പായ്ക്കപ്പലുകളുടെ ഒരു ആർഭാടപ്രദർശനം
പായ്ക്കപ്പലുകളുടെ ഒരു ആർഭാടപ്രദർശനം
ഫ്രാൻസിലെ ഉണരുക! ലേഖകൻ
വടക്കൻ ഫ്രാൻസിലെ റൂവാൻ 1999 ജൂലൈയിൽ ലോകത്തിലെ അതിമനോഹരങ്ങളായ അനേകം പായ്ക്കപ്പലുകളുടെ ഒരു മേളനം കണ്ടു. ‘നൂറ്റാണ്ടിന്റെ നാവികവ്യൂഹം’ എന്നു വിളിക്കപ്പെട്ട ഗംഭീരമായ ഒരു ആഘോഷത്തിനായിരുന്നു അത്. ആ അവസരത്തിനായി പ്രത്യേകം ഒരുക്കിയ ഏഴു കിലോമീറ്റർ വരുന്ന കപ്പൽത്തുറയിൽ മുപ്പതു വലിയ പായ്ക്കപ്പലുകൾ നങ്കൂരമിട്ടുകിടന്നിരുന്നു.
“സമുദ്രയാനങ്ങളുടെ ഈ സഹസ്രാബ്ദത്തിലെ ആർഭാടപ്രദർശനം” എന്നാണ് ആ സംഭവം അറിയപ്പെട്ടത്. സംഗീതക്കച്ചേരികൾ, വെടിക്കെട്ടുകൾ, കടലിൽ വെച്ചുണ്ടായ ശ്രദ്ധേയമായ സംഭവങ്ങൾ, സമുദ്രയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പെയിന്റിങ്ങുകളുടെയും ഫോട്ടോഗ്രാഫുകളുടെയും പ്രദർശനങ്ങൾ എന്നിവ അതിനോടനുബന്ധിച്ച് ഉണ്ടായിരുന്നു.
പായ്ക്കപ്പലുകളുടെ ആ രാജകീയാഗമനം ജൂലൈ 9-ാം തീയതി വെള്ളിയാഴ്ച ആയിരുന്നു. തുടർന്നുവന്ന പത്തു ദിവസത്തേക്ക്, ഫ്രാൻസിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി ദശലക്ഷക്കണക്കിനു സന്ദർശകർ കപ്പൽത്തുറയിൽ തടിച്ചുകൂടി.
100 മീറ്റർ നീളം വരുന്ന, ദാർ മ്വാഷെസി (പോളണ്ട്), കെർസോനെസ് (യൂക്രെയിൻ), സ്റ്റാറ്റ്സ്റോയഡ് ലെംകൂൾ (നോർവെ), ലിബെർറ്റാഡ് (അർജന്റീന) തുടങ്ങിയ ചില കപ്പലുകൾ ആഴിയിലെ അതികായന്മാർ ആണ്. ജലോപരിതലത്തിൽ നിന്ന് അവയുടെ ഏറ്റവും നീളം കൂടിയ പായ്മരത്തിന്റെ അറ്റംവരെ 50 മീറ്റർ ഉയരമുണ്ട്.
അയർലൻഡ്, ഉറുഗ്വേ, ജർമനി, പോർച്ചുഗൽ, ബെൽജിയം, വെനെസ്വേല, റഷ്യ എന്നിവ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്ന് ഉയരമുള്ള കപ്പലുകൾ അവിടെ എത്തിച്ചേർന്നിരുന്നു. നെതർലൻഡ്സിനാണ് ഏറ്റവുമധികം കപ്പലുകൾ ഉണ്ടായിരുന്നത്, ആറെണ്ണം. ഇവയിൽ, മൂന്നു പായ്മരങ്ങൾ ഉള്ള അഴകാർന്ന യൂറോപ്പ എന്ന ബാർക് കപ്പലും 1918-ൽ നീറ്റിലിറക്കിയ മൂന്നു പായ്മരങ്ങൾ ഉള്ള പഴയ ടോപ്പ് സെയിൽ ഷൂണർ ഓസ്റ്റർസ്ചെൽഡെയും ഉണ്ടായിരുന്നു. ആഫ്രിക്ക, മെഡിറ്ററേനിയൻ പ്രദേശങ്ങൾ, വടക്കൻ യൂറോപ്പ് എന്നിവയ്ക്കിടയിൽ തടി, ഉപ്പിലിട്ട മത്തി, കളിമണ്ണ്, ധാന്യങ്ങൾ, വൈക്കോൽ, പഴവർഗങ്ങൾ എന്നിവ കൊണ്ടുപോകാനായി ഈ കപ്പൽ ഉപയോഗിച്ചിരുന്നു.
സന്ദർശകർക്കു തങ്ങളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ലഭിച്ച ഒരു അസുലഭ വേളയായിരുന്നു അത്. ആളുകൾക്കു കയറുകയും ഇറങ്ങുകയും ചെയ്യത്തക്കവണ്ണം കപ്പലുകളിലെ പാലങ്ങൾ താഴ്ത്തിയിട്ടിരുന്നു. യാതൊരു പണച്ചെലവും ഇല്ലാതെതന്നെ സന്ദർശകർക്കു വളരെ സൗകര്യമായി കപ്പലുകളിൽ കയറി കാണാൻ കഴിയുമായിരുന്നു.
ഈ കപ്പലുകളിൽ ചിലവ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ക്രിസ്റ്റ്യൻ റാഡിക് എന്ന നോർവേയുടെ കപ്പൽ 1958-ലെ വിൻഡ്ജാമർ എന്ന ചിത്രത്തിൽ മിന്നിത്തിളങ്ങി. ട്രഷർ ഐലൻഡ് എന്ന ചിത്രം പുനർനിർമിച്ചപ്പോഴും ബോമാർഷേ ലെൻസൊളാൻ എന്ന ഫ്രഞ്ച് ചിത്രത്തിലും അതുപോലെ മറ്റു പല ചിത്രങ്ങളിലും തടികൊണ്ടു നിർമിച്ച പഴയ കാസ്കെലൊറ്റ് (ഡാനീഷ് ഭാഷയിൽ “എണ്ണത്തിമിംഗിലം”) എന്ന കപ്പൽ സ്ഥാനംപിടിച്ചിട്ടുണ്ട്.
മറ്റുള്ളവയിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് മൂന്നു പായ്മരങ്ങൾ ഉള്ള പോളണ്ടിന്റെ ഇസ്ക്രാ എന്ന കപ്പൽ. കാരണം, അതിന്റെ മൂന്നു പായ്മരങ്ങൾക്കും വെവ്വേറെ റിഗ്ഗിങ്ങുകളാണ് (പായ്മരം, പായ്കൾ, കയറുകൾ മുതലായവ യഥാക്രമം സജ്ജീകരിച്ചു വിന്യസിക്കുന്ന രീതി) ഉള്ളത്. മുൻ പായ്മരത്തിൽ ഇത് സമചതുരാകൃതിയിലും പ്രധാന പായ്മരത്തിൽ വിഷമചതുർഭുജത്തിന്റെ (ഒരു ജോടി എതിർവശങ്ങൾ സമാന്തരമായ ചതുർഭുജം) ആകൃതിയിലും അമരപ്പായ്മരത്തിൽ ത്രികോണാകൃതിയിലും ആണ്.
റൂവാനിൽ എത്തിച്ചേർന്ന പഴയ കപ്പലുകളിൽ ഏതാനും എണ്ണം കടലിനടിയിൽനിന്നു പൊക്കിയെടുത്തതായിരുന്നു. ഉദാഹരണമായി, ഉത്സാഹികളും ദൃഢചിത്തരും ആയ ഒരു കൂട്ടം ആളുകൾ ഉറുഗ്വേയുടെ കേപിറ്റാൻ മിറാൻഡാ എന്ന അതിഗംഭീര കപ്പലിനെ ആഴിയുടെ അഗാധങ്ങളിൽ നിന്നു കൈപിടിച്ച് ഉയർത്തി. 1980-കളുടെ തുടക്കത്തിൽ ബ്രിറ്റാനിയിലെ ഡ്വാർനെനേയിലെ തുറമുഖത്തുവെച്ച് മുങ്ങിപ്പോയ ഏറ്റ്വോൾ മോളെന് ലഭിച്ച സ്നേഹപൂർവകമായ പരിചരണം അതിനു പുതുജീവനേകി.
ഈ ആഘോഷ വേളയിൽ മിർ എന്ന കപ്പലിനെ റഷ്യയുടെ, ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന മിർ എന്ന ബഹിരാകാശ നിലയവുമായി റേഡിയോ വഴി ബന്ധിപ്പിക്കാൻ അമച്ച്വർ റേഡിയോ ഓപ്പറേറ്റർമാരുടെ ഒരു പ്രാദേശിക സമിതി തീരുമാനിച്ചു. അവസാനം, ജൂലൈ 17-ാം തീയതി രാത്രി 10:27-ന് മൂന്നു പായ്മരങ്ങളുള്ള ഈ കപ്പലിന് ബഹിരാകാശത്തുള്ള തന്റെ “സഹോദരി കപ്പലു”മായി സമ്പർക്കത്തിൽ വരാനായി. കപ്പലിന്റെ ക്യാപ്റ്റനായിരുന്ന സൊരൊകൊവിന് 350 കിലോമീറ്ററോളം മുകളിൽ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തിലെ കമാൻഡർ അഫനാസ്യെഫുമായി സംസാരിക്കാൻ കഴിഞ്ഞു.
റൂവാനിൽനിന്നു സേയ്ൻ നദിയിലൂടെ പുറംകടലിലേക്കു നടത്തിയ ഒരു ഘോഷയാത്രയോടെ ജൂലൈ 18 ഞായറാഴ്ച ഈ പരിപാടിക്കു തിരശ്ശീല വീണു. പഴയ നോർമാൻ ഗ്രാമങ്ങളുടെയും സന്ന്യാസിമഠങ്ങളുടെയും മണിമന്ദിരങ്ങളുടെയും സമീപത്തുകൂടെ കടന്നുപോയ ഈ കപ്പലുകളിലെ ജോലിക്കാരെ കൈവീശിക്കാണിച്ചുകൊണ്ട് 120 കിലോമീറ്റർ ദൂരത്തിൽ ലക്ഷക്കണക്കിനാളുകൾ നിരനിരയായി നിന്നിരുന്നു.
ഈ പായ്ക്കപ്പലുകൾ മറ്റൊരു തുറമുഖത്തെ പ്രദർശനത്തിനായോ അല്ലെങ്കിൽ ഒരു മത്സരയോട്ടത്തിൽ പങ്കെടുക്കുന്നതിനോ സിനിമയിൽ അഭിനയിക്കുന്നതിനോ ആയി റൂവാനോട് വിടപറഞ്ഞു. തുറമുഖം സാധാരണ അവസ്ഥയിലേക്കു തിരിച്ചുവന്നു. എന്നിരുന്നാലും, പത്തു ദിവസത്തേക്കാണെങ്കിലും പായ്ക്കപ്പലുകളുടെ അപൂർവ മേളനത്തിനു വേദിയൊരുക്കിയതിനാൽ, റൂവാൻ ആ വേള അനുസ്മരിക്കുകതന്നെ ചെയ്യും.
[10-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഓൺഫ്ല്യൂവർ
സേയ്ൻ
റൂവാൻ
[കടപ്പാട്]
10, 17, 31 പേജുകളിലെ ഭൂപടങ്ങൾ: Mountain High Maps® Copyright © 1997 Digital Wisdom, Inc.
[10-ാം പേജിലെ ചിത്രം]
മൂന്നു പായ്മരങ്ങൾ ഉള്ള “കുവാറ്റെമോസ്” എന്ന മെക്സിക്കൻ ബാർക് കപ്പൽ
[10-ാം പേജിലെ ചിത്രം]
സമുദ്രത്തിനടിയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെട്ട മനോഹരിയായ “ഏറ്റ്വോൾ മോളെൻ”
[കടപ്പാട്]
© GAUTHIER MARINES/ Photo Jo Gauthier
[10-ാം പേജിലെ ചിത്രം]
1855-ലെ റൂവാൻ തുറമുഖത്തിന്റെ ഒരു പെയിന്റിങ്—അന്ന് സേയ്ൻ നദിയിലൂടെ പായ്ക്കപ്പലുകൾ പ്രയാണം ചെയ്തിരുന്നു
[കടപ്പാട്]
Charles-Louis Mozin, Port de Rouen, vue générale © Rouen, Musée des Beaux-Arts
[11-ാം പേജിലെ ചിത്രം]
റൂവാൻ, “നൂറു പള്ളിഗോപുരങ്ങളുള്ള നഗരം” പായ്മരങ്ങളുടെ ഒരു വനമായിത്തീർന്നു
[കടപ്പാട്]
© GAUTHIER MARINES/ Photo Jo Gauthier