വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഫിൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ

പഫിൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ

പഫിൻ വീട്ടിൽ തിരി​ച്ചെ​ത്തു​മ്പോൾ

കാനഡയിലെ ഉണരുക! ലേഖകൻ

ഏഴോ എട്ടോ മാസം കടലി​ലൂ​ടെ അലഞ്ഞു​തി​രി​ഞ്ഞു നടന്ന​ശേഷം വസന്തത്തിൽ ആർട്ടിക്‌ സമു​ദ്ര​തീ​ര​ത്തുള്ള തന്റെ വീട്ടി​ലേക്ക്‌ പഫിൻ മടങ്ങി​യെ​ത്തും. ഇണചേ​രു​ന്ന​തി​നുള്ള സമയമാണ്‌ വസന്തം. പഫിനെ കണ്ടാൽ അതിനു​വേണ്ടി ഉടു​ത്തൊ​രു​ങ്ങി വന്നിരി​ക്കു​ക​യാ​ണെന്നേ തോന്നൂ. പാദങ്ങൾക്കു കടും ഓറഞ്ച്‌ നിറം ആയിരി​ക്കു​ന്നു. കൊക്കിൽ നിറപ്പ​കി​ട്ടാർന്ന ഒരു അസ്ഥിമയ ആവരണം രൂപം​കൊ​ണ്ടി​രി​ക്കു​ന്നു. ഇവ പിന്നീട്‌ പൊഴി​ച്ചു​ക​ള​യും. വർഷം മുഴുവൻ നിൽക്കുന്ന, കറുപ്പും വെളു​പ്പും നിറങ്ങ​ളോ​ടു കൂടിയ തൂവൽക്കു​പ്പാ​യം അതിന്‌ ഏതാണ്ട്‌ ഒരു പാതി​രി​യു​ടെ മട്ടു നൽകുന്നു. ഒരുപക്ഷേ ഇതു​കൊ​ണ്ടാ​യി​രി​ക്കാം അറ്റ്‌ലാ​ന്റിക്‌ പഫിന്‌, ഫ്രറ്റേർകു​ലാ ആർട്ടിക്ക (“വടക്കുള്ള കൊച്ചു ഫ്രയർ”) എന്ന ശാസ്‌ത്ര നാമം ലഭിച്ചത്‌. a ഫ്രയർ എന്ന ഇംഗ്ലീഷ്‌ പദം കത്തോ​ലി​ക്കാ സഭയിൽ സന്ന്യാസ ജീവിതം നയിക്കുന്ന ഒരു വ്യക്തിയെ സൂചി​പ്പി​ക്കു​ന്നു.

കിഴു​ക്കാം​തൂ​ക്കായ പാറക്കൂ​ട്ട​ങ്ങ​ളി​ലെ അവയുടെ പൊത്തു​ക​ളി​ലേക്ക്‌ ചെറിയ കൂട്ടങ്ങ​ളാ​യാണ്‌ പഫിൻ പക്ഷികൾ സഞ്ചരി​ക്കുക. റാഫ്‌റ്റു​കൾ എന്നാണ്‌ ഈ കൂട്ടങ്ങളെ പറയുക. ഏകദേശം 20-ഓ 30-ഓ പക്ഷികൾ ഉണ്ടാകും ഒരു കൂട്ടത്തിൽ. കൂട്ടം​കൂ​ടി​യുള്ള ഈ യാത്ര​ക്കി​ട​യി​ലോ പൊത്തിൽ എത്തി​ച്ചേർന്ന​തി​നു ശേഷമോ ആണ്‌ പഫിൻ ഇണയെ കണ്ടുപി​ടി​ക്കു​ന്നത്‌. വർഷങ്ങൾ കഴിഞ്ഞാ​ലും, പല പഫിൻ പക്ഷികൾക്കും ഒരേ പൊത്തും ഒരേ ഇണയും തന്നെയാ​ണു​ള്ളത്‌ എന്നതു കൗതു​ക​ക​ര​മാണ്‌.

പഫിൻ പക്ഷികൾക്ക്‌ പറക്കാൻ കഴിയു​മെ​ങ്കി​ലും “പറക്കൽ” വൈദ​ഗ്‌ധ്യ​ത്തി​ന്റെ കാര്യ​ത്തിൽ അവർ ലോക​ത്തി​ലെ ഒന്നാം നമ്പർ താരങ്ങ​ളൊ​ന്നു​മല്ല. അവ കടൽത്തീ​രത്തു വന്നിറ​ങ്ങു​ന്നത്‌ അടിയ​ന്തിര ഘട്ടങ്ങളിൽ വിമാനം പെട്ടെന്ന്‌ നിലത്ത്‌ ഇറക്കു​ന്ന​തു​പോ​ലെ​യാണ്‌! പഫിൻ പറന്നു​യ​രു​ന്നതു കാണാ​നും വലിയ രസമൊ​ന്നു​മില്ല. ചില​പ്പോൾ തോന്നും, അതിന്റെ തടിച്ച ശരീര​ത്തി​ന്റെ ഭാരം താങ്ങാൻ ആ ചിറകു​കൾക്കു കഴിയില്ല എന്ന്‌. ചില പഫിൻ പക്ഷിക​ളാ​ണെ​ങ്കിൽ വെള്ളത്തിൽ നിന്നു കരയ്‌ക്കു കയറി​വ​രു​ന്ന​തു​തന്നെ വലിയ കഷ്ടപ്പെ​ട്ടി​ട്ടാണ്‌. എന്നാൽ ചിറക​ടി​ക്കാൻ തുടങ്ങി​യാൽപ്പി​ന്നെ—അത്‌ മിനി​ട്ടിൽ ഏതാണ്ട്‌ 400 തവണ വരെ ആകാം—മണിക്കൂ​റിൽ 80 കിലോ​മീ​റ്റർ വേഗം നിലനി​റു​ത്തി​ക്കൊണ്ട്‌ അവയ്‌ക്കു സുഖമാ​യി ദീർഘ​ദൂ​രം സഞ്ചരി​ക്കാൻ കഴിയും.

കരയെ​ക്കാൾ പഫിൻ പക്ഷികൾക്ക്‌ എന്തു​കൊ​ണ്ടും യോജി​ച്ചത്‌ കടൽത​ന്നെ​യാണ്‌. എന്നു​വെച്ച്‌ അവയ്‌ക്കു കരയി​ലേക്കു വരാതി​രി​ക്കാ​നും കഴിയില്ല. കാരണം, കുഞ്ഞി​നു​വേണ്ടി ആൺപക്ഷി​യും പെൺപ​ക്ഷി​യും ഒരു പൊത്തു ശരിയാ​ക്കി​യേ പറ്റൂ. കരയിൽ എത്തി​ച്ചേർന്ന​തി​നു​ശേഷം, ആൺപക്ഷി​യും പെൺപ​ക്ഷി​യും ചേർന്ന്‌ പൊത്ത്‌ വൃത്തി​യാ​ക്കി​യെ​ടു​ക്കു​ന്നു. 50 സെന്റി​മീ​റ്റർ മുതൽ അതിന്റെ ഏതാണ്ട്‌ നാലി​രട്ടി വരെ നീളം കണ്ടേക്കാം പൊത്തിന്‌. പുല്ലും ചില്ലി​ക്ക​മ്പു​ക​ളും തൂവലു​ക​ളും കൊണ്ട്‌ അവ പൊത്തി​ന​കത്ത്‌ ഒരു മെത്ത​യൊ​രു​ക്കു​ന്നു. ചില പഫിൻ പക്ഷികൾക്ക്‌ പാറയു​ടെ വിള്ളലു​ക​ളോ വലിയ ഉരുളൻക​ല്ലു​കൾക്കി​ട​യി​ലെ പിളർപ്പു​ക​ളോ ഒക്കെയാണ്‌ ഇഷ്ടം. കൊക്കു​പ​യോ​ഗിച്ച്‌ പൊത്തി​ലെ മണ്ണെല്ലാം ഇളക്കിയ ശേഷം ജാലി​ത​പാ​ദ​ങ്ങൾകൊണ്ട്‌ അതു കോരി​മാ​റ്റി​യി​ട്ടാണ്‌ പൊത്തു ശരിയാ​ക്കു​ന്നത്‌.

ഇണചേ​രു​ന്ന​തി​നു മുമ്പുള്ള പഫിൻ പക്ഷിക​ളു​ടെ പ്രേമ​പ്ര​ക​ട​നങ്ങൾ അരങ്ങേ​റു​ന്നതു വെള്ളത്തിൽവെ​ച്ചാണ്‌. തല കുടയുക, നെഞ്ചു വീർപ്പി​ക്കുക, തുരു​തു​രെ ചിറകി​ട്ട​ടി​ക്കുക, എന്നുവേണ്ട എന്തൊ​ക്കെ​യാ​ണെ​ന്നോ ഈ ചടങ്ങി​നി​ട​യിൽ ആൺപക്ഷി​കൾ കാട്ടി​ക്കൂ​ട്ടു​ന്നത്‌. ഈ അവസര​ത്തിൽ ആൺപക്ഷി​യും പെൺപ​ക്ഷി​യും പരസ്‌പരം പലയാ​വർത്തി കൊക്കു​രു​മ്മു​ക​യും ചെയ്യാ​റുണ്ട്‌. ഈ അവസാ​നത്തെ പടി ഇണചേ​ര​ലി​നു ശേഷം പോലും തുടരും. തങ്ങൾക്കി​ട​യി​ലെ സ്‌നേ​ഹ​ബന്ധം ഊട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നുള്ള ഇണപ്പക്ഷി​ക​ളു​ടെ ഒരു മാർഗ​മാണ്‌ ഇതെന്നു തോന്നു​ന്നു.

പഫിൻ പക്ഷികൾ സാധാ​ര​ണ​ഗ​തി​യിൽ ഒരു മുട്ടയാണ്‌ ഇടുക. അടയി​രി​ക്കാ​നുള്ള ചുമതല അച്ഛനും അമ്മയ്‌ക്കും കൂടി​യു​ള്ള​താണ്‌. ആറാഴ്‌ച കഴിഞ്ഞ്‌ അതു വിരി​യു​മ്പോ​ഴാണ്‌ ശരിക്കു​മുള്ള ജോലി തുടങ്ങു​ന്നത്‌. ചാരക്ക​റു​പ്പു​നി​റ​മുള്ള, നനുത്ത തൂവലു​ക​ളോ​ടു കൂടിയ ഈ പക്ഷിക്കു​ഞ്ഞി​നെ ഒരാഴ്‌ച​ത്തേക്ക്‌ ചിറകിൻകീ​ഴിൽ സൂക്ഷി​ക്കു​ന്നു. പക്ഷിക്കു​ഞ്ഞിന്‌ ആവശ്യ​ത്തി​നു ചൂട്‌ കിട്ടു​ന്ന​തി​നു വേണ്ടി​യാണ്‌ ഇത്‌. കുഞ്ഞിനു വേണ്ടുന്ന ആഹാരം ശേഖരി​ക്കു​ന്ന​തി​നാ​യി ഈ കാലയ​ള​വിൽ അച്ഛൻപ​ക്ഷി​യും അമ്മപ്പക്ഷി​യും നിരവധി തവണ കടലിൽ പോകും. കുഞ്ഞു വലുതാ​കു​ന്ന​തി​ന​നു​സ​രിച്ച്‌ ഈ മത്സ്യബന്ധന പര്യട​ന​ങ്ങ​ളു​ടെ എണ്ണവും കൂടും. എങ്കിലും അവ അത്ര അപകട​ക​ര​ങ്ങളല്ല. കാരണം ധാരാളം പഫിൻ പക്ഷികൾ മീൻപി​ടി​ക്കാൻവേണ്ടി ഈ സമയത്ത്‌ പൊത്തു​ക​ളിൽ നിന്നു കടലി​ലേ​ക്കും തിരി​ച്ചും പോകു​ന്നുണ്ട്‌. ഇവ ഇങ്ങനെ കൂട്ട​ത്തോ​ടെ സഞ്ചരി​ക്കു​ന്ന​തു​കൊണ്ട്‌ കടൽകാ​ക്ക​യ്‌ക്കും മറ്റ്‌ ഇരപി​ടി​യ​ന്മാർക്കും ഇവരെ ആക്രമി​ക്കാ​നുള്ള സൗകര്യം ഒത്തുകി​ട്ടു​ന്നി​ല്ലെന്നു തോന്നു​ന്നു.

നീന്തു​ന്ന​തി​ലും മുങ്ങാ​ങ്കു​ഴി ഇടുന്ന​തി​ലും പഫിൻ പക്ഷികൾ മിടു​മി​ടു​ക്ക​ന്മാ​രാണ്‌. ജാലി​ത​പാ​ദങ്ങൾ ചുക്കാ​നാ​യും ചിറകു​കൾ മുന്നോ​ട്ടു നീങ്ങു​ന്ന​തിന്‌ സഹായി​ക്കുന്ന പ്രൊ​പ്പ​ല്ല​റു​ക​ളാ​യും ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഒരു സമയം 30 സെക്കൻഡിൽ കൂടുതൽ നേരം വെള്ളത്തി​ന​ടി​യിൽ ചെലവി​ടാൻ അവയ്‌ക്കു കഴിയും. അതും, 30 മീറ്റ​റോ​ളം ആഴത്തിൽ. ഒന്നോ രണ്ടോ ചെറു മത്സ്യങ്ങ​ളെ​യും—ഒരുപക്ഷേ കാപ്‌ലി​നു​ക​ളെ​യോ സാൻഡ്‌ ലാൻസു​ക​ളെ​യോ—കൊക്കി​ലാ​ക്കി​ക്കൊ​ണ്ടാ​കും പഫിൻ തന്റെ പൊത്തി​ലേക്കു മടങ്ങുക. മീൻ ചെറു​താ​ണെ​ങ്കിൽ കൂടുതൽ മീനു​കളെ കൊക്കിൽ കൊണ്ടു​പോ​കാ​നാ​കും, പഫിന്‌. 60-ലേറെ മീനു​ക​ളെ​യാണ്‌ ഒരിക്കൽ ഒരു പഫിൻ കൊക്കിൽ എടുത്തു​കൊ​ണ്ടു​പോ​യത്‌! പഫിന്റെ വായിൽ, പിന്നോ​ട്ടു കൂർത്തി​രി​ക്കുന്ന മുള്ളുകൾ ഉണ്ട്‌. പഫിൻ മീൻ പിടി​ക്കു​മ്പോൾ, കൊക്കിൽ ഉള്ള മീനുകൾ താഴെ​പ്പോ​കാ​തെ നോക്കു​ന്നത്‌ ഈ മുള്ളു​ക​ളാണ്‌. ഇങ്ങനെ​യൊ​രു സൗകര്യ​മു​ള്ളത്‌ എന്തു​കൊ​ണ്ടും നല്ലതാണ്‌, കാരണം കുഞ്ഞു​പ​ഫിൻ ഒരു ദിവസം 50 മീനുകൾ വരെ അകത്താ​ക്കാ​റുണ്ട്‌.

ഏകദേശം ആറാഴ്‌ച കഴിയു​മ്പോൾ, അച്ഛൻപ​ക്ഷി​യും അമ്മപ്പക്ഷി​യും കടലി​ലേക്കു തിരി​ച്ചു​പോ​കും. അതോടെ ഒറ്റയ്‌ക്കാ​യി​ത്തീ​രുന്ന, ചിറകു​മു​ളച്ച പഫിൻകുഞ്ഞ്‌ പൊത്ത്‌ വിടാ​നുള്ള തയ്യാ​റെ​ടു​പ്പിൽ മെലി​യു​ന്നു. വൈകു​ന്നേ​ര​ങ്ങ​ളിൽ, അതു ചിറകി​ട്ട​ടി​ച്ചു പരിശീ​ലി​ച്ചു​നോ​ക്കും. ഒടുവിൽ, ഒരു ദിവസം ഇരുട്ടി​ന്റെ മറപറ്റി വേഗത്തിൽ കുണു​ങ്ങി​ക്കു​ണു​ങ്ങി കടലി​ലേക്ക്‌ ഇറങ്ങുന്ന പഫിൻ കുഞ്ഞ്‌ അവി​ടെ​നി​ന്നു ദ്രുത​ഗ​തി​യിൽ തുഴഞ്ഞു​പോ​കും.

പഫിൻ കുഞ്ഞ്‌ അതുണ്ടായ പൊത്തി​ലേക്കു മടങ്ങി​വ​രു​ന്നത്‌ രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷമാണ്‌. ഇണചേ​രു​ന്ന​താ​കട്ടെ, നാലോ അഞ്ചോ വയസ്സ്‌ ആയ ശേഷവും. വളർച്ച​യെ​ത്തിയ ഒരു പഫിന്‌ ഒരുപക്ഷേ 490 ഗ്രാമി​ലും അൽപ്പം​കൂ​ടെ തൂക്കം കാണും. പൊക്ക​മാ​ണെ​ങ്കിൽ, ഏതാണ്ട്‌ 30 സെന്റി​മീ​റ്റർ മാത്ര​വും. അത്ര വലിപ്പ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും, നല്ല ആരോ​ഗ്യ​മുള്ള ഒരു പഫിൻ ഏകദേശം 25 വർഷം ജീവി​ച്ചി​രി​ക്കും. ഒരു അറ്റ്‌ലാ​ന്റിക്ക്‌ പഫിൻ 39 വർഷം​വരെ ജീവി​ച്ചി​രു​ന്നു!

2 കോടി അറ്റ്‌ലാ​ന്റിക്‌ പഫിൻ പക്ഷികൾ ഉണ്ടെന്നാ​ണു വിദഗ്‌ധർ കണക്കാ​ക്കു​ന്നത്‌. ഈ പക്ഷികളെ നിരീ​ക്ഷി​ക്കു​ന്നത്‌ ഏറെ കൗതു​ക​ക​ര​മായ സംഗതി​യാണ്‌. “പഫിൻ എന്തു ചെയ്‌താ​ലും, അത്‌ എത്ര സാധാ​ര​ണ​മായ കാര്യ​മാ​യാ​ലും ശരി, അതു കണ്ടിരി​ക്കാൻ ഒരു പ്രത്യേക രസമാണ്‌” എന്ന്‌ ദി അറ്റ്‌ലാ​ന്റിക്‌ പഫിൻ എന്ന തങ്ങളുടെ പുസ്‌ത​ക​ത്തിൽ ഡേവിഡ്‌ ബോവാ​ഗും മൈക്ക്‌ അലക്‌സാ​ണ്ട​റും എഴുതു​ക​യു​ണ്ടാ​യി. അറ്റ്‌ലാ​ന്റി​ക്കി​ന്റെ​യോ പസിഫി​ക്കി​ന്റെ​യോ വടക്കൻ തീരങ്ങൾക്കു സമീപ​മാ​ണു നിങ്ങൾ താമസി​ക്കു​ന്ന​തെ​ങ്കിൽ, നിങ്ങൾക്ക്‌ ഒരു പഫിനെ കാണാൻ കഴി​ഞ്ഞേ​ക്കും. കണ്ടാലും ഇല്ലെങ്കി​ലും, ഒരു കാര്യം ഉറപ്പാണ്‌. ഓരോ വസന്തത്തി​ലും പഫിൻ തന്റെ വീട്ടിൽ മടങ്ങി​യെ​ത്തും. ഇരുണ്ട തൂവലു​കൾ ഉള്ള കടൽപ്പ​ക്ഷി​ക​ളു​ടെ മറ്റൊരു തലമുറ ജന്മമെ​ടു​ക്കു​ക​യും ചെയ്യും.

[അടിക്കു​റിപ്പ്‌]

a വെള്ളത്തിൽ നിന്നു കയറി​യ​ശേഷം, പ്രാർഥ​നാ​നി​ര​ത​നാ​യി നിൽക്കു​ക​യാ​ണെന്നു തോന്നി​പ്പി​ക്കു​മാറ്‌ അത്‌ താറാ​വി​ന്റേ​തു​പോ​ലുള്ള അതിന്റെ ജാലി​ത​പാ​ദങ്ങൾ രണ്ടും കൂട്ടി​പ്പി​ടി​ക്കാ​റുണ്ട്‌. അതു​കൊ​ണ്ടു​കൂ​ടി ആയിരി​ക്കാം പഫിന്‌ ഈ പേര്‌ കിട്ടി​യത്‌.

[15-ാം പേജിലെ ചിത്രം]

പഫിൻ പക്ഷികൾ ന്യൂഫൗ​ണ്ട്‌ലൻഡി​ലെ വിറ്റ്‌ലസ്‌ ഉൾക്കടൽത്തീ​രത്ത്‌

കടപ്പാട്‌: Tourism, Newfoundland and Labrador

[15-ാം പേജിലെ ചിത്രം]

കടപ്പാട്‌: Tourism, Newfoundland and Labrador; photographer: Barrett and Mackay

[15-ാം പേജിലെ ചിത്രം]

Tom Veso/Cornell Laboratory of Ornithology