വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ടൈ കാലം വരുത്തിയ മാറ്റങ്ങൾ

ടൈ കാലം വരുത്തിയ മാറ്റങ്ങൾ

ടൈ കാലം വരുത്തിയ മാറ്റങ്ങൾ

പൊതു​യു​ഗ​ത്തി​നു​മുമ്പ്‌ 1737-നോട​ടുത്ത്‌ ഈജി​പ്‌തി​ലെ ഫറവോൻ യോ​സേഫ്‌ എന്ന വ്യക്തിക്ക്‌ കഴുത്തിൽ അണിയു​ന്ന​തിന്‌ ഒരു സ്വർണ സരപ്പളി സമ്മാന​മാ​യി നൽകു​ക​യു​ണ്ടാ​യി. (ഉല്‌പത്തി 41:42) തങ്ങളുടെ കഴുത്ത്‌ അലങ്കരി​ക്കു​ന്ന​തിൽ സഹസ്രാ​ബ്ദ​ങ്ങ​ളാ​യി പുരു​ഷ​ന്മാർ കാണി​ച്ചി​രി​ക്കുന്ന താത്‌പ​ര്യ​ത്തിന്‌ ഒരു ഉദാഹ​ര​ണ​മാ​ണിത്‌.

ഇന്നു ലോക​ത്തി​ന്റെ പലയി​ട​ങ്ങ​ളി​ലു​മുള്ള പുരു​ഷ​ന്മാർ, നമ്മൾ ടൈ എന്നു വിളി​ക്കു​ന്നത്‌ കഴുത്തിൽ ധരിക്കു​ന്നു. ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ പറയു​ന്നത്‌ ആധുനിക ടൈയു​ടെ ആദ്യപ​തി​പ്പു​കൾ 16-ാം നൂറ്റാ​ണ്ടി​ന്റെ അന്ത്യ പാദത്തിൽ ഇംഗ്ലണ്ടി​ലും ഫ്രാൻസി​ലും പ്രത്യ​ക്ഷ​പ്പെട്ടു തുടങ്ങി​യി​രു​ന്നു എന്നാണ്‌. അക്കാലത്ത്‌ പുരു​ഷ​ന്മാർ ഡബ്ലറ്റ്‌ എന്നറി​യ​പ്പെ​ട്ടി​രുന്ന ഒരുതരം കോട്ടു ധരിച്ചി​രു​ന്നു, കൂടെ അലങ്കാ​ര​ത്തി​നാ​യി കഴുത്തി​നു ചുറ്റും വെള്ളത്തു​ണി​കൊ​ണ്ടു നിർമിച്ച റഫും. സാധാ​ര​ണ​ഗ​തി​യിൽ ഈ റഫുകൾ നല്ല വീതി​യു​ള്ള​വ​യാ​യി​രു​ന്നു. പശ മുക്കി വടി​പോ​ലെ നിറു​ത്തി​യി​രുന്ന ഇവയ്‌ക്ക്‌ ചില​പ്പോൾ ഏതാനും ഇഞ്ച്‌ കട്ടിയു​മു​ണ്ടാ​യി​രു​ന്നു.

കാല​ക്ര​മ​ത്തിൽ, റഫിന്റെ സ്ഥാനത്ത്‌ വാൻഡിക്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന വെള്ള കോള​റു​കൾ വന്നു. മുഴു തോളും കവിഞ്ഞ്‌, കൈയി​ലേക്കു കൂടി ഇറങ്ങി​ക്കി​ട​ക്കുന്ന തരത്തി​ലു​ള്ള​വ​യാ​യി​രു​ന്നു ഈ കോള​റു​കൾ. പ്യൂരി​റ്റ​ന്മാർ ഉൾപ്പെടെ പലരും അക്കാലത്ത്‌ ഇവ ധരിച്ചി​രു​ന്നു.

17-ാം നൂറ്റാണ്ട്‌ ആയപ്പോ​ഴേ​ക്കും, സാധാരണ ധരിക്കുന്ന നീളം കൂടിയ കോട്ടി​നു​ള്ളിൽ വേയിസ്റ്റ്‌ കോ​ട്ടെന്നു വിളി​ക്കുന്ന നീളമുള്ള മറ്റൊരു കോട്ടി​ടു​ന്നതു ഫാഷനാ​യി​ത്തീർന്നു. ഇതു ധരിക്കുന്ന വ്യക്തി ഒരു ക്രവാട്ട്‌ അല്ലെങ്കിൽ സ്‌കാർഫു പോലത്തെ ഒരു തുണി​യും കൂടെ കഴുത്തിൽ ചുറ്റു​മാ​യി​രു​ന്നു. ഒന്നില​ധി​കം പ്രാവ​ശ്യം ചുറ്റി​യിട്ട്‌ അറ്റം രണ്ടും ഷർട്ടിന്റെ മുന്നി​ലോ​ട്ടു തൂക്കി​യി​ടു​ക​യാ​യി​രു​ന്നു പതിവ്‌. 17-ാം നൂറ്റാ​ണ്ടി​ന്റെ ഒടുവി​ലുള്ള ചിത്രങ്ങൾ നോക്കി​യാൽ ക്രവാ​ട്ടു​കൾ അന്നു വളരെ പ്രചാരം നേടി​യി​രു​ന്നു എന്നു മനസ്സി​ലാ​ക്കാൻ കഴിയും.

ക്രവാ​ട്ടു​കൾക്കാ​യി മസ്ലിൻ തുണി​യും നേർത്ത പരുത്തി​ത്തു​ണി​യും ലേയ്‌സു​മൊ​ക്കെ ഉപയോ​ഗി​ച്ചി​രു​ന്നു. ലേയ്‌സു​കൊ​ണ്ടു​ള്ള​വ​യ്‌ക്കു നല്ല വിലയാ​യി​രു​ന്നു. ഇംഗ്ലണ്ടി​ലെ ജെയിംസ്‌ രണ്ടാമൻ രാജാവ്‌ തന്റെ കിരീ​ട​ധാ​രണ ചടങ്ങിനു ധരിച്ച ലേയ്‌സു​കൊ​ണ്ടുള്ള ക്രവാ​ട്ടി​ന്റെ വില 36 പൗണ്ടും 10 ഷില്ലി​ങ്ങും ആയിരു​ന്നെ​ന്നാ​ണു പറയ​പ്പെ​ടു​ന്നത്‌. അക്കാലത്ത്‌ അതൊരു വലിയ തുകത​ന്നെ​യാ​യി​രു​ന്നു. ലേയ്‌സു​കൊ​ണ്ടുള്ള ചില ക്രവാ​ട്ടു​കൾ വളരെ വലുതാ​യി​രു​ന്നു. വെസ്റ്റ്‌മി​നി​സ്റ്റർ ആബിയി​ലുള്ള ചാൾസ്‌ രണ്ടാമന്റെ പ്രതി​മ​യിൽ കാണുന്ന ക്രവാ​ട്ടിന്‌ 6 ഇഞ്ച്‌ വീതി​യും 34 ഇഞ്ച്‌ നീളവു​മുണ്ട്‌.

ക്രവാ​ട്ടു​കൾക്കു പല വിധങ്ങ​ളിൽ കെട്ടുകൾ ഇട്ടിരു​ന്നു. ചില​പ്പോൾ ഒരു സിൽക്ക്‌ റിബൺ ഉപയോ​ഗിച്ച്‌ ക്രവാട്ടു കെട്ടി​യിട്ട്‌ അതു​കൊ​ണ്ടു താടിക്കു താഴെ​യാ​യി വലി​യൊ​രു ബോ ഉണ്ടാക്കു​മാ​യി​രു​ന്നു. ഈ രീതിയെ സോളി​റ്റെയർ എന്നാണു വിളി​ച്ചി​രു​ന്നത്‌. ഈ ബോ ആധുനിക ബോ ടൈയു​മാ​യി സാമ്യ​മു​ള്ള​താ​യി​രു​ന്നു. ക്രവാട്ട്‌ കെട്ടു​ന്ന​തി​നു നൂറു​ക​ണ​ക്കി​നു രീതികൾ ഉണ്ടായി​രു​ന്നു എന്നാണു പറയ​പ്പെ​ടു​ന്നത്‌. പുരു​ഷ​ന്മാ​രു​ടെ വസ്‌ത്ര​ധാ​രണ രീതി​കളെ സ്വാധീ​നി​ച്ചി​രുന്ന ബോ ബ്രമെൽ എന്ന ഇംഗ്ലീ​ഷു​കാ​രന്‌ ഒരിക്കൽ ക്രവാട്ട്‌ ഒന്നു ശരിക്കു കെട്ടു​ന്ന​തിന്‌ രാവിലെ മുതൽ ഉച്ചവ​രെ​യുള്ള സമയം വേണ്ടി​വ​ന്ന​ത്രേ.

1860-കൾ ആയപ്പോൾ നീണ്ട അറ്റങ്ങളുള്ള ക്രവാ​ട്ടു​കൾ ആധുനിക ടൈയു​ടെ രൂപം പ്രാപി​ക്കാൻ തുടങ്ങി. ടൈ എന്ന പേരു ലഭിച്ച​തും അക്കാലത്തു തന്നെയാണ്‌. ഫോർ-ഇൻ-ഹാൻഡ്‌ എന്നും അതിനെ വിളി​ച്ചി​രു​ന്നു. നാലു കുതി​രകൾ വലിച്ചി​രുന്ന വണ്ടിക​ളിൽ—ഫോർ ഹോഴ്‌സ്‌ ടീംസ്‌—കുതി​ര​കളെ കെട്ടി​യി​രുന്ന രീതി​യിൽനി​ന്നാണ്‌ ഈ പേരു വന്നത്‌. അപ്പോ​ഴേ​ക്കും കോള​റുള്ള ഷർട്ട്‌ ഫാഷനാ​യി​ത്തീർന്നി​രു​ന്നു. താടിക്കു താഴെ​യാ​യി ടൈയു​ടെ കെട്ടി​ട്ടിട്ട്‌ രണ്ടറ്റവും ഷർട്ടിന്റെ മുന്നി​ലേക്ക്‌ ഇടുമാ​യി​രു​ന്നു. അങ്ങനെ​യാണ്‌ ആധുനിക ടൈ രംഗത്തു വന്നത്‌. ബോ ടൈ പ്രചാ​ര​ത്തിൽ വന്നത്‌ 1890-കളിലാണ്‌.

ഇന്നു പലരും വസ്‌ത്ര​ധാ​ര​ണ​ത്തിൽ ടൈയ്‌ക്ക്‌ ഒരു പ്രധാ​ന​പ്പെട്ട സ്ഥാനം നൽകുന്നു. അപരി​ചി​ത​നായ ഒരു വ്യക്തിയെ അയാൾ ധരിച്ചി​രി​ക്കുന്ന ടൈയു​ടെ അടിസ്ഥാ​ന​ത്തിൽ വിലയി​രു​ത്തു​ന്നവർ വരെ ഉണ്ട്‌. അതു​കൊണ്ട്‌ പാന്റ്‌സും ഷർട്ടും കോട്ടു​മൊ​ക്കെ​യാ​യി നന്നായി ഇണങ്ങുന്ന നിറവും ഡി​സൈ​നും ഉള്ള നല്ല വൃത്തി​യുള്ള ടൈ ധരിക്കു​ന്ന​താണ്‌ എപ്പോ​ഴും ബുദ്ധി.

ടൈയു​ടെ കെട്ട്‌ നല്ല ഭംഗി​യു​ള്ള​താ​യി​രി​ക്കാൻ ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌. ഏറ്റവും പ്രചാ​ര​ത്തി​ലു​ള്ളത്‌ ഫോർ-ഇൻ-ഹാൻഡ്‌ കെട്ട്‌ ആണെന്നു തോന്നു​ന്നു. (14-ാം പേജിലെ ചിത്രം കാണുക.) കാണാൻ ഭംഗി​യുള്ള മാന്യ​മായ ഒന്നാണ്‌ അത്‌. കൂടാതെ ഔദ്യോ​ഗിക വേഷങ്ങൾക്ക്‌ അനു​യോ​ജ്യ​മെന്ന നിലയിൽ അവ വ്യാപ​ക​മാ​യി അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​മുണ്ട്‌. കുറച്ചു​കൂ​ടെ വലിപ്പ​മുള്ള വിൻഡ്‌സോർ കെട്ടും ഉപയോ​ഗി​ച്ചു കാണാ​റുണ്ട്‌. ഇതിൽ സാധാ​ര​ണ​മാ​യി കെട്ടിനു തൊട്ടു താഴെ​യാ​യി ഒരു ചെറിയ കുഴി ഉണ്ടായി​രി​ക്കും.

പല പുരു​ഷ​ന്മാർക്കും ടൈ കെട്ടു​ന്നത്‌ അസ്വസ്ഥത ഉളവാ​ക്കു​ന്നു. കഴുത്തു മുറു​കി​യി​രി​ക്കു​ന്നത്‌ അവർക്ക്‌ ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഷർട്ടിന്റെ വലിപ്പം ശരിയ​ല്ലാ​ത്ത​പ്പോ​ഴാണ്‌ അസ്വസ്ഥത ഉണ്ടാകു​ന്നത്‌ എന്നു പലരും തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. നിങ്ങൾക്കും ഈ പ്രശ്‌നം അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ ഇറുകിയ കോള​റുള്ള ഷർട്ട്‌ ധരിക്കാ​തി​രി​ക്കുക. അങ്ങനെ​യാ​കു​മ്പോൾ ടൈ കെട്ടി​യി​ട്ടു​ണ്ടെന്ന തോന്നൽ പോലും ഉണ്ടാകാൻ വഴിയില്ല.

പല നാടു​ക​ളി​ലും ഔദ്യോ​ഗിക വേഷവി​ധാ​ന​ത്തി​ന്റെ അവിഭാ​ജ്യ ഘടകമാ​യി​ട്ടാ​ണു ടൈ കണക്കാ​ക്ക​പ്പെ​ടു​ന്നത്‌. അക്കാര​ണ​ത്താൽത്തന്നെ പല ക്രിസ്‌തീയ പുരു​ഷ​ന്മാ​രും യോഗ​ങ്ങൾക്കും മറ്റും പോകു​മ്പോൾ ടൈ കെട്ടുന്നു. അതേ, ഒരു പുരു​ഷന്റെ കഴുത്തി​നു ചുറ്റും കെട്ടുന്ന ഒരു കഷണം തുണി അദ്ദേഹ​ത്തി​ന്റെ അന്തസ്സി​ന്റെ​യും മാന്യ​ത​യു​ടെ​യും മാറ്റു​കൂ​ട്ടി​യേ​ക്കാം.

[14-ാം പേജിലെ രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ഫോർ-ഇൻ-ഹാൻഡ്‌ രീതി​യിൽ ടൈ കെട്ടുന്ന വിധം a

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

1 വീതി​യുള്ള ഭാഗം വീതി​കു​റഞ്ഞ ഭാഗ​ത്തെ​ക്കാൾ ഏകദേശം 30 സെന്റി​മീ​റ്റർ നീണ്ടു കിടക്ക​ത്ത​ക്ക​വണ്ണം ടൈ കഴുത്തിൽ ഇടുക. വീതി​യുള്ള ഭാഗം മറ്റേ ഭാഗത്തി​ന്റെ മുകളി​ലൂ​ടെ എടുത്തു പുറകി​ലൂ​ടെ കൊണ്ടു​വ​രിക.

2 വീതി​യുള്ള ഭാഗം ഒരിക്കൽ കൂടി പുറകി​ലോട്ട്‌ എടുക്കുക.

3 കെട്ടിന്റെ മുൻഭാ​ഗം അൽപ്പം അയച്ചു പിടി​ച്ചിട്ട്‌ വീതി​യുള്ള ഭാഗം കുരു​ക്കി​നു​ള്ളി​ലൂ​ടെ മുമ്പോട്ട്‌ എടുത്തിട്ട്‌ കെട്ടി​ലൂ​ടെ താഴേക്കു വലിക്കുക.

4 വീതി​കു​റഞ്ഞ ഭാഗം പിടി​ച്ചു​കൊണ്ട്‌ കെട്ട്‌ കോള​റി​ലേക്ക്‌ മെല്ലെ അടുപ്പിച്ച്‌ ടൈ മുറു​ക്കുക.

[അടിക്കു​റിപ്പ്‌]

a ഷർട്ടും ടൈയും (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.

[15-ാം പേജിലെ ചിത്രം]

17-ാം നൂറ്റാണ്ടു മുതൽ ടൈയിൽ വന്ന മാറ്റങ്ങൾ