വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരവാദിത്വങ്ങളിൽനിന്ന്‌ ഒളിച്ചോടുന്ന പിതാക്കന്മാർ—അവർക്ക്‌ യഥാർഥത്തിൽ ഒളിച്ചോടാനാകുമോ?

ഉത്തരവാദിത്വങ്ങളിൽനിന്ന്‌ ഒളിച്ചോടുന്ന പിതാക്കന്മാർ—അവർക്ക്‌ യഥാർഥത്തിൽ ഒളിച്ചോടാനാകുമോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനിന്ന്‌ ഒളി​ച്ചോ​ടുന്ന പിതാ​ക്ക​ന്മാർ—അവർക്ക്‌ യഥാർഥ​ത്തിൽ ഒളി​ച്ചോ​ടാ​നാ​കു​മോ?

‘ഞാൻ ഒരു അമ്മയാ​കാൻ പോകു​ക​യാണ്‌’ എന്നവൾ പറഞ്ഞ​പ്പോൾ ഞാനൊ​ന്നു ഞെട്ടി. കുഞ്ഞിനെ ആരു നോക്കും? ഒരു കുടും​ബത്തെ പോറ്റാ​നുള്ള സ്ഥാനത്ത​ല്ലാ​യി​രു​ന്നു ഞാൻ. മുങ്ങി​യാ​ലോ എന്നു ഞാൻ ആലോ​ചി​ച്ചു.”—ജിം. a

“ഓരോ വർഷവും കൗമാര പ്രായ​ക്കാ​രായ പത്തു ലക്ഷത്തോ​ളം പെൺകു​ട്ടി​കൾ . . . ഗർഭി​ണി​ക​ളാ​കു​ന്നു”ണ്ടെന്ന്‌ അലൻ ഗുറ്റ്‌മാ​ക്കർ ഇൻസ്റ്റി​റ്റ്യൂ​ട്ടിൽ നിന്നുള്ള ഒരു റിപ്പോർട്ടു പറയുന്നു. “കൗമാര പ്രായ​ക്കാർക്കി​ട​യി​ലുള്ള പ്രസവ​ങ്ങ​ളു​ടെ 78 ശതമാ​ന​ത്തി​നും കാരണം അവിഹിത ബന്ധങ്ങളാണ്‌.”

മുൻകാ​ല​ങ്ങ​ളി​ലൊ​ക്കെ, പുരു​ഷ​ന്മാർക്കു സ്വന്തം കുട്ടി​കളെ നോക്കാ​നുള്ള ഒരു കടപ്പാടു തോന്നി​യി​രു​ന്നു. എന്നാൽ കൗമാ​ര​ക്കാ​രായ പിതാ​ക്ക​ന്മാർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്ന പ്രകാരം, “അവിഹിത ബന്ധത്തി​ലൂ​ടെ ഗർഭം ധരിക്കു​ന്ന​വർക്കും അതിനു കാരണ​ക്കാർ ആകുന്ന​വർക്കും [ഒരുകാ​ലത്ത്‌] തോന്നി​യി​രുന്ന നാണ​ക്കേ​ടും മാന​ക്കേ​ടും ഒന്നും ഇന്നുള്ള​വർക്കില്ല.” ചില ജനസമു​ദാ​യ​ങ്ങ​ളി​ലെ യുവജ​ന​ങ്ങൾക്കി​ട​യിൽ ഒരു കുട്ടിയെ ജനിപ്പി​ക്കുക എന്നത്‌ അന്തസ്സിന്റെ ഒരു പ്രതീകം പോലു​മാണ്‌! എന്നിരു​ന്നാ​ലും, തങ്ങൾ ജനിപ്പിച്ച കുട്ടി​ക​ളോ​ടു മിക്ക പുരു​ഷ​ന്മാ​രും ദീർഘ​കാല പ്രതി​ബദ്ധത ഉള്ളവരല്ല. പലരും ക്രമേണ അകന്നു​മാ​റു​ക​യോ പൊയ്‌ക്ക​ള​യു​ക​യോ ചെയ്യുന്നു. b

എന്നാൽ ഒരു ചെറു​പ്പ​ക്കാ​രന്‌ തന്റെ അധാർമിക നടത്തയു​ടെ ഫലങ്ങളിൽ നിന്ന്‌ പൂർണ​മാ​യും രക്ഷപ്പെ​ടാ​നാ​കു​മോ? ഇല്ല എന്നാണു ബൈബിൾ പറയു​ന്നത്‌. ബൈബിൾ ഈ മുന്നറി​യി​പ്പു നൽകുന്നു: “വഞ്ചന​പ്പെ​ടാ​തി​രി​പ്പിൻ; ദൈവത്തെ പരിഹ​സി​ച്ചു​കൂ​ടാ; മനുഷ്യൻ വിതെ​ക്കു​ന്നതു തന്നേ കൊയ്യും.” (ഗലാത്യർ 6:7) നാം കാണാൻ പോകു​ന്ന​തു​പോ​ലെ, ലൈം​ഗിക അധാർമി​കത ആൺകു​ട്ടി​ക​ളു​ടെ​യും പെൺകു​ട്ടി​ക​ളു​ടെ​യും ജീവി​ത​ത്തിൽ ഉളവാ​ക്കുന്ന പ്രത്യാ​ഘാ​തങ്ങൾ മിക്ക​പ്പോ​ഴും ജീവി​ത​കാ​ലം മുഴുവൻ നീണ്ടു​നി​ന്നേ​ക്കാം. ലൈം​ഗിക അധാർമി​ക​ത​യിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കുക എന്ന ബൈബി​ളി​ന്റെ വ്യക്തമായ കൽപ്പന അനുസ​രി​ച്ചു​കൊണ്ട്‌ യുവജ​ന​ങ്ങൾക്ക്‌ അത്തരം ദാരുണ ഫലങ്ങൾ ഒഴിവാ​ക്കാൻ കഴിയും.

തലയൂ​രു​ന്നത്‌ അത്ര എളുപ്പമല്ല

ഒരു കുട്ടിയെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിന്‌ സമയം, പണം, വ്യക്തി​പ​ര​മായ സ്വാത​ന്ത്ര്യം എന്നിവ​യു​ടെ നല്ലൊരു ശതമാ​നം​തന്നെ മാറ്റി​വെ​ക്കേ​ണ്ട​തുണ്ട്‌. അവിവാ​ഹി​ത​രായ കൊച്ചു പിതാ​ക്ക​ന്മാർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “‘മറ്റാരു​ടെ​യെ​ങ്കി​ലും പരിപാ​ലനം ഏറ്റെടു​ക്കു’ന്നത്‌ പണനഷ്ടം വരുത്തി​വെ​ക്കു​ന്നെ​ങ്കിൽ ചില ചെറു​പ്പ​ക്കാർ അതിനു തയ്യാറാ​കില്ല.” എന്നിരു​ന്നാ​ലും പലരും തങ്ങളുടെ സ്വാർഥ​ത​യ്‌ക്ക്‌ കനത്ത വില ഒടു​ക്കേ​ണ്ടി​വ​രു​ന്നു. ഉദാഹ​ര​ണ​മാ​യി, സ്വന്തം കുട്ടി​കളെ നോക്കാത്ത പുരു​ഷ​ന്മാർക്കെ​തി​രെ മിക്ക രാജ്യ​ങ്ങ​ളി​ലെ​യും കോട​തി​ക​ളും നിയമ​നിർമാ​താ​ക്ക​ളും വളരെ കർശന​മായ നടപടി​കൾ സ്വീക​രി​ക്കു​ന്നു. പിതൃ​ത്വം നിയമ​പ​ര​മാ​യി തെളി​ഞ്ഞാൽ, തുടർന്നുള്ള വർഷങ്ങ​ളി​ലെ​ല്ലാം കുട്ടിക്കു ചെലവി​നു കൊടു​ക്കാൻ ചെറു​പ്പ​ക്കാ​രായ പിതാ​ക്ക​ന്മാ​രോട്‌ ആവശ്യ​പ്പെ​ട്ടേ​ക്കാം. വാസ്‌ത​വ​ത്തിൽ അവർ അത്‌ ചെയ്യേ​ണ്ട​താ​ണു​താ​നും. അതിനു​വേണ്ടി ചെറു​പ്പ​ക്കാ​രിൽ പലരും പഠിത്തം നിറു​ത്താ​നോ കുറഞ്ഞ വേതന​മുള്ള ഒരു തൊഴിൽ ചെയ്യാ​നോ നിർബ​ന്ധി​ത​രാ​യി​ത്തീ​രു​ന്നു. സ്‌കൂൾ പ്രായ​ത്തി​ലുള്ള ഗർഭധാ​ര​ണ​വും കുട്ടി​കളെ പരിപാ​ലി​ക്ക​ലും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “എത്ര ചെറു​പ്പ​ത്തി​ലേ പിതാ​വാ​കു​ന്നു​വോ അത്രയും കുറവാ​യി​രി​ക്കും ലഭിക്കുന്ന ഔദ്യോ​ഗിക വിദ്യാ​ഭ്യാ​സ​വും.” ചെലവി​നുള്ള തുക നൽകാൻ ഒരുവനു കഴിയാ​തെ വരു​ന്നെ​ങ്കിൽ അതു കുമി​ഞ്ഞു​കൂ​ടി വലി​യൊ​രു കടമാ​യി​ത്തീർന്നേ​ക്കാം.

തീർച്ച​യാ​യും, എല്ലാ ചെറു​പ്പ​ക്കാ​രും തങ്ങളുടെ കുട്ടി​ക​ളോ​ടു നിർദ്ദ​യ​മാ​യി​ട്ടാണ്‌ ഇടപെ​ടു​ന്നത്‌ എന്നു പറയാ​നാ​വില്ല. പലർക്കും ആദ്യ​മൊ​ക്കെ വളരെ നല്ല ഉദ്ദേശ്യ​ങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം. ഒരു സർവേ വെളി​പ്പെ​ടു​ത്തു​ന്ന​ത​നു​സ​രിച്ച്‌ കൗമാ​ര​ക്കാ​രായ പിതാ​ക്ക​ന്മാ​രിൽ 75 ശതമാ​ന​വും തങ്ങളുടെ കുട്ടി ജനിച്ച​പ്പോൾ ആശുപ​ത്രി​യിൽ ചെന്നു​കണ്ടു. എന്നാൽ താമസി​യാ​തെ​തന്നെ, ആ പിതാ​ക്ക​ന്മാ​രിൽ മിക്കവ​രും ഒരു കുട്ടിയെ വളർത്തു​ന്ന​തി​ന്റെ ഭാരിച്ച ഉത്തരവാ​ദി​ത്വ​ങ്ങൾ പേറാ​നാ​വാ​തെ കുഴങ്ങു​ന്നു.

അനു​യോ​ജ്യ​മാ​യ ഒരു തൊഴിൽ ലഭിക്കു​ന്ന​തിന്‌ ആവശ്യ​മായ വൈദ​ഗ്‌ധ്യ​മോ അനുഭ​വ​പ​രി​ച​യ​മോ തങ്ങൾക്കി​ല്ലെന്നു പലരും കണ്ടെത്തു​ന്നു. സാമ്പത്തി​ക​മാ​യി സഹായി​ക്കാൻ കഴിയാ​ത്തതു നിമിത്തം ലജ്ജിത​രാ​യി അവർ മെല്ലെ തടിത​പ്പു​ന്നു. എന്നുവ​രി​കി​ലും, വർഷങ്ങ​ളോ​ളം അവരെ മനസ്സാ​ക്ഷി​ക്കുത്ത്‌ അലട്ടി​യേ​ക്കാം. ഒരു ചെറു​പ്പ​ക്കാ​രൻ ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “എന്റെ മകന്‌ എന്തു സംഭവി​ച്ചു​കാ​ണും എന്നു ഞാൻ ചില​പ്പോ​ഴൊ​ക്കെ ചിന്തി​ക്കാ​റുണ്ട്‌. . . . [അവനെ] ഇട്ടിട്ടു പോന്ന​തിൽ എനിക്കു വിഷമ​മുണ്ട്‌, പക്ഷേ ഇപ്പോൾ എനിക്ക്‌ അവനെ നഷ്ടമാ​യി​രി​ക്കു​ന്നു. ഒരുനാൾ അവൻ എന്നെ തേടി​യെ​ത്തി​യേ​ക്കാം.”

കുട്ടി​ക​ളോ​ടു ചെയ്യുന്ന ദ്രോഹം

ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനിന്ന്‌ ഒളി​ച്ചോ​ടുന്ന പിതാ​ക്ക​ന്മാർക്ക്‌ വല്ലാത്ത നാണ​ക്കേ​ടും—സ്വന്തം കുട്ടി​യോ​ടു ചെയ്‌ത ദ്രോ​ഹത്തെ കുറി​ച്ചോർത്ത്‌—തോന്നി​യേ​ക്കാം. ഒരു കുട്ടിക്കു മാതാ​പി​താ​ക്കൾ രണ്ടു​പേ​രും വേണം, ബൈബി​ളും അങ്ങനെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌. (പുറപ്പാ​ടു 20:12; സദൃശ​വാ​ക്യ​ങ്ങൾ 1:8, 9) ഒരു പിതാ​വെന്ന നിലയി​ലുള്ള തന്റെ ഉത്തരവാ​ദി​ത്വ​ങ്ങ​ളിൽനിന്ന്‌ ഒരുവൻ ഒളി​ച്ചോ​ടു​മ്പോൾ, അതുമൂ​ലം ഉണ്ടാകാൻ ഇടയുള്ള അനവധി പ്രശ്‌ന​ങ്ങ​ളി​ലേക്ക്‌ തന്റെ കുട്ടിയെ തള്ളിവി​ടു​ക​യാ​യി​രി​ക്കും അയാൾ ചെയ്യു​ന്നത്‌. യു.എസ്‌. ഡിപ്പാർട്ടു​മെന്റ്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഹ്യൂമൻ സർവീ​സസ്‌ ഇങ്ങനെ പറയുന്നു: “മാതാവ്‌ മാത്ര​മുള്ള കുടും​ബ​ങ്ങ​ളി​ലെ കൊച്ചു കുട്ടികൾ പൊതു​വെ മാതാ​വും പിതാ​വു​മുള്ള കുടും​ബ​ങ്ങ​ളി​ലെ കുട്ടി​കളെ അപേക്ഷിച്ച്‌ വാചാ​പ​രീ​ക്ഷ​യി​ലും കണക്കു പരീക്ഷ​യി​ലും താഴ്‌ന്ന നിലവാ​രം പുലർത്തു​ന്നു. മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്രം വളർത്തി​ക്കൊ​ണ്ടു​വ​രുന്ന, 7-നും 10-നും ഇടയ്‌ക്കു പ്രായ​മുള്ള കുട്ടി​കൾക്കു പൊതു​വെ താഴ്‌ന്ന ഗ്രേഡ്‌ ലഭിക്കു​ന്ന​താ​യി കാണുന്നു, അവർക്കു പെരു​മാറ്റ സംബന്ധ​മായ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ട്‌, അതു​പോ​ലെ​തന്നെ മാറാ​രോ​ഗ​ങ്ങ​ളു​ടെ​യും മാനസിക തകരാ​റു​ക​ളു​ടെ​യും നിരക്ക്‌ അവർക്കി​ട​യിൽ പൊതു​വെ കൂടു​ത​ലാ​യി​രി​ക്കും. മാതാവ്‌ മാത്ര​മുള്ള കുടും​ബ​ങ്ങ​ളിൽ വളർത്ത​പ്പെ​ടുന്ന കൗമാ​ര​പ്രാ​യ​ക്കാ​രും യുവജ​ന​ങ്ങ​ളും കൗമാര ഗർഭധാ​രണം, ഹൈസ്‌കൂ​ളിൽനി​ന്നു പുറത്തു​പോ​രൽ, ജയിൽ ശിക്ഷ അനുഭ​വി​ക്കൽ എന്നിങ്ങ​നെ​യുള്ള പ്രശ്‌ന​ങ്ങ​ളിൽ കുടു​ങ്ങാ​നുള്ള വർധിച്ച സാധ്യത ഉണ്ട്‌. കൂടാതെ തൊഴി​ലോ വിദ്യാ​ഭ്യാ​സ​മോ ഒന്നും ഇല്ലാത്ത ഒരവസ്ഥ​യി​ലാ​കു​ന്നു അവർ.”

അറ്റ്‌ലാ​ന്റിക്‌ മന്ത്‌ലി എന്ന മാസിക ഈ നിഗമ​ന​ത്തി​ലെ​ത്തു​ന്നു: “വർധി​ച്ചു​വ​രുന്ന സാമൂ​ഹി​ക​വും ശാസ്‌ത്രീ​യ​വു​മായ തെളി​വു​കൾ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌, വിവാ​ഹ​മോ​ചനം നിമിത്തം താറു​മാ​റായ കുടും​ബ​ങ്ങ​ളി​ലെ കുട്ടി​ക​ളും അവിഹിത ബന്ധത്താൽ ജനിച്ച കുട്ടി​ക​ളും ജീവി​ത​ത്തി​ന്റെ വ്യത്യസ്‌ത മണ്ഡലങ്ങ​ളിൽ മാതാ​പി​താ​ക്കൾ രണ്ടു​പേ​രും ഉള്ള കുടും​ബ​ങ്ങ​ളി​ലെ കുട്ടി​കളെ അപേക്ഷിച്ച്‌ കൂടുതൽ പ്രശ്‌നങ്ങൾ അഭിമു​ഖീ​ക​രി​ക്കു​ന്ന​താ​യി കാണാൻ കഴിയും. മാതാ​പി​താ​ക്ക​ളിൽ ഒരാൾ മാത്ര​മുള്ള കുടും​ബ​ങ്ങ​ളി​ലെ കുട്ടികൾ ദരി​ദ്ര​രാ​കാ​നുള്ള സാധ്യത ആറു മടങ്ങാണ്‌. അവർ മിക്കവാ​റും ദരി​ദ്ര​രാ​യി​ത്തന്നെ തുടരു​ക​യും ചെയ്യുന്നു.”

എല്ലാ വ്യക്തി​ക​ളു​ടെ​യും കാര്യ​ത്തിൽ ഇങ്ങനെ​യൊ​ക്കെ സംഭവി​ക്ക​ണ​മെ​ന്നില്ല. കാരണം, കൂട്ടങ്ങ​ളിൽ നടത്തിയ സ്ഥിതി​വി​വ​ര​ക്ക​ണക്കു സംബന്ധ​മായ പഠനങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ കണ്ടെത്തിയ അപകട​സാ​ധ്യ​ത​ക​ളാണ്‌ ഇവയെ​ല്ലാം. മോശ​മായ കുടുംബ പശ്ചാത്ത​ല​ങ്ങ​ളിൽ ആയിരു​ന്നി​ട്ടും ചില കുട്ടികൾ മെച്ചപ്പെട്ട, നല്ല സമനി​ല​യുള്ള, പക്വത​യുള്ള, മുതിർന്ന​വ​രാ​യി​ത്തീ​രാ​റുണ്ട്‌. അപ്പോൾപ്പോ​ലും, സ്വന്തം കുട്ടിയെ ഉപേക്ഷി​ച്ചു​പോയ ചെറു​പ്പ​ക്കാ​രൻ കുറ്റ​ബോ​ധ​ത്താൽ വെന്തു​രു​കി​യേ​ക്കാം. “യഥാർഥ​ത്തിൽ അവന്റെ ജീവിതം എന്നേക്കു​മാ​യി താറു​മാ​റാ​ക്കി കളഞ്ഞോ എന്നു ഞാൻ ഭയപ്പെ​ടു​ന്നു” എന്ന്‌ അവിവാ​ഹി​ത​നായ ഒരു പിതാവ്‌ പറയുന്നു—കൗമാ​ര​ക്കാ​രായ പിതാ​ക്ക​ന്മാർ (ഇംഗ്ലീഷ്‌).

പിന്തുണ നൽകു​ന്ന​തി​ന്റെ വെല്ലു​വി​ളി

ചെറു​പ്പ​ക്കാ​രായ എല്ലാ പിതാ​ക്ക​ന്മാ​രും ഉത്തരവാ​ദി​ത്വ​ത്തിൽ നിന്ന്‌ ഒഴിഞ്ഞു​മാ​റു​ന്ന​വരല്ല. ചില പിതാ​ക്ക​ന്മാർക്കു സ്വന്തം കുട്ടി​ക​ളോട്‌ ഉചിത​മാ​യി​ത്തന്നെ ഒരു ധാർമിക കടപ്പാടു തോന്നു​ക​യും അവരെ വളർത്തു​ന്ന​തിൽ സഹായി​ക്കാൻ അവർ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ മിക്ക​പ്പോ​ഴും അങ്ങനെ ചെയ്യുക വളരെ ബുദ്ധി​മു​ട്ടാണ്‌. കാരണം, അവിവാ​ഹി​ത​നായ ഒരു പിതാ​വി​നു നിയമ​പ​ര​മായ അവകാ​ശ​ങ്ങ​ളൊ​ന്നും​തന്നെ ഉണ്ടായി​രി​ക്കാ​നി​ട​യില്ല. തന്റെ കുട്ടി​യു​മാ​യി അയാൾക്ക്‌ എത്ര​ത്തോ​ളം സമ്പർക്കം ആകാം എന്നു തീരു​മാ​നി​ക്കു​ന്നത്‌ പെൺകു​ട്ടി​യും അവളുടെ മാതാ​പി​താ​ക്ക​ളും ആയിരി​ക്കാം. “കുഞ്ഞിന്റെ കാര്യ​ങ്ങ​ളിൽ ഇടപെ​ടാ​നുള്ള അവസര​ത്തി​നാ​യി എപ്പോ​ഴും തക്കം പാർത്തി​രി​ക്കേണ്ട ഗതി​കേ​ടാ​ണു​ള്ളത്‌,” തുടക്ക​ത്തിൽ പരാമർശിച്ച ജിം പറയുന്നു. അതു​കൊണ്ട്‌ കുട്ടിയെ ദത്തു നൽകൽ, ഗർഭച്ഛി​ദ്രം എന്നിങ്ങനെ ചെറു​പ്പ​ക്കാ​ര​നായ ഒരു പിതാവ്‌ ശക്തമായി എതിർത്തേ​ക്കാ​വുന്ന തീരു​മാ​നങ്ങൾ പോലും പെൺകു​ട്ടി​യും വീട്ടു​കാ​രും കൂടെ എടു​ത്തേ​ക്കാം. c “ഒരു അന്യന്‌ അവനെ വിട്ടു​കൊ​ടു​ക്കാൻ അവരെ അനുവ​ദി​ക്കു​ന്ന​തി​നെ കുറിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയു​ന്നില്ല. പക്ഷേ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം അതല്ലാതെ മറ്റു വഴിയി​ല്ലെ​ന്നാ​ണു തോന്നു​ന്നത്‌,” ചെറു​പ്പ​ക്കാ​ര​നായ ഒരു പിതാവ്‌ വിലപി​ക്കു​ന്നു.

സ്വന്തം കുട്ടി​യു​ടെ അമ്മയെ​ത്തന്നെ വിവാഹം ചെയ്യാൻ ചില ചെറു​പ്പ​ക്കാർ തയ്യാറാ​കാ​റുണ്ട്‌. d വിവാഹം, പെൺകു​ട്ടി​യെ നാണ​ക്കേ​ടിൽനി​ന്നു കുറെ​യൊ​ക്കെ രക്ഷിക്കു​മെന്നു മാത്രമല്ല കുട്ടിയെ വളർത്താൻ മാതാ​വും പിതാ​വും ഉണ്ടായി​രി​ക്കു​ക​യും ചെയ്യും. ദമ്പതികൾ ദുർന്ന​ട​ത്ത​യിൽ ഏർപ്പെ​ട്ടെ​ങ്കി​ലും, അവർ യഥാർഥ സ്‌നേ​ഹ​ത്തിൽ ആയിരു​ന്നെ​ന്നും വരാം. എന്നിരു​ന്നാ​ലും, ഒരാൺകു​ട്ടി​ക്കു പുനരു​ത്‌പാ​ദന പ്രാപ്‌തി ഉണ്ടെന്നു​ള്ളത്‌, അയാൾ ഒരു ഭർത്താ​വും പിതാ​വും ആയിരി​ക്കാൻ വേണ്ട മാനസി​ക​വും വൈകാ​രി​ക​വു​മായ പക്വത​യി​ലെ​ത്തി​യെന്ന്‌ അർഥമാ​ക്കു​ന്നില്ല. ഭാര്യ​ക്കും കുട്ടി​ക്കും ചെലവി​നു കൊടു​ക്കാ​നുള്ള പ്രാപ്‌തി അവനു​ണ്ടെ​ന്നും അത്‌ അർഥമാ​ക്കു​ന്നില്ല. ഗർഭധാ​ര​ണ​ത്തി​ന്റെ പേരിൽ നടത്തുന്ന വിവാ​ഹങ്ങൾ മിക്ക​പ്പോ​ഴും അധിക​നാൾ നിലനിൽക്കാ​റില്ല എന്നാണു പഠനങ്ങൾ കാണി​ക്കു​ന്നത്‌. അതു​കൊണ്ട്‌ വിവാ​ഹ​ത്തി​ലേക്ക്‌ എടുത്തു​ചാ​ടു​ന്നത്‌ എപ്പോ​ഴും ബുദ്ധി​പ​ര​മായ ഒരു പരിഹാ​രമല്ല.

ചെറു​പ്പ​ക്കാ​രാ​യ അനേകം പുരു​ഷ​ന്മാ​രും തങ്ങളുടെ കുട്ടി​കൾക്കു സാമ്പത്തിക പിന്തുണ നൽകാൻ തയ്യാറാ​കു​ന്നു. നേരത്തെ പരാമർശി​ച്ച​തു​പോ​ലെ, അത്തര​മൊ​രു പിന്തുണ ദീർഘ​കാ​ല​ത്തേക്ക്‌, ഒരുപക്ഷേ 18-ഓ അതില​ധി​ക​മോ വർഷക്കാ​ല​ത്തേക്കു തുടർച്ച​യാ​യി നൽകു​ന്ന​തി​നു ചെറു​പ്പ​ക്കാ​ര​നായ ഒരു പിതാ​വിന്‌ യഥാർഥ നിശ്ചയ​ദാർഢ്യം ആവശ്യ​മാണ്‌. അത്തരം തുടർച്ച​യായ സാമ്പത്തിക സഹായ​ത്തി​ലൂ​ടെ അമ്മയ്‌ക്കും കുഞ്ഞി​നും പട്ടിണി​യും പരിവ​ട്ട​വും കൂടാതെ ജീവി​ച്ചു​പോ​കാൻ കഴിയും.

കുട്ടിയെ വളർത്തു​ന്ന​തി​ന്റെ ഉത്തരവാ​ദി​ത്വം രണ്ടു​പേ​രും പങ്കിടു​ന്നതു സംബന്ധി​ച്ചെന്ത്‌? ഇതും വലിയ ഒരു വെല്ലു​വി​ളി ആയിരു​ന്നേ​ക്കാം. ദമ്പതികൾ പരസ്‌പരം കണ്ടുമു​ട്ടി​യാൽ അവർ ഇനിയും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ട്ടേ​ക്കു​മോ എന്ന ഭയം നിമിത്തം ദമ്പതി​ക​ളു​ടെ മാതാ​പി​താ​ക്കൾ അവർ പരസ്‌പരം കാണു​ന്ന​തി​നെ നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യോ നിരോ​ധി​ക്കു​ക​പോ​ലു​മോ ചെയ്യാ​റുണ്ട്‌. തന്റെ ഭർത്താ​വ​ല്ലാത്ത ഒരു പുരു​ഷ​നു​മാ​യി കുട്ടിക്ക്‌ ഒരു “വൈകാ​രിക അടുപ്പം” വേണ്ടെന്ന്‌ ഒരു പെൺകു​ട്ടി സ്വയം തീരു​മാ​നി​ക്കാ​നും മതി. എങ്ങനെ ആയിരു​ന്നാ​ലും, കുട്ടി​യു​ടെ അടുത്തു തുടർച്ച​യാ​യി വരാൻ പിതാ​വി​നെ അനുവ​ദി​ക്കു​ന്നെ​ങ്കിൽ, ദമ്പതികൾ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ടു​ന്നതു തടയാ​നാ​യി ആ സമയത്ത്‌ ഒരു മുതിർന്ന വ്യക്തി അവി​ടെ​യു​ണ്ടെന്നു വീട്ടു​കാർ ഉറപ്പു​വ​രു​ത്തു​ന്നതു ബുദ്ധി​യാ​യി​രി​ക്കും.

തങ്ങളുടെ കുട്ടി​ക​ളോ​ടു കൂടുതൽ അടുക്കാൻ ആഗ്രഹി​ച്ചു​കൊണ്ട്‌ അവിവാ​ഹി​ത​രായ ചില പിതാ​ക്ക​ന്മാർ, കുട്ടി​കളെ കുളി​പ്പി​ക്കൽ, ഭക്ഷണം കൊടു​ക്കൽ, വായി​ച്ചു​കേൾപ്പി​ക്കൽ എന്നിങ്ങനെ മാതാ​പി​താ​ക്കൾ ചെയ്യുന്ന അടിസ്ഥാ​ന​പ​ര​മായ സംഗതി​കൾ എങ്ങനെ ചെയ്യാ​മെന്നു പഠിച്ചി​ട്ടുണ്ട്‌. ബൈബിൾ നിലവാ​ര​ങ്ങ​ളോ​ടു വിലമ​തി​പ്പു വളർത്തി​യെ​ടു​ത്തി​ട്ടുള്ള ഒരു ചെറു​പ്പ​ക്കാ​രൻ ദൈവ​വ​ച​ന​ത്തി​ലെ ചില തത്ത്വങ്ങൾ പഠിപ്പി​ക്കാൻപോ​ലും ശ്രമി​ച്ചേ​ക്കാം. (എഫെസ്യർ 6:4) ഒരു പിതാവ്‌ കുട്ടിക്ക്‌ നൽകുന്ന ചില​പ്പോ​ഴൊ​ക്കെ​യുള്ള ഇത്തരം സ്‌നേ​ഹ​പു​ര​സ്സ​ര​മായ പരിപാ​ലനം ഒന്നും ചെയ്യാ​തി​രി​ക്കു​ന്ന​തി​നെ​ക്കാൾ തീർച്ച​യാ​യും മെച്ചമാ​ണെ​ങ്കി​ലും, അത്‌ ദിവസ​വും അവനോ​ടൊ​പ്പം കഴിയുന്ന ഒരു പിതാവ്‌ ഉണ്ടായി​രി​ക്കു​ന്ന​തി​നു തുല്യ​മാ​വില്ല. കൂടാതെ, കുട്ടി​യു​ടെ അമ്മ എന്നെങ്കി​ലും വിവാ​ഹി​ത​യാ​യാൽ, തന്റെ കുട്ടിയെ മറ്റൊരു പുരുഷൻ വളർത്തു​ന്നത്‌ നിസ്സഹാ​യ​നാ​യി നോക്കി​നിൽക്കാ​നേ ചെറു​പ്പ​ക്കാ​ര​നായ ഒരു പിതാ​വി​നു കഴിയൂ.

അതു​കൊണ്ട്‌, അവിഹിത ബന്ധത്തി​ലൂ​ടെ കുട്ടിയെ ജനിപ്പി​ക്കു​ന്നത്‌ മാതാ​പി​താ​ക്കൾക്കും കുട്ടി​ക്കും വളരെ​യേറെ ദുരി​തങ്ങൾ വരുത്തി​വെ​ക്കും എന്നതു വ്യക്തമാണ്‌. ഏറ്റവും പ്രധാ​ന​മാ​യി, യഹോ​വ​യാം ദൈവ​ത്തി​ന്റെ പ്രീതി നഷ്ടപ്പെ​ടും എന്ന അപകട​വും സ്ഥിതി​ചെ​യ്യു​ന്നുണ്ട്‌, അവൻ അവിഹിത ലൈം​ഗി​ക​തയെ കുറ്റം​വി​ധി​ക്കു​ക​തന്നെ ചെയ്യുന്നു. (1 തെസ്സ​ലൊ​നീ​ക്യർ 4:3) കൗമാര ഗർഭധാ​രണം പോലുള്ള മോശ​മായ ഒരു സാഹച​ര്യ​ത്തെ പരമാ​വധി നന്നായി നേരി​ടാൻ ശ്രമി​ക്കാ​മെ​ങ്കി​ലും അധാർമിക നടത്തയിൽ ഏർപ്പെ​ടാ​തി​രി​ക്കുക എന്നതാണ്‌ ഏറ്റവും ജ്ഞാനപൂർവ​ക​മായ ഗതി​യെന്നു മനസ്സിൽ പിടി​ക്കണം. ചെറു​പ്പ​ക്കാ​ര​നായ ഒരു പിതാവ്‌ ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “അവിഹിത ബന്ധത്തി​ലൂ​ടെ ഒരു കുട്ടിയെ ജനിപ്പി​ച്ചാൽ, നിങ്ങളു​ടെ ജീവിതം പിന്നെ ഒരിക്ക​ലും മുമ്പ​ത്തെ​പ്പോ​ലെ ആയിരി​ക്കില്ല.” അതേ, ചെറു​പ്പ​ക്കാ​ര​നായ ഒരു പിതാവ്‌ തന്റെ ആയുഷ്‌കാ​ലം മുഴുവൻ താൻ ചെയ്‌ത തെറ്റിന്റെ അനന്തര​ഫ​ല​ങ്ങ​ളും പേറി ജീവി​ക്കേണ്ടി വന്നേക്കാം. (ഗലാത്യർ 6:8) വീണ്ടും ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം ജ്ഞാനപൂർവ​ക​മാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു: “പരസംഗം വിട്ട്‌ ഓടു​വിൻ.”—1 കൊരി​ന്ത്യർ 6:18, NW.

[അടിക്കു​റി​പ്പു​കൾ]

a ചില പേരുകൾ യഥാർഥമല്ല.

b 2000 ഏപ്രിൽ 22 ലക്കം ഉണരുക!യിലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . അച്ഛനായി എന്നതു​കൊണ്ട്‌ ഒരുവൻ പുരു​ഷ​നാ​കു​മോ?” എന്ന ലേഖന​വും അവിവാ​ഹിത മാതൃ​ത്വ​ത്തിന്‌ ഒരു പെൺകു​ട്ടി​യു​ടെ​മേൽ ഉളവാ​ക്കാൻ കഴിയുന്ന ഫലങ്ങ​ളെ​ക്കു​റി​ച്ചുള്ള ഒരു ചർച്ചയ്‌ക്ക്‌ 1985 ജൂലൈ 22 ലക്കത്തിലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . അവിവാ​ഹിത മാതൃ​ത്വം—എനിക്കത്‌ സംഭവി​ക്കു​മോ?” (ഇംഗ്ലീഷ്‌) എന്ന ലേഖന​വും കാണുക.

c 1995 മാർച്ച്‌ 8 ലക്കം ഉണരുക!യിലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ഗർഭച്ഛി​ദ്രം—അതാണോ പരിഹാ​രം?” എന്ന ലേഖനം കാണുക.

d ഒരു കന്യകയെ പ്രലോ​ഭി​പ്പിച്ച്‌ അവളു​മാ​യി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ട ഒരു പുരുഷൻ അവളെ വിവാഹം ചെയ്യണ​മെന്ന്‌ മോ​ശൈക ന്യായ​പ്ര​മാ​ണം വ്യവസ്ഥ ചെയ്‌തി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 22:28, 29) എങ്കിലും, എല്ലായ്‌പോ​ഴും അത്തരം ബന്ധങ്ങൾ വിവാ​ഹ​ത്തിൽ കലാശി​ക്കണം എന്നില്ലാ​യി​രു​ന്നു, കാരണം പെൺകു​ട്ടി​യു​ടെ പിതാ​വിന്‌ അതിനെ എതിർക്കാൻ കഴിയു​മാ​യി​രു​ന്നു. (പുറപ്പാ​ടു 22:16, 17) ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ ആ ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിൽ അല്ലെങ്കി​ലും, വിവാ​ഹ​പൂർവ ലൈം​ഗി​കത എത്ര ഗുരു​ത​ര​മായ പാപമാണ്‌ എന്നതിന്‌ അത്‌ ഊന്നൽ നൽകു​ക​തന്നെ ചെയ്യുന്നു.—1989 നവംബർ 15 ലക്കം ഇംഗ്ലീഷ്‌ വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.

[15-ാം പേജിലെ ചിത്രം]

അധാർമിക നടത്തയിൽ ഏർപ്പെ​ടാ​തി​രി​ക്കുക എന്നതാണ്‌ ഏറ്റവും ജ്ഞാനപൂർവ​ക​മായ ഗതി