വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അച്ഛനായി എന്നതുകൊണ്ട്‌ ഒരുവൻ പുരുഷനാകുമോ?

അച്ഛനായി എന്നതുകൊണ്ട്‌ ഒരുവൻ പുരുഷനാകുമോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

അച്ഛനായി എന്നതു​കൊണ്ട്‌ ഒരുവൻ പുരു​ഷ​നാ​കു​മോ?

“എനിക്ക്‌ ഒരു മകൾ ഇവി​ടെ​യുണ്ട്‌, ഒരു മകൻ അവി​ടെ​യുണ്ട്‌’ എന്നു പറയുന്ന ചില [ചങ്ങാതി​മാ​രെ] എനിക്ക​റി​യാം. അവർ അതു പറയുന്ന രീതി കേട്ടാ​ല​റി​യാം അവർക്ക്‌ മക്കളെ​ക്കു​റിച്ച്‌ യാതൊ​രു ചിന്തയു​മി​ല്ലെന്ന്‌.”—ഹാരൊൾഡ്‌.

ഐക്യ​നാ​ടു​ക​ളിൽ ഓരോ വർഷവും ഗർഭി​ണി​ക​ളാ​കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രായ പെൺകു​ട്ടി​ക​ളു​ടെ എണ്ണം പത്തുല​ക്ഷ​ത്തോ​ളം വരും. അവരിൽ ബഹുഭൂ​രി​പ​ക്ഷ​വും ഗർഭി​ണി​ക​ളാ​കു​ന്നത്‌ അവിഹിത ബന്ധത്തി​ലൂ​ടെ​യാണ്‌. കൗമാ​ര​പ്രാ​യ​ക്കാ​രായ ഈ അമ്മമാ​രിൽ നാലിൽ ഒരാൾക്കു വീതം അടുത്ത രണ്ടു വർഷത്തി​നു​ള്ളിൽ രണ്ടാമത്തെ കുട്ടി ജനിക്കു​ന്നു. അറ്റ്‌ലാ​ന്റിക്‌ മന്ത്‌ലി എന്ന മാസിക ഇങ്ങനെ പറയുന്നു: “ഈ പ്രവണത ഇങ്ങനെ തുടർന്നാൽ, ഇന്നു ജനിക്കുന്ന കുട്ടി​ക​ളിൽ പകുതി​യിൽ താഴെ പേർക്കു മാത്രമേ കുട്ടി​ക്കാ​ല​ത്തു​ട​നീ​ളം തങ്ങളുടെ അച്ഛനോ​ടും അമ്മയോ​ടു​മൊ​പ്പം കഴിയാൻ സാധി​ക്കു​ക​യു​ള്ളൂ. മാതാവ്‌ മാത്ര​മുള്ള കുടും​ബ​ത്തി​ലാ​യി​രി​ക്കും അമേരി​ക്ക​ക്കാ​രായ മിക്ക കുട്ടി​ക​ളും പല വർഷങ്ങൾ ചെലവി​ടുക.”

കൗമാര ഗർഭധാ​ര​ണ​ത്തി​ന്റെ കാര്യ​ത്തിൽ, മറ്റു വികസിത രാജ്യ​ങ്ങളെ അപേക്ഷിച്ച്‌ ഐക്യ​നാ​ടു​കൾ വളരെ മുന്നിൽ ആണെങ്കി​ലും അവിഹിത ജനനം ഒരു ആഗോള പ്രശ്‌ന​മാണ്‌. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌ എന്നിവ​പോ​ലുള്ള ചില യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലെ അവിഹിത ജനന നിരക്ക്‌ ഐക്യ​നാ​ടു​ക​ളി​ലേ​തി​നോ​ടു തുല്യ​മാ​ണെ​ന്നു​തന്നെ പറയാം. ആഫ്രി​ക്ക​യി​ലെ​യും തെക്കേ അമേരി​ക്ക​യി​ലെ​യും ചില രാജ്യ​ങ്ങ​ളിൽ കൗമാ​ര​പ്രാ​യ​ക്കാ​രായ പെൺകു​ട്ടി​കൾക്കി​ട​യി​ലെ പ്രസവ​നി​രക്ക്‌ ഐക്യ​നാ​ടു​ക​ളിൽ ഉള്ളതിന്റെ ഇരട്ടി​യോ​ളം വരും. ഒരു പകർച്ച​വ്യാ​ധി പോലെ പടർന്നു​പി​ടി​ക്കുന്ന ഈ സ്ഥിതി​വി​ശേ​ഷ​ത്തി​നു കാരണം എന്താണ്‌?

‘പകർച്ച​വ്യാ​ധി’ക്കു പിന്നിൽ

നാം ജീവി​ക്കുന്ന “ദുർഘ​ട​സ​മയങ്ങ”ളിലെ ധാർമിക അധഃപ​ത​ന​മാണ്‌ ഒരു വലിയ പരിധി​യോ​ളം ഈ സാഹച​ര്യ​ത്തി​നു കാരണം. (2 തിമൊ​ഥെ​യൊസ്‌ 3:1-5) കഴിഞ്ഞ ഏതാനും ദശാബ്ദ​ങ്ങ​ളി​ലാ​യി വിവാ​ഹ​മോ​ചന നിരക്കു കുതി​ച്ചു​യർന്നി​രി​ക്കു​ന്നു. സ്വവർഗ​സം​ഭോ​ഗ​വും വഴിവി​ട്ടുള്ള മറ്റു ജീവി​ത​ശൈ​ലി​ക​ളും സാധാ​ര​ണ​മാ​യി മാറി​യി​രി​ക്കു​ന്നു. മാധ്യ​മങ്ങൾ വിളമ്പുന്ന വിഭവ​ങ്ങ​ളു​ടെ നല്ലൊരു ശതമാ​ന​വും—അനുചി​ത​മായ സംഗീതം, സംഗീത വീഡി​യോ​കൾ, അധാർമിക വിവരങ്ങൾ പച്ചയ്‌ക്ക്‌ അവതരി​പ്പി​ക്കുന്ന മാസികാ ലേഖനങ്ങൾ, പരസ്യങ്ങൾ, ആഗ്രഹി​ക്കുന്ന ആരുമാ​യു​മുള്ള ലൈം​ഗി​ക​തയെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന ടിവി പരിപാ​ടി​കൾ, ചലച്ചി​ത്രങ്ങൾ—യുവജ​ന​ങ്ങളെ ലക്ഷ്യമി​ട്ടു​കൊ​ണ്ടു​ള്ള​താണ്‌. ഗർഭച്ഛി​ദ്ര സേവന​ങ്ങ​ളും ഗർഭനി​രോ​ധന മാർഗ​ങ്ങ​ളും നിഷ്‌പ്ര​യാ​സം ലഭ്യമാ​ണെ​ന്നു​ള്ളത്‌ ലൈം​ഗി​ക​ത​യ്‌ക്ക്‌ അനന്തര​ഫ​ലങ്ങൾ ഒന്നും ഉണ്ടാകി​ല്ലെന്ന വിശ്വാ​സം യുവജ​ന​ങ്ങൾക്കി​ട​യിൽ വ്യാപ​ക​മാ​കു​ന്ന​തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു. അവിവാ​ഹി​ത​നായ ഒരു പിതാവ്‌ ഇങ്ങനെ പറയുന്നു: “ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കാ​തെ​യുള്ള ലൈം​ഗി​ക​ത​യാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌.” “ലൈം​ഗി​കത ഒരു നേര​മ്പോ​ക്കാണ്‌” എന്നു വേറൊ​രാൾ.

ദരി​ദ്ര​രാ​യ യുവജ​ന​ങ്ങൾക്കി​ട​യിൽ അത്തരം മനോ​ഭാ​വം പ്രത്യേ​കിച്ച്‌ വ്യാപ​ക​മാ​യി​രു​ന്നേ​ക്കാം. ഉൾനഗര പ്രദേ​ശ​ങ്ങ​ളി​ലെ ദരി​ദ്ര​മേ​ഖ​ല​ക​ളി​ലുള്ള യുവജ​ന​ങ്ങ​ളു​മാ​യി നടത്തിയ വിശദ​മായ അഭിമു​ഖ​ത്തി​നു​ശേഷം ഗവേഷ​ക​നായ ഇലൈജാ ആൻഡേ​ഴ്‌സൻ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “അനേകം ആൺകു​ട്ടി​ക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ലൈം​ഗി​കത എന്നത്‌ പ്രാ​ദേ​ശിക സമൂഹ​ത്തി​ലെ തങ്ങളുടെ സ്റ്റാറ്റസി​ന്റെ ഒരു സുപ്ര​ധാന പ്രതീ​ക​മാണ്‌; ലൈം​ഗി​ക​മായ കീഴ്‌പെ​ടു​ത്ത​ലു​കളെ നേട്ടങ്ങ​ളാ​യാണ്‌ അവർ വീക്ഷി​ക്കു​ന്നത്‌.” അതേ, “ഷെൽഫിൽ വെക്കാ​വുന്ന ട്രോ​ഫി​കൾ” എന്ന നിലയി​ലാണ്‌ ലൈം​ഗി​ക​മായ കീഴ്‌പെ​ടു​ത്ത​ലു​കളെ പരക്കെ വീക്ഷി​ക്കു​ന്ന​തെന്ന്‌ അവിവാ​ഹി​ത​നായ ഒരു പിതാവ്‌ ഉണരുക!യോടു പറഞ്ഞു. അത്തരം നിർദ​യ​മായ ഒരു മനോ​ഭാ​വ​ത്തിന്‌ ഇടയാ​ക്കു​ന്നത്‌ എന്താണ്‌? മിക്ക കേസു​ക​ളി​ലും ഉൾനഗര പ്രദേ​ശ​ങ്ങ​ളിൽ വസിക്കുന്ന ഒരു യുവാ​വി​ന്റെ ജീവി​ത​ത്തി​ലെ സുപ്ര​ധാന വ്യക്തികൾ “സമപ്രാ​യ​ക്കാ​രാണ്‌” എന്ന്‌ ആൻഡേ​ഴ്‌സൻ തുടർന്നു പറയുന്നു. “സമപ്രാ​യ​ക്കാ​രാണ്‌ നടത്തയ്‌ക്കുള്ള മാനദ​ണ്ഡങ്ങൾ വെക്കു​ന്നത്‌, അതനു​സ​രിച്ച്‌ ജീവി​ക്കുക എന്നത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രധാ​ന​മാണ്‌.”

ആൻഡേ​ഴ്‌സ​ന്റെ അഭി​പ്രാ​യ​ത്തിൽ, മിക്ക ചെറു​പ്പ​ക്കാ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ലൈം​ഗിക കീഴ്‌പെ​ടു​ത്തൽ ലക്ഷ്യസാ​ധ്യ​ത്തി​നു വേണ്ടി​യുള്ള ഒരു ഉപായം മാത്ര​മാണ്‌, “അതിന്റെ ലക്ഷ്യം മറ്റേ ആളെ, പ്രത്യേ​കിച്ച്‌ പെൺകു​ട്ടി​യെ, വിഡ്‌ഢി​യാ​ക്കുക എന്നതാണ്‌.” ‘വേഷവി​ധാ​നം, ചമയം, നോട്ടം, നൃത്തം ചെയ്യാ​നുള്ള കഴിവ്‌, സംഭാ​ഷണം എന്നിവ ഉപയോ​ഗിച്ച്‌ പെൺകു​ട്ടി​യെ വശീക​രി​ച്ചെ​ടു​ക്ക​ത്ത​ക്ക​വി​ധം ആൺകുട്ടി തന്നെത്തന്നെ പൂർണ​മാ​യി വെളി​പ്പെ​ടു​ത്തു​ന്നത്‌ ഈ ഉപായ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു’വെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർക്കു​ന്നു. ഇതു സാധി​ച്ചെ​ടു​ക്കുന്ന കാര്യ​ത്തിൽ മിക്ക ആൺകു​ട്ടി​കൾക്കും ഒരു പ്രത്യേക കഴിവു തന്നെയുണ്ട്‌. ആൻഡേ​ഴ്‌സൺ ഇങ്ങനെ​യും പറയുന്നു: എന്നാൽ “പെൺകു​ട്ടി ഗർഭി​ണി​യാ​യെന്ന്‌ അറിഞ്ഞാൽ, ആൺകുട്ടി അവളിൽ നിന്ന്‌ അകന്നു​മാ​റാ​നുള്ള ചായ്‌വു കാട്ടുന്നു.—ചെറു​പ്പ​ക്കാ​രായ അവിവാ​ഹിത പിതാ​ക്ക​ന്മാർ—മാറി​വ​രുന്ന ധർമങ്ങ​ളും പുത്തൻ നയങ്ങളും (ഇംഗ്ലീഷ്‌), റോബർട്ട്‌ ലെർമാ​നും തിയോ​ഡോറ ഊമ്‌സും എഡിറ്റു ചെയ്‌തത്‌.

ദൈവ​ത്തി​ന്റെ വീക്ഷണം

എന്നാൽ അച്ഛനാ​കു​ന്നത്‌ ഒരുവനെ യഥാർഥ​ത്തിൽ ഒരു പുരു​ഷ​നാ​ക്കു​ന്നു​ണ്ടോ? ലൈം​ഗി​കത വെറു​മൊ​രു വിനോ​ദ​മാ​ണോ? അല്ല എന്നാണ്‌ നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവം പറയു​ന്നത്‌. ലൈം​ഗി​ക​ത​യ്‌ക്ക്‌ ഉത്‌കൃ​ഷ്ട​മായ ഒരു ഉദ്ദേശ്യ​മു​ണ്ടെന്ന്‌ തന്റെ വചനമായ ബൈബി​ളിൽ ദൈവം വ്യക്തമാ​യി പറയുന്നു. ആദ്യ മനുഷ്യ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടി​ച്ച​തി​നെ​ക്കു​റി​ച്ചു പറഞ്ഞ ശേഷം ബൈബിൾ ഇങ്ങനെ പറയുന്നു: ‘ദൈവം അവരെ അനു​ഗ്ര​ഹി​ച്ചു: ‘നിങ്ങൾ സന്താന​പു​ഷ്ടി​യു​ള്ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറയു​വിൻ . . . എന്നു അവരോ​ടു കല്‌പി​ച്ചു.’ (ഉല്‌പത്തി 1:27, 28) പിതാവ്‌ കുട്ടി​കളെ ഉപേക്ഷി​ച്ചു​ക​ള​യ​ണ​മെ​ന്നത്‌ ഒരിക്ക​ലും ദൈ​വോ​ദ്ദേ​ശ്യ​മാ​യി​രു​ന്നില്ല. അവൻ ആദ്യ സ്‌ത്രീ​യെ​യും പുരു​ഷ​നെ​യും വിവാ​ഹ​മെന്ന ശാശ്വത ബന്ധത്തി​ലൂ​ടെ ഒന്നിച്ചു​ചേർത്തു. (ഉല്‌പത്തി 2:24) അതു​കൊണ്ട്‌, എല്ലാ കുട്ടി​കൾക്കും മാതാ​വും പിതാ​വും ഉണ്ടായി​രി​ക്കണം എന്നത്‌ അവന്റെ ഉദ്ദേശ്യ​മാ​യി​രു​ന്നു.

എന്നാൽ, അധിക​നാൾ കഴിയു​ന്ന​തി​നു​മു​മ്പേ, പുരു​ഷ​ന്മാർ ഒന്നില​ധി​കം ഭാര്യ​മാ​രെ എടുക്കാൻ തുടങ്ങി. (ഉല്‌പത്തി 4:19) ചില ദൂതന്മാർ പോലും “മനുഷ്യ​രു​ടെ പുത്രി​മാർ സൗന്ദര്യ​മു​ള്ള​വ​രാ​ണെന്നു ശ്രദ്ധി​ക്കാൻ തുടങ്ങി” എന്ന്‌ ഉല്‌പത്തി 6:2 (NW) നമ്മോടു പറയുന്നു. മനുഷ്യ ശരീരം ധരിച്ചു ഭൂമി​യി​ലേ​ക്കി​റങ്ങി വന്ന ഈ ദൂതന്മാർ അത്യാ​ഗ്ര​ഹ​ത്തോ​ടെ ‘തങ്ങൾക്കു ബോധിച്ച ഏവരെ​യും ഭാര്യ​മാ​രാ​യി എടുത്തു.’ നോഹ​യു​ടെ കാലത്തു​ണ്ടായ ജലപ്ര​ളയം, ആത്മമണ്ഡ​ല​ത്തി​ലേക്കു തിരികെ പോകാൻ ഈ ഭൂതങ്ങളെ നിർബ​ന്ധി​ത​രാ​ക്കി. എന്നുവ​രി​കി​ലും, ഇപ്പോൾ അവർ ഭൂമി​യു​ടെ പരിസ​രത്തു മാത്ര​മാ​യി ഒതുക്കി​നിർത്ത​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (വെളി​പ്പാ​ടു 12:9-12) അങ്ങനെ സാത്താ​നും അവന്റെ ഭൂതങ്ങ​ളും ഇന്ന്‌ ആളുക​ളു​ടെ​മേൽ അതിശ​ക്ത​മായ സ്വാധീ​നം ചെലു​ത്തു​ന്നു. (എഫെസ്യർ 2:2) അവിഹി​ത​മാ​യി കുട്ടി​കളെ ജനിപ്പി​ച്ചിട്ട്‌ അവരെ ഉപേക്ഷി​ച്ചു പോകു​മ്പോൾ യുവാക്കൾ അവർ അറിയാ​തെ​തന്നെ അത്തരം ദുഷ്ട സ്വാധീ​ന​ത്തി​നു വഴി​പ്പെ​ടു​ക​യാണ്‌.

അതു​കൊണ്ട്‌, നല്ല കാരണ​ത്തോ​ടെ​തന്നെ തിരു​വെ​ഴു​ത്തു​കൾ നമ്മോട്‌ ഇപ്രകാ​രം പറയുന്നു: “ദൈവ​ത്തി​ന്റെ ഇഷ്ടമോ നിങ്ങളു​ടെ ശുദ്ധീ​ക​രണം തന്നേ. നിങ്ങൾ ദുർന്ന​ടപ്പു [“പരസംഗം,” NW] വിട്ടൊ​ഴി​ഞ്ഞു ഓരോ​രു​ത്തൻ ദൈവത്തെ അറിയാത്ത ജാതി​ക​ളെ​പ്പോ​ലെ കാമവി​കാ​ര​ത്തി​ലല്ല, വിശു​ദ്ധീ​ക​ര​ണ​ത്തി​ലും മാനത്തി​ലും താന്താന്റെ പാത്രത്തെ നേടി​ക്കൊ​ള്ളട്ടെ. ഈ കാര്യ​ത്തിൽ ആരും അതി​ക്ര​മി​ക്ക​യും സഹോ​ദ​രനെ ചതിക്ക​യും അരുതു [‘ഈ കാര്യ​ത്തിൽ ആരും സഹോ​ദ​രന്റെ അവകാ​ശ​ങ്ങളെ ദ്രോ​ഹി​ക്കു​ക​യും അവയുടെ മേൽ അതി​ക്ര​മി​ച്ചു​ക​യ​റു​ക​യും ചെയ്യരുത്‌,’ NW]; ഞങ്ങൾ നിങ്ങ​ളോ​ടു മുമ്പെ പറഞ്ഞതു​പോ​ലെ ഈവ​കെക്കു ഒക്കെയും പ്രതി​കാ​രം ചെയ്യു​ന്നവൻ കർത്താ​വ​ല്ലോ.”—1 തെസ്സ​ലൊ​നീ​ക്യർ 4:3-6.

‘പരസംഗം വിട്ടൊ​ഴി​യാ​നോ’? പല യുവാ​ക്ക​ളും ഈ ആശയത്തെ പുച്ഛിച്ചു തള്ളി​യേ​ക്കാം. ചെറു​പ്പ​ക്കാ​രായ അവരുടെ ആഗ്രഹങ്ങൾ ശക്തമാ​ണെ​ന്നു​ള്ളതു ശരിതന്നെ. എന്നാൽ പരസം​ഗ​ത്തിൽ, മറ്റുള്ള​വ​രു​ടെ ‘അവകാ​ശ​ങ്ങളെ ദ്രോ​ഹി​ക്കു​ന്ന​തും അതിന്മേൽ അതി​ക്ര​മി​ച്ചു​ക​യ​റു​ന്ന​തും’ ഉൾപ്പെ​ടു​ന്നു​വെന്നു ശ്രദ്ധി​ക്കുക. ഭർത്താ​വി​ന്റെ പിന്തു​ണ​യി​ല്ലാ​തെ ഒരു കുഞ്ഞിനെ വളർത്താ​നുള്ള ചുമതല ഒരു പെൺകു​ട്ടി​യു​ടെ തലയിൽ കെട്ടി​വെ​ച്ചി​ട്ടു കടന്നു​ക​ള​യു​ന്നത്‌ അവളോ​ടുള്ള ദ്രോ​ഹ​മല്ലേ? ജനിറ്റൽ ഹെർപ്പിസ്‌, സിഫി​ലിസ്‌, ഗൊ​ണോ​റിയ, എയ്‌ഡ്‌സ്‌ എന്നിങ്ങ​നെ​യുള്ള ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളിൽ ഏതെങ്കി​ലും അവൾക്കു സമ്മാനി​ക്കു​ന്ന​തി​നുള്ള സാധ്യ​ത​ക​ളെ​ക്കു​റി​ച്ചെന്ത്‌? ചില​പ്പോ​ഴൊ​ക്കെ അത്തരം അനന്തര​ഫ​ലങ്ങൾ ഒഴിവാ​ക്കാ​നാ​കും എന്നതു ശരിതന്നെ. എങ്കിൽപ്പോ​ലും വിവാ​ഹ​പൂർവ ലൈം​ഗി​കത, സത്‌പേർ നിലനി​റു​ത്താ​നും ഒരു കന്യക​യെന്ന നിലയിൽ വിവാ​ഹി​ത​യാ​കാ​നു​മുള്ള ഒരു പെൺകു​ട്ടി​യു​ടെ അവകാ​ശ​ത്തി​ന്മേ​ലുള്ള കടന്നാ​ക്ര​മ​ണ​മാണ്‌. അതു​കൊണ്ട്‌ പരസം​ഗ​ത്തിൽ ഏർപ്പെ​ടാ​തി​രി​ക്കു​ക​വഴി ഒരുവൻ തന്റെ വിവേ​ക​വും പക്വത​യു​മാണ്‌ തെളി​യി​ക്കു​ന്നത്‌. ‘താന്താന്റെ പാത്രത്തെ നേടി​ക്കൊ​ള്ളുന്ന’തിനും വിവാ​ഹ​ത്തി​നു മുമ്പുള്ള ലൈം​ഗി​ക​ത​യിൽ നിന്ന്‌ ഒഴിഞ്ഞി​രി​ക്കു​ന്ന​തി​നും ആത്മനി​യ​ന്ത്ര​ണ​വും നിശ്ചയ​ദാർഢ്യ​വും ആവശ്യ​മാണ്‌ എന്നതു സത്യം തന്നെ. എന്നാൽ യെശയ്യാ​വു 48:17, 18 (NW) പറയുന്ന പ്രകാരം, ‘നമ്മു​ടെ​തന്നെ നന്മയ്‌ക്കാ​യി​ട്ടാണ്‌’ ദൈവം തന്റെ നിയമങ്ങൾ മുഖാ​ന്തരം ‘നമ്മെ പഠിപ്പി​ക്കു​ന്നത്‌.’

“പുരു​ഷ​ത്വം കാണി​പ്പിൻ”

എന്നാൽ താൻ ഒരു യഥാർഥ പുരു​ഷ​നാ​ണെന്ന്‌ ഒരു ചെറു​പ്പ​ക്കാ​രന്‌ എങ്ങനെ തെളി​യി​ക്കാൻ കഴിയും? അവിഹിത സന്തതി​കൾക്കു ജന്മമേ​കി​ക്കൊ​ണ്ടല്ല എന്നതു വ്യക്തം. ബൈബിൾ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “ഉണർന്നി​രി​പ്പിൻ; വിശ്വാ​സ​ത്തിൽ നിലനി​ല്‌പിൻ; പുരു​ഷ​ത്വം കാണി​പ്പിൻ; ശക്തി​പ്പെ​ടു​വിൻ. നിങ്ങൾ ചെയ്യു​ന്ന​തെ​ല്ലാം സ്‌നേ​ഹ​ത്തിൽ ചെയ്‌വിൻ.”—1 കൊരി​ന്ത്യർ 16:13, 14.

‘പുരു​ഷ​ത്വം കാണി​ക്കു​ന്ന​തിൽ’, ഉണർന്നി​രി​ക്കു​ന്ന​തും വിശ്വാ​സ​ത്തിൽ ഉറച്ചു നിൽക്കു​ന്ന​തും ധൈര്യ​ശാ​ലി​യും സ്‌നേ​ഹ​മു​ള്ള​വ​നും ആയിരി​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നതു ശ്രദ്ധി​ക്കുക. തീർച്ച​യാ​യും ഈ തത്ത്വങ്ങൾ പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും ഒരു​പോ​ലെ ബാധക​മാണ്‌. മേൽപ്പ​റഞ്ഞവ പോലുള്ള ആത്മീയ ഗുണങ്ങൾ നിങ്ങൾ വളർത്തി​യെ​ടു​ക്കു​ന്നെ​ങ്കിൽ, ഒരു യഥാർഥ പുരുഷൻ എന്ന നിലയിൽ നിങ്ങളെ ബഹുമാ​നി​ക്കു​ന്ന​തി​നും ആദരി​ക്കു​ന്ന​തി​നും മറ്റുള്ള​വർക്കു നല്ല കാരണം ഉണ്ടായി​രി​ക്കും! ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യ​നായ യേശു​ക്രി​സ്‌തു​വിൽ നിന്നു പാഠം ഉൾക്കൊ​ള്ളുക. പീഡനത്തെ, മരണത്തെ പോലും അഭിമു​ഖീ​ക​രി​ച്ച​പ്പോൾ അവൻ പ്രകട​മാ​ക്കിയ പുരു​ഷ​ത്വ​ത്തെ​യും ധീരത​യെ​യും കുറി​ച്ചൊ​ന്നു ചിന്തി​ക്കുക. എന്നാൽ സ്‌ത്രീ​ക​ളോ​ടു യേശു എങ്ങനെ​യാ​ണു പെരു​മാ​റി​യത്‌?

സ്‌ത്രീ​ക​ളു​മാ​യി സഹവാസം ആസ്വദി​ക്കു​ന്ന​തി​നുള്ള അവസരം യേശു​വി​നു തീർച്ച​യാ​യും ഉണ്ടായി​രു​ന്നു. അനവധി സ്‌ത്രീ​ജ​നങ്ങൾ അവനെ അനുഗ​മി​ച്ചി​രു​ന്നു. അവരിൽ ചിലർ “തങ്ങളുടെ വസ്‌തു​വ​ക​കൊ​ണ്ടു [അവനും അപ്പൊ​സ്‌ത​ല​ന്മാർക്കും] ശുശ്രൂഷ ചെയ്‌തു.” (ലൂക്കൊസ്‌ 8:3) ലാസറി​ന്റെ രണ്ടു സഹോ​ദ​രി​മാ​രു​മാ​യും അവൻ പ്രത്യേ​കാൽ നല്ല പരിച​യ​ത്തി​ലാ​യി​രു​ന്നു. “യേശു മാർത്ത​യെ​യും അവളുടെ സഹോ​ദ​രി​യെ​യും . . . സ്‌നേ​ഹി​ച്ചു” എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (യോഹ​ന്നാൻ 11:5) ഒരു പൂർണ മനുഷ്യൻ എന്ന നിലയിൽ യേശു​വി​നു നിസ്സം​ശ​യ​മാ​യും ഉണ്ടായി​രുന്ന ബുദ്ധി​ശക്തി, ആകർഷി​ക്കാ​നുള്ള കഴിവ്‌, ശാരീ​രിക സൗന്ദര്യം എന്നിവ അധാർമിക പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാൻ തക്കവണ്ണം ഈ രണ്ടു സ്‌ത്രീ​കളെ വശീക​രി​ക്കാൻ യേശു ഉപയോ​ഗി​ച്ചോ? ഇല്ല. ബൈബിൾ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “അവൻ പാപം ചെയ്‌തി​ട്ടില്ല.” (1 പത്രൊസ്‌ 2:22) ഒരു പാപി​നി​യാ​യി, ഒരുപക്ഷേ വേശ്യ​യാ​യി, പരക്കെ അറിയ​പ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ “കരഞ്ഞു​കൊ​ണ്ടു നിന്നു കണ്ണുനീർകൊ​ണ്ടു അവന്റെ കാൽ നനെച്ചു​തു​ടങ്ങി; തലമു​ടി​കൊ​ണ്ടു തുടെച്ചു.” അപ്പോൾ പോലും അവൻ അനുചി​ത​മാ​യി ഇടപെ​ട്ടില്ല. (ലൂക്കൊസ്‌ 7:37, 38) ആരു​ടെ​യും വലയിൽ എളുപ്പ​ത്തിൽ വീഴു​മാ​യി​രുന്ന ഈ സ്‌ത്രീ​യെ മുത​ലെ​ടു​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അവൻ ചിന്തി​ക്കു​ക​പോ​ലും ചെയ്‌തില്ല! സ്വന്തം വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാ​നുള്ള പ്രാപ്‌തി അവൻ പ്രകട​മാ​ക്കി. അതാണ്‌ യഥാർഥ പുരു​ഷ​ത്വ​ത്തി​ന്റെ ലക്ഷണം. ലൈം​ഗിക ഉപഭോ​ഗ​വ​സ്‌തു​ക്കൾ എന്നനി​ല​യി​ലല്ല, മറിച്ച്‌ സ്‌നേ​ഹ​വും ആദരവും അർഹി​ക്കുന്ന വ്യക്തികൾ എന്നനി​ല​യി​ലാണ്‌ അവൻ സ്‌ത്രീ​ക​ളോട്‌ ഇടപെ​ട്ടത്‌.

ഒരു ക്രിസ്‌തീയ യുവാ​വാണ്‌ നിങ്ങ​ളെ​ങ്കിൽ, സമപ്രാ​യ​ക്കാ​രു​ടെയല്ല മറിച്ച്‌, ക്രിസ്‌തു​വി​ന്റെ മാതൃക പിൻപ​റ്റു​ന്നത്‌ മറ്റുള്ള​വ​രു​ടെ ‘അവകാ​ശ​ങ്ങളെ ദ്രോ​ഹി​ക്കു​ക​യും അവയുടെ മേൽ അതി​ക്ര​മി​ച്ചു കയറു​ക​യും’ ചെയ്യു​ന്ന​തിൽ നിന്നു നിങ്ങളെ തടയും. ഒരു അവിഹിത സന്തതിക്കു ജന്മം നൽകുക എന്ന ദുഃഖ​ക​ര​മായ പരിണ​ത​ഫലം അനുഭ​വി​ക്കു​ന്ന​തിൽനിന്ന്‌ അതു നിങ്ങളെ സംരക്ഷി​ക്കു​ക​യും ചെയ്യും. പരസം​ഗ​ത്തിൽ ഏർപ്പെ​ടാ​ത്ത​തു​കൊ​ണ്ടു മറ്റുള്ളവർ നിങ്ങളെ കളിയാ​ക്കി​യേ​ക്കാം എന്നതു സത്യം​തന്നെ. എന്നാൽ സമപ്രാ​യ​ക്കാ​രു​ടെ താത്‌കാ​ലിക പ്രീതി​യെ​ക്കാൾ ദൈവ​ത്തി​ന്റെ പ്രീതി സമ്പാദി​ക്കു​ന്ന​താ​ണു നിങ്ങൾക്കു പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്ന​തെന്ന്‌ കാലം തെളി​യി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 27:11.

എന്നാൽ, കഴിഞ്ഞ​കാ​ലത്ത്‌ അധാർമിക ജീവിതം നയിച്ചി​രുന്ന ഒരു യുവാവ്‌ തന്റെ അധാർമിക ഗതി ഉപേക്ഷിച്ച്‌ യഥാർഥ​മാ​യി അനുത​പി​ച്ചി​രി​ക്കു​ന്നെ​ങ്കി​ലെന്ത്‌? അങ്ങനെ​യെ​ങ്കിൽ, ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെട്ട ശേഷം, അനുതാ​പം പ്രകട​മാ​ക്കിയ ദാവീദ്‌ രാജാ​വി​നെ​പ്പോ​ലെ അയാൾക്കു ദൈവ​ത്തി​ന്റെ ക്ഷമ സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (2 ശമൂവേൽ 11:2-5; 12:13; സങ്കീർത്തനം 51:1, 2) എന്നാൽ അവിഹി​ത​മായ ഒരു ഗർഭധാ​രണം നടന്നി​ട്ടു​ണ്ടെ​ങ്കിൽ, ഒരു ചെറു​പ്പ​ക്കാ​രന്‌ ഇനിയും ചില ഗൗരവ​മേ​റിയ തീരു​മാ​നങ്ങൾ കൈ​ക്കൊ​ള്ളേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. അയാൾ ആ പെൺകു​ട്ടി​യെ വിവാഹം കഴിക്ക​ണ​മോ? തന്റെ കുട്ടി​യോട്‌ അദ്ദേഹ​ത്തിന്‌ എന്തെങ്കി​ലും ഉത്തരവാ​ദി​ത്വ​ങ്ങൾ ഉണ്ടോ? ഒരു ഭാവി ലക്കത്തിൽ ഈ ചോദ്യ​ങ്ങൾ പരിചി​ന്തി​ക്ക​പ്പെ​ടും.

[15-ാം പേജിലെ ചിത്രം]

ലൈംഗികതയ്‌ക്കു പരിണ​ത​ഫ​ല​ങ്ങ​ളൊ​ന്നു​മി​ല്ലെന്ന്‌ പല യുവജ​ന​ങ്ങ​ളും തെറ്റായി ധരിച്ചു​വെ​ച്ചി​രി​ക്കു​ന്നു