വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യൂറോപ്പ്‌ യഥാർഥത്തിൽ ഏകീകരിക്കപ്പെടുമോ?

യൂറോപ്പ്‌ യഥാർഥത്തിൽ ഏകീകരിക്കപ്പെടുമോ?

യൂറോപ്പ്‌ യഥാർഥ​ത്തിൽ ഏകീക​രി​ക്ക​പ്പെ​ടു​മോ?

യൂറോ​പ്പി​ന്റെ ഏകീക​ര​ണ​ത്തി​നുള്ള ശ്രമങ്ങൾ തകൃതി​യാ​യി നടക്കു​ന്നുണ്ട്‌ എന്നു വിശ്വ​സി​ക്കാൻ നിങ്ങൾക്കു ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കിൽ ഏതാനും യൂറോ​പ്യൻ രാജ്യ​ങ്ങ​ളു​ടെ അതിർത്തി കടന്നു സഞ്ചരി​ക്കു​കയേ വേണ്ടൂ, നിങ്ങൾക്കതു ബോധ്യ​മാ​കും. യൂറോ​പ്യൻ യൂണി​യ​നു​ള്ളിൽ (EU) ആളുകൾക്ക്‌ ഇപ്പോൾ സ്വത​ന്ത്ര​മാ​യി സഞ്ചരി​ക്കാം. യാത്ര​ക്കാർക്ക്‌ അതിർത്തി​യിൽ കാത്തു​കെ​ട്ടി​ക്കി​ട​ക്കേണ്ടി വരുന്നില്ല എന്നുതന്നെ പറയാം. എന്നാൽ അവർ മാത്രമല്ല അതിന്റെ പ്രയോ​ജ​നങ്ങൾ അനുഭ​വി​ക്കു​ന്നത്‌. ഇപ്പോൾ യൂറോ​പ്യൻ യൂണി​യന്റെ അംഗ രാജ്യ​ങ്ങ​ളി​ലെ പൗരന്മാർക്ക്‌ അതിനു​ള്ളിൽ എവി​ടെ​യും വിദ്യാ​ഭ്യാ​സം ചെയ്യാ​നും ജോലി ചെയ്യാ​നും ബിസി​നസ്സ്‌ തുടങ്ങാ​നും സാധി​ക്കും. അതു ഫലത്തിൽ യൂണി​യ​നി​ലെ ദരിദ്ര മേഖല​കളെ സാമ്പത്തിക പുരോ​ഗ​തി​യി​ലേക്കു നയിച്ചി​രി​ക്കു​ന്നു.

അതിർത്തി​കൾ മുറി​ച്ചു​ക​ടന്നു സഞ്ചരി​ക്കു​ന്നത്‌ എളുപ്പ​മാ​യി എന്നതു വലി​യൊ​രു മാറ്റം തന്നെയാണ്‌. എങ്കിലും യൂറോപ്പ്‌ ഏകീകൃ​ത​മാ​യെ​ന്നും ഇനിയും തടസ്സങ്ങ​ളൊ​ന്നു​മില്ല എന്നും നാം നിഗമനം ചെയ്യണ​മോ? പ്രശ്‌നങ്ങൾ മുന്നി​ലുണ്ട്‌ എന്നതാണു വസ്‌തുത. അവയിൽ ചിലതാ​കട്ടെ തികച്ചും ഭയാന​ക​വും. ഇക്കാര്യ​ങ്ങൾ ചർച്ച ചെയ്യു​ന്ന​തി​നു​മുമ്പ്‌ ഏകീക​ര​ണ​ത്തി​നാ​യി ഇതുവരെ നടത്തിയ മുന്നേ​റ്റ​ങ്ങ​ളിൽ ഒന്നി​നെ​ക്കു​റി​ച്ചു നമുക്കു പരിചി​ന്തി​ക്കാം. ആളുകൾ ലോക ഐക്യ​ത്തെ​ക്കു​റിച്ച്‌ ഇത്രയ​ധി​കം പ്രതീക്ഷ വെച്ചു​പു​ലർത്തു​ന്ന​തി​ന്റെ കാരണം നന്നായി മനസ്സി​ലാ​ക്കാൻ അതു നമ്മെ സഹായി​ച്ചേ​ക്കാം.

പണപര​മായ ഏകീക​ര​ണ​ത്തി​ലേ​ക്കുള്ള പടികൾ

അതിർത്തി​ക​ളു​മാ​യി ബന്ധപ്പെട്ട ചെലവു​കൾ സാധാ​ര​ണ​ഗ​തി​യിൽ അതിഭീ​മ​മാണ്‌. യൂറോ​പ്യൻ യൂണി​യ​നി​ലെ 15 അംഗരാ​ഷ്‌ട്ര​ങ്ങൾക്കു​തന്നെ ഓരോ വർഷവും കസ്റ്റംസ്‌ തീരു​വ​യി​ന​ത്തിൽ പരസ്‌പരം കൊടു​ക്കേ​ണ്ടി​വ​ന്നി​രു​ന്നത്‌ 1,200 കോടി യൂറോ​യാണ്‌. എന്നാൽ നിസ്സം​ശ​യ​മാ​യും, യൂറോ​പ്പി​ന്റെ അതിർത്തി​ക​ളി​ലെ ഈ പുതിയ സ്ഥിതി​വി​ശേഷം സാമ്പത്തിക വളർച്ചയെ ത്വരി​ത​പ്പെ​ടു​ത്തു​ന്ന​തിന്‌ ഉതകി​യി​രി​ക്കു​ന്നു. ഒരു പൊതു കമ്പോ​ള​ത്തി​നു​ള്ളിൽ, ഓരോ രാജ്യ​ത്തു​കൂ​ടെ​യും സ്വത​ന്ത്ര​മാ​യി പോകു​ക​യും വരിക​യും ചെയ്യുന്ന യൂറോ​പ്യൻ യൂണി​യ​നി​ലെ 37 കോടി ആളുകളെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, സാമ്പത്തിക മുന്നേറ്റം ശ്രദ്ധേ​യ​മാ​യി​രി​ക്കു​മെ​ന്നതു വ്യക്തമാണ്‌. അത്തര​മൊ​രു പുരോ​ഗ​തി​ക്കു കാരണ​മാ​ക്കി​യത്‌ എന്താണ്‌?

യൂറോ​പ്യൻ യൂണിയൻ ഉടമ്പടി അഥവാ, മാസ്‌ട്രി​ക്‌റ്റ്‌ ഉടമ്പടി​യിൽ ഒപ്പു​വെ​ച്ചു​കൊണ്ട്‌ 1992 ഫെബ്രു​വ​രി​യിൽ ഗവൺമെന്റ്‌ നേതാക്കൾ ഏകീക​ര​ണ​ത്തി​ലേ​ക്കുള്ള പാതയിൽ വലി​യൊ​രു ചുവടു​വെപ്പു നടത്തി. ആ ഉടമ്പടി​യാണ്‌ പിന്നീട്‌ യൂറോ​പ്പി​നു​ള്ളിൽ ഒരു ഏകീകൃത കമ്പോ​ള​ത്തി​നും ഒരു കേന്ദ്ര ബാങ്കി​നും ഒരു പൊതു കറൻസി​ക്കും ഉള്ള അടിസ്ഥാ​ന​മാ​യത്‌. എങ്കിലും, മറ്റൊരു കടമ്പ കടക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു: നാണയ വിനിമയ നിരക്കി​ലെ വ്യതി​യാ​നങ്ങൾ ഇല്ലാതാ​ക്കുക. കാരണം, നാണയ വിനിമയ നിരക്കി​ലെ വ്യത്യാ​സം നിമിത്തം, ഒരു ദിവസം ലാഭക​ര​മാ​യി​രുന്ന ബിസി​നസ്‌ അടുത്ത ദിവസം നഷ്‌ട​മാ​യി​രു​ന്നേ​ക്കാം.

യൂറോ​പ്യൻ മോണി​റ്ററി യൂണി​യനു രൂപം​കൊ​ടു​ക്കു​ക​യും (EMU) പൊതു കറൻസി​യാ​യി യൂറോ പ്രാബ​ല്യ​ത്തിൽ കൊണ്ടു​വ​രു​ക​യും ചെയ്‌തു​കൊണ്ട്‌ ഏകീക​ര​ണ​ത്തി​ലേ​ക്കുള്ള പാതയി​ലെ ഈ കടമ്പ മറിക​ടന്നു. വിനിമയ വിലകൾ ഇപ്പോൾ അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു എന്നു മാത്രമല്ല, വിനിമയ നിരക്കി​ലെ വ്യത്യാ​സങ്ങൾ നിമിത്തം ബിസി​ന​സ്സിൽ നഷ്ടം ഉണ്ടാകു​മെന്നു പേടി​ക്കേ​ണ്ട​തു​മില്ല. ഇത്‌ ബിസി​ന​സ്സി​നോ​ടു ബന്ധപ്പെട്ട ചെലവു​കൾ കുറയു​ന്ന​തി​നും അന്താരാ​ഷ്‌ട്ര തലത്തിൽ ഉള്ള വാണി​ജ്യം വർധി​ക്കു​ന്ന​തി​നും ഇടയാ​ക്കി​യി​രി​ക്കു​ന്നു. അത്‌ ഭാവി​യിൽ കൂടുതൽ തൊഴി​ല​വ​സ​രങ്ങൾ സൃഷ്ടി​ക്കു​ന്ന​തി​നും ആളുക​ളു​ടെ പക്കൽ ഇഷ്ടം​പോ​ലെ പണം വന്നു​ചേ​രു​ന്ന​തി​നും ഇടയാ​ക്കി​യേ​ക്കാം. അത്‌ തീർച്ച​യാ​യും എല്ലാവർക്കും പ്രയോ​ജ​ന​കരം ആയിരി​ക്കു​മ​ല്ലോ.

ഒരു പൊതു നാണയം സ്വീക​രി​ക്കു​ന്ന​തി​ലേക്കു വഴി​തെ​ളിച്ച മറ്റൊരു സുപ്ര​ധാന ഘടകം 1998-ൽ യൂറോ​പ്യൻ സെൻട്രൽ ബാങ്ക്‌ നിലവിൽ വന്നു എന്നതാ​യി​രു​ന്നു. ജർമനി​യി​ലെ ഫ്രാങ്ക്‌ഫർട്ടിൽ സ്ഥിതി​ചെ​യ്യുന്ന ഈ സ്വാശ്രയ ബാങ്കാണ്‌ അതിലെ അംഗങ്ങ​ളായ ഗവൺമെ​ന്റു​ക​ളു​ടെ​മേൽ പണപര​മായ അധീശ​ത്വം പുലർത്തു​ന്നത്‌. യൂറോ​സോൺ എന്നു വിളി​ക്ക​പ്പെ​ടുന്ന 11 അംഗരാജ്യങ്ങളിൽ a പണപ്പെ​രു​പ്പം കുറച്ചു നിറു​ത്താ​നും യൂറോ​യ്‌ക്കും ഡോള​റി​നും യെന്നി​നും ഇടയി​ലുള്ള വിനിമയ നിരക്കി​ലെ വ്യതി​യാ​നങ്ങൾ സ്ഥിരമാ​ക്കി നിറു​ത്താ​നും ഈ ബാങ്ക്‌ ശ്രമി​ക്കു​ന്നു.

അങ്ങനെ, പണത്തോ​ടുള്ള ബന്ധത്തിൽ ഏകീക​ര​ണ​ത്തി​ലേക്കു വലിയ ചുവടു​വെ​പ്പു​കൾതന്നെ നടത്തി​യി​ട്ടു​ണ്ടെ​ന്നു​ള്ളതു സത്യമാണ്‌. എന്നുവ​രി​കി​ലും, പണപര​മായ കാര്യങ്ങൾ യൂറോ​പ്യൻ രാജ്യ​ങ്ങൾക്കി​ട​യിൽ നിലവി​ലി​രി​ക്കുന്ന വലിയ അനൈ​ക്യ​ത്തെ​യും വെളി​വാ​ക്കു​ന്നു.

പണപര​മായ കൂടുതൽ കാര്യങ്ങൾ

യൂറോ​പ്യൻ യൂണി​യ​നി​ലെ ഏറ്റവും ദരിദ്ര രാജ്യ​ങ്ങൾക്ക്‌ അവരു​ടേ​തായ പരാതി​ക​ളും ഉണ്ട്‌. സമ്പന്ന രാജ്യങ്ങൾ സമ്പത്ത്‌ തങ്ങളു​മൊ​ത്തു വേണ്ടത്ര പങ്കിടു​ന്നി​ല്ലെന്ന്‌ അവർ വിചാ​രി​ക്കു​ന്നു. യൂറോ​പ്പി​ലെ ദരിദ്ര രാജ്യ​ങ്ങൾക്കു കൂടുതൽ സാമ്പത്തിക സഹായം നൽകേ​ണ്ട​താ​ണെന്ന്‌ അംഗരാ​ഷ്‌ട്ര​ങ്ങൾക്കെ​ല്ലാം അറിയാം. എങ്കിൽപ്പോ​ലും, അതു ചെയ്യാ​തി​രി​ക്കു​ന്ന​തി​നു തങ്ങൾക്കു ന്യായ​മായ കാരണ​ങ്ങ​ളു​ണ്ടെന്നു സമ്പന്ന രാജ്യ​ങ്ങ​ളും കരുതു​ന്നു.

ജർമനി​യു​ടെ കാര്യം​ത​ന്നെ​യെ​ടു​ക്കുക. യൂറോ​പ്പി​ന്റെ ഏകീക​ര​ണ​ത്തി​നു​വേണ്ടി പണമി​റ​ക്കു​ന്ന​തിൽ ജർമനിക്ക്‌ തുടക്ക​ത്തിൽ ഉണ്ടായി​രുന്ന ഉത്സാഹം കെട്ടു​പോ​യി​രി​ക്കു​ന്നു. ജർമനി​യു​ടെ സാമ്പത്തിക ബാധ്യ​തകൾ വർധി​ച്ച​താണ്‌ അതിനുള്ള കാരണം. പൂർവ, പശ്ചിമ ജർമനി​കളെ ഏകീക​രി​ക്കാ​നുള്ള ശ്രമങ്ങൾക്കാ​യി​തന്നെ വൻതുക ചെലവ​ഴി​ക്കേ​ണ്ടി​വന്നു—ഒരു വർഷം ഏകദേശം 10,000 കോടി ഡോളർ. ദേശീയ ബഡ്‌ജ​റ്റി​ന്റെ നാലിൽ ഒന്നു വരുമത്‌! അത്തരം സംഭവ​വി​കാ​സങ്ങൾ നിമിത്തം, ജർമനി​യു​ടെ ദേശീയ കടബാ​ധ്യത കുതി​ച്ചു​യർന്നി​രി​ക്കു​ന്നു. അതിന്റെ ഫലമായി ഇഎംയു-വിൽ അംഗത്വം ലഭിക്കു​ന്ന​തി​നു​വേണ്ട യോഗ്യ​ത​യിൽ എത്തി​ച്ചേ​രാൻ ജർമനി​ക്കു കിണഞ്ഞു ശ്രമി​ക്കേ​ണ്ടി​വന്നു.

യൂറോ​പ്യൻ യൂണി​യ​നിൽ ചേരാൻ ശ്രമി​ക്കുന്ന പുതിയ അംഗങ്ങൾ

ചുരു​ങ്ങിയ കാലം​കൊണ്ട്‌, അതായത്‌ ഇന്നത്തെ യൂറോ​പ്യൻ കറൻസി​ക​ളു​ടെ സ്ഥാനം യൂറോ കറൻസി ഏറ്റെടു​ക്കുന്ന 2002-ന്‌ മുമ്പ്‌,

ഇഎംയു-വിൽ അംഗങ്ങ​ളാ​യി​ട്ടി​ല്ലാത്ത ഇയു രാജ്യ​ങ്ങൾക്ക്‌ തങ്ങളുടെ മുന്നി​ലുള്ള കടമ്പകൾ കടന്നു​ക​യ​റാൻ കഴിയു​മെ​ന്നാണ്‌ ഒറ്റ കറൻസി​യെ അനുകൂ​ലി​ക്കു​ന്ന​വ​രു​ടെ പ്രതീക്ഷ. ബ്രിട്ട​നും ഡെന്മാർക്കും സ്വീഡ​നും തങ്ങളുടെ നിലപാ​ടിൽ മാറ്റം വരുത്തു​ന്ന​പക്ഷം പൗണ്ടി​ന്റെ​യും ക്രോ​ണ​റി​ന്റെ​യും ക്രോ​ണോ​റി​ന്റെ​യും സ്ഥാനവും യൂറോ ഏറ്റെടു​ക്കു​ന്ന​താ​യി​രി​ക്കും.

അതേസ​മ​യം, ആറു യൂറോ​പ്യൻ രാജ്യങ്ങൾ—എസ്‌തോ​ണിയ, ചെക്ക്‌ റിപ്പബ്ലിക്‌, പോളണ്ട്‌, സൈ​പ്രസ്‌, സ്ലോ​വേ​നിയ, ഹംഗറി—ഇയു-വിൽ ചേരാ​നുള്ള പ്രയത്‌ന​ത്തി​ലാണ്‌. മറ്റ്‌ അഞ്ചു രാജ്യങ്ങൾ കൂടി തങ്ങളുടെ ഊഴത്തി​നാ​യി കാത്തി​രി​ക്കു​ന്നു. ബൾഗേ​റിയ, ലാത്വിയ, ലിത്വാ​നിയ, സ്ലൊവാ​ക്യ, റൊ​മേ​നിയ എന്നിവ​യാണ്‌ അവ. ഇവർക്കെ​ല്ലാം അംഗത്വം കൊടു​ക്കു​ന്നത്‌ ഇയു-വിനെ സംബന്ധി​ച്ചി​ട​ത്തോ​ളം ചെലവുള്ള കാര്യ​മാണ്‌. 2000-ത്തിനും 2006-നും ഇടയ്‌ക്കുള്ള വർഷങ്ങ​ളിൽ പൂർവ യൂറോ​പ്പിൽ നിന്നുള്ള പത്ത്‌ നവാഗ​തരെ സഹായി​ക്കാ​നാ​യി ഇയു 8,000 കോടി യൂറോ നൽകേ​ണ്ടി​വ​രു​മെ​ന്നാണ്‌ കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌.

എന്നിരു​ന്നാ​ലും, ഇയു-വിൽ അംഗത്വം ലഭിക്കു​ന്ന​തി​നു​വേണ്ട യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രാൻ വേണ്ടുന്ന പണം ഈ രാജ്യങ്ങൾ തനിയെ സ്വരു​ക്കൂ​ട്ടേ​ണ്ട​തുണ്ട്‌. ഇതാകട്ടെ ഇയു-വിൽ നിന്നു ലഭിക്കാൻ പോകുന്ന സഹായ​ധ​ന​ത്തി​ന്റെ പല മടങ്ങ്‌ വരും. ഉദാഹ​ര​ണ​ത്തിന്‌, റോഡു​ക​ളു​ടെ​യും റെയിൽവേ​യു​ടെ​യും വികസ​ന​ത്തി​നാ​യി ഹംഗറി 1,200 കോടി യൂറോ ചെലവി​ടേ​ണ്ടി​വ​രും. ജലശു​ദ്ധീ​ക​ര​ണ​ത്തി​നു മാത്ര​മാ​യി ചെക്ക്‌ റിപ്പബ്ലിക്‌ 340 കോടി യൂറോ ചെലവ​ഴി​ക്കണം. പുറന്ത​ള്ളുന്ന സൾഫറി​ന്റെ അളവു നിയ​ന്ത്രി​ക്കാ​നാ​യി പോളണ്ട്‌ 300 കോടി യൂറോ മുടക്കണം. എങ്കിലും, അംഗത്വം ലഭിച്ചാ​ലുള്ള പ്രയോ​ജ​നങ്ങൾ കണക്കി​ലെ​ടു​ക്കു​മ്പോൾ ഈ തുക​യൊ​ന്നും ഒരു പ്രശ്‌നമേ അല്ല എന്നാണ്‌ ഇതിൽ ചേരാ​നി​രി​ക്കുന്ന രാജ്യ​ങ്ങൾക്കു തോന്നു​ന്നത്‌. ഇയു രാജ്യ​ങ്ങ​ളു​മാ​യുള്ള അവരുടെ വാണി​ജ്യം വർധി​ക്കു​മെ​ന്ന​താണ്‌ ഒരു കാരണം. എങ്കിലും ഇവർക്കു കുറച്ചു​നാൾ കാത്തി​രി​ക്കേണ്ടി വന്നേക്കാം. ഇയു സ്വന്തം സാമ്പത്തിക കാര്യങ്ങൾ നേരെ​യാ​ക്കി​യ​ശേഷം മതി പുതിയ അംഗങ്ങളെ സ്വീക​രി​ക്കു​ന്നത്‌ എന്നാണ്‌ ഇപ്പോൾ പൊതു​വെ​യുള്ള അഭി​പ്രാ​യം.

നീരസം, ദേശീ​യ​ത്വം, തൊഴി​ലി​ല്ലായ്‌മ

യൂറോ​പ്പി​ന​ക​ത്തും പുറത്തും ഏകീക​ര​ണ​ത്തി​നുള്ള ഇത്ര വലിയ ശ്രമങ്ങ​ളെ​ല്ലാം നടത്തി​യി​ട്ടും, ഈ ഭൂഖണ്ഡ​ത്തി​ലെ സംഭവ​വി​കാ​സ​ങ്ങ​ളെ​പ്രതി ആശങ്കയും നിലനിൽക്കു​ന്നുണ്ട്‌. ശിഥി​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ബാൾക്കൻ പ്രദേ​ശത്ത്‌ നടക്കു​ന്ന​തു​പോ​ലുള്ള വംശീയ സംഘട്ട​നങ്ങൾ—ബോസ്‌നി​യ​യി​ലെ യുദ്ധവും കോസ​വ​യി​ലെ പോരാ​ട്ട​വും—എങ്ങനെ ഒതുക്കണം എന്നത്‌ വലിയ തലവേ​ദ​ന​യാണ്‌. യൂറോ​പ്പി​ലും മറ്റിട​ങ്ങ​ളി​ലു​മുള്ള ഇത്തരം സംഘട്ട​ന​ങ്ങളെ നേരി​ടേണ്ട വിധം സംബന്ധിച്ച്‌ ഇയു-വിലെ അംഗരാ​ജ്യ​ങ്ങൾക്ക്‌ മിക്ക​പ്പോ​ഴും ഭിന്നാ​ഭി​പ്രാ​യ​മാണ്‌ ഉള്ളത്‌. ഇയു, സ്റ്റേറ്റു​ക​ളു​ടെ ഒരു ഫെഡ​റേഷൻ അല്ലാത്ത​തി​നാ​ലും അതിന്‌ ഒരു പൊതു വിദേ​ശ​കാ​ര്യ നയം ഇല്ലാത്ത​തി​നാ​ലും, ദേശീയ താത്‌പ​ര്യ​ങ്ങൾക്കാണ്‌ ഒട്ടുമി​ക്ക​പ്പോ​ഴും പ്രാമു​ഖ്യത. വ്യക്തമാ​യും, ‘യൂറോ​പ്യൻ ഐക്യ​നാ​ടു​കൾ’ക്കുള്ള വലി​യൊ​രു പ്രതി​ബന്ധം ദേശീയ താത്‌പ​ര്യ​ങ്ങ​ളാണ്‌.

യൂറോപ്പ്‌ മറ്റൊരു നിർണാ​യക പ്രശ്‌നം അഭിമു​ഖീ​ക​രി​ക്കു​ന്നുണ്ട്‌—കുതി​ച്ചു​യ​രുന്ന തൊഴി​ലി​ല്ലായ്‌മ. തൊഴി​ല​റി​യാ​വു​ന്ന​വ​രിൽ ശരാശരി 10 ശതമാനം തൊഴിൽര​ഹി​ത​രാണ്‌. അതായത്‌, 1.6 കോടി​യി​ല​ധി​കം ആളുകൾ തൊഴിൽര​ഹി​ത​രാ​ണെ​ന്നാണ്‌ ഇതു കാണി​ക്കു​ന്നത്‌. യൂറോ​പ്യൻ യൂണി​യന്റെ പല അംഗരാ​ഷ്‌ട്ര​ങ്ങ​ളി​ലും യുവജ​നങ്ങൾ—ഇയു-വിന്റെ മൊത്തം ജനസം​ഖ്യ​യു​ടെ നാലി​ലൊന്ന്‌ ചെറു​പ്പ​ക്കാ​രാണ്‌—ഒരു തൊഴിൽ കണ്ടെത്താ​നാ​യി വിഫല ശ്രമം നടത്തി​യി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ, യൂറോപ്പ്‌ നേരി​ടുന്ന അതിരൂ​ക്ഷ​മായ പ്രശ്‌നം തൊഴി​ലി​ല്ലാ​യ്‌മ​യാ​ണെന്ന്‌ അനേക​രും കരുതു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല! തൊഴിൽ കമ്പോളം നവീക​രി​ക്കാൻ ഇതുവരെ നടത്തി​യി​ട്ടുള്ള ശ്രമങ്ങൾ വിജയി​ച്ചി​ട്ടു​മില്ല.

എന്നാൽ ഏകീക​ര​ണ​ത്തിന്‌ ഇനിയും വലി​യൊ​രു തടസ്സമുണ്ട്‌.

ആരാണ്‌ ഉത്തരവാ​ദി?

ഒരു ഏകീകൃത യൂറോപ്പ്‌ യാഥാർഥ്യ​മാ​ക്കു​ന്ന​തിൽ വലി​യൊ​രു വിലങ്ങു​ത​ടി​യാ​യി നിൽക്കു​ന്നതു പരമാ​ധി​കാ​ര​മാണ്‌. ദേശീയ പരമാ​ധി​കാ​രം തങ്ങൾ എത്ര​ത്തോ​ളം ഉപേക്ഷി​ക്കു​മെ​ന്നതു സംബന്ധിച്ച്‌ അംഗരാ​ഷ്‌ട്രങ്ങൾ യോജി​പ്പിൽ എത്തേണ്ടി​യി​രി​ക്കു​ന്നു. ഇയു-വിന്റെ ലക്ഷ്യം ദേശീ​യാ​തീ​ത​മായ ഒരു ഭരണ​ക്രമം സ്ഥാപി​ക്കുക എന്നതാണ്‌. അതു സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടാ​ത്ത​പക്ഷം, യൂറോ​യെ പ്രാബ​ല്യ​ത്തി​ലാ​ക്കി​യത്‌ വെറു​മൊ​രു “താത്‌കാ​ലിക വിജയം” ആയിരി​ക്കു​മെ​ന്നാണ്‌ ല മോൺട്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌. ചില അംഗരാ​ഷ്‌ട്ര​ങ്ങൾക്കു തങ്ങളുടെ അധികാ​രം ഉപേക്ഷി​ക്കു​ക​യെന്ന ആശയം​തന്നെ ഉൾക്കൊ​ള്ളാ​നാ​കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു ഇയു അംഗരാ​ഷ്‌ട്ര​ത്തി​ന്റെ തലവൻ ഇപ്രകാ​രം പറഞ്ഞു: ‘നേതൃ​നി​ര​യി​ലാ​യി​രി​ക്കാ​നേ ഞങ്ങൾ ശീലി​ച്ചി​ട്ടു​ള്ളു, അല്ലാതെ ആരു​ടെ​യെ​ങ്കി​ലും പിന്നിൽ ആയിരി​ക്കാ​നല്ല.’

കാല​ക്ര​മ​ത്തിൽ, വലിയ രാജ്യങ്ങൾ തങ്ങളെ നിയ​ന്ത്രി​ക്കു​മെ​ന്നും സ്വന്തം താത്‌പ​ര്യ​ങ്ങൾക്കു ഭീഷണി​യാ​കുന്ന തീരു​മാ​നങ്ങൾ സ്വീക​രി​ക്കാൻ അവർ മടിക്കു​മെ​ന്നും ഇയു-വിലെ ചെറിയ രാജ്യങ്ങൾ ഭയപ്പെ​ടു​ന്നത്‌ നമുക്കു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഉദാഹ​ര​ണ​ത്തിന്‌, ഏതെല്ലാം രാജ്യ​ങ്ങ​ളിൽ ഇയു ഏജൻസി​ക​ളു​ടെ ആസ്ഥാനങ്ങൾ ഉണ്ടായി​രി​ക്കണം എന്നതു സംബന്ധിച്ച തീരു​മാ​നങ്ങൾ എടുക്കു​ന്ന​തി​നുള്ള മാനദ​ണ്ഡങ്ങൾ എന്തായി​രി​ക്കു​മെന്നു ചെറിയ രാജ്യങ്ങൾ ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നു. ഇതൊരു സുപ്ര​ധാന തീരു​മാ​ന​മാണ്‌. കാരണം, അത്തരം ഏജൻസി​കൾ ഏതു രാജ്യ​ങ്ങ​ളി​ലാ​ണോ ഉള്ളത്‌ അവിടത്തെ തൊഴിൽ അവസര​ങ്ങളെ അതു വൻതോ​തിൽ വർധി​പ്പി​ക്കു​ന്നു.

ഏകീക​ര​ണ​ത്തി​നു ഭീഷണി ഉയർത്തുന്ന ഈ പ്രതി​ബ​ന്ധങ്ങൾ അതായത്‌, സാമ്പത്തിക അസമത്വം, യുദ്ധം, തൊഴി​ലി​ല്ലായ്‌മ, ദേശീ​യ​വാ​ദം എന്നിവ ഉള്ളതി​നാൽ യൂറോ​പ്പി​ന്റെ ഏകീക​രണം അസാധ്യ​മാ​ണെന്നു തോന്നി​യേ​ക്കാം. എങ്കിൽപ്പോ​ലും ഇക്കാര്യ​ത്തിൽ അസാധാ​ര​ണ​മായ പുരോ​ഗതി കൈവ​രി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ളത്‌ ഒരു വസ്‌തു​ത​യാണ്‌. ഇനി എന്തുമാ​ത്രം പുരോ​ഗ​തി​യാണ്‌ വരുത്താ​നു​ള്ളത്‌ എന്ന്‌ ഒരു നിശ്ചയ​വു​മില്ല. യൂറോ​പ്പി​നെ ഏകീക​രി​ക്കാൻ ശ്രമി​ക്കു​ന്നവർ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ മുഖ്യ​മാ​യും എല്ലാ മാനുഷ ഗവൺമെ​ന്റു​ക​ളും അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌നങ്ങൾ തന്നെയാണ്‌.

വംശീയ പോരാ​ട്ടങ്ങൾ, തൊഴി​ലി​ല്ലാ​യ്‌മ​യു​ടെ പെരുപ്പം, ദാരി​ദ്ര്യം, യുദ്ധം എന്നിങ്ങ​നെ​യുള്ള പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയുന്ന ഒരു ഗവൺമെന്റ്‌ എന്നെങ്കി​ലും ഉണ്ടാകു​മോ? ആളുകൾ യഥാർഥ ഐക്യ​ത്തിൽ ജീവി​ക്കുന്ന ഒരു ലോക​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്കു ചിന്തി​ക്കാ​നാ​കു​മോ? ഇതേക്കു​റി​ച്ചുള്ള അടുത്ത ലേഖന​ത്തി​ലെ ചർച്ച നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കാം.

[അടിക്കു​റിപ്പ്‌]

a അയർലൻഡ്‌, ഇറ്റലി, ഓസ്‌ട്രിയ, ബെൽജി​യം, ഫിൻലൻഡ്‌, ഫ്രാൻസ്‌, ജർമനി, നെതർലൻഡ്‌സ്‌, പോർച്ചു​ഗൽ, ലക്‌സം​ബർഗ്‌, സ്‌പെ​യിൻ എന്നിവ​യാണ്‌ ആ രാജ്യങ്ങൾ. പല കാരണ​ങ്ങ​ളാൽ ഗ്രീസ്‌, ഗ്രേറ്റ്‌ ബ്രിട്ടൺ, ഡെന്മാർക്ക്‌, സ്വീഡൻ എന്നിവയെ അതിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടില്ല.

[6-ാം പേജിലെ ചതുരം]

യൂറോ ഇതാ വരുന്നു!

യൂറോ​പ്യൻ യൂണിയൻ അംഗങ്ങ​ളു​ടെ പക്കൽ ഇപ്പോ​ഴുള്ള ദേശീയ നാണയ​ങ്ങ​ളും ബാങ്ക്‌ നോട്ടു​ക​ളും 2002 വരെ അപ്രത്യ​ക്ഷ​മാ​കി​ല്ലെ​ങ്കി​ലും, കറൻസി കൂടാ​തെ​യുള്ള ഇടപാ​ടു​കൾ യൂറോ ഉപയോ​ഗിച്ച്‌ ആരംഭി​ച്ചു​ക​ഴി​ഞ്ഞു. യൂറോ​യി​ലേ​ക്കുള്ള ഈ മാറ്റം ബാങ്കു​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം വലി​യൊ​രു സംരം​ഭ​മാണ്‌. എന്നിരു​ന്നാ​ലും, ഓരോ അംഗരാ​ഷ്‌ട്ര​ത്തി​ന്റെ​യും ദേശീയ കറൻസി​യും യൂറോ​യും തമ്മിലുള്ള വിനിമയ നിരക്ക്‌ നിജ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. സ്റ്റോക്ക്‌ എക്‌സ്‌ചേ​ഞ്ചു​ക​ളും യൂറോ​യി​ലാ​ണു വിലകൾ കാണി​ക്കു​ന്നത്‌. പല കടകളും വ്യാപാ​ര​സ്ഥാ​പ​ന​ങ്ങ​ളും തങ്ങളുടെ ഉത്‌പ​ന്ന​ങ്ങൾക്കു വിലയി​ടു​ന്നത്‌ ഇപ്പോൾ യൂറോ​യി​ലും തങ്ങളുടെ രാജ്യത്തെ കറൻസി​യി​ലു​മാണ്‌.

അത്തരം വ്യാപാര ഇടപാ​ടു​കൾ വൻതോ​തി​ലുള്ള പൊരു​ത്ത​പ്പെ​ടു​ത്തൽ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. പ്രത്യേ​കി​ച്ചും, തങ്ങൾക്കു പരിചി​ത​മായ ഡോയിഷ്‌ മാർക്കും ഫ്രാങ്കും ലിറയു​മൊ​ക്കെ ഉപയോ​ഗി​ച്ചു ശീലിച്ച വൃദ്ധർക്ക്‌. ക്യാഷ്‌ രജിസ്റ്റ​റു​കൾ, ഓട്ടോ​മാ​റ്റിക്‌ ടെല്ലർ മെഷീ​നു​കൾ എന്നിവ​യിൽ പോലും മാറ്റങ്ങൾ വരു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. യൂറോ​യി​ലേ​ക്കുള്ള മാറ്റം കഴിവ​തും സുഗമ​മാ​ക്കാൻ, യൂറോ​യു​ടെ വരവി​നെ​ക്കു​റി​ച്ചും അതിന്റെ ഉപയോ​ഗ​ത്തെ​ക്കു​റി​ച്ചും പൊതു​ജ​ന​ങ്ങൾക്കു വിവരങ്ങൾ നൽകു​ന്ന​തി​നുള്ള ഔദ്യോ​ഗിക പ്രചാ​ര​ണ​പ​രി​പാ​ടി​കൾ ആവിഷ്‌ക​രി​ച്ചി​ട്ടുണ്ട്‌.

എന്തെല്ലാം തടസ്സങ്ങ​ളു​ണ്ടെ​ങ്കി​ലും, യൂറോ പ്രാബ​ല്യ​ത്തിൽ വരാൻ പോകു​ക​യാണ്‌. യൂറോ​യു​ടെ നാണയ​മ​ടി​ക്ക​ലും നോട്ട​ടി​യും തുടങ്ങി​ക്ക​ഴി​ഞ്ഞു. ഇതു വലി​യൊ​രു ജോലി​ത​ന്നെ​യാണ്‌. 1.5 കോടി​യോ​ളം ആളുകൾ താമസി​ക്കുന്ന നെതർലൻഡ്‌സ്‌ പോലുള്ള ചെറി​യൊ​രു രാജ്യ​ത്തു​പോ​ലും, 2002 ജനുവരി 1 ആകു​മ്പോ​ഴേ​ക്കും 280 കോടി നാണയ​ങ്ങ​ളും 38 കോടി ബാങ്ക്‌ നോട്ടു​ക​ളും നിർമി​ക്കു​ന്ന​തിന്‌ കമ്മട്ടങ്ങ​ളും അച്ചടി​ശാ​ല​ക​ളും 3 വർഷം നിറു​ത്താ​തെ പ്രവർത്തി​ക്കേ​ണ്ട​തുണ്ട്‌. ഈ പുതിയ ബാങ്ക്‌ നോട്ടു​ക​ളെ​ല്ലാം ഒന്നിനു മുകളിൽ ഒന്നായി അടുക്കി​വെ​ച്ചാൽ, അതിന്‌ 20 കിലോ​മീ​റ്റ​റോ​ളം ഉയരം കാണും!

[7-ാം പേജിലെ ചതുരം]

യൂറോ​പ്യൻ കമ്മീഷൻ പ്രതി​സ​ന്ധി​യിൽ

യൂറോ​പ്യൻ യൂണി​യന്റെ (ഇയു) കാര്യ​നിർവാ​ഹക സമിതി​യായ യൂറോ​പ്യൻ കമ്മീഷൻ 1999-ന്റെ തുടക്ക​ത്തിൽ കനത്ത ഒരു തിരി​ച്ച​ടി​യിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ആ കമ്മീഷന്റെ പേരിൽ വഞ്ചന, അഴിമതി, സ്വജന​പ​ക്ഷ​പാ​തം എന്നിവ ആരോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇതി​നെ​ക്കു​റിച്ച്‌ അന്വേ​ഷണം നടത്താൻ ഒരു കമ്മിറ്റി രൂപീ​ക​രി​ക്ക​പ്പെട്ടു. ആറ്‌ ആഴ്‌ച നീണ്ടു​നിന്ന അന്വേ​ഷ​ണ​ത്തി​നു ശേഷം, യൂറോ​പ്യൻ കമ്മീഷൻ വഞ്ചനയും ദുർഭ​ര​ണ​വും നടത്തി​യെ​ന്നത്‌ ശരിയാ​ണെന്നു പ്രസ്‌തുത കമ്മിറ്റി കണ്ടെത്തി. എന്നിരു​ന്നാ​ലും, കമ്മീഷ​നി​ലെ അംഗങ്ങൾ തങ്ങളുടെ കീശ വീർപ്പി​ച്ച​താ​യുള്ള യാതൊ​രു തെളി​വും അന്വേഷണ കമ്മിറ്റി​ക്കു ലഭിച്ചില്ല.

ഈ കമ്മിറ്റി​യു​ടെ റിപ്പോർട്ട്‌ പുറത്തു​വന്ന ശേഷം, 1999 മാർച്ചിൽ യൂറോ​പ്യൻ കമ്മീഷൻ ഒന്നടങ്കം രാജി​വെച്ചു. അത്‌ തികച്ചും അപ്രതീ​ക്ഷി​ത​മായ ഒരു നടപടി​യാ​യി​രു​ന്നു. തന്നിമി​ത്തം യൂറോ​പ്യൻ യൂണിയൻ കടുത്ത പ്രതി​സ​ന്ധി​യി​ലു​മാ​യി. ടൈം മാസിക അതിനെ ‘യൂറോ​പ്പി​നേറ്റ ഒരു കനത്ത പ്രഹരം’ എന്നാണു വിശേ​ഷി​പ്പി​ച്ചത്‌. ഈ പ്രതി​സന്ധി യൂറോപ്പ്‌ ഏകീക​ര​ണത്തെ എങ്ങനെ ബാധി​ക്കു​മെന്നു കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു.

[5-ാം പേജിലെ ചിത്രം]

യൂറോപ്പിലെ അതിർത്തി​കൾ കടക്കുക എന്നത്‌ ഇപ്പോൾത്തന്നെ വളരെ എളുപ്പ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു

[7-ാം പേജിലെ ചിത്രം]

ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടി​ലുള്ള യൂറോ​പ്യൻ സെൻട്രൽ ബാങ്ക്‌ സ്ഥാപി​ത​മാ​യത്‌ 1998-ലാണ്‌