രി​ക്കാം അത്‌!

കാണികൾ ഞെട്ടി​ത്ത​രി​ച്ചു​പോ​യി. സ്വീഡീഷ്‌ നാവി​ക​സേ​ന​യു​ടെ പ്രതാ​പ​ചി​ഹ്നം അടിയ​റവു പറഞ്ഞത്‌ യുദ്ധത്തി​ലല്ല, പുറങ്ക​ട​ലിൽ ആഞ്ഞടിച്ച ഒരു കൊടു​ങ്കാ​റ്റി​നു മുന്നി​ലു​മല്ല. സ്വന്തം തുറമുഖ പ്രദേ​ശത്തു വീശിയ ഒരു കാറ്റിനു മുന്നി​ലാണ്‌. കപ്പലിൽ ഉണ്ടായി​രുന്ന 50-ഓളം പേരുടെ മരണം ദുരന്ത​ത്തി​ന്റെ മുഖം കൂടുതൽ ഭീകര​മാ​ക്കി. ദേശത്തി​ന്റെ അഭിമാ​നം ആയിത്തീ​രേ​ണ്ടി​യി​രുന്ന വാസ ആശാഭം​ഗ​ത്തി​ന്റെ​യും അപമാ​ന​ത്തി​ന്റെ​യും പര്യാ​യ​മാ​യി​മാ​റി.

നാണ​ക്കേ​ടി​നി​ട​യാ​ക്കിയ ഈ ദുരന്ത​ത്തിന്‌ ഉത്തരവാ​ദി ആരാ​ണെന്നു കണ്ടുപി​ടി​ക്കാ​നാ​യി കോടതി വിളി​ച്ചു​കൂ​ട്ടി. എന്നാൽ ആരു​ടെ​മേ​ലും കുറ്റം ചുമത്ത​പ്പെ​ട്ടില്ല. തെളി​വു​കൾ തീർത്ത പ്രതി​ക്കൂ​ട്ടിൽ നിൽക്കേണ്ടി വന്നത്‌ രാജാ​വും സ്വീഡീഷ്‌ നാവി​ക​സേ​ന​യി​ലെ രണ്ടാമത്തെ ഉയർന്ന സേനാ​പതി, വൈസ്‌ അഡ്‌മി​റൽ ക്ലാസ്‌ ഫ്‌ളെ​മി​ങ്ങും ആയിരു​ന്നു എന്നതാ​യി​രു​ന്നി​രി​ക്കാം അതിനു കാരണം.

രാജാ​വി​ന്റെ കൽപ്പനകൾ അനുസ​രി​ക്കാ​നാ​യി, ജോലി​ക്കാർ തങ്ങൾക്കു പരിചി​ത​മ​ല്ലാത്ത ഡി​സൈ​നു​കൾ പരീക്ഷി​ച്ചു നോക്കി. തന്നിമി​ത്തം വാസയു​ടെ അളവു​ക​ളൊ​ന്നും ആനുപാ​തി​ക​മാ​യി​രു​ന്നില്ല. ഈ ദുരന്തം സംഭവി​ക്കു​ന്ന​തിന്‌ കുറച്ചു​നാൾ മുമ്പ്‌ കപ്പൽ മുങ്ങി​ല്ലെന്ന്‌ ഉറപ്പു വരുത്താ​നാ​യി അഡ്‌മി​റൽ ഫ്‌ളെ​മിങ്ങ്‌ ഒരു പരീക്ഷണം നടത്തു​ക​യു​ണ്ടാ​യി. മുപ്പതു പേരെ ഒരു വരിയി​ലാ​യി നിറു​ത്തി​യിട്ട്‌, കപ്പലിന്റെ ഒരു അറ്റത്തു​നിന്ന്‌ മറ്റേ അറ്റത്തേക്ക്‌, കപ്പലിനു കുറുകെ ഓടാൻ ആവശ്യ​പ്പെട്ടു. അങ്ങനെ മൂന്നു പ്രാവ​ശ്യം ഓടി​ക്ക​ഴി​ഞ്ഞ​പ്പോൾ ഇനിയും അതു തുടർന്നാൽ കപ്പൽ അപ്പോൾത്തന്നെ മറിയു​മെന്ന്‌ അഡ്‌മി​റ​ലി​നു മനസ്സി​ലാ​യി. അതു​കൊണ്ട്‌ ഓട്ടം മതിയാ​ക്കാൻ അദ്ദേഹം ആജ്ഞാപി​ച്ചു. എന്നാൽ കപ്പലിന്റെ കന്നിയാ​ത്ര തടയു​ന്ന​തി​നുള്ള നടപടി​ക​ളൊ​ന്നും അദ്ദേഹം സ്വീക​രി​ച്ചില്ല. അങ്ങനെ, തെളി​വു​ക​ളെ​ല്ലാം രാജാവ്‌, അഡ്‌മി​റൽ തുടങ്ങിയ പ്രധാ​ന​പ്പെട്ട വ്യക്തി​കൾക്കു നേരെ വിരൽചൂ​ണ്ടു​ന്നതു കണ്ടപ്പോൾ ആരെയും കുറ്റക്കാ​രെന്നു പ്രഖ്യാ​പി​ക്കാ​തെ അന്വേ​ഷണം അവസാ​നി​പ്പി​ച്ചു.

1664-65 കാലഘ​ട്ട​ത്തിൽ സ്വീഡീഷ്‌ കരസേ​ന​യി​ലെ ഒരു മുൻ ഉദ്യോ​ഗസ്ഥൻ മണിയാ​കൃ​തി​യി​ലുള്ള വെറു​മൊ​രു മുങ്ങൽയ​ന്ത്ര​ത്തി​ന്റെ സഹായ​ത്താൽ വാസയി​ലു​ണ്ടാ​യി​രുന്ന തോക്കു​ക​ളിൽ ഒട്ടുമി​ക്ക​വ​യും വീണ്ടെ​ടു​ത്തു. എന്നാൽ പിന്നീട്‌ സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടി​ലുള്ള നനഞ്ഞു​കു​ഴഞ്ഞ മണലി​ലേക്ക്‌ കൂടുതൽ കൂടുതൽ ആഴ്‌ന്നു​പോ​കവെ വാസ മെല്ലെ വിസ്‌മൃ​തി​യിൽ മറഞ്ഞു. ഒടുവിൽ അത്‌ സമു​ദ്രോ​പ​രി​ത​ല​ത്തിൽ നിന്ന്‌ 100 അടി ആഴത്തി​ലെത്തി.

ചെളി​ക്കു​ണ്ടിൽനിന്ന്‌ പുറ​ത്തേക്ക്‌

1956 ആഗസ്റ്റിൽ, കോർ സാംപ്ലർ എന്ന ഉപകരണം ഉപയോ​ഗിച്ച്‌ സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടിൽ പരതവെ അമച്വർ പുരാ​വ​സ്‌തു ഗവേഷ​ക​നായ ആൻഡേ​ഴ്‌സ്‌ ഫ്രാൻസേൻ, കപ്പൽ നിർമാ​ണ​ത്തിൽ ഉപയോ​ഗിച്ച ഓക്കു​മ​ര​ത്തി​ന്റെ ഒരു കഷണം കണ്ടെത്തി. പഴയ രേഖകൾ പരി​ശോ​ധി​ച്ചു​കൊ​ണ്ടും സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടിൽ പരതി​ക്കൊ​ണ്ടും, വർഷങ്ങ​ളോ​ളം അദ്ദേഹം വാസയ്‌ക്കാ​യി നടത്തിയ അന്വേ​ഷണം അങ്ങനെ വിജയം​കണ്ടു. പിന്നീട്‌ വളരെ ശ്രദ്ധാ​പൂർവം വാസയെ ചെളി​ക്കു​ണ്ടിൽനി​ന്നു പുറ​ത്തെ​ടു​ക്കു​ക​യും വെള്ളത്തി​ന​ടി​യി​ലൂ​ടെ മുഴു​വ​നാ​യി​ത്തന്നെ തുറമു​ഖ​ത്തെ​ത്തി​ക്കു​ക​യും ചെയ്‌തു.

1961 ഏപ്രിൽ 24-ന്‌ സ്റ്റോക്ക്‌ഹോ​മി​ലെ തുറമു​ഖത്ത്‌ ഒരിക്കൽക്കൂ​ടി ആർപ്പു​വി​ളി​ക്കുന്ന കാണികൾ തിങ്ങി​നി​റഞ്ഞു. 333 വർഷം സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടിൽ ആയിരു​ന്ന​തി​നു ശേഷം വാസ അതിന്റെ തിരി​ച്ചു​വ​രവു നടത്തു​ക​യാ​യി​രു​ന്നു. ആഴിയു​ടെ അഗാധ​ങ്ങ​ളിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേറ്റു വന്ന വാസ, സാമു​ദ്രിക പുരാ​വ​സ്‌തു ഗവേഷ​കരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു അമൂല്യ നിധി​യാ​യി​രു​ന്നു. കൂടാതെ അത്‌ വിനോ​ദ​സ​ഞ്ചാ​രി​കളെ ആകർഷി​ക്കു​ന്ന​തി​ലും വിജയി​ച്ചു. അതിലെ 25,000-ത്തിലധി​കം വരുന്ന കരകൗശല വസ്‌തു​ക്ക​ളും മറ്റു സാമ​ഗ്രി​ക​ളും 17-ാം നൂറ്റാ​ണ്ടി​ലെ ഈ യുദ്ധക്ക​പ്പ​ലി​നെ കുറി​ച്ചുള്ള രസകര​മായ പല വിശദാം​ശ​ങ്ങ​ളും അക്കാലത്തെ കപ്പൽ നിർമാ​ണ​ത്തെ​യും ശിൽപ്പ​വി​ദ്യ​യെ​യും കുറിച്ചു സൂക്ഷ്‌മ​മായ ഉൾക്കാ​ഴ്‌ച​യും പ്രദാനം ചെയ്‌തു.

വാസയും അതിലെ വസ്‌തു​ക്ക​ളും ഇത്ര നന്നായി പരിര​ക്ഷി​ക്ക​പ്പെ​ടാൻ ഇടയാ​ക്കി​യത്‌ എന്താണ്‌? ചില കാരണങ്ങൾ ഇവയാ​യി​രു​ന്നു: പണിതി​റ​ക്കിയ ഉടനെ​യാണ്‌ അതു മുങ്ങി​യത്‌. ലവണാം​ശം കുറഞ്ഞ വെള്ളത്തിൽ, തടി​കൊ​ണ്ടുള്ള സാധനങ്ങൾ തുരന്നു നശിപ്പി​ക്കുന്ന കപ്പൽപ്പു​ഴു​ക്കൾ ഉണ്ടായി​രി​ക്കു​ക​യില്ല. കപ്പൽ ചെളി​യിൽ പുതഞ്ഞു കിടന്ന​തും പരിര​ക്ഷ​ണ​ത്തി​നു സഹായ​ക​മാ​യി.

വാസയിൽ ഏതാണ്ട്‌ 120 ടൺ അടിഭാ​രം—കപ്പൽ പെട്ടെന്നു മറിഞ്ഞു പോകാ​തി​രി​ക്കാ​നാ​യി അതിന്റെ അടിത്ത​ട്ടി​ലി​ടുന്ന ഭാരം—ഇട്ടിരു​ന്നു. എന്നാൽ വാസയ്‌ക്ക്‌, അതിന്റെ ഇരട്ടി​യി​ല​ധി​കം അടിഭാ​രം വേണ്ടി​യി​രു​ന്നു എന്നാണു വിദഗ്‌ധ​രു​ടെ കണക്കു​കൂ​ട്ടൽ. പക്ഷേ, ആ കപ്പലിന്‌ അതിനു മതിയായ സ്ഥലം ഉണ്ടായി​രു​ന്നില്ല. മാത്രമല്ല, അത്രയും ഭാരം കയറ്റി​യാൽ വെടി​വെ​ക്കു​ന്ന​തി​നാ​യി ഉണ്ടാക്കി​യി​രുന്ന തുളകൾ വെള്ള​ത്തോ​ടു കുറേ​ക്കൂ​ടെ അടുക്കു​മാ​യി​രു​ന്നു. ആ യുദ്ധക്കപ്പൽ കാഴ്‌ച​യ്‌ക്ക്‌ അതിഗം​ഭീ​രം ആയിരു​ന്നെ​ങ്കി​ലും അതിന്റെ സന്തുല​ന​ത്തി​ലെ പാളിച്ച ദുരന്തം ഉറപ്പാക്കി.

പൂർണ​മാ​യി തിരി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​തും മുഴു​ഭാ​ഗ​ങ്ങ​ളോ​ടെ സംരക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​മായ കപ്പലു​ക​ളിൽ വെച്ച്‌ ഏറ്റവും പഴയ കപ്പലായ വാസ ഇപ്പോൾ അതിനാ​യി മാത്ര​മുള്ള മ്യൂസി​യ​ത്തിൽ സുരക്ഷി​ത​മാ​യി​രി​ക്കു​ന്നു. ഓരോ വർഷവും 8,50,000 പേർ അവിടം സന്ദർശി​ക്കു​ന്നുണ്ട്‌. 17-ാം നൂറ്റാ​ണ്ടി​ലെ രാജകീയ പ്രതാ​പ​ചി​ഹ്ന​മാ​യി​രുന്ന ആ കപ്പൽ 1628-ലെ അതിന്റെ കന്നിയാ​ത്ര​യിൽത്തന്നെ മുങ്ങി​പ്പോ​യ​തു​കൊണ്ട്‌ കാലത്തി​ന്റെ കാൽപ്പാ​ടു​കൾ അതിൽ പതിഞ്ഞി​ട്ടി​ല്ലെ​ന്നു​തന്നെ പറയാം. ദുരഭി​മാ​ന​വും അശ്രദ്ധ​യും നിമിത്തം, സുരക്ഷി​ത​മായ കപ്പൽനിർമാണ രീതികൾ അവഗണി​ച്ചു​കളഞ്ഞ അധികാ​രി​ക​ളു​ടെ ബുദ്ധി​ശൂ​ന്യ​ത​യു​ടെ ഒരു സ്‌മാ​ര​ക​മാ​യി അത്‌ അവിടെ നില​കൊ​ള്ളു​ക​യാണ്‌.

[24-ാം പേജിലെ ചിത്രം]

ഗുസ്റ്റാവസ്‌ രണ്ടാമൻ അഡോൾഫസ്‌ വാസ രാജാവ്‌

[കടപ്പാട്‌]

Foto: Nationalmuseum, Stockholm

[24, 25 പേജു​ക​ളി​ലെ ചിത്രങ്ങൾ]

300-ൽപ്പരം വർഷം സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടിൽ ആയിരു​ന്ന​തി​നു ശേഷം “വാസ” ഇപ്പോൾ ലോക​ശ്രദ്ധ പിടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്നു

[കടപ്പാട്‌]

◀▲Genom tillmötesgående från Vasamuseet, Stockholm

[25-ാം പേജിലെ ചിത്രം]

Målning av det kapsejsande Vasa, av konstnär Nils Stödberg