“നിങ്ങൾ മരിച്ചുപോകും!”
“നിങ്ങൾ മരിച്ചുപോകും!”
ലിയാൻ കാർലിൻസ്കി പറഞ്ഞ പ്രകാരം
രക്തം കൂടാതെയുള്ള ഏറ്റവും മികച്ച ചികിത്സയ്ക്കു വേണ്ടി സ്പെയിനിൽ ഞാൻ നടത്തിയ അന്വേഷണം
ലോകത്തിൽ എവിടെ വേണമെങ്കിലും പോകാനുള്ള ഒരു അവസരം കിട്ടിയാൽ, എവിടെ പോകാനാണു നിങ്ങൾ ഇഷ്ടപ്പെടുക? എന്നെ സംബന്ധിച്ചാണെങ്കിൽ, ഉത്തരത്തിനായി എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതേയില്ലായിരുന്നു. ഒരു അധ്യാപികയായ ഞാൻ സ്കൂളിൽ സ്പാനിഷ് ആണു പഠിപ്പിക്കുന്നത്. മാത്രമല്ല, ഐക്യനാടുകളിലെ വിർജീനിയയിൽ ഉള്ള ഗലാക്സിലെ യഹോവയുടെ സാക്ഷികളുടെ ഒരു സ്പാനീഷ് സഭയിലാണ് ഞാനും ഭർത്താവും മകനും സംബന്ധിക്കുന്നതും. ആയതിനാൽ സ്പെയിൻ സന്ദർശിക്കാനായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ, എന്നെ സ്പെയിനിൽ കൊണ്ടുപോകാം എന്ന് എന്റെ മാതാപിതാക്കൾ പറഞ്ഞപ്പോൾ എനിക്ക് എത്ര സന്തോഷം തോന്നിയെന്നോ! ഭർത്താവു ജേയ്ക്കും മകൻ ജോയലിനും ഒപ്പം വരാൻ കഴിഞ്ഞില്ലെങ്കിലും മാതാപിതാക്കളുടെ കൂടെ മാഡ്രിഡിലേക്ക് വിമാനം കയറിയപ്പോൾ എന്റെ മോഹം പൂവണിയുകയാണല്ലോ എന്ന ആഹ്ലാദമായിരുന്നു ഉള്ളു നിറയെ. ഏപ്രിൽ 21-ന് ഞങ്ങൾ മാഡ്രിഡിൽ എത്തിച്ചേർന്നു. അവിടെനിന്ന് വടക്കൻ സ്പെയിനിലെ നവാറിൽ ഉള്ള ഒരു കൊച്ചു പട്ടണമായ എസ്റ്റെൽയായിലേക്ക് ഞങ്ങൾ കാറിൽ യാത്ര തിരിച്ചു. ഞാൻ കാറിന്റെ പിൻസീറ്റിൽ സൗകര്യമായി ചാഞ്ഞിരുന്നു. അധികം കഴിയുംമുമ്പേ സുഖകരമായ മയക്കത്തിലേക്കു വഴുതിവീഴുകയും ചെയ്തു.
പിന്നെ, ഓർമ വരുമ്പോൾ ഞാൻ ഒരു തുറസ്സായ പ്രദേശത്തു കിടക്കുകയാണ്. മുഖത്തേക്കു തന്നെ വെയിലടിക്കുന്നുണ്ടായിരുന്നു. ‘എവിടെയാണു ഞാൻ? എങ്ങനെയാണ് ഇവിടെ എത്തിയത്? ഞാൻ സ്വപ്നം കാണുകയാണോ?’ ഈ ചോദ്യങ്ങളൊക്കെ മനസ്സിലൂടെ കടന്നുപോകുന്നതിനിടയിൽ നടുക്കത്തോടെ ഞാൻ ഒരു യാഥാർഥ്യം മനസ്സിലാക്കി. എന്തോ കുഴപ്പം സംഭവിച്ചു, ഇത് എന്തായാലും ഒരു സ്വപ്നമല്ല. എന്റെ ഉടുപ്പിന്റെ ഇടതു കൈ കീറിപ്പറിഞ്ഞുപോയിരുന്നു. കൈയും കാലും അനക്കാൻ നോക്കിയിട്ട് അതിനും പറ്റുന്നില്ല. ഞങ്ങൾ സഞ്ചരിച്ചിരുന്ന കാർ റോഡിന്റെ കൈവരി ഇടിച്ചുതകർത്ത് 20 മീറ്റർ താഴേക്കു മലക്കംമറിഞ്ഞപ്പോൾ ഞാൻ അതിൽനിന്നു തെറിച്ചു വീഴുകയാണ് ഉണ്ടായത് എന്നു ഞാൻ പിന്നീടു മനസ്സിലാക്കി. എന്തായാലും, എനിക്കോ മാതാപിതാക്കൾക്കോ അപകടത്തെക്കുറിച്ച് യാതൊന്നും ഓർമയില്ല. അത് എന്തായാലും നന്നായി.
സഹായത്തിനായി ഞാൻ ഉറക്കെ വിളിച്ചു. അതുകേട്ട ഒരു ട്രക്ക് ഡ്രൈവർ എന്റെ അടുത്തേക്ക് ഓടിയെത്തി. തുടർന്ന് അദ്ദേഹം ഞാൻ കിടക്കുന്നിടത്തുനിന്ന് കുറെക്കൂടെ താഴേക്കു നടന്ന് കാർ കിടക്കുന്നിടത്തു ചെന്നു. എന്റെ മാതാപിതാക്കൾ അതിനകത്തു കുടുങ്ങിപ്പോയിരുന്നു. “ആംബുലൻസ് പെട്ടെന്നു കൊണ്ടുവരാൻ പറ!” കൂടെയുണ്ടായിരുന്ന ആളോട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. “കാറിലുള്ളവരുടെ നില വഷളാണ്!” എന്നിട്ട് അദ്ദേഹം തിരിച്ച് എന്റെ അരികിലെത്തി. അനങ്ങാൻ പോലും കഴിയാതെ കിടന്നിരുന്ന എന്റെ കാലു പിടിച്ചു നിവർത്താൻ അദ്ദേഹം ശ്രമിച്ചു. സദുദ്ദേശ്യത്തോടെയാണ് അദ്ദേഹം അതു ചെയ്തതെങ്കിലും വേദന സഹിക്കാനാകാതെ ഞാൻ നിലവിളിച്ചുപോയി. അപ്പോൾ മാത്രമാണ്, എനിക്കു ശരിക്കും പരിക്കു പറ്റിയിട്ടുണ്ടെന്നു ഞാൻ മനസ്സിലാക്കിയത്.
പെട്ടെന്നുതന്നെ ലോഗ്രോനോയിൽ ഉള്ള പ്രാദേശിക ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ എന്നെ എത്തിച്ചു. എനിക്ക് എന്താണു സംഭവിച്ചതെന്നും ഞാൻ എവിടെയാണെന്നുമൊക്കെ ആ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളെ അറിയിക്കാൻ പോലീസ് സന്മനസ്സ് കാണിച്ചു. വൈകിയില്ല, എസ്റ്റെൽയാ സഭയിലെയും ലോഗ്രോനോ സഭയിലെയും ധാരാളം സഹോദരങ്ങൾ എന്നെ കാണാനെത്തി. കൂടാതെ, ആശുപത്രി ഏകോപന സമിതിയുടെ, സ്ഥലത്തെ അംഗങ്ങളും. മുമ്പ് കണ്ടിട്ടുപോലുമില്ലാത്ത ഈ പ്രിയപ്പെട്ട ക്രിസ്തീയ സഹോദരങ്ങൾ രാപകലെന്നില്ലാതെ എന്റെ ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ തയ്യാറായിക്കൊണ്ട് ആ ആശുപത്രിയിലെ അഗ്നിപരീക്ഷയിൽ ഉടനീളം എനിക്ക് ആശ്വാസമായി. എന്റെ മാതാപിതാക്കൾക്കുവേണ്ടിയും അവർ സ്നേഹപൂർവം കരുതി. അപകടം നടന്ന് ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം അവർക്ക് ആശുപത്രി വിടാൻ കഴിഞ്ഞു.
a ഞാൻ മരിച്ചുപോകാൻ സാധ്യതയുണ്ട് എന്ന് അദ്ദേഹം പറഞ്ഞെങ്കിലും എന്റെ താത്പര്യങ്ങളെ മാനിക്കാമെന്ന് അദ്ദേഹം മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. ശസ്ത്രക്രിയ ഒരു വിജയമായിരുന്നു. എന്നാലും, എന്റെ മുറിവുകൾ വൃത്തിയാക്കാഞ്ഞതും പിന്നീട്, ബാൻഡേജുകൾ മാറ്റാഞ്ഞതുമെല്ലാം തികച്ചും വിചിത്രമായി എനിക്കു തോന്നി.
ഒടിവു പറ്റിയിരുന്ന ഇടുപ്പിന്റെ ശസ്ത്രക്രിയ നടത്താനായി ബുധനാഴ്ച പുലർച്ചെ ഒരു മണിക്ക് ഡോക്ടർമാരെത്തി. ഞാൻ രക്തം സ്വീകരിക്കുകയില്ലെന്ന കാര്യം ഡോക്ടറോടു പറഞ്ഞു.വെള്ളിയാഴ്ച ആയപ്പോഴേക്കും എന്റെ രക്തത്തിന്റെ അളവ് 4.7 എന്ന നിലയിലേക്കു താണു. എന്റെ ശക്തി മുഴുവൻ ചോർന്നുപോകുകയായിരുന്നു. രക്തത്തിനു പകരമുള്ള ഒരു ചികിത്സ നൽകാൻ ഡോക്ടർ സമ്മതിച്ചു. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നതിനായി, എരിത്രോപൊയിറ്റിൻ കുത്തിവെപ്പുകളും ഒപ്പം രക്തമുണ്ടാകുന്നതിനും ശരീരത്തിൽ ഇരുമ്പിന്റെ അളവു കൂടുന്നതിനുമുള്ള സപ്ലിമെന്റുകളും ഉപയോഗിച്ചുള്ള ഒരു ചികിത്സയായിരുന്നു അത്. b അപ്പോഴേക്കും ജേയും ജോയലും വന്നു. അവരെ കണ്ടപ്പോൾ എനിക്ക് എത്ര ആശ്വാസം തോന്നിയെന്നോ!
എന്റെ സ്ഥിതി വഷളാകുകയാണെങ്കിൽ, രക്തം കുത്തിവെക്കുന്നതിനായി ആശുപത്രി അതിനോടകംതന്നെ ഒരു കോടതി ഉത്തരവു സമ്പാദിച്ചിരുന്ന കാര്യം വെളുപ്പിന് ഏതാണ്ട് ഒന്നര മണിയോടെ ഒരു ഡോക്ടർ ജേയെ അറിയിച്ചു. എന്നാൽ, സാഹചര്യം എത്ര ഗുരുതരമാണെങ്കിലും രക്തം സ്വീകരിക്കരുത് എന്നതാണ് എന്റെ ആഗ്രഹം എന്നു ജേ ഡോക്ടറോടു പറഞ്ഞു. “അങ്ങനെയെങ്കിൽ, അവർ മരിച്ചുപോകും!” ഡോക്ടർ മറുപടി പറഞ്ഞു.
എന്റെ താത്പര്യങ്ങളെ മാനിക്കുന്ന ഒരു ആശുപത്രിയിലേക്ക് എന്നെ മാറ്റുന്ന കാര്യം സംബന്ധിച്ച് ജേ ആശുപത്രി ഏകോപന സമിതി അംഗങ്ങളുമായി ചർച്ച ചെയ്തു. ലോഗ്രോനോയിലെ ആശുപത്രിയിൽ ഉള്ള എല്ലാ ജീവനക്കാരും ഞങ്ങളോടു ശത്രുതയോടെ ഇടപെട്ടതുകൊണ്ടായിരുന്നില്ല ഇത്. ഉദാഹരണത്തിന്, അവിടത്തെ ഒരു ഡോക്ടർ, ഞാൻ അർഹിക്കുന്ന മുഴു ആദരവോടും കൂടെയുള്ള പരിചരണം എനിക്കു ലഭിക്കുന്നുവെന്ന കാര്യം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നു വാക്കുതന്നിരുന്നു. എന്നാൽ, മറ്റു ഡോക്ടർമാർ എന്റെമേൽ സമ്മർദം ചെലുത്താൻ തുടങ്ങി. “കുടുംബത്തെയെല്ലാം ഉപേക്ഷിച്ചിട്ട് മരിക്കാനാണോ നിങ്ങളുടെ ആഗ്രഹം?” അവർ എന്നോടു ചോദിച്ചു. രക്തം കൂടാതെയുള്ള ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ അവരോടു പറഞ്ഞു. ഡോക്ടർമാർ പക്ഷേ ഇക്കാര്യത്തിൽ എന്നെ സഹായിക്കാൻ കൂട്ടാക്കിയില്ല. “നിങ്ങൾ മരിച്ചുപോകും!” ഒരു ഡോക്ടർ തുറന്നടിച്ചു.
രക്തം കൂടാതെ എന്നെ ചികിത്സിക്കാൻ തയ്യാറുള്ള ഒരു ആശുപത്രി ബാർസിലോണയിൽ കണ്ടെത്താൻ ആശുപത്രി ഏകോപന സമിതിക്കു സാധിച്ചു. ആദ്യത്തേതിൽ നിന്ന് എത്ര വ്യത്യസ്തമായിരുന്നു ബാർസിലോണയിലെ ഈ ആശുപത്രി! അവിടെ എത്തിയപ്പോൾ, രണ്ടു നേഴ്സുമാർ വളരെ ശ്രദ്ധയോടെ എന്റെ ശരീരം തുടച്ചു വൃത്തിയാക്കി. അവിടത്തെ പരിചരണം എനിക്കു വളരെയേറെ ആശ്വാസമായി. എന്റെ ബാൻഡേജുകൾ അഴിച്ചു മാറ്റുമ്പോഴാണ് നേഴ്സുമാരിൽ ഒരാൾ അതു ശ്രദ്ധിച്ചത്, അവ പച്ചനിറമായിരിക്കുന്നു. മാത്രമല്ല, അവയിൽ നിറയെ രക്തം ഉണങ്ങി കട്ടപിടിച്ചിരിക്കുന്നു. തന്റെ രാജ്യത്തുള്ളവർ ഇങ്ങനെ ചെയ്തതിൽ തനിക്കു നാണക്കേട് തോന്നുന്നെന്ന് അവർ എന്നോടു പറഞ്ഞു.
ലോഗ്രോനോ ആശുപത്രിയിൽവെച്ചുതന്നെ തുടങ്ങേണ്ടിയിരുന്ന ചികിത്സ ബാർസിലോണയിലെ ആശുപത്രിയിൽനിന്ന് താമസിയാതെ എനിക്കു ലഭിച്ചു തുടങ്ങി. ആരെയും അതിശയിപ്പിക്കുന്നതായിരുന്നു അതിന്റെ ഫലം. ദിവസങ്ങൾക്കുള്ളിൽ, ശരീരത്തിനുള്ളിലെ പ്രധാനപ്പെട്ട അവയവങ്ങളെല്ലാം അപകടനില തരണംചെയ്തു. മാത്രമല്ല, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 7.3 ആയിത്തീർന്നു. ഞാൻ ആശുപത്രി വിടുമ്പോൾ അത് 10.7 ആയി ഉയർന്നിരുന്നു. ഐക്യനാടുകളിലെ ഒരു ആശുപത്രിയിൽ വെച്ച് കൂടുതലായ ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടി വന്നപ്പോഴേക്കും അത് 11.9 ആയിത്തീർന്നിരുന്നു.
രോഗികളുടെ താത്പര്യങ്ങളോടു യോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അത് അംഗീകരിക്കാൻ തയ്യാറുള്ള ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ശ്രമങ്ങളെ ഞാൻ വിലമതിക്കുന്നു. ആശുപത്രി ജീവനക്കാർ ഒരു രോഗിയുടെ വിശ്വാസങ്ങളെ ആദരിക്കുമ്പോൾ, അവർ ആ മുഴു വ്യക്തിയെയുമാണു ചികിത്സിക്കുന്നത്, അതുവഴി, അയാൾക്ക് ഏറ്റവും നല്ല ചികിത്സയാണു നൽകുന്നതും.
[അടിക്കുറിപ്പുകൾ]
a ബൈബിളധിഷ്ഠിതമായ കാരണങ്ങളാലാണ് യഹോവയുടെ സാക്ഷികൾ രക്തപ്പകർച്ച സ്വീകരിക്കാത്തത്.—ഉല്പത്തി 9:4; ലേവ്യപുസ്തകം 7:26, 27; 17:10-14; ആവർത്തനപുസ്തകം 12:23-25; 15:23; പ്രവൃത്തികൾ 15:20, 28, 29; 21:25 എന്നിവ കാണുക.
b ഒരു ക്രിസ്ത്യാനി എരിത്രോപൊയിറ്റിൻ സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്.—1994 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 31-ാം പേജു കാണുക.
[12-ാം പേജിലെ ചിത്രം]
ഭർത്താവിനോടും മകനോടും ഒപ്പം
[13-ാം പേജിലെ ചിത്രം]]
ആശുപത്രി ഏകോപന സമിതിയിലെ രണ്ട് അംഗങ്ങൾ