അതു നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുകയില്ല!
അതു നഷ്ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുകയില്ല!
ഏത്? യഹോവയുടെ സാക്ഷികളുടെ “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ! ഈ കൺവെൻഷൻ പരമ്പര മേയിൽ ഐക്യനാടുകളിൽ ആരംഭിച്ചു. അടുത്ത ഏതാനും മാസങ്ങളിലായി ലോകത്തെമ്പാടുമുള്ള നൂറുകണക്കിനു നഗരങ്ങളിൽ ഇവ നടത്തപ്പെടും. മിക്കയിടങ്ങളിലും പരിപാടി വെള്ളിയാഴ്ച രാവിലെ 9:30-ന് സംഗീതത്തോടെ ആരംഭിക്കും.
ദൈവവചനത്തിന് അടുത്ത ശ്രദ്ധ കൊടുക്കാനുള്ള ഒരു പ്രോത്സാഹനത്തിനു ശേഷം അന്നു രാവിലെ “യഹോവയുടെ നന്മയിൽ സന്തോഷിക്കുക,” “അദൃശ്യനായവനെ കണ്ടതുപോലെ ഉറച്ചുനിൽക്കുന്നതിൽ തുടരുക” എന്നീ പ്രസംഗങ്ങളും ഉണ്ടായിരിക്കും. “അത്ഭുതപ്രവൃത്തികൾ ചെയ്യുന്നവനായ യഹോവയെ വാഴ്ത്തുക” എന്ന മുഖ്യവിഷയ പ്രസംഗത്തോടെ രാവിലത്തെ പരിപാടികൾ അവസാനിക്കും.
ഉച്ചകഴിഞ്ഞുള്ള ആദ്യത്തെ പ്രസംഗത്തിന്റെ വിഷയം “നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്” എന്നതായിരിക്കും. അതിനെ തുടർന്ന്, ഒരു വിവാഹപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ആത്മീയമായി ശക്തമായ ഒരു കുടുംബം എങ്ങനെ കെട്ടിപ്പടുക്കാം, യഹോവയെ സ്നേഹിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാൻ കഴിയും എന്നീ സംഗതികൾ ചർച്ച ചെയ്യുന്ന മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം ഉണ്ടായിരിക്കും. “യഹോവയുടെ സംഘടനയോടൊത്തു നടക്കുക” എന്ന വെള്ളിയാഴ്ചത്തെ അവസാന പ്രസംഗം ഈ ആധുനികകാലത്ത് ദൈവോദ്ദേശ്യങ്ങളുടെ ഗ്രാഹ്യത്തിൽ ഉണ്ടായിട്ടുള്ള ക്രമാനുഗതമായ വർധനവ് അവലോകനം ചെയ്യും.
ശനിയാഴ്ച രാവിലെ മൂന്നു ഭാഗങ്ങളുള്ള മറ്റൊരു സിമ്പോസിയം ഉണ്ടായിരിക്കും. ശിഷ്യരാക്കൽ വേല നിർവഹിക്കേണ്ട വിധത്തെ കുറിച്ചുള്ള നിർദേശങ്ങൾ പ്രദാനം ചെയ്യുന്ന ഇതിന്റെ വിഷയം “ദൈവവചനത്തിന്റെ ശുശ്രൂഷകർ” എന്നതായിരിക്കും. അതേ തുടർന്ന് “ദൈവത്തിനു ലജ്ജ വരുത്താതിരിക്കുക” എന്ന ഹൃദയോഷ്മളമായ പ്രസംഗം കേൾക്കാൻ കഴിയും. പിന്നീടു നടക്കുന്നതു സ്നാപന പ്രസംഗമായിരിക്കും. യോഗ്യതയുള്ളവർക്കു സ്നാപനത്തിനുള്ള അവസരം ഉണ്ട്.
“ആത്മീയത നട്ടുവളർത്തുന്നതിനു കഠിനശ്രമം ചെയ്യുക” എന്ന വിഷയത്തിൽ മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം ഉച്ചകഴിഞ്ഞു നടത്തപ്പെടും. ആത്മീയത എങ്ങനെ വളർത്തിയെടുക്കാം എന്നതു സംബന്ധിച്ച പ്രായോഗിക നിർദേശങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പരിപാടി ആയിരിക്കും അത്. യെശയ്യാ പുസ്തകത്തിന്റെ 25, 26 അധ്യായങ്ങൾ ചർച്ച ചെയ്യുകയും വിസ്മയകരമായ ഈ ബൈബിൾ പുസ്തകത്തിന്റെ കൂടുതലായ ഗ്രാഹ്യം എങ്ങനെ നേടാമെന്നു കാണിച്ചു തരികയും ചെയ്യുന്ന “ദൈവവചനത്തിന്റെ വർധിച്ചുവരുന്ന പ്രകാശത്തിൽ നടക്കുക” എന്ന പ്രബോധനാത്മകമായ പ്രസംഗത്തോടെ അന്നത്തെ പരിപാടികൾ സമാപിക്കും.
ഞായറാഴ്ച രാവിലെ, “ദൈവേഷ്ടം ചെയ്യുന്നവർക്കായുള്ള സെഫന്യാവിന്റെ അർഥപൂർണമായ പ്രവചനം” എന്ന വിഷയത്തെ കേന്ദ്രീകരിച്ച് മൂന്നു ഭാഗങ്ങളുള്ള ഒരു സിമ്പോസിയം ഉണ്ടായിരിക്കും. പുരാതന കാലത്തെ യഹൂദജനതയുടെ കാര്യത്തിൽ ആ പ്രവചനം എങ്ങനെ നിവൃത്തിയേറിയെന്നും നമ്മുടെ കാലത്ത് പ്രത്യേകിച്ചും ലോകമതങ്ങളോടുള്ള ബന്ധത്തിൽ അത് എങ്ങനെ നിവൃത്തിയേറുന്നുവെന്നും ആ പരിപാടി വിശദീകരിക്കും. അതേ തുടർന്ന് “നമ്മുടെ നാളിലേക്കുള്ള മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ” എന്ന നാടകം നമുക്ക് ആസ്വദിക്കാൻ കഴിയും. വാഗ്ദത്ത ദേശത്തിന്റെ കവാടത്തിലെത്തിയ ഇസ്രായേല്യ പുരുഷന്മാർ അധാർമികതയിലേക്കു വീണുപോയതിനെ കുറിച്ചുള്ള വിവരണമാണു പുരാതന വേഷവിധാനങ്ങളോടു കൂടിയ നാടകത്തിന് ആധാരം. “ദൈവത്തിന്റെ അത്ഭുതപ്രവൃത്തികൾക്കു ശ്രദ്ധകൊടുക്കേണ്ടത് എന്തുകൊണ്ട്?” എന്ന പരസ്യ പ്രസംഗം കൺവെൻഷന്റെ അവസാന ദിവസമായ ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള പരിപാടിയുടെ ഒരു സവിശേഷത ആയിരിക്കും.
മൂന്നു ദിവസവും ഹാജരാകുന്നതിനു വേണ്ട ക്രമീകരണങ്ങൾ ഇപ്പോൾത്തന്നെ ചെയ്യുക. നിങ്ങളുടെ വീടിന് ഏറ്റവും അടുത്തുള്ള കൺവെൻഷൻ സ്ഥലം ഏതാണെന്ന് അറിയുന്നതിന് നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുകയോ ചെയ്യുക.