വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചന്ദ്രൻ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നുവോ?

ചന്ദ്രൻ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നുവോ?

ചന്ദ്രൻ നിങ്ങളു​ടെ ജീവി​തത്തെ സ്വാധീ​നി​ക്കു​ന്നു​വോ?

ഭൂമി​യി​ലെ ജീവജാ​ല​ങ്ങളെ ചന്ദ്രൻ വ്യത്യസ്‌ത വിധങ്ങ​ളിൽ സ്വാധീ​നി​ക്കു​ന്നു​വെന്ന്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി മനുഷ്യർ വിശ്വ​സി​ച്ചു​പോ​രു​ന്നു. ചാന്ദ്ര ഘട്ടങ്ങൾക്ക്‌ അഥവാ വൃദ്ധി-ക്ഷയങ്ങൾക്കു സസ്യങ്ങ​ളു​ടെ​യും ജന്തുക്ക​ളു​ടെ​യും എന്തിന്‌, മനുഷ്യ​രു​ടെ​മേൽപ്പോ​ലും സ്വാധീ​ന​മു​ള്ള​താ​യി കരുത​പ്പെ​ട്ടി​രി​ക്കു​ന്നു. വളരെ​ക്കാ​ല​മാ​യി വിശ്വ​സി​ച്ചു​പോ​രുന്ന ഇത്തരം ആശയങ്ങ​ളിൽ ചിലതു തെറ്റാ​ണെന്ന്‌ ആധുനിക ശാസ്‌ത്രീയ ഗവേഷ​ണങ്ങൾ തെളി​യി​ച്ചെ​ങ്കി​ലും മറ്റു വിശ്വാ​സങ്ങൾ ഇന്നോളം നിലനിൽക്കു​ക​തന്നെ ചെയ്യുന്നു. വസ്‌തു​തകൾ എന്താണു പ്രകട​മാ​ക്കു​ന്നത്‌?

ചാന്ദ്ര ഘട്ടങ്ങൾക്കും സസ്യങ്ങ​ളു​ടെ വളർച്ച​യ്‌ക്കും തമ്മിൽ ബന്ധമു​ണ്ടെന്നു ചിലർ ഉറച്ചു വിശ്വ​സി​ക്കു​ന്നു. അതു​കൊണ്ട്‌, പൂച്ചെ​ടി​കൾ നടേണ്ട​തും വളമി​ടേ​ണ്ട​തും വീഞ്ഞ്‌ കുപ്പി​യി​ലാ​ക്കേ​ണ്ട​തും ഭക്ഷ്യവ​സ്‌തു​ക്കൾ സംസ്‌ക​രി​ക്കേ​ണ്ട​തും എപ്പോ​ഴാ​ണെന്ന്‌ തീരു​മാ​നി​ക്കാൻ അവർ കലണ്ടറു​ക​ളും പഞ്ചാം​ഗ​ങ്ങ​ളും നോക്കു​ന്നു. ശരിയായ ചാന്ദ്ര ഘട്ടത്തിലല്ല ചില കാര്യങ്ങൾ ചെയ്യു​ന്ന​തെ​ങ്കിൽ, അത്‌ ഉത്‌പ​ന്ന​ത്തി​ന്റെ ഗുണനി​ല​വാ​രത്തെ ബാധി​ക്കു​മെന്ന വിശ്വാ​സ​മാണ്‌ ഇതിന്റെ അടിസ്ഥാ​നം. ഒരു പുസ്‌തകം തോട്ട​ക്കാർക്ക്‌ പിൻവ​രുന്ന നിർദേശം നൽകുന്നു: “വേവി​ക്കാ​തെ കഴിക്കാ​നുള്ള പച്ചക്കറി​കൾ ചന്ദ്ര വൃദ്ധി​യു​ടെ സമയത്തും സംസ്‌ക​രി​ക്കാ​നു​ള്ളവ ചന്ദ്ര ക്ഷയ സമയത്തും പറി​ച്ചെ​ടു​ക്കണം.” ഇങ്ങനെ ചെയ്യു​ന്ന​തിന്‌ എന്തെങ്കി​ലും ശാസ്‌ത്രീയ അടിസ്ഥാ​ന​മു​ണ്ടോ?

ചില പഠനങ്ങൾ ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങളെ സസ്യങ്ങ​ളു​ടെ വളർച്ച​യോ​ടു ബന്ധിപ്പി​ക്കു​ന്ന​താ​യി തോന്നു​ന്നു. എന്നിരു​ന്നാ​ലും, അനേകം ശാസ്‌ത്ര​ജ്ഞ​ന്മാർക്കും അതു സംബന്ധിച്ച്‌ ഉറപ്പില്ല. അവർ ചൂണ്ടി​ക്കാ​ട്ടു​ന്ന​ത​നു​സ​രിച്ച്‌, ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങൾ സങ്കീർണ​മാണ്‌, അവ പൂർണ​മാ​യും ക്രമാ​നു​സൃ​ത​മാ​ണെന്നു പറയാ​നാ​വില്ല, അതിന്റെ ഫലങ്ങൾ ശ്രദ്ധേ​യ​വു​മല്ല. അതു​കൊണ്ട്‌ പരീക്ഷണ പഠനങ്ങൾ കൃത്യ​മാ​യി ആവർത്തി​ക്കാൻ ബുദ്ധി​മു​ട്ടാണ്‌.

എന്നിരു​ന്നാ​ലും, ചന്ദ്രന്റെ ചില സ്വാധീ​ന​ഫ​ലങ്ങൾ സത്യമാ​ണെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌. ഉദാഹ​രണം പറഞ്ഞാൽ, അനേകം ജീവി​ക​ളു​ടെ​യും പ്രവർത്ത​നങ്ങൾ, തീറ്റ, പുനരു​ത്‌പാ​ദനം, മറ്റു ജീവശാ​സ്‌ത്ര​പ​ര​മായ മാറ്റങ്ങൾ എന്നിവ ചന്ദ്രന്റെ ഗുരു​ത്വ​ബ​ല​ത്തി​ന്റെ ഫലമാ​യു​ണ്ടാ​കുന്ന വേലി​യേ​റ്റ​വും വേലി​യി​റ​ക്ക​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ വ്യക്തമാ​യി​രി​ക്കു​ന്നു.

വേലി​യേ​റ്റ​ത്തെ​യും വേലി​യി​റ​ക്ക​ത്തെ​യും ചന്ദ്രൻ സ്വാധീ​നി​ക്കു​ന്നെ​ങ്കിൽ, ശരീര​ത്തിൽ 80 ശതമാ​ന​വും ജലം അടങ്ങി​യി​രി​ക്കുന്ന മനുഷ്യ​രെ​യും അതു സ്വാധീ​നി​ക്കേ​ണ്ട​താ​ണെന്നു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. ചാന്ദ്ര ഘട്ടങ്ങൾക്കു മാനസിക ക്രമ​ക്കേ​ടു​ക​ളു​മാ​യും ജനന സമയവു​മാ​യും ഒരു ചാന്ദ്ര​മാ​സ​ത്തി​ന്റെ ഏതാണ്ട്‌ അത്രയും തന്നെ ദൈർഘ്യ​മുള്ള ആർത്തവ പരിവൃ​ത്തി​യു​മാ​യി​പ്പോ​ലും ബന്ധമു​ണ്ടെന്ന ധാരണയെ സംബന്ധി​ച്ചെന്ത്‌?

ഇതു സംബന്ധിച്ച സത്യാവസ്ഥ മനസ്സി​ലാ​ക്കാൻ മനോ​രോഗ ചികിത്സ, മനശ്ശാ​സ്‌ത്രം, സ്‌ത്രീ​രോ​ഗ​ചി​കിത്സ എന്നീ മേഖല​ക​ളിൽ പഠനങ്ങൾ നടത്തി​യി​ട്ടുണ്ട്‌. ലഭിച്ച ഫലം തൃപ്‌തി​ക​രമല്ല. മാനു​ഷിക പ്രവർത്ത​ന​ങ്ങ​ളും ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങളും തമ്മിൽ നേരിയ ബന്ധമു​ള്ള​താ​യി കണ്ടെത്തി​യി​ട്ടു​ണ്ടെന്ന്‌ ചില ഗവേഷകർ അവകാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അങ്ങനെ​യൊ​രു ബന്ധമേ ഇല്ലെന്ന്‌ മറ്റു ചിലർ തുറന്ന​ടി​ച്ചു പറയുന്നു. ചന്ദ്രന്റെ പരിവൃ​ത്തി​കൾക്കു മനുഷ്യ​ജ​ന​ന​ത്തി​ന്മേൽ ഒരു ശ്രദ്ധേ​യ​മായ സ്വാധീ​നം ഉണ്ടായി​രു​ന്നെ​ങ്കിൽ, ആ ബന്ധം വളരെ​ക്കാ​ലം മുമ്പു​തന്നെ വ്യക്തമാ​കു​മാ​യി​രു​ന്നു എന്ന്‌ അവർ വാദി​ക്കു​ന്നു. മാത്രമല്ല, മനുഷ്യ​ന്റെ​മേൽ ചന്ദ്രന്‌ ഉണ്ടെന്നു പറയ​പ്പെ​ടുന്ന സ്വാധീ​നത്തെ വിശദീ​ക​രി​ക്കാൻ ഉദ്ദേശി​ച്ചുള്ള സിദ്ധാ​ന്തങ്ങൾ ഒന്നും ശാസ്‌ത്ര​ജ്ഞ​ന്മാ​രെ പൊതു​വെ തൃപ്‌ത​രാ​ക്കി​യി​ട്ടില്ല. a

ഭൂമി​യി​ലെ പല ജീവരൂ​പ​ങ്ങ​ളെ​യും ചന്ദ്രൻ കുറെ​യൊ​ക്കെ സ്വാധീ​നി​ക്കു​ന്നു​ണ്ടെന്നു ശാസ്‌ത്രം തെളി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, അത്‌ എത്ര​ത്തോ​ളം ഉണ്ടെന്ന്‌ എളുപ്പം നിർണ​യി​ക്കാ​നാ​വില്ല. നമ്മുടെ ഭൗതിക പ്രപഞ്ചം സങ്കീർണ​മാണ്‌, അതു​കൊണ്ട്‌ അതിനെ നിയ​ന്ത്രി​ക്കുന്ന അത്ഭുത​ക​ര​മായ പ്രവർത്ത​ന​ങ്ങ​ളിൽ പലതും ഇപ്പോ​ഴും അജ്ഞാത​മാണ്‌.

[അടിക്കു​റിപ്പ്‌]

a നിലാവ്‌, ഗുരു​ത്വ​ബലം, ഭൗമകാ​ന്തിക ബലങ്ങൾ, വിദ്യു​ത്‌കാ​ന്തി​കത എന്നിവ ഉൾപ്പെ​ടു​ന്ന​താണ്‌ ഈ സിദ്ധാ​ന്ത​ങ്ങ​ളിൽ ചിലത്‌.

[19-ാം പേജിലെ ചിത്രം]

പുരാതന ഗ്രീക്കു​കാ​രും റോമാ​ക്കാ​രും ചന്ദ്രന്റെ മൂർത്ത​രൂ​പ​മാ​യി ആരാധി​ച്ചി​രുന്ന സെലീനീ ദേവി

[കടപ്പാട്‌]

Musei Capitolini, Roma