പരിണാമം യുക്തിസഹമോ?
പരിണാമം യുക്തിസഹമോ?
പരിണാമ സിദ്ധാന്തത്തെ അനുകൂലിക്കുന്നവർ അതിനെ ഒരു വസ്തുതയായിട്ടാണ് ഇന്ന് ഉയർത്തിക്കാട്ടുന്നത്. എന്നാൽ, മിക്കപ്പോഴും അവരുടെ വാദമുഖങ്ങൾ എത്ര യുക്തിപൂർവകമാണ്? പിൻവരുന്നവ പരിചിന്തിക്കുക.
മനുഷ്യന് ഇന്ന് അറിയാവുന്നതിൽ വെച്ച് ഏറ്റവും ബലമുള്ള വസ്തുക്കളിൽ ഒന്നാണ് എട്ടുകാലിയുടെ പട്ടുനൂൽ. “ഓരോ നൂലും അതിന്റെ മൊത്തം നീളത്തിന്റെ 40 ശതമാനം കൂടെ വലിച്ചുനീട്ടാൻ കഴിയും. മാത്രമല്ല, അതിന് ഉരുക്കിനെക്കാൾ നൂറിരട്ടി ഊർജം ഉൾക്കൊള്ളാനുള്ള കഴിവുമുണ്ട്” എന്ന് ന്യൂ സയന്റിസ്റ്റ് പറയുന്നു. ഈ അസാധാരണ നൂൽ എങ്ങനെയാണു നിർമിക്കപ്പെടുന്നത്? എട്ടുകാലിയുടെ ശരീരത്തിൽ ദ്രാവകരൂപത്തിൽ കാണപ്പെടുന്ന പശിമയുള്ള ഒരുതരം മാംസ്യം ഉദരത്തിനുള്ളിലെ നേരിയ കുഴലുകളിലൂടെ കടന്നുപോകുന്നു. ഈ മാംസ്യ തന്മാത്രകൾ പുനർക്രമീകരിക്കുന്നതുവഴി അത് നൂലായി മാറ്റപ്പെടുന്നു എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശദീകരിക്കുന്നു.
“ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ രസതന്ത്രജ്ഞന്റേതിനെക്കാൾ മികച്ച നിർമാണവിദ്യയാണ് പരിണാമ പ്രക്രിയയിലൂടെ എട്ടുകാലി വികസിപ്പിച്ചെടുത്തിരിക്കുന്നത്” എന്ന് ന്യൂ സയന്റിസ്റ്റ് പറയുന്നു. മനുഷ്യന് പിടികിട്ടാത്തത്ര സങ്കീർണമായ ഒരു നിർമാണവിദ്യ എട്ടുകാലി വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നു പറയുന്നത് വിശ്വസനീയമായി തോന്നുന്നുണ്ടോ?
പരിണാമ സിദ്ധാന്തത്തെ പിന്താങ്ങാൻ തെളിവുകളൊന്നും ഇല്ലെങ്കിലും പരിണാമവാദികൾ അതിനെ ചോദ്യം ചെയ്യുന്നവരെ കളിയാക്കുന്ന പതിവ് മാറിയിട്ടില്ലെന്ന് കാലിഫോർണിയ സർവകലാശാലയിലെ നിയമ പ്രൊഫസറായ ഫിലിപ്പ് ഇ. ജോൺസൺ ദ വാൾ സ്ട്രീറ്റ് ജേർണലിൽ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു. “പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നും ഇല്ലാത്തതിന്റെ സാരമായ കുഴപ്പമുണ്ട് പരിണാമ സിദ്ധാന്തത്തിന്. തങ്ങളുടെ വാദം അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞേക്കാം എന്നറിയാവുന്നതുകൊണ്ട് വസ്തുനിഷ്ഠമായ ഒരു വാദപ്രതിവാദത്തിന് അതിന്റെ അനുകൂലികളൊട്ട് ആഗ്രഹിക്കുന്നുമില്ല.”
ഇനി മറ്റൊരു ഉദാഹരണം, സസ്യലോകത്തിൽനിന്നാണ്. മൊറോക്കോയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ ആർക്കിയോപ്റ്റെറിസിന്റെ 150 ഫോസിലുകൾ കുഴിച്ചെടുത്തിരിക്കുന്നു. ലണ്ടനിലെ ദ ഡെയ്ലി ടെലഗ്രാഫ് പറയുന്നതനുസരിച്ച് ആർക്കിയോപ്റ്റെറിസ് “ഇന്നു കാണുന്ന മിക്ക വൃക്ഷങ്ങളുടെയും മുത്തച്ഛനും വിത്തുള്ള തരം ആദ്യത്തെ സസ്യങ്ങളുടെ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും അടുത്ത ബന്ധുവുമാണ്.” “ഇലകളും ചില്ലകളും കണ്ടുപിടിച്ചുകൊണ്ട്” ഈ ചെടി “ആധുനിക ലോകത്തെ വാർത്തെടുക്കുന്നതിൽ ഒരു പങ്കുവഹിച്ചു” എന്ന് പത്രത്തിന്റെ സയൻസ് എഡിറ്റർ പ്രഖ്യാപിക്കുകയുണ്ടായി. “കണ്ടുപിടിക്കുക” എന്നാൽ “ചിന്തിച്ച് രൂപപ്പെടുത്തിയെടുക്കുക” എന്നാണർഥം. ചിന്തിക്കാനും കണ്ടുപിടിക്കാനും ഒക്കെയുള്ള കഴിവ് ഒരു ചെടിക്ക് ഉണ്ടെന്നു പറയുന്നത് യുക്തിസഹമാണോ?
സ്വന്തമായി ചിന്തിക്കുന്നതിനു വേണ്ടി നമ്മുടെ ‘ചിന്താപ്രാപ്തികളെ കാത്തുസൂക്ഷിക്കാൻ’ ജ്ഞാനികളിൽ ഒരുവനായ ശലോമോൻ ബുദ്ധിയുപദേശിക്കുന്നു. അങ്ങനെ ചെയ്യേണ്ടതിന്റെ ആവശ്യം ഇന്നു മുമ്പെന്നത്തെക്കാളും കൂടുതലാണ്.—സദൃശവാക്യങ്ങൾ 5:2, NW.