വിട്ടുമാറാത്ത രോഗം കുടുംബത്തെ പ്രഹരിക്കുമ്പോൾ
വിട്ടുമാറാത്ത രോഗം കുടുംബത്തെ പ്രഹരിക്കുമ്പോൾ
ഡെ റ്റോയി കുടുംബത്തിലെ സ്നേഹം ഒന്നു കാണേണ്ടതു തന്നെയാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പം കണ്ടാൽ ആർക്കും അസൂയ തോന്നിപ്പോകും. എന്നാൽ പറഞ്ഞറിയിക്കാനാവാത്തത്ര ദുരിതങ്ങൾ അവർ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടെന്ന് അവരെ പരിചയപ്പെട്ടാൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കില്ല.
മൂത്തകുട്ടിയായ മിഷെലിന് വെറും രണ്ടുവയസ്സുള്ളപ്പോഴാണ് ബ്രാമും ആനും അതു മനസ്സിലാക്കിയത്, പേശികളെ തളർത്തിക്കളയുന്ന, ചികിത്സിച്ചു മാറ്റാനാവാത്ത ഒരുതരം പാരമ്പര്യരോഗത്തിന് അടിമയാണു തങ്ങളുടെ മകളെന്ന്. അതായിരുന്നു തുടക്കം.
“ആളെ ആകെ തളർത്തിക്കളയുന്ന ഒരു മാറാരോഗവുമായി പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്ന് ഓർക്കാപ്പുറത്ത് ഒരു ദിവസം നിങ്ങൾക്കു പഠിക്കേണ്ടി വരുന്നു. കുടുംബജീവിതം മേലാൽ പഴയപടി ആയിരിക്കില്ലെന്നു നിങ്ങൾ തിരിച്ചറിയുന്നു,” ആൻ വിശദീകരിക്കുന്നു.
എന്നാൽ, ദുരന്തങ്ങൾ ഒന്നിനു പിറകെ ഒന്നായി ആ കുടുംബത്തിന്മേൽ പ്രഹരിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ബ്രാമിനും ആനിനും ഒരു മകനും മകളും കൂടെ ജനിച്ചു. ഒരു ദിവസം, കുട്ടികൾ മൂന്നുപേരും വെളിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ പെൺകുട്ടികൾ രണ്ടുപേരും വീട്ടിലേക്ക് ഓടിക്കിതച്ചെത്തി. അവർ ഉറക്കെ വിളിച്ചു: “മമ്മീ! മമ്മീ! ഒന്ന് ഓടി വന്നേ. നീലിന് എന്തോ പറ്റി!”
കേട്ടപാതി കേൾക്കാത്തപാതി വെളിയിലേക്കു പാഞ്ഞു ചെന്ന ആൻ കണ്ടത്, തന്റെ മൂന്നുവയസ്സുള്ള മകന്റെ തല ഒരു വശത്തേക്കു ചെരിഞ്ഞുകിടക്കുന്നതാണ്. അവനു തല നേരെ പിടിക്കാൻ കഴിയുന്നില്ലായിരുന്നു.
“എന്റെ സപ്തനാഡികളും തളർന്നുപോയി,” ആൻ ഓർമിക്കുന്നു. “അടുത്ത നിമിഷംതന്നെ ആ നടുക്കുന്ന യാഥാർഥ്യം ഞാൻ തിരിച്ചറിഞ്ഞു. ആരോഗ്യത്തോടിരുന്ന ഈ കുഞ്ഞിനും അവന്റെ മൂത്തചേച്ചിയുടെ അതേ രോഗംതന്നെ പിടിപെട്ടിരിക്കുന്നു.”
“വീട്ടിൽ എല്ലാവരും നല്ല ആരോഗ്യത്തോടെ കഴിഞ്ഞിരുന്നതിന്റെ സന്തോഷമൊക്കെ എങ്ങോ പോയ്മറഞ്ഞു,” ബ്രാം ഓർമിക്കുന്നു. “ജീവിതത്തിൽ ഞങ്ങൾ അനുഭവിച്ചിട്ടുള്ളതിൽ വെച്ചേറ്റവും കഠിനമായ പരീക്ഷകളുടെ തുടക്കമായിരുന്നു അത്.”
സാധ്യമാകുന്നതിലേക്കുംവെച്ച് ഏറ്റവും നല്ല ചികിത്സ കൊടുത്തിട്ടും മിഷെലിന്റെ ജീവൻ രക്ഷിക്കാനായില്ല. മരിക്കുമ്പോൾ അവൾക്കു 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. നീലാണെങ്കിൽ, ഇപ്പോഴും തന്റെ രോഗവുമായി മല്ലിട്ടുകൊണ്ടിരിക്കുകയാണ്.
ഇത് ഒരു ചോദ്യമുയർത്തുന്നു: ഡെ റ്റോയി കുടുംബത്തിന്റെ കാര്യത്തിലെന്ന പോലെ, വീട്ടിൽ ആർക്കെങ്കിലും ഒരു മാറാരോഗം പിടിപെട്ടാൽ അതുമായി എങ്ങനെയാണു പൊരുത്തപ്പെടാൻ കഴിയുക? ഉത്തരം കണ്ടുപിടിക്കുന്നതിനായി മാറാരോഗം കുടുംബങ്ങളെ പ്രഹരിക്കുന്ന ചില വിധങ്ങൾ നമുക്കു വിശകലനം ചെയ്യാം.