വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ച കഥ

ഞങ്ങളുടെ കുടുംബം വീണ്ടും ഒന്നിച്ച കഥ

ഞങ്ങളുടെ കുടും​ബം വീണ്ടും ഒന്നിച്ച കഥ

ലാസ്‌ വെസ്റ്റർഗാ​റും യൂഡിത്ത്‌ വെസ്റ്റർഗാ​റും പറഞ്ഞ​പ്ര​കാ​രം

ഡെന്മാർക്കി​ലെ പ്രശാ​ന്ത​സു​ന്ദ​ര​മായ ഒരു ഗ്രാമം. അവിടെ, മനോ​ഹ​ര​മായ പൂന്തോ​ട്ട​ത്തോ​ടു​കൂ​ടിയ സൗകര്യ​പ്ര​ദ​മായ ഒരു വീട്‌. വീട്ടി​ന​കത്ത്‌, പുഞ്ചിരി തൂകുന്ന, ആരോ​ഗ്യം തുളു​മ്പുന്ന അവിടത്തെ കുട്ടി​ക​ളു​ടെ വലി​യൊ​രു ചിത്രം ഭിത്തി​യിൽ തൂക്കി​യി​ട്ടുണ്ട്‌. ഒരു സന്തുഷ്ട കുടും​ബ​മാണ്‌ അവിടെ താമസി​ക്കു​ന്ന​തെന്ന്‌ ഒറ്റ നോട്ട​ത്തി​ലേ അറിയാം.

പിതാവ്‌, ലാസ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സഭയിലെ മൂപ്പനാണ്‌. ഭാര്യ യൂഡിത്ത്‌ ഒരു പയനി​യ​റും (ഒരു മുഴു സമയ സുവി​ശേഷക). അവർ ഇപ്പോൾ തികച്ചും സന്തുഷ്ട​രായ ദമ്പതി​ക​ളാണ്‌ എങ്കിലും എന്നും അങ്ങനെ​യാ​യി​രു​ന്നില്ല. ദാമ്പത്യ ജീവി​ത​ത്തി​ന്റെ കാറ്റി​ലും കോളി​ലും പെട്ട്‌ തകർന്നു​ത​രി​പ്പ​ണ​മാ​യൊ​രു ജീവി​ത​മാ​യി​രു​ന്നു ഒരിക്കൽ അവരു​ടേത്‌. വിവാ​ഹ​മോ​ചനം നേടി പിരി​ഞ്ഞെ​ങ്കി​ലും, അവരുടെ കുടും​ബം വീണ്ടും ഒന്നിച്ചു. എങ്ങനെ? സംഭവി​ച്ച​തെ​ന്താ​ണെന്ന്‌ അവർ തന്നെ പറയട്ടെ.

തങ്ങളുടെ ദാമ്പത്യ​ജീ​വി​ത​ത്തി​ലെ താളപ്പി​ഴ​ക​ളെ​യും പിന്നീട്‌ തങ്ങൾ ഒന്നിച്ച​തി​നെ​യും കുറിച്ച്‌ തുറന്നു സംസാ​രി​ക്കാൻ ലാസി​നും യൂഡി​ത്തി​നും മടി​യൊ​ന്നു​മില്ല. കാരണം, തങ്ങളുടെ അനുഭ​വ​ത്തിൽനി​ന്നു മറ്റുള്ള​വർക്കും പലതും പഠിക്കാൻ കഴി​ഞ്ഞേ​ക്കു​മെന്ന്‌ അവർ വിചാ​രി​ക്കു​ന്നു.

തുടക്കം ശുഭം

ലാസ്‌: 1973 ഏപ്രി​ലി​ലാ​യി​രു​ന്നു ഞങ്ങളുടെ വിവാഹം. സന്തോഷം തിരത​ല്ലി​യി​രുന്ന ആദ്യനാ​ളു​ക​ളിൽ തികച്ചും ശോഭ​ന​മായ ഒരു ഭാവി​യാ​ണു മുന്നി​ലു​ള്ള​തെന്നു തോന്നി​ച്ചി​രു​ന്നു. അന്ന്‌ ഞങ്ങൾക്കു ബൈബി​ളി​നെ​യോ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യോ കുറിച്ച്‌ യാതൊ​ന്നും അറിഞ്ഞു​കൂ​ടാ​യി​രു​ന്നു. എന്നാലും, എല്ലാവ​രും കഠിന​മാ​യി ശ്രമി​ക്കുന്ന പക്ഷം ഈ ലോക​ത്തി​ലെ അവസ്ഥകൾ വളരെ​യേറെ മെച്ച​പ്പെ​ടു​ത്താൻ കഴിയു​മെന്നു ഞങ്ങൾ അടിയു​റച്ചു വിശ്വ​സി​ച്ചി​രു​ന്നു. അതിനു​വേണ്ടി, ഞങ്ങളി​രു​വ​രും പല രാഷ്‌ട്രീയ പ്രവർത്ത​ന​ങ്ങ​ളി​ലും ഏർപ്പെട്ടു. നല്ല ആരോ​ഗ്യ​വും ചുറു​ചു​റു​ക്കു​മുള്ള മൂന്ന്‌ ആൺകു​ട്ടി​കൾ—മാർട്ടിൻ, തോമസ്‌, യോനാസ്‌—ജനിച്ച​തോ​ടെ ഞങ്ങളുടെ സന്തോഷം പതിന്മ​ടങ്ങു വർധിച്ചു.

യൂഡിത്ത്‌: സിവിൽ സർവീ​സിൽ എക്‌സി​ക്യൂ​ട്ടീവ്‌ തസ്‌തി​ക​യിൽ ഉള്ള ജോലി​യാ​യി​രു​ന്നു എനിക്കു​ണ്ടാ​യി​രു​ന്നത്‌. ജോലി​യോ​ടൊ​പ്പം​തന്നെ രാഷ്‌ട്രീ​യ​ത്തി​ലും തൊഴി​ലാ​ളി യൂണി​യന്റെ പ്രവർത്ത​ന​ങ്ങ​ളി​ലും ഞാൻ ഏർപ്പെ​ട്ടി​രു​ന്നു. ക്രമേണ, അവി​ടെ​യൊ​ക്കെ എനിക്ക്‌ ഉയർന്ന സ്ഥാനങ്ങൾ ലഭിച്ചു.

ലാസ്‌: വലിയ ഒരു തൊഴി​ലാ​ളി യൂണി​യ​നിൽ ആയിരു​ന്നു എനിക്കു ജോലി. അവിടെ ഒരു പ്രധാന സ്ഥാന​ത്തേക്ക്‌ ഉയരാൻ എനിക്കു കഴിഞ്ഞു. തൊഴിൽരം​ഗ​ങ്ങ​ളിൽ ഞങ്ങളി​രു​വ​രും മുന്നേ​റു​ക​യാ​യി​രു​ന്നു. ഭാവി തികച്ചും ഭാസു​ര​മാ​ണെന്നു തോന്നിച്ച നാളുകൾ.

അകൽച്ച

ലാസ്‌: എന്നാൽ, ഞങ്ങൾ ഞങ്ങളു​ടേ​തായ വ്യതി​രിക്ത പ്രവർത്ത​ന​ങ്ങ​ളിൽ കൂടുതൽ കൂടുതൽ മുഴു​കാൻ തുടങ്ങി​യ​തോ​ടെ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രെന്ന നിലയിൽ ഞങ്ങൾ ഒരുമി​ച്ചു ചെലവ​ഴി​ക്കുന്ന സമയം കുറഞ്ഞു​തു​ടങ്ങി. ഒരേ രാഷ്‌ട്രീയ പാർട്ടി​ക്കു​വേണ്ടി ആയിരു​ന്നു ഞങ്ങൾ ഇരുവ​രും പ്രവർത്തി​ച്ചി​രു​ന്നത്‌, എന്നാൽ അതിന്റെ വ്യത്യസ്‌ത മണ്ഡലങ്ങ​ളിൽ ആയിരു​ന്നു എന്നു മാത്രം. കുട്ടി​കളെ നോക്കാൻ ഞങ്ങൾക്കു നേരമി​ല്ലാ​യി​രു​ന്നു. മറ്റു വ്യക്തി​ക​ളെ​യോ ഡേ-കെയറു​ക​ളെ​യൊ ഒക്കെയാ​യി​രു​ന്നു ഞങ്ങൾ ആ ഉത്തരവാ​ദി​ത്വം ഏൽപ്പി​ച്ചി​രു​ന്നത്‌. ഞങ്ങൾ അവരവ​രു​ടേ​തായ ലോക​ത്തിൽ മുഴു​കി​യ​പ്പോൾ, കുടും​ബ​ജീ​വി​തം താറു​മാ​റാ​കു​ക​യാ​യി​രു​ന്നു. വീട്ടിൽ ഞങ്ങൾ ഒരുമി​ച്ചു​ണ്ടാ​കുന്ന ദിവസ​ങ്ങ​ളിൽ ഉച്ചത്തി​ലുള്ള വാഗ്വാ​ദങ്ങൾ ഒരു പതിവാ​യി. മനഃസ​മാ​ധാ​ന​ത്തി​നു വേണ്ടി ഒടുവിൽ ഞാൻ മദ്യത്തിൽ അഭയം തേടി.

യൂഡിത്ത്‌: ഞങ്ങൾക്ക്‌ അപ്പോ​ഴും പരസ്‌പരം സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. കുട്ടി​ക​ളെ​യും ഞങ്ങൾക്കു ജീവനാ​യി​രു​ന്നു. എന്നാൽ, ഞങ്ങൾക്കി​ട​യി​ലെ സ്‌നേഹം ശരിയായ രീതി​യിൽ നട്ടുവ​ളർത്ത​പ്പെ​ട്ട​താ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ആ സ്‌നേ​ഹ​ത്തിന്‌ മങ്ങലേൽക്കു​ന്ന​താ​യി തോന്നി. പതി​യെ​പ്പ​തി​യെ ഞങ്ങളുടെ ജീവിതം പൊരു​ത്ത​ക്കേ​ടു​ക​ളു​ടെ ഒരു പരമ്പര​യാ​യി മാറി. ഒന്നിലും ഒരു യോജി​പ്പി​ലെ​ത്താൻ ഞങ്ങൾക്കു കഴിയാ​താ​യി. അതിന്റെ തിക്തഫ​ല​ങ്ങ​ളെ​ല്ലാം അനുഭ​വി​ച്ച​തോ ഞങ്ങളുടെ കുട്ടി​ക​ളും.

ലാസ്‌: കുടും​ബ​ജീ​വി​ത​ത്തി​ന്റെ താളം തെറ്റു​ക​യാ​ണെന്നു മനസ്സി​ലാ​യ​പ്പോൾ എങ്ങനെ​യും അതു നേരെ​യാ​ക്കി​യെ​ടു​ക്കാ​നുള്ള ശ്രമത്തിൽ ജോലി ഉപേക്ഷി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. അങ്ങനെ, 1985-ൽ ഞങ്ങൾ നഗരത്തിൽനിന്ന്‌ ഈ ഗ്രാമ​ത്തി​ലേക്കു താമസം മാറ്റി. കുറച്ചു​കാ​ല​ത്തേക്ക്‌ കാര്യ​ങ്ങ​ളെ​ല്ലാം മെച്ച​പ്പെ​ടു​ന്ന​തു​പോ​ലെ തോന്നി. എന്നാൽ, ഞങ്ങൾ പഴയതു​പോ​ലെ​തന്നെ സ്വന്തം​കാ​ര്യം മാത്രം ശ്രദ്ധി​ച്ചു​കൊ​ണ്ടുള്ള ജീവിതം തുടർന്നു. ഒടുവിൽ, 16 വർഷത്തെ ദാമ്പത്യ​ബന്ധം അവസാ​നി​പ്പി​ച്ചു​കൊണ്ട്‌ 1989 ഫെബ്രു​വ​രി​യിൽ ഞങ്ങളി​രു​വ​രും വിവാ​ഹ​മോ​ചനം നേടി. ഞങ്ങളുടെ കുടും​ബം ഒരു ചീട്ടു​കൊ​ട്ടാ​രം പോലെ തകർന്ന​ടി​ഞ്ഞു.

യൂഡിത്ത്‌: കൺമു​ന്നിൽവെച്ച്‌ കുടും​ബം പിളർന്ന​തി​ന്റെ വേദന ഒരുവ​ശത്ത്‌, കുട്ടികൾ അനുഭ​വി​ക്കുന്ന മാനസിക വ്യഥ കാണു​ന്ന​തി​ന്റെ ദുഃഖം മറുവ​ശത്ത്‌. എന്നാൽ, അപ്പോ​ഴേ​ക്കും ഞങ്ങൾ മാനസി​ക​മാ​യി രണ്ടു ധ്രുവ​ങ്ങ​ളിൽ ആയിക്ക​ഴി​ഞ്ഞി​രു​ന്ന​തു​കൊണ്ട്‌, കുട്ടി​ക​ളു​ടെ സംരക്ഷ​ണ​ച്ചു​മതല ഏറ്റെടു​ക്കുന്ന കാര്യ​ത്തിൽപ്പോ​ലും ഒരു യോജി​പ്പി​ലെ​ത്താൻ ഞങ്ങൾക്കു കഴിഞ്ഞില്ല. അതു​കൊണ്ട്‌, കുട്ടികൾ മൂന്നു​പേ​രെ​യും എനിക്കു വിട്ടു​തന്നു.

ലാസ്‌: തകർന്നു​കൊ​ണ്ടി​രുന്ന ഞങ്ങളുടെ കുടും​ബത്തെ ഏതുവി​ധേ​ന​യും രക്ഷിക്കാൻ ഞാനും യൂഡി​ത്തും കുറെ ശ്രമങ്ങ​ളൊ​ക്കെ നടത്തി​നോ​ക്കി​യി​രു​ന്നു. സഹായ​ത്തി​നാ​യി ഞങ്ങൾ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ക​പോ​ലും ചെയ്‌തു. പക്ഷേ, ദൈവ​ത്തെ​ക്കു​റിച്ച്‌ അന്നു ഞങ്ങൾക്കു കാര്യ​മാ​യി ഒന്നും അറിയി​ല്ലാ​യി​രു​ന്നു.

യൂഡിത്ത്‌: പ്രാർഥന ഫലിക്കാ​ഞ്ഞ​പ്പോൾ ഞങ്ങൾ കരുതി ദൈവം അതു ശ്രദ്ധി​ച്ചി​ല്ലാ​യി​രി​ക്കും എന്ന്‌. എന്നാൽ ദൈവം യഥാർഥ​ത്തിൽ പ്രാർഥന കേൾക്കു​ന്ന​വ​നാ​ണെന്നു മനസ്സി​ലാ​ക്കാൻ കഴിഞ്ഞ​തിൽ ഞങ്ങൾ ഇപ്പോൾ എത്ര നന്ദിയു​ള്ള​വ​രാ​ണെ​ന്നോ!

ലാസ്‌: വാസ്‌ത​വ​ത്തിൽ, വിവാ​ഹ​ബന്ധം തകരാ​തി​രി​ക്കാൻ ഞങ്ങൾതന്നെ ശ്രമം ചെയ്‌ത്‌ മാറ്റങ്ങൾ വരു​ത്തേ​ണ്ടി​യി​രു​ന്നു എന്ന കാര്യം അന്നു ഞങ്ങൾക്ക​റി​യി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌, വിവാ​ഹ​മോ​ച​ന​മ​ല്ലാ​തെ മുന്നിൽ മറ്റൊരു വഴിയു​മി​ല്ലെന്നു ഞങ്ങൾക്കു തോന്നി.

ലാസിന്റെ ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രിവ്‌

ലാസ്‌: ഒറ്റയ്‌ക്ക്‌ താമസി​ക്കവെ എന്റെ ജീവിതം അപ്രതീ​ക്ഷി​ത​മാ​യി മാറി​മ​റി​ഞ്ഞു. ഒരു ദിവസം, ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പക്കൽനിന്ന്‌ രണ്ടു മാസി​കകൾ സ്വീക​രി​ച്ചു. മുമ്പൊ​രി​ക്ക​ലും സാക്ഷി​കളെ ശ്രദ്ധി​ക്കാൻ ഞാൻ കൂട്ടാ​ക്കി​യി​രു​ന്നില്ല. എന്നാൽ, ഈ മാസി​ക​ക​ളി​ലൂ​ടെ കണ്ണോ​ടി​ച്ച​പ്പോൾ എനി​ക്കൊ​ന്നു മനസ്സി​ലാ​യി, യഹോ​വ​യു​ടെ സാക്ഷികൾ യഥാർഥ​ത്തിൽ ദൈവ​ത്തി​ലും യേശു​ക്രി​സ്‌തു​വി​ലും വിശ്വ​സി​ക്കു​ന്ന​വ​രാ​ണെന്ന്‌. എനിക്കു ശരിക്കും അത്ഭുതം തോന്നി. അവർ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന്‌ ഞാൻ ഒരിക്ക​ലും കരുതി​യി​രു​ന്നില്ല.

ഏതാണ്ട്‌ ഈ സമയത്തു​തന്നെ, ഞാൻ വേറൊ​രു സ്‌ത്രീ​യോ​ടൊ​പ്പം ജീവി​ക്കാൻ തുടങ്ങി. അവൾ ഒരിക്കൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​രു​ന്നു എന്ന്‌ പിന്നീട്‌ എനിക്കു മനസ്സി​ലാ​യി. ഞാൻ യഹോ​വ​യെ​ക്കു​റിച്ച്‌ അവളോ​ടു ചോദി​ച്ച​പ്പോൾ, യഹോ​വ​യെ​ന്നു​ള്ളത്‌ ദൈവ​ത്തി​ന്റെ പേരാണ്‌ എന്ന്‌ ബൈബി​ളിൽ നിന്ന്‌ അവൾ എനിക്കു കാണി​ച്ചു​തന്നു. അപ്പോൾ ഞാനോർത്തു: “യഹോ​വ​യു​ടെ സാക്ഷികൾ” എന്നു​വെ​ച്ചാൽ “ദൈവ​ത്തി​ന്റെ സാക്ഷികൾ എന്നാണ​ല്ലോ അർഥം!

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സമ്മേളന ഹാളിൽ വെച്ച്‌ ഒരു പരസ്യ​പ്ര​സം​ഗം കേൾക്കാൻ വേണ്ട ക്രമീ​ക​ര​ണങ്ങൾ അവൾ എനിക്കു ചെയ്‌തു​തന്നു. അവിടെ കണ്ട കാര്യങ്ങൾ എന്റെ താത്‌പ​ര്യ​ത്തെ തൊട്ടു​ണർത്തി. കൂടുതൽ കാര്യങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തിന്‌ ഞാൻ പ്രാ​ദേ​ശിക രാജ്യ​ഹാൾ സന്ദർശി​ച്ചു. അങ്ങനെ, ഒരു ബൈബി​ള​ധ്യ​യ​ന​വും ആരംഭി​ച്ചു. തികച്ചും തെറ്റായ ഒരു ജീവി​ത​മാണ്‌ ഞാൻ നയിക്കു​ന്നത്‌ എന്നു തിരി​ച്ച​റി​യാൻ അധിക​സ​മയം വേണ്ടി​വ​ന്നില്ല. അതു​കൊണ്ട്‌, ആ സ്‌ത്രീ​യെ വിട്ട്‌, തനിയെ ജീവി​ക്കു​ന്ന​തിന്‌ ഞാൻ എന്റെ പട്ടണത്തി​ലേക്കു മടങ്ങി​പ്പോ​യി. അവി​ടെ​യുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടാൻ ആദ്യം കുറച്ചു മടി​ച്ചെ​ങ്കി​ലും പിന്നീട്‌ ഞാൻ എന്റെ ബൈബിൾ പഠനം തുടർന്നു.

എന്നാലും എന്റെ മനസ്സിൽ ചില സംശയങ്ങൾ ബാക്കി​കി​ട​പ്പു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ ശരിക്കും ദൈവ​ത്തി​ന്റെ ജനം തന്നെയാ​ണോ? അങ്ങനെ​യെ​ങ്കിൽ, കുട്ടി​യാ​യി​രി​ക്കെ ഞാൻ പഠിച്ച കാര്യ​ങ്ങ​ളോ? ഒരു സെവന്ത്‌-ഡേ അഡ്‌വെ​ന്റി​സ്റ്റാ​യി​ട്ടാ​യി​രു​ന്നു എന്നെ വളർത്തി​ക്കൊ​ണ്ടു​വ​ന്നത്‌. അതു​കൊണ്ട്‌ ഞാൻ ഒരു അഡ്‌വെൻറ്റിസ്റ്റ്‌ മിനി​സ്റ്റ​റു​മാ​യി ബന്ധപ്പെട്ടു. എല്ലാ ബുധനാ​ഴ്‌ച​യും എനിക്കു കാര്യങ്ങൾ പഠിപ്പി​ച്ചു തരാ​മെന്ന്‌ അദ്ദേഹം സമ്മതിച്ചു. യഹോ​വ​യു​ടെ സാക്ഷികൾ തിങ്കളാ​ഴ്‌ച​തോ​റു​മാണ്‌ എന്നെ പഠിപ്പി​ക്കാൻ എത്തിയി​രു​ന്നത്‌. ഇരുകൂ​ട്ട​രിൽ നിന്നും പ്രത്യേ​കി​ച്ചും നാലു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്കു വ്യക്തമായ ഉത്തരം ലഭിക്ക​ണ​മാ​യി​രു​ന്നു: ക്രിസ്‌തു​വി​ന്റെ മടങ്ങി​വ​രവ്‌, പുനരു​ത്ഥാ​നം, ത്രി​ത്വോ​പ​ദേശം, പിന്നെ, സഭ സംഘടി​പ്പി​ക്ക​പ്പെ​ടേണ്ട വിധം. ഏതാനും മാസങ്ങൾകൊണ്ട്‌ എന്റെ സകല സംശയ​ങ്ങ​ളും തീർന്നു. ഈ നാലു കാര്യ​ങ്ങ​ളിൽ മാത്രമല്ല, എല്ലാ കാര്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിശ്വാ​സങ്ങൾ മാത്ര​മാണ്‌ മുഴു​വ​നാ​യും തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മാ​യിരു​ന്നത്‌. അതു തിരി​ച്ച​റി​ഞ്ഞ​തോ​ടെ, ഞാൻ സഭാപ​ര​മായ എല്ലാ പ്രവർത്ത​ന​ങ്ങ​ളി​ലും സന്തോ​ഷ​പൂർവം പങ്കെടു​ക്കാൻ തുടങ്ങി. താമസി​യാ​തെ, എന്റെ ജീവിതം ഞാൻ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. 1990 മേയിൽ ഞാൻ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

യൂഡി​ത്തി​ന്റെ കാര്യ​മോ?

യൂഡിത്ത്‌: ഞങ്ങളുടെ വിവാ​ഹ​ബന്ധം തകർന്ന​തി​നു ശേഷം ഞാൻ വീണ്ടും പള്ളിയിൽ പോകാൻ തുടങ്ങി​യി​രു​ന്നു. ലാസ്‌ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യെന്നു കേട്ട​പ്പോൾ എനിക്ക്‌ ശരിക്കും ദേഷ്യം തോന്നി. ഞങ്ങളുടെ ഏറ്റവും ഇളയ മകൻ യോനാസ്‌—അന്നവന്‌ പത്തു വയസ്സാ​യി​രു​ന്നു—ചില​പ്പോ​ഴൊ​ക്കെ അവന്റെ ഡാഡി​യു​ടെ കൂടെ താമസി​ക്കാൻ പോകു​മാ​യി​രു​ന്നു. എന്നാൽ, അവനെ സാക്ഷി​ക​ളു​ടെ ഒരു യോഗ​ങ്ങൾക്കും കൊണ്ടു​പോ​കാൻ പാടി​ല്ലെന്നു ഞാൻ ലാസിനെ വിലക്കി. അതു സംബന്ധിച്ച്‌ ലാസ്‌ അധികൃ​തർക്കു പരാതി നൽകി​യെ​ങ്കി​ലും തീരു​മാ​നം എനിക്ക്‌ അനുകൂ​ല​മാ​യി​ട്ടാ​യി​രു​ന്നു.

ഇതേ സമയം, ഞാൻ മറ്റൊ​രാ​ളെ കണ്ടുമു​ട്ടി​യി​രു​ന്നു. മാത്രമല്ല, രാഷ്‌ട്രീയ-സാമു​ദാ​യിക പ്രവർത്ത​ന​ങ്ങ​ളു​ടെ എല്ലാ മണ്ഡലങ്ങ​ളി​ലും കൂടു​ത​ലാ​യി പങ്കെടു​ക്കാ​നും തുടങ്ങി. അപ്പോ​ഴൊ​ക്കെ ഞങ്ങളുടെ കുടും​ബം വീണ്ടും ഒന്നിക്കുന്ന കാര്യം തികച്ചും അസംഭ​വ്യ​മാ​യി തോന്നു​മാ​യി​രു​ന്നു.

യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ ആയുധ​മാ​ക്കാൻ പറ്റിയ തരത്തി​ലുള്ള എന്തെങ്കി​ലും കിട്ടു​മോ എന്നറി​യാൻ ഞാൻ ആ ഇടവക​യി​ലെ വൈദി​കനെ ചെന്നു​കണ്ടു. എന്നാൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ തനി​ക്കൊ​ന്നും അറിയി​ല്ലെന്നു പറഞ്ഞ്‌ അദ്ദേഹം കൈമ​ലർത്തി. അവരെ​ക്കു​റി​ച്ചുള്ള യാതൊ​രു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും തന്റെ പക്കലി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. അവരിൽനിന്ന്‌ അകന്നു നിൽക്കു​ന്ന​താണ്‌ നല്ലതെന്നു മാത്രമേ അദ്ദേഹ​ത്തി​നു പറയാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ. തീർച്ച​യാ​യും, അത്‌ സാക്ഷി​ക​ളോ​ടുള്ള എന്റെ വിദ്വേ​ഷം തെല്ലും കുറച്ചില്ല. എന്നാൽ, തീരെ പ്രതീ​ക്ഷി​ക്കാത്ത ഒരു വിധത്തിൽ എനിക്ക​വരെ കണ്ടുമു​ട്ടേ​ണ്ടി​വന്നു.

സ്വീഡ​നിൽ താമസി​ക്കുന്ന എന്റെ സഹോ​ദരൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീർന്നി​രു​ന്നു, മാത്രമല്ല, ഒരു രാജ്യ​ഹാ​ളിൽ വെച്ച്‌ നടത്ത​പ്പെ​ടുന്ന അവന്റെ വിവാ​ഹ​ത്തിൽ പങ്കെടു​ക്കാൻ എനിക്കു ക്ഷണം ലഭിക്കു​ക​യും ചെയ്‌തു! ആ അനുഭവം സാക്ഷി​ക​ളെ​ക്കു​റി​ച്ചുള്ള എന്റെ എല്ലാ വീക്ഷണ​ങ്ങ​ളും മാറ്റി​മ​റി​ച്ചു. ഞാൻ വിചാ​രി​ച്ച​തു​പോ​ലെ വിരസ​രായ ആളുക​ളാ​യി​രു​ന്നില്ല അവർ എന്നറി​ഞ്ഞ​പ്പോൾ എനിക്ക്‌ ആശ്ചര്യം തോന്നി. മറിച്ച്‌ ദയയു​ള്ള​വ​രും സന്തുഷ്ട​രും നല്ല നർമ​ബോ​ധം ഉള്ളവരും ആണ്‌ അവരെന്നു ഞാൻ കണ്ടെത്തി.

ഇതി​നോ​ട​കം, എന്റെ മുൻഭർത്താവ്‌ ലാസ്‌ തികച്ചും പുതി​യൊ​രു മനുഷ്യ​നാ​യി​ത്തീർന്നി​രു​ന്നു. അദ്ദേഹം കൂടുതൽ ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​നാ​യി മാറി. കുട്ടി​ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കാൻ തുടങ്ങിയ അദ്ദേഹം ദയാലു​വും സംഭാ​ഷ​ണ​ത്തിൽ നിയ​ന്ത്രണം പാലി​ക്കു​ന്ന​വ​നും ആയിത്തീർന്നി​രു​ന്നു. പഴയ​പോ​ലെ ലക്കു​കെ​ട്ടുള്ള മദ്യപാ​ന​വു​മില്ല. തികച്ചും ആകർഷ​ക​മാ​യൊ​രു വ്യക്തി​ത്വം! അദ്ദേഹം ഇങ്ങനെ​യുള്ള ഒരാളാ​യി​ത്തീ​ര​ണ​മെ​ന്നാണ്‌ ഞാൻ എന്നും മനസ്സിൽ ആഗ്രഹി​ച്ചി​രു​ന്നത്‌. പക്ഷേ, ഇപ്പോൾ ഇത്രയും നല്ല ഒരു വ്യക്തി​ത്വ​ത്തി​ന്റെ ഉടമയായ അദ്ദേഹം എന്റെ സ്വന്തമ​ല്ല​ല്ലോ എന്ന്‌ ഓർത്ത​പ്പോൾ എനിക്ക്‌ എന്തെന്നി​ല്ലാത്ത നിരാശ തോന്നി, എന്നെങ്കി​ലു​മൊ​രി​ക്കൽ മറ്റൊരു സ്‌ത്രീ അദ്ദേഹത്തെ വിവാഹം കഴി​ച്ചേ​ക്കു​മെന്നു കൂടെ ഓർത്ത​പ്പോൾ എന്റെ സങ്കടം ഇരട്ടിച്ചു!

അങ്ങനെ​യി​രി​ക്കെ, അദ്ദേഹത്തെ തന്ത്രപ​ര​മാ​യി ഒന്ന്‌ “ആക്രമി​ക്കാൻ” ഞാൻ തീരു​മാ​നി​ച്ചു. ഒരിക്കൽ യോനാസ്‌ അദ്ദേഹ​ത്തോ​ടൊ​പ്പം താമസി​ക്കാൻ പോയ സമയത്ത്‌, എന്റെ രണ്ടു സഹോ​ദ​രി​മാ​രെ​യും കൂട്ടി ഞാൻ അവരെ രണ്ടു​പേ​രെ​യും സന്ദർശി​ക്കാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു, യോനാ​സി​ന്റെ രണ്ട്‌ ആന്റിമാർക്കും അവരുടെ അനന്തര​വനെ ഒന്നു കാണാ​നുള്ള സൗകര്യം ചെയ്‌തു​കൊ​ടു​ക്കുക എന്ന ഭാവേന. ഞങ്ങൾ ഒരു അമ്യൂ​സ്‌മെന്റ്‌ പാർക്കിൽ കണ്ടുമു​ട്ടി. ആന്റിമാർ രണ്ടു​പേ​രും കൂടെ യോനാ​സി​നെ നോക്കുന്ന സമയത്ത്‌, ഞാനും ലാസും കൂടെ ഒരു ബഞ്ചിൽ ഇരുന്നു.

ഭാവി ജീവി​തത്തെ സംബന്ധിച്ച്‌ ഞാൻ സംസാ​രി​ക്കാൻ തുടങ്ങിയ ഉടനെ എന്നെ അത്ഭുത​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അദ്ദേഹം പോക്ക​റ്റിൽനിന്ന്‌ ഒരു പുസ്‌തകം പുറ​ത്തെ​ടു​ത്തു. നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ എന്ന പുസ്‌ത​ക​മാ​യി​രു​ന്നു അത്‌. a അത്‌ എന്റെ കൈയിൽ തന്നിട്ട്‌, കുടും​ബ​ത്തിൽ ഭർത്താ​വി​ന്റെ​യും ഭാര്യ​യു​ടെ​യും ധർമം എന്താ​ണെന്നു വിവരി​ക്കുന്ന അധ്യാ​യങ്ങൾ ഞാൻ വായി​ച്ചു​നോ​ക്ക​ണ​മെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അതിൽ ഉദ്ധരി​ച്ചി​രി​ക്കുന്ന തിരു​വെ​ഴു​ത്തു​കൾ എടുത്തു​നോ​ക്ക​ണ​മെന്ന്‌ പ്രത്യേ​കം പറയാ​നും അദ്ദേഹം മറന്നില്ല.

പിന്നീട്‌, പോകാൻനേരം ഞങ്ങളി​രു​വ​രും ബഞ്ചിൽനിന്ന്‌ എഴു​ന്നേ​റ്റ​പ്പോൾ എനിക്ക്‌ അദ്ദേഹ​ത്തി​ന്റെ കരം ഗ്രഹി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. എന്നാൽ അദ്ദേഹം ദയാപൂർവം അത്‌ നിരസി​ച്ചു. അദ്ദേഹ​ത്തി​ന്റെ പുതിയ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചുള്ള എന്റെ നിലപാട്‌ എന്താ​ണെന്ന്‌ അറിയാ​തെ ഞാനു​മാ​യി പുതിയ ഒരു ബന്ധം തുടങ്ങാൻ അദ്ദേഹ​ത്തിന്‌ യാതൊ​രു താത്‌പ​ര്യ​വു​മി​ല്ലാ​യി​രു​ന്നു. ലാസ്‌ അങ്ങനെ ചെയ്‌ത​പ്പോൾ എനിക്കു വല്ലായ്‌മ തോന്നി. എങ്കിലും, അദ്ദേഹം ചെയ്‌തത്‌ തികച്ചും ന്യായ​മാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. അദ്ദേഹം വീണ്ടും എന്നെ വിവാഹം ചെയ്യു​ക​യാ​ണെ​ങ്കിൽ, ഈ മനോ​ഭാ​വം കൊണ്ട്‌ എനിക്കു ഗുണമേ ഉണ്ടാകൂ എന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു.

ഇതും കൂടി​യാ​യ​പ്പോൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ അറിഞ്ഞേ തീരൂ എന്നായി ഞാൻ. പിറ്റേ ദിവസം​തന്നെ, സാക്ഷി​യാ​ണെന്ന്‌ എനിക്ക​റി​യാ​വുന്ന ഒരു സ്‌ത്രീ​യു​മാ​യി ഞാൻ ബന്ധപ്പെട്ടു. അവരും ഭർത്താ​വും ചേർന്ന്‌ അവരുടെ മതത്തെ​ക്കു​റിച്ച്‌ എനിക്ക​റി​യേ​ണ്ടി​യി​രുന്ന കാര്യങ്ങൾ പറഞ്ഞു​ത​രാ​മെന്നു സമ്മതിച്ചു. എന്റെ എല്ലാ ചോദ്യ​ങ്ങൾക്കും ബൈബി​ളിൽനിന്ന്‌ അവർ മറുപടി നൽകി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ പഠിപ്പി​ക്ക​ലു​ക​ളും പൂർണ​മാ​യും ബൈബി​ളിൽ അടിസ്ഥാ​ന​പ്പെ​ട്ട​വ​യാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഒന്നൊ​ന്നാ​യി എനിക്ക്‌ എല്ലാം അംഗീ​ക​രി​ച്ചു​കൊ​ടു​ക്കേണ്ടി വന്നു.

ആ കാലയ​ള​വിൽ ഞാൻ ഇവാഞ്ച​ലി​ക്കൽ ലുഥറൻ സഭയിൽ നിന്നു രാജി​വെച്ചു. എന്റെ രാഷ്‌ട്രീയ പ്രവർത്ത​ന​ങ്ങ​ളോ​ടും ഞാൻ വിടപ​റഞ്ഞു. പുകവലി പോലും ഞാൻ ഉപേക്ഷി​ച്ചു. അതായി​രു​ന്നു എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏറ്റവും ബുദ്ധി​മു​ട്ടു​പി​ടിച്ച സംഗതി. 1990 ആഗസ്റ്റിൽ എനിക്ക്‌ ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. 1991 ഏപ്രി​ലിൽ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

അവരുടെ രണ്ടാം വിവാഹം

യൂഡിത്ത്‌: അങ്ങനെ ഞങ്ങൾ രണ്ടു​പേ​രും സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാ​യി. രണ്ടു വഴിക​ളി​ലാ​യി പിരി​ഞ്ഞെ​ങ്കി​ലും ഞങ്ങളി​രു​വ​രും ബൈബിൾ പഠിച്ചു. അതിലെ മികച്ച ബുദ്ധി​യു​പ​ദേ​ശ​ങ്ങ​ളു​ടെ സഹായ​ത്താൽ പഴയ സ്വഭാവം മാറ്റി​യെ​ടു​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങളുടെ ഉള്ളിൽ അപ്പോ​ഴും പരസ്‌പരം സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു, ഒരുപക്ഷേ മുമ്പ​ത്തെ​ക്കാ​ളേറെ. അതു​കൊണ്ട്‌, വീണ്ടും വിവാ​ഹി​ത​രാ​കു​ന്ന​തിന്‌ ഞങ്ങളുടെ മുന്നിൽ തടസ്സങ്ങ​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല. അങ്ങനെ ഞങ്ങൾ വിവാ​ഹി​ത​രാ​യി. രണ്ടാമ​തൊ​രു തവണ കൂടെ ഞങ്ങൾ വിവാഹ പ്രതി​ജ്ഞകൾ ഏറ്റു​ചൊ​ല്ലി, ഇത്തവണ പക്ഷേ അതു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു രാജ്യ​ഹാ​ളിൽ വെച്ച്‌ ആയിരു​ന്നെന്നു മാത്രം.

ലാസ്‌: ഒരിക്ക​ലും, ഒരിക്ക​ലും സംഭവി​ക്കു​ക​യി​ല്ലെന്നു കരുതിയ ആ സംഗതി ഒടുവിൽ സംഭവി​ക്കു​ക​തന്നെ ചെയ്‌തു. അതേ, ഞങ്ങളുടെ കുടും​ബം വീണ്ടും ഒന്നിച്ചു! ഞങ്ങൾക്ക​പ്പോൾ തോന്നിയ സന്തോ​ഷ​വും ആനന്ദവും പറഞ്ഞറി​യി​ക്കാ​നാ​കില്ല!

യൂഡിത്ത്‌: വിവാ​ഹ​ത്തിന്‌ ദൃക്‌സാ​ക്ഷി​ക​ളാ​യി ഞങ്ങളുടെ മക്കളും ഉണ്ടായി​രു​ന്നു. പിന്നെ അനവധി ബന്ധുക്ക​ളും പഴയതും പുതി​യ​തു​മായ നിരവധി സുഹൃ​ത്തു​ക്ക​ളും. അത്‌ ഒരു അവർണ​നീ​യ​മായ അനുഭ​വ​മാ​യി​രു​ന്നു. അതിഥി​ക​ളിൽ ചിലർക്ക്‌ ഞങ്ങൾ ആദ്യം വിവാ​ഹി​ത​രായ സമയം മുതൽക്കേ ഞങ്ങളെ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ഞങ്ങൾ വീണ്ടും ഒന്നിച്ചതു കണ്ടപ്പോൾ അവർക്ക്‌ വളരെ​യേറെ സന്തോഷം തോന്നി. ഒപ്പം, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയിലെ യഥാർഥ സന്തോഷം കാണാൻ കഴിഞ്ഞ​തിൽ അത്ഭുത​വും.

കുട്ടികൾ

ലാസ്‌: ഞങ്ങൾ സ്‌നാ​പ​ന​മേറ്റ ശേഷം, മക്കളിൽ രണ്ടുപേർ തങ്ങളുടെ ജീവിതം യഹോ​വ​യ്‌ക്ക്‌ സമർപ്പി​ക്കാൻ തീരു​മാ​ന​മെ​ടു​ത്ത​തി​ന്റെ ആനന്ദം ഞങ്ങൾ അനുഭ​വി​ച്ചു.

യൂഡിത്ത്‌: കുട്ടി​യാ​യി​രി​ക്കെ, പിതാ​വി​നോ​ടൊ​പ്പം താമസി​ക്കാൻ പോയ സമയത്താണ്‌ യോനാസ്‌ ബൈബിൾ സത്യവു​മാ​യി പരിച​യ​ത്തി​ലാ​യത്‌. അന്നുമു​തൽ അവന്‌ അതി​നോ​ടു വിലമ​തി​പ്പു​ണ്ടാ​യി​രു​ന്നു. ഡാഡി​യോ​ടൊ​പ്പം താൻ താമസി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെന്ന്‌ വെറും പത്തുവ​യ​സ്സു​ള്ള​പ്പോൾ തന്നെ അവൻ എന്നോടു പറഞ്ഞു. അതിന്റെ കാരണ​മാ​യി അവൻ പറഞ്ഞത്‌ “ഡാഡി ബൈബി​ളിൽ പറയു​ന്ന​തു​പോ​ലെ​യാണ്‌ ജീവി​ക്കു​ന്നത്‌” എന്നാണ്‌. 14-ാം വയസ്സിൽ യോനാസ്‌ സ്‌നാ​പ​ന​മേറ്റു. വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കിയ അവൻ ഇപ്പോൾ ഒരു മുഴു​സമയ ശുശ്രൂ​ഷ​ക​നാ​യി സേവി​ക്കു​ക​യാണ്‌.

ലാസ്‌: ഞങ്ങളുടെ മൂത്ത മകൻ മാർട്ടിന്‌ ഇപ്പോൾ 27 വയസ്സുണ്ട്‌. ഞങ്ങൾ രണ്ടു പേരും വരുത്തിയ മാറ്റങ്ങൾ അവനെ ഇരുത്തി​ചി​ന്തി​പ്പി​ച്ചു എന്നു വേണം പറയാൻ. വീട്ടിൽനി​ന്നു ദൂരെ​യുള്ള ഒരു സ്ഥലത്തേക്കു താമസം മാറ്റിയ അവൻ രണ്ടു വർഷങ്ങൾക്കു മുമ്പ്‌ അവി​ടെ​യുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു. വെറും അഞ്ചു മാസങ്ങൾകൊണ്ട്‌ അവൻ സ്‌നാ​പ​ന​മേൽക്കാ​നുള്ള യോഗ്യത നേടി. ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ തുടർന്നും ജീവിതം നയിക്കാ​നുള്ള മികച്ച ലക്ഷ്യങ്ങ​ളു​മാ​യി അവൻ മുന്നോ​ട്ടു​പോ​കു​ന്നു.

ഞങ്ങളുടെ നടുവി​ലത്തെ മകൻ തോമസ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളല്ല. എങ്കിലും, ഞങ്ങൾക്ക്‌ ഇപ്പോ​ഴും അവനോട്‌ ആഴമായ സ്‌നേ​ഹ​മുണ്ട്‌. മാത്രമല്ല, അവനു​മാ​യി നല്ലൊരു ബന്ധവും ഞങ്ങൾക്ക്‌ ആസ്വദി​ക്കാൻ കഴിയു​ന്നുണ്ട്‌. ഞങ്ങളുടെ കുടും​ബ​ത്തിൽ വന്ന മാറ്റങ്ങ​ളിൽ അവൻ അതീവ സന്തുഷ്ട​നാണ്‌. ബൈബി​ളിൽനിന്ന്‌ മാതാ​പി​താ​ക്ക​ളായ ഞങ്ങൾ പഠിച്ച തത്ത്വങ്ങ​ളാണ്‌ ഞങ്ങളുടെ കുടും​ബത്തെ വീണ്ടും ഒന്നിക്കാൻ സഹായി​ച്ചത്‌ എന്ന കാര്യ​ത്തിൽ ഞങ്ങൾക്കെ​ല്ലാം ഒരേ അഭി​പ്രാ​യ​മാണ്‌. മൂന്നു കുട്ടി​ക​ളും പിന്നെ, ഞങ്ങൾ മാതാ​പി​താ​ക്ക​ളും ചേർന്ന്‌ ഒരൊറ്റ കുടും​ബ​മെന്ന നിലയിൽ ഇപ്പോൾ ഒരേ മേശയ്‌ക്കു ചുറ്റും ഇരിക്കാൻ കഴിയു​ന്നത്‌ എത്രയോ അനുഗൃ​ഹീ​ത​മായ ഒരു സംഗതി​യാണ്‌!

ഞങ്ങളുടെ ജീവിതം ഇന്ന്‌

ലാസ്‌: ഞങ്ങൾ എല്ലാം തികഞ്ഞവർ ആയിത്തീർന്നു എന്നല്ല ഇതി​ന്റെ​യർഥം. പക്ഷേ, ഒരു കാര്യം ഞങ്ങൾക്കു മനസ്സി​ലാ​യി—ഒരു വിവാ​ഹ​ബ​ന്ധത്തെ വിജയി​പ്പി​ക്കുന്ന മുഖ്യ ഘടകങ്ങൾ സ്‌നേ​ഹ​വും പരസ്‌പര ബഹുമാ​ന​വും ആണെന്ന്‌. മുമ്പ​ത്തേ​തിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മായ കാര്യ​ങ്ങ​ളിൽ പടുത്തു​യർത്തി​യ​താണ്‌ ഇപ്പോ​ഴത്തെ ഞങ്ങളുടെ വിവാഹം. ഇപ്പോൾ ഞങ്ങളി​രു​വ​രും ഞങ്ങളെ​ക്കാൾ ഉയർന്ന ഒരു അധികാ​രത്തെ അംഗീ​ക​രി​ക്കു​ന്നു, കാരണം ഞങ്ങൾ രണ്ടു​പേ​രും യഹോ​വ​യ്‌ക്കു വേണ്ടി​യാണ്‌ ജീവി​ക്കു​ന്ന​തെന്ന്‌ ഇപ്പോൾ ഞങ്ങൾക്ക​റി​യാം. ഇപ്പോ​ഴാണ്‌ യഥാർഥ​ത്തിൽ ഒന്നിച്ച​തെന്ന്‌ എനിക്കും യൂഡി​ത്തി​നും തോന്നു​ന്നു. ഭാവി​യി​ലേക്ക്‌ നോക്കു​മ്പോൾ ഞങ്ങൾക്കു തികഞ്ഞ ശുഭാ​പ്‌തി വിശ്വാ​സ​മുണ്ട്‌.

യൂഡിത്ത്‌: ദാമ്പത്യ​ബ​ന്ധ​ത്തി​ന്റെ​യും കുടും​ബ​ത്തി​ന്റെ​യും കാര്യ​ത്തിൽ ഏറ്റവും നല്ല ഉപദേ​ഷ്ടാവ്‌ യഹോ​വ​യാണ്‌ എന്നതിന്റെ ജീവി​ക്കുന്ന തെളി​വു​ക​ളാണ്‌ ഞങ്ങൾ എന്നെനി​ക്കു തോന്നു​ന്നു.

[അടിക്കു​റിപ്പ്‌]

a 1978-ൽ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി പ്രസി​ദ്ധീ​ക​രി​ച്ചത്‌; ഇപ്പോൾ അച്ചടി​ക്കു​ന്നില്ല.

[20-ാം പേജിലെ ചിത്രം]

ലാസും യൂഡി​ത്തും അവർ ആദ്യം വിവാ​ഹി​ത​രായ സമയത്ത്‌, 1973-ൽ

[21-ാം പേജിലെ ചിത്രം]

മൂന്നു കുട്ടി​കൾക്ക്‌ അവരുടെ ഏകീകൃത കുടും​ബം നഷ്ടമാ​യെ​ങ്കി​ലും പിന്നീട്‌ അതു തിരികെ ലഭിച്ചു

[23-ാം പേജിലെ ചിത്രം]

ബൈബിൾ തത്ത്വങ്ങ​ളു​ടെ സഹായ​ത്താൽ വീണ്ടും ഒന്നിച്ച ലാസും യൂഡി​ത്തും, ഇന്ന്‌