ദൈവം മാറുന്നവനോ?
ബൈബിളിന്റെ വീക്ഷണം
ദൈവം മാറുന്നവനോ?
നരവംശശാസ്ത്രജ്ഞനായ ജോർജ് ഡോർസിന്റെ അഭിപ്രായത്തിൽ “പഴയ നിയമ”ത്തിലെ ദൈവം “ബീഭത്സ സ്വഭാവ”മുള്ളവനാണ്. അദ്ദേഹം പറയുന്നു: “യാഹ്വെയെ നമുക്ക് . . . ഒരു തരത്തിലും ഇഷ്ടപ്പെടാൻ കഴിയില്ല. അവൻ കൊള്ളയുടെയും പീഡനത്തിന്റെയും യുദ്ധത്തിന്റെയും പിടിച്ചടക്കലിന്റെയും ദൈവമാണ്.” “പഴയ നിയമ”ത്തിലെ ദൈവമായ യാഹ്വെയെ അല്ലെങ്കിൽ യഹോവയെ കുറിച്ച് മറ്റു പലരും സമാനമായ നിഗമനങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു. തന്മൂലം, ആദ്യം ക്രൂരനായിരുന്ന യഹോവ പിന്നീട് വ്യക്തിത്വം മാറ്റി “പുതിയ നിയമ”ത്തിലെ സ്നേഹവാനും കാരുണ്യവാനുമായ ദൈവം ആയിത്തീർന്നതാണോ എന്ന് ഇന്നു ചിലർ സംശയിക്കുന്നു.
ബൈബിളിലെ ദൈവത്തെ സംബന്ധിച്ച ഈ ആശയം പുതിയ ഒന്നല്ല. പൊ.യു. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ജ്ഞാനവാദത്താൽ ഏറെക്കുറെ സ്വാധീനിക്കപ്പെട്ടിരുന്ന, മാർസിയനായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. “പഴയ നിയമ”ത്തിലെ ദൈവത്തെ അദ്ദേഹത്തിന് അംഗീകരിക്കാനായില്ല. അക്രമാസക്തനും പ്രതികാരദാഹിയും ഭൗതിക നേട്ടങ്ങൾ വാഗ്ദാനം ചെയ്ത് ആരാധകരെ വിലയ്ക്കു വാങ്ങുന്ന ക്രൂരനായ ഒരു സ്വേച്ഛാധിപതിയുമായിട്ടാണ് അദ്ദേഹം ആ ദൈവത്തെ കണ്ടത്. എന്നാൽ, യേശുക്രിസ്തു വെളിപ്പെടുത്തിയ “പുതിയ നിയമ”ത്തിലെ ദൈവത്തെ പരിപൂർണനായ ദൈവം, അതായത്, നിർമല സ്നേഹവും കരുണയും ദയയും നിറഞ്ഞുതുളുമ്പുന്ന ക്ഷമാശീലനായ ഒരുവൻ എന്നു മാർസിയൻ വിളിക്കുന്നു.
മാറുന്ന സാഹചര്യങ്ങൾക്കൊത്ത് യഹോവ പ്രവർത്തിക്കുന്നു
യഹോവ എന്ന ദൈവനാമത്തിന്റെ അർഥംതന്നെ “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്. തന്റെ വാഗ്ദാനങ്ങളെല്ലാം നിവർത്തിക്കാനായി താൻ എന്തെല്ലാം ആയിത്തീരണമോ അതെല്ലാം ആയിത്തീരാൻ യഹോവ സ്വയം ഇടയാക്കുന്നു എന്ന് ഇതു സൂചിപ്പിക്കുന്നു. മോശെ ദൈവത്തോട് അവന്റെ നാമം എന്താണെന്നു ചോദിച്ച സന്ദർഭത്തിൽ യഹോവ തന്റെ നാമത്തിന്റെ അർഥത്തെ കുറിച്ച് ഇങ്ങനെ വിശദീകരിച്ചു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” (പുറപ്പാടു 3:14) റോഥർഹാമിന്റെ പരിഭാഷ അതിനെ വിവർത്തനം ചെയ്തിരിക്കുന്നത് “ഞാൻ എന്തെല്ലാം ആയിത്തീരാൻ ആഗ്രഹിക്കുന്നുവോ അതെല്ലാം ആയിത്തീരും” എന്നാണ്.
അതുകൊണ്ട് യഹോവ തന്റെ നീതിനിഷ്ഠമായ ഉദ്ദേശ്യങ്ങളും വാഗ്ദാനങ്ങളും നിവർത്തിക്കാൻ എന്തെല്ലാം ആയിത്തീരേണ്ടതുണ്ടോ അതെല്ലാം ആയിത്തീരുന്നു. ദൈവത്തിന്റെ നിരവധി സ്ഥാനപ്പേരുകളും വിശേഷണനാമങ്ങളും അതിനുള്ള തെളിവാണ്. സൈന്യങ്ങളുടെ യഹോവ, ന്യായാധിപൻ, പരമാധികാരി, തീക്ഷ്ണൻ, അത്യുന്നതൻ, സ്രഷ്ടാവ്, പിതാവ്, ഉപദേഷ്ടാവ്, ഇടയൻ, പ്രാർഥന കേൾക്കുന്നവൻ, വീണ്ടെടുപ്പുകാരൻ, ധന്യനായ ദൈവം എന്നിവ അവയിൽ ചിലതു മാത്രം. തന്റെ സ്നേഹനിർഭരമായ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിന് അവൻ ഇങ്ങനെയൊക്കെ—അതിലധികവും—ആയിത്തീർന്നിരിക്കുന്നു.—പുറപ്പാടു 34:14; ന്യായാധിപന്മാർ 11:27; സങ്കീർത്തനം 23:1; 65:2; 83:18; 89:26; യെശയ്യാവു 8:13; 30:20; 40:28; 41:14; 1 തിമൊഥെയൊസ് 1:11.
അപ്പോൾ ദൈവത്തിന്റെ വ്യക്തിത്വവും നിലവാരങ്ങളും മാറിക്കൊണ്ടിരിക്കും എന്നാണോ ഇതിന്റെ അർഥം? ഒരിക്കലുമല്ല. യാക്കോബ് 1:17 (ഓശാന ബൈബിൾ) പറയുന്നതുപോലെ, അവനിൽ “യാതൊരു മാറ്റവുമില്ല; മാറ്റത്തിന്റെ നിഴൽപോലുമില്ല.” സാഹചര്യങ്ങൾ മാറുമ്പോൾപോലും വ്യക്തിത്വത്തിനു മാറ്റം വരുത്താതെ പ്രവർത്തിക്കാൻ ദൈവത്തിനു കഴിയുന്നതെങ്ങനെ?
ഇതെങ്ങനെ സാധ്യമാകും എന്നു മനസ്സിലാക്കാൻ ഒരു ഉദാഹരണം പരിചിന്തിക്കുക. മക്കൾക്കായി കരുതുന്ന മാതാപിതാക്കൾ അവരുടെ പ്രയോജനത്തിനുവേണ്ടി വ്യത്യസ്ത റോളുകൾ സ്വീകരിക്കുന്നു. മാതാവിന്റെ കാര്യംതന്നെ എടുക്കുക. ഒരു ദിവസംതന്നെ അവർ പാചകക്കാരി, ഗൃഹപരിചാരിക, അധ്യാപിക, ശിക്ഷക, സുഹൃത്ത്, നേഴ്സ് ഒക്കെ ആയിത്തീർന്നേക്കാം. ഇവിടെ മാതാവിന്റെ വ്യക്തിത്വത്തിനു മാറ്റമൊന്നും സംഭവിക്കുന്നില്ല. മറിച്ച്, അതാതു സമയത്തെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് അവർ വ്യത്യസ്ത റോളുകൾ സ്വീകരിക്കുന്നു എന്നേയുള്ളൂ. യഹോവയുടെ കാര്യത്തിലും അതുതന്നെയാണു സംഗതി, കുറേക്കൂടെ വലിയ അളവിലാണെന്നു മാത്രം. തന്റെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിക്കും സൃഷ്ടികളുടെ പ്രയോജനത്തിനുമായി യഹോവയ്ക്ക് സ്വയം എന്തെല്ലാം ആയിത്തീരാൻ കഴിയും എന്നതിനു യാതൊരു പരിധിയുമില്ല.—റോമർ 11:33.
ഉദാഹരണത്തിന്, എബ്രായ തിരുവെഴുത്തുകളും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും ഒരുപോലെ യഹോവയെ സ്നേഹവാനും കരുണാമയനുമായ ഒരു ദൈവമായി ചിത്രീകരിക്കുന്നു. പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മീഖാ പ്രവാചകൻ യഹോവയെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “നിന്നെപ്പോലെ ഒരു ദൈവമുണ്ടോ? നീ അപരാധം ക്ഷമിക്കുന്നു, നിന്റെ അവകാശത്തിലെ ശിഷ്ടഭാഗത്തിന്റെ അതിക്രമങ്ങൾ പൊറുക്കുന്നു. അവൻ തന്റെ കോപം നിത്യമായി വച്ചുപുലർത്തുന്നില്ല, അവൻ അചഞ്ചലസ്നേഹത്തിൽ ആനന്ദിക്കുന്നു.” (മീഖാ 7:18, ഓശാന ബൈ.) ഇതും “ദൈവം സ്നേഹം തന്നേ” എന്ന അപ്പൊസ്തലനായ യോഹന്നാന്റെ പ്രശസ്ത വാക്കുകളും നല്ല യോജിപ്പിലാണ്.—1 യോഹന്നാൻ 4:8.
എന്നാൽ, യാതൊരു പശ്ചാത്താപവുമില്ലാതെ തന്റെ നിയമങ്ങൾ തുടർച്ചയായി ലംഘിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്നവരെ ന്യായംവിധിക്കുന്ന നീതിനിഷ്ഠനായ ന്യായാധിപതിയെന്ന നിലയിലും എബ്രായ തിരുവെഴുത്തുകളും ഗ്രീക്കു തിരുവെഴുത്തുകളും യഹോവയെ ചിത്രീകരിക്കുന്നുണ്ട്. “സകലദുഷ്ടന്മാരെയും അവൻ [യഹോവ] നശിപ്പിക്കും” എന്നു സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 145:20) സമാനമായി യോഹന്നാൻ 3:36 പറയുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.”
വ്യക്തിത്വത്തിനു മാറ്റം വരാത്ത ഒരു ദൈവം
യഹോവയുടെ വ്യക്തിത്വത്തിനും പ്രമുഖ ഗുണങ്ങൾക്കും—നീതി, സ്നേഹം, ജ്ഞാനം, ശക്തി—യാതൊരു മാറ്റവും വന്നിട്ടില്ല. അവൻ ഇസ്രായേൽ ജനത്തോട് ഇങ്ങനെ പറഞ്ഞു: “യഹോവയായ ഞാൻ മാറാത്തവൻ” (മലാഖി 3:6) മനുഷ്യനെ സൃഷ്ടിച്ച് ഏതാണ്ട് 3,500 വർഷങ്ങൾക്കു ശേഷമാണ് ദൈവം ഇതു പറഞ്ഞത്. ഈ ദിവ്യപ്രസ്താവനയ്ക്കു ചേർച്ചയിൽ, മുഴു ബൈബിളും അടുത്തു പരിശോധിക്കുമ്പോൾ മാറാത്ത നിലവാരങ്ങളും ഗുണങ്ങളുമുള്ള ഒരു ദൈവത്തെയാണു നമുക്കു കാണാൻ കഴിയുക. നൂറ്റാണ്ടുകളിലൂടെ യഹോവയാം ദൈവത്തിന്റെ വ്യക്തിത്വം മയപ്പെട്ടിട്ടില്ല, അത്തരമൊരു മയപ്പെടലിന്റെ ആവശ്യമില്ലായിരുന്നു എന്നതുതന്നെയാണ് അതിന്റെ കാരണം.
ഏദെനിൽ മനുഷ്യരുമായി ഇടപെട്ടു തുടങ്ങിയ സമയത്തെ അപേക്ഷിച്ച്, നീതിക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഉറച്ച നിലപാടിൽ അയവുവരികയോ അവന്റെ സ്നേഹം വർധിക്കുകയോ ചെയ്തിട്ടില്ല എന്ന് ബൈബിളിൽ ഉടനീളം പ്രകടമാണ്. ബൈബിളിന്റെ വ്യത്യസ്ത ഭാഗങ്ങൾ വായിക്കുമ്പോൾ, ദൈവത്തിന്റെ വ്യക്തിത്വത്തിൽ വ്യത്യാസങ്ങൾ ഉള്ളതായി തോന്നിയേക്കാം. എന്നാൽ വാസ്തവത്തിൽ അവ മാറ്റം വരാത്ത ഒരു ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങൾ മാത്രമാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത മനുഷ്യരുമായി ഇടപെടുമ്പോൾ വ്യത്യസ്ത സമീപനങ്ങളും ബന്ധങ്ങളും ആവശ്യമായി വരുമെന്നതു സ്വാഭാവികമാണല്ലോ.
അതുകൊണ്ട് തിരുവെഴുത്തുകൾ വ്യക്തമായി കാണിക്കുന്നതുപോലെ ദൈവത്തിന്റെ വ്യക്തിത്വം നൂറ്റാണ്ടുകളിലൂടെ മാറിയിട്ടില്ല, ഇനിയൊട്ട് മാറുകയുമില്ല. യഹോവയിൽ, സ്ഥിരത അതിന്റെ പൂർണമായ അളവിൽ ദൃശ്യമാണ്. എല്ലായ്പോഴും വിശ്വാസയോഗ്യനായ അവനിൽ നമുക്കു പൂർണമായും ആശ്രയിക്കാൻ കഴിയും.
[16, 17 പേജുകളിലെ ചിത്രങ്ങൾ]
സൊദോമും ഗൊമോരയും നശിപ്പിച്ച ആ ദൈവം തന്നെ . . .
. . . നീതിനിഷ്ഠമായ ഒരു പുതിയ ലോകം ആനയിക്കും