വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പക്ഷിക്ക്‌ ഒരു തടവുകാരനെ എന്താണു പഠിപ്പിക്കാൻ കഴിയുക?

ഒരു പക്ഷിക്ക്‌ ഒരു തടവുകാരനെ എന്താണു പഠിപ്പിക്കാൻ കഴിയുക?

ഒരു പക്ഷിക്ക്‌ ഒരു തടവു​കാ​രനെ എന്താണു പഠിപ്പി​ക്കാൻ കഴിയുക?

ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ

പോൾസ്‌മോർ ജയിലി​ലെ അന്തേവാ​സി​ക​ളു​ടെ മനസ്സു മൃദു​വാ​ക്കു​ന്ന​തിൽ പക്ഷികൾ ഒരു പങ്കുവ​ഹി​ക്കു​ന്നു​ണ്ടെന്നു ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഡർബനിൽ പ്രസി​ദ്ധീ​ക​രി​ക്കുന്ന സൺഡേ ട്രിബ്യൂൺ റിപ്പോർട്ടു​ചെ​യ്യു​ന്നു. സ്വന്തം തടവറ​യിൽവെച്ചു പക്ഷിക്കു​ഞ്ഞു​ങ്ങളെ—കോക്ക​ടി​യെ​ലു​ക​ളെ​യോ ലവ്‌ബേർഡ്‌സി​നെ​യോ—വളർത്തി​വ​ലു​താ​ക്കുന്ന ഒരു പരിപാ​ടി​യിൽ ഇപ്പോൾ 14 കുറ്റവാ​ളി​കൾ പങ്കെടു​ക്കു​ന്നുണ്ട്‌.

ഈ പരിപാ​ടി എങ്ങനെ​യാ​ണു നടപ്പാ​ക്ക​പ്പെ​ടു​ന്നത്‌? ഓരോ അന്തേവാ​സി​ക്കും അവരുടെ തടവറ​യ്‌ക്കു​ള്ളിൽ ഒരു താത്‌കാ​ലിക ഇൻക്യു​ബേറ്റർ കൊടു​ക്കു​ന്നു. ഒപ്പം, മുട്ട വിരിഞ്ഞു പുറത്തി​റ​ങ്ങി​യിട്ട്‌ അധിക​മാ​കാത്ത ഒരു പക്ഷിക്കു​ഞ്ഞി​നെ​യും. തികച്ചും നിസ്സഹാ​യാ​വ​സ്ഥ​യിൽ ആയിരി​ക്കുന്ന ഈ ജീവിക്ക്‌ ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട്‌ അവർ കൈ​കൊണ്ട്‌ ആഹാരം നൽകണം. രാവും പകലും നീളുന്ന ഈ ശുശ്രൂഷ അഞ്ച്‌ ആഴ്‌ച​ക്കാ​ല​ത്തേ​ക്കാണ്‌. അതിനു​ശേഷം തടവറ​യ്‌ക്കു​ള്ളിൽത്തന്നെ, ഈ പക്ഷിയെ ഒരു കൂട്ടിൽ ഇടും. വലുതാ​കു​മ്പോൾ അതിനെ പൊതു​ജ​ന​ങ്ങൾക്കു വിൽക്കും. ചില അന്തേവാ​സി​കൾ പക്ഷിക​ളു​മാ​യി വളരെ അടുപ്പ​ത്തി​ലാ​കു​ന്ന​തു​കൊണ്ട്‌ അവയെ പിരി​യേ​ണ്ടി​വ​രു​മ്പോൾ അവർ പൊട്ടി​ക്ക​ര​യു​ന്നു.

ശിലാ​ഹൃ​ദ​യ​രാ​യ ചില കുറ്റവാ​ളി​കൾ പോലും നിത്യേന പക്ഷിക​ളോ​ടു സംസാ​രി​ക്കാ​നും അവയെ പരിപാ​ലി​ക്കാ​നും തുടങ്ങി​യ​തു​മു​തൽ ശ്രദ്ധേ​യ​മായ വിധത്തിൽ ആർദ്ര​ത​യും മൃദു​ല​ത​യും ഉള്ളവരാ​യി​ത്തീർന്നി​രി​ക്കു​ന്നു. ഒരു അന്തേവാ​സി ഇങ്ങനെ പറഞ്ഞു: “ഞാൻ പക്ഷികളെ ഇണക്കി​യെ​ടു​ക്കു​ന്നു, അവ തിരിച്ച്‌ എന്നെയും.” പക്ഷികൾ ക്ഷമയും ആത്മനി​യ​ന്ത്ര​ണ​വും തന്നെ പഠിപ്പി​ച്ചു എന്നാണു മറ്റൊ​രാ​ളു​ടെ അഭി​പ്രാ​യം. മോഷ​ണ​ക്കു​റ്റ​ക്കേ​സിൽ തടവു​ശിക്ഷ അനുഭ​വി​ക്കുന്ന ഒരാൾ പറയു​ന്നത്‌, ഒരു മാതാ​വോ പിതാ​വോ ആയിരി​ക്കുക എന്നത്‌ “വലിയ ഒരു ഉത്തരവാ​ദി​ത്വ​മാണ്‌” എന്നു താൻ തിരി​ച്ച​റി​ഞ്ഞത്‌ ഒരു പക്ഷിയെ പരിപാ​ലി​ക്കാൻ തുടങ്ങി​യ​പ്പോ​ഴാണ്‌ എന്നാണ്‌. കുട്ടി​ക​ളോ​ടൊ​പ്പം ആയിരുന്ന കാലത്ത്‌ അവരെ ഇതു​പോ​ലെ നോക്കി​യി​ല്ല​ല്ലോ എന്നാണ്‌ അദ്ദേഹ​ത്തി​ന്റെ ഇപ്പോ​ഴത്തെ വിഷമം.

പക്ഷികളെ ഇങ്ങനെ വളർത്തു​ന്ന​തു​കൊ​ണ്ടു തടവു​കാർക്കു മറ്റൊരു ഗുണം കൂടി​യുണ്ട്‌. “തടവിൽ ആയിരി​ക്കു​മ്പോൾ നേടി​യെ​ടു​ക്കുന്ന ഈ തൊഴിൽ വൈദ​ഗ്‌ധ്യം, വെളി​യിൽ വരു​മ്പോൾ ഒരു മൃഗ​ഡോ​ക്ട​റു​ടെ​യോ പക്ഷിവ​ളർത്ത​ലു​കാ​ര​ന്റെ​യോ അടുത്ത്‌ ഒരു ജോലി കണ്ടെത്താൻ അവരെ സഹായി​ക്കും” എന്ന്‌ ഈ പരിപാ​ടി​യു​ടെ സൂത്ര​ധാ​ര​നായ വികസ്‌ ഗ്രെസ്സെ പറയുന്നു.