ചീനവലകൾ ഇന്ത്യയിൽ
ചീനവലകൾ ഇന്ത്യയിൽ
ഇന്ത്യയിലെ ഉണരുക! ലേഖകൻ
കൊച്ചി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുനിന്ന് 250 കിലോമീറ്റർ അകലെയായി, ഇന്ത്യയുടെ പശ്ചിമതീരത്ത് സ്ഥിതിചെയ്യുന്ന നഗരം. അവിടത്തെ കായലോരങ്ങളെ അലങ്കരിച്ചുകൊണ്ട് നിരനിരയായി നിൽക്കുന്ന ചൈനീസ് മാതൃകയിലുള്ള മത്സ്യബന്ധന വലകൾ. ഒരറ്റം താങ്ങില്ലാതെ സ്വതന്ത്രമായി നിൽക്കത്തക്കവിധം നിർമിക്കപ്പെട്ടിട്ടുള്ള അസാധാരണമായ ഈ ചൈനീസ് വലകൾ എങ്ങനെയാണു കൊച്ചിയിൽ എത്തിയത്?
പൊ.യു. എട്ടാം നൂറ്റാണ്ടു മുതൽ ചൈനാക്കാർ കൊച്ചിയിൽ താമസമുണ്ടായിരുന്നു. ചൈനയിലെ കുബ്ളയ്ഖാന്റെ ഭരണകാലത്ത്, അവിടെനിന്നെത്തിയ വ്യാപാരികളാണത്രെ ഇത്തരം വലകൾ കൊണ്ടുവന്നത്. പൊ.യു. 1400-നു മുമ്പുതന്നെ അവ കൊച്ചിയിൽ എത്തിച്ചേർന്നതായി കരുതപ്പെടുന്നു. ഇവിടെ, തീരത്തോടു ചേർന്നുള്ള വെള്ളത്തിൽ ധാരാളം മത്സ്യങ്ങളുണ്ട്. അങ്ങനെ, നല്ല ഉയരമുള്ള, മനുഷ്യശക്തികൊണ്ടു പ്രവർത്തിക്കുന്ന ഈ ‘മത്സ്യബന്ധന യന്ത്രങ്ങൾ’, ഒരു നൂറ്റാണ്ടിലധികം കാലം—അറബികൾ ചൈനാക്കാരെ കൊച്ചിയിൽ നിന്നു തുരത്തുന്നതുവരെ—മത്സ്യബന്ധനത്തിനായി നന്നായി ഉതകി.
ചൈനാക്കാർ പോയതോടെ ചീനവലകളും അപ്രത്യക്ഷമായി. എന്നാൽ 16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാർ അറബികളുടെ സ്ഥാനം കയ്യടക്കി. തെളിവനുസരിച്ച്, കൊച്ചിയിൽ വീണ്ടും ചീനവലകൾ സ്ഥാപിച്ചത് അവരാണ്. തെക്കുകിഴക്കൻ ചൈനയിലെ അന്നത്തെ പോർച്ചുഗീസ് കോളനിയായ മാകൗ ദ്വീപിൽ നിന്നാണ് അവർ ചീനവലകൾ കൊണ്ടുവന്നത്.
മത്സ്യബന്ധനത്തിൽ ചീനവലകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടു നൂറ്റാണ്ടുകളായി. എന്നിട്ടും, തുടക്കത്തിലെ രൂപമാതൃകയ്ക്കോ പ്രവർത്തനരീതിക്കോ പറയത്തക്ക ഒരു വ്യത്യാസവും വരുത്താതെതന്നെ അവ ഇപ്പോഴും ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതു ശ്രദ്ധേയമാണ്. ചീനവലകൾ കൊണ്ടാണ് ഇന്നും അനേകം മുക്കുവ കുടുംബങ്ങളും കഴിഞ്ഞുകൂടുന്നത്. ഒപ്പം, അവ അനേകർക്ക് ആഹാരവും നൽകുന്നു. വല നിറയെ മത്സ്യം ലഭിച്ചാൽ ഒരൊറ്റത്തവണ കിട്ടുന്ന മത്സ്യംമതി ഒരു ഗ്രാമത്തിനു മുഴുവൻ ഭക്ഷണത്തിന്. അങ്ങേയറ്റം ഉപകാരപ്രദമാണെന്നതിനു പുറമേ, വലകൾ കാഴ്ചയ്ക്ക് അതീവസുന്ദരങ്ങളുമാണ്. ആകാശത്തെ പൊന്നാട അണിയിച്ചുകൊണ്ട് പ്രഭാതസൂര്യൻ ഉദിച്ചുയരുമ്പോഴും അസ്തമയ സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ ചെഞ്ചായം പൂശുമ്പോഴും തെളിഞ്ഞുവരുന്ന അവയുടെ ഗാംഭീര്യമേറിയ നിഴൽച്ചിത്രങ്ങൾ പ്രത്യേകിച്ചും അവർണനീയമായ ഒരു കാഴ്ചയാണ്.
അവ എങ്ങനെയാണു പ്രവർത്തിക്കുന്നത്?
തടികൊണ്ടുണ്ടാക്കിയ ഒരു പ്ലാറ്റ്ഫാറത്തിന്റെ മുന്നറ്റത്തുള്ള കുറ്റികളും പ്ലാറ്റ്ഫാറത്തിന്റെ പിന്നറ്റത്തു സമതുലനത്തിനായി കയറുകളിൽ കെട്ടിയിട്ടിരിക്കുന്ന ഭാരവും ആണ് ഈ ഭീമൻ വലയുടെയും—ഒരറ്റം താങ്ങില്ലാതെ സ്വതന്ത്രമായി നിൽക്കത്തക്കവിധം നിർമിക്കപ്പെട്ടിട്ടുള്ള—അതിൽ കുരുങ്ങുന്ന മത്സ്യങ്ങളുടെയും ഭാരം ബാലൻസ് ചെയ്യുന്നത്. വല ഉപയോഗിക്കാത്ത സമയങ്ങളിൽ, വലയും അതു ഘടിപ്പിച്ചിരിക്കുന്ന നീണ്ട കഴകളും (ബ്രാസ്) വെള്ളത്തിൽ നിന്ന് ഉയർത്തിവെച്ചിരിക്കും. കിഴക്ക് വെള്ള കീറുന്നതിന് ഏറെ മുമ്പേ തുടങ്ങുന്ന മീൻപിടിത്തം അവസാനിക്കുക നാലോ അഞ്ചോ മണിക്കൂർ കഴിഞ്ഞാണ്. വളരെ സാവധാനമാണ് വല വെള്ളത്തിലേക്കു താഴ്ത്തുന്നത്. അതിനുവേണ്ടി, ഒന്നുകിൽ പ്ലാറ്റ്ഫാറത്തിന്റെ പിൻഭാഗത്ത് കെട്ടിയിട്ടിരിക്കുന്ന ഭാരം ക്രമീകരിക്കുകയാകും ചെയ്യുക. അല്ലെങ്കിൽ, മുക്കുവ മുഖ്യൻ പ്ലാറ്റ്ഫാറത്തിന്റെ മധ്യഭാഗത്തുള്ള കഴുക്കോലിലൂടെ നടക്കുന്നു. 5 മുതൽ 20 വരെ മിനിട്ട് വല വെള്ളത്തിൽ താഴ്ത്തിവെക്കും. എന്നിട്ട് അതു സാവധാനം ഉയർത്തുന്നു. അപ്പോഴേക്കും തീരത്തോടു ചേർന്നു നീന്തിയിരുന്ന മത്സ്യങ്ങൾ അതിൽ കുടുങ്ങിയിട്ടുണ്ടാകും. വർഷങ്ങളിലെ അനുഭവപരിചയംകൊണ്ട്, വല ഉയർത്തേണ്ട കൃത്യസമയം മുഖ്യനു നന്നായി അറിയാം.
മുഖ്യനിൽ നിന്നുള്ള സൂചന കിട്ടേണ്ട താമസം, മുക്കുവ സംഘത്തിലെ ബാക്കിയുള്ള അഞ്ചോ ആറോ പേർ ചേർന്ന്, ഭാരം കെട്ടിയിട്ടിരിക്കുന്ന ആ കയറുകൾ—ഇതു വലയുമായും ബന്ധിപ്പിച്ചിട്ടുണ്ട്—വലിച്ചുതാഴ്ത്തി വല മെല്ലെ പൊന്തിക്കുന്നു. ആദ്യം പ്രത്യക്ഷപ്പെടുന്നത് വലയുടെ കോണുകളാണ്. അങ്ങനെ, പിടയ്ക്കുന്ന മീനുകളുമായി വല മുഴുവനായി പൊങ്ങിക്കഴിയുമ്പോൾ അതു ഒരു വലിയ കോപ്പയുടെ ആകൃതിയിൽ കാണപ്പെടുന്നു. ആ സമയത്തെ മുക്കുവന്മാരുടെ ആവേശം പറഞ്ഞറിയിക്കാനാകില്ല! ഒരു നല്ല കോള് ഒത്തതുകൊണ്ട് അവർ പരസ്പരം പുറത്തുതട്ടി സന്തോഷം പ്രകടിപ്പിക്കുന്നു. പിന്നീട്, മീൻ കച്ചവടക്കാർക്കും വീട്ടമ്മമാർക്കും നഗരം കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കുമൊക്കെയായി ഈ മത്സ്യങ്ങൾ വിറ്റഴിക്കും.
ചൈനാക്കാരും അറബികളും പോർച്ചുഗീസുകാരുമെല്ലാം വരികയും പോകുകയും ചെയ്തു. പക്ഷേ, കൊച്ചിയുടെ കായലോരങ്ങളിൽ ചീനവലകൾ ഇപ്പോഴുമുണ്ട്. കായലുകളിൽ നിന്ന് ഒഴുകിയെത്തുന്ന കാറ്റിന്റെ തലോടലിൽ മെല്ലെ പൊന്തിക്കളിച്ച് അവ ഇന്നും നിൽക്കുന്നു, 600-ലധികം വർഷം മുമ്പത്തെപോലെ തന്നെ.
[31-ാം പേജിലെ ചിത്രം]
കൊച്ചി
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.