വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അശ്ലീലം ഇന്റർനെറ്റിൽ

അശ്ലീലം ഇന്റർനെറ്റിൽ

അശ്ലീലം ഇന്റർനെ​റ്റിൽ

ലോകമെമ്പാടും ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ദിവസ​വും ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്നു. ബിസി​നസ്സ്‌ ഇടപാ​ടു​കൾ നടത്താ​നോ ലോക വാർത്തകൾ അറിയാ​നോ വിവിധ രാജ്യ​ങ്ങളെ സംബന്ധി​ച്ചു പഠിക്കാ​നോ യാത്ര​യ്‌ക്ക്‌ ആവശ്യ​മായ വിവരങ്ങൾ സമാഹ​രി​ക്കാ​നോ ലോക​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽ താമസി​ക്കുന്ന ബന്ധുമി​ത്രാ​ദി​ക​ളു​മാ​യി ആശയവി​നി​മയം നടത്താ​നോ കാലാവസ്ഥ അറിയാ​നോ ഒക്കെയാണ്‌ പലരും അത്‌ ഉപയോ​ഗി​ക്കു​ന്നത്‌. എന്നാൽ ചിലർ—വിവാ​ഹി​ത​രും അവിവാ​ഹി​ത​രും നല്ലൊരു സംഖ്യ കുട്ടി​ക​ളും—തികച്ചും വ്യത്യ​സ്‌ത​മായ ഒരു കാര്യ​ത്തി​നു വേണ്ടി​യാണ്‌ ഇന്റർനെ​റ്റി​ന്റെ ലോക​ത്തിൽ കടന്നു​കൂ​ടു​ന്നത്‌: അശ്ലീലം കണ്ടു രസിക്കു​ന്ന​തി​നു വേണ്ടി.

കമ്പ്യൂട്ടർ അശ്ലീലം അഥവാ സൈബർപോൺ ഇന്ന്‌ വളരെ ജനപ്രീ​തി ആർജി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അത്‌ കോടി​ക്ക​ണ​ക്കി​നു ഡോളർ വാരി​ക്കൂ​ട്ടുന്ന ഒരു ബിസി​നസ്സ്‌ ആയി മാറി​യി​രി​ക്കു​ന്നു. ദ വാൾ സ്‌ട്രീറ്റ്‌ ജേർണൽ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി: “ലാഭം കൊയ്യുന്ന ഒരു വെബ്‌​സൈറ്റ്‌ പരി​ശോ​ധി​ച്ചു നോക്കൂ, അതിൽ അശ്ലീല വിവര​ങ്ങ​ളു​ടെ ഒരു പ്രളയം​തന്നെ ഉണ്ടായി​രി​ക്കാ​നുള്ള സാധ്യ​ത​യുണ്ട്‌.”

അശ്ലീലം ആസ്വദി​ക്കാൻ ആളുകൾ ഇന്റർനെറ്റ്‌ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ജേർണൽ വിശദീ​ക​രി​ക്കു​ക​യു​ണ്ടാ​യി: “തരംതാണ സാഹി​ത്യ​ങ്ങ​ളു​ടെ വിൽപ്പ​ന​യ്‌ക്കു പേരു​കേട്ട ഒരു പുസ്‌ത​ക​ശാ​ല​യി​ലേക്ക്‌ പാത്തും​പ​തു​ങ്ങി​യും പോ​കേ​ണ്ട​തി​ല്ലാ​തെ, അടുത്തുള്ള വീഡി​യോ കടയിലെ നീലച്ചി​ത്രങ്ങൾ സൂക്ഷി​ച്ചി​രി​ക്കുന്ന മുറി​യി​ലേക്ക്‌ ഒളിച്ചു​ക​ട​ക്കേ​ണ്ട​തി​ല്ലാ​തെ, ആളുകൾക്ക്‌ തങ്ങളുടെ ഭവനത്തി​ന്റെ അല്ലെങ്കിൽ ഓഫീ​സി​ന്റെ സ്വകാ​ര്യ​ത​യിൽ ഇരുന്നു​കൊ​ണ്ടു​തന്നെ അശ്ലീലം ആസ്വദി​ക്കാൻ സാധി​ക്കും.”

അശ്ലീല​വും കുട്ടി​ക​ളും

സങ്കടക​ര​മെന്നു പറയട്ടെ, ഇന്റർനെ​റ്റി​ലെ അശ്ലീലം നിരീ​ക്ഷി​ക്കു​ന്ന​വ​രിൽ പലരും കുട്ടി​ക​ളാണ്‌. കുട്ടികൾ അശ്ലീല സാഹി​ത്യ​ങ്ങൾ വാങ്ങു​ന്ന​തും നീലച്ചി​ത്ര വീഡി​യോ കാസെ​റ്റു​കൾ വാടക​യ്‌ക്ക്‌ എടുക്കു​ന്ന​തും നിയമ​പ​ര​മാ​യി നിരോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു​ള്ളതു ശരിതന്നെ. പക്ഷേ അതു​കൊ​ണ്ടെന്തു പ്രയോ​ജനം? സ്വന്തം വീടു​ക​ളിൽ ഇരുന്നു​തന്നെ മൗസ്‌ബട്ടൻ അമർത്തി​യാൽ മതി ഇത്തരം കാര്യങ്ങൾ അവരുടെ മുന്നി​ലെ​ത്തും, ഇന്റർനെ​റ്റി​ലാ​ണെ​ങ്കിൽ ഇവയ്‌ക്ക്‌ യാതൊ​രു ക്ഷാമവും ഇല്ലതാ​നും.

പല കുട്ടി​ക​ളും തങ്ങളുടെ മാതാ​പി​താ​ക്കൾ അറിയാ​തെ ഇന്റർനെറ്റ്‌ സൈറ്റു​കൾ പതിവാ​യി സന്ദർശി​ക്കു​ന്നുണ്ട്‌. വാസ്‌ത​വ​ത്തിൽ, “അഞ്ചു കുട്ടി​ക​ളിൽ രണ്ടില​ധി​കം പേർ വീതം ഒരു വെബ്‌​സൈ​റ്റി​ന്റെ​യോ മറ്റേ​തെ​ങ്കി​ലും ഓൺലൈൻ സർവീ​സി​ന്റെ​യോ വരിക്കാ​രാണ്‌, മാതാ​പി​താ​ക്ക​ളിൽ 85 ശതമാ​ന​ത്തോ​ള​വും അക്കാര്യ​ത്തിൽ നിയ​ന്ത്ര​ണങ്ങൾ വെച്ചി​ട്ടു​ണ്ടെ​ങ്കിൽ കൂടി,” ദ ഡെ​ട്രോ​യിറ്റ്‌ ന്യൂസ്‌ പറയുന്നു.

മിക്ക കുട്ടി​ക​ളും—മുതിർന്ന​വ​രും—അശ്ലീല ചിത്രങ്ങൾ രഹസ്യ​ത്തിൽ കാണാൻ ശ്രമി​ക്കു​മ്പോൾ, അത്‌ അങ്ങനെ ഒളിച്ചു കാണേണ്ട കാര്യ​മി​ല്ലെന്ന്‌ കരുതു​ന്ന​വ​രു​മുണ്ട്‌. നിരു​പ​ദ്ര​വ​ക​ര​മായ ഒരുതരം വിനോ​ദ​മാ​യി​ട്ടാണ്‌ ചിലർ അതിനെ വീക്ഷി​ക്കു​ന്നത്‌. വേറെ ചിലർ, കുട്ടികൾ അശ്ലീലം വീക്ഷി​ക്കു​ന്നത്‌ നല്ലത​ല്ലെന്നു കരുതു​ന്നു​ണ്ടെ​ങ്കി​ലും മുതിർന്നവർ സ്വകാ​ര്യ​മാ​യി ചെയ്യുന്ന അത്തരം കാര്യ​ങ്ങ​ളിൽ മറ്റുള്ളവർ തലയി​ടേ​ണ്ട​തി​ല്ലെന്ന അഭി​പ്രാ​യ​ക്കാ​രാണ്‌.

ചില രാജ്യ​ങ്ങ​ളിൽ അശ്ലീലത്തെ കുറി​ച്ചുള്ള വിവാ​ദങ്ങൾ പൊരിഞ്ഞ രാഷ്‌ട്രീയ പോരാ​ട്ട​മാ​യി മാറി​യി​രി​ക്കു​ന്നു. സംസാര സ്വാത​ന്ത്ര്യ​ത്തി​നു​വേണ്ടി വാദി​ക്കു​ന്നവർ അശ്ലീലത്തെ അനുകൂ​ലി​ച്ചു​കൊണ്ട്‌ പ്രചാ​രണം നടത്തു​മ്പോൾ കുടുംബ മൂല്യ​ങ്ങ​ളു​ടെ സംരക്ഷ​ണ​ത്തി​നു വേണ്ടി വാദി​ക്കു​ന്നവർ, അശ്ലീലം നിരോ​ധി​ക്കാ​നാ​യി അധികൃ​തരെ സ്വാധീ​നി​ക്കാൻ ശ്രമി​ക്കു​ന്നു.

ഉണരുക! മാസിക ഒരിക്ക​ലും രാഷ്‌ട്രീയ വിവാ​ദ​ങ്ങ​ളിൽ പക്ഷം ചേരാ​റില്ല. അശ്ലീല കാര്യങ്ങൾ വീക്ഷി​ക്കു​ന്ന​തി​ന്റെ അപകട​ങ്ങളെ കുറിച്ച്‌ വായന​ക്കാ​രെ ബോധ​വാ​ന്മാ​രാ​ക്കുക, തങ്ങളെ​ത്ത​ന്നെ​യും തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രെ​യും എങ്ങനെ സംരക്ഷി​ക്കാം എന്നതു സംബന്ധിച്ച്‌ അവർക്ക്‌ ആവശ്യ​മായ നിർദേ​ശങ്ങൾ നൽകുക, അശ്ലീല കാര്യങ്ങൾ വീക്ഷി​ക്കു​ന്ന​തിന്‌ അടിമ​പ്പെ​ട്ടു​പോ​യ​വ​രെ​ങ്കി​ലും ഇപ്പോൾ അതിൽനി​ന്നു വിമു​ക്ത​രാ​കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ ബൈബിൾ അധിഷ്‌ഠിത നിർദേ​ശങ്ങൾ നൽകുക എന്നിവ​യാണ്‌ ഈ ലേഖന പരമ്പര​യു​ടെ ഉദ്ദേശ്യം.