വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടെലിവിഷൻ വാർത്തകൾ—അതിൽ യഥാർഥത്തിൽ വാർത്ത എന്നു പറയാൻ എത്ര ശതമാനമുണ്ട്‌?

ടെലിവിഷൻ വാർത്തകൾ—അതിൽ യഥാർഥത്തിൽ വാർത്ത എന്നു പറയാൻ എത്ര ശതമാനമുണ്ട്‌?

ടെലി​വി​ഷൻ വാർത്തകൾ—അതിൽ യഥാർഥ​ത്തിൽ വാർത്ത എന്നു പറയാൻ എത്ര ശതമാ​ന​മുണ്ട്‌?

വാർത്ത​ക​ളു​ടെ ഉള്ളടക്ക​വും അവതര​ണ​വും എങ്ങനെ ഉള്ളതാ​ണെന്നു മനസ്സി​ലാ​ക്കു​ന്ന​തിന്‌ ഒരു മാധ്യമ നിരീക്ഷണ സംഘം ഐക്യ​നാ​ടു​ക​ളി​ലെ 52 വൻനഗര പ്രദേ​ശ​ങ്ങ​ളിൽ നിന്നുള്ള 102 പ്രാ​ദേ​ശിക ടിവി വാർത്താ​പ്ര​ക്ഷേ​പ​ണങ്ങൾ വിശക​ലനം ചെയ്യു​ക​യു​ണ്ടാ​യി. വാർത്താ​പ്ര​ക്ഷേ​പ​ണ​ത്തി​ന്റെ 41.3 ശതമാനം മാത്ര​മാണ്‌ യഥാർഥ ‘വാർത്ത’ എന്നായി​രു​ന്നു അവരുടെ കണ്ടെത്തൽ. ബാക്കി​യു​ള്ള​തെ​ല്ലാം പിന്നെ എന്താണ്‌?

പ്രാ​ദേ​ശി​ക വാർത്ത​യ്‌ക്കു വേണ്ടി​യുള്ള സമയത്തി​ന്റെ ശരാശരി 30.4 ശതമാ​ന​വും കവർന്നെ​ടു​ക്കു​ന്നതു പരസ്യ​ങ്ങ​ളാണ്‌. വാസ്‌ത​വ​ത്തിൽ, ചില ടിവി സ്റ്റേഷനു​കൾ വാർത്ത​യെ​ക്കാൾ കൂടുതൽ സമയം പരസ്യ​ങ്ങൾക്കു​വേണ്ടി നീക്കി​വെ​ച്ചി​രി​ക്കു​ന്ന​താ​യി സർവേ കണ്ടെത്തി. ഇതിനു​പു​റമേ, മിക്ക​പ്പോ​ഴും വാർത്താ​പ്ര​ക്ഷേ​പ​ണ​ങ്ങ​ളിൽ നിറയെ കഴമ്പി​ല്ലാത്ത കാര്യ​ങ്ങ​ളും ഉണ്ടെന്ന്‌ സർവേ​യു​ടെ കണ്ടെത്ത​ലു​കളെ കുറി​ച്ചുള്ള റിപ്പോർട്ട്‌ പറയുന്നു. a “കഴമ്പി​ല്ലാത്ത കാര്യങ്ങൾ” എന്ന തലക്കെ​ട്ടി​നു താഴെ റിപ്പോർട്ട്‌ പട്ടിക​പ്പെ​ടു​ത്തു​ന്നത്‌ “വാർത്താ​വാ​യ​ന​ക്കാർ തമ്മിലുള്ള നുറുങ്ങു സംഭാ​ഷ​ണങ്ങൾ, വരാനി​രി​ക്കുന്ന പരിപാ​ടി​ക​ളു​ടെ ഏതാനും ഭാഗങ്ങൾ കാണിക്കൽ, പിന്നെ പ്രശസ്‌ത​രെ​ക്കു​റി​ച്ചുള്ള കാമ്പി​ല്ലാ​ത്ത​തും ‘എരിവും പുളി​യും’ കലർന്ന​തു​മായ വാർത്തകൾ, റിപ്പോർട്ടു​കൾ” എന്നിവ​യാണ്‌. കഴമ്പി​ല്ലാത്ത കാര്യ​ങ്ങൾക്കുള്ള ഏതാനും ഉദാഹ​ര​ണങ്ങൾ ഇതാ: “പുരു​ഷ​ന്മാ​രു​ടെ ഉച്ചസ്ഥാ​യി​യി​ലുള്ള അറുമു​ഷി​പ്പൻ ഗാനമ​ത്സരം,” “റിപ്പോർട്ടർ അവിശ്വ​സ​നീ​യ​വും അമ്പരപ്പി​ക്കു​ന്ന​തും ഭയപ്പെ​ടു​ത്തു​ന്ന​തു​മായ റോളർകോ​സ്റ്റർ സവാരി നടത്തുന്നു,” “സാൻഡ്‌വിച്ച്‌ സ്‌​പ്രെ​ഡു​കൾക്ക്‌ സൂപ്പർമാർക്ക​റ്റിൽ ഡിമാൻഡ്‌ കൂടുന്നു.”

ഇനി, യഥാർഥ വാർത്ത​യിൽ തന്നെ എന്താണു​ള്ളത്‌? ടെലി​വി​ഷൻ വാർത്ത​യിൽ നിറഞ്ഞു​നിൽക്കു​ന്നതു കുറ്റകൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടു​ക​ളാണ്‌. വാർത്താ സമയത്തി​ന്റെ 26.9 ശതമാ​ന​വും ഉപയോ​ഗി​ക്കു​ന്നത്‌ അതിനു​വേ​ണ്ടി​യാണ്‌. “‘രക്തപങ്കി​ല​മെ​ങ്കിൽ മുൻനി​ര​യിൽ’ എന്നതു പ്രാ​ദേ​ശിക ടെലി​വി​ഷൻ വാർത്ത​യു​ടെ കാര്യ​ത്തിൽ തികച്ചും സത്യമാണ്‌ . . . കഴിഞ്ഞ ഏതാനും വർഷങ്ങ​ളിൽ ഐക്യ​നാ​ടു​ക​ളിൽ പൊതു​വെ കുറ്റകൃ​ത്യ​ത്തി​ന്റെ നിരക്കു കുറഞ്ഞി​ട്ടു​ണ്ടാ​യി​രി​ക്കാം. പ്രാ​ദേ​ശിക ടെലി​വി​ഷൻ വാർത്ത​യിൽ പക്ഷേ അതിന്‌ ഒട്ടും കുറവു​വ​ന്നി​ട്ടില്ല.” എന്തു​കൊണ്ട്‌? പഠനം നടത്തി​യവർ തുടരു​ന്നു: “കുറ്റകൃ​ത്യ​ങ്ങൾക്ക്‌ ഒരു നാടകീ​യ​ത​യുണ്ട്‌. അതു​കൊ​ണ്ടു​തന്നെ അവ ആളുക​ളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്നു.”

കുറ്റകൃത്യങ്ങൾ കഴിഞ്ഞാൽ അടുത്ത​സ്ഥാ​നം ദുരന്ത​ങ്ങൾക്കാണ്‌. തീപി​ടി​ത്തം, കാറപ​കടം, വെള്ള​പ്പൊ​ക്കം, സ്‌ഫോ​ട​നങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടു​കൾ വാർത്ത​യു​ടെ 12.2 ശതമാനം കൈയ​ട​ക്കു​ന്നു. സ്‌പോർട്‌സ്‌ വാർത്ത​ക​ളാണ്‌ അടുത്തത്‌, 11.4 ശതമാനം. ആരോ​ഗ്യം (10.1 ശതമാനം), ഗവൺമെന്റ്‌ (8.7 ശതമാനം), സമ്പദ്‌വ്യ​വസ്ഥ (8.5 ശതമാനം) എന്നിവ​യെ​ക്കു​റി​ച്ചുള്ള വാർത്ത​ക​ളാണ്‌ പിന്നീ​ടു​വ​രു​ന്നത്‌. വിദ്യാ​ഭ്യാ​സം, പരിസ്ഥി​തി, കല, ശാസ്‌ത്രം എന്നിവ​യ്‌ക്കുള്ള സ്ഥാനമാ​ണെ​ങ്കിൽ തീരെ​ക്കു​റ​ച്ചേ​യു​ള്ളൂ (1.3 മുതൽ 3.6 വരെ ശതമാനം മാത്രം). എന്നാൽ, കാലാ​വസ്ഥാ റിപ്പോർട്ടു​കൾ എല്ലാ വാർത്ത​യു​ടെ​യും ശരാശരി 10 ശതമാനം വരും. “കാലാ​വ​സ്ഥ​യെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ എല്ലാവർക്കും ഇഷ്ടമാണ്‌. ടെലി​വി​ഷൻ വാർത്ത​യു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌,” എന്ന്‌ ഈ ഗവേഷകർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അവർ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “കാലാ​വ​സ്ഥ​യെ​ക്കു​റിച്ച്‌—അത്‌ നല്ലതോ മോശ​മോ ചൂടു​ള്ള​തോ തണുപ്പു​ള്ള​തോ ഈർപ്പ​മു​ള്ള​തോ വരണ്ടതോ ആയി​ക്കൊ​ള്ളട്ടെ—ടെലി​വി​ഷൻ വാർത്ത​യിൽ വളരെ വിസ്‌ത​രി​ച്ചാ​ണു പ്രതി​പാ​ദി​ക്കുക.”

ഇതിന്‌ ഒരു മാറ്റം വരണ​മെന്ന്‌ ആഗ്രഹി​ക്കുന്ന ജേർണ​ലി​സ്റ്റു​ക​ളു​ടെ​യും പ്രേക്ഷ​ക​രു​ടെ​യും എണ്ണം വർധി​ക്കു​ന്നത്‌ ഒരു നല്ല സംഗതി​യാ​ണെന്നു റിപ്പോർട്ട്‌ പ്രസ്‌താ​വി​ക്കു​ന്നു. എന്നാൽ, അത്ര പെട്ടെന്ന്‌ അങ്ങനെ​യൊ​രു മാറ്റം വരുക സാധ്യ​മ​ല്ലെ​ന്നും അതു കൂട്ടി​ച്ചേർക്കു​ന്നു. കാരണം, “കച്ചവട ലോക​വും അത്യാ​ഗ്ര​ഹ​വും, മാധ്യ​മങ്ങൾ വിളമ്പുന്ന വിവര​ങ്ങ​ളു​ടെ ഗുണനി​ല​വാ​ര​ത്തി​നു ഭീഷണി​യാ​യി തുടരുക തന്നെ ചെയ്യും.”

[അടിക്കു​റിപ്പ്‌]

a അമേരിക്കയിലെ പ്രാ​ദേ​ശിക ടെലി​വി​ഷൻ വാർത്ത—പൊതു​ജന താത്‌പ​ര്യ​ത്തെ മുൻനി​റു​ത്തി​യു​ള്ളതല്ല (ഇംഗ്ലീഷ്‌) എന്ന ഈ റിപ്പോർട്ട്‌ വാർത്ത​യു​ടെ ഉള്ളടക്കം പരി​ശോ​ധി​ക്കു​ന്ന​തി​നു വേണ്ടി നടത്തിയ നാലാ​മത്തെ വാർഷിക ദേശീയ സർവേയെ അടിസ്ഥാ​ന​പ്പെ​ടു​ത്തി തയ്യാറാ​ക്കി​യ​താണ്‌. റോക്കി മൗണ്ടൻ മീഡിയാ വാച്ചിന്റെ ഡോ. പോൾ ക്ലൈറ്റും ഡോ. റോബർട്ട്‌ എ. ബാർഡ്‌വെ​ലും ജെയ്‌സൺ സാൽസ്‌മ​നും ചേർന്നാണ്‌ അതു സമാഹ​രി​ച്ചത്‌.