വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിട്ടുമാറാത്ത രോഗത്തോട്‌ കുടുംബങ്ങൾ പൊരുത്തപ്പെടുന്ന വിധം

വിട്ടുമാറാത്ത രോഗത്തോട്‌ കുടുംബങ്ങൾ പൊരുത്തപ്പെടുന്ന വിധം

വിട്ടു​മാ​റാത്ത രോഗ​ത്തോട്‌ കുടും​ബങ്ങൾ പൊരു​ത്ത​പ്പെ​ടുന്ന വിധം

“സമ്മർദ​ങ്ങളെ ഫലപ്ര​ദ​മാ​യി നേരി​ടാ​നും കൈകാ​ര്യം ചെയ്യാ​നും ഉള്ള കഴിവ്‌” എന്നു പൊരു​ത്ത​പ്പെ​ട​ലി​നെ നിർവ​ചി​ക്കാ​വു​ന്ന​താണ്‌. (റ്റേബഴ്‌സ്‌ സൈ​ക്ലോ​പെ​ഡിക്‌ മെഡിക്കൽ ഡിക്‌ഷ​നറി) രോഗം മൂലമു​ണ്ടാ​കുന്ന പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തോ​ടൊ​പ്പം മനസ്സിന്റെ നിയ​ന്ത്ര​ണ​വും സമാധാ​ന​വും ഒരളവു​വരെ നിലനി​റു​ത്തു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു. മാറാ​രോ​ഗങ്ങൾ, കുടും​ബത്തെ ആകമാനം ബാധി​ക്കുന്ന പ്രശ്‌ന​മാ​യ​തു​കൊണ്ട്‌ വീട്ടിലെ ഓരോ അംഗത്തി​ന്റെ​യും സ്‌നേ​ഹ​പൂർവ​ക​വും വിശ്വ​സ്‌ത​വു​മായ പിന്തുണ ഉണ്ടെങ്കി​ലേ അതി​നോ​ടു നന്നായി പൊരു​ത്ത​പ്പെ​ടാ​നാ​കൂ. വിട്ടു​മാ​റാത്ത രോഗ​ത്തോട്‌ കുടും​ബങ്ങൾ പൊരു​ത്ത​പ്പെ​ട്ടി​രി​ക്കുന്ന ചില വിധങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.

അറിവി​ന്റെ മൂല്യം

രോഗം ഒരുപക്ഷേ സുഖ​പ്പെ​ടു​ത്താൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. എന്നാൽ, അതി​നോട്‌ എങ്ങനെ പൊരു​ത്ത​പ്പെ​ടണം എന്നറി​യാ​മെ​ങ്കിൽ രോഗം ഏൽപ്പി​ക്കുന്ന മാനസി​ക​വും വൈകാ​രി​ക​വു​മായ ആഘാതം ലഘൂക​രി​ക്കാൻ സാധി​ക്കു​മെ​ന്നു​ള്ള​താ​ണു വസ്‌തുത. ഒരു പുരാതന പഴമൊ​ഴി പറയു​ന്ന​തും അതു തന്നെയാണ്‌: “പരിജ്ഞാ​ന​മു​ള്ളവൻ ബലം വർദ്ധി​പ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 24:5) എന്നാൽ, പൊരു​ത്ത​പ്പെ​ടേണ്ട വിധം സംബന്ധിച്ച്‌ വീട്ടു​കാർക്ക്‌ എങ്ങനെ​യാണ്‌ അറിവു​നേ​ടാൻ കഴിയുക?

സഹായ​മ​ന​സ്‌ക​നും സമയ​മെ​ടുത്ത്‌ രോഗി​ക്കും കുടും​ബാം​ഗ​ങ്ങൾക്കും കാര്യ​ങ്ങ​ളെ​ല്ലാം വിശദ​മാ​യി പറഞ്ഞു​കൊ​ടു​ക്കാൻ ഒരുക്ക​മു​ള്ള​വ​നു​മായ ഒരു ഡോക്ടറെ കണ്ടുപി​ടി​ക്കു​ക​യാണ്‌ ആദ്യപടി. “വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ വൈദ​ഗ്‌ധ്യ​ങ്ങൾ ഉണ്ടായി​രി​ക്കു​ക​യും ഒപ്പം [രോഗി​യു​ടെ] കുടും​ബ​ത്തി​ലെ എല്ലാവ​രി​ലും താത്‌പ​ര്യ​മെ​ടു​ക്കു​ക​യും ചെയ്യു​ന്ന​വ​നാണ്‌ ഒരു ഉത്തമ ഡോക്ടർ” എന്ന്‌ വീട്ടിലെ പ്രത്യേക ശ്രദ്ധ ആവശ്യ​മായ കുട്ടി എന്ന പുസ്‌തകം പറയുന്നു.

അടുത്ത​താ​യി ചെയ്യേ​ണ്ടത്‌, സാഹച​ര്യം ശരിക്കും മനസ്സി​ലാ​ക്കാൻ കഴിയു​ന്ന​തു​വരെ കൃത്യ​മായ ചോദ്യ​ങ്ങൾ അദ്ദേഹ​ത്തോ​ടു ചോദി​ക്കു​ക​യാണ്‌. എന്നിരു​ന്നാ​ലും, ഒരു കാര്യം ഓർക്കു​ന്നതു നന്നായി​രി​ക്കും. ഡോക്ട​റു​ടെ മുന്നി​ലി​രി​ക്കു​മ്പോ​ഴുള്ള വെപ്രാ​ള​വും പേടി​യും നിമിത്തം ചോദി​ക്ക​ണ​മെന്നു വിചാ​രിച്ച ചില കാര്യങ്ങൾ നിങ്ങൾ മറന്നു​പോ​യേ​ക്കാം. അതു​കൊണ്ട്‌, നിങ്ങൾക്കുള്ള ചോദ്യ​ങ്ങ​ളെ​ല്ലാം നേര​ത്തെ​ത്തന്നെ എഴുതി​വെ​ക്കു​ന്നതു നല്ലതാ​യി​രി​ക്കും. വിശേ​ഷിച്ച്‌, ഈ രോഗ​വും ചികി​ത്സ​യും എന്തെല്ലാം ഭവിഷ്യ​ത്തു​കൾ ഉളവാ​ക്കു​മെ​ന്നും അതിനെ നേരി​ടാൻ എന്താണു ചെയ്യേ​ണ്ട​തെ​ന്നും അറിയാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം.—“കുടും​ബാം​ഗ​ങ്ങൾക്ക്‌ ഡോക്ട​റോട്‌ ചോദി​ക്കാ​വുന്ന ചോദ്യ​ങ്ങൾ” എന്ന ചതുരം കാണുക.

കുട്ടി​ക​ളിൽ ഒരാൾക്കാണ്‌ മാറാ​രോ​ഗം പിടി​പെ​ടു​ന്ന​തെ​ങ്കിൽ, കൂടപ്പി​റ​പ്പു​കൾക്ക്‌ ആ രോഗം സംബന്ധിച്ച്‌ മതിയായ വിവരങ്ങൾ പറഞ്ഞു​കൊ​ടു​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. “തുടക്ക​ത്തി​ലേ കാര്യങ്ങൾ അവർക്കു വിശദീ​ക​രി​ച്ചു കൊടു​ക്കണം,” ഒരമ്മ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “എന്താണു സംഭവി​ക്കു​ന്നത്‌ എന്ന്‌ അവർക്കു മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കിൽ തങ്ങളെ വേണ്ടാ​താ​യി എന്ന ചിന്ത എളുപ്പം അവരുടെ മനസ്സിൽ കടന്നു​കൂ​ടും.”

ചിലർ വീടിന്‌ അടുത്തുള്ള ഗ്രന്ഥശാ​ല​യി​ലോ ബുക്ക്‌സ്റ്റോ​റി​ലോ ഇന്റർനെ​റ്റി​ലോ ഒക്കെ സഹായ​ക​മായ വിവര​ങ്ങൾക്കു​വേണ്ടി പരതാ​റുണ്ട്‌. ഒട്ടു മിക്ക​പ്പോ​ഴും ആവശ്യ​മായ വിശദ​വി​വ​രങ്ങൾ ഇങ്ങനെ കിട്ടാ​റുണ്ട്‌ എന്നതാണു വസ്‌തുത.

ഒരളവു​വരെ ജീവിതം ആസ്വദി​ക്കു​ക

രോഗി ഒരളവു​വരെ ജീവിതം ആസ്വദി​ക്ക​ണ​മെന്ന്‌ വീട്ടു​കാർ സ്വാഭാ​വി​ക​മാ​യും ആശിക്കും. ആദ്യ ലേഖന​ത്തിൽ പരാമർശിച്ച നീലിന്റെ കാര്യം തന്നെ​യെ​ടു​ക്കുക. തന്റെ രോഗ​വു​മാ​യി ബന്ധപ്പെ​ട്ടു​ണ്ടാ​കുന്ന ശാരീ​രിക വിഷമ​തകൾ നിമിത്തം അദ്ദേഹ​ത്തിന്‌ ഇപ്പോ​ഴും കടുത്ത നിരാശ തോന്നാ​റുണ്ട്‌. പക്ഷേ, താൻ ഏറ്റവും ഇഷ്ടപ്പെ​ടുന്ന ഒരു സംഗതിക്ക്‌, തന്റെ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ പ്രദേ​ശ​ത്തു​ള്ള​വ​രോ​ടു സംസാ​രി​ക്കു​ന്ന​തിന്‌, ഓരോ മാസവും അദ്ദേഹം 70 മണിക്കൂർ ചെലവ​ഴി​ക്കു​ന്നു. “സഭയിൽ ബൈബിൾ പ്രസം​ഗങ്ങൾ നടത്തു​ന്ന​തും എനിക്ക്‌ ഏറെ ആന്തരിക സംതൃ​പ്‌തി പകരുന്നു,” അദ്ദേഹം പറയുന്നു.

സ്‌നേ​ഹി​ക്കാ​നും സ്‌നേ​ഹി​ക്ക​പ്പെ​ടാ​നും ഉല്ലാസ​പ്ര​ദ​മായ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​നും പ്രത്യാശ നിലനി​റു​ത്താ​നു​മുള്ള കഴിവു​ക​ളെ​ല്ലാം ജീവിതം ആസ്വദി​ക്കു​ന്ന​തിൽ ഉൾപ്പെ​ടു​ന്നു. രോഗ​വും ചികി​ത്സ​യും മൂലമുള്ള നിയ​ന്ത്ര​ണ​ങ്ങൾക്കു​ള്ളിൽനി​ന്നു​കൊണ്ട്‌ ജീവിതം ആസ്വദി​ക്കാൻ രോഗി​കൾക്ക്‌ അപ്പോ​ഴും താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നേ​ക്കാം. വിട്ടു​മാ​റാത്ത രോഗ​ത്തോട്‌ 25-ലേറെ വർഷം പൊരു​ത്ത​പ്പെട്ട ഒരു കുടും​ബ​ത്തി​ലെ പിതാവ്‌ ഇങ്ങനെ പറയുന്നു: “വീടിനു വെളി​യി​ലുള്ള വിനോ​ദങ്ങൾ ഞങ്ങൾക്കി​ഷ്ട​മാണ്‌. എന്നാൽ മകന്റെ പരിമി​തി​കൾ കാരണം ദീർഘ​ദൂര നടത്ത​മൊ​ന്നും ഞങ്ങൾക്കു സാധി​ക്കു​ന്നില്ല. അതു​കൊണ്ട്‌, മറ്റു പ്രവർത്ത​ന​ങ്ങ​ളി​ലാ​ണു ഞങ്ങൾ ഏർപ്പെ​ടു​ന്നത്‌, അത്ര ക്ഷീണി​പ്പി​ക്കാത്ത തരത്തി​ലുള്ള പ്രവർത്ത​ന​ങ്ങ​ളിൽ.”

ഒരളവു​വ​രെ ജീവി​ത​ത്തിൽനി​ന്നു സംതൃ​പ്‌തി നേടാൻ രോഗി​കൾക്ക്‌ എപ്പോ​ഴും കഴിയും. പലർക്കും മനോ​ഹ​ര​മായ കാഴ്‌ച​ക​ളും ശബ്ദങ്ങളും ആസ്വദി​ക്കാൻ കഴിയും, രോഗ​ത്തി​ന്റെ സ്വഭാ​വ​മ​നു​സ​രിച്ച്‌ അതിൽ വ്യത്യാ​സ​മു​ണ്ടാ​യി​രി​ക്കു​മെന്നു മാത്രം. ജീവി​ത​ത്തി​ലെ പല കാര്യ​ങ്ങ​ളും ഇപ്പോ​ഴും തങ്ങളുടെ കൈപ്പി​ടി​യി​ലാ​ണെന്നു വിചാ​രി​ക്കു​ന്തോ​റും അവർ ജീവിതം ആസ്വദി​ക്കാ​നുള്ള സാധ്യ​ത​യും കൂടു​ത​ലാ​യി​രി​ക്കും.

പ്രയാ​സ​ക​ര​മായ വികാ​ര​ങ്ങളെ കൈകാ​ര്യം ചെയ്യൽ

ഹാനി​ക​ര​മായ വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാൻ പഠിക്കു​ന്നതു പൊരു​ത്ത​പ്പെടൽ പ്രക്രി​യ​യിൽ ഒരു സുപ്ര​ധാന പങ്കു വഹിക്കു​ന്നു. അക്കൂട്ട​ത്തി​ലുള്ള ഒരു വികാരം കോപ​മാണ്‌. കോപി​ക്കാൻ ഒരുവന്‌ കാരണങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം എന്നു ബൈബിൾ അംഗീ​ക​രി​ക്കു​ന്നു. എന്നാലും, “കോപ​ത്തി​നു താമസ​മു​ള്ളവർ” ആയിരി​ക്കാൻ അതു ശക്തമായി ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 14:29, NW) എന്തു​കൊ​ണ്ടാണ്‌ അത്‌ ജ്ഞാനപൂർവ​ക​മാ​യി​രി​ക്കു​ന്നത്‌? കോപ​ത്തിന്‌ “നിങ്ങളെ ഇഞ്ചിഞ്ചാ​യി കൊല്ലാൻ കഴിയും. നിങ്ങളു​ടെ ഉള്ളിൽ വിദ്വേ​ഷം നിറയ്‌ക്കാ​നോ പിന്നീട്‌ നിങ്ങൾ പശ്ചാത്ത​പി​ക്കേ​ണ്ടി​വ​രുന്ന തരം ദ്രോ​ഹ​ക​ര​മായ കാര്യങ്ങൾ പറയാ​നോ അതിന്‌ ഇടയാ​ക്കാൻ കഴിയും” എന്ന്‌ ഒരു പരാമർശ ഗ്രന്ഥം പറയുന്നു. കോപം​മൂ​ത്തുള്ള ഒരു പൊട്ടി​ത്തെറി ബന്ധങ്ങളിൽ വീഴ്‌ത്തുന്ന പോറ​ലു​കൾ മായ്‌ക്കാൻ ഒരുപാ​ടു കാലം വേണ്ടി​വ​ന്നേ​ക്കാം.

ബൈബിൾ ഇങ്ങനെ നിർദേ​ശി​ക്കു​ന്നു: “സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രു​തു [“കോപി​ഷ്‌ഠ​മായ അവസ്ഥയിൽ തുടര​രുത്‌”, NW].” (എഫെസ്യർ 4:26) സൂര്യന്റെ അസ്‌ത​മയം വൈകി​ക്കാൻ ഏതായാ​ലും നമു​ക്കൊ​ന്നും ചെയ്യാ​നാ​കില്ല. എന്നാൽ നമ്മോ​ടും മറ്റുള്ള​വ​രോ​ടും തുടർന്നും ദ്രോഹം ചെയ്യാ​തി​രി​ക്കാ​നാ​യി നമ്മുടെ “കോപി​ഷ്‌ഠ​മായ അവസ്ഥ” മാറ്റി​യെ​ടു​ക്കു​ന്ന​തിന്‌ വേണ്ട​തെ​ല്ലാം വേഗത്തിൽ ചെയ്യാൻ നമുക്കു സാധി​ക്കും. എന്നുമാ​ത്രമല്ല, കോപ​മ​ട​ങ്ങി​ക്ക​ഴി​ഞ്ഞാൽ പ്രസ്‌തുത സാഹച​ര്യ​ത്തെ കൂടുതൽ നന്നായി കൈകാ​ര്യം ചെയ്യാൻ നിങ്ങൾക്കു കഴിയും.

എല്ലാ കുടും​ബ​ത്തി​ന്റെ​യും കാര്യ​ത്തി​ലെന്ന പോലെ നിങ്ങളു​ടെ വീട്ടി​ലും പ്രശ്‌നങ്ങൾ കൂടി​യും കുറഞ്ഞു​മി​രി​ക്കും. എന്നാൽ ഒന്നുകിൽ ആർദ്ര​ത​യോ​ടെ​യും സമാനു​ഭാ​വ​ത്തോ​ടെ​യും ശ്രദ്ധി​ക്കാൻ മനസ്സൊ​രു​ക്കം കാട്ടുന്ന ഒരു സുഹൃ​ത്തി​നോട്‌ അല്ലെങ്കിൽ കുടും​ബാം​ഗങ്ങൾ തമ്മിൽ കാര്യ​ങ്ങ​ളെ​ല്ലാം തുറന്നു പറയു​മ്പോൾ കൂടുതൽ നന്നായി പൊരു​ത്ത​പ്പെ​ടാൻ സാധി​ക്കു​ന്ന​താ​യി ചിലർ അനുഭ​വ​ത്തി​ലൂ​ടെ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. കാത്‌ലീ​ന്റെ കാര്യ​ത്തിൽ ഇതു സത്യമാ​യി​രു​ന്നു. ആദ്യം, കാൻസർ രോഗി​യാ​യി​രുന്ന തന്റെ അമ്മയെ അവർ ശുശ്രൂ​ഷി​ച്ചു. പിന്നീട്‌, കടുത്ത വിഷാ​ദ​രോ​ഗ​വും തുടർന്ന്‌ അൽ​സൈ​മേ​ഴ്‌സ്‌ രോഗ​വും പിടി​പെട്ട ഭർത്താ​വി​നെ​യും. അവർ ഇങ്ങനെ സമ്മതി​ക്കു​ന്നു: “സഹാനു​ഭൂ​തി​യുള്ള സുഹൃ​ത്തു​ക്ക​ളു​മാ​യി സംസാ​രി​ക്കു​മ്പോൾ ഉള്ളിൽ എന്തെന്നി​ല്ലാത്ത സമാധാ​ന​വും ആശ്വാ​സ​വും തോന്നി​യി​രു​ന്നു എനിക്ക്‌.” രണ്ടു വർഷം തന്റെ അമ്മയെ പരിച​രിച്ച റോസ്‌മേ​രി​യും അതി​നോ​ടു യോജി​ക്കു​ന്നു. “മാനസി​ക​മാ​യും വൈകാ​രി​ക​മാ​യും പിടി​ച്ചു​നിൽക്കാൻ എനിക്കു കഴിഞ്ഞത്‌ വിശ്വ​സ്‌ത​യായ ഒരു സുഹൃ​ത്തി​നോട്‌ എല്ലാം തുറന്നു സംസാ​രി​ച്ച​തു​കൊ​ണ്ടാണ്‌.”

സംസാ​രി​ക്കു​ന്ന​തി​നി​ട​യിൽ നിങ്ങൾ ഒരുപക്ഷേ കരഞ്ഞു​പോ​യേ​ക്കാം. “കരയു​മ്പോൾ മനസ്സിന്റെ പിരി​മു​റു​ക്ക​ങ്ങ​ളും നൊമ്പ​ര​ങ്ങ​ളു​മെ​ല്ലാം അലിഞ്ഞ​ലി​ഞ്ഞി​ല്ലാ​തെ​യാ​കും. ഒപ്പം, അതു നിങ്ങളു​ടെ സങ്കടം കുറയ്‌ക്കാ​നും ഉപകരി​ക്കും” എന്ന്‌ വീട്ടിലെ പ്രത്യേക ശ്രദ്ധ ആവശ്യ​മായ കുട്ടി എന്ന പുസ്‌തകം പറയുന്നു. a

ശുഭാ​പ്‌തി വിശ്വാ​സ​ത്തോ​ടു കൂടിയ ഒരു കാഴ്‌ച​പ്പാ​ടു നിലനി​റു​ത്തു​ക

“ജീവി​ക്കാ​നുള്ള ആഗ്രഹം രോഗി​യാ​യി​രി​ക്കു​മ്പോൾ നിന്നെ താങ്ങി​നി​റു​ത്തും” എന്ന്‌ ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ എഴുതി. (സദൃശ​വാ​ക്യ​ങ്ങൾ 18:14, റ്റുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ) ചികി​ത്സ​യെ​ക്കു​റി​ച്ചു രോഗി​ക്കുള്ള പ്രതീ​ക്ഷകൾ—അത്‌ ക്രിയാ​ത്മ​ക​മോ നിഷേ​ധാ​ത്മ​ക​മോ ആയി​ക്കൊ​ള്ളട്ടെ—പോ​ലെ​യാണ്‌ മിക്ക​പ്പോ​ഴും ചികി​ത്സ​യു​ടെ ഫലങ്ങളും വരിക എന്നകാ​ര്യം ഇന്നത്തെ ഗവേഷ​ക​രു​ടെ ശ്രദ്ധയിൽ പെട്ടി​ട്ടുണ്ട്‌. എന്നാൽ, ഏറെക്കാ​ലം നീണ്ടു​നിൽക്കുന്ന ഒരു രോഗം കുടും​ബത്തെ ഉലയ്‌ക്കു​മ്പോൾ കുടും​ബാം​ഗ​ങ്ങൾക്ക്‌ എങ്ങനെ​യാ​ണു ശുഭാ​പ്‌തി വിശ്വാ​സം നിലനി​റു​ത്താ​നാ​കുക?

രോഗ​മെന്ന യാഥാർഥ്യ​ത്തെ അംഗീ​ക​രി​ക്കു​മ്പോൾതന്നെ, തങ്ങൾക്ക്‌ അപ്പോ​ഴും ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ക്കു​ക​യാ​ണെ​ങ്കിൽ കുടും​ബ​ങ്ങൾക്കു കൂടുതൽ നന്നായി പൊരു​ത്ത​പ്പെ​ടാൻ കഴിയും. “സാഹച​ര്യ​ങ്ങൾ നിങ്ങളെ അങ്ങേയറ്റം നിഷേ​ധാ​ത്മ​ക​മാ​യി ചിന്തി​ക്കാൻ പ്രേരി​പ്പി​ക്കും,” ഒരു പിതാവ്‌ സമ്മതി​ക്കു​ന്നു. “പക്ഷേ, ജീവി​ത​ത്തിൽ അപ്പോ​ഴും നിങ്ങൾക്കു പലതും ഉണ്ടെന്ന കാര്യം മറക്കരുത്‌—നിങ്ങളു​ടെ ജീവൻ, കുടും​ബാം​ഗങ്ങൾ പിന്നെ സുഹൃ​ത്തു​ക്കൾ.”

വിട്ടു​മാ​റാ​ത്ത രോഗ​ങ്ങളെ നിസ്സാ​ര​മാ​യി എടുക്കാൻ പാടി​ല്ലെ​ങ്കി​ലും, ഒരു ഇരുളടഞ്ഞ കാഴ്‌ച​പ്പാട്‌ ഒഴിവാ​ക്കാൻ ആരോ​ഗ്യാ​വ​ഹ​മായ നർമ​ബോ​ധം​കൊ​ണ്ടു കഴിയും. എപ്പോൾ വേണ​മെ​ങ്കി​ലും തമാശ പറയാ​നുള്ള ഡെ റ്റോയി കുടും​ബാം​ഗ​ങ്ങ​ളു​ടെ കഴിവു​തന്നെ അതിന്‌ ഉദാഹ​ര​ണ​മാണ്‌. നീലിന്റെ ഏറ്റവും ഇളയ അനുജ​ത്തി​യായ കോളറ്റ്‌ പറയു​ന്നതു കേൾക്കൂ: “ചില പ്രത്യേക സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാൻ പഠിച്ചി​ട്ടു​ള്ള​തു​കൊണ്ട്‌, സംഭവി​ക്കുന്ന പല കാര്യ​ങ്ങ​ളും ഇപ്പോൾ ഞങ്ങൾക്കു ചിരി​ച്ചു​ത​ള്ളാ​നാ​കും. മറ്റുള്ള​വർക്ക്‌ ഒരുപക്ഷേ അതിനെ ആ രീതി​യിൽ കാണാ​നാ​വി​ല്ലാ​യി​രി​ക്കാം. എന്നാൽ, അങ്ങനെ ചെയ്യു​ന്നത്‌ ഞങ്ങളുടെ മാനസിക പിരി​മു​റു​ക്കങ്ങൾ ഇല്ലാ​തെ​യാ​ക്കാൻ എന്തുമാ​ത്ര​മാ​ണു സഹായി​ക്കു​ന്ന​തെന്നു പറഞ്ഞറി​യി​ക്കാ​നാ​കില്ല.” “സന്തുഷ്ട​ഹൃ​ദയം നല്ലോരു ഔഷധ​മാ​കു​ന്നു” എന്നു ബൈബിൾ നമുക്ക്‌ ഉറപ്പു​ത​രു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 17:22.

അതി​പ്ര​ധാ​ന​മായ ആത്മീയ മൂല്യങ്ങൾ

സത്യ ക്രിസ്‌ത്യാ​നി​ക​ളു​ടെ ആത്മീയ ക്ഷേമത്തിന്‌ ഏറ്റവും ആവശ്യ​മാ​യി​രി​ക്കുന്ന സംഗതി​ക​ളി​ലൊ​ന്നാണ്‌ ‘പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും അവരുടെ ആവശ്യങ്ങൾ ദൈവ​ത്തോട്‌ അറിയി​ക്കുക’ എന്നത്‌. അതിന്റെ ഫലം എന്തായി​രി​ക്കു​മെന്ന്‌ ബൈബിൾ ഈ വാക്കു​ക​ളിൽ വിവരി​ക്കു​ന്നു: “എന്നാൽ സകലബു​ദ്ധി​യേ​യും കവിയുന്ന ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേ​ശു​വി​ങ്കൽ കാക്കും.” (ഫിലി​പ്പി​യർ 4:6, 7) മാറാ​രോ​ഗം ബാധിച്ച തന്റെ രണ്ടു കുട്ടി​കളെ ഏകദേശം 30 വർഷ​ത്തോ​ളം പരിച​രിച്ച ഒരമ്മ പറയുന്നു: “പൊരു​ത്ത​പ്പെ​ടാൻ യഹോവ നമ്മെ സഹായി​ക്കു​മെന്ന്‌ ഞങ്ങൾ അനുഭ​വ​ത്തി​ലൂ​ടെ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. അവൻ തീർച്ച​യാ​യും നമ്മെ താങ്ങും.”

കൂടാതെ, വേദന​യും കഷ്ടപ്പാ​ടും ഒന്നുമി​ല്ലാത്ത ഒരു ലോക​ത്തെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നങ്ങൾ അനേക​രു​ടെ​യും ഉള്ളിൽ ആശ്വാ​സ​ത്തി​ന്റെ ഒരു കുളിർമ​ഴ​യാ​യി പെയ്‌തി​റ​ങ്ങി​യി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 21:3-5) “ഒരു മാറാ​രോ​ഗ​ത്തി​ന്റെ തിക്തഫ​ലങ്ങൾ ഞങ്ങളുടെ കുടും​ബം അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​തു​കൊണ്ട്‌, ‘മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷി​ക്കും’ എന്ന ബൈബിൾ വാഗ്‌ദാ​നങ്ങൾ കൂടുതൽ അർഥവ​ത്താ​യി ഞങ്ങൾക്കു തോന്നു​ന്നു,” ബ്രാം പറയുന്നു. ‘എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറയു​ക​യി​ല്ലാത്ത’ ഒരു പറുദീ​സാ​വ​സ്ഥ​യ്‌ക്കാ​യി മറ്റു പലരെ​യും പോലെ ഡെ റ്റോയി കുടും​ബ​വും പ്രതീ​ക്ഷ​യോ​ടെ കാത്തി​രി​ക്കു​ന്നു.—യെശയ്യാ​വു 33:24; 35:6.

ധൈര്യ​പ്പെ​ടു​ക. വാസ്‌ത​വ​ത്തിൽ, മനുഷ്യ​വർഗത്തെ ഭാര​പ്പെ​ടു​ത്തുന്ന ഈ വേദന​യും കഷ്ടപ്പാ​ടു​ക​ളു​മെ​ല്ലാം ഒരു ശോഭ​ന​മായ ഭാവി തൊട്ടു​മു​ന്നിൽ ഉണ്ടെന്നു​ള്ള​തി​ന്റെ തെളി​വു​ക​ളാണ്‌. (ലൂക്കൊസ്‌ 21:7, 10, 11) എന്നാൽ ഇപ്പോൾ, വിട്ടു​മാ​റാത്ത തരം രോഗ​ങ്ങൾകൊ​ണ്ടു കഷ്ടപ്പെ​ടു​ന്ന​വർക്കും അവരെ പരിച​രി​ക്കു​ന്ന​വർക്കും ഒരുകാ​ര്യം അനുഭ​വി​ച്ച​റി​യാൻ കഴിയും, ‘നമുക്കുള്ള കഷ്ടത്തിൽ ഒക്കെയും നമ്മെ ആശ്വസി​പ്പി​ക്കുന്ന മനസ്സലി​വുള്ള പിതാ​വും സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവ​വു​മാണ്‌’ യഹോവ എന്ന്‌.—2 കൊരി​ന്ത്യർ 1:3, 4.

[അടിക്കു​റി​പ്പു​കൾ]

a രോഗം ഏൽപ്പി​ക്കുന്ന വൈകാ​രിക ആഘാത​വു​മാ​യി പൊരു​ത്ത​പ്പെ​ടേണ്ട വിധം സംബന്ധിച്ച കൂടു​ത​ലായ വിവര​ങ്ങൾക്കു വേണ്ടി ദയവായി 1997 ഫെബ്രു​വരി 8 ഉണരുക!യുടെ 3 മുതൽ 13 വരെയുള്ള പേജു​ക​ളി​ലെ “പരിച​രണം—വെല്ലു​വി​ളി​യെ നേരിടൽ” എന്ന ലേഖന​പ​രമ്പര കാണുക.

[8-ാം പേജിലെ ചതുരം/ചിത്രം]

കുടുംബാംഗങ്ങൾക്കു ഡോക്ട​റോ​ടു ചോദി​ക്കാ​വുന്ന ചോദ്യ​ങ്ങൾ

•രോഗത്തിന്റെ ഓരോ ഘട്ടത്തി​ലും എന്തെല്ലാം പ്രതീ​ക്ഷി​ക്കണം?

•എന്തെല്ലാം ലക്ഷണങ്ങൾ ഉണ്ടായി​രി​ക്കും, എങ്ങനെ​യാണ്‌ അവ നിയ​ന്ത്രി​ക്കാൻ കഴിയുക?

•എന്തെല്ലാം പകരചി​കി​ത്സ​ക​ളാണ്‌ ലഭ്യമാ​യി​രി​ക്കു​ന്നത്‌?

•വ്യത്യസ്‌ത ചികി​ത്സാ​രീ​തി​ക​ളു​ടെ പാർശ്വ​ഫ​ല​ങ്ങ​ളും അപകട​സാ​ധ്യ​ത​ക​ളും പ്രയോ​ജ​ന​ങ്ങ​ളും എന്തൊ​ക്കെ​യാണ്‌?

•സാഹചര്യം മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ എന്തു ചെയ്യാൻ കഴിയും, എന്നാൽ എന്തെല്ലാം ഒഴിവാ​ക്കണം?

[11-ാം പേജിലെ ചതുരം/ചിത്രം]

നിങ്ങൾക്കു പിന്തു​ണ​യേ​കാൻ കഴിയുന്ന വിധം

എന്തു പറയണ​മെ​ന്നോ സാഹച​ര്യ​ത്തെ എങ്ങനെ കൈകാ​ര്യം ചെയ്യണ​മെ​ന്നോ വലിയ നിശ്ചയ​മി​ല്ലാ​ത്ത​തു​കൊണ്ട്‌ ചിലർക്കു രോഗി​കളെ സന്ദർശി​ക്കാൻ അല്ലെങ്കിൽ അവർക്കു സഹായം വാഗ്‌ദാ​നം ചെയ്യാൻ മടിയാ​യി​രു​ന്നേ​ക്കാം. ഇനി മറ്റുചി​ല​രാ​ണെ​ങ്കിൽ, ആവശ്യ​ത്തി​ലേറെ ഉപദേ​ശ​വും മറ്റും കൊടുത്ത്‌ അവരെ ബുദ്ധി​മു​ട്ടി​ച്ചേ​ക്കാം. രോഗി​ക്കു ഗുണം ചെയ്യു​മെന്ന വിചാ​ര​ത്തോ​ടെ​യാ​ണെ​ങ്കി​ലും അത്തരം നിർദേ​ശങ്ങൾ അടി​ച്ചേൽപ്പി​ക്കാൻ ശ്രമി​ക്കു​മ്പോൾ വാസ്‌ത​വ​ത്തിൽ അവർ ആ കുടും​ബത്തെ സമ്മർദ​ത്തി​ലാ​ഴ്‌ത്തു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. മാറാ​രോ​ഗ​വു​മാ​യി കഴിയുന്ന ഒരാളു​ടെ വീട്ടു​കാർക്ക്‌ എങ്ങനെ പിന്തു​ണ​യേ​കാം, അതും അവരുടെ സ്വകാ​ര്യ​ത​യു​ടെ​മേൽ കടന്നാ​ക്ര​മണം നടത്താതെ?

സമാനു​ഭാ​വ​ത്തോ​ടെ ശ്രദ്ധി​ക്കുക. “കേൾപ്പാൻ വേഗത”യുള്ളവ​രാ​യി​രി​ക്കുക എന്ന്‌ യാക്കോബ്‌ 1:19 പറയുന്നു. നിങ്ങളു​ടെ മുമ്പിൽ മനസ്സിന്റെ ഭാരങ്ങ​ളെ​ല്ലാം ഇറക്കി​വെ​ക്കാൻ രോഗി​യു​ടെ വീട്ടു​കാർ ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, അവർ പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധി​ച്ചു​കൊണ്ട്‌ അവരോ​ടു കരുതൽ പ്രകട​മാ​ക്കുക. നിങ്ങൾക്കു “സഹാനു​ഭൂ​തി” ഉണ്ടെന്നു മനസ്സി​ലാ​ക്കു​മ്പോൾ, നിങ്ങ​ളോ​ടു സംസാ​രി​ക്കാൻ അവർ കൂടുതൽ താത്‌പ​ര്യം കാട്ടി​യേ​ക്കാം. (1 പത്രൊസ്‌ 3:8, NW) എന്നാലും ഒരു കാര്യം മനസ്സിൽ പിടി​ക്കു​ന്നതു നന്നായി​രി​ക്കും. വിട്ടു​മാ​റാത്ത രോഗം പിടി​പെ​ടു​മ്പോൾ എല്ലാവ​രും ഒരു​പോ​ലെ​യാ​യി​രി​ക്കില്ല പ്രതി​ക​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌, “രോഗ​ത്തെ​ക്കു​റി​ച്ചോ സാഹച​ര്യ​ത്തെ​ക്കു​റി​ച്ചോ ഉള്ള മുഴു​വി​ശ​ദാം​ശ​ങ്ങ​ളും മനസ്സി​ലാ​ക്കു​ന്ന​തി​നു മുമ്പേ ഉപദേശം കൊടു​ക്കാ​തി​രി​ക്കു​ക​യാ​കും നല്ലത്‌” എന്ന്‌ കാത്‌ലീൻ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 10:19) വിട്ടു​മാ​റാത്ത രോഗം ബാധിച്ച തന്റെ അമ്മയെ​യും ഭർത്താ​വി​നെ​യും പരിച​രിച്ച അനുഭ​വ​മുണ്ട്‌ കാത്‌ലീന്‌. ഇനി ഈ വിഷയ​ത്തെ​ക്കു​റി​ച്ചു നിങ്ങൾക്ക്‌ എന്തെങ്കി​ലും അറിയാ​മെ​ങ്കിൽത്തന്നെ, ഒരുപക്ഷേ നിങ്ങളു​ടെ ഉപദേശം ആരായാ​നോ സ്വീക​രി​ക്കാ​നോ രോഗി​യോ വീട്ടു​കാ​രോ ആഗ്രഹി​ക്കു​ന്നി​ല്ലാ​യി​രി​ക്കാം എന്ന കാര്യ​വും മനസ്സിൽ പിടി​ക്കുക.

പ്രാ​യോ​ഗിക സഹായം നൽകുക. രോഗി​യു​ടെ കുടും​ബാം​ഗ​ങ്ങൾക്കു സ്വകാ​ര്യത ആവശ്യ​മാ​ണെന്ന്‌ തിരി​ച്ച​റി​യുക. അതേസ​മ​യം​തന്നെ, അവർക്കു നിങ്ങളു​ടെ സഹായം ആവശ്യ​മാ​യി വരു​മ്പോൾ അതു നൽകാൻ തയ്യാറാ​യി​രി​ക്കു​ക​യും ചെയ്യുക. (1 കൊരി​ന്ത്യർ 10:24) ഈ ലേഖന​പ​ര​മ്പ​ര​യിൽ ഉടനീളം പരാമർശി​ച്ചി​രി​ക്കുന്ന ബ്രാം ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ ക്രിസ്‌തീയ സുഹൃ​ത്തു​ക്കൾ എന്തുമാ​ത്ര​മാ​ണു ഞങ്ങളെ സഹായി​ച്ച​തെന്നു വാക്കു​ക​ളി​ലൂ​ടെ വിവരി​ക്കാ​നാ​വില്ല. മിഷെ​ലി​നു രോഗം കൂടി ഞങ്ങൾ ആശുപ​ത്രി​യിൽ ആയിരു​ന്ന​പ്പോൾ അഞ്ചാറു സുഹൃ​ത്തു​ക്ക​ളെ​ങ്കി​ലും എന്നും രാത്രി മുഴുവൻ ഞങ്ങൾക്കു കൂട്ടി​രി​ക്കു​മാ​യി​രു​ന്നു. ഞങ്ങൾക്കു സഹായം ആവശ്യ​മാ​യി വന്നപ്പോ​ഴെ​ല്ലാം അതിനു തയ്യാറാ​യി അവരവി​ടെ ഉണ്ടായി​രു​ന്നു.” അദ്ദേഹ​ത്തി​ന്റെ ഭാര്യ ആൻ കൂട്ടി​ച്ചേർക്കു​ന്നു: “മരം​കോ​ച്ചുന്ന തണുപ്പുള്ള ഒരു ശിശി​ര​കാ​ല​മാ​യി​രു​ന്നു അത്‌. ഓരോ ദിവസ​വും ഓരോ തരത്തി​ലുള്ള സൂപ്പ്‌, രണ്ടാഴ്‌ച​ത്തേക്ക്‌ അവർ ഞങ്ങൾക്കു നൽകി. ആവി പറക്കുന്ന സൂപ്പും പിന്നെ നിർലോ​ഭ​മാ​യി ലഭിച്ച ഊഷ്‌മ​ള​മായ സ്‌നേ​ഹ​വും ഞങ്ങളെ പരി​പോ​ഷി​പ്പി​ച്ചു.”

അവരോ​ടൊ​പ്പം പ്രാർഥി​ക്കുക. ചില​പ്പോൾ, കാര്യ​മായ പ്രാ​യോ​ഗിക സഹായ​മൊ​ന്നും നിങ്ങൾ നൽകേ​ണ്ട​തി​ല്ലാ​യി​രു​ന്നേ​ക്കാം. അല്ലെങ്കിൽ തീരെ നിസ്സാ​ര​മായ എന്തെങ്കി​ലും ചെയ്യാനേ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. അങ്ങനെ​യു​ള്ള​പ്പോൾ, രോഗി​ക​ളു​മാ​യോ അവരുടെ കുടും​ബാം​ഗ​ങ്ങ​ളു​മാ​യോ കെട്ടു​പണി ചെയ്യുന്ന എന്തെങ്കി​ലും തിരു​വെ​ഴു​ത്താ​ശ​യങ്ങൾ പങ്കു​വെ​ക്കു​ക​യോ അവരോ​ടൊ​പ്പം ഹൃദയം​ഗ​മ​മാ​യി പ്രാർഥി​ക്കു​ക​യോ ചെയ്യു​ന്നത്‌ വളരെ​യ​ധി​കം പ്രോ​ത്സാ​ഹ​ന​മേ​കും. (യാക്കോബ്‌ 5:16) “മാറാ​രോ​ഗങ്ങൾ ഉള്ളവർക്കും വീട്ടു​കാർക്കും വേണ്ടി—അവരോ​ടൊ​പ്പ​മി​രു​ന്നും—പ്രാർഥി​ക്കു​ന്ന​തി​ന്റെ ശക്തി ഒരിക്ക​ലും വിലകു​റച്ചു കാണരുത്‌” എന്ന്‌ 18-കാരനായ നിക്കോ​ളാസ്‌ പറയുന്നു. അവന്റെ അമ്മ സ്ഥായി​യായ വിഷാ​ദ​രോ​ഗ​ത്തിന്‌ അടിമ​യാണ്‌.

അതേ, വിട്ടു​മാ​റാത്ത രോഗം ഉളവാ​ക്കുന്ന സമ്മർദ​ത്തോ​ടു പൊരു​ത്ത​പ്പെ​ടു​ന്ന​തിന്‌ ശരിയായ തരം പിന്തുണ വീട്ടു​കാർക്കു വളരെ​യ​ധി​കം സഹായ​ക​മാ​കും. ബൈബിൾ അത്‌ ഈ വാക്കു​ക​ളിൽ പ്രസ്‌താ​വി​ക്കു​ന്നു: “ഒരു സുഹൃത്ത്‌ എക്കാല​വും സ്‌നേ​ഹ​വാ​നായ ഒരു സഹചാ​രി​യാണ്‌, ഒരു സഹോ​ദരൻ പ്രശ്‌നങ്ങൾ പങ്കു​വെ​ക്കാ​നാ​യി ജനിച്ച​വ​നും.”—സദൃശ​വാ​ക്യ​ങ്ങൾ 17:17, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ.

[12-ാം പേജിലെ ചതുരം/ചിത്രം]

രോഗം മാരക​മാ​യി​രി​ക്കു​മ്പോൾ

മാരക​മായ രോഗം ബാധിച്ച പ്രിയ​പ്പെട്ട ഒരു വ്യക്തി​യു​ടെ ആസന്നമായ മരണ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ ചില വീട്ടു​കാർ വിമുഖത കാട്ടി​യേ​ക്കാം. എന്നിരു​ന്നാ​ലും, “എന്തു പ്രതീ​ക്ഷി​ക്ക​ണ​മെ​ന്നും എന്തെല്ലാം ചെയ്യണ​മെ​ന്നും ഒരു ഏകദേശ ധാരണ ഉണ്ടായി​രി​ക്കു​ന്നത്‌ പെട്ടെ​ന്നുള്ള സംഭ്ര​മാ​വസ്ഥ കുറയ്‌ക്കാൻ സഹായി​ക്കും” എന്ന്‌ പരിച​രണം നൽകൽ—പൊരു​ത്ത​പ്പെ​ടേണ്ട വിധം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. സ്വീക​രി​ക്കേണ്ട പടികൾ പ്രാ​ദേ​ശിക നിയമ​ങ്ങൾക്കും ആചാര​ങ്ങൾക്കും അനുസ​രിച്ച്‌ വ്യത്യാ​സ​പ്പെ​ട്ടേ​ക്കാ​മെ​ങ്കി​ലും മാരക​മായ രോഗം പിടി​പെ​ട്ടി​രി​ക്കുന്ന ഒരു കുടും​ബാം​ഗത്തെ വീട്ടിൽവെച്ച്‌ പരിച​രി​ക്കു​മ്പോൾ മറ്റുള്ളവർ മനസ്സിൽ പിടി​ക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കു​ന്നു:

മുൻകൂട്ടി ചെയ്യേ​ണ്ടത്‌

1.അവസാന നിമി​ഷ​ങ്ങ​ളിൽ എന്തെല്ലാം സംഭവി​ച്ചേ​ക്കാ​മെന്ന്‌ ഡോക്ട​റോട്‌ ചോദി​ച്ചു മനസ്സി​ലാ​ക്കുക. മരണം സംഭവി​ക്കു​ന്നത്‌ രാത്രി​യിൽ ആണെങ്കിൽ എന്തു​ചെ​യ്യ​ണ​മെ​ന്നും.

2.മരണവി​വരം അറിയി​ക്കേ​ണ്ട​വ​രു​ടെ​യെ​ല്ലാം പേരുകൾ നേര​ത്തെ​തന്നെ എഴുതി​വെ​ക്കുക.

3.ശവസം​സ്‌കാ​ര​ത്തെ​ക്കു​റി​ച്ചുള്ള കാര്യ​ങ്ങ​ളും പരിചി​ന്തി​ക്കേ​ണ്ട​തുണ്ട്‌:

•രോഗിയുടെ ആഗ്രഹങ്ങൾ എന്തെല്ലാ​മാ​ണെന്ന്‌ ചോദി​ച്ച​റി​യുക.

•മൃതദേഹം അടക്കു​ക​യാ​ണോ വൈദ്യു​തി ഉപയോ​ഗിച്ച്‌ ദഹിപ്പി​ക്കു​ക​യാ​ണോ വേണ്ടത്‌?

•ശവസംസ്‌കാര ചടങ്ങുകൾ എപ്പോ​ഴാ​ണു നടത്തേ​ണ്ടത്‌? ദൂരസ്ഥ​ല​ങ്ങ​ളിൽനിന്ന്‌ ആരെങ്കി​ലും വരേണ്ട​തു​ണ്ടെ​ങ്കിൽ, യാത്ര​യ്‌ക്കുള്ള സമയം കൂടെ കണക്കി​ലെ​ടു​ക്കണം.

•ശവസംസ്‌കാര ചടങ്ങുകൾ ആരാണു നടത്തേ​ണ്ടത്‌?

•അത്‌ എവി​ടെ​വെച്ചു നടത്തണം?

4.മരുന്നു​കൊ​ടു​ത്തു മയക്കി​ക്കി​ട​ത്തി​യി​രി​ക്കു​ക​യാ​ണെങ്കി​ലും, തനിക്കു ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സംഭാ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം രോഗിക്ക്‌ അപ്പോ​ഴും ബോധ​മു​ണ്ടാ​യി​രു​ന്നേ​ക്കാം. അതു​കൊണ്ട്‌, കേൾക്ക​രു​താത്ത കാര്യങ്ങൾ രോഗി​യു​ടെ സമീപ​ത്തു​വെച്ച്‌ പറയാ​തി​രി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം. രോഗി​യു​ടെ കൈയിൽ പിടിച്ച്‌, ശാന്തമാ​യി സംസാ​രി​ച്ചു​കൊണ്ട്‌ അയാൾക്കു ധൈര്യം പകരാ​വു​ന്ന​താണ്‌.

മരണത്തെ തുടർന്ന്‌ . . .

വീട്ടുകാരെ സഹായി​ക്കു​ന്ന​തിന്‌ മറ്റുള്ള​വർക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ താഴെ കൊടു​ക്കു​ന്നു:

1.പ്രിയ​പ്പെട്ട ആൾ മരിച്ചു​വെന്ന യാഥാർഥ്യ​ത്തെ അംഗീ​ക​രി​ക്കു​ന്ന​തിന്‌ മൃത​ദേ​ഹ​ത്തോ​ടൊ​പ്പം ന്യായ​മായ സമയം ചെലവ​ഴി​ക്കാൻ വീട്ടു​കാ​രെ അനുവ​ദി​ക്കണം.

2.വീട്ടു​കാ​രോ​ടൊ​പ്പം പ്രാർഥി​ക്കുക.

3.കുടും​ബാം​ഗങ്ങൾ മാനസി​ക​മാ​യി തയ്യാറാ​യി​ക്ക​ഴി​യു​മ്പോൾ, താഴെ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളിൽ അവരെ സഹായി​ക്കാ​വു​ന്ന​താണ്‌:

•മരണവിവരം സ്ഥിരീ​ക​രി​ക്കാ​നും മരണ സർട്ടി​ഫി​ക്കറ്റ്‌ നൽകാ​നും ഡോക്ടറെ വിവര​മ​റി​യി​ക്കു​ന്നത്‌.

•മൃതദേഹം സൂക്ഷി​ക്കേണ്ട ആവശ്യ​മു​ണ്ടെ​ങ്കിൽ മോർച്ച​റി​യെ​ക്കു​റി​ച്ചുള്ള വിവര​വും അത്‌ അടക്കാ​നുള്ള ശ്‌മശാ​ന​ത്തെ​ക്കു​റി​ച്ചുള്ള വിവര​വും ശേഖരി​ച്ചു​നൽകു​ന്നത്‌.

•ബന്ധുമിത്രാദികളെ വിവര​മ​റി​യി​ക്കു​ന്നത്‌. (നിങ്ങൾക്ക്‌ നയപൂർവം ഇങ്ങനെ എന്തെങ്കി​ലും പറയാ​വു​ന്ന​താണ്‌: “ഞാൻ [രോഗി​യു​ടെ പേര്‌] കുറി​ച്ചുള്ള വിവരം അറിയി​ക്കാ​നാ​ണു ഫോൺ ചെയ്യു​ന്നത്‌. ദുഃഖ​ക​ര​മായ ഒരു വാർത്ത​യാണ്‌ എനിക്കു പറയാ​നു​ള്ളത്‌. [രോഗി] കുറച്ചു​കാ​ല​മാ​യി [രോഗ​ത്തി​ന്റെ പേര്‌] കൊണ്ടു കഷ്ടപ്പെ​ടു​ക​യാ​യി​രു​ന്ന​ല്ലോ. അദ്ദേഹം മരിച്ചു​പോ​യി. [എവി​ടെ​വെ​ച്ചെ​ന്നും എങ്ങനെ​യെ​ന്നും കൂടെ പറയുക.]

•വീട്ടുകാർ താത്‌പ​ര്യ​പ്പെ​ടു​ന്നു​വെ​ങ്കിൽ വിവരം ഒരു പത്രമാ​ഫീ​സി​ലും അറിയി​ക്കുക.

4.ശവസം​സ്‌കാര ചടങ്ങുകൾ സംബന്ധി​ച്ചുള്ള കാര്യ​ങ്ങൾക്ക്‌ അന്തിമ​രൂ​പം നൽകു​ന്ന​തിന്‌ വീട്ടു​കാർക്ക്‌ ആരു​ടെ​യെ​ങ്കി​ലും സഹായം വേണ​മെ​ങ്കിൽ ചെയ്‌തു​കൊ​ടു​ക്കുക.

[9-ാം പേജിലെ ചിത്രം]

ഒരളവുവരെ ജീവിതം ആസ്വദി​ക്കു​ന്ന​തി​നു രോഗി​യെ സഹായി​ക്കാൻ കുടും​ബാം​ഗങ്ങൾ കഴിവി​ന്റെ പരമാ​വധി ചെയ്യണം

[10-ാം പേജിലെ ചിത്രം]

കുടുംബത്തോടൊപ്പം പ്രാർഥി​ക്കു​ന്നത്‌ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ അവരെ സഹായി​ക്കും