വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനക്കൊണ്ടകൾ—അവ ചില രഹസ്യങ്ങൾ ‘പൊഴിക്കു’ന്നുവോ?

അനക്കൊണ്ടകൾ—അവ ചില രഹസ്യങ്ങൾ ‘പൊഴിക്കു’ന്നുവോ?

അനക്കൊ​ണ്ടകൾ—അവ ചില രഹസ്യങ്ങൾ ‘പൊഴി​ക്കു’ന്നുവോ?

ഉണരുക! സ്റ്റാഫ്‌ ലേഖകൻ

നിങ്ങളു​ടെ കാര്യ​ത്തിൽ എങ്ങനെ​യാ​ണെന്ന്‌ അറിയില്ല. പക്ഷേ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം, വലിയ പാമ്പുകൾ എന്നും എനി​ക്കൊ​രു കൗതു​ക​മാ​യി​രു​ന്നി​ട്ടുണ്ട്‌. ഇത്ര​യേറെ എന്നെ ആകർഷി​ച്ചി​ട്ടുള്ള ജീവികൾ അധിക​മി​ല്ലെ​ന്നു​തന്നെ പറയാം. വലിയ പാമ്പുകൾ എന്നു പറഞ്ഞ​പ്പോൾ ഞാൻ ഉദ്ദേശി​ച്ചത്‌ അനക്കൊ​ണ്ട​ക​ളെ​യാ​ണു കേട്ടോ, ബോയി​ഡേ എന്ന ജന്തുകു​ല​ത്തിൽപ്പെട്ടവ. അസാധാ​രണ വലിപ്പ​മുള്ള ഈ ജീവി​കളെ കുറിച്ച്‌ അടുത്ത​കാ​ലം വരെ അധിക​മൊ​ന്നും അറിയി​ല്ലാ​യി​രു​ന്നു എന്നതു വിചി​ത്രം തന്നെയാണ്‌.

1992-ൽ, ജീവശാ​സ്‌ത്ര​ജ്ഞ​നായ ചേസൂസ്‌ എ. റീബാ​സും ന്യൂ​യോർക്ക്‌ ആസ്ഥാന​മാ​യി പ്രവർത്തി​ക്കുന്ന വന്യജീ​വി സംരക്ഷണ സൊ​സൈ​റ്റി​യി​ലെ ഗവേഷ​ക​രും ചേർന്ന്‌ ഈ ഭീമാ​കാര ജന്തുക്കളെ കുറി​ച്ചുള്ള പഠനം ആരംഭി​ച്ചു. a അനക്കൊ​ണ്ട​കളെ അവയുടെ സ്വാഭാ​വിക ചുറ്റു​പാ​ടു​ക​ളിൽ വെച്ച്‌ പഠിക്കു​ന്നത്‌ ഇതാദ്യ​മാ​യി​ട്ടാ​യി​രു​ന്നു. വെനെ​സ്വേ​ല​യി​ലെ ഒരു ചതുപ്പു പ്രദേ​ശത്ത്‌ നടത്തിയ ആറു കൊല്ലം നീണ്ടു​നിന്ന ഈ പഠനം പുതിയ ചില വസ്‌തു​തകൾ വെളി​ച്ചത്തു കൊണ്ടു​വ​ന്ന​താ​യി വായി​ച്ച​പ്പോൾ അവ എന്തൊ​ക്കെ​യാ​യി​രി​ക്കും എന്നു ഞാൻ ചിന്തിച്ചു. എന്തായാ​ലും ഇന്നു ഞാൻ അതു കണ്ടുപി​ടി​ക്കാൻ പോകു​ക​യാണ്‌.

പേരു​ക​ളും ഇനങ്ങളും

നേരം ഉച്ചകഴി​ഞ്ഞി​രി​ക്കു​ന്നു. ബ്രുക്ലി​നി​ലുള്ള ഓഫീ​സിൽനിന്ന്‌ ഞാൻ ഇറങ്ങി. ന്യൂ​യോർക്ക്‌ നഗരത്തി​ലുള്ള ബ്രോ​ങ്‌സ്‌ ജന്തുശാ​സ്‌ത്ര പാർക്കി​ലെ വന്യജീ​വി സംരക്ഷണ സൊ​സൈ​റ്റി​യു​ടെ ആസ്ഥാന​മാ​ണു ലക്ഷ്യം. അനക്കൊ​ണ്ടയെ കുറി​ച്ചുള്ള ചില വസ്‌തു​തകൾ അറിയു​ന്ന​തി​നു വേണ്ടി ഞാൻ വേണ്ടു​വോ​ളം ഗവേഷണം ചെയ്‌തി​രു​ന്നു.

അനക്കൊണ്ട തെക്കേ അമേരി​ക്കൻ സ്വദേ​ശി​യാണ്‌. എന്നാൽ വിചി​ത്ര​മെന്നു പറയട്ടെ, അതിന്‌ ആ പേരു ലഭിച്ചത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ അതിന്റെ സ്വദേ​ശത്തു നിന്നല്ല, മറിച്ച്‌ വളരെ അകലെ​യുള്ള എവി​ടെ​നി​ന്നോ ആണ്‌. “ആന” എന്നർഥ​മുള്ള യാനൈ, “കൊല​യാ​ളി“ എന്നർഥ​മുള്ള കൊൽറാ എന്നീ തമിഴ്‌ പദങ്ങളിൽനി​ന്നാണ്‌ ആ പേരിന്റെ ഉത്ഭവം എന്ന്‌ ചിലർ പറയുന്നു. സിംഹ​ള​ഭാ​ഷ​യി​ലെ ഹെന്നകാ​ഥയാ (ഹെന്ന എന്നു പറഞ്ഞാൽ “മിന്നൽ” എന്നും കാഥ എന്നു പറഞ്ഞാൽ “കാണ്ഡം” എന്നുമാണ്‌ അർഥം) എന്ന പദത്തിൽനി​ന്നാണ്‌ അതിന്റെ ഉത്ഭവം എന്നാണു മറ്റു ചിലരു​ടെ മതം. സാധ്യ​ത​യ​നു​സ​രിച്ച്‌ ആ സിംഹള പദം—ശ്രീല​ങ്ക​യിൽ ആദ്യകാ​ലത്ത്‌ പെരു​മ്പാ​മ്പി​നെ കുറി​ക്കാ​നാണ്‌ അത്‌ ഉപയോഗിച്ചിരുന്നത്‌—ഏഷ്യയിൽ നിന്നെ​ത്തിയ പോർച്ചു​ഗീസ്‌ വ്യാപാ​രി​കൾ തെക്കേ അമേരി​ക്ക​യ്‌ക്കു പരിച​യ​പ്പെ​ടു​ത്തി​യ​താ​യി​രി​ക്കാം.

അനക്കൊ​ണ്ട​യെ തെറ്റായി വർണി​ക്കുന്ന പേരു​ക​ളു​ടെ കാര്യം പറഞ്ഞു​വ​രു​മ്പോൾ അതിന്റെ ഔദ്യോ​ഗിക നാമമായ യൂനെ​ക്‌റ്റസ്‌ മൂരി​നസ്‌ പോലും അതിനു പൂർണ​മാ​യി യോജി​ക്കു​ന്നില്ല എന്നു പറയേ​ണ്ടി​യി​രി​ക്കു​ന്നു. യൂനെ​ക്‌റ്റസ്‌ എന്നതിന്റെ അർഥം “നല്ലൊരു നീന്തൽക്കാ​രൻ” എന്നാണ്‌, അത്‌ അനക്കൊ​ണ്ട​യ്‌ക്കു യോജി​ക്കു​ക​യും ചെയ്യും. എന്നാൽ മൂരി​നസ്‌ എന്നതിന്റെ അർഥം “ചുണ്ടെ​ലി​യു​ടെ നിറമു​ള്ളത്‌” എന്നാണ്‌. തവിട്ടു-പച്ച നിറത്തി​ലുള്ള ത്വക്കോ​ടു​കൂ​ടിയ ഒരു പാമ്പിന്‌ ഈ പേര്‌ “അത്ര യോജി​ക്കു​മെന്നു തോന്നു​ന്നില്ല” എന്ന്‌ ഒരു പരാമർശ കൃതി പറയുന്നു.

അനക്കൊ​ണ്ട​ക​ളെ കുറി​ച്ചുള്ള പുസ്‌ത​ക​ങ്ങ​ളും മറ്റും സാധാ​ര​ണ​ഗ​തി​യിൽ ഇവയുടെ രണ്ട്‌ ഇനങ്ങളെ കുറി​ച്ചാ​ണു പരാമർശി​ക്കാറ്‌. ഈ ലേഖന​ത്തി​ലെ കഥാപാ​ത്ര​മായ പച്ച അനക്കൊണ്ട അഥവാ വാട്ടർ ബോവ ആണ്‌ അതി​ലൊന്ന്‌. ആമസോ​ണി​ലെ​യും ഓറി​നോ​കോ നദീത​ട​ങ്ങ​ളി​ലെ​യും ചതുപ്പു​നി​ല​ങ്ങ​ളി​ലും ഗയാനാ പ്രദേ​ശ​ങ്ങ​ളി​ലും ആണ്‌ ഇതിനെ മുഖ്യ​മാ​യും കണ്ടുവ​രു​ന്നത്‌. അതി​നെ​ക്കാൾ വലിപ്പം കുറഞ്ഞ മഞ്ഞ അനക്കൊണ്ട (യൂനെ​ക്‌റ്റസ്‌ നൊട്ടാ​യി​യുസ്‌) ആണ്‌ മറ്റേത്‌. പരാഗ്വേ, തെക്കൻ ബ്രസീൽ, വടക്കൻ അർജന്റീന എന്നിവി​ട​ങ്ങ​ളി​ലാണ്‌ അതിന്റെ വാസം.

വിദഗ്‌ധ​നായ ഒരു വഴികാ​ട്ടി

അങ്ങനെ ഞാനി​പ്പോൾ ബ്രോ​ങ്‌സ്‌ ജന്തുശാ​സ്‌ത്ര പാർക്കിൽ എത്തിയി​രി​ക്കു​ക​യാണ്‌. 265 ഏക്കർ വ്യാപി​ച്ചു കിടക്കുന്ന വൃക്ഷനി​ബി​ഡ​മായ ഈ വന്യജീ​വി പാർക്ക്‌ 4,000-ത്തിലധി​കം ജന്തുക്ക​ളു​ടെ വാസസ്ഥാ​ന​മാണ്‌. ഒരു ഡസനോ​ളം വരുന്ന അനക്കൊ​ണ്ട​ക​ളും ഈ പാർക്കി​ലെ അന്തേവാ​സി​ക​ളാണ്‌. മൂക്കത്ത്‌ കണ്ണടയും ചുണ്ടിൽ പുഞ്ചി​രി​യു​മാ​യി, കാക്കി വസ്‌ത്രം​ധ​രിച്ച വില്യം ഹോൽമ്‌സ്‌​ട്രോം എന്നെയും കാത്ത്‌ എന്നവണ്ണം പാർക്കി​ന്റെ പ്രവേശന കവാട​ത്തിൽത്തന്നെ നിൽപ്പുണ്ട്‌. അമ്പത്തൊ​ന്നു വയസ്സുള്ള, ന്യൂ​യോർക്കു​കാ​ര​നായ അദ്ദേഹം വന്യജീ​വി സംരക്ഷണ സൊ​സൈ​റ്റി​യി​ലെ ഹെർപെ​റ്റോ​ളജി (ഇഴജന്തു​ശാ​സ്‌ത്രം) വിഭാ​ഗ​ത്തി​ലാ​ണു പ്രവർത്തി​ക്കു​ന്നത്‌. വെനെ​സ്വേ​ല​യിൽ വെച്ച്‌ അനക്കൊ​ണ്ട​കളെ കുറിച്ചു നടത്തിയ ആ പഠനത്തിൽ അദ്ദേഹ​വും പങ്കെടു​ത്തി​രു​ന്നു. അനക്കൊണ്ട കുടും​ബ​ത്തിൽ മൂന്നാ​മ​തൊ​രു ഇനവും (യൂനെ​ക്‌റ്റസ്‌ ഡെസ്‌ചൗ​വെൻസീ​യി) കൂടി ഉള്ളതായി ശാസ്‌ത്രജ്ഞർ ഇപ്പോൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു​വെന്ന്‌ അദ്ദേഹം പറഞ്ഞു, വടക്കു കിഴക്കൻ ബ്രസീ​ലി​ലും ഫ്രഞ്ച്‌ ഗയാന​യു​ടെ തീര​ദേ​ശ​ത്തും ആണ്‌ അതിനെ കണ്ടുവ​രു​ന്നത്‌. b വിദഗ്‌ധ​നായ ശ്രീ. ഹോൽമ്‌സ്‌​ട്രോം ആണ്‌ ഇന്നത്തെ എന്റെ വഴികാ​ട്ടി. അദ്ദേഹ​മാണ്‌ ജന്തുശാ​സ്‌ത്ര പാർക്കി​ലെ ഇഴജന്തു-വിഭാ​ഗ​ത്തി​ന്റെ ചുമതല വഹിക്കു​ന്നത്‌.

പൂഡിൽനാ​യ​യെ​യോ പാരക്കീ​റ്റി​നെ​യോ ഒക്കെ ആളുകൾ ഇഷ്ടപ്പെ​ടു​ന്ന​തു​പോ​ലെ​യാണ്‌ എന്റെ ഗൈഡ്‌ പാമ്പു​കളെ ഇഷ്ടപ്പെ​ടു​ന്നത്‌ എന്ന്‌ എനിക്കു പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​യി. താനൊ​രു കുട്ടി​യാ​യി​രു​ന്ന​പ്പോൾ വീട്ടിൽ സലമാൻഡ​റു​ക​ളെ​യും തവളക​ളെ​യും ഒക്കെ മാതാ​പി​താ​ക്കൾ വളർത്തി​യി​രുന്ന കാര്യം അദ്ദേഹം എന്നോടു പറഞ്ഞു. “അച്ഛന്‌ അവയെ ഇഷ്ടമാ​യി​രു​ന്നു. അമ്മയ്‌ക്ക്‌ ഇഷ്ടമി​ല്ലാ​യി​രു​ന്നെ​ങ്കി​ലും എതി​രൊ​ന്നും പറഞ്ഞി​രു​ന്നില്ല.” ശ്രീ. ഹോൽമ്‌സ്‌​ട്രോ​മിന്‌ അച്ഛന്റെ അതേ അഭിരു​ചി തന്നെയാ​ണു​ള്ളത്‌ എന്ന്‌ എടുത്തു പറയേ​ണ്ട​തി​ല്ല​ല്ലോ.

അമ്പരപ്പി​ക്കുന്ന വലിപ്പ​വും വലിപ്പ​വ്യ​ത്യാ​സ​വും

ഇഴജന്തു​ക്കളെ സൂക്ഷി​ച്ചി​രി​ക്കുന്ന, നൂറു വർഷം പഴക്കമുള്ള കെട്ടി​ട​ത്തി​ന​കത്തു കയറിയ ഞങ്ങൾ ഒരു അനക്കൊ​ണ്ടയെ ഇട്ടിരി​ക്കുന്ന കൂടിനു മുന്നി​ലാ​യി നിലയു​റ​പ്പി​ച്ചു. അനക്കൊണ്ട ഒരു ഭീമാ​കാര ജീവി​യാണ്‌ എന്ന്‌ അറിയാ​മാ​യി​രു​ന്നെ​ങ്കി​ലും അതിനെ നേരിൽ കണ്ടപ്പോൾ എനിക്ക്‌ ആശ്ചര്യം അടക്കാ​നാ​യില്ല. അതിന്റെ ആ വലിപ്പ​വും ശരീര​ഘ​ട​ന​യി​ലെ അസാധാ​ര​ണ​ത്വ​വു​മൊ​ക്കെ എന്നെ കുറ​ച്ചൊ​ന്നു​മല്ല അത്ഭുത​പ്പെ​ടു​ത്തി​യത്‌. മനുഷ്യ​ന്റെ കൈപ്പ​ത്തി​യെ​ക്കാൾ വലിയ അതിന്റെ പരന്ന തല ശരീര​വു​മാ​യുള്ള താരത​മ്യ​ത്തിൽ ചെറു​താണ്‌. അത്‌ 5 മീറ്റർ നീളവും 80 കിലോ​ഗ്രാ​മോ​ളം തൂക്കവു​മുള്ള ഒരു പെൺ അനക്കൊ​ണ്ട​യാ​ണെന്ന്‌ ഗൈഡ്‌ എനിക്കു പറഞ്ഞു​തന്നു. അവളുടെ ശരീര​ത്തിന്‌ ഏകദേശം ഒരു ടെലി​ഫോൺ പോസ്റ്റി​ന്റെ അത്രയും വണ്ണമു​ണ്ടെ​ങ്കി​ലും ലോക റെക്കോർഡ്‌ ഉടമയായ അനക്കൊ​ണ്ട​യു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ അവൾ ഒന്നുമില്ല. 1960-ൽ പിടി​കൂ​ടിയ, കൊഴു​ത്തു​രുണ്ട ഈ സുന്ദരി​യു​ടെ തൂക്കം കേൾക്ക​ണോ, ഏകദേശം 227 കിലോ​ഗ്രാം!

പെൺ വർഗത്തി​ന്റെ അത്രയും വലിപ്പം വെക്കു​ന്ന​തി​നെ കുറിച്ച്‌ ആൺ അനക്കൊ​ണ്ട​കൾക്കു സ്വപ്‌നം കാണാൻ കൂടി കഴിയില്ല. ആൺ അനക്കൊ​ണ്ട​കൾക്ക്‌ പെൺ അനക്കൊ​ണ്ട​ക​ളെ​ക്കാൾ വലിപ്പം കുറവാ​ണെന്ന കാര്യം ഇഴജന്തു​ശാ​സ്‌ത്ര​ജ്ഞ​ന്മാർക്കു നേര​ത്തെ​തന്നെ അറിയാ​മാ​യി​രു​ന്നു. എങ്കിലും, പെൺ അനക്കൊ​ണ്ട​ക​ളു​ടെ കൊച്ചു പതിപ്പു​ക​ളാ​ണെന്നു തോന്നു​മാറ്‌ അത്രയ്‌ക്കു ചെറു​താണ്‌ അവ എന്ന യാഥാർഥ്യം വെളി​ച്ചത്തു കൊണ്ടു​വ​ന്നത്‌ വെനെ​സ്വേ​ല​യിൽ നടത്തിയ പഠനമാണ്‌. ആൺ വർഗത്തിന്‌ സാധാ​ര​ണ​ഗ​തി​യിൽ പെൺ വർഗത്തി​ന്റെ അഞ്ചി​ലൊ​ന്നു വലിപ്പമേ ഉള്ളൂ എന്ന്‌ ആ പഠനം വെളി​പ്പെ​ടു​ത്തി. ഇരു വർഗത്തി​ന്റെ​യും വലിപ്പ​ത്തി​ലുള്ള ശ്രദ്ധേ​യ​മായ ഈ വ്യത്യാ​സം തെറ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താണ്‌ എന്ന്‌ ജീവശാ​സ്‌ത്ര​ജ്ഞ​നായ ചേസൂസ്‌ റീബാസ്‌ കണ്ടെത്തി. അദ്ദേഹം ഒരു അനക്കൊണ്ട കുഞ്ഞിനെ ഓമനി​ച്ചു വളർത്തി​യി​രു​ന്നു. എന്നാൽ ആ ‘ഇത്തിരി​ക്കു​ഞ്ഞൻ’ തന്നെ എപ്പോ​ഴും കടിക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അദ്ദേഹം അതിശ​യി​ച്ചി​രു​ന്നു. എന്നാൽ വെനെ​സ്വേ​ല​യിൽ വെച്ച്‌ നടത്തിയ പഠനത്തിന്‌ ഇടയ്‌ക്കാണ്‌ അദ്ദേഹം അതു തിരി​ച്ച​റി​ഞ്ഞത്‌—താൻ ഇത്രയും നാൾ ഓമനി​ച്ചു​കൊ​ണ്ടി​രുന്ന ആ ‘ഇത്തിരി​ക്കു​ഞ്ഞൻ’ വാസ്‌ത​വ​ത്തിൽ പൂർണ​വ​ളർച്ച​യെ​ത്തിയ ഒരു ആൺ അനക്കൊ​ണ്ട​യാ​ണെന്ന്‌! അദ്ദേഹം തൊടു​ന്നത്‌ അതിനെ അസഹ്യ​പ്പെ​ടു​ത്തി​യി​രി​ക്കണം.

ജീവ​നോ​ടെ പിടി​ച്ചു​കൊ​ടു​ത്താൽ തക്ക പ്രതി​ഫലം . . .

അനക്കൊ​ണ്ട​കളെ കാണു​മ്പോൾ ആദ്യം ശ്രദ്ധയിൽ പെടു​ന്നത്‌ അവയുടെ വണ്ണമാ​ണെ​ങ്കി​ലും, അതു​പോ​ലെ​തന്നെ ആരെയും അത്ഭുത​പ്പെ​ടു​ത്തു​ന്ന​താണ്‌ അവയുടെ നീളവും. ഹോളി​വുഡ്‌ സിനി​മ​ക​ളിൽ കാണു​ന്നത്ര നീള​മൊ​ന്നും അനക്കൊ​ണ്ട​കൾക്കി​ല്ലെ​ങ്കി​ലും അവയ്‌ക്ക്‌ ഉള്ള നീളം മതി ആരെയും ഭയപ്പെ​ടു​ത്താൻ—ഒരു ചിത്ര​ത്തിൽ അതിനെ 12 മീറ്റർ നീളമു​ള്ള​താ​യാ​ണു ചിത്രീ​ക​രി​ച്ച​തെ​ങ്കി​ലും അങ്ങേയറ്റം പോയാൽ അവയ്‌ക്ക്‌ ഏതാണ്ട്‌ 9 മീറ്റർ നീളം ഒക്കെയേ വരാറു​ള്ളൂ.

അത്രയും നീളമുള്ള അനക്കൊ​ണ്ടകൾ പക്ഷേ വിരലിൽ എണ്ണാൻ മാത്ര​മേ​യു​ള്ളൂ. വെനെ​സ്വേ​ല​യി​ലെ പഠനത്തി​നി​ട​യ്‌ക്കു പിടി​കൂ​ടിയ ഏറ്റവും വലിയ അനക്കൊ​ണ്ട​കൾക്ക്‌ ഏതാണ്ട്‌ 5 മീറ്റർ നീളവും 90 കിലോ തൂക്കവും ആണ്‌ ഉണ്ടായി​രു​ന്നത്‌. 9 മീറ്ററി​ല​ധി​കം നീളമുള്ള ഒരു പാമ്പിനെ ജീവ​നോ​ടെ പിടി​ച്ചു​കൊ​ടു​ക്കു​ന്ന​വർക്ക്‌ ന്യൂ​യോർക്ക്‌ ജന്തുശാ​സ്‌ത്ര സൊ​സൈറ്റി (വന്യജീ​വി സംരക്ഷണ സൊ​സൈ​റ്റി​യു​ടെ മുൻഗാ​മി) പ്രതി​ഫ​ല​മാ​യി ഏതാണ്ട്‌ 90 വർഷം മുമ്പ്‌ 1,000 ഡോളർ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. എന്നാൽ ഇന്നുവരെ ആർക്കും അതു കൈപ്പ​റ്റാ​നാ​യി​ട്ടില്ല. കാരണം അത്രയ്‌ക്കു ബുദ്ധി​മു​ട്ടാണ്‌ വലിപ്പം കൂടിയ അനക്കൊ​ണ്ട​കളെ കണ്ടെത്താൻ. “പ്രതി​ഫലം അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ തെക്കേ അമേരി​ക്ക​യിൽനിന്ന്‌ വർഷത്തിൽ രണ്ടോ മൂന്നോ ടെലി​ഫോൺ കോളു​കൾ ഞങ്ങൾക്കു ലഭിക്കാ​റുണ്ട്‌. എന്നാൽ, ഞങ്ങൾ അവിടം വരെ പോകു​ന്ന​തിൽ എന്തെങ്കി​ലും കാര്യ​മു​ണ്ടോ എന്നറി​യാ​നാ​യി പാമ്പിനെ പിടി​ച്ച​തി​നുള്ള തെളിവ്‌ അയച്ചു തരാൻ അവരോട്‌ ആവശ്യ​പ്പെ​ടു​മ്പോൾ പിന്നെ ഒരു അനക്കവു​മില്ല,” ശ്രീ. ഹോൽമ്‌സ്‌​ട്രോം പറയുന്നു. എന്നാൽ ഇപ്പോൾ 9 മീറ്ററി​ല​ധി​കം നീളമുള്ള അനക്കൊ​ണ്ടയെ പിടി​കൂ​ടു​ന്ന​വർക്കുള്ള പ്രതി​ഫലം 50,000 ഡോളർ ആണു കേട്ടോ!

ക്ലോസ്‌ അപ്പ്‌

ഗൈഡ്‌ എന്നെ ഇഴജന്തു​ക്കളെ സൂക്ഷി​ച്ചി​രി​ക്കുന്ന കെട്ടി​ട​ത്തി​ന്റെ രണ്ടാം നിലയി​ലേക്കു കൊണ്ടു​പോ​യി. അത്‌ ഇഴജന്തു​ക്ക​ളു​ടെ പ്രജനന സ്ഥലം കൂടി​യാണ്‌. ചൂടും ഈർപ്പ​വും ഉള്ള ഇടം. ശ്രീ. ഹോൽമ്‌സ്‌​ട്രോം ഒരു കൂടിന്റെ വാതിൽ തുറന്നു. പൊണ്ണ​ത്ത​ടി​ച്ചി​യായ ഒരു അനക്കൊ​ണ്ട​യാ​യി​രു​ന്നു അതിലെ താമസ​ക്കാ​രി.

ഇപ്പോൾ ഞങ്ങൾക്കും അനക്കൊ​ണ്ട​യ്‌ക്കും ഇടയി​ലുള്ള അകലം ഏകദേശം രണ്ടു മീറ്റർ മാത്ര​മാണ്‌. അനക്കൊണ്ട മെല്ലെ തല ഒന്ന്‌ ഉയർത്തി. അതാ, അതു ഞങ്ങൾ നിൽക്കു​ന്നി​ട​ത്തേക്ക്‌ തലനീ​ട്ടി​ക്കൊ​ണ്ടു വരുക​യാണ്‌. ഇപ്പോൾ അനക്കൊ​ണ്ട​യു​ടെ തലയും ഞങ്ങൾ നിൽക്കു​ന്നി​ട​വും തമ്മിൽ 1 മീറ്റർ അകല​മേ​യു​ള്ളൂ.

“പുറ​കോ​ട്ടു മാറു​ന്ന​താ​ണു ബുദ്ധി. അവൾ ഇരയ്‌ക്കു​വേണ്ടി തിരയു​ക​യാ​ണെന്നു തോന്നു​ന്നു,” ശ്രീ. ഹോൽമ്‌സ്‌​ട്രോ​മാ​ണതു പറയു​ന്നത്‌. അതു കേൾക്കേണ്ട താമസം ഞാൻ പിറ​കോ​ട്ടു മാറി. അദ്ദേഹം കൂടിന്റെ വാതിൽ അടച്ചു. അപ്പോൾ അനക്കൊണ്ട തല വലിക്കാൻ തുടങ്ങി. പിന്നെ സാവധാ​നം, സ്‌പ്രി​ങ്ങു പോലെ ചുരു​ട്ടി​വെ​ച്ചി​രി​ക്കുന്ന ഉടലിന്റെ ഏതാണ്ട്‌ മധ്യ ഭാഗത്താ​യി തല കൊണ്ടു​ചെന്നു വെച്ചു.

അനക്കൊ​ണ്ട​യു​ടെ ക്രൗര്യം നിഴലി​ക്കുന്ന, ആ തുറിച്ച നോട്ടത്തെ അവഗണി​ച്ചു​കൊണ്ട്‌ ചെമന്ന വരകളുള്ള അതിന്റെ തലയൊന്ന്‌ ശരിക്കു വീക്ഷി​ക്കു​ക​യാ​ണെ​ങ്കിൽ അതിന്‌ അത്ഭുത​ക​ര​മായ ഒട്ടേറെ സവി​ശേ​ഷ​തകൾ ഉണ്ടെന്നു നിങ്ങൾ കണ്ടെത്തും. ഉദാഹ​ര​ണ​ത്തിന്‌, അതിന്റെ തലയിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ കണ്ണുക​ളും നാസാ​ര​ന്ധ്ര​ങ്ങ​ളും ആണ്‌. ഇതുമൂ​ലം, അനക്കൊണ്ട വെള്ളത്തിൽ മുങ്ങി​ക്കി​ട​ക്കു​മ്പോൾ ചീങ്കണ്ണി​ക​ളു​ടേ​തു​പോ​ലെ അതിന്റെ കണ്ണുക​ളും നാസാ​ര​ന്ധ്ര​ങ്ങ​ളും മാത്രം ജലോ​പ​രി​ത​ല​ത്തിൽ ഉയർന്നു​നിൽക്കു​ന്നു. അങ്ങനെ അവയ്‌ക്ക്‌ ഇരയുടെ കണ്ണിൽ പെടാതെ അവയെ സമീപി​ക്കാൻ കഴിയു​ന്നു.

ഇരയെ അകത്താ​ക്കുന്ന വിധം

അനക്കൊ​ണ്ട​യ്‌ക്കു വിഷമില്ല. ചുറ്റി​വ​രി​ഞ്ഞാണ്‌ അത്‌ ഇരയെ കൊല്ലു​ന്നത്‌. അത്‌ ഇരയെ ഞെരിച്ചു പൊടി​യാ​ക്കു​ന്നില്ല. എന്നാൽ ഇര ഓരോ തവണ ശ്വാസം വിടു​മ്പോ​ഴും അത്‌ അതിന്റെ പിടി മുറു​ക്കു​ന്നു. ഇരയുടെ കാറ്റു പോകു​ന്നതു വരെ ഇതു തുടരു​ന്നു. താറാവു മുതൽ മാൻ വരെ കണ്ണിൽ കാണുന്ന എന്തി​നെ​യും അത്‌ അകത്താ​ക്കും. എന്നിരു​ന്നാ​ലും, അനക്കൊ​ണ്ടകൾ മനുഷ്യ​രെ പിടിച്ചു വിഴു​ങ്ങി​യ​താ​യുള്ള, ആശ്രയ​യോ​ഗ്യ​മായ റിപ്പോർട്ടു​കൾ അപൂർവ​മാ​യി മാത്രമേ ലഭിച്ചി​ട്ടു​ള്ളൂ.

പാമ്പു​കൾക്ക്‌ ആഹാരം ചവയ്‌ക്കാ​നോ കടിച്ചു​കീ​റാ​നോ കഴിയില്ല. അതു​കൊണ്ട്‌ ചത്ത ഇരയെ അപ്പാടെ വിഴു​ങ്ങു​ക​യ​ല്ലാ​തെ വേറെ നിവൃ​ത്തി​യൊ​ന്നു​മില്ല അനക്കൊ​ണ്ട​യ്‌ക്ക്‌, ഇര പാമ്പി​നെ​ക്കാൾ വളരെ​യേറെ വലുതാ​ണെ​ങ്കിൽപ്പോ​ലും. അനക്കൊണ്ട ആഹാരം അകത്താ​ക്കു​ന്ന​തു​പോ​ലെ നിങ്ങൾക്കു ചെയ്യാൻ കഴിയു​മെ​ങ്കിൽ ഒരു തേങ്ങ അപ്പാടെ വായ്‌ക്കു​ള്ളി​ലാ​ക്കി, ഒരു നിലക്കടല വിഴു​ങ്ങുന്ന ലാഘവ​ത്തോ​ടെ നിങ്ങൾക്ക്‌ അതു വിഴു​ങ്ങാൻ കഴിയും. അനക്കൊണ്ട ഇത്‌ എങ്ങനെ​യാ​ണു ചെയ്യു​ന്നത്‌?

“താടി​യെ​ല്ലി​ന്റെ ഇരുപ​കു​തി​ക​ളും മാറി മാറി ചലിപ്പി​ച്ചു​കൊ​ണ്ടാണ്‌ അത്‌ ഇരയെ അകത്താ​ക്കു​ന്നത്‌,” ശ്രീ. ഹോൽമ്‌സ്‌​ട്രോം പറയുന്നു. അനക്കൊ​ണ്ട​യു​ടെ താടി​യെ​ല്ലു​കൾ അതിന്റെ തലയു​മാ​യി അയഞ്ഞ രീതി​യി​ലാണ്‌ ബന്ധിപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌. തടിച്ചു​കൊ​ഴുത്ത ഇരയുടെ ശരീര​ത്തി​ലേക്ക്‌ പല്ലുകൾ ആഴ്‌ത്തു​ന്ന​തി​നു മുമ്പായി അതിന്റെ കീഴ്‌ത്താ​ടി​യെല്ല്‌ മേൽത്താ​ടി​യിൽനിന്ന്‌ അകലു​ക​യും വളരെ​യേറെ വികസി​ക്കു​ക​യും ചെയ്യുന്നു. അതിനു​ശേഷം അത്‌ കീഴ്‌ത്താ​ടി​യെ​ല്ലി​ന്റെ ഒരു പകുതി മുന്നോ​ട്ടു തള്ളി, അതിലെ പിന്നോ​ട്ടു തിരി​ഞ്ഞി​രി​ക്കുന്ന പല്ലുകൾ ഇരയുടെ ശരീര​ത്തിൽ കൊളു​ത്തു​ന്നു. എന്നിട്ട്‌ താടി​യെ​ല്ലി​ന്റെ ആ പകുതി​കൊണ്ട്‌ ഇരയെ ഉള്ളി​ലേക്കു വലിക്കു​ന്നു. അടുത്ത​താ​യി, കീഴ്‌ത്താ​ടി​യെ​ല്ലി​ന്റെ മറ്റേ പകുതി ഉപയോ​ഗിച്ച്‌ ഇതു തന്നെ ആവർത്തി​ക്കു​ന്നു. മേൽത്താ​ടി​യെ​ല്ലി​നും ഒരളവു​വരെ ഈ കൃത്യം നിർവ​ഹി​ക്കാൻ കഴിയും. ഇങ്ങനെ താടി​യെ​ല്ലി​ന്റെ പകുതി​കൾ മാറി മാറി മുന്നോ​ട്ടു ചലിക്കു​ന്നതു കണ്ടാൽ താടി​യെല്ല്‌ ഇരയുടെ ദേഹത്തു​കൂ​ടെ നടക്കു​ക​യാ​ണെന്നു തോന്നും. ഇരയെ വിഴു​ങ്ങി​യ​ശേഷം—ഇതിന്‌ മണിക്കൂ​റു​കൾ തന്നെ എടു​ത്തേ​ക്കാം—പാമ്പ്‌ ഏതാനും തവണ കോട്ടു​വാ​യി​ടു​ന്നു. അതോടെ, വഴക്കമുള്ള തലയുടെ വിവിധ ഭാഗങ്ങൾ പൂർവ​സ്ഥി​തി പ്രാപി​ക്കു​ന്നു.

ഇരയെ വിഴു​ങ്ങു​മ്പോൾ അനക്കൊ​ണ്ട​യ്‌ക്ക്‌ ശ്വാസം​മു​ട്ടാ​തി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? വായുടെ താഴത്തെ പ്രതല​ത്തിൽ സ്ഥിതി​ചെ​യ്യുന്ന, മുൻവ​ശ​ത്തേക്കു നീട്ടാ​വുന്ന ഒരു ശ്വാസ​നാ​ളി അതിനുണ്ട്‌. ആഹാരം വായ്‌ക്കു​ള്ളിൽ കടത്തു​ന്ന​തി​നി​ട​യ്‌ക്ക്‌ അനക്കൊണ്ട ആ ശ്വാസ​നാ​ളി പുറ​ത്തേക്കു നീട്ടുന്നു. ആഹാരം കഴിക്കു​ന്ന​തി​നി​ട​യ്‌ക്ക്‌ ശ്വാ​സോ​ച്ഛ്വാ​സം ചെയ്യാൻ ഈ ശ്വാസ​നാ​ളി അനക്കൊ​ണ്ടയെ സഹായി​ക്കു​ന്നു.

അനക്കൊ​ണ്ട​കളെ തമ്മിൽ എങ്ങനെ​യാ​ണു വേർതി​രി​ച്ച​റി​യാൻ കഴിയുക?

എന്റെ ഗൈഡ്‌ ഒരു കൂടിന്റെ മേൽമൂ​ടി എടുത്തു മാറ്റി. അതാ, രണ്ട്‌ അനക്കൊണ്ട കുഞ്ഞുങ്ങൾ. ആ കുഞ്ഞു​ങ്ങൾക്ക്‌ എന്തൊരു സമാന​ത​യാ​യി​രു​ന്നെ​ന്നോ! അവയെ കണ്ടപ്പോൾ, വെനെ​സ്വേ​ല​യിൽ നൂറു​ക​ണ​ക്കിന്‌ അനക്കൊ​ണ്ട​കളെ കുറിച്ച്‌ അവയുടെ സ്വാഭാ​വിക പരിസ്ഥി​തി​യിൽവെച്ചു പഠനം നടത്തിയ ഗവേഷകർ എങ്ങനെ അവയെ​യെ​ല്ലാം വേർതി​രി​ച്ച​റി​ഞ്ഞു എന്നു ഞാൻ അമ്പരന്നു.

അതിന്‌ അവർ ഒരു മാർഗം കണ്ടെത്തി​യെന്ന്‌ ശ്രീ. ഹോൽമ്‌സ്‌​ട്രോം പറയുന്നു. ചുട്ടു​പ​ഴു​പ്പിച്ച്‌ അടയാ​ള​മി​ടു​ന്ന​തി​നു വേണ്ടി അവർ തീരെ ചെറിയ കമ്പികൾ ഉണ്ടാക്കി. പേപ്പർ ക്ലിപ്പു​ക​ളാണ്‌ അവർ ഇതിന്‌ ഉപയോ​ഗി​ച്ചത്‌. എന്നിട്ട്‌ ഈ കമ്പികൾ പഴുപ്പിച്ച്‌ അനക്കൊ​ണ്ട​യു​ടെ തലയിൽ ചെറിയ നമ്പരുകൾ ഇട്ടു. പാമ്പുകൾ പടം പൊഴി​ക്കു​ന്നതു വരെ ഈ നമ്പരുകൾ നിലനിൽക്കു​മാ​യി​രു​ന്നു. എന്നാൽ ഓരോ അനക്കൊ​ണ്ട​യ്‌ക്കും അതി​ന്റേ​തായ തിരി​ച്ച​റി​യി​ക്കൽ അടയാളം ഉണ്ടെന്ന്‌ പിന്നീട്‌ ഗവേഷ​കർക്കു മനസ്സി​ലാ​യി. ഓരോ പാമ്പി​നും അതിന്റെ വാലിന്റെ മഞ്ഞനി​റ​ത്തി​ലുള്ള അടിഭാ​ഗത്ത്‌ കറുത്ത പുള്ളി​ക​ളു​ടെ ഒരു പാറ്റേൺ ഉണ്ട്‌. മനുഷ്യ​ന്റെ വിരല​ട​യാ​ളം പോലെ ഈ പുള്ളി​ക​ളു​ടെ പാറ്റേൺ ഓരോ പാമ്പി​ലും വ്യത്യ​സ്‌ത​മാണ്‌. “ഞങ്ങൾക്ക്‌ ആകെക്കൂ​ടി ചെയ്യേ​ണ്ടി​യി​രു​ന്നത്‌, പാമ്പിന്റെ തൊലി​യിൽ 15 ശൽക്കങ്ങൾ ഇരിക്കുന്ന അത്രയും നീളത്തിൽ കാണ​പ്പെ​ടുന്ന പാറ്റേ​ണി​ന്റെ ഡയഗ്രം വരച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഞങ്ങൾ പഠന വിധേ​യ​മാ​ക്കിയ 800 പാമ്പു​ക​ളെ​യും വേർതി​രി​ച്ച​റി​യാൻ മതിയായ വ്യത്യാ​സങ്ങൾ പാറ്റേ​ണു​ക​ളിൽ ഉണ്ടായി​രു​ന്നു.”

ആരു ജയിക്കും?

ശ്രീ. ഹോൽമ്‌സ്‌​ട്രോ​മി​ന്റെ ഓഫീ​സിൽനിന്ന്‌ യാത്ര പറഞ്ഞി​റ​ങ്ങു​ന്ന​തി​നു മുമ്പ്‌, അദ്ദേഹം വെനെ​സ്വേ​ല​യിൽ വെച്ചെ​ടുത്ത ഒരു ഫോട്ടോ എന്നെ കാണിച്ചു. പരസ്‌പരം ചുറ്റി​പ്പി​ണഞ്ഞു കിടക്കുന്ന കുറെ ആൺ അനക്കൊ​ണ്ട​ക​ളു​ടെ ചിത്ര​മാ​യി​രു​ന്നു അത്‌. വളരെ ആകർഷ​ക​മായ ഒരു ദൃശ്യം തന്നെ. ഇങ്ങനെ അനക്കൊ​ണ്ട​ക​ളു​ടെ ഉടലുകൾ പരസ്‌പരം കെട്ടു​പി​ണഞ്ഞു കിടക്കു​ന്ന​തിന്‌ ഒരു പേരുണ്ട്‌ എന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു: ബ്രീഡിങ്‌ ബോൾ. (26-ാം പേജിലെ ഫോട്ടോ കാണുക.) “ഈ ബോളി​ന്റെ ഉള്ളി​ലെ​വി​ടെ​യോ ഒരു പെൺ അനക്കൊ​ണ്ട​യുണ്ട്‌. ഒരു തവണയാ​ണെ​ങ്കിൽ ഒരു പെൺ അനക്കൊ​ണ്ട​യു​ടെ ഉടലിൽ 13 ആൺ അനക്കൊ​ണ്ടകൾ ചുറ്റി​പ്പി​ണഞ്ഞു കിടക്കു​ന്നത്‌ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. അതൊരു റെക്കോർഡ്‌ തന്നെയാ​യി​രു​ന്നു,” അദ്ദേഹം കൂട്ടി​ച്ചേർത്തു.

ഇതെന്താ, ആൺ അനക്കൊ​ണ്ടകൾ തമ്മിലുള്ള അടിപി​ടി​യോ? അത്‌ സ്ലോ മോഷ​നി​ലുള്ള ഒരു ഗുസ്‌തി മത്സരമാ​ണെന്നു പറയു​ന്ന​താ​യി​രി​ക്കും കുറെ​ക്കൂ​ടെ ഉചിതം. ഓരോ ആൺ അനക്കൊ​ണ്ട​യും മറ്റുള്ള​വയെ തള്ളിപ്പു​റ​ത്താ​ക്കിയ ശേഷം പെൺ അനക്കൊ​ണ്ട​യു​മാ​യി ഇണചേ​രാൻ ശ്രമി​ക്കു​ന്നു. ഈ മത്സരം രണ്ടുമു​തൽ നാലു​വരെ ആഴ്‌ച നീണ്ടു​നി​ന്നേ​ക്കാം. ആരാണ്‌ ഈ മത്സരത്തിൽ ജയിക്കുക? ഏറ്റവും ആദ്യം വരുന്ന​വ​നോ? ഏറ്റവും കൂടുതൽ ബീജം ഉത്‌പാ​ദി​പ്പി​ക്കു​ന്ന​വ​നോ? അതോ ഗുസ്‌തി മത്സരത്തിൽ ജയിക്കു​ന്ന​വ​നോ? താമസി​യാ​തെ അതിന്‌ ഉത്തരം കണ്ടെത്താൻ കഴിയു​മെന്ന്‌ ഗവേഷകർ പ്രതീ​ക്ഷി​ക്കു​ന്നു.

വൈകു​ന്നേ​ര​മാ​യ​തോ​ടെ, ഒന്നാന്ത​ര​മൊ​രു ടൂർ കിട്ടി​യ​തി​ന്റെ സന്തോ​ഷ​ത്തിൽ എന്റെ ഗൈഡി​നോ​ടു നന്ദി പറഞ്ഞ്‌ ഞാൻ അവി​ടെ​നി​ന്നി​റങ്ങി. ഓഫീ​സി​ലേ​ക്കുള്ള മടക്കയാ​ത്ര​യിൽ, ഞാൻ പുതു​താ​യി അറിയാ​നി​ട​യായ കാര്യ​ങ്ങളെ കുറിച്ചു ചിന്തിച്ചു. “അനക്കൊ​ണ്ടകൾ നല്ല ഒരു നേര​മ്പോ​ക്കാണ്‌” എന്ന ചേസൂ​സി​ന്റെ അഭി​പ്രാ​യ​ത്തോട്‌ എനിക്കു പൂർണ​മാ​യി യോജി​ക്കാ​നാ​വു​ന്നി​ല്ലെ​ങ്കി​ലും അനക്കൊ​ണ്ടകൾ ശരിക്കും എന്റെ ശ്രദ്ധ പിടി​ച്ചു​പറ്റി എന്നു സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അനക്കൊ​ണ്ട​കളെ തേടി അവയുടെ സ്വാഭാ​വിക പാർപ്പി​ട​ത്തി​ലേക്കു ഗവേഷകർ ചെല്ലു​മ്പോൾ അവ ഇനിയും രസകര​മായ ചില രഹസ്യങ്ങൾ ‘പൊഴി​ക്കി’ല്ലെന്ന്‌ ആരുകണ്ടു!

[അടിക്കു​റി​പ്പു​കൾ]

a വെനെസ്വേലയിലെ വന്യജീ​വി വിഭാ​ഗ​വും വംശനാശ ഭീഷണി നേരി​ടുന്ന വന്യ ജീവി​വർഗ​ങ്ങ​ളു​ടെ അന്താരാ​ഷ്‌ട്ര വ്യാപാ​രം സംബന്ധിച്ച കരാറി​ലെ കക്ഷിക​ളും ഈ പഠനത്തി​നാ​വ​ശ്യ​മായ ധനസഹാ​യം നൽകു​ന്ന​തിൽ സഹായി​ച്ചു.

b ഉഭയജീവികളെയും ഉരഗങ്ങ​ളെ​യും കുറിച്ചു പഠനം നടത്തുന്ന സൊ​സൈറ്റി പ്രസി​ദ്ധീ​ക​രിച്ച ജേർണൽ ഓഫ്‌ ഹെർപെ​റ്റോ​ളജി, നമ്പ. 4, 1997, 607-9 പേജുകൾ.

[24-ാം പേജിലെ ചിത്രം]

വെനെസ്വേലയിലെ ചതുപ്പു പ്രദേ​ശത്ത്‌ അനക്കൊ​ണ്ടയെ കുറിച്ചു പഠനം നടത്തു​ന്ന​വർ

[25-ാം പേജിലെ ചിത്രം]

വില്യം ഹോൽമ്‌സ്‌​ട്രോം

[26-ാം പേജിലെ ചിത്രം]

അനക്കൊണ്ട ബ്രീഡിങ്‌ ബോൾ]