ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
പുകവലി കാൻസറിന് ഇടയാക്കുമെന്ന് പുകയില കമ്പനി സമ്മതിക്കുന്നു
പതിറ്റാണ്ടുകളോളം വൈദ്യശാസ്ത്രരംഗത്തെ പല കണ്ടെത്തലുകളെയും അംഗീകരിക്കാൻ കൂട്ടാക്കാതിരുന്നതിനു ശേഷം ഇപ്പോൾ, പുകവലി ശ്വാസകോശ കാൻസറിനും മറ്റു മാരക രോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് ഐക്യനാടുകളിലെ ഏറ്റവും വലിയ സിഗരറ്റ് നിർമാണ കമ്പനിയായ ഫിലിപ്പ് മോറിസ് സമ്മതിക്കുന്നു. ആ കമ്പനിയുടെ ഒരു വാർത്താ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “സിഗരറ്റ് വലി ശ്വാസകോശ കാൻസറിനും ഹൃദ്രോഗത്തിനും എംഫിസിമയ്ക്കും മറ്റു മാരക രോഗങ്ങൾക്കും ഇടയാക്കുന്നു എന്ന വസ്തുതയെ വൈദ്യശാസ്ത്രവും സയൻസും ഒരുപോലെ ശക്തമായി പിന്താങ്ങുന്നു.” “പുകവലി രോഗങ്ങൾ വരുത്തിവെക്കുന്നു എന്നല്ല, ശ്വാസകോശ കാൻസർ പോലുള്ള രോഗങ്ങളുടെ കാര്യത്തിൽ ‘സാധ്യത വർധിപ്പിക്കുന്ന’, അല്ലെങ്കിൽ ‘അതിന് ഇടയാക്കുന്ന ഒരു ഘടകം’ മാത്രമാണെന്നു . . . കമ്പനി നേരത്തെ വാദിച്ചിരുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പുകവലി മാരക രോഗങ്ങൾക്ക് ഇടയാക്കുന്നു എന്ന് സമ്മതിച്ചെങ്കിലും കമ്പനി പറയുന്നത് ഇതാണ്: “ഞങ്ങളുടെ സിഗരറ്റുകളെയും അവയ്ക്കു ജനപ്രീതി നേടിത്തരുന്നതിൽ ഈ വർഷങ്ങളിലെല്ലാം ഒരു വലിയ പങ്കുവഹിച്ച പരസ്യങ്ങളെയും കുറിച്ചു ഞങ്ങൾക്ക് അഭിമാനമേയുള്ളൂ.”
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മുഖമുദ്ര
കാനഡയുടെ പടിഞ്ഞാറൻ പുൽമേടുകളിൽ നിന്നും ഗ്രെയ്ൻ എലവേറ്ററുകൾ (ധാന്യം ലോഡ്/അൺലോഡ് ചെയ്യുന്നതിനും സംഭരിക്കുന്നതിനും സൗകര്യമുള്ള കെട്ടിടം) ഒന്നൊന്നായി അപ്രത്യക്ഷമാകുകയാണ്. ഗ്രെയ്ൻ എലവേറ്ററുകൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത് 1933-ൽ ആണ്, അന്ന് അത് 5,758 ആയിരുന്നു. ഇപ്പോൾ അതു വെറും 1,052 ആയി ചുരുങ്ങിയിരിക്കുന്നു. കാരണം? ഒരു ഗ്രെയ്ൻ എലവേറ്റർ നശിപ്പിക്കുന്നതു കണ്ട ഒരാൾ ഇങ്ങനെ വിലപിച്ചു: “കാലം മാറിയിരിക്കുന്നു, കൃഷി ഇപ്പോൾ വെറുമൊരു വ്യവസായമാണ്. കുടുംബ വക കൃഷിയിടങ്ങൾതന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതുപോലെയാണ് എലവേറ്ററുകളും.” “ഗ്രെയ്ൻ എലവേറ്ററുകൾ ഇല്ലാത്ത കാനഡയിലെ പുൽമേടുകൾ കനാലുകളില്ലാത്ത വെനീസ് പോലെയും, അംബരചുംബികൾ ഇല്ലാത്ത ന്യൂയോർക്കു നഗരം പോലെയും മദ്യശാലകളില്ലാത്ത ബ്രിട്ടൻ പോലെയുമാണെന്നു പറയാം” എന്ന് ഹാരോസ്മിത്ത് കൺട്രി ലൈഫ് എന്ന മാസിക പറയുന്നു. കനേഡിയൻ സമതലപ്രദേശങ്ങളുടെ വാസ്തുശില്പ പ്രതീകമായി കരുതപ്പെടുന്ന ഇതിനെ സംരക്ഷിക്കുന്നതിനായി പ്രത്യേക താത്പര്യമുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ഗ്രെയ്ൻ എലവേറ്ററിനെ കാഴ്ചബംഗ്ലാവായും മറ്റൊന്നിനെ ഒരു ഡിന്നർ തിയറ്ററായും അവർ മാറ്റിയെടുത്തു.
സമയം ഇല്ലേയില്ല
യൂറോപ്പിലുടനീളം കൂടുതൽ കൂടുതൽ ആളുകൾ സമയ ദൗർലഭ്യം നിമിത്തം നട്ടം തിരിയുകയാണെന്ന് ജർമൻ വർത്തമാനപ്പത്രമായ ജീസെനെ ആൽജെമൈന റിപ്പോർട്ടു ചെയ്യുന്നു. ജോലിക്കു പോകുന്നവരുടെയും വീട്ടുജോലി മാത്രം ചെയ്തു കഴിയുന്നവരുടെയും ഒഴിവുസമയം ചെലവിടുന്നവരുടെയും ഒക്കെ കാര്യത്തിൽ ഇത് ഒരുപോലെ സത്യമാണ്. “40 വർഷം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ ആളുകൾക്ക് ഉറങ്ങാൻ കുറച്ചു സമയമേ ഉള്ളു, മാത്രമല്ല അവർ അന്നത്തേതിനെക്കാൾ ധൃതിപിടിച്ച് ഭക്ഷണം കഴിക്കുകയും തിരക്കിട്ട് ജോലി ചെയ്യുകയും ചെയ്യുന്നു” എന്ന് ബാംബെർഗ് യൂണിവേഴ്സിറ്റിയിലെ സാമൂഹിക ശാസ്ത്രജ്ഞനായ മാൻഫ്രേറ്റ് ഗാർഹാമ്മെ പറയുന്നു. താൻ പഠനവിധേയമാക്കിയ യൂറോപ്യൻ രാജ്യങ്ങളിലെല്ലാം ദൈനംദിന ജീവിതത്തിന്റെ ഗതിവേഗം വർധിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടെത്തി. ജോലിഭാരം ലഘൂകരിക്കുന്ന ഗൃഹോപകരണങ്ങളുടെ രംഗപ്രവേശവും പണ്ടത്തെ അപേക്ഷിച്ച് ജോലി സമയത്തിൽ ഇപ്പോഴുള്ള കുറവുമൊന്നും “തിരക്കില്ലാത്ത ഒരു സമൂഹത്തെ” വാർത്തെടുക്കുന്നതിനോ “ആവശ്യത്തിലേറെ സമയം ലഭിക്കുന്ന”തിനോ സഹായിച്ചിട്ടില്ല എന്നതാണു സത്യം. പകരം, ആഹാരം കഴിക്കുന്നതിനും രാത്രികാല വിശ്രമത്തിനും വേണ്ടിയുള്ള സമയത്തിൽ യഥാക്രമം 20-ഉം 40-ഉം മിനിട്ടിന്റെ ശരാശരി കുറവ് ഉണ്ടായിരിക്കുന്നു.
ഓസ്ട്രേലിയ ചൂതാട്ട ആസക്തിയിൽ
“ചൂതാട്ടം ഇപ്പോൾ ഓസ്ട്രേലിയയിലെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്, ചൂതാട്ട ആസക്തരായ 3,30,000 പേരെയെങ്കിലും അതു നേരിട്ടു ബാധിക്കുന്ന”തായി ദി ഓസ്ട്രേലിയൻ റിപ്പോർട്ടു ചെയ്യുന്നു. ഓസ്ട്രേലിയയിൽ, മുതിർന്നവരിൽ 82 ശതമാനവും ചൂതാട്ടത്തിലേർപ്പെടുന്നുവെന്നും അവിടത്തെ ഇലക്ട്രോണിക് ചൂതാട്ട മെഷീനുകളുടെ എണ്ണമെടുത്താൽ അതു ലോകത്തിൽ മൊത്തം ഉള്ളതിന്റെ അഞ്ചിലൊന്നിലധികം വരുമെന്നും ആ പത്രം പറയുന്നു. ഓസ്ട്രേലിയയിലെ മുതിർന്നവരിൽ 2.3 ശതമാനത്തിനും ഗുരുതരമായ ചൂതാട്ട പ്രശ്നം ഉള്ളതായി അവിടത്തെ ചൂതാട്ട വ്യവസായത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഒരു കമ്മീഷൻ കണ്ടെത്തി. ഇതിൽ 37 ശതമാനം പേർ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു, 11 ശതമാനത്തിലധികം പേർ അതിന് ഒരുമ്പെട്ടു. 90 ശതമാനം പേർ, ചൂതാട്ടം തങ്ങളെ കടുത്ത വിഷാദത്തിന് അടിമകളാക്കിയെന്നു സമ്മതിച്ചുപറഞ്ഞു. ചൂതാട്ട പ്രവർത്തനങ്ങളിൽ ഒരു അഴിച്ചുപണി നടത്താനും ചൂതാട്ടശാലകളിൽ മുന്നറിയിപ്പിൻ സൂചനകൾ പ്രദർശിപ്പിക്കാനും ആ കമ്മീഷൻ ആവശ്യപ്പെട്ടു.
സമ്മർദത്തെ മറികടക്കൽ
നിങ്ങൾക്കു സമ്മർദം അനുഭവപ്പെടാറുണ്ടോ? എൽ യൂണിവേഴ്സാലിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് മെക്സിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സെക്യൂരിറ്റി, സമ്മർദത്തെ മറികടക്കാൻ സഹായകമായ പിൻവരുന്ന നിർദേശങ്ങൾ നൽകുന്നു: മതിയാകുവോളം ഉറങ്ങുക—ദിവസവും ആറുമുതൽ പത്തുവരെ മണിക്കൂർ. സമ്പൂർണവും സമീകൃതവുമായ പ്രഭാത ഭക്ഷണവും സാമാന്യം നല്ല അളവിലുള്ള ഉച്ചഭക്ഷണവും ലഘുവായ അത്താഴവും കഴിക്കുക. കൂടാതെ, കൊഴുപ്പു കൂടിയ ഭക്ഷണവും ഉപ്പും കുറയ്ക്കാനും, 40 വയസ്സിനുശേഷം പാലും പഞ്ചസാരയും കുറയ്ക്കാനും വിദഗ്ധർ ശുപാർശ ചെയ്യുന്നു. സ്വസ്ഥമായിരുന്നു ധ്യാനിക്കാനായി സമയം കണ്ടെത്തുക,
പ്രകൃതിയുമായുള്ള ചങ്ങാത്തത്തിലൂടെയും സമ്മർദം ലഘൂകരിക്കാൻ കഴിയും.വിഷമയ സൗന്ദര്യം
ബോട്ടുലിനം എന്ന മാരക വിഷം കുത്തിവെച്ചുകൊണ്ട് മുഖത്തെ ചുളിവുകൾ നീക്കം ചെയ്യുന്ന ഒരു സൗന്ദര്യ വർധക ചികിത്സ ഇപ്പോൾ നടന്നുവരുന്നതായി ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. മുഖത്തെ ചില പ്രത്യേക പേശികളെ ഈ വിഷം തളർത്തിക്കളയുന്നു, തത്ഫലമായി, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ പേശികളുടെ പ്രകൃതം മാറി, ചുളിവുകൾ നിവരുന്നു. നാലുമാസത്തോളം നീണ്ടു നിൽക്കുന്ന ഈ ചികിത്സ കഴിയുമ്പോഴേക്കും രോഗി മുമ്പത്തെക്കാൾ വളരെ ചെറുപ്പമായി കാണപ്പെടുന്നു. എന്നിരുന്നാലും, ഈ ചികിത്സയ്ക്ക് ചില കുഴപ്പങ്ങളൊക്കെ ഉണ്ട്. “ഇതിനു വിധേയമാകുന്ന വ്യക്തിയുടെ ചുളിവുകൾ മാറിക്കിട്ടുന്നുണ്ടെങ്കിലും ആശ്ചര്യഭാവത്തിൽ തന്റെ പുരികമുയർത്താനും നെറ്റി ചുളിക്കാനും ഉള്ള പ്രാപ്തി നഷ്ടമാകുന്നു. പുഞ്ചിരി കണ്ണുകളിലേക്കു പടരാൻ സഹായിക്കുന്ന പേശികളുടെ പ്രാപ്തിയും നഷ്ടപ്പെടുന്നു,” റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. ഈ ചികിത്സാ നടപടി സ്വീകരിക്കുന്നവർ “യൗവന കാന്തിക്കുവേണ്ടി മുഖത്തിന്റെ ചില ഭാഗങ്ങൾ തളർത്തിക്കളയാൻ” തയ്യാറാകേണ്ടിയിരിക്കുന്നു എന്ന് ആ പത്രം പറയുന്നു.
“ദൈവം ആരുടെ പക്ഷത്ത്?”
സ്പോർട്സ് കോളമെഴുത്തുകാരനായ സാം സ്മിത്ത് ഇങ്ങനെ എഴുതുന്നു: “ആരുടെയും വിശ്വാസങ്ങളെ തരംതാഴ്ത്തി കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ സ്പോർട്സിൽ ഭക്തിയുടെ പരസ്യ പ്രകടനം അല്പം അതിരു കവിഞ്ഞു പോകുന്നില്ലേ? ആറു പോയിന്റ് ലഭിക്കുന്ന ഒരു ടച്ച്ഡൗണിനു ശേഷം ഫുട്ബോൾ കളിക്കാർ നന്ദി സൂചകമായി പ്രാർഥിക്കുന്നത് എന്തിനാണ്?” ഒരു കളികഴിഞ്ഞു പ്രാർഥിക്കുന്ന അതേ കളിക്കാർതന്നെ വസ്ത്രം മാറുന്ന മുറിയിൽ വെച്ച് “റിപ്പോർട്ടർമാരെ പ്രാകുന്ന”തായോ മത്സര ചൂടിൽ “കളിക്കാരെ ഉപദ്രവിക്കാൻ ശ്രമി”ക്കുന്നതായോ കാണാനാകുമെന്ന് സ്മിത്ത് റിപ്പോർട്ടു ചെയ്യുന്നു. ദൈവം ഒരു ടീമിന്റെ പക്ഷത്താണെന്നു കരുതുന്നത് “ദൈവത്തിലുള്ള വിശ്വാസത്തിന്റെ വില കുറച്ചു കളയുന്നതുപോലെ തോന്നുന്നു” എന്ന് അദ്ദേഹം പറയുന്നു. ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു: “സ്പോർട്സിനെ നമുക്ക് സ്പോർട്സായിട്ടു മാത്രം കണക്കാക്കാം.”
അപകടം നിറഞ്ഞ തൊഴിലുകൾ
ഏറ്റവും അപകടം നിറഞ്ഞ പത്തു തൊഴിലുകൾ എന്തൊക്കെയാണ്? ഐക്യനാടുകളിലെ ലേബർ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പറയുന്നതനുസരിച്ച്, തടിവെട്ടുകാരാണ് ഒന്നാമതു വരുന്നത്. അവരിൽ 1,00,000 തൊഴിലാളികളിൽ 129-ഓളം പേർ തൊഴിൽ സംബന്ധമായ അപകടങ്ങളിൽപ്പെട്ടു മരിക്കുന്നു. മീൻപിടിത്തക്കാരും കപ്പൽ ജോലിക്കാരുമാണ് യഥാക്രമം രണ്ടാമത്തേതും മൂന്നാമത്തേതും. ഈ രണ്ടു കൂട്ടരിലും 1,00,000 തൊഴിലാളികളിൽ യഥാക്രമം ഏതാണ്ട് 123-ഉം 94-ഉം പേർ മരണമടയുന്നു. അപകടം നിറഞ്ഞ മറ്റു തൊഴിലുകളെ അവരോഹണ ക്രമത്തിൽ പട്ടികപ്പെടുത്തിയാൽ അവ പൈലറ്റുമാർ, നിർമാണവുമായി ബന്ധപ്പെട്ട ലോഹപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ, ഖനി തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ, ഫാമുകളിലെ തൊഴിലാളികൾ എന്നിവരുടേതാണ്. എന്നിരുന്നാലും, കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ “തൊഴിലുമായി ബന്ധപ്പെട്ട മാരകമായ പരിക്കുകളുടെ മൊത്തത്തിലുള്ള നിരക്ക്—1,00,000 തൊഴിലാളികൾക്ക് 4.7—പത്തു ശതമാനത്തോളം കുറഞ്ഞിരിക്കുന്നു”വെന്ന് സയന്റിഫിക് അമേരിക്കൻ റിപ്പോർട്ടു ചെയ്യുന്നു.
ബുദ്ധിമാന്മാരായ പക്ഷികൾ!
ഒരു ഫ്രഞ്ച് പ്രകൃതിമാസികയായ ടെർ സോവാഴ് റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, “കൽക്കട്ടയിലെ കുരുവികൾ മലേറിയ പിടിപെടാതെ നോക്കുന്നു.” മലേറിയ പടർന്നു പിടിച്ചതോടെ, മലേറിയയ്ക്കെതിരെയുള്ള മരുന്നായ പ്രകൃതിദത്ത ക്വൈനൈൻ വൻതോതിൽ അടങ്ങിയിരിക്കുന്ന ഒരു വൃക്ഷത്തിന്റെ ഇലകൾ തേടി അവ വളരെ ദൂരേക്കു യാത്രയാകുന്നതായി വിദഗ്ധർ കണ്ടെത്തിയിരിക്കുന്നു. കൂടുണ്ടാക്കാൻ ഉപയോഗിക്കുന്നതിനു പുറമേ, ഈ ഇലകൾ കുരുവികൾ ആഹാരമാക്കുകയും ചെയ്യുന്നുണ്ടെന്നു തോന്നുന്നു. “നഗരജീവിതം ഇഷ്ടപ്പെടുന്ന, എന്നാൽ മലേറിയയെ ഭയപ്പെടുന്ന ഈ കുരുവികൾ സ്വയരക്ഷയ്ക്ക് ഒരു പോംവഴി കണ്ടെത്തിയിരിക്കുന്നതായി തോന്നുന്നു” എന്ന് പ്രസ്തുത മാസിക പറയുന്നു.
കറ പുരണ്ട പണം
ലണ്ടനിലെ 99 ശതമാനത്തിലധികം ബാങ്ക് നോട്ടുകളിലും കൊക്കെയ്ൻ പുരണ്ടിരിക്കുന്നുവെന്ന് ഗാർഡിയൻ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. വിദഗ്ധർ പരിശോധനാ വിധേയമാക്കിയ 500 ബാങ്ക് നോട്ടുകളിൽ 496 എണ്ണത്തിലും മയക്കുമരുന്നിന്റെ അംശം ഉണ്ടായിരുന്നു. നോട്ടുകൾ മയക്കുമരുന്ന് ഉപഭോക്താക്കളുടെ കൈകളിലൂടെ കടന്നു പോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ബാങ്ക് മെഷീനുകൾ ഉപയോഗിച്ച് ഇത്തരം നോട്ടുകൾ തരംതിരിക്കുകയോ മറ്റു നോട്ടുകളോടൊപ്പം അവയെ സൂക്ഷിച്ചുവെക്കുകയോ ചെയ്യുമ്പോൾ നല്ല നോട്ടുകളും മലിനമാകുന്നു. ബ്രിട്ടനിൽ 20-നും 24-നും ഇടയ്ക്ക് പ്രായമുള്ളവരുടെ ഇടയിൽ അതിവേഗം പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നായി തീർന്നിരിക്കുന്നു കൊക്കെയ്ൻ. ലണ്ടൻ ആസ്ഥാനമാക്കിയുള്ള യുവജന ബോധവത്കരണ പദ്ധതി പറയുന്നതനുസരിച്ച്, തങ്ങളുടെ കീർത്തിയും ശക്തിയും വർധിപ്പിക്കാൻ കൊക്കെയ്നു കഴിയും എന്നു ചെറുപ്പക്കാർ വിചാരിക്കുന്നതുകൊണ്ടാണ് അവർ അത് ഉപയോഗിക്കുന്നത്.
“രക്തത്തിലൂടെ പകരുന്ന ഏറ്റവും സാധാരണമായ രോഗം”
“27 ലക്ഷം അമേരിക്കക്കാരെങ്കിലും ഹെപ്പറ്റൈറ്റിസ് സി വൈറസ് വാഹകരാണ്. അങ്ങനെ അത്, ഐക്യനാടുകളിൽ രക്തത്തിലൂടെ പകരുന്ന ഏറ്റവും സാധാരണമായ ഒരു രോഗമായിത്തീർന്നിരിക്കുന്നു”വെന്ന് അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോർട്ട് പറയുന്നു. ഹെപ്പറ്റൈറ്റിസ് സി പകരുന്നതു മുഖ്യമായും ലൈംഗിക ബന്ധത്തിലൂടെയും രക്തത്തിലൂടെയും ആണ്. ഈ രോഗം ബാധിക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത് മയക്കുമരുന്ന് കുത്തിവെക്കാനുള്ള സൂചി പങ്കിടുന്നവർക്കും ഉറ ധരിക്കാതെ ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നവർക്കുമാണ്. എന്നിരുന്നാലും, പച്ചകുത്തുന്നവരും അക്യൂപങ്ചർ നടത്തുന്നവരും തങ്ങളുടെ ഉപകരണങ്ങൾ നന്നായി ശുചിയാക്കുന്നില്ലെങ്കിൽ അതും രോഗം പകരാൻ ഇടയാക്കിയേക്കാം. രക്തപ്പകർച്ച സ്വീകരിച്ചിട്ടുള്ളവർക്കും രോഗം വരാനുള്ള സാധ്യതയുണ്ട്. ഈ വൈറസ് കരളിന് ഉണ്ടാക്കുന്ന തകരാറു നിമിത്തം ഐക്യനാടുകളിൽ പ്രതിവർഷം ഏകദേശം 1,000 ആളുകൾ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നുണ്ട്.