ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
“നാം അവരെ സൃഷ്ടിക്കുന്നതു പ്രയോജനപ്രദമായിരുന്നേനെ”
റഷ്യയിലെ കരില്യയിലുള്ള പെട്രൊസവോറ്റ്സ്ക്ക് യൂണിവേഴ്സിറ്റി ആൻഡ് റിപ്പബ്ലിക്കൻ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിന്റെയും അനസ്തേഷ്യ വിഭാഗത്തിന്റെയും ചെയർമാനായ പ്രൊഫസർ അനറ്റൊൾയായ് പി. സിൽബ്ക്യെർ യഹോവയുടെ സാക്ഷികളെ ഇപ്രകാരം പ്രശംസിക്കുകയുണ്ടായി: “അവർ മദ്യപാനികളോ പുകവലിക്കാരോ പണക്കൊതിയന്മാരോ അല്ല. അവർ കള്ളസാക്ഷ്യം പറയാറില്ല. വാക്കു പാലിക്കുന്നവരാണ് അവർ . . . യഹോവയുടെ സാക്ഷികൾ ഒരു നിഗൂഢ മത വിഭാഗമല്ല, നിയമാനുസാരികളായ പൗരന്മാരാണ് അവർ.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “[അവർ] ആദരണീയരും സന്തുഷ്ടരുമാണ്. ചരിത്രം, സാഹിത്യം, കല എന്നിവയിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അവർ തത്പരരാണ്.” രക്തരഹിത ശസ്ത്രക്രിയാ രംഗത്ത് യഹോവയുടെ സാക്ഷികൾ മൂലം ഉണ്ടായിട്ടുള്ള പ്രയോജനപ്രദമായ മാറ്റങ്ങളെ കുറിച്ചു വിവരിച്ച ശേഷം പ്രൊഫസർ ഇങ്ങനെ പറഞ്ഞു: “വോൾട്ടയറിന്റെ വാക്കുകൾക്ക് [ദൈവം ഇല്ലായിരുന്നെങ്കിൽ അവനെ സൃഷ്ടിക്കുന്നത് പ്രയോജനപ്രദമായിരുന്നേനെ എന്ന് അദ്ദേഹം പറയുകയുണ്ടായി] അൽപ്പം ഭേദഗതി വരുത്തി പറയുകയാണെങ്കിൽ, യഹോവയുടെ സാക്ഷികൾ എന്നൊരു കൂട്ടർ അസ്തിത്വത്തിൽ ഇല്ലായിരുന്നെങ്കിൽ നാം അവരെ സൃഷ്ടിക്കുന്നതു പ്രയോജനപ്രദമായിരുന്നേനെ.”
ഫാഷന്റെ ഉയരങ്ങളിലോ?
ബ്രിട്ടനിലെ ആളുകൾക്ക് വർഷം തോറും സംഭവിക്കുന്ന പരിക്കുകളിൽ ഏതാണ്ട് 10,000 എണ്ണത്തിനും കാരണം എന്താണെന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അത് ഹൈഹീൽ ചെരിപ്പുകളും “ഫാഷൻ പ്രേമികളായ യുവജനങ്ങളുടെ വേഷവിധാനത്തിൽ അവിഭാജ്യ ഭാഗമായി തീർന്നിരിക്കുന്ന” പ്ലാറ്റ്ഫോം ഷൂസുമാണ്. ബ്രിട്ടീഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂഷന്റെ വക്താവായ സ്റ്റിവ് ടൈലർ ഇപ്രകാരം പറയുന്നു: “കാലിന്റെ കുഴ തിരിഞ്ഞുപോവുക അല്ലെങ്കിൽ ഉളുക്കുക, കാൽ ഒടിയുക എന്നിവയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്ന പരിക്കുകൾ. എന്നാൽ ഇത്തരം പാദരക്ഷകൾ വിശേഷിച്ചും ചെറുപ്രായത്തിലുള്ള പെൺകുട്ടികളിൽ—അവരുടെ ശരീരം വളർച്ചയുടെ ഘട്ടത്തിൽ ആയതുകൊണ്ട്—നടുവിനെ ബാധിക്കുന്ന പ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം.” അടുത്തയിടെ ജപ്പാനിൽ പ്ലാറ്റ്ഫോം ഷൂസ് രണ്ട് യുവതികളുടെ മരണത്തിനു പോലും കാരണമായിത്തീർന്നു. അവരിൽ ഒരാൾ 25 വയസ്സുള്ള ഒരു നഴ്സറി സ്കൂൾ ജീവനക്കാരിയായിരുന്നു. അഞ്ച് ഇഞ്ച് പൊക്കമുള്ള പ്ലാറ്റ്ഫോം ചെരിപ്പിട്ട് നടക്കുന്നതിനിടയിൽ സംഭവിച്ച വീഴ്ചയുടെ ആഘാതത്തിൽ തലയോട്ടിക്കേറ്റ പരിക്കു നിമിത്തമാണ് അവൾ മരിച്ചത്. മറ്റേ യുവതിയുടെ കാര്യത്തിലാകട്ടെ, അവൾ യാത്ര ചെയ്തിരുന്ന കാർ ഓടിച്ചിരുന്ന സ്ത്രീ ആറ് ഇഞ്ച് പൊക്കമുള്ള പ്ലാറ്റ്ഫോം ബൂട്ട്സ് ആണ് ഇട്ടിരുന്നത്. അതുമൂലം ബ്രേക്ക് ചവിട്ടാൻ കഴിയാതെ പോയതിനാൽ കാർ ഒരു കോൺക്രീറ്റ് പോസ്റ്റിൽ ചെന്നിടിക്കുകയും അവൾ കൊല്ലപ്പെടുകയും ചെയ്തു. തങ്ങളുടെ പേരിൽ കേസു വരാതിരിക്കാനായി ചില നിർമാതാക്കൾ തങ്ങളുടെ കമ്പനിയുടെ ഷൂസിൽ മുന്നറിയിപ്പിൻ ലേബലുകൾ ഒട്ടിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഗൃഹജോലികൾ കുട്ടികൾക്കും
“തിരക്കിട്ട ജീവിതം നയിക്കുന്ന ഇക്കാലത്തെ മാതാപിതാക്കൾ, ഗൃഹജോലികളിൽ കുട്ടികളെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മടിയുള്ളവരാണ്” എന്ന് ദ ടൊറന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. വീട്ടിലെ ജോലികൾ “കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് ആയിരിക്കില്ല” എങ്കിലും അത് അവരിൽ “സ്വാശ്രയശീലവും ആത്മാഭിമാനവും ഉളവാക്കു”മെന്ന് ക്രിയാത്മകമായ ശിക്ഷണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ഗ്രന്ഥകാരിയായ ജെയ്ൻ നെൽസൺ പറയുന്നു. ചൈൽഡ് മാസികയിൽ വന്ന ഒരു പഠന റിപ്പോർട്ട് പറയുന്നതനുസരിച്ച്, രണ്ടും മൂന്നും വയസ്സുള്ള കുട്ടികളെക്കൊണ്ട്, കളിപ്പാട്ടങ്ങൾ അടുക്കി വെക്കുക, മുഷിഞ്ഞ തുണികൾ അവ കൂട്ടിയിടുന്നിടത്ത് കൊണ്ടുപോയി ഇടുക തുടങ്ങിയ കാര്യങ്ങൾ ചെയ്യിക്കാവുന്നതാണ്. മൂന്നിനും അഞ്ചിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്കാണെങ്കിൽ ഭക്ഷണമേശ ഒരുക്കൽ, പാത്രങ്ങൾ കഴുകാനായി എടുത്തുകൊണ്ടുപോയി കൊടുക്കൽ, കളിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയും. 5-നും 9-നും ഇടയ്ക്കു പ്രായമുള്ള കുട്ടികളെക്കൊണ്ട് കിടക്ക വിരിക്കൽ, മുറ്റത്തു വീണുകിടക്കുന്ന ഇലകൾ പെറുക്കിക്കളയൽ, പുല്ലു പറിക്കൽ എന്നിങ്ങനെയുള്ള ജോലികളും 9-നും 12-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെക്കൊണ്ടാണെങ്കിൽ പാത്രം കഴുകിത്തുടയ്ക്കൽ, ചപ്പുചവറുകൾ കൊണ്ടുപോയി കളയൽ, പുൽത്തകിടി വെട്ടിനിരപ്പാക്കൽ, വാക്വം ചെയ്യൽ എന്നിങ്ങനെയുള്ള കാര്യങ്ങളും ചെയ്യിക്കാൻ സാധിക്കും. “ജോലി ചെയ്തുതീർക്കാൻ സമയപരിധി വെക്കുന്നതും നല്ലതായിരിക്കും” എന്ന് നെൽസൺ കൂട്ടിച്ചേർക്കുന്നു.
യുവപ്രായക്കാരും കുറ്റകൃത്യങ്ങളും
സ്കോട്ട്ലൻഡിൽ 14-നും 15-നും ഇടയ്ക്കു പ്രായമുള്ളവരിൽ 85 ശതമാനം ആൺകുട്ടികളും 67 ശതമാനം പെൺകുട്ടികളും കഴിഞ്ഞ വർഷം തങ്ങൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്നു സമ്മതിച്ചതായി ഒരു സ്കോട്ടിഷ് എക്സിക്യൂട്ടീവ് സർവേ വെളിപ്പെടുത്തുന്നു. ആറ് സ്കൂളുകളിൽ നിന്നായി സർവേയിൽ പങ്കെടുത്ത 1,000 വിദ്യാർഥികളിൽ 12 ശതമാനം മാത്രമേ തങ്ങൾ ഒരിക്കലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് പറഞ്ഞുള്ളൂ എന്ന് ഗ്ലാസ്കോയിലെ വർത്തമാനപത്രമായ ദ ഹെറാൾഡ് പറയുന്നു. 69 ശതമാനം ആൺകുട്ടികളും 56 ശതമാനം പെൺകുട്ടികളും വസ്തുവകകൾ നശിപ്പിച്ചവരായിരുന്നു. ഏകദേശം 66 ശതമാനം ആൺകുട്ടികളും 53 ശതമാനം പെൺകുട്ടികളും കടകളിൽനിന്നും ഏതാണ്ട് 50 ശതമാനം കുട്ടികൾ സ്കൂളിൽനിന്നും മോഷണം നടത്തിയിരുന്നു. മറ്റു കുറ്റകൃത്യങ്ങളിൽ വസ്തുക്കൾ തീവെച്ചു നശിപ്പിക്കുന്നതും ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കുന്നതും ഉൾപ്പെട്ടിരുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള പ്രധാന കാരണം സമപ്രായക്കാരിൽനിന്നുള്ള സമ്മർദം ആയിരുന്നെന്ന് സർവേയിൽ പങ്കെടുത്ത 14-നും 15-നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങൾ പറഞ്ഞു. എന്നാൽ 15 വയസ്സിനു മുകളിലുള്ളവരാകട്ടെ, മുഖ്യമായും മയക്കുമരുന്നുകൾ വാങ്ങാൻ ആവശ്യമായ പണം ഉണ്ടാക്കാനാണ് തങ്ങൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടത് എന്ന് സമ്മതിച്ചുപറഞ്ഞു.
പ്രശ്നക്കാരായ വിദ്യാർഥികൾ
മുമ്പൊക്കെ ജപ്പാനിൽ മത്സരികളായ കൗമാരപ്രായക്കാരെ കുറിച്ച് ഒരു കേട്ടുകേൾവി പോലും ഇല്ലായിരുന്നു. എന്നാൽ ഇന്ന് പ്രശ്നക്കാരായ വിദ്യാർഥികൾ നിമിത്തം ക്ലാസ്സിൽ അച്ചടക്കം നിലനിറുത്താൻ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ജപ്പാനിൽ ഉടനീളമുള്ള സ്കൂൾ അധ്യാപകർ പരാതിപ്പെടുന്നു. ടോക്യോ മെട്രോപൊളിറ്റൻ ഗവൺമെന്റ് 9-ഉം 11-ഉം 14-ഉം വയസ്സുള്ള വിദ്യാർഥികളോട് മറ്റുള്ളവരെ കുറിച്ചുള്ള അവരുടെ മനോഭാവം എന്താണെന്ന് അന്വേഷിക്കുകയുണ്ടായി. സുഹൃത്തുക്കളുടെ പെരുമാറ്റം തങ്ങൾക്ക് അസഹ്യമായി തീർന്നിരിക്കുന്നതായും അവരെക്കൊണ്ട്
മടുത്തിരിക്കുന്നതായും അവരിൽ 65 ശതമാനം പറഞ്ഞു; സമാനമായ അഭിപ്രായം 60 ശതമാനം പേർ മാതാപിതാക്കളെ കുറിച്ചും 50 ശതമാനം പേർ അധ്യാപകരെ കുറിച്ചും പറയുകയുണ്ടായി എന്ന് ദ ഡെയ്ലി യോമിയുരി റിപ്പോർട്ടു ചെയ്യുന്നു. തങ്ങൾക്ക് ഒരിക്കലുംതന്നെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാറില്ലെന്ന് നാൽപ്പതു ശതമാനം പറഞ്ഞു. സാധനങ്ങൾ തല്ലിപ്പൊട്ടിച്ചാണ് ദേഷ്യം തീർക്കുന്നത് എന്ന് 5-ൽ ഒരാൾ വീതം പറയുകയുണ്ടായി.“അജ്ഞാത വൈറസ്”
“ഒരു അജ്ഞാത വൈറസ് ലോകത്ത് എല്ലായിടത്തുമുള്ള രക്ത ശേഖരത്തെ ദുഷിപ്പിക്കു”ന്നതായി ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. ടിടി എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. അതിനെ ആദ്യമായി കണ്ടെത്തിയത് ഒരു ജപ്പാൻകാരന്റെ രക്തത്തിലാണ്. അയാളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് അതിന് ആ പേരു നൽകിയിരിക്കുന്നത്. “‘ടിടി’ വൈറസ് അപകടകാരിയാണോ എന്നത് അജ്ഞാതമാണ്. എന്നാൽ അത് കരൾ സംബന്ധമായ രോഗത്തിന് ഇടയാക്കിയേക്കാമെന്ന ആശങ്കയുണ്ട്. . . . രക്തദാതാക്കളുടെയും രക്തപ്പകർച്ചയ്ക്കു വിധേയരാകുന്ന, കരൾ സംബന്ധമായ രോഗമുള്ളവരുടെയും രക്തത്തിൽ” അതിനെ കണ്ടെത്തിയിട്ടുണ്ട്. കാലിഫോർണിയയിൽ, രക്തം ദാനം ചെയ്ത 102 വ്യക്തികളിൽ 8 പേർക്ക് ഈ വൈറസ് ബാധ ഉണ്ടായിരുന്നതായി ഒരു പഠനം വെളിപ്പെടുത്തിയിരിക്കുന്നു, അവർക്കാകട്ടെ രക്തപരിശോധനയിൽ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇല്ലെന്നു തെളിഞ്ഞിരുന്നതുമാണ്. ബ്രിട്ടനിൽ ഈ വൈറസ് ബാധയുടെ നിരക്ക് 2 ശതമാനവും ഫ്രാൻസിൽ 4 മുതൽ 6 വരെ ശതമാനവും ഐക്യനാടുകളിൽ 8 മുതൽ 10 വരെ ശതമാനവും ജപ്പാനിൽ 13 ശതമാനവും ആണ്. “ടിടി വൈറസിനെ കുറിച്ചു പഠിക്കുന്ന ലോകമെമ്പാടുമുള്ള [ശാസ്ത്രജ്ഞർ] പരിഭ്രാന്തിക്ക് ഇടനൽകാതിരിക്കാൻ ശ്രദ്ധിക്കവെതന്നെ ഈ വൈറസ് ആരോഗ്യത്തിന് എന്തെങ്കിലും ഭീഷണി ഉയർത്തുന്നുണ്ടോ എന്നു കണ്ടുപിടിക്കാൻ” ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആ ലേഖനം പറയുന്നു.
ജീവൻ രക്ഷിക്കുന്ന കോളർ
ദക്ഷിണാഫ്രിക്കയിലെ ചില പ്രദേശങ്ങളിൽ ആടുകളെ വളർത്തുന്നവർക്ക് ഓരോ പ്രജനന കാലത്തും 40 ശതമാനം ആട്ടിൻകുഞ്ഞുങ്ങളെ വരെ നഷ്ടമാകാറുണ്ടായിരുന്നു. കുറുക്കന്മാർ ആട്ടിൻകുട്ടികളെ പിടിച്ചുതിന്നുന്നതായിരുന്നു ഇതിന്റെ കാരണം. ഉടമകൾക്ക് സാമ്പത്തിക നഷ്ടം വരുത്തിവെച്ചതിനു പുറമേ കുറുക്കന്മാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനും ഇത് ഇടയാക്കി. കുറുക്കന്മാരെ നശിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല അത് മറ്റു വന്യജീവികൾക്കു ദോഷം ചെയ്യുകയുമുണ്ടായി. എന്നാൽ സമീപ വർഷങ്ങളിൽ ഇതിനു വിദഗ്ധമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുന്നു. ചെമ്മരിയാടുകളെ അണിയിക്കാനുള്ള ഒരു കോളർ കണ്ടുപിടിക്കുക വഴിയാണ് അതു സാധിച്ചത്. കട്ടിയുള്ളതെങ്കിലും വഴക്കമുള്ള ഈ കോളറിന്റെ നീളം ഇഷ്ടാനുസരണം ക്രമീകരിക്കാൻ കഴിയും. മാത്രമല്ല ഇത് പുനരുപയോഗിക്കാനും സാധിക്കും. ഇത് ആടിന്റെ ചലനത്തിനു തടസ്സം സൃഷ്ടിക്കുന്നില്ല. കുറുക്കൻ മാരകമായ വിധത്തിൽ ആടിനെ കടിച്ചു പരിക്കേൽപ്പിക്കാതിരിക്കാൻ ഇതു സഹായിക്കുന്നു, അതേസമയം കുറുക്കന്മാർക്ക് അപകടമൊന്നും ഉണ്ടാകുന്നതുമില്ല. നേറ്റൽ വിറ്റ്നസ് വർത്തമാനപത്രം പറയുന്നതനുസരിച്ച് “കുറുക്കന്മാർ ആടുകളെ കൊല്ലുന്നതിന് എന്നെന്നേക്കുമായി ഒരു പരിഹാരം കാണാൻ” കോളറുകൾ “സഹായിച്ചിരിക്കുന്നതായി” അവ ഉപയോഗിക്കുന്ന ഉടമകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. പ്രാണികൾ, കരണ്ടുതീനികൾ, അഴുകിത്തുടങ്ങിയ മാംസം എന്നിവയൊക്കെയാണ് ഇപ്പോൾ അവിടത്തെ കുറുക്കന്മാരുടെ ആഹാരം. ഇതാകട്ടെ അവയുടെ എണ്ണം കുറയാൻ ഇടയാക്കുകയും ചെയ്തിരിക്കുന്നു.
തടി തുരക്കുന്ന കടന്നലുകൾ
ഇക്ക്ന്യുമോൺ കടന്നലുകൾക്ക് “അയോണീകരിക്കപ്പെട്ട മാംഗനീസോ സിങ്കോകൊണ്ട് കട്ടിയായിത്തീർന്ന” ഒരു അണ്ഡക്ഷേപിയുള്ളതായി നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ടു ചെയ്യുന്നു. ആതിഥേയ കമ്പിളിപ്പുഴുക്കളുടെ ശരീരത്തിൽ മുട്ടയിടുന്നതിനു വേണ്ടി മരത്തിന്റെ തായ്ത്തടി തുരന്ന് ഉള്ളിലേക്കു ചെല്ലാൻ കടന്നൽ അതിന്റെ ഈ ലോഹ ഉപകരണം ഉപയോഗിക്കുന്നു. “ചിലതിന് ഉറപ്പുള്ള തടി മൂന്ന് ഇഞ്ച് ആഴത്തിൽ പോലും തുരക്കാൻ സാധിക്കും” എന്ന് ബ്രിട്ടന്റെ ഇംപീരിയൽ കോളെജിലെ ഡോണാൾഡ് ക്വിക്ക് പറയുന്നു. മുട്ടവിരിഞ്ഞുണ്ടാകുന്ന കടന്നൽക്കുഞ്ഞുങ്ങൾ ആതിഥേയ കമ്പിളിപ്പുഴുക്കളെ—ഇവയും തടി തുരക്കാൻ കഴിവുള്ളവയാണ്—അകത്താക്കും. ഈ കമ്പിളിപ്പുഴുക്കളുടെ ശരീരത്തിലുള്ള ധാതുക്കൾ കടന്നൽക്കുഞ്ഞുങ്ങളുടെ വായുടെ ഭാഗങ്ങൾ കട്ടിയാകാൻ ഇടയാക്കുന്നു. അങ്ങനെ വായകൊണ്ട് തടി ചവച്ചു മാറ്റി അവ പുറത്തുവരുന്നു.
ഇന്ത്യയിലെ “നിശ്ശബ്ദ അടിയന്തിരത”
“ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ആളുകളുടെ ആരോഗ്യത്തിലും ജീവിതനിലവാരങ്ങളിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും വികലപോഷണം ‘നിശ്ശബ്ദ അടിയന്തിരത’യായിത്തന്നെ നിലകൊള്ളുന്നു” എന്ന് ദ ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ടു ചെയ്യുന്നു. വികലപോഷണം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ അവ പരിഹരിക്കുന്നതിനായി വളരെയധികം പണം ചെലവഴിക്കേണ്ടി വരുന്നു. കൂടാതെ അത് തൊഴിൽരംഗത്തെ ഉത്പാദനക്ഷമതയിൽ കുറവു സംഭവിക്കുന്നതിനും ഇടയാക്കുന്നു. ഇതെല്ലാം നിമിത്തം ഇന്ത്യക്ക് 1,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്. റിപ്പോർട്ട് പറയുന്നതനുസരിച്ച് ഇന്ത്യയിലെ നാലു വയസ്സിനു താഴെയുള്ള കുട്ടികളിൽ 50 ശതമാനത്തിലധികവും വികല പോഷിതരാണ്, നവജാത ശിശുക്കളിൽ 30 ശതമാനത്തിന് “ഗണ്യമായ തൂക്കക്കുറവ്” ഉണ്ട്, 60 ശതമാനം സ്ത്രീകൾ വിളർച്ചയുള്ളവരാണ്. “വികലപോഷണം വ്യക്തികളെയും കുടുംബങ്ങളെയും സാരമായി ബാധിക്കുന്നുവെന്നു മാത്രമല്ല, വിദ്യാഭ്യാസരംഗത്ത് നടത്തിയിട്ടുള്ള മുതൽമുടക്കിന് തക്ക പ്രയോജനം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. മാത്രമല്ല സാമൂഹിക സാമ്പത്തിക പുരോഗതിക്ക് ഒരു വലിയ വിലങ്ങുതടിയായും അത് നിലകൊള്ളുന്നു” എന്ന് ലോകബാങ്കിലെ സീനിയർ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റായ മീര ചാറ്റർജി പറയുന്നു.
വൈദികർ അസന്തുഷ്ടരാണെന്നോ?
ഫ്രഞ്ച് സമൂഹത്തിൽ വൈദികർക്കുള്ള പ്രതിച്ഛായ എന്തെന്നു മനസ്സിലാക്കാൻ കഴിഞ്ഞ ആറു വർഷത്തിനിടയിൽ മൂന്നു സർവേ നടത്തുകയുണ്ടായി. കത്തോലിക്കാ പത്രമായ ലാ ക്രവയിൽ പ്രസിദ്ധീകരിച്ചതനുസരിച്ച്, ഏറ്റവും അടുത്തകാലത്തു നടത്തിയ സർവേ കാണിക്കുന്ന പ്രകാരം 45 ശതമാനം ഫ്രഞ്ചുകാരും പുരോഹിതന്മാരെ സന്തുഷ്ടരോ സംതൃപ്തരോ ആയി കണക്കാക്കുന്നില്ല. ആളുകൾ പൊതുവേ വൈദികനെ സൗഹൃദപ്രകൃതക്കാരനും പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കുന്നവനും ആയിട്ടാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, “പുരോഹിതനെ സമൂഹത്തിന് ആവശ്യമുള്ള ഒരുവനായി വീക്ഷിക്കുന്ന ഫ്രഞ്ചുകാരുടെ എണ്ണം കുറഞ്ഞുവരികയാണ്” എന്നും “ദൈവത്തിന്റെ ഭൂമിയിലെ സാക്ഷിയായി” പുരോഹിതനെ വീക്ഷിക്കുന്നത് വെറും 56 ശതമാനം ആണെന്നും പത്രം പറയുന്നു. പൊതുജനത്തിന്റെ 3-ൽ ഒന്നിൽ താഴെയും ക്രമമായി പള്ളിയിൽ പോകുന്നവരിൽ 51 ശതമാനവും മാത്രമേ തങ്ങളുടെ മകനെ അല്ലെങ്കിൽ ബന്ധുവിനെ പൗരോഹിത്യം സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നുള്ളൂ.