ലാക്ടോസ്-ദഹനക്കേടുള്ള ആളാണോ നിങ്ങൾ?
ലാക്ടോസ്-ദഹനക്കേടുള്ള ആളാണോ നിങ്ങൾ?
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
“ഞാനും ഭർത്താവും മെക്സിക്കോയിലെ പ്വെബ്ലയിലുള്ള ഏതാനും സുഹൃത്തുക്കളെ സന്ദർശിക്കുകയായിരുന്നു. അവർക്കു കറവപ്പശുക്കൾ ഉണ്ടായിരുന്നതുകൊണ്ട്, രാവിലത്തെയും വൈകുന്നേരത്തെയും ഭക്ഷണത്തോടൊപ്പം ഞങ്ങൾക്കു പാലും നൽകി.
“അന്ന് രാത്രി ഞങ്ങൾക്കു വയറ്റിൽ അസ്വാസ്ഥ്യം തോന്നി, പിറ്റേന്ന് സ്ഥിതി വളരെ മോശമായി. വല്ലാതെ കമ്പിച്ച എന്റെ വയറ് കണ്ടാൽ, ഏതാണ്ട് മാസം തികയാറായതുപോലെ തോന്നിയിരുന്നു. ഞങ്ങൾക്കു രണ്ടുപേർക്കും കലശലായ വയറിളക്കവും തുടങ്ങി.
“ഞങ്ങൾക്ക് ലാക്ടോസിനെ ദഹിപ്പിക്കാനുള്ള കഴിവ് കുറവാണെന്ന കാര്യം വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾ മനസ്സിലാക്കിയത്.”—ബെർത്ത.
ബെർത്തയുടേത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. ലോകത്തിലെ മുതിർന്നവരിൽ 75 ശതമാനത്തോളം ആളുകളും ഈ പ്രശ്നത്തിന്റെ ലക്ഷണങ്ങളിൽ ചിലതോ അല്ലെങ്കിൽ മുഴുവനുമോ അനുഭവിക്കുന്നുണ്ടാകാമെന്നു ചിലർ കണക്കാക്കുന്നു. a എന്താണ് ഈ അവസ്ഥ? അതിനു കാരണമെന്താണ്? ഏറ്റവും പ്രധാനമായി, ഈ പ്രശ്നവുമായി എങ്ങനെ പൊരുത്തപ്പെട്ടു പോകാൻ സാധിക്കും?
പാലിലെ പ്രധാന പഞ്ചസാരയായ ലാക്ടോസിനെ ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവു കുറവിനെയാണ് ലാക്ടോസ്-ദഹനക്കേട് എന്നു പറയുന്നത്. ലാക്ടോസ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടണമെങ്കിൽ, അത് ഗ്ലൂക്കോസും ഗാലക്ടോസുമായി വിഘടിക്കപ്പെടണം. ഇതു നടക്കണമെങ്കിൽ, ലാക്ടേസ് എന്ന എൻസൈം ആവശ്യമാണ്. എന്നാൽ, ശൈശവം കഴിയുന്നതോടെ ശരീരം ഉത്പാദിപ്പിക്കുന്ന ലാക്ടേസിന്റെ അളവ് വളരെ കുറയുന്നു എന്നതാണു പ്രശ്നം. അങ്ങനെ വേണ്ടത്ര ലാക്ടേസ് ഇല്ലാത്തതു നിമിത്തം മുതിർന്നവരായ അനേകർക്കും ലാക്ടോസിനെ ദഹിപ്പിക്കാൻ ബുദ്ധിമുട്ടു നേരിടുന്നു.
ഒരു വ്യക്തി അയാളുടെ ശരീരത്തിനു ദഹിപ്പിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ ലാക്ടോസ് പാലിലൂടെയും പാലുത്പന്നങ്ങളിലൂടെയും കഴിക്കുമ്പോൾ, കുടലിലെ ബാക്ടീരിയ അതിനെ ലാക്ടിക് അമ്ലവും കാർബൺഡയോക്സൈഡുമാക്കി മാറ്റുന്നു. വെറും 30 മിനിട്ടിനുള്ളിൽ, മനംപിരട്ടൽ, വയറ്റിൽ കുത്തുന്ന വേദന, വയറുകമ്പിക്കൽ, അതിസാരം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. തങ്ങൾക്ക് ലാക്ടോസ് ദഹിപ്പിക്കാനുള്ള കഴിവ് കുറവാണെന്നു മനസ്സിലാക്കാത്തവർ, കൂടുതൽ പാൽ കുടിച്ച് വയറിന്റെ പ്രശ്നങ്ങൾ ശമിപ്പിക്കാൻ ശ്രമിച്ചേക്കാം, അങ്ങനെ സാഹചര്യം കൂടുതൽ വഷളാകുന്നു.
ലാക്ടോസിനെ ദഹിപ്പിക്കാനുള്ള കഴിവ് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലർക്ക് ഒരു അൽപ്പം പാൽ കുടിച്ചാൽ പ്രശ്നമൊന്നും ഉണ്ടാകില്ല. മറ്റുചിലർക്കാണെങ്കിൽ അതുപോലും പ്രശ്നം സൃഷ്ടിച്ചേക്കാം. നിങ്ങൾക്ക് എന്തുമാത്രം ദഹിപ്പിക്കാൻ കഴിയുമെന്നു
കണ്ടുപിടിക്കുന്നതിന്, തുടക്കത്തിൽ ഒരു അൽപ്പം പാൽ കുടിക്കാൻ ചിലർ നിർദേശിക്കുന്നു. പിന്നെ പതുക്കെപ്പതുക്കെ നിങ്ങൾ കുടിക്കുന്ന പാലിന്റെ അളവ് വർധിപ്പിച്ചുകൊണ്ടുവരിക. ലാക്ടോസ്-ദഹനക്കേടിന്റെ ലക്ഷണങ്ങൾ അസ്വാസ്ഥ്യജനകമാണെങ്കിലും, അപൂർവമായി മാത്രമേ അവ അപകടകരമായിത്തീരുകയുള്ളൂ എന്ന വസ്തുത ഈ അവസരത്തിൽ ഓർത്തിരിക്കുക.കഴിക്കാവുന്നവയും കഴിക്കാൻ പാടില്ലാത്തവയും
നിങ്ങൾക്ക് ലാക്ടോസിനെ ദഹിപ്പിക്കാനുള്ള കഴിവ് കുറവുണ്ടെങ്കിൽ, നിങ്ങൾക്ക് എന്തൊക്കെ കഴിക്കാമെന്നും എന്തൊക്കെ കഴിക്കാൻ പാടില്ലെന്നും നിശ്ചയപ്പെടുത്തണം. അതു കൂടുതലും ലാക്ടോസിനെ ദഹിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും. ലാക്ടോസ് അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർഥങ്ങളാണ് പാൽ, ഐസ്ക്രീം, തൈര്, വെണ്ണ, പാൽക്കട്ടി എന്നിവ. കേക്കുകൾ, ധാന്യങ്ങൾ, സാലഡിൽ രുചിവർധകമായി ചേർക്കുന്ന കൂട്ട് എന്നിവയിലും ലാക്ടോസ് കണ്ടേക്കാം. അതുകൊണ്ട്, ഈ പ്രശ്നമുള്ളവർ ഇത്തരം ഉത്പന്നങ്ങളുടെ ന്യുട്രിഷൻ ലേബൽ പരിശോധിച്ചുനോക്കണം.
പാലിൽ നിന്നാണ് നമുക്കു മുഖ്യമായും കാൽസ്യം ലഭിക്കുന്നത്. കാൽസ്യം കുറഞ്ഞുപോയാൽ അസ്ഥിദ്രവീകരണം ബാധിച്ചേക്കാം. അതുകൊണ്ട്, ലാക്ടോസിനെ ദഹിപ്പിക്കാനുള്ള കഴിവു കുറവുള്ളവർ കാൽസ്യം ലഭിക്കാനായി മറ്റു മാർഗങ്ങൾ തേടേണ്ടതാണ്. ബ്രോക്കൊലി, കാബേജ്, വശളച്ചീര എന്നിങ്ങനെയുള്ള ചില പച്ചക്കറികളിലും ബദാം, എള്ള്, കട്ടികുറഞ്ഞ മുള്ളുള്ള മത്തി, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.
നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടെങ്കിൽപോലും, പാലും പാലുത്പന്നങ്ങളും അപ്പാടെ ഉപേക്ഷിക്കേണ്ടതില്ലായിരിക്കാം. പകരം, എന്തുമാത്രം ദഹിപ്പിക്കാനാകുമെന്നു കണ്ടുപിടിക്കുക, എന്നിട്ട് ആ അളവിലും ഒട്ടും കൂടുതൽ കഴിക്കാതിരിക്കുക. സാധ്യമാകുമ്പോഴൊക്കെ, ലാക്ടോസ് അടങ്ങുന്ന ഭക്ഷണ പദാർഥങ്ങളുടെ കൂടെ മറ്റ് ആഹാര പദാർഥങ്ങളും ഉൾപ്പെടുത്തുക. പഴക്കമുള്ള പാൽക്കട്ടികളിൽ ലാക്ടോസിന്റെ അളവ് കുറവാണ്. അതുകൊണ്ട് അതു പ്രശ്നം ഉണ്ടാക്കാനിടയില്ല. തൈരിന്റെ കാര്യമോ? ഏതാണ്ട് പാലിൽ ഉള്ള അത്രയും തന്നെ ലാക്ടോസ് ഇതിലും ഉണ്ട്. എങ്കിലും, ലാക്ടോസിനെ ദഹിപ്പിക്കാനുള്ള കഴിവ് കുറവുള്ള ചിലർക്ക് ഇതിനെ എളുപ്പം ദഹിപ്പിക്കാൻ കഴിയും. എന്തുകൊണ്ട്? കാരണം, തൈരിൽ ലാക്ടേസിനെ സംശ്ലേഷിപ്പിക്കുന്ന സൂക്ഷ്മജീവികളുണ്ട്. ഇത് ലാക്ടോസിനെ ദഹിപ്പിക്കാൻ സഹായിക്കുന്നു.
നിങ്ങൾക്ക് ഈ പ്രശ്നം ഉണ്ടെങ്കിൽ വിഷമിക്കേണ്ടതില്ല. നാം കണ്ടതുപോലെ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് അതുമായി പൊരുത്തപ്പെട്ടു പോകാൻ നിങ്ങളെ സഹായിക്കും. താഴെ പറയുന്ന കാര്യങ്ങൾ മനസ്സിൽ പിടിക്കുക:
(1) നിങ്ങൾക്ക് എന്തുമാത്രം ലാക്ടോസ് ദഹിപ്പിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ മറ്റു ഭക്ഷണത്തോടൊപ്പം പാലും പാലുത്പന്നങ്ങളും ചെറിയ തോതിൽ കഴിക്കുക.
(2) തൈരും പഴക്കമുള്ള പാൽക്കട്ടികളും കഴിക്കുക. അവ സാധാരണഗതിയിൽ എളുപ്പം ദഹിക്കും.
(3) ലാക്ടോസ് ഇല്ലാത്തതോ ലാക്ടേസ് ഉള്ളതോ ആയ ഉത്പന്നങ്ങൾ ലഭ്യമാണെങ്കിൽ അവ ഉപയോഗപ്പെടുത്തുക.
ഈ നിർദേശങ്ങൾ പിൻപറ്റുന്നെങ്കിൽ നിങ്ങൾക്ക് ഈ പ്രശ്നവുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയും.
[അടിക്കുറിപ്പ്]
a ഈ പ്രശ്നം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഏഷ്യക്കാരുടെ ഇടയിലാണ്. ഏറ്റവും കുറവ് വടക്കൻ യൂറോപ്യൻ വംശജരുടെ ഇടയിലും.