വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകീകൃത യൂറോപ്പ്‌—അത്‌ പ്രാധാന്യമർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

ഏകീകൃത യൂറോപ്പ്‌—അത്‌ പ്രാധാന്യമർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

ഏകീകൃത യൂറോപ്പ്‌അത്‌ പ്രാധാ​ന്യ​മർഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഷാം​പെയ്‌ൻ കുപ്പി പൊട്ടിച്ച്‌ ആളുകൾ മതിമ​റന്നു. കരിമ​രു​ന്നു കലാ​പ്ര​ക​ടനം ആകാശത്തെ പ്രഭാ​പൂ​രി​ത​മാ​ക്കി. ഏതായി​രു​ന്നു ആ അവസരം? പുതിയ സഹസ്രാ​ബ്ദത്തെ വരവേ​റ്റ​തോ? അല്ല. 2000-ാം ആണ്ടിന്റെ പിറവി​യെ​ക്കാൾ പ്രധാ​ന​പ്പെട്ട ഒരു സംഭവ​മാ​യി​രു​ന്നു അത്‌. യൂറോ​പ്യൻ യൂണി​യനു (ഇയു) വേണ്ടി, യൂറോ എന്ന പുതിയ ഒറ്റ കറൻസി ഔദ്യോ​ഗി​ക​മാ​യി പുറത്തി​റ​ങ്ങിയ 1999 ജനുവരി 1 ആയിരു​ന്നു അത്‌.

പൊതു​വാ​യ ഒരു കറൻസി പ്രാബ​ല്യ​ത്തിൽ വരുത്തി​യത്‌, ഐക്യ​ത്തി​നു​വേ​ണ്ടി​യുള്ള യൂറോ​പ്പി​ന്റെ ദീർഘ​കാല ശ്രമത്തി​ലെ ചരി​ത്ര​പ്ര​ധാ​ന​മായ ഒരു ചുവടു​വെ​പ്പാ​ണെ​ന്നാ​ണു മിക്ക യൂറോ​പ്യ​രും കരുതു​ന്നത്‌. “യൂറോപ്പ്‌ ഏകീകരണ സംരം​ഭ​ത്തി​ന്റെ ശിരസ്സിൽ അണിയി​ക്ക​പ്പെട്ട കിരീടം” എന്നാണ്‌ യൂറോ​യെ പ്രശം​സി​ച്ചു​കൊണ്ട്‌ ഡച്ച്‌ ദിനപ്പ​ത്ര​മായ ദെ ടെലെ​ഗ്രാഫ്‌ പറഞ്ഞത്‌. യഥാർഥ​ത്തിൽ, ദശാബ്ദ​ങ്ങ​ളോ​ള​മുള്ള സ്വപ്‌ന​ങ്ങൾക്കും കൂടി​യാ​ലോ​ച​ന​കൾക്കും കാത്തി​രി​പ്പി​നും ശേഷം യൂറോ​പ്പി​ന്റെ ഏകീക​രണം കൈ​യെ​ത്താ​വുന്ന അകലത്തിൽ എത്തിയി​രി​ക്കു​ന്നതു പോലെ കാണ​പ്പെ​ടു​ന്നു.

ഇതിൽ എന്താണി​ത്ര പ്രത്യേ​കത എന്ന്‌ യൂറോ​പ്പി​നു വെളി​യി​ലു​ള്ളവർ വിചാ​രി​ച്ചേ​ക്കാ​മെ​ന്നതു സത്യം​തന്നെ. യൂറോ​യു​ടെ ആഗമന​വും യൂറോ​പ്പി​നെ ഏകീക​രി​ക്കാ​നുള്ള ശ്രമങ്ങ​ളു​മൊ​ന്നും തങ്ങളുടെ ദൈനം​ദിന ജീവി​തത്തെ യാതൊ​രു തരത്തി​ലും ബാധി​ക്കില്ല എന്ന്‌ അവർക്കു തോന്നി​യേ​ക്കാം. എന്നിരു​ന്നാ​ലും, ഏകീക​രി​ക്ക​പ്പെ​ട്ടാൽ ലോക​ത്തി​ലെ ഏറ്റവും വലിയ സാമ്പത്തിക ചേരി​യാ​യി​ത്തീ​രും യൂറോപ്പ്‌. അതു​കൊണ്ട്‌ നിങ്ങൾ താമസി​ക്കു​ന്നത്‌ എവിടെ ആയിരു​ന്നാ​ലും ശരി, ഒരു ഏകീകൃത യൂറോപ്പ്‌ നിങ്ങളെ ബാധി​ക്കു​ക​തന്നെ ചെയ്യും.

ഉദാഹ​ര​ണ​ത്തിന്‌, യു.എസ്‌. സ്റ്റേറ്റ്‌ അസിസ്റ്റന്റ്‌ സെക്ര​ട്ട​റി​യായ മാക്‌ ഗ്രോ​സ്‌മാൻ അടുത്ത​കാ​ലത്ത്‌ ഒരു വടക്കേ അമേരി​ക്കൻ സദസ്സി​നോ​ടു സംസാ​രി​ക്കവെ ഇങ്ങനെ പറഞ്ഞു: “നമ്മുടെ സാമ്പത്തിക അഭിവൃ​ദ്ധി യൂറോ​പ്പി​നെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.” അദ്ദേഹം നിരീ​ക്ഷിച്ച കാരണ​ങ്ങ​ളിൽ ഒന്ന്‌, “ഐക്യ​നാ​ടു​ക​ളി​ലെ ഫാക്ടറി തൊഴി​ലാ​ളി​ക​ളിൽ 12 പേരിൽ ഒരാൾ വീതം ജോലി​ചെ​യ്യു​ന്നത്‌ അവിടെ സ്ഥാപി​ത​മാ​യി​രി​ക്കുന്ന, യൂറോ​പ്യ​ന്മാ​രു​ടെ ഉടമസ്ഥ​ത​യി​ലുള്ള 4,000 ഫാക്ടറി​ക​ളിൽ ഒന്നിലാണ്‌” എന്നതാണ്‌. ഇറക്കു​മതി ചെയ്യ​പ്പെ​ടുന്ന സാധന​ങ്ങ​ളു​ടെ വില​യെ​യും—അത്‌ യൂറോ​പ്പിൽനി​ന്നു വളരെ അകലെ​യുള്ള രാജ്യ​ങ്ങ​ളി​ലാ​യാ​ലും—വായ്‌പാ​നി​ര​ക്കി​നെ​പോ​ലും യൂറോ​പ്പി​ലെ പുതിയ കറൻസി ബാധി​ച്ചേ​ക്കു​മെന്നു റിപ്പോർട്ടു ചെയ്യ​പ്പെ​ടു​ന്നു.

വികസ്വര രാജ്യ​ങ്ങൾക്കും ഇതിൽനി​ന്നു പ്രയോ​ജനം ലഭി​ച്ചേ​ക്കാം. എന്തു​കൊണ്ട്‌? “യൂറോ​പ്യൻ രാജ്യ​ങ്ങ​ളി​ലെ വ്യത്യസ്‌ത കറൻസി​ക​ളു​ടെ സ്ഥാന​ത്തേ​ക്കുള്ള യൂറോ​യു​ടെ കടന്നു​വ​രവ്‌ യൂറോ​പ്യൻ യൂണി​യ​നു​മാ​യുള്ള വികസ്വര രാജ്യ​ങ്ങ​ളു​ടെ വ്യാപാര ബന്ധങ്ങൾ ലളിത​വ​ത്‌ക​രി​ക്കു​മെന്ന്‌” ഇതു സംബന്ധി​ച്ചു നടത്തിയ ഒരു പഠനം കാണി​ക്കു​ന്നു. കൂടാതെ, യൂറോ​പ്പിൽ ബിസി​നസ്സ്‌ നടത്തുന്ന ജപ്പാ​ന്റെ​യും ഐക്യ​നാ​ടു​ക​ളു​ടെ​യും കമ്പനി​കൾക്കും പ്രയോ​ജനം ലഭിക്കു​മെന്ന്‌ ചിലർ പ്രവചി​ക്കു​ന്നു. യൂറോ പ്രാബ​ല്യ​ത്തിൽ വരുന്ന​തോ​ടെ, യൂറോ​പ്യൻ രാജ്യ​ങ്ങൾക്കി​ട​യിൽ ഇപ്പോ​ഴുള്ള നാണയ​വി​നി​മയ നിരക്കു​ക​ളി​ലെ വ്യത്യാ​സം അപ്രത്യ​ക്ഷ​മാ​കും. യൂറോ​പ്പിൽ ബിസി​നസ്സ്‌ നടത്തു​ന്നതു കൂടുതൽ ലാഭക​ര​വു​മാ​യി​രി​ക്കും.

നിങ്ങൾ യൂറോ​പ്പിൽ യാത്ര ചെയ്യാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, യൂറോ​പ്പി​നെ ഏകീക​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ നേരിട്ട്‌ അനുഭ​വി​ച്ച​റി​യാ​നാ​യേ​ക്കാം. താമസി​യാ​തെ​തന്നെ, യു.എസ്‌. ഡോള​റി​ന്റെ ഏതാണ്ട്‌ അതേ മൂല്യ​മുള്ള യൂറോ കറൻസി മാത്രം ഉപയോ​ഗിച്ച്‌ ഏതു യൂറോ​പ്യൻ രാജ്യ​ത്തു​നി​ന്നു വേണ​മെ​ങ്കി​ലും സാധനങ്ങൾ വാങ്ങി​ക്കു​ന്ന​തി​നും അവിടത്തെ സേവനങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും ആളുകൾക്കു സാധി​ക്കും. വിനോ​ദ​സ​ഞ്ചാ​രി​കൾക്കാ​ണെ​ങ്കിൽ ഗിൽഡർ, ഫ്രാങ്ക്‌, ലിറ, ഡോയീഷ്‌ മാർക്ക്‌ എന്നിങ്ങനെ പലതര​ത്തി​ലുള്ള കറൻസി​ക​ളും പോക്ക​റ്റിൽ ഒരു കാൽക്കു​ലേ​റ്റ​റു​മൊ​ക്കെ​യാ​യി നടക്കേണ്ട ഗതി​കേ​ടും ഉണ്ടാകില്ല.

എന്നിരു​ന്നാ​ലും, ഒരു ഏകീകൃത ഭൂഖണ്ഡ​മാ​യി​ത്തീ​രു​ന്ന​തി​നുള്ള യൂറോ​പ്പി​ന്റെ നീക്കം കൂടുതൽ ശോഭ​ന​മായ ഒരു പ്രതീ​ക്ഷ​യും നൽകു​ന്നുണ്ട്‌. ഒന്നു ചിന്തി​ക്കുക, ഏതാനും ദശാബ്ദ​ങ്ങൾക്കു മുമ്പ്‌ യൂറോപ്പ്‌ ഒരു യുദ്ധക്ക​ള​മാ​യി​രു​ന്നു. അതിന്റെ വീക്ഷണ​ത്തിൽ, യൂറോ​പ്പി​ന്റെ ഏകീക​ര​ണത്തെ വിസ്‌മ​യാ​വ​ഹ​മായ ഒരു പ്രതി​ഭാ​സം എന്നു​വേണം വിളി​ക്കാൻ. അതു ലോക​മെ​മ്പാ​ടും ശ്രദ്ധ പിടി​ച്ചു​പ​റ്റു​ക​യാണ്‌.

ലോക ഐക്യം എന്ന ചിരകാല സ്വപ്‌നം ഒടുവിൽ സാക്ഷാ​ത്‌ക​രി​ക്കാൻ പോകു​ക​യാ​ണെന്ന്‌ അനേക​രും ചിന്തിച്ചു തുടങ്ങി​യി​രി​ക്കു​ന്നു. എന്നാൽ, കൈയ​ക​ല​ത്തിൽ എത്തിയി​ട്ടും വഴുതി​മാ​റുന്ന ഒരു പ്രതീ​ക്ഷ​യാ​ണത്‌! യൂറോപ്പ്‌ ഏകീക​രി​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ മനുഷ്യൻ ഒരു ഏകീകൃത ലോക​ത്തോട്‌ ഒരു ചുവടു​കൂ​ടെ അടുത്തു​വ​രു​മോ? ഈ ചോദ്യം പരിചി​ന്തി​ക്കു​ന്ന​തി​നു മുമ്പ്‌ നമുക്ക്‌ യൂറോപ്പ്‌ ഏകീക​ര​ണ​ത്തെ​ക്കു​റിച്ച്‌ സത്യസ​ന്ധ​മായ ഒരു അവലോ​കനം നടത്താം. ഏകീക​ര​ണ​ത്തി​ലേ​ക്കുള്ള പാതയിൽ ഇനിയും ഏതെല്ലാം പ്രതി​ബ​ന്ധ​ങ്ങ​ളാണ്‌ ഉള്ളത്‌?

[4-ാം പേജിലെ ചതുരം/ചാർട്ട്‌]

ഏകീകരണ ലക്ഷ്യത്തി​ലേ​ക്കോ?

യൂറോ​പ്പി​ന്റെ ഏകീക​രണം വാസ്‌ത​വ​ത്തിൽ ഒരു നവീന ആശയമല്ല. റോമൻ സാമ്രാ​ജ്യം നിലവി​ലി​രുന്ന കാലത്തും കാറൽമാ​ന്റെ​യും പിന്നീട്‌ നെപ്പോ​ളി​യൻ I-ാമന്റെയും കാലത്തും ഒരു പരിധി​വ​രെ​യുള്ള ഐക്യം ഉണ്ടായി​രു​ന്നു. ബലപ്ര​യോ​ഗ​ത്തി​ലൂ​ടെ​യും കീഴട​ക്ക​ലി​ലൂ​ടെ​യും ഒക്കെയാ​യി​രു​ന്നു അക്കാലത്ത്‌ ഏകീക​രണം നടത്തി​യി​രു​ന്നത്‌. എങ്കിലും, രണ്ടാം ലോക​മ​ഹാ​യു​ദ്ധാ​ന​ന്തരം, സഹകര​ണ​ത്തിൽ അധിഷ്‌ഠി​ത​മായ ഐക്യം ആവശ്യ​മാ​ണെന്നു യുദ്ധ​ക്കെ​ടു​തി​കൾ അനുഭ​വി​ക്കേ​ണ്ടി​വന്ന ഏതാനും രാജ്യ​ങ്ങൾക്കു തോന്നി. അത്തര​മൊ​രു സഹകരണം തങ്ങളുടെ സാമ്പത്തിക ഭദ്രത വീണ്ടെ​ടു​ക്കാൻ മാത്രമല്ല യുദ്ധം ഇല്ലാതാ​ക്കാ​നും സഹായി​ക്കു​മെന്ന്‌ ഈ രാജ്യങ്ങൾ പ്രത്യാ​ശി​ച്ചു. ഇപ്പോ​ഴത്തെ ഈ സ്ഥിതി​യി​ലേക്കു നയിച്ച ചരിത്ര പ്രധാ​ന​മായ ഏതാനും ചുവടു​വെ​പ്പു​ക​ളാ​ണു പിൻവ​രു​ന്നവ:

1948 യൂറോ​പ്പി​ലെ നൂറു​ക​ണ​ക്കി​നു രാഷ്‌ട്രീയ നേതാക്കൾ നെതർലൻഡ്‌സി​ലെ ഹേഗിൽ ഒന്നിച്ചു​കൂ​ടി ഇങ്ങനെ പ്രതിജ്ഞ ചെയ്യുന്നു: “ഞങ്ങൾ ഇനി ഒരിക്ക​ലും പരസ്‌പരം യുദ്ധം ചെയ്യില്ല.”

1950 ഫ്രാൻസും ജർമനി​യും തങ്ങളുടെ കൽക്കരി/ഉരുക്ക്‌ വ്യവസാ​യ​ങ്ങളെ സംരക്ഷി​ക്കാ​നാ​യി സഹകരി​ച്ചു പ്രവർത്തി​ക്കാൻ തുടങ്ങു​ന്നു. അക്കൂട്ട​ത്തിൽ മറ്റു പല രാജ്യ​ങ്ങ​ളും ചേരു​ന്ന​തോ​ടെ യൂറോ​പ്യൻ കോൾ ആൻഡ്‌ സ്റ്റീൽ കമ്മ്യൂ​ണി​റ്റി (ഇസിഎ​സ്‌സി) സ്ഥാപി​ത​മാ​കു​ന്നു. ഇസിഎ​സ്‌സി 1952-ൽ പ്രവർത്തനം ആരംഭി​ക്കു​ന്നു. ബെൽജി​യം, ഫ്രാൻസ്‌, ഇറ്റലി, ലക്‌സം​ബർഗ്‌, നെതർലൻഡ്‌സ്‌, പശ്ചിമ ജർമനി എന്നീ രാജ്യങ്ങൾ അതിൽ ഉൾപ്പെ​ടു​ന്നു.

1957 ആറ്‌ ഇസിഎ​സ്‌സി രാജ്യ​ങ്ങ​ളും ചേർന്നു മറ്റു രണ്ട്‌ സംഘട​നകൾ രൂപീ​ക​രി​ക്കു​ന്നു: യൂറോ​പ്യൻ ഇക്കണോ​മിക്‌ കമ്മ്യൂ​ണി​റ്റി (ഇഇസി), യൂറോ​പ്യൻ ആറ്റോ​മിക്‌ എനർജി കമ്മ്യൂ​ണി​റ്റി (Euratom (യുറേറ്റം)) എന്നിവ​യാണ്‌ അവ.

1967 ഇഇസി, യുറേ​റ്റ​വു​മാ​യും ഇസിഎ​സ്‌സി-യുമാ​യും ലയിക്കു​ന്നു. അങ്ങനെ യൂറോ​പ്യൻ കമ്മ്യൂ​ണി​റ്റി (ഇസി) രൂപം​കൊ​ള്ളു​ന്നു.

1973 ഡെന്മാർക്ക്‌, അയർലൻഡ്‌, യു​ണൈ​റ്റഡ്‌ കിങ്‌ഡം എന്നിവയെ ഇസി തങ്ങളുടെ അംഗങ്ങ​ളാ​ക്കു​ന്നു.

1981 ഗ്രീസ്‌ ഇസി-യിൽ ചേരുന്നു.

1986 സ്‌പെ​യി​നും പോർച്ചു​ഗ​ലും ഇസി-യിൽ ചേരുന്നു.

1990 പശ്ചിമ, പൂർവ ജർമനി​കൾ ലയിച്ച്‌ മുൻ പൂർവ ജർമനി​യെ സംഘട​ന​യു​ടെ ഭാഗമാ​ക്കു​ന്ന​തോ​ടെ ഇസി-യുടെ അംഗസം​ഖ്യ പിന്നെ​യും വർധി​ക്കു​ന്നു.

1993 ഇസി അംഗരാ​ജ്യ​ങ്ങ​ളു​ടെ സാമ്പത്തി​ക​വും രാഷ്‌ട്രീ​യ​വു​മായ ഐക്യ​ത്തി​നുള്ള കൂടു​ത​ലായ ശ്രമഫ​ല​മാ​യി യൂറോ​പ്യൻ യൂണിയൻ (ഇയു) സ്ഥാപി​ത​മാ​കു​ന്നു.

2000 ഇയു-ൽ 15 അംഗരാ​ജ്യ​ങ്ങൾ ഉണ്ട്‌—അയർലൻഡ്‌, ഇറ്റലി, ഓസ്‌ട്രിയ, ഗ്രീസ്‌, ജർമനി, ഡെന്മാർക്ക്‌, നെതർലൻഡ്‌സ്‌, പോർച്ചു​ഗൽ, ബെൽജി​യം, ഫിൻലൻഡ്‌, ഫ്രാൻസ്‌, യു​ണൈ​റ്റഡ്‌ കിങ്‌ഡം, ലക്‌സം​ബർഗ്‌, സ്‌പെ​യിൻ, സ്വീഡൻ.

[3-ാം പേജിലെ ചിത്രം]

യൂറോപ്യൻ രാജ്യ​ങ്ങ​ളി​ലെ വ്യത്യസ്‌ത കറൻസി​ക​ളു​ടെ സ്ഥാനം യൂറോ കയ്യടക്കും

[3-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

യൂറോയും യൂറോ പ്രതീ​ക​ങ്ങ​ളും 3, 5-6, 8 എന്നീ പേജുകളിൽ: © European Monetary Institute