വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാഗിലെ ഒരു അനന്യസാധാരണ ഘടികാരം

പ്രാഗിലെ ഒരു അനന്യസാധാരണ ഘടികാരം

പ്രാഗി​ലെ ഒരു അനന്യ​സാ​ധാ​രണ ഘടികാ​രം

ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ ഉണരുക! ലേഖകൻ

കടന്നുപോകുന്ന വിനോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാ​നാ​യി പരസ്‌പരം മത്സരി​ക്കുന്ന വഴിക്ക​ച്ച​വ​ട​ക്കാർ. പൊട്ടി​ച്ചി​രി​ക​ളാ​ലും പല ഭാഷക്കാ​രായ ആളുക​ളു​ടെ കലപില സംസാ​ര​ത്താ​ലും കാതു​തു​ള​യ്‌ക്കുന്ന സംഗീ​ത​ത്താ​ലും മുഖരി​ത​മായ അന്തരീക്ഷം. എന്നാൽ നോക്കൂ! ജനക്കൂട്ടം നിശ്ശബ്ദ​മാ​കു​ക​യാ​ണ​ല്ലോ. എല്ലാവ​രു​ടെ​യും കണ്ണുകൾ ടൗൺഹാ​ളി​ന്റെ നേരെ തിരി​യു​ക​യാണ്‌. അതേ, അതിന്റെ മുൻവ​ശത്തെ രണ്ടു നീല ജനലു​ക​ളി​ലേക്ക്‌. പെട്ടെന്ന്‌ ജനലുകൾ തുറക്ക​പ്പെ​ടു​മ്പോൾ ക്രിസ്‌തു​വി​ന്റെ 12 അപ്പൊ​സ്‌ത​ല​ന്മാ​രെ പ്രതി​നി​ധാ​നം ചെയ്യുന്ന രൂപങ്ങ​ളു​ടെ ഘോഷ​യാ​ത്ര ആരംഭി​ക്കു​ക​യാ​യി. ഒരു വലിയ താക്കോൽ പിടി​ച്ചു​കൊ​ണ്ടു കടന്നു​വ​രുന്ന പത്രൊ​സാണ്‌ ഏറ്റവും മുന്നിൽ. ഈരണ്ടു​പേ​രാ​യി ജനലിങ്കൽ വന്നുനിൽക്കുന്ന അവർ താഴെ​യുള്ള ജനാവ​ലി​യെ നിരീ​ക്ഷി​ക്കു​ക​യാ​ണോ എന്നു തോന്നി​പ്പോ​കും.

ചെക്ക്‌ റിപ്പബ്ലി​ക്കി​ലെ പ്രാഗി​ലുള്ള പഴയ ടൗൺ ഹാളിന്റെ മുൻവ​ശത്തെ ഭിത്തി​യി​ലുള്ള ജ്യോ​തി​ശ്ശാ​സ്‌ത്ര ഘടികാ​ര​മാണ്‌ ഇപ്പോൾ നമ്മുടെ മുന്നിൽ. രാവിലെ എട്ടു മുതൽ വൈകിട്ട്‌ എട്ടു വരെ കൃത്യം ഓരോ മണിക്കൂർ ഇടവിട്ട്‌ ഘടികാ​ര​ത്തി​ലെ ഈ അത്ഭുത മെക്കാ​നി​സ​ത്തി​നു ജീവൻ വെക്കും. അപ്പൊ​സ്‌ത​ല​ന്മാ​രെ കൂടാതെ ഘടികാ​ര​ത്തിൽ ചലിക്കുന്ന മറ്റു രൂപങ്ങ​ളു​മുണ്ട്‌. പ്രാഗി​ലെ ആളുകൾ ഏറ്റവു​മ​ധി​കം ഭയപ്പെ​ട്ടി​രുന്ന സംഗതി​ക​ളെ​യാണ്‌ ഇവ ചിത്രീ​ക​രി​ക്കു​ന്നത്‌. ഒരു വശത്ത്‌ കൈയി​ലുള്ള പണസഞ്ചി​യു​ടെ ഭാരം നോക്കുന്ന ഒരു പിശുക്കൻ നിൽക്കു​ന്നു. അതു ചിത്രീ​ക​രി​ക്കു​ന്നത്‌ അത്യാ​ഗ്ര​ഹ​ത്തെ​യാണ്‌. അതിന​ടു​ത്തു​ത​ന്നെ​യാണ്‌ ദുരഭി​മാ​നി​യു​ടെ—കണ്ണാടി​യിൽ തന്റെ പ്രതി​ബിം​ബം നോക്കി സ്വയം പ്രശം​സി​ക്കു​ക​യാണ്‌ അയാൾ—സ്ഥാനം. ദുരഭി​മാ​നി​യും പിശു​ക്ക​നും അഭിമാ​ന​പൂർവം തലകു​ലു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഘടികാ​ര​ത്തി​ന്റെ മറ്റേ വശത്ത്‌ ഒരു അസ്ഥികൂ​ടം—മരണം—നിൽക്കു​ന്നു. അത്‌ ഒരു കൈ​കൊണ്ട്‌ മണിയ​ടി​ക്കു​ക​യും മറ്റേ കൈ​കൊണ്ട്‌ ഒരു മണൽഘ​ടി​കാ​രം തിരി​ക്കു​ക​യും ചെയ്യുന്നു. പല്ലിളി​ച്ചു നിൽക്കുന്ന ഈ അസ്ഥികൂ​ടം ഇതിനി​ട​യിൽ അതിന്റെ വായ്‌ അടയ്‌ക്കു​ക​യും തുറക്കു​ക​യും ചെയ്യുന്നു. അതോ​ടൊ​പ്പം അടുത്തു നിൽക്കുന്ന തുർക്കി​യെ—പിടി​ച്ച​ട​ക്ക​ലി​നെ ചിത്രീ​ക​രി​ക്കു​ന്നു—തലയാട്ടി വിളി​ക്കു​ന്നു​മുണ്ട്‌. അസ്ഥികൂ​ട​ത്തോ​ടൊ​പ്പം പോകാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ തുർക്കി​യും തലയാ​ട്ടു​ന്നു.

അസ്ഥികൂ​ടം അവസാ​നത്തെ തവണ വായട​യ്‌ക്കവെ അതി​ലേക്കു പറന്നു​ക​യ​റിയ ഒരു കുരു​വി​യെ കുറി​ച്ചുള്ള ഒരു കഥയുണ്ട്‌. പാവം കുരുവി, പുറത്തു വരാൻ അതിന്‌ ഒരു മണിക്കൂർ കാത്തി​രി​ക്കേണ്ടി വന്നു! ഈ യാന്ത്രിക അത്ഭുതം കണ്ട്‌ ഇന്ന്‌ കമ്പ്യൂട്ടർ യുഗത്തിൽ ജീവി​ക്കു​ന്നവർ കണ്ണുമി​ഴി​ക്കു​ന്നെ​ങ്കിൽ പിന്നെ, നൂറു​ക​ണ​ക്കി​നു വർഷം മുമ്പ്‌ ജീവി​ച്ചി​രു​ന്ന​വ​രു​ടെ കാര്യം പറയാ​നു​ണ്ടോ.

അടുത്തു​നി​ന്നുള്ള ഒരു വീക്ഷണം

സ്വാഭാ​വി​ക​മാ​യും വിനോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ശ്രദ്ധ ആദ്യം​തന്നെ പോകുക ഘടികാ​ര​ത്തി​ലെ ചലിക്കുന്ന ഈ രൂപങ്ങ​ളി​ലേക്ക്‌ ആയിരി​ക്കും. എന്നാൽ ഈ ഘടികാ​രം ആദ്യമാ​യി സ്ഥാപിച്ച സമയത്ത്‌ ഇവയൊ​ന്നും ഇല്ലായി​രു​ന്നു. പിന്നീടു പല നൂറ്റാ​ണ്ടു​ക​ളി​ലാ​യി കൂട്ടി​ച്ചേർത്ത​വ​യാണ്‌ ഇവയെ​ല്ലാം. ഈ ഘടികാ​ര​ത്തി​ന്റെ ഏറ്റവും പുരാ​ത​ന​വും രൂപകൽപ്പനാ പാടവം ഏറെ പ്രകട​വു​മാ​യി​രി​ക്കുന്ന ഭാഗം അതിന്റെ ജ്യോ​തി​ശ്ശാ​സ്‌ത്ര ഡയൽ ആണ്‌. അതു നമ്മോട്‌ എന്താണു പറയു​ന്നത്‌? ഒന്നാമത്‌, സമയം. ഡയലിന്റെ ഏറ്റവും പുറത്തെ കറുത്ത വളയത്തിൽ ഗോഥിക രീതി​യിൽ 1 മുതൽ 24 വരെയുള്ള അക്കങ്ങൾ സ്വർണ​നി​റ​ത്തിൽ എഴുതി​യി​രി​ക്കു​ന്നതു കാണാം. സൂര്യാ​സ്‌ത​മ​യ​ത്തിൽ ദിവസം ആരംഭിച്ച്‌ 24 മണിക്കൂർ കണക്കാ​ക്കുന്ന പഴയ ചെക്ക്‌ രീതി​യാണ്‌ ഇതിൽ പിൻപ​റ്റു​ന്നത്‌. ഋതുക്കൾ മാറു​ന്ന​ത​നു​സ​രിച്ച്‌ 24-ാമത്തെ മണിക്കൂർ സൂര്യാ​സ്‌ത​മ​യ​വു​മാ​യി ഒത്തു വരത്തക്ക​വണ്ണം ഈ വളയം കറങ്ങി​ക്കൊ​ണ്ടി​രി​ക്കും. ഈ വളയത്തി​നു തൊട്ടു​ചേർന്ന്‌ റോമൻ അക്കങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ അക്കങ്ങൾ ദിവസത്തെ 12 മണിക്കൂർ അടങ്ങിയ രണ്ടു ഭാഗങ്ങ​ളാ​യി തിരി​ക്കു​ന്നു. മുകളി​ലത്തെ 12 മണി നട്ടുച്ച​യെ​യും താഴ​ത്തേത്‌ അർധരാ​ത്രി​യെ​യു​മാ​ണു സൂചി​പ്പി​ക്കു​ന്നത്‌. ഒരു സ്വർണ കൈയി​ലെ വിരലു​ക​ളാണ്‌ സമയം കാണി​ക്കു​ന്നത്‌.

കൂടാതെ, ഈ ജ്യോ​തി​ശ്ശാ​സ്‌ത്ര ഡയലിൽ തങ്കനി​റ​ത്തി​ലുള്ള കറങ്ങുന്ന ഒരു വലിയ ഡിസ്‌കുണ്ട്‌. ഇത്‌ സൂര്യന്റെ സഞ്ചാര​പ​ഥത്തെ കാണി​ക്കു​ന്നു. ചന്ദ്രന്റെ വൃദ്ധി​ക്ഷ​യ​ങ്ങളെ കാണി​ക്കുന്ന ചെറി​യൊ​രു ഗോള​വും അതിൽ ഉണ്ട്‌. ഡിസ്‌കി​നു​ള്ളി​ലാ​യി കാണ​പ്പെ​ടുന്ന ഒരു വളയം ഭൂമിക്കു ചുറ്റും കറങ്ങു​ന്ന​താ​യി തോന്നുന്ന നക്ഷത്ര​നി​ബി​ഡ​മായ ആകാശ​ങ്ങളെ ചിത്രീ​ക​രി​ക്കു​ന്നു. ഇതിൽ നക്ഷത്ര​മ​ണ്ഡ​ല​ങ്ങ​ളും അടയാ​ള​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഡയലിന്റെ മധ്യത്തിൽ ഭൂമി. അതിൽ അക്ഷാം​ശ​ങ്ങ​ളും രേഖാം​ശ​ങ്ങ​ളും ധ്രുവ​ങ്ങ​ളു​മെ​ല്ലാം അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഭൂമി​യു​ടെ ഒത്തനടു​വിൽ പ്രാഗും. കൂടാതെ ഭൂമധ്യ​രേ​ഖ​യെ​യും ഉത്തരാ​യ​ന​രേ​ഖ​യെ​യും ദക്ഷിണാ​യ​ന​രേ​ഖ​യെ​യും പ്രതി​നി​ധീ​ക​രി​ക്കുന്ന മൂന്നു വൃത്തങ്ങ​ളും ഡയലി​ലുണ്ട്‌. അങ്ങനെ വർഷത്തി​ലു​ട​നീ​ളം ഈ ഘടികാ​ര​ത്തി​ന്റെ ഡയൽ ഭൂമി, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ​യു​ടെ ആപേക്ഷിക സ്ഥാനങ്ങൾ കാണി​ക്കു​ന്നു. ജ്യോ​തി​ശ്ശാ​സ്‌ത്ര ഡയലിനു താഴെ​യാ​യി കലണ്ടർ ഡിസ്‌ക്‌ ഉണ്ട്‌. വർഷത്തി​ലെ ഓരോ മാസ​ത്തെ​യും കുറി​ക്കാ​നാ​യി ചില ചിത്രങ്ങൾ അതിൽ വരച്ചി​രി​ക്കു​ന്നു. 365 കളങ്ങളാ​യി ഭാഗി​ച്ചി​രി​ക്കുന്ന കലണ്ടർ ഡിസ്‌ക്‌ അധിവർഷ​ത്തി​ലെ ഒരു ദിവസം ഒഴിച്ച്‌ എല്ലാ ദിവസ​വും അർധരാ​ത്രി​യാ​കു​മ്പോൾ ഒരു കളം മാറി​ക്കൊണ്ട്‌ തീയതി കാണി​ക്കു​ന്നു

ഘടികാ​ര​ത്തി​ന്റെ യന്ത്രസം​വി​ധാ​ന​ത്തി​ലുള്ള ചെറു​തും വലുതു​മായ ചക്രങ്ങ​ളു​ടെ കൂട്ടം കണ്ടാൽ തലകറ​ങ്ങി​പ്പോ​കും. സങ്കീർണ​മായ ഈ ഘടികാ​ര​ത്തി​ന്റെ മേൽനോട്ട ചുമതല ഒരു മെക്കാ​നി​ക്കി​നെ ഏൽപ്പി​ച്ചി​ട്ടുണ്ട്‌. അയാൾ എല്ലാ ആഴ്‌ച​യി​ലും ഘടികാ​രം സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​ന്നു.

ജ്യോ​തി​ശ്ശാ​സ്‌ത്ര ഘടികാ​ര​ത്തി​ന്റെ ചരിത്രം

പ്രാഗി​ലെ ഈ ഘടികാ​ര​വു​മാ​യി ബന്ധപ്പെട്ട്‌ അനവധി ഐതി​ഹ്യ​ങ്ങൾ നിലവി​ലുണ്ട്‌. അവയി​ലൊ​ന്നു പറയു​ന്നത്‌ ഒരു മാസ്റ്റർ ഹാനു​ഷാണ്‌ അതുണ്ടാ​ക്കി​യത്‌ എന്നാണ്‌. രൂപകൽപ്പനാ മികവും കലാഭം​ഗി​യും ഒത്തിണ​ങ്ങിയ ഈ ഘടികാ​ര​ത്തി​ന്റെ മാതൃ​ക​യിൽ അദ്ദേഹം മറ്റിട​ങ്ങ​ളിൽ ഘടികാ​രങ്ങൾ പണിതാൽ പ്രാഗി​ന്റെ പ്രശസ്‌തി നഷ്ടപ്പെ​ട്ടു​പോ​കു​മെന്നു പട്ടണാ​ധി​കാ​രി​കൾ ഭയന്നു. അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ തക്കവണ്ണം മാസ്റ്റർ ഹാനു​ഷി​നെ ആക്രമി​ക്കാ​നും അദ്ദേഹ​ത്തി​ന്റെ കണ്ണു​പൊ​ട്ടി​ക്കാ​നു​മാ​യി അവർ വാടക ഗുണ്ടകളെ ഏർപ്പാ​ടാ​ക്കി. അർധ​പ്രാ​ണ​നായ ഹാനുഷ്‌ അന്ത്യശ്വാ​സം വലിക്കു​ന്ന​തി​നു മുമ്പായി ഘടികാ​ര​ത്തി​ന്റെ യന്ത്രസം​വി​ധാ​നം തകരാ​റി​ലാ​ക്കി​ക്കൊണ്ട്‌ അതു നശിപ്പി​ക്കു​ന്ന​തോ​ടെ കഥ അവസാ​നി​ക്കു​ന്നു.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, ഇത്‌ ഒരു കെട്ടുകഥ മാത്ര​മാണ്‌. എന്നാൽ ഹാനുഷ്‌ എന്നൊരു ഘടികാര നിർമാ​താവ്‌ ജീവി​ച്ചി​രു​ന്നു എന്നതു സത്യം തന്നെ. അനേകം വർഷം വിദഗ്‌ധർ വിചാ​രി​ച്ചി​രു​ന്നത്‌ 1475-97 കാലഘ​ട്ട​ത്തിൽ പ്രാഗിൽ ജീവി​ച്ചി​രുന്ന ഹാനു​ഷാണ്‌ ഈ ജ്യോ​തി​ശ്ശാ​സ്‌ത്ര ഘടികാ​ര​ത്തി​ന്റെ നിർമാ​താവ്‌ എന്നാണ്‌. എന്നാൽ അതിനു വളരെ മുമ്പു​തന്നെ 1410-ൽ കാദാ​നി​ലെ മിക്കു​ലാഷ്‌ എന്ന വ്യക്തി​യാണ്‌ യഥാർഥ​ത്തിൽ ഈ ഘടികാ​രം നിർമി​ച്ച​തെന്ന്‌ അടുത്ത കാലത്തെ ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നു. ഹാനുഷ്‌ 1490-ൽ ഇത്‌ അഴിച്ചു​പ​ണി​യുക മാത്ര​മാ​ണു​ണ്ടാ​യത്‌. 16-ാം നൂറ്റാ​ണ്ടി​നു ശേഷം അനേകം തവണ ഈ ഘടികാ​രം അഴിച്ചു​പ​ണി​യു​ക​യും നന്നാക്കു​ക​യു​മൊ​ക്കെ ചെയ്‌തി​ട്ടുണ്ട്‌. എന്നാൽ 1865-ൽ അഴിച്ചു​പ​ണി​ത​തിൽ പിന്നെ അതിന്റെ മിക്ക ഭാഗങ്ങ​ളും കുഴപ്പ​മൊ​ന്നും കൂടാ​തെ​യി​രി​ക്കു​ന്നു.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ അവസാ​ന​ത്തി​ങ്കൽ പ്രാഗിൽനി​ന്നു പിൻവാ​ങ്ങു​ന്ന​തി​നു മുമ്പായി നാസി​സേന പഴയ ടൗൺ ഹാളിനു തീവെച്ചു. അപ്പോൾ ഈ ഘടികാ​ര​ത്തി​നു വലിയ തോതിൽ കേടു​പാ​ടു​കൾ സംഭവി​ച്ചു. യുദ്ധാ​ന​ന്തരം അതു പുതു​ക്കി​പ്പ​ണി​യു​ന്നതു സംബന്ധിച്ച്‌ രണ്ടു പ്രമുഖ അഭി​പ്രാ​യങ്ങൾ പൊന്തി​വന്നു. ഒന്ന്‌, അതിന്റെ പഴയ രൂപത്തി​ലേക്ക്‌ അതിനെ തിരി​ച്ചു​കൊ​ണ്ടു​വ​രിക. രണ്ട്‌, അതിന്റെ പഴയ ഡയലും രൂപങ്ങ​ളു​മൊ​ക്കെ മാറ്റി തികച്ചും വ്യത്യ​സ്‌ത​മായ കാര്യ​ങ്ങളെ പ്രതി​നി​ധീ​ക​രി​ക്കുന്ന പുതിയ രൂപങ്ങ​ളും ഡയലു​ക​ളും ഉണ്ടാക്കുക. പ്രാഗിൽ നിരീ​ശ്വ​ര​വാദ ചിന്താ​ഗതി ചുവടു​റ​പ്പി​ച്ചു തുടങ്ങിയ കാലമാ​യി​രു​ന്നു അത്‌. അവിടത്തെ കമ്മ്യൂ​ണിസ്റ്റ്‌ അധികാ​രി​കൾക്ക്‌ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ രൂപങ്ങൾ ഒട്ടും രസിച്ചി​രു​ന്നില്ല. എന്നാൽ പഴയ ഡിസൈൻ മാറ്റു​ന്ന​തി​നു മുമ്പായി വിദഗ്‌ധ​രായ മൂന്ന്‌ ഘടികാര നിർമാ​താ​ക്കൾ തങ്ങൾക്ക്‌ അതിന്റെ കേടു​പോ​ക്കാൻ കഴിയു​മെന്നു കാണി​ച്ചു​കൊ​ടു​ത്തു. അങ്ങനെ അവർ ഘടികാ​രം പൂർവ​സ്ഥി​തി​യിൽ ആക്കിയ​തി​നാൽ നമുക്കി​ന്നും അതിൽ ആ പിശു​ക്ക​നെ​യും അസ്ഥികൂ​ട​ത്തെ​യും തുർക്കി​യെ​യും അപ്പൊ​സ്‌ത​ല​ന്മാ​രെ​യു​മൊ​ക്കെ കാണാൻ കഴിയു​ന്നു. അല്ലെങ്കിൽ ആ സ്ഥാനത്ത്‌ ഒരു മരയാ​ശാ​രി​യോ കല്ലാശാ​രി​യോ തയ്യൽക്കാ​ര​നോ അലക്കു​കാ​രി​യോ ഒക്കെ വന്നേനെ.

അവസാനം കോഴി കൂകുന്നു

ജ്യോ​തി​ശ്ശാ​സ്‌ത്ര ഘടികാ​ര​ത്തി​ലെ ഘോഷ​യാ​ത്ര​യിൽ 12 അപ്പൊ​സ്‌ത​ല​ന്മാ​രെ കാണു​ന്നു​ണ്ടെ​ങ്കി​ലും ചില വിശദാം​ശങ്ങൾ യഥാർഥ​ത്തിൽ ബൈബി​ള​ധി​ഷ്‌ഠി​തമല്ല. ഈസ്‌ക​ര്യോ​ത്താ യൂദാ​യ്‌ക്കും അല്‌ഫാ​യു​ടെ മകനായ യാക്കോ​ബി​നും പകരം പൗലൊ​സും ബർന്നബാ​സു​മാണ്‌ ഘടികാ​ര​ത്തി​ലു​ള്ളത്‌. എന്നാൽ ബൈബി​ളിൽ ഇവരെ രണ്ടു​പേ​രെ​യും 12 അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ കൂട്ടത്തിൽ പെടു​ത്തി​യി​ട്ടില്ല. (പ്രവൃ​ത്തി​കൾ 1:12-26) കൂടാതെ, ഓരോ അപ്പൊ​സ്‌ത​ല​ന്റെ​യും ശിരസ്സി​നു ചുറ്റു​മാ​യി ഒരു പ്രഭാ​വ​ലയം ഉണ്ട്‌. ഒരു പുറജാ​തീയ പ്രതീ​ക​മായ ഇത്‌ ആദിമ ക്രിസ്‌ത്യാ​നി​കൾ ഒരിക്ക​ലും ഉപയോ​ഗി​ച്ചി​രു​ന്നില്ല.

അവസാ​ന​ത്തെ അപ്പൊ​സ്‌ത​ല​നും പ്രത്യ​ക്ഷ​പ്പെട്ടു കഴിയു​മ്പോൾ ജനലു​കൾക്കു മുകളി​ലാ​യി ഇരിക്കുന്ന സ്വർണ നിറത്തി​ലുള്ള കോഴി കൂകുന്നു. ഘടികാ​ര​മണി മുഴങ്ങു​ന്നു, ജനലുകൾ അടയുന്നു. അതോടെ ജനക്കൂട്ടം പിരിഞ്ഞു പോകു​ക​യാ​യി. നിങ്ങൾക്ക്‌ ഇതെല്ലാം ഒരിക്കൽക്കൂ​ടി കാണണ​മെ​ന്നു​ണ്ടോ? എങ്കിൽ അതിനാ​യി നമ്മൾ ഒരു മണിക്കൂർ കാത്തി​രി​ക്കേണ്ടി വരും. അതുവ​രെ​യുള്ള സമയത്ത്‌, കഴിഞ്ഞ 600-ഓളം വർഷമാ​യി പ്രാഗി​ലെ പഴയ ടൗൺ ഹാളി​ലേക്കു സന്ദർശ​കരെ ആകർഷി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഈ ഘടികാ​ര​ത്തി​ന്റെ ഡയൽ നമുക്കു സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കാം.

[17-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ജ്യോതിശ്ശാസ്‌ത്ര ഡയൽ

സമയം, ഉച്ചയ്‌ക്ക്‌ 12:57

സൂര്യാസ്‌തമയം, വൈകു​ന്നേരം 5:21-ന്‌

[18-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

കലണ്ടർ ഡിസ്‌ക്‌

കാണിച്ചിരിക്കുന്ന തീയതി, ജനുവരി 1

[16-ാം പേജിലെ ചിത്രം]

ദുരഭിമാനിയും പിശു​ക്ക​നും

[17-ാം പേജിലെ ചിത്രം]

മരണവും തുർക്കി​യും