വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നൂറ്റാണ്ടുകളെ അതിജീവിച്ച എപ്പിഡൊറസ്‌ തീയേറ്റർ

നൂറ്റാണ്ടുകളെ അതിജീവിച്ച എപ്പിഡൊറസ്‌ തീയേറ്റർ

നൂറ്റാ​ണ്ടു​കളെ അതിജീ​വിച്ച എപ്പി​ഡൊ​റസ്‌ തീയേറ്റർ

ഗ്രീസിലെ ഉണരുക! ലേഖകൻ

തീയേ​റ്റ​റിൽ പോകു​ന്നതു നിങ്ങൾക്കി​ഷ്ട​മാ​ണോ? നാടക​ത്തി​ലെ തമാശ​രം​ഗങ്ങൾ കണ്ട്‌ നിങ്ങൾ പൊട്ടി​ച്ചി​രി​ക്കാ​റു​ണ്ടോ? നിങ്ങളു​ടെ വികാ​ര​ങ്ങളെ സ്‌പർശി​ക്കു​ക​യോ മനുഷ്യ സ്വഭാ​വ​ത്തെ​ക്കു​റി​ച്ചു നിങ്ങളെ പഠിപ്പി​ക്കു​ക​യോ ചെയ്യുന്ന, ഉൾക്കാഴ്‌ച നൽകുന്ന ഒരു നാടകം കണ്ട്‌ മെച്ചപ്പെട്ട ജീവിതം നയിക്കാൻ നിങ്ങൾ സഹായി​ക്ക​പ്പെ​ടു​ക​യോ പ്രബു​ദ്ധ​രാ​ക്ക​പ്പെ​ടു​ക​പോ​ലു​മോ ചെയ്‌തി​ട്ടു​ണ്ടോ? എങ്കിൽ, എപ്പി​ഡൊ​റസ്‌ തീയേ​റ്റ​റി​നെ​ക്കു​റി​ച്ചു പഠിക്കാൻ നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കാം. പുരാതന ഗ്രീസി​ലെ നാടക​ങ്ങ​ളു​ടെ ഉത്ഭവവു​മാ​യി അത്‌ അടുത്തു ബന്ധപ്പെ​ട്ടു​കി​ട​ക്കു​ന്നു.

പൊ.യു. രണ്ടാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന ഗ്രീക്ക്‌ ഭൂമി​ശാ​സ്‌ത്ര​ജ്ഞ​നാ​യി​രുന്ന പൊ​സേ​നി​യാസ്‌, എപ്പി​ഡൊ​റ​സിൽ ‘പുരാതന ലോക​ത്തിൽവെച്ച്‌ ഏറ്റവും ശ്രദ്ധേ​യ​മായ ഒരു തീയേറ്റർ ഉണ്ടെന്നും റോമൻ തീയേ​റ്റ​റു​കൾ പ്രൗഢ​ഗം​ഭീ​ര​ങ്ങ​ളാ​ണെ​ങ്കി​ലും, എപ്പി​ഡൊ​റ​സി​ന്റെ സൗകു​മാ​ര്യ​ത്തോ​ടു കിടപി​ടി​ക്കുന്ന ഒരു വാസ്‌തു​ശില്‌പ നിർമി​തി വേറെ ഇല്ലെന്നും എഴുതു​ക​യു​ണ്ടാ​യി.’

ഏറ്റവും നന്നായി പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒന്ന്‌

ഗ്രീക്ക്‌ നഗരമായ കൊരി​ന്തിന്‌ ഏതാണ്ട്‌ 60 കിലോ​മീ​റ്റർ തെക്കു​മാ​റി​യാണ്‌ എപ്പി​ഡൊ​റസ്‌ എന്ന കൊച്ചു ഗ്രാമം സ്ഥിതി​ചെ​യ്യു​ന്നത്‌. അഞ്ഞൂറു വർഷങ്ങൾക്കു മുമ്പ്‌ അത്‌ ഒരു പ്രമുഖ വാണിജ്യ-മത കേന്ദ്ര​മാ​യി​രു​ന്നു.

മൊട്ട​ക്കു​ന്നു​ക​ളും കൃഷി​യി​റ​ക്കിയ പാടങ്ങ​ളും ഒലിവു​മ​ര​ക്കൂ​ട്ട​ങ്ങ​ളും ഒക്കെ കാരണം അവിടെ ഒരു വലിയ തീയേറ്റർ ഉണ്ടെന്ന സൂചന​പോ​ലും പിൽക്കാ​ല​ങ്ങ​ളിൽ ഇല്ലായി​രു​ന്നു. എന്നിരു​ന്നാ​ലും, ആ കുന്നു​കൾക്ക​ടി​യിൽ ഒരു രഹസ്യം ഒളിഞ്ഞി​രി​പ്പു​ണ്ടെന്ന്‌ 19-ാം നൂറ്റാ​ണ്ടി​ലെ ഒരു പ്രശസ്‌ത ഗ്രീക്ക്‌ പുരാ​വ​സ്‌തു ഗവേഷ​ക​നായ പാനാ​യിസ്‌ കാവാ​ഡി​യാ​സിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. നേരത്തെ ഉദ്ധരിച്ച പൊ​സേ​നി​യാസ്‌ നൽകിയ വിവര​ണ​ത്തിൽനി​ന്നും ജിജ്ഞാസ ഉണർന്ന അദ്ദേഹ​ത്തിന്‌, തികച്ചും സാധാ​ര​ണ​മായ ഈ പ്രകൃതി ദൃശ്യ​ങ്ങൾക്ക​ടി​യിൽ ഗംഭീ​ര​മായ ഒരു തീയേറ്റർ കണ്ടുപി​ടി​ക്കാ​നാ​കു​മെന്ന ഉറച്ച ബോധ്യ​മു​ണ്ടാ​യി​രു​ന്നു. അങ്ങനെ, 1881-ലെ വസന്തകാ​ലത്ത്‌ അദ്ദേഹം അതു കണ്ടുപി​ടി​ക്കു​ക​തന്നെ ചെയ്‌തു.

ആറുവർഷ​ക്കാ​ല​ത്തെ കഠിനാ​ധ്വാ​ന​ത്തി​ലൂ​ടെ കോ​വോ​ഡിസ്‌ അതിഗം​ഭീ​ര​വും കാര്യ​മായ കേടു​പാ​ടു​ക​ളൊ​ന്നും സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തു​മായ ഒരു തീയേറ്റർ കണ്ടുപി​ടി​ക്കു​ക​യു​ണ്ടാ​യി. പുരാ​വ​സ്‌തു ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ അഭി​പ്രാ​യ​ത്തിൽ ഈ തീയേറ്റർ പൊ.യു.മു. 330-ൽ, ആർഗോസ്‌ എന്ന അയൽ നഗരത്തി​ലെ ജൂനിയർ പോളി​ക്ലി​റ്റസ്‌ നിർമി​ച്ച​താണ്‌. ഒരു കൊത്തു​പ​ണി​ക്കാ​ര​നും വാസ്‌തു​ശി​ല്‌പി​യു​മാ​യി​രു​ന്നു അദ്ദേഹം. ആധുനിക വാസ്‌തു​ശി​ല്‌പി​യായ മാനോസ്‌ പെരാ​ക്കീസ്‌ എപ്പി​ഡൊ​റ​സി​നെ “സുപ്ര​സി​ദ്ധ​വും നന്നായി പരിര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​മായ ഗ്രീക്ക്‌ തീയേറ്റർ” എന്നു വിശേ​ഷി​പ്പി​ച്ച​പ്പോൾ, അദ്ദേഹം ഗവേഷ​ക​രു​ടെ പൊതു​വെ​യുള്ള അഭി​പ്രാ​യം ആവർത്തി​ക്കു​ക​യാ​യി​രു​ന്നു.

വാസ്‌തു​ശി​ല്‌പ വിദ്യ​യെ​യും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ത്തെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം എപ്പി​ഡൊ​റസ്‌ തീയേ​റ്റ​റി​ന്റെ കണ്ടുപി​ടി​ത്തം വളരെ പ്രധാ​ന​പ്പെട്ട ഒരു സംഗതി​യാണ്‌. പുരാതന തീയേ​റ്റ​റു​ക​ളിൽ മിക്കതും ഭാഗി​ക​മാ​യി നശിക്കു​ക​യോ പുനർനിർമി​ക്ക​പ്പെ​ടു​ക​യോ ചെയ്‌തെ​ങ്കി​ലും, എപ്പി​ഡൊ​റസ്‌ തീയേറ്റർ കേടു​പാ​ടു​ക​ളൊ​ന്നും സംഭവി​ക്കാ​തെ നൂറ്റാ​ണ്ടു​ക​ളോ​ളം അതിജീ​വി​ച്ചി​രി​ക്കു​ന്നു. കാരണം, മണ്ണിന​ടി​യിൽ അത്‌ 6 മീറ്ററി​ല​ധി​കം താഴ്‌ച​യി​ലാ​യി​രു​ന്നു.

ഇന്ന്‌ അവിടെ എത്തുന്ന ഒരു സന്ദർശ​കന്‌, തീയേ​റ്റ​റി​ന്റെ പ്രധാന ഭാഗങ്ങൾ വളരെ കൃത്യ​മാ​യി തിരി​ച്ച​റി​യാൻ കഴിയും. നർത്തകർക്കും ഗായക​സം​ഘ​ത്തി​നും വേണ്ടി ഉണ്ടായി​രുന്ന നിരപ്പായ, വൃത്താ​കാര ഓർക്കെ​സ്‌ത്ര​യു​ടെ ചുറ്റു​മാ​യി, കനം കുറഞ്ഞ്‌ നീളമുള്ള മാർബിൾ കഷണങ്ങൾ പതിപ്പി​ച്ചി​രു​ന്നു. അതിന്റെ തറ മണ്ണിട്ട്‌ ഉറപ്പി​ച്ചി​രു​ന്നു, മധ്യഭാ​ഗ​ത്താ​യി ഒരു ബലിപീ​ഠ​വും ഉണ്ടായി​രു​ന്നു. ഓർക്കെ​സ്‌ത്ര​യ്‌ക്കു പിന്നി​ലാ​യാണ്‌ തുറന്ന മുൻവ​ശ​ത്തോ​ടു​കൂ​ടിയ രംഗമു​റി. ഇപ്പോൾ അതിന്റെ അസ്ഥിവാ​രങ്ങൾ മാത്രമേ അവശേ​ഷി​ക്കു​ന്നു​ള്ളൂ. ആദ്യകാ​ല​ങ്ങ​ളിൽ അഭി​നേ​താ​ക്കൾ അഭിന​യി​ച്ചി​രു​ന്നത്‌ ഓർക്കെ​സ്‌ത്ര​യ്‌ക്കു​ള്ളി​ലാ​യി​രു​ന്നു, ഓർക്കെ​സ്‌ത്ര​യ്‌ക്കും രംഗമു​റി​ക്കും ഇടയി​ലാ​യി ഉറപ്പി​ച്ചി​രുന്ന, കറക്കാ​വുന്ന ത്രി​കോ​ണാ​കൃ​തി​യി​ലുള്ള ബോർഡു​ക​ളി​ലെ പാനലു​ക​ളിൽ രംഗസം​വി​ധാ​ന​ങ്ങ​ളും പെയിന്റു ചെയ്‌തി​രു​ന്നു. പിന്നീട്‌, ഓർക്കെ​സ്‌ത്ര ഗായക​സം​ഘ​ത്തി​നു വിട്ടു​കൊ​ടു​ത്തിട്ട്‌ അഭി​നേ​താ​ക്കൾ രംഗമു​റി​യിൽത്തന്നെ അഭിന​യി​ക്കാൻ തുടങ്ങി, രംഗസം​വി​ധാ​നങ്ങൾ രംഗമു​റി​യു​ടെ ഭിത്തി​ക​ളി​ലേക്കു മാറ്റു​ക​യും ചെയ്‌തു.

തുടക്ക​ത്തിൽ, 6,000 പേർക്ക്‌ ഇരിക്കാ​നുള്ള സൗകര്യ​മാണ്‌ എപ്പി​ഡൊ​റസ്‌ തീയേ​റ്റ​റിൽ ഉണ്ടായി​രു​ന്നത്‌. എന്നാൽ, പൊ.യു.മു രണ്ടാം നൂറ്റാ​ണ്ടിൽ, മേൽഭാ​ഗ​ത്താ​യി 21 നിര ഇരിപ്പി​ട​ങ്ങൾകൂ​ടി നിർമി​ക്ക​പ്പെട്ടു. അങ്ങനെ മൊത്തം ഇരിപ്പി​ട​ങ്ങ​ളു​ടെ എണ്ണം 13,000 ആയി. മുൻ ഭാഗത്തെ നിരകൾ വിശി​ഷ്ടാ​തി​ഥി​കൾക്കാ​യി വേർതി​രി​ച്ചി​രു​ന്നു. ചെങ്കല്ലു​കൊ​ണ്ടു നിർമിച്ച, ചാരു​ക​ളോ​ടു കൂടിയ ആ ഇരിപ്പി​ടങ്ങൾ മറ്റുള്ള​വ​യിൽനി​ന്നെ​ല്ലാം വ്യത്യ​സ്‌ത​ങ്ങ​ളാ​യി​രു​ന്നു.

അത്ഭുത​ക​ര​മായ ധ്വനി​ക​പ്ര​ഭാ​വം

എപ്പി​ഡൊ​റ​സി​ലെ തീയേറ്റർ അതിന്റെ സവി​ശേ​ഷ​മായ ധ്വനി​ക​പ്ര​ഭാ​വ​ത്തി​നു (acoustics) പേരു​കേ​ട്ട​താണ്‌. “ദീർഘ​നി​ശ്വാ​സം ഉതിർക്കു​ന്ന​തി​ന്റെ അല്ലെങ്കിൽ ഒരു കടലാസ്‌ കഷണം കീറു​ന്ന​തി​ന്റെ അത്രയും നേരിയ ശബ്ദം പോലും ഏറ്റവും പിൻനി​ര​യിൽ ഇരിക്കു​ന്ന​വർക്കു വരെ വ്യക്തമാ​യി കേൾക്കാം” എന്ന്‌ പുരാ​വ​സ്‌തു ശാസ്‌ത്ര പ്രൊ​ഫ​സ​റായ എസ്‌. ഇ. ഇ. യാക്കോ​വി​ഡിസ്‌ പറയുന്നു.

ഈ തീയേറ്റർ സന്ദർശി​ക്കുന്ന പല വിനോ​ദ​സ​ഞ്ചാ​രി​ക​ളും ഓർക്കെ​സ്‌ത്ര​യു​ടെ മധ്യത്തിൽ നിന്നു​കൊണ്ട്‌ പദ്യോ​ച്ചാ​രണം നടത്താ​നോ പാട്ടു പാടാ​നോ ഏറ്റവും ഒടുവി​ലത്തെ നിരയിൽ ഇരിക്കുന്ന സുഹൃ​ത്തു​ക്ക​ളോ​ടു മന്ത്രി​ക്കാ​നോ ഒക്കെ ഇഷ്ടപ്പെ​ടു​ന്നു. ഇത്ര വലിയ ഓഡി​റ്റോ​റി​യ​ത്തി​ന്റെ ഓരോ മുക്കി​ലും മൂലയി​ലും പോലും ശബ്ദം കേൾക്കാൻ കഴിയു​ന്നു എന്ന പ്രത്യേ​കത അവരിൽ മതിപ്പു​ള​വാ​ക്കാ​റുണ്ട്‌.

ആംഫി​തീ​യേ​റ്റ​റി​ന്റേ​തു​പോ​ലുള്ള ഇതിന്റെ ദീർഘ-അർധവൃ​ത്താ​കൃ​തി​യും രംഗസ്ഥ​ല​ത്തി​നു ചുറ്റും കുളപ്പ​ട​വു​കൾപോ​ലെ കെട്ടി​യി​രി​ക്കുന്ന ഇരിപ്പി​ട​ങ്ങ​ളും നിമി​ത്ത​മാണ്‌ ഈ ശബ്ദസം​വി​ധാ​നം സാധ്യ​മാ​കു​ന്നത്‌. പ്രകൃ​തി​ദ​ത്ത​മായ ആംഫി​തീ​യേ​റ്റ​റു​ക​ളിൽ—മിക്കവാ​റും കുന്നിൻ ചെരി​വു​ക​ളിൽ—കൂടി​വ​ന്നി​രുന്ന വൻ പുരു​ഷാ​ര​ത്തോട്‌ യേശു നടത്തിയ പ്രസം​ഗ​ത്തെ​യാണ്‌ ഇതു നമ്മെ ഓർമി​പ്പി​ക്കു​ന്നത്‌. ഈ സംവി​ധാ​നം നിമിത്തം അവൻ പറയുന്ന കാര്യങ്ങൾ എല്ലാവർക്കും വ്യക്തമാ​യി കേൾക്കാൻ കഴിയു​മാ​യി​രു​ന്നു.—മത്തായി 5:1, 2; 13:1, 2.

കൂടാതെ, എപ്പി​ഡൊ​റ​സി​ലെ ഇരിപ്പി​ട​ങ്ങ​ളു​ടെ നിരകൾ അധികം ചെരിവ്‌ ഇല്ലാതെ ഏതാണ്ട്‌ കുത്തനെ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്ന​തി​നാൽ, സ്റ്റേജും ഏറ്റവും പുറകി​ലെ ഇരിപ്പി​ട​ങ്ങ​ളും തമ്മിലുള്ള ദൂരം കുറവാണ്‌. അതു​കൊണ്ട്‌, ശബ്ദതരം​ഗങ്ങൾ പിൻനി​ര​യിൽ എത്തു​മ്പോ​ഴേ​ക്കും ദുർബ​ല​മാ​കു​ന്നില്ല.

അത്തരം നല്ല ധ്വനി​ക​പ്ര​ഭാ​വം സാധ്യ​മാ​ക്കുന്ന മറ്റൊരു സംഗതി, ഇരിപ്പി​ട​ങ്ങ​ളു​ടെ നിരകൾ തമ്മിൽ ആവശ്യ​ത്തി​ല​ധി​കം അകലം ഇല്ല എന്നതാണ്‌. അതു​കൊണ്ട്‌ ഒരേ സ്ഥായി​യി​ലും വ്യക്തത​യോ​ടെ​യും ശബ്ദത്തിന്‌ എല്ലായി​ട​ത്തും വ്യാപി​ക്കാൻ സാധി​ക്കു​ന്നു. ഓർക്കെ​സ്‌ത്ര​യു​ടെ​യും ഇരിപ്പി​ട​ങ്ങ​ളു​ടെ​യും, ശബ്ദതരം​ഗ​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കാൻ തക്ക കട്ടിയും ഉറപ്പു​മുള്ള പ്രതലം, ഉപയോ​ഗി​ച്ചി​രി​ക്കുന്ന മാർബി​ളി​ന്റെ ഗുണമേന്മ, പ്രശാ​ന്ത​മായ അന്തരീക്ഷം, ഓർക്കെ​സ്‌ത്ര​യിൽനിന്ന്‌ കാണി​ക​ളു​ടെ അടു​ത്തേക്കു വീശുന്ന ഇളങ്കാറ്റ്‌ എന്നിവ ആയിരു​ന്നു ശബ്ദ പ്രതി​ഫ​ല​ന​ത്തിൽ ഉൾപ്പെ​ട്ടി​രുന്ന മറ്റു ഘടകങ്ങൾ.

ഒരു ഉത്തമ നാടക​വേ​ദി

എപ്പി​ഡൊ​റ​സി​ലേതു പോലുള്ള തീയേ​റ്റ​റു​കൾ നിർമി​ച്ച​പ്പോൾ പുരാതന ഗ്രീക്കു​കാർ അതീവ ശ്രദ്ധയും വൈദ​ഗ്‌ധ്യ​വും പ്രകട​മാ​ക്കി​യ​തു​കൊ​ണ്ടാണ്‌ കാണി​കൾക്കു നാടകങ്ങൾ തടസ്സം​കൂ​ടാ​തെ കാണാ​നും കേൾക്കാ​നും കഴിഞ്ഞത്‌. കൊയ്‌ത്ത്‌, മുന്തി​രി​വി​ള​വെ​ടുപ്പ്‌ എന്നിവ ആഘോ​ഷി​ക്കാ​നാ​യി നടത്തി​യി​രുന്ന സദ്യക​ളും മരണവും പുതു​ജീ​വന്റെ ആവിർഭാ​വ​വും സംബന്ധിച്ച ആശയങ്ങ​ളു​മാണ്‌ നാടക​ത്തിന്‌ അടിത്തറ പാകി​യത്‌. അത്തരം മദി​രോ​ത്സവ സദ്യകൾ, മദ്യത്തി​ന്റെ​യും ഫലപു​ഷ്ടി​യു​ടെ​യും ദേവനായ ഡയനീ​ഷ്യ​സി​നെ പ്രകീർത്തി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. ഇത്തരം പ്രകട​ന​ങ്ങ​ളിൽ പുരാണ ദൈവ​ങ്ങളെ പുകഴ്‌ത്തുക മാത്രമല്ല, കഥകളും പറയു​മാ​യി​രു​ന്നു. അങ്ങനെ മൂന്നു തരത്തി​ലുള്ള കഥാക​ഥനം വികാസം പ്രാപി​ച്ചു: ദുഃഖ​പ​ര്യ​വ​സാ​യി, സന്തോ​ഷ​പ​ര്യ​വ​സാ​യി, ആക്ഷേപ​ഹാ​സ്യം. ഈ സംഭവ​ങ്ങ​ളു​ടെ ജനസമ്മി​തി തിരി​ച്ച​റിഞ്ഞ നഗരാ​ധി​പ​ന്മാർ, തങ്ങൾക്കു വലിയ രാഷ്‌ട്രീയ അധികാ​രം നേടി​യെ​ടു​ക്കാ​നുള്ള ഉപാധി​യെന്ന നിലയിൽ അവയ്‌ക്കു പിന്തു​ണ​യേകി.

കാല​ക്ര​മ​ത്തിൽ, ഡയനീ​ഷ്യൻ ആഘോ​ഷ​ങ്ങൾക്ക്‌ നാടക​ത്തി​ന്മേ​ലു​ണ്ടാ​യി​രുന്ന സ്വാധീ​ന​ത്തി​നും മദി​രോ​ത്സവ ദൃശ്യ​ങ്ങ​ളു​ടെ ജനപ്രീ​തി​ക്കും മങ്ങലേറ്റു. പൊ.യു.മു. അഞ്ചാം നൂറ്റാ​ണ്ടി​ലെ പേരു​കേട്ട നാടക​കൃ​ത്തു​ക്ക​ളായ എസ്‌ക​ലിസ്‌, സോ​ഫോ​ക്ലിസ്‌, യൂറി​പ്പി​ഡീസ്‌ എന്നിവ​രെ​പ്പോ​ലു​ള്ളവർ തങ്ങളുടെ നാടക​ങ്ങൾക്കുള്ള പുതിയ ഇതിവൃ​ത്ത​ങ്ങൾക്കാ​യി ഗ്രീക്ക്‌ ചരി​ത്ര​ത്തി​ലേ​ക്കും പുരാ​ണ​ത്തി​ലേ​ക്കും തിരിഞ്ഞു. നാടക​ത്തിന്‌ പ്രചാരം വർധി​ച്ച​തോ​ടെ​യാണ്‌ എപ്പി​ഡൊ​റ​സി​ലേ​തു​പോ​ലുള്ള വലിയ തീയേ​റ്റ​റു​കൾ ആവശ്യ​മാ​യി​വ​ന്നത്‌. നാടക​ങ്ങ​ളി​ലെ ഓരോ വാക്കും—ഇതിൽ മിക്ക​പ്പോ​ഴും, ശ്രദ്ധി​ച്ചി​രു​ന്നാൽ മാത്രം പിടി​കി​ട്ടുന്ന വാക്കു​കൾകൊ​ണ്ടുള്ള കളിക​ളും വാചക​ക്ക​സർത്തു​ക​ളും ഉൾപ്പെ​ട്ടി​രു​ന്നു—സദസ്സിന്‌ കേൾക്കാൻ കഴിയ​ണ​മാ​യി​രു​ന്നു. അതു​കൊണ്ട്‌, തീയേ​റ്റ​റു​ക​ളു​ടെ നിർമാ​ണ​ത്തിൽ അസാധാ​ര​ണ​മായ ശ്രദ്ധയും വൈദ​ഗ്‌ധ്യ​വും ആവശ്യ​മാ​യി​രു​ന്നു.

ഓരോ നാടക​ത്തി​നും ഒരു ഗായക​സം​ഘ​വും (സാധാ​ര​ണ​മാ​യി 10 മുതൽ 15 വരെ പേർ) അഭി​നേ​താ​ക്ക​ളും (ഒരു രംഗത്തിൽ മൂന്നിൽ കൂടുതൽ ആളുകൾ സംസാ​രി​ച്ചി​രു​ന്നില്ല) ആവശ്യ​മാ​യി​രു​ന്നു. ഗായക​സം​ഘ​ത്തി​ന്റെ പാട്ട്‌ അനുസ​രിച്ച്‌ നടിക്കുന്ന അഭി​നേ​താ​ക്കളെ ഹിപ്പോ​ക്രി​റ്റി എന്നാണു വിളി​ച്ചി​രു​ന്നത്‌. കാലാ​ന്ത​ര​ത്തിൽ, കപടമാ​യി പ്രവർത്തി​ക്കു​ക​യോ നടിക്കു​ക​യോ ചെയ്യുന്ന ഒരു വ്യക്തിയെ ആലങ്കാ​രി​ക​മാ​യി വർണി​ക്കാൻ ഈ പദം ഉപയോ​ഗി​ക്കാൻ തുടങ്ങി. യേശു​വി​ന്റെ നാളിലെ കപടസ്വ​ഭാ​വ​ക്കാ​രായ ശാസ്‌ത്രി​മാ​രെ​യും പരീശ​ന്മാ​രെ​യും വർണി​ക്കാൻ മത്തായി​യു​ടെ സുവി​ശേഷം ഈ പദം ഉപയോ​ഗി​ച്ചു.—മത്തായി 23:13.

എപ്പി​ഡൊ​റ​സും പുരാതന നാടക​വും ഇന്ന്‌

പുരാതന നാടകാ​വ​ത​രണം ഗ്രീസി​ലെ എപ്പി​ഡൊ​റ​സി​ലും മറ്റിട​ങ്ങ​ളി​ലും അരങ്ങേ​റി​യി​ട്ടുണ്ട്‌. 20-ാം നൂറ്റാ​ണ്ടി​ന്റെ തുടക്കം വരെ, പുരാതന ഗ്രീക്ക്‌ നാടകങ്ങൾ, പ്രത്യേ​കിച്ച്‌, ദുഃഖ​പ​ര്യ​വ​സാ​യി​യായ നാടകങ്ങൾ, ഒരു കലാലയ പാഠ്യ പദ്ധതി മാത്ര​മാ​യി​രു​ന്നു. എന്നാൽ, 1932-ൽ ഗ്രീസി​ലെ നാഷണൽ തീയേറ്റർ സ്ഥാപി​ത​മാ​യ​തോ​ടെ, പുരാതന നാടക​കൃ​ത്തു​ക്ക​ളു​ടെ കൃതികൾ ആധുനിക ഗ്രീക്കി​ലേക്കു പരിഭാഷ ചെയ്‌തി​ട്ടുണ്ട്‌.

1945 മുതൽ, എപ്പി​ഡൊ​റിയ നാട​കോ​ത്സവം ഒരു വാർഷിക പരിപാ​ടി ആയിത്തീർന്നി​രി​ക്കു​ന്നു. ഓരോ വേനൽക്കാ​ല​ത്തും, ഗ്രീസി​ലും വിദേ​ശ​ത്തും ഉള്ള പല നാടക കമ്പനി​ക​ളും എപ്പി​ഡൊ​റസ്‌ തീയേ​റ്റ​റിൽവന്ന്‌ പുരാതന നാടകങ്ങൾ അവതരി​പ്പി​ക്കാ​റുണ്ട്‌. വിനോ​ദ​സ​ഞ്ചാ​രി​ക​ളും തീയേ​റ്റ​റി​നെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​മായ ആയിര​ക്ക​ണ​ക്കി​നാ​ളു​കൾ ഏതാണ്ട്‌ 2,500 വർഷങ്ങൾക്കു മുമ്പെ​ഴു​തിയ നാടക​ത്തി​ന്റെ ആധുനിക ആവിഷ്‌കാ​രം കാണാ​നാ​യി ഇവിടം സന്ദർശി​ക്കു​ന്നു.

നിങ്ങൾക്ക്‌ ഗ്രീസ്‌ സന്ദർശി​ക്കാൻ അവസരം കിട്ടി​യാൽ എപ്പി​ഡൊ​റസ്‌ സന്ദർശി​ക്കാൻ മറക്കരുത്‌. മനോ​ജ്ഞ​മായ ഈ തീയേറ്റർ കണ്ടുക​ഴി​ഞ്ഞാൽ നിങ്ങളും പൊ​സേ​നി​യാ​സി​ന്റെ നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നേ​ക്കാം: ‘എപ്പി​ഡൊ​റ​സി​ന്റെ സൗകു​മാ​ര്യ​ത്തോട്‌ കിടപി​ടി​ക്കുന്ന വാസ്‌തു​ശില്‌പ നിർമി​തി​കൾ ഇല്ല.’

[13-ാം പേജിലെ ചതുരം]

തീയേറ്ററുംആദിമ ക്രിസ്‌ത്യാ​നി​ക​ളും

‘ഞങ്ങൾ ലോക​ത്തി​ന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തു​കാ​ഴ്‌ച​യാ​യി തീർന്നി​രി​ക്കു​ന്നു’ എന്ന്‌ എപ്പി​ഡൊ​റ​സിന്‌ അടുത്താ​യി താമസി​ച്ചി​രുന്ന കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി. (1 കൊരി​ന്ത്യർ 4:9; എബ്രായർ 10:33) അധി​ക്ഷേ​പി​ക്ക​പ്പെ​ടു​ക​യും പീഡി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നതു നിമിത്തം അവർ, ഒരു തീയേ​റ്റ​റിൽ സാർവ​ത്രിക സദസ്സിനു മുമ്പാകെ ആയിരി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ എന്നാണ്‌ അവൻ അർഥമാ​ക്കി​യത്‌. പൗലൊ​സി​ന്റെ നാളു​ക​ളിൽ നാടകങ്ങൾ പ്രചാ​ര​മേ​റിയ ഒരു വിനോദ രൂപമാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, അക്കാലത്തെ നാടക​ങ്ങ​ളിൽ മിക്ക​പ്പോ​ഴും അവതരി​പ്പി​ച്ചി​രുന്ന കടുത്ത അക്രമ​ത്തി​നും അധാർമി​ക​ത​യ്‌ക്കും എതിരെ ആദിമ ക്രിസ്‌ത്യാ​നി​കൾക്കു മുന്നറി​യി​പ്പു ലഭിച്ചി​രു​ന്നു. (എഫെസ്യർ 5:3-5) ചില​പ്പോ​ഴൊ​ക്കെ കാണി​കൾക്കു വിനോ​ദം പ്രദാനം ചെയ്യാ​നാ​യി ക്രിസ്‌ത്യാ​നി​കളെ റോമാ സാമ്രാ​ജ്യ​ത്തി​ലെ തീയേ​റ്റ​റു​ക​ളി​ലേ​ക്കും പോർക്ക​ള​ങ്ങ​ളി​ലേ​ക്കും വലിച്ചി​ഴ​ച്ചു​കൊ​ണ്ടു പോയി​ട്ടുണ്ട്‌. അവർ വന്യ മൃഗങ്ങ​ളു​മാ​യി മല്ലിടാൻ പോലും നിർബ​ന്ധി​ത​രാ​യി​ത്തീർന്നി​ട്ടുണ്ട്‌.

[12-ാം പേജിലെ ചിത്രങ്ങൾ]

സോഫോക്ലിസ്‌

എസ്‌കലിസ്‌

യൂറിപ്പിഡീസ്‌

[കടപ്പാട്‌]

ഗ്രീക്ക്‌ നാടകകൃത്തുക്കൾ: Musei Capitolini, Roma

[11-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

Courtesy GNTO