വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുഴിബോംബുകൾ—നഷ്ടങ്ങളുടെ ഒരു കണക്ക്‌

കുഴിബോംബുകൾ—നഷ്ടങ്ങളുടെ ഒരു കണക്ക്‌

കുഴി​ബോം​ബു​കൾനഷ്ടങ്ങളു​ടെ ഒരു കണക്ക്‌

ഡിസംബർ 26, 1993. അംഗോ​ള​യു​ടെ തലസ്ഥാ​ന​മായ ലുവാ​ണ്ട​യ്‌ക്ക്‌ സമീപ​മുള്ള ഒരു മൈതാ​ന​ത്തി​ലൂ​ടെ ആറു വയസ്സു​കാ​രൻ ഔഗൂസ്റ്റൂ വെറുതെ ചുറ്റി​ക്ക​റ​ങ്ങു​ക​യാ​യി​രു​ന്നു. പെട്ടെ​ന്നാണ്‌ നിലത്തു​കി​ട​ക്കുന്ന, തിളങ്ങുന്ന ഒരു വസ്‌തു അവന്റെ കണ്ണിൽപ്പെ​ട്ടത്‌. ജിജ്ഞാ​സാ​ഭ​രി​ത​നായ അവൻ അത്‌ എടുക്കാൻ തീരു​മാ​നി​ച്ചു. അതിനവൻ ശ്രമി​ച്ച​തും ബോംബു പൊട്ടി​യ​തും ഒരുമി​ച്ചാ​യി​രു​ന്നു.

സ്‌ഫോടനത്തിന്റെ ഫലമായി ഔഗൂ​സ്റ്റൂ​വി​ന്റെ വലത്തെ കാൽ മുറിച്ചു കളയേണ്ടി വന്നു. ഇപ്പോൾ 12 വയസ്സുള്ള അവൻ അധിക​സ​മ​യ​വും ചക്രക്ക​സേ​ര​യിൽ തന്നെ കഴിച്ചു​കൂ​ട്ടു​ന്നു. അവന്റെ കാഴ്‌ച​ശ​ക്തി​യും നഷ്ടമായി.

ഔഗൂ​സ്റ്റൂ​വിന  ഇതു സംഭവി​ച്ചത്‌ ഒരു ആന്റി​പേ​ഴ്‌സ​ണെൽ കുഴി​ബോംബ്‌ പൊട്ടി​ത്തെ​റി​ച്ചാണ്‌. ടാങ്കു​ക​ളെ​യോ മറ്റു സൈനിക വാഹന​ങ്ങ​ളെ​യോ അല്ല, മറിച്ച്‌ മനുഷ്യ​രെ ലക്ഷ്യമി​ടുന്ന കുഴി​ബോം​ബു​ക​ളെ​യാണ്‌ ആന്റി​പേ​ഴ്‌സ​ണെൽ കുഴി​ബോം​ബു​കൾ എന്നു വിളി​ക്കു​ന്നത്‌. 350-ലേറെ വ്യത്യ​സ്‌ത​തരം ആന്റി​പേ​ഴ്‌സ​ണെൽ കുഴി​ബോം​ബു​കൾ കുറഞ്ഞത്‌ 50 രാജ്യ​ങ്ങ​ളി​ല്ലെ​ങ്കി​ലും ഇതുവരെ നിർമി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌ എന്നു കണക്കുകൾ കാണി​ക്കു​ന്നു. ഇവയിൽ പലതും ആളുകളെ കൊല്ലു​ന്ന​തി​നല്ല, മറിച്ച്‌ പരി​ക്കേൽപ്പി​ക്കു​ന്ന​തി​നു മാത്ര​മാ​യി രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്ന​വ​യാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ പരിക്കേറ്റ പട്ടാള​ക്കാർക്കു പരിച​രണം നൽകേ​ണ്ട​തുണ്ട്‌. അപ്പോൾ സൈനിക പ്രവർത്ത​നങ്ങൾ മന്ദഗതി​യി​ലാ​കു​ന്നു—അതു തന്നെയാ​ണ​ല്ലോ ശത്രു സൈന്യം ആഗ്രഹി​ക്കു​ന്ന​തും. കൂടാതെ പരിക്കേറ്റ ഒരു സൈനി​കന്റെ ദീന​രോ​ദനം സഹ​സൈ​നി​ക​രു​ടെ ഉള്ളിൽ കൊടും​ഭീ​തി​യും ഉളവാ​ക്കി​യേ​ക്കാം. അതു​കൊണ്ട്‌ കുഴി​ബോം​ബു​കൾ ഏറ്റവും ഫലപ്ര​ദ​മാ​യി​രി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നത്‌ ഇരകൾ മരിക്കാ​തെ രക്ഷപ്പെ​ടു​മ്പോ​ഴാണ്‌—അത്‌ ഒരു ജീവച്ഛ​വ​മെന്ന നിലയിൽ ആണെങ്കിൽപ്പോ​ലും.

എന്നാൽ കഴിഞ്ഞ ലേഖന​ത്തിൽ പരാമർശി​ച്ചി​രു​ന്നതു പോലെ കുഴി​ബോം​ബു​കൾക്ക്‌ ഇരകളാ​കു​ന്നത്‌ മിക്ക​പ്പോ​ഴും സൈനി​കരല്ല പിന്നെ​യോ സാധാ​ര​ണ​ക്കാ​രാണ്‌. ഇതെ​പ്പോ​ഴും യാദൃ​ച്ഛി​ക​മാ​യി സംഭവി​ക്കു​ന്ന​താ​ണെന്നു കരുത​രുത്‌. കുഴി​ബോം​ബു​കൾ—ഒരു മാരക പൈതൃ​കം [ഇംഗ്ലീഷ്‌] എന്ന പുസ്‌തകം പറയു​ന്ന​ത​നു​സ​രിച്ച്‌ ചില കുഴി​ബോം​ബു​കൾ “സാധാരണ ജനങ്ങളെ ലക്ഷ്യമാ​ക്കി​ത്ത​ന്നെ​യാ​ണു വെക്കു​ന്നത്‌. ഒരു പ്രദേ​ശ​ത്തു​നിന്ന്‌ ആളുകളെ ഒഴിപ്പി​ക്കു​ന്ന​തി​നോ ഭക്ഷ്യ ഉറവി​ടങ്ങൾ നശിപ്പി​ക്കു​ന്ന​തി​നോ അഭയാർഥി പ്രവാഹം സൃഷ്ടി​ക്കു​ന്ന​തി​നോ ഒക്കെയാണ്‌ ഇതു ചെയ്യു​ന്നത്‌. അല്ലെങ്കിൽ ചില​പ്പോൾ ആളുക​ളിൽ സംഭ്രാ​ന്തി ജനിപ്പി​ക്കുക എന്നതു മാത്ര​മാ​യി​രി​ക്കാം ലക്ഷ്യം.”

ഉദാഹ​ര​ണ​ത്തിന്‌, കംബോ​ഡി​യ​യിൽ നടന്ന ഒരു പോരാ​ട്ട​ത്തി​നി​ട​യിൽ ശത്രു ഗ്രാമ​ങ്ങ​ളു​ടെ അതിർത്തി പ്രദേ​ശ​ങ്ങ​ളിൽ മുഴുവൻ എതിർപക്ഷം കുഴി​ബോം​ബു​കൾ വിതറി. അതിനു​ശേഷം അവർ ഈ ഗ്രാമ​ങ്ങ​ളിൽ ഷെൽ വർഷം നടത്തി. രക്ഷപ്പെ​ടാ​നുള്ള ശ്രമത്തിൽ ഗ്രാമീ​ണർ നേരെ ഓടി​യത്‌ അതിർത്തി പ്രദേ​ശ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു. അവിടെ നിറയെ കുഴി​ബോം​ബു​കൾ വിതറി​യി​രുന്ന കാര്യം പാവം ഗ്രാമീ​ണർ അറിഞ്ഞി​രു​ന്നില്ല. അതിനി​ട​യിൽ, തങ്ങളു​മാ​യി കൂടി​യാ​ലോ​ചന നടത്താൻ കംബോ​ഡി​യൻ ഗവൺമെ​ന്റി​നെ നിർബ​ന്ധി​ത​മാ​ക്കുക എന്ന ലക്ഷ്യത്തിൽ ഒരു വിപ്ലവ പ്രസ്ഥാ​ന​മായ കമെർ റൂഷിലെ അംഗങ്ങൾ അവിടത്തെ നെൽപ്പാ​ട​ങ്ങ​ളിൽ കുഴി​ബോം​ബു​കൾ പാകി. ഭയവി​ഹ്വ​ല​രായ കർഷകർ പാടത്ത്‌ ഇറങ്ങാ​താ​യ​തോ​ടെ കൃഷി ഏതാണ്ടു പൂർണ​മാ​യി തന്നെ സ്‌തം​ഭി​ച്ചു.

ഒരുപക്ഷേ ഇതി​നെ​ക്കാൾ ഹീനമായ ഒന്നാണ്‌ 1988-ൽ സൊമാ​ലി​യ​യിൽ സംഭവി​ച്ചത്‌. ഹാർഗേ​സ​യിൽ ബോം​ബാ​ക്ര​മണം ഉണ്ടായ​പ്പോൾ അവിടം​വിട്ട്‌ ഓടി​പ്പോ​കാൻ നിവാ​സി​കൾ നിർബ​ന്ധി​ത​രാ​യി. എന്നാൽ ആ തക്കം നോക്കി ആളൊ​ഴിഞ്ഞ വീടു​ക​ളി​ലെ​ല്ലാം സൈനി​കർ കുഴി​ബോം​ബു​കൾ വെച്ചു. പോരാ​ട്ടം തീർന്ന​തോ​ടെ സ്വന്തം വീടു​ക​ളിൽ മടങ്ങി​യെ​ത്തിയ അഭയാർഥി​കളെ വരവേ​റ്റത്‌ ഈ ബോം​ബു​ക​ളാ​യി​രു​ന്നു. സ്‌ഫോ​ട​ന​ങ്ങ​ളിൽ പലരും കൊല്ല​പ്പെട്ടു. മറ്റു ചിലർ അംഗഹീ​ന​രാ​യി.

എന്നാൽ കുഴി​ബോം​ബു​കൾ അംഗഭം​ഗ​ത്തി​നും മരണത്തി​നും മാത്രമല്ല ഇടയാ​ക്കു​ന്നത്‌. അങ്ങേയറ്റം ദ്രോ​ഹ​ക​ര​മായ ഈ ആയുധങ്ങൾ വരുത്തി​വെ​ക്കുന്ന മറ്റു ചില നഷ്ടങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു പരിചി​ന്തി​ക്കാം.

സാമ്പത്തിക, സാമൂ​ഹിക തലങ്ങളി​ലെ നഷ്ടം

ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ സെക്ര​ട്ടറി ജനറലായ കോഫി ആന്നൻ പറയുന്നു: “ഒരൊറ്റ കുഴി​ബോം​ബു മതി—അത്‌ ഉണ്ടെന്നുള്ള ഭയം പോലും മതി—ഒരു പ്രദേ​ശത്തെ മൊത്തം കൃഷി സ്‌തം​ഭി​പ്പി​ക്കാൻ. അതിന്റെ ഫലമായി മുഴു ഗ്രാമ​വാ​സി​കൾക്കും അഹോ​വൃ​ത്തി​ക്കു വകയി​ല്ലാ​താ​കു​ന്നു. ഇത്‌ ഒരു രാജ്യ​ത്തി​ന്റെ പുനരു​ദ്ധാ​ര​ണ​ത്തി​ന്റെ​യും വികസ​ന​ത്തി​ന്റെ​യും പാതയി​ലെ മറ്റൊരു പ്രതി​ബ​ന്ധ​മാണ്‌.” കർഷകർക്കു ഭയം കൂടാതെ കൃഷി​യി​ട​ങ്ങ​ളി​ലൂ​ടെ നടക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ കംബോ​ഡി​യ​യി​ലും അഫ്‌ഗാ​നി​സ്ഥാ​നി​ലും 35 ശതമാ​ന​ത്തോ​ളം പ്രദേ​ശങ്ങൾ കൂടെ കൃഷി ചെയ്യ​പ്പെ​ടു​മാ​യി​രു​ന്നു. ചിലർ രണ്ടും​കൽപ്പി​ച്ചി​റ​ങ്ങു​ന്നു. കംബോ​ഡി​യ​യി​ലെ ഒരു കർഷകൻ ഇങ്ങനെ പറയുന്നു: “കുഴി​ബോം​ബു​ക​ളു​ടെ കാര്യം ഓർക്കു​മ്പോൾ എന്റെ ഉള്ളിൽ തീയാണ്‌. പക്ഷേ എന്തു ചെയ്യാം, പുല്ലു ചെത്താ​നും മുള വെട്ടാ​നു​മൊ​ക്കെ പോയി​ല്ലെ​ങ്കിൽ ഞങ്ങൾ പട്ടിണി​യാ​കും.”

കുഴി​ബോം​ബു സ്‌ഫോ​ട​ന​ങ്ങളെ അതിജീ​വി​ക്കു​ന്ന​വർക്കു പലപ്പോ​ഴും വലിയ സാമ്പത്തിക ഭാരം നേരി​ടേണ്ടി വരുന്നു. ഉദാഹ​ര​ണ​ത്തിന്‌, വികസ്വര രാഷ്‌ട്ര​ത്തി​ലുള്ള ഒരു കുട്ടിക്ക്‌ തന്റെ പത്താം വയസ്സിൽ ഒരു കാൽ നഷ്ടപ്പെ​ടു​ന്നെ​ങ്കിൽ തന്റെ ആയുഷ്‌കാ​ലത്ത്‌ 15-ഓളം വെപ്പു​കാ​ലു​കൾ വാങ്ങേ​ണ്ടി​വ​രും. അതി​ലൊ​ന്നി​ന്റെ ശരാശരി വില 5,375 രൂപ ആണ്‌. അത്‌ അത്ര വലി​യൊ​രു തുക​യൊ​ന്നു​മ​ല്ലെന്ന്‌ ചിലർക്കു തോന്നി​യേ​ക്കാം. എന്നാൽ അംഗോ​ള​യി​ലെ ജനങ്ങളിൽ ഭൂരി​പ​ക്ഷ​ത്തി​നും മൂന്നു മാസം പണി​യെ​ടു​ത്താൽ പോലും ഇത്രയും പണം കിട്ടില്ല!

ഇനി, സാമൂ​ഹിക തലത്തിൽ ഒരുവന്‌ അനുഭ​വി​ക്കേണ്ടി വരുന്ന വേദനാ​ജ​ന​ക​മായ നഷ്ടങ്ങൾ കണക്കി​ലെ​ടു​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഒരു ഏഷ്യൻ രാജ്യത്ത്‌ ആളുകൾ അംഗവി​ച്ഛേ​ദി​ത​രു​മാ​യി ഇടപഴ​കാ​റില്ല. അവരുടെ “ദൗർഭാ​ഗ്യം” തങ്ങൾക്കും വന്നു പെടു​മോ എന്ന ഭയമാണ്‌ അതിനു കാരണം. അംഗവി​ഹീ​ന​നായ ഒരു വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം വിവാഹം എന്നത്‌ ഒരു പാഴ്‌ക്കി​നാവ്‌ മാത്ര​മാ​യി​രി​ക്കാം. ഒരു കുഴി​ബോം​ബു സ്‌ഫോ​ട​ന​ത്തിൽ പരി​ക്കേ​റ്റ​തി​നെ തുടർന്നു കാൽ മുറിച്ചു കളയേണ്ടി വന്ന ഒരു അംഗോ​ളി​യ​ക്കാ​രൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഞാൻ കല്യാ​ണത്തെ കുറിച്ചു ചിന്തി​ക്കു​ന്നേ​യില്ല. പണി​യെ​ടു​ക്കാൻ കഴിയുന്ന ഒരു പുരു​ഷ​നെ​യല്ലേ ഏതു സ്‌ത്രീ​യും ആഗ്രഹി​ക്കൂ.”

ഇരകളിൽ പലരു​ടെ​യും ആത്മാഭി​മാ​നം തകർന്ന​ടി​യു​ന്നതു സ്വാഭാ​വി​ക​മാണ്‌. കംബോ​ഡി​യ​യിൽ നിന്നുള്ള ഒരു വ്യക്തി ഇങ്ങനെ പറയുന്നു: “എനിക്ക്‌ എന്റെ കുടും​ബത്തെ പോറ്റാൻ കഴിയാ​താ​യി​രി​ക്കു​ന്നു. അതോർക്കു​മ്പോൾ എനിക്കു ലജ്ജ തോന്നു​ന്നു.” ചില​പ്പോൾ ഇത്തരം വികാ​ര​ങ്ങൾക്കു കൈയോ കാലോ നഷ്ടപ്പെ​ടു​ന്നതു മൂലമു​ണ്ടാ​കുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കാൾ ഹാനി​ക​ര​മാ​യി​രി​ക്കാൻ കഴിയും. “എനിക്കു സംഭവിച്ച ഏറ്റവും വലിയ ക്ഷതം വൈകാ​രി​ക​മാ​യു​ള്ള​താ​ണെന്ന്‌ എനിക്കു തോന്നു​ന്നു” എന്നു മൊസാ​മ്പി​ക്കിൽ നിന്നുള്ള അർട്ടൂർ പറയുന്നു. “ആരെങ്കി​ലും എന്റെ നേരെ​യൊ​ന്നു നോക്കി​യാൽ മതിയാ​യി​രു​ന്നു പലപ്പോ​ഴും എനിക്കു ദേഷ്യം വരാൻ. ആരു​ടെ​യും മുമ്പിൽ എനിക്കി​നി ഒരു വിലയു​മി​ല്ലെ​ന്നും ഇനി​യൊ​രി​ക്ക​ലും ഒരു സാധാരണ ജീവിതം നയിക്കാൻ കഴിയി​ല്ലെ​ന്നു​മൊ​ക്കെ ആയിരു​ന്നു എന്റെ വിചാരം.” a

കുഴി​ബോം​ബു​കൾ നീക്കം ചെയ്യു​ന്നതു സംബന്ധി​ച്ചെന്ത്‌?

കുഴി​ബോം​ബു നിരോ​ധ​ന​ത്തി​നു രാഷ്‌ട്ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നുള്ള ഊർജിത ശ്രമങ്ങൾ അടുത്ത​കാ​ല​ത്താ​യി നടന്നു​വ​രി​ക​യാണ്‌. കൂടാതെ ചില ഗവൺമെ​ന്റു​കൾ കുഴി​ബോം​ബു നീക്കം ചെയ്യൽ എന്ന അപകടം പിടിച്ച സംരം​ഭ​ത്തിന്‌ ഇറങ്ങി​ത്തി​രി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ അതിനു തടസ്സമാ​യി നിൽക്കുന്ന പല കാര്യ​ങ്ങ​ളു​മുണ്ട്‌. അതിൽ ഒന്ന്‌ സമയവു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. കുഴി​ബോം​ബു​കൾ നീക്കം ചെയ്യു​ന്ന​തി​നു വളരെ​യേറെ സമയം ആവശ്യ​മാണ്‌. എന്തിന്‌, ഒരു കുഴി​ബോം​ബു പാകു​ന്ന​തിന്‌ എടുക്കു​ന്ന​തി​ന്റെ ശരാശരി നൂറി​രട്ടി സമയമാണ്‌ അതു നീക്കം ചെയ്യാൻ വേണ്ടി​വ​രു​ന്നത്‌ എന്നാണു കുഴി​ബോം​ബു നീക്കം ചെയ്യു​ന്ന​വ​രു​ടെ അഭി​പ്രാ​യം. ഉൾപ്പെ​ട്ടി​രി​ക്കുന്ന ചെലവാണ്‌ മറ്റൊരു പ്രതി​ബന്ധം. ഒരു കുഴി​ബോം​ബിന്‌ 129-നും 645-നും ഇടയ്‌ക്കു രൂപ വിലവ​രും. എന്നാൽ ഒരെണ്ണം നീക്കം ചെയ്യു​ന്ന​തി​ന്റെ ചെലവോ? ഏകദേശം 43,000 രൂപയും.

അതു​കൊണ്ട്‌ കുഴി​ബോം​ബു​കൾ പൂർണ​മാ​യി നീക്കം ചെയ്യുക എന്നത്‌ ഏതാണ്ട്‌ അസാധ്യ​മാ​യി കാണ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, കംബോ​ഡി​യ​യി​ലുള്ള സകല കുഴി​ബോം​ബു​ക​ളും നീക്കം ചെയ്യണ​മെ​ങ്കിൽ ആ രാജ്യ​ത്തി​ലെ മുഴുവൻ ജനങ്ങളും അടുത്ത ഏതാനും വർഷങ്ങ​ളി​ലെ അവരുടെ മൊത്തം വരുമാ​നം അതിനാ​യി നീക്കി​വെ​ക്കേണ്ടി വരും. ഇനി ആവശ്യ​മായ പണം കിട്ടി​യാൽത്തന്നെ അവിടത്തെ കുഴി​ബോം​ബു​കൾ മുഴുവൻ നീക്കം ചെയ്യണ​മെ​ങ്കിൽ ഒരു നൂറ്റാണ്ടു പിടി​ക്കും എന്നാണു കണക്കാ​ക്ക​പ്പെ​ടു​ന്നത്‌. ലോക​വ്യാ​പ​ക​മാ​യുള്ള അവസ്ഥ കൂടുതൽ ശോച​നീ​യ​മാണ്‌. ഭൂമി​യി​ലൊ​ട്ടാ​കെ വിതറി​യി​ട്ടുള്ള കുഴി​ബോം​ബു​കൾ ഇപ്പോ​ഴുള്ള സാങ്കേ​തിക വിദ്യ ഉപയോ​ഗി​ച്ചു നീക്കം ചെയ്യു​ന്ന​തിന്‌ 1,41,900 കോടി രൂപ ചെലവു വരു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു! സമയമോ? ആയിര​ത്തി​ലേറെ വർഷവും!

കുഴി​ബോം​ബു​കൾ നീക്കം ചെയ്യു​ന്ന​തി​നുള്ള നൂതന​മായ രീതികൾ—സ്‌ഫോ​ടക വസ്‌തു​ക്കൾ കണ്ടുപി​ടി​ക്കു​ന്ന​തി​നു വേണ്ടി ജനിത​ക​പ​ര​മാ​യി രൂപ​പ്പെ​ടു​ത്തി​യെ​ടുത്ത പഴ ഈച്ചക​ളു​ടെ ഉപയോ​ഗം മുതൽ മണിക്കൂ​റിൽ അഞ്ച്‌ ഏക്കറിലെ കുഴി​ബോം​ബു​കൾ നീക്കം ചെയ്യാൻ കഴിവുള്ള റേഡി​യോ-നിയ​ന്ത്രിത കൂറ്റൻ വാഹന​ങ്ങ​ളു​ടെ ഉപയോ​ഗം വരെയു​ള്ളവ—ആവിഷ്‌ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്നതു ശരിതന്നെ. എന്നാൽ അത്തരം രീതികൾ വ്യാപ​ക​മായ അളവിൽ ഉപയോ​ഗി​ച്ചു തുടങ്ങു​ന്ന​തി​നു സമയം എടു​ത്തേ​ക്കാം. മാത്രമല്ല അവ ലോക​ത്തി​ലെ ഏറ്റവും സമ്പന്ന രാജ്യ​ങ്ങൾക്കു മാത്രമേ ലഭ്യമാ​കാ​നി​ട​യു​ള്ളൂ.

അതു​കൊണ്ട്‌ മിക്കയി​ട​ങ്ങ​ളി​ലും കുഴി​ബോം​ബു​കൾ നീക്കം ചെയ്യു​ന്നത്‌ ഇപ്പോ​ഴും പഴഞ്ചൻ രീതി​യിൽ തന്നെയാണ്‌. കമിഴ്‌ന്നു കിടന്ന്‌ മുന്നോ​ട്ടു നിരങ്ങി നീങ്ങി​ക്കൊണ്ട്‌ ഒരു വ്യക്തി മുന്നി​ലുള്ള ഓരോ സെന്റി​മീ​റ്റർ മണ്ണും ഒരു വടി ഉപയോ​ഗി​ച്ചു പരി​ശോ​ധി​ക്കു​ന്നു. ഒരു ദിവസം 20 മുതൽ 50 വരെ ചതുരശ്ര മീറ്റർ മണ്ണ്‌ ഇങ്ങനെ പരി​ശോ​ധി​ച്ചു കുഴി​ബോം​ബു​കൾ നീക്കം ചെയ്യും. അപകടം പിടിച്ച ഒരു ദൗത്യ​മോ? തീർച്ച​യാ​യും! 5,000 കുഴി​ബോം​ബു​കൾ നീക്കം ചെയ്യുന്ന ഓരോ പ്രാവ​ശ്യ​വും ഒരാൾ മരിക്കു​ക​യും രണ്ടു​പേർക്കു പരി​ക്കേൽക്കു​ക​യും ചെയ്യുന്നു.

കുഴി​ബോം​ബി​നെ​തി​രെ ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കാ​നുള്ള ശ്രമങ്ങൾ

1997 ഡിസം​ബ​റിൽ ഒട്ടേറെ രാജ്യ​ങ്ങ​ളി​ലെ പ്രതി​നി​ധി​കൾ ‘ആന്റി​പേ​ഴ്‌സ​ണെൽ കുഴി​ബോം​ബു​ക​ളു​ടെ ഉപയോ​ഗം, ശേഖരണം, നിർമാ​ണം, കൈമാ​റ്റം എന്നിവ നിരോ​ധി​ച്ചു​കൊ​ണ്ടും അവയുടെ നശീക​രണം ആഹ്വാനം ചെയ്‌തു​കൊ​ണ്ടും ഉള്ള ഉടമ്പടി’യിൽ—ഒട്ടാവ ഉടമ്പടി എന്നും അത്‌ അറിയ​പ്പെ​ടു​ന്നു—ഒപ്പു​വെച്ചു. അതി​നെ​ക്കു​റിച്ച്‌ കാനഡ​യു​ടെ പ്രധാ​ന​മ​ന്ത്രി​യായ ഷാൻ ക്രേ​ട്യെൻ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “അന്താരാ​ഷ്‌ട്ര നിരാ​യു​ധീ​ക​ര​ണ​ത്തി​ന്റെ കാര്യ​ത്തി​ലാ​യാ​ലും മാനവ​ക്ഷേ​മ​ത്തി​നാ​യുള്ള അന്താരാ​ഷ്‌ട്ര നിയമ രൂപീ​ക​ര​ണ​ത്തി​ന്റെ കാര്യ​ത്തി​ലാ​യാ​ലും ഇതു​പോ​ലൊ​രു നേട്ടം മുമ്പ്‌ ഉണ്ടായി​ട്ടില്ല.” b എന്നാൽ ഇപ്പോ​ഴും ഏകദേശം 60 രാഷ്‌ട്രങ്ങൾ—ലോക​ത്തി​ലെ ഏറ്റവും വലിയ കുഴി​ബോം​ബു നിർമാ​താ​ക്ക​ളിൽ ചിലരും ഇതിൽ പെടും—ഈ ഉടമ്പടി​യിൽ ഒപ്പു​വെ​ച്ചി​ട്ടില്ല.

കുഴി​ബോം​ബു ഭീഷണി ഇല്ലാതാ​ക്കാൻ ഒട്ടാവ ഉടമ്പടി​ക്കു കഴിയു​മോ? ഒരളവു​വരെ കഴി​ഞ്ഞേ​ക്കാം. എന്നാൽ പലരും അക്കാര്യ​ത്തിൽ സംശയ​മു​ള്ള​വ​രാണ്‌. “ലോക​ത്തി​ലെ എല്ലാ രാജ്യ​ങ്ങ​ളും ഒട്ടാവ ഉടമ്പടി​പ്ര​കാ​രം പ്രവർത്തി​ക്കു​ക​യാ​ണെ​ങ്കിൽത്തന്നെ അത്‌ ഈ ഗ്രഹത്തെ കുഴി​ബോം​ബു ഭീഷണ​യിൽനി​ന്നു പൂർണ​മാ​യി മുക്തമാ​ക്കു​ന്ന​തി​ലേ​ക്കുള്ള ഒരു ചുവടു​വെപ്പ്‌ മാത്രമേ ആകുക​യു​ള്ളൂ” എന്ന്‌ ഫ്രാൻസി​ലെ അന്താരാ​ഷ്‌ട്ര വികലാം​ഗ സംഘട​ന​യു​ടെ സഹ ഡയറക്ട​റായ ക്ലോഡ്‌ സിമോ​നോ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. എന്തു​കൊണ്ട്‌? അദ്ദേഹം പറയുന്നു: “കോടി​ക്ക​ണ​ക്കി​നു കുഴി​ബോം​ബു​കൾ മണ്ണിന​ടി​യിൽ ക്ഷമയോ​ടെ തങ്ങളുടെ ഇരക​ളെ​യും കാത്തു കിടപ്പുണ്ട്‌.”

സൈനിക ചരി​ത്ര​കാ​ര​നായ ജോൺ കീഗൻ മറ്റൊരു സംഗതി​യി​ലേക്കു ശ്രദ്ധ ആകർഷി​ക്കു​ന്നു. യുദ്ധം “തുടങ്ങു​ന്നത്‌, അഭിമാ​നം രാജാ​വാ​യി ഭരിക്കുന്ന, വികാ​രങ്ങൾ അധീശ​ത്വം പുലർത്തുന്ന, നൈസർഗിക പ്രവണ​തകൾ വാഴ്‌ച നടത്തുന്ന, മനുഷ്യ ഹൃദയ​ത്തി​ന്റെ ഉള്ളറക​ളിൽനി​ന്നാണ്‌” എന്ന്‌ അദ്ദേഹം പറയു​ക​യു​ണ്ടാ​യി. വിദ്വേ​ഷ​വും അത്യാ​ഗ്ര​ഹ​വും പോലെ മനുഷ്യ​നിൽ രൂഢമൂ​ല​മായ പ്രവണ​തകൾ ഇല്ലാതാ​ക്കാൻ ഉടമ്പടി​കൾക്കാ​വില്ല. എന്നാൽ ഇതിന്റെ അർഥം മനുഷ്യർ എന്നെന്നും കുഴി​ബോം​ബു​ക​ളു​ടെ നിസ്സഹാ​യ​രായ ഇരകൾ ആയിരി​ക്കു​മെ​ന്നാ​ണോ?

[അടിക്കു​റി​പ്പു​കൾ]

a കൈകാലുകളുടെ നഷ്ടവു​മാ​യി എങ്ങനെ പൊരു​ത്ത​പ്പെട്ടു പോകാ​നാ​വും എന്നതിനെ കുറി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്കാ​യി 1999 ജൂൺ 8 ലക്കം ഉണരുക!യുടെ 3-10 പേജു​ക​ളി​ലെ, “അംഗഹീ​നർക്കു പ്രത്യാശ” എന്ന ശീർഷ​ക​ത്തി​ലുള്ള ആമുഖ ലേഖന​പ​രമ്പര കാണുക.

b 1999 മാർച്ച്‌ 1-ന്‌ ഈ ഉടമ്പടി പ്രാബ​ല്യ​ത്തിൽ വന്നു. അന്നു മുതൽ 2000 ജനുവരി 6 വരെയുള്ള കാലയ​ള​വിൽ 137 രാജ്യങ്ങൾ അതിൽ ഒപ്പു​വെ​ക്കു​ക​യും 90 എണ്ണം അതു സ്ഥിരീ​ക​രി​ക്കു​ക​യും ചെയ്‌തു.

[6-ാം പേജിലെ ചതുരം]

പണസമ്പാദനം—രണ്ടു പ്രാവ​ശ്യം?

തങ്ങളുടെ ഉത്‌പ​ന്നങ്ങൾ നിമിത്തം ഉണ്ടാകുന്ന ഏതൊരു ഹാനി​ക്കും നിർമാ​താ​ക്കൾ ഉത്തരവാ​ദി​ക​ളാണ്‌ എന്നത്‌ ബിസി​ന​സ്സി​ലെ ഒരു അടിസ്ഥാന തത്ത്വമാണ്‌. അതു​കൊണ്ട്‌, കുഴി​ബോം​ബു നിർമാ​ണ​ത്തി​ലൂ​ടെ ലാഭമു​ണ്ടാ​ക്കി​യി​ട്ടുള്ള കമ്പനികൾ നഷ്ടപരി​ഹാ​രം നൽകാൻ തീർച്ച​യാ​യും ബാധ്യ​സ്ഥ​രാ​ണെന്ന്‌ ‘മൈൻസ്‌ അഡ്‌​വൈ​സറി ഗ്രൂപ്പ്‌’ എന്ന സംഘട​ന​യി​ലെ ലൂ മഗ്‌റാത്ത്‌ വാദി​ക്കു​ന്നു. എന്നാൽ അതിനു​പ​കരം കുഴി​ബോം​ബു​കൾ നീക്കം ചെയ്യു​ന്ന​തിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ അതിന്റെ നിർമാ​താ​ക്കൾതന്നെ വീണ്ടും ലാഭം കൊയ്യു​ക​യാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, മുമ്പു കുഴി​ബോം​ബു​കൾ നിർമി​ച്ചി​രുന്ന ജർമനി​യി​ലെ ഒരു കമ്പനിക്ക്‌ കു​വൈ​റ്റിൽ കുഴി​ബോം​ബു​കൾ നീക്കം ചെയ്യു​ന്ന​തി​നുള്ള 430 കോടി രൂപയു​ടെ ഒരു കോൺട്രാ​ക്‌റ്റ്‌ ലഭിച്ച​താ​യി റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു. മൊസാ​മ്പി​ക്കിൽ പ്രധാ​ന​പ്പെട്ട വീഥി​ക​ളിൽനി​ന്നു കുഴി​ബോം​ബു​കൾ നീക്കം ചെയ്യു​ന്ന​തി​നുള്ള 32.25 കോടി രൂപയു​ടെ കോൺട്രാ​ക്‌റ്റ്‌ മൂന്നു കമ്പനികൾ ഏറ്റെടു​ത്തു. അതിൽ രണ്ടെണ്ണം ആകട്ടെ, മുമ്പ്‌ കുഴി​ബോം​ബു നിർമാ​ണ​ത്തിൽ ഏർപ്പെ​ട്ടി​രു​ന്നവ ആയിരു​ന്നു.

കുഴി​ബോം​ബു​കൾ നിർമി​ക്കുന്ന കമ്പനി​കൾതന്നെ അവ നീക്കം ചെയ്യു​ന്ന​തിൽ ഏർപ്പെ​ട്ടു​കൊ​ണ്ടു പണം സമ്പാദി​ക്കു​ന്നത്‌ തികച്ചും അന്യാ​യ​മാ​ണെന്നു ചിലർ വിചാ​രി​ക്കു​ന്നു. ഒരർഥ​ത്തിൽ നോക്കി​യാൽ കുഴി​ബോം​ബു നിർമാ​താ​ക്കൾ രണ്ടു പ്രാവ​ശ്യം പണം സമ്പാദി​ക്കു​ക​യാ​ണെ​ന്നാണ്‌ അവരുടെ അഭി​പ്രാ​യം. സംഗതി എന്തുതന്നെ ആയിരു​ന്നാ​ലും കുഴി​ബോം​ബു നിർമാ​ണ​വും നീക്കം ചെയ്യലും ഇപ്പോൾ തഴച്ചു വളർന്നു​കൊ​ണ്ടി​രി​ക്കുന്ന ബിസി​ന​സ്സു​ക​ളാണ്‌.

[5-ാം പേജിലെ രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഏറ്റവും കൂടുതൽ കുഴി​ബോം​ബു​കൾ പാകി​യി​ട്ടുള്ള ഒമ്പത്‌ രാജ്യ​ങ്ങ​ളിൽ ഓരോ 2.5 ചതുരശ്ര കിലോ​മീ​റ്റ​റി​ലും കാണുന്ന കുഴി​ബോം​ബു​ക​ളു​ടെ ശരാശരി എണ്ണം

ബോസ്‌നിയ, ഹെർസെ​ഗോ​വിന 152

കംബോഡിയ 143

ക്രൊയേഷ്യ 137

ഈജിപ്‌ത്‌ 60

ഇറാഖ്‌ 59

അഫ്‌ഗാനിസ്ഥാൻ 40

അംഗോള 31

ഇറാൻ 25

റുവാണ്ട 25

[കടപ്പാട്‌]

ഉറവിടം: United Nations Department of Humanitarian Affairs, 1996

[7-ാം പേജിലെ ചിത്രങ്ങൾ]

കംബോഡിയയിൽ, കുഴി​ബോം​ബു​കളെ കുറിച്ചു മുന്നറി​യി​പ്പു നൽകുന്ന ചിത്ര​ങ്ങ​ള​ട​ങ്ങിയ പോസ്റ്റ​റു​ക​ളും അടയാ​ള​ങ്ങ​ളും

5,000 കുഴി​ബോം​ബു​കൾ നീക്കം ചെയ്യുന്ന ഓരോ പ്രാവ​ശ്യ​വും ഒരാൾ മരിക്കു​ക​യും രണ്ടു​പേർക്കു പരി​ക്കേൽക്കു​ക​യും ചെയ്യുന്നു

[കടപ്പാട്‌]

പശ്ചാത്തലം: © ICRC/Paul Grabhorn

© ICRC/Till Mayer

© ICRC/Philippe Dutoit