വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഗ്നിപർവത സ്‌ഫോടനത്തെ നിഷ്‌പ്രഭമാക്കിയ ക്രിസ്‌തീയ സ്‌നേഹം

അഗ്നിപർവത സ്‌ഫോടനത്തെ നിഷ്‌പ്രഭമാക്കിയ ക്രിസ്‌തീയ സ്‌നേഹം

അഗ്നിപർവത സ്‌ഫോ​ട​നത്തെ നിഷ്‌പ്ര​ഭ​മാ​ക്കിയ ക്രിസ്‌തീയ സ്‌നേഹം

കാമറൂണിലെ ഉണരുക! ലേഖകൻ

പശ്ചിമാ​ഫ്രി​ക്കൻ രാജ്യ​മായ കാമറൂൺ ഇക്കഴിഞ്ഞ വർഷം ഒരു ഭീമാ​കാ​രന്റെ ഉഗ്ര​കോ​പ​ത്തിൻ ചൂടറി​ഞ്ഞു. സമു​ദ്ര​നി​ര​പ്പിൽ നിന്ന്‌ 4,070 മീറ്റർ ഉയരമുള്ള അഗ്നിപർവ​ത​മാണ്‌ മൗണ്ട്‌ കാമറൂൺ. 20-ാം നൂറ്റാ​ണ്ടിൽ ഇത്‌ അഞ്ചാമത്തെ തവണയാണ്‌ ഈ പർവതം പൊട്ടി​ത്തെ​റി​ക്കു​ന്നത്‌. റിപ്പോർട്ട്‌ അനുസ​രിച്ച്‌,

ഇത്ര ഉഗ്രവും വിനാ​ശ​ക​വു​മായ വിധത്തിൽ മൗണ്ട്‌ കാമറൂൺ പൊട്ടി​ത്തെ​റി​ച്ചത്‌ ഇത്‌ ആദ്യമാ​യാണ്‌.

1999 മാർച്ച്‌ 27-ാം തീയതി ശനിയാഴ്‌ച ഉച്ചതി​രി​ഞ്ഞാ​യി​രു​ന്നു ദുരന്ത​ങ്ങ​ളു​ടെ തുടക്കം. മതിലു​ക​ളും വീടു​ക​ളും, എന്തിന്‌ വൃക്ഷങ്ങൾ പോലും അത്യു​ഗ്ര​മാ​യി കുലു​ങ്ങു​ക​യാ​യി​രു​ന്നു എന്ന്‌ പർവത​ത്തി​ന്റെ അടിവാ​ര​ത്തുള്ള ബൂവേയ പട്ടണത്തി​ലെ ദൃക്‌സാ​ക്ഷി​കൾ പറയുന്നു. പിറ്റേന്നു വൈകിട്ട്‌ എട്ടര​യോ​ട​ടുത്ത്‌ ആ പ്രദേ​ശത്ത്‌ അന്നുവരെ അനുഭ​വ​പ്പെ​ട്ടി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും ശക്തവും ഉഗ്രവു​മായ പ്രകമ്പ​ന​മു​ണ്ടാ​യി. 70 കിലോ​മീ​റ്റർ അകലെ​യുള്ള ഡുവാ​ല​യിൽ പോലും അത്‌ അനുഭ​വ​പ്പെട്ടു. 1999 മാർച്ച്‌ 30 ചൊവ്വാ​ഴ്‌ച​യി​ലെ ലേ മെസ്സാ​ഴേ​യു​ടെ മുഖ്യ​ത​ല​ക്കെട്ട്‌ ഇങ്ങനെ​യാ​യി​രു​ന്നു: “മൗണ്ട്‌ കാമറൂൺ സ്‌ഫോ​ടനം—2,50,000 പേർ അപകട​ഭീ​ഷ​ണി​യിൽ.” അതു തുടർന്നു: “രണ്ടു ദിവസ​ത്തി​നു​ള്ളിൽ 50 തവണ ഭൂമി കുലുങ്ങി; ഇപ്പോൾത്തന്നെ 4 അഗ്നിപർവ​ത​വ​ക്‌ത്രങ്ങൾ രൂപം​കൊ​ണ്ടി​രി​ക്കു​ന്നു; നൂറു​ക​ണ​ക്കി​നു വീടുകൾ നിലം​പൊ​ത്തി; പ്രസി​ഡ​ന്റി​ന്റെ ബൂവേ​യ​യി​ലെ കൊട്ടാ​രം തകർന്നു.”

ബൂവേയ പട്ടണത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി ഏകദേശം 80 പേരുണ്ട്‌. അവരുടെ വീടു​ക​ളിൽ പലതും നന്നാക്കാൻ പറ്റാത്ത വിധം തകർന്നു​പോ​യി​രു​ന്നു. രാജ്യ​ഹാ​ളാ​യി ഉപയോ​ഗി​ച്ചി​രുന്ന ഒരു വീടും ഇതിൽപ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, ആർക്കും ജീവഹാ​നി​യൊ​ന്നും സംഭവി​ച്ചില്ല.

ക്രിസ്‌തീയ സ്‌നേഹം പ്രവർത്ത​ന​ത്തിൽ

സ്‌ഫോ​ടനം വിതച്ച നാശന​ഷ്ടങ്ങൾ നികത്തുക എന്ന ലക്ഷ്യത്തിൽ ക്രിസ്‌തീയ സ്‌നേഹം ഉടനടി പ്രവർത്ത​ന​നി​ര​ത​മാ​യി. ഒരു ദുരി​താ​ശ്വാ​സ കമ്മിറ്റി രൂപീ​ക​രി​ക്ക​പ്പെട്ടു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം, ദുരന്ത​ത്തിന്‌ ഇരയാ​യ​വർക്കു സാമ്പത്തിക സഹായം നൽകു​ന്ന​തി​നു​വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. ദുരന്ത​ത്തിന്‌ ഇരയാ​യ​വർക്കു​വേണ്ടി തങ്ങളുടെ സമയവും ഊർജ​വും പണവും സ്‌നേ​ഹ​പൂർവം വിനി​യോ​ഗി​ക്കാൻ നൂറു​ക​ണ​ക്കി​നു യഹോ​വ​യു​ടെ സാക്ഷികൾ മനസ്സോ​ടെ മുന്നോ​ട്ടു​വന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ നിന്ന്‌ ആഹാര​സാ​ധ​നങ്ങൾ അയച്ചു​കൊ​ടു​ക്കു​ക​യു​ണ്ടാ​യി. ഒരു സാക്ഷി 1,000 സിമന്റ്‌ കട്ടകൾ സംഭാ​വ​ന​ചെ​യ്‌തു. മറ്റൊ​രാ​ളാ​ണെ​ങ്കിൽ അലുമി​നി​യം കൊണ്ടുള്ള മേൽക്കൂര, കുറഞ്ഞ വിലയ്‌ക്കു വാങ്ങാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു​കൊ​ടു​ത്തു. അറുത്തു പലകക​ളാ​ക്കിയ തടി ശേഖരി​ക്കു​ന്ന​തി​നു വേണ്ടി വേറൊ​രു സഹോ​ദരൻ 16 കിലോ​മീ​റ്റർ കാൽന​ട​യാ​യി യാത്ര ചെയ്‌തു. മറ്റൊരു യുവസ​ഹോ​ദ​ര​നാ​ണെ​ങ്കിൽ തന്റെ വിവാഹം നീട്ടി​വെച്ചു. എന്നിട്ട്‌ വധുവില കൊടു​ക്കാൻവേണ്ടി സ്വരു​ക്കൂ​ട്ടിയ പണം കൊടുത്ത്‌ ഇലക്‌ട്രിക്‌ മോ​ട്ടോർ ഘടിപ്പിച്ച തന്റെ അറപ്പു​വാൾ നന്നാക്കി. ഒരു വീടിന്‌ ആവശ്യ​മാ​യ​ത്ര​യും തടി വനത്തി​നു​ള്ളിൽനിന്ന്‌ മൂന്നാ​ഴ്‌ച​കൊണ്ട്‌ അദ്ദേഹം മുറി​ച്ചെ​ടു​ത്തു! നല്ല ആരോ​ഗ്യ​മുള്ള യുവ​ക്രി​സ്‌തീയ സഹോ​ദ​ര​ന്മാർ ചേർന്ന്‌ അതു മുഴുവൻ അഞ്ചു കിലോ​മീ​റ്റർ അകലെ​യുള്ള ഒരു സ്ഥലത്തേക്കു തലച്ചു​മ​ടാ​യി കൊണ്ടു​പോ​യി. പിന്നീട്‌ അവി​ടെ​നിന്ന്‌ അത്‌ ഒരു ട്രക്കിൽ കയറ്റി​ക്കൊ​ണ്ടു​പോ​യി.

ഏപ്രിൽ 24-ാം തീയതി​യാണ്‌ പുനർനിർമാണ പ്രവർത്ത​ന​ങ്ങൾക്കു തുടക്കം കുറി​ച്ചത്‌. അന്നേ ദിവസം 60 സ്വമേ​ധയാ സേവകർ ദുരന്ത​സ്ഥ​ലത്തു വന്നെത്തി. തുടർന്നുള്ള വാരാ​ന്ത​ങ്ങ​ളിൽ, സ്വമേ​ധയാ സേവക​രു​ടെ എണ്ണം 200 എന്ന അത്യു​ച്ച​ത്തിൽ എത്തുക​യു​ണ്ടാ​യി. മുഴു​സമയ ജോലി​ക്കാ​രായ മൂന്നു സാക്ഷികൾ, ജോലി കഴിഞ്ഞുള്ള സമയത്ത്‌ സഹായി​ക്കാ​നാ​യി ദുരന്ത​സ്ഥ​ലത്ത്‌ എത്തിയി​രു​ന്നു. അവർ പണിനി​റു​ത്തു​മ്പോൾ എന്നും അർധരാ​ത്രി കഴിയു​മാ​യി​രു​ന്നു. ഡുവാ​ല​യിൽ നിന്നുള്ള ഒരു സാക്ഷി അതിരാ​വി​ലെ മുതൽ ഉച്ചവരെ ജോലി ചെയ്‌ത​ശേഷം 70 കിലോ​മീ​റ്റർ മോ​ട്ടോർ​സൈ​ക്കി​ളിൽ സഞ്ചരിച്ച്‌ ദുരന്ത​സ്ഥ​ലത്ത്‌ വരുമാ​യി​രു​ന്നു. എന്നും അർധരാ​ത്രി​വരെ ജോലി ചെയ്‌ത ശേഷമാണ്‌ അദ്ദേഹം മടങ്ങി​യി​രു​ന്നത്‌. രണ്ടു മാസത്തിൽ കുറഞ്ഞ സമയം​കൊണ്ട്‌ ആറു വീടു​ക​ളു​ടെ പണി പൂർത്തി​യാ​യി. ഈ സമയ​ത്തെ​ല്ലാം, ബൂവേയ സഭയിലെ സഹോ​ദ​രങ്ങൾ ഒരു സ്വകാര്യ ഭവനത്തിൽ യോഗങ്ങൾ നടത്തി​യി​രു​ന്നു. ഹാജർ എല്ലായ്‌പോ​ഴും സഭയിലെ അംഗങ്ങ​ളു​ടെ എണ്ണത്തിന്റെ ഇരട്ടി​യോ​ളം വരുമാ​യി​രു​ന്നു.

ഇതേ കാലയ​ള​വിൽത്തന്നെ, മലിന​ജലം ശുദ്ധീ​ക​രി​ക്കു​ന്ന​തിന്‌ 40,000-ത്തിലധി​കം ഗുളി​കകൾ ദുരി​താ​ശ്വാ​സ കമ്മിറ്റി വിതരണം ചെയ്‌തു. മാത്രമല്ല, വിഷവാ​ത​ക​വും അഗ്നിപർവ​ത​ചാ​ര​വും നിമിത്തം ശ്വസന​സം​ബ​ന്ധ​മായ രോഗങ്ങൾ ബാധിച്ച പത്തോളം പേർക്ക്‌ ആശുപ​ത്രി​യിൽ നിന്നു ചികിത്സ ലഭിക്കു​ന്ന​തി​നു വേണ്ട ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു​കൊ​ടു​ത്തു. ഈ ക്രിസ്‌തീയ സ്‌നേഹം നിരീ​ക്ഷി​ച്ച​വ​രു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

ക്രിസ്‌തീയ സ്‌നേ​ഹ​ത്തി​ന്റെ ഉജ്ജ്വല ജയം

സഹോ​ദ​രങ്ങൾ നിർമിച്ച ഒരു വീട്‌ കണ്ടശേഷം, പ്രൊ​വിൻഷ്യൽ ഡെലി​ഗേഷൻ ഓഫ്‌ അഗ്രി​ക്കൾച്ച​റി​ലെ ഒരു വ്യക്തി ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി: “ഈ വീട്‌ അതിൽത്തന്നെ ഒരു മഹത്തായ സാക്ഷ്യ​മാണ്‌ . . . , സ്‌നേ​ഹ​ത്തി​ന്റെ ഒരു തെളി​വു​തന്നെ.” ഒരു അധ്യാ​പിക ഇങ്ങനെ പറഞ്ഞു: “ഇതു​പോ​ലൊന്ന്‌ എന്റെ ജീവി​ത​ത്തിൽ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല. . . . ഇതു തീർച്ച​യാ​യും സത്യ​ക്രി​സ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഒരു ലക്ഷണം തന്നെ.”

ഈ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങ​ളിൽ നിന്നു വ്യക്തി​പ​ര​മാ​യി പ്രയോ​ജനം അനുഭ​വി​ച്ച​വർക്കും അതേക്കു​റി​ച്ചു പറയാൻ ആയിരം നാവാ​യി​രു​ന്നു. 65-കാരനായ തിമൊ​ത്തി—രോഗി​യും കൂടെ​യാണ്‌ അദ്ദേഹം—ഇങ്ങനെ എഴുതി: “ഞങ്ങളുടെ പുതിയ വീട്ടി​ലേക്കു നോക്കു​മ്പോ​ഴെ​ല്ലാം സന്തോ​ഷം​കൊ​ണ്ടു ഞങ്ങളുടെ കണ്ണുനി​റ​യും. ഞങ്ങൾക്കു​വേണ്ടി ചെയ്‌തു​തന്ന എല്ലാറ്റി​നും ഞങ്ങൾ യഹോ​വ​യ്‌ക്കു തുടർച്ച​യാ​യി നന്ദി നൽകുന്നു.” വീടു നിലം​പൊ​ത്തി​യ​തോ​ടെ യഹോ​വ​യു​ടെ സാക്ഷി​യ​ല്ലാത്ത ഒരു വിധവ​യ്‌ക്കും അവരുടെ നാലു​മ​ക്കൾക്കും കയറി​ക്കി​ട​ക്കാൻ കൂടി ഒരു ഇടമി​ല്ലാ​താ​യി. ഇതും പോരാ​ഞ്ഞിട്ട്‌, അവർ പണിക്കാ​യി കൂലിക്കു വിളി​ച്ചവർ മേൽക്കൂര പണിയു​ന്ന​തി​നുള്ള സാധനങ്ങൾ മോഷ്ടി​ച്ചു​കൊ​ണ്ടു കടന്നു​ക​ള​യു​ക​യും ചെയ്‌തു. സാക്ഷി​ക​ളായ സ്വമേ​ധയാ സേവകർ അവരുടെ സഹായ​ത്തി​നെത്തി. തുടർന്ന്‌ അവർ ഇങ്ങനെ പറഞ്ഞു: “എങ്ങനെ നന്ദി പറയണ​മെന്ന്‌ എനിക്ക്‌ അറിഞ്ഞു​കൂ​ടാ. സന്തോ​ഷം​കൊണ്ട്‌ എന്റെ ഹൃദയം നിറഞ്ഞു​തു​ളു​മ്പു​ന്നു.” ഒരു ക്രിസ്‌തീയ മൂപ്പന്റെ ഭാര്യ​യായ എലിസ​ബേത്ത്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “യഹോ​വ​യു​ടെ സംഘട​ന​യിൽ സ്‌നേഹം ഉള്ളതിൽ ഞാൻ അതീവ സന്തുഷ്ട​യാണ്‌. നാം ജീവനുള്ള ദൈവ​ത്തെ​യാ​ണു സേവി​ക്കു​ന്നത്‌ എന്നാണ്‌ അതി​ന്റെ​യർഥം.”

അതിശ​ക്ത​മാ​യി​ട്ടാണ്‌ അഗ്നിപർവതം പൊട്ടി​ത്തെ​റി​ച്ചത്‌. പക്ഷേ, അതിന്‌ ഈ സഹോ​ദ​ര​വർഗ​ത്തി​നി​ട​യി​ലെ ക്രിസ്‌തീയ സ്‌നേ​ഹത്തെ തുടച്ചു​നീ​ക്കാ​നാ​യില്ല. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ദിവ്യ​നി​ശ്വ​സ്‌ത​ത​യിൽ എഴുതി​യ​തു​പോ​ലെ “സ്‌നേഹം ഒരുനാ​ളും ഉതിർന്നു​പോ​ക​യില്ല.”—1 കൊരി​ന്ത്യർ 13:8.

[16-ാം പേജിലെ ചിത്രം]

ലാവാപ്രവാഹം ഏറെ നാശന​ഷ്ടങ്ങൾ വരുത്തി​വെ​ച്ചു

[17-ാം പേജിലെ ചിത്രം]

തകർന്നുപോയ വീടുകൾ വീണ്ടും പണിയു​ന്ന​തിന്‌ സ്വമേ​ധയാ സേവകർ അത്യധ്വാ​നം ചെയ്‌തു

[16, 17 പേജു​ക​ളി​ലെ ചിത്രം]

മൗണ്ട്‌ കാമറൂൺ