വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൊടുങ്കാറ്റുകൾക്കുശേഷം—ഫ്രാൻസിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ

കൊടുങ്കാറ്റുകൾക്കുശേഷം—ഫ്രാൻസിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ

കൊടു​ങ്കാ​റ്റു​കൾക്കു​ശേഷംഫ്രാൻസി​ലെ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങൾ

ഫ്രാൻസിലെ ഉണരുക! ലേഖകൻ

കുറച്ചു വിറ​കെ​ടു​ത്തു​കൊ​ണ്ടു​വ​രാൻ കതകു തുറന്ന​താ​യി​രു​ന്നു ഫ്രാൻസ്വാസ്‌. “എനി​ക്കെന്റെ കണ്ണുകളെ വിശ്വ​സി​ക്കാ​നാ​യില്ല,” അവർ പറയുന്നു. “വാതിൽപ്പടി വരെ വെള്ളം കയറി​യി​രു​ന്നു. ഒരു വൻതിര വീടി​നു​നേരെ അടിച്ചു​വ​രു​ന്നത്‌ ഞാൻ കണ്ടു.” അവരുടെ ഭർത്താവ്‌ ടൈ​യെറീ കഴുത്തറ്റം വെള്ളത്തി​ലൂ​ടെ നീന്തി​ച്ചെന്ന്‌ ഗരാജിൽനിന്ന്‌ ഒരു ഏണി കൊണ്ടു​വന്നു. പേടി​ച്ചരണ്ട മുഴു കുടും​ബ​വും വീടിന്റെ മച്ചി​ലേക്കു കയറി. ടൈ​യെറീ മേൽക്കൂ​ര​യിൽ ഒരു ദ്വാര​മു​ണ്ടാ​ക്കി. ആ ദമ്പതി​ക​ളും അവരുടെ മൂന്നു​മ​ക്ക​ളും നനഞ്ഞു​കു​തിർന്ന ആ അവസ്ഥയിൽ രക്ഷാ​പ്ര​വർത്ത​കർക്കാ​യി നീണ്ട നാലു മണിക്കൂർ കാത്തി​രു​ന്നു. ഒടുവിൽ ഫ്രഞ്ച്‌ പോലീ​സി​ന്റെ ഒരു ഹെലി​ക്കോ​പ്‌റ്റർ അവരെ കണ്ടെത്തി രക്ഷിച്ചു.

കോരി​ച്ചൊ​രി​യുന്ന മഴയെ തുടർന്ന്‌ നദികൾ കരകവി​ഞ്ഞ​പ്പോൾ ചിറക​ളും പാലങ്ങ​ളും തകർന്നു​വീ​ണു. ചേറു​നി​റഞ്ഞ തിരമാ​ലകൾ—ചിലതി​നാ​ണെ​ങ്കിൽ 10 മീറ്റർ വരെ ഉയരമു​ണ്ടാ​യി​രു​ന്നു—കണ്ണിൽ കണ്ടതി​നെ​യെ​ല്ലാം അടി​ച്ചൊ​ഴു​ക്കി​ക്കൊ​ണ്ടു​പോ​യി. ആ ദുരന്ത​ത്തിൽ 30-ലധികം പേർ മരിച്ചു—കാറിൽ കുടു​ങ്ങി​പ്പോ​കു​ക​യോ ഉറങ്ങി​ക്കി​ടക്കെ മുങ്ങി​പ്പോ​കു​ക​യോ ചെയ്‌ത​താ​യി​രു​ന്നു അവർ. രക്ഷപ്പെട്ട ഒരു സ്‌ത്രീ നവംബർ മാസത്തി​ലെ ആ ഭീകര രാത്രി​യെ “ലോകാ​വ​സാന”ത്തോട്‌ ഉപമിച്ചു. തെക്കു​പ​ടി​ഞ്ഞാ​റൻ ഫ്രാൻസി​ലെ, 329 പട്ടണങ്ങ​ളും ഗ്രാമ​ങ്ങ​ളും ഉൾപ്പെട്ട ഒരു മേഖലയെ മൊത്തം ദുരന്ത​ബാ​ധിത പ്രദേ​ശ​മാ​യി പ്രഖ്യാ​പി​ച്ചു.

കൂടുതൽ ഭീകര​മായ ദുരന്തങ്ങൾ ആഞ്ഞടി​ക്കു​ന്നു

തെക്കു​പ​ടി​ഞ്ഞാ​റൻ പ്രദേ​ശത്തെ ആളുക​ളു​ടെ ശ്വാസം ഒന്നു നേരെ വീണില്ല, അതിനു​മു​മ്പു തന്നെ അവർക്ക്‌ അടുത്ത ദുരന്തത്തെ നേരി​ടേ​ണ്ടി​വന്നു. അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തി​നു മുകളി​ലെ അന്തരീ​ക്ഷ​മർദം തീരെ കുറഞ്ഞു​പോ​യ​തി​ന്റെ ഫലമായി ചുഴലി​ക്കാ​റ്റി​ന്റെ​യത്ര ശക്തിയുള്ള കാറ്റടി​ക്കാൻ തുടങ്ങി. 1999, ഡിസംബർ 26-ാം തീയതി ആദ്യത്തെ കൊടു​ങ്കാ​റ്റു​ണ്ടാ​യി. അടുത്ത ദിവസം രാത്രി, ഫ്രാൻസി​ന്റെ തെക്കു ഭാഗത്തു വീണ്ടും കൊടു​ങ്കാറ്റ്‌ സംഹാ​ര​താ​ണ്ഡ​വ​മാ​ടി. മണിക്കൂ​റിൽ 200 കിലോ​മീ​റ്റ​റി​ലും കൂടുതൽ വേഗത്തിൽ കാറ്റു വീശി​യ​താ​യി രേഖ​പ്പെ​ടു​ത്ത​പ്പെട്ടു. ഔദ്യോ​ഗിക രേഖയ​നു​സ​രിച്ച്‌ കുറഞ്ഞ​പക്ഷം 17-ാം നൂറ്റാ​ണ്ടി​നു ശേഷം ഫ്രാൻസിൽ ഇതു​പോ​ലൊ​രു കൊടു​ങ്കാറ്റ്‌ വീശി​യി​ട്ടില്ല.

കൊടു​ങ്കാ​റ്റു​ണ്ടായ സമയത്തെ സംഭവ​ങ്ങളെ കുറിച്ച്‌ ഏലെൻ പറയുന്നു: “ഞാനാകെ ഭയന്നു​പോ​യി. എന്റെ ഭർത്താവ്‌ മോ​ട്ടോർ​സൈ​ക്കി​ളിൽ വീട്ടി​ലേക്കു മടങ്ങു​ക​യാ​യി​രു​ന്നു. പുറത്ത്‌ മരക്കൊ​മ്പു​കൾ കാറ്റത്തു അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും പറക്കു​ന്നത്‌ എനിക്കു കാണാ​മാ​യി​രു​ന്നു. അദ്ദേഹ​ത്തിന്‌ ഒരിക്ക​ലും ജനിക്കാൻ പോകുന്ന തന്റെ കുഞ്ഞിനെ കാണാൻ കഴിയില്ല എന്നു ഞാൻ കരുതി. അദ്ദേഹം വന്നെ​ത്തേ​ണ്ട​താ​മസം വീട്ടിൽ വെള്ളം കയറാൻ തുടങ്ങി. ഞങ്ങൾക്കു ജനലി​ലൂ​ടെ പുറ​ത്തേക്കു ചാടേണ്ടി വന്നു.”

ഫ്രാൻസിൽ കുറഞ്ഞത്‌ 90 പേരെ​ങ്കി​ലും മരിച്ചു. ചിലർ മുങ്ങി​മ​രി​ച്ച​പ്പോൾ മരങ്ങളോ കെട്ടി​ട​ങ്ങ​ളു​ടെ ഓടോ പുകക്കു​ഴ​ലു​ക​ളോ ഒക്കെ ദേഹത്തു വീണാണ്‌ മറ്റു ചിലർ മരിച്ചത്‌. സൈനി​ക​രും അല്ലാത്ത​വ​രു​മായ അനേകം രക്ഷാ​പ്ര​വർത്തകർ ഉൾപ്പെടെ നൂറു​ക​ണ​ക്കി​നു പേർക്കു സാരമായ പരി​ക്കേറ്റു. കൊടു​ങ്കാറ്റ്‌ ഫ്രാൻസി​ന്റെ അയൽരാ​ജ്യ​ങ്ങ​ളെ​യും വെറുതെ വിട്ടില്ല. ജർമനി, ബ്രിട്ടൻ, സ്‌പെ​യിൻ, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളി​ലാ​യി 40-ലധികം പേർ മരിച്ചു.

ദുരന്തം വരുത്തിയ ദുരി​ത​ങ്ങൾ

ഫ്രാൻസി​ന്റെ 96 ഭരണ​പ്ര​വി​ശ്യ​ക​ളിൽ 69 എണ്ണത്തെ​യും “ദുരന്ത​ബാ​ധിത പ്രദേ​ശങ്ങൾ” ആയി പ്രഖ്യാ​പി​ച്ചു. ഏതാണ്ട്‌ 7,000 കോടി ഫ്രാങ്ക്‌സി​ന്റെ (1,100 കോടി ഡോളർ) നാശന​ഷ്ടങ്ങൾ ഉണ്ടായ​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. നാശത്തി​നി​ര​യായ ചില പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും തുറമു​ഖ​ങ്ങ​ളി​ലു​മൊ​ക്കെ യുദ്ധം കഴിഞ്ഞ ഒരു പ്രതീ​തി​യാ​യി​രു​ന്നു. മരങ്ങളോ വൈദ്യു​ത​പോ​സ്റ്റു​ക​ളോ വീണ്‌ റോഡ്‌-റെയിൽ ഗതാഗതം സ്‌തം​ഭി​ച്ചു. ശക്തമായ കാറ്റിൽ കെട്ടി​ട​ങ്ങ​ളു​ടെ മേൽക്കൂ​രകൾ പറന്നു​പോ​യി, ക്രെയി​നു​കൾ നിലം​പ​തി​ച്ചു. കപ്പലുകൾ കരയി​ലേക്കു ചുഴറ്റി​യെ​റി​യ​പ്പെട്ടു. ഫലവൃ​ക്ഷ​ത്തോ​പ്പു​ക​ളും ഹരിത​ഗൃ​ഹ​ങ്ങ​ളും നശിച്ചു. അതോടെ വാണി​ജ്യാ​ടി​സ്ഥാ​ന​ത്തിൽ തോട്ട​ക്കൃ​ഷി നടത്തുന്ന ആയിര​ക്ക​ണ​ക്കി​നു പേർക്ക്‌ തങ്ങളുടെ ഉപജീ​വ​ന​മാർഗം നഷ്ടമായി.

സംഹാ​ര​രൂ​പം​പൂണ്ട കൊടു​ങ്കാറ്റ്‌ ഏതാനും മണിക്കൂ​റു​കൊണ്ട്‌ ഫ്രാൻസി​ന്റെ വനങ്ങളി​ലും പാർക്കു​ക​ളി​ലും വൻതോ​തി​ലുള്ള നാശന​ഷ്ടങ്ങൾ വരുത്തി​വെച്ചു. അങ്ങനെ ലക്ഷക്കണ​ക്കിന്‌ ഏക്കർ പ്രദേ​ശത്തെ മരങ്ങൾ നശിച്ചു. ഫ്രഞ്ച്‌ നാഷണൽ ഫോറസ്റ്റ്‌ ഓഫീ​സി​ന്റെ കണക്കു​പ്ര​കാ​രം അവയുടെ എണ്ണം ഏകദേശം 30 കോടി​യാണ്‌. നൂറ്റാ​ണ്ടു​കൾ പഴക്കമുള്ള പ്രൗഢ​ഗം​ഭീര വൃക്ഷങ്ങൾ പോലും കടപു​ഴകി. അവയിൽ ചിലത്‌ വെറും തീപ്പെ​ട്ടി​ക്കൊ​ള്ളി​കൾ പോ​ലെ​യാണ്‌ ഒടിഞ്ഞു​വീ​ണത്‌. കാറ്റ്‌ ആക്വി​റ്റേ​നി​ലെ​യും ലൊ​റേ​നി​ലെ​യും വനങ്ങളി​ലെ ഒട്ടനവധി മരങ്ങൾ പിഴു​തെ​റി​ഞ്ഞു.

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നായ ബെർണാർ—അദ്ദേഹം ഒരു ഫോറസ്റ്റ്‌ വാർഡ​നാണ്‌—ഇങ്ങനെ പറയുന്നു: “കൊടു​ങ്കാറ്റ്‌ കഴിഞ്ഞ്‌ പിറ്റേ ദിവസം ഞാൻ വനത്തിൽ ചെന്നു. ഞെട്ടി​ക്കുന്ന ഒരു കാഴ്‌ച​യാ​യി​രു​ന്നു അത്‌. അത്തര​മൊ​രു കാഴ്‌ച കണ്ടാൽ ആരു​ടെ​യും മനസ്സൊ​ന്നു പിടയും! ഇവിടെ എന്റെ സഭയി​ലു​ള്ള​വ​രിൽ 80 ശതമാ​ന​വും ഈ വനത്തെ ആശ്രയി​ച്ചു ജീവി​ക്കു​ന്ന​വ​രാണ്‌. എല്ലാവ​രെ​യും, പ്രത്യേ​കിച്ച്‌ പ്രായ​മാ​യ​വരെ ഈ സംഭവം വല്ലാതെ പിടി​ച്ചു​ല​ച്ചി​രി​ക്കു​ന്നു.” വേഴ്‌​സൈ​ലെസ്‌ കൊട്ടാര വളപ്പിലെ 10,000 മരങ്ങൾ കടപു​ഴകി. “ഉദ്യാനം മുമ്പ​ത്തേ​തു​പോ​ലെ ആകണ​മെ​ങ്കിൽ ഇനി രണ്ടു നൂറ്റാണ്ടു പിടി​ക്കും” എന്ന്‌ മുഖ്യ ഉദ്യാ​ന​പാ​ല​ക​രിൽ ഒരാൾ പറയുന്നു.

വൈദ്യു​ത കമ്പികൾ പൊട്ടി​വീ​ണ​തോ​ടെ ഫ്രാൻസി​ലെ ജനതയു​ടെ ആറി​ലൊ​ന്നി​ല​ധി​കം അന്ധകാ​ര​ത്തി​ലാ​യി. പൊതു​ജ​ന​സേവന ഏജൻസി​കൾ പ്രശം​സ​നീ​യ​മായ ശ്രമങ്ങൾ നടത്തി​യെ​ങ്കി​ലും രണ്ടാഴ്‌ച കഴിഞ്ഞി​ട്ടും പതിനാ​യി​ര​ക്ക​ണ​ക്കി​നാ​ളു​കൾക്ക്‌ വൈദ്യു​തി​യോ ടെലി​ഫോൺ സൗകര്യ​മോ ഇല്ലാതെ കഴി​യേ​ണ്ടി​വന്നു. ചില കൊച്ചു ഗ്രാമ​ങ്ങൾക്ക്‌ പുറം​ലോ​ക​വു​മാ​യുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടു. കിണറ്റിൽനി​ന്നു വെള്ളം കോരാ​നും മെഴു​കു​തി​രി ഉപയോ​ഗി​ക്കാ​നു​മൊ​ക്കെ നിർബ​ന്ധി​ത​രാ​യി​ത്തീർന്ന​പ്പോൾ, 21-ാം നൂറ്റാ​ണ്ടി​ന്റെ പടിവാ​തിൽക്ക​ലാ​യി​രുന്ന ജനങ്ങൾക്ക്‌ കാലച​ക്രം തിരിഞ്ഞ്‌ നൂറു​വർഷം പുറ​കോ​ട്ടു പോയി നിന്നതാ​യി തോന്നി.

പൊതു​കെ​ട്ടി​ട​ങ്ങ​ളും പ്രഭു​മ​ന്ദി​ര​ങ്ങ​ളും കത്തീ​ഡ്ര​ലു​ക​ളു​മൊ​ന്നും കൊടു​ങ്കാ​റ്റി​ന്റെ കരാള​ഹ​സ്‌ത​ങ്ങ​ളിൽനി​ന്നു രക്ഷപ്പെ​ട്ടില്ല. നിരവധി ആരാധ​നാ​ല​യ​ങ്ങൾക്കും കേടു​പാ​ടു​കൾ സംഭവി​ച്ചു—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 15 രാജ്യ​ഹാ​ളു​ക​ളും ഇതിൽ പെടുന്നു. ചില സ്ഥലങ്ങളിൽ മെഴു​കു​തി​രി​യു​ടെ​യോ മണ്ണെണ്ണ​വി​ള​ക്കി​ന്റെ​യോ അരണ്ട വെളി​ച്ച​ത്തിൽ യോഗങ്ങൾ നടത്തേ​ണ്ടി​വന്നു.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഏകദേശം 2,000 കുടും​ബ​ങ്ങൾക്ക്‌ ഏതെങ്കി​ലു​മൊ​ക്കെ തരത്തി​ലുള്ള നാശന​ഷ്ടങ്ങൾ ഈ കൊടു​ങ്കാ​റ്റു മൂലം ഉണ്ടായി. ചിലരു​ടെ വീട്ടു​വ​ള​പ്പി​ലെ മരങ്ങൾ കടപു​ഴകി, വീടിന്റെ ഓടുകൾ പറന്നു​പോ​യി. മറ്റു ചിലരു​ടെ വീടുകൾ കൊടു​ങ്കാ​റ്റി​നെ തുടർന്നു​ണ്ടായ വെള്ള​പ്പൊ​ക്ക​ത്തിൽ നിലം​പൊ​ത്തി. സാക്ഷി​ക​ളിൽ ചിലർക്കു പരി​ക്കേറ്റു. വളരെ സങ്കടക​ര​മായ ഒരു സംഗതി ഷറാന്റ്‌ നദീ​പ്ര​ദേ​ശത്ത്‌ ഉണ്ടായി. അവിടെ 77 വയസ്സുള്ള ഒരു സാക്ഷി, തന്റെ ഭാര്യ നിസ്സഹാ​യ​യാ​യി നോക്കി​നിൽക്കെ മുങ്ങി​മ​രി​ച്ചു. മറ്റു പലരും മരണത്തെ മുഖാ​മു​ഖം കണ്ടു. 70 വയസ്സുള്ള ഷിൽബർ പറയുന്നു: “ഞാൻ മരിക്കാ​ഞ്ഞത്‌ ഒരു വലിയ അത്ഭുത​മാണ്‌. കതകു തള്ളിത്തു​റന്ന്‌ വെള്ളം അതീവ ശക്തി​യോ​ടെ അകത്തേക്ക്‌ ഇരച്ചു​ക​യറി. കണ്ണടച്ചു​തു​റ​ക്കും​മുമ്പ്‌ വീട്ടിൽ അഞ്ചടി​പ്പൊ​ക്ക​ത്തിൽ വെള്ളം കയറി​യി​രു​ന്നു. അലമാ​ര​യിൽ മുറു​ക്കി​പ്പി​ടി​ച്ച​തു​കൊ​ണ്ടു മാത്ര​മാണ്‌ ഞാൻ രക്ഷപ്പെ​ട്ടത്‌.”

ആവശ്യ​മായ സഹായം എത്തിക്കു​ന്നു

കൊടു​ങ്കാ​റ്റു​കളെ തുടർന്ന്‌ ഫ്രാൻസി​ലും യൂറോ​പ്പി​ലെ​ല്ലാ​യി​ട​ത്തു​മുള്ള ജനങ്ങളു​ടെ​യി​ട​യിൽ അസാധാ​ര​ണ​മായ ഒരു ഐക്യം ഉടലെ​ടു​ത്തു. ലെ മിഡീ ലിബ്രെ എന്ന വർത്തമാ​ന​പ്പ​ത്രം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “താനേ ചെയ്യു​ന്ന​താ​യാ​ലും സൗഹൃ​ദ​ത്തി​ന്റെ പേരിൽ ചെയ്യു​ന്ന​താ​യാ​ലും മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ ചെയ്യു​ന്ന​താ​യാ​ലും ശരി, സഹായം കടമയാ​യി വീക്ഷി​ക്ക​പ്പെ​ടുന്ന സമയങ്ങ​ളുണ്ട്‌.”

ഓരോ തവണയും കൊടു​ങ്കാ​റ്റു​കൾക്കു ശേഷം ഉടനെ​തന്നെ, പ്രാ​ദേ​ശിക സഭകളി​ലെ അംഗങ്ങ​ളെ​യും ദുരന്ത​ത്താൽ ബാധി​ക്ക​പ്പെട്ട മറ്റുള്ള​വ​രെ​യും സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ രക്ഷാ​പ്ര​വർത്തന കമ്മിറ്റി​കൾ രൂപീ​ക​രി​ച്ചു. സാധാ​ര​ണ​ഗ​തി​യിൽ രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാണ ചുമതല വഹിക്കുന്ന മേഖല നിർമാ​ണ​ക്ക​മ്മി​റ്റി​കൾ സന്നദ്ധ​സേ​വ​ക​രു​ടെ കൂട്ടങ്ങൾ സംഘടി​പ്പി​ച്ചു. തെക്കു​പ​ടി​ഞ്ഞാ​റൻ ഫ്രാൻസിൽ നവംബ​റിൽ കൊടു​ങ്കാറ്റ്‌ ആഞ്ഞടി​ച്ച​തി​നു ശേഷം 3,000 സാക്ഷികൾ രക്ഷാ​പ്ര​വർത്ത​ന​ങ്ങൾക്കാ​യി മുന്നോ​ട്ടു വന്നു. അകത്തേക്ക്‌ അടിച്ചു​ക​യ​റിയ വെള്ളവും ചേറും നീക്കി വീടു വൃത്തി​യാ​ക്കാൻ ദുരന്ത​ത്തി​നി​ര​യാ​യ​വരെ സഹായി​ച്ചു​കൊണ്ട്‌ അവർ ശുചീ​കരണ പ്രവർത്ത​ന​ങ്ങ​ളി​ലും പങ്കെടു​ത്തു. ചില ഗ്രാമ​ങ്ങ​ളിൽ ആദ്യം എത്തിയ സന്നദ്ധ​സേ​വ​ക​രിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ണ്ടാ​യി​രു​ന്നു. അവർ സ്‌കൂ​ളു​കൾ, പോസ്റ്റ്‌ ഓഫീ​സു​കൾ, ടൗൺഹാ​ളു​കൾ, വൃദ്ധസ​ദ​നങ്ങൾ എന്നിങ്ങ​നെ​യുള്ള പൊതു കെട്ടി​ടങ്ങൾ, എന്തിന്‌ ഒരിടത്ത്‌ ഒരു സെമി​ത്തേരി പോലും വൃത്തി​യാ​ക്കു​ക​യു​ണ്ടാ​യി. അനേകം സന്ദർഭ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളും ദുരി​താ​ശ്വാ​സ സംഘട​ന​ക​ളും തോ​ളോ​ടു​തോൾചേർന്ന്‌ പ്രവർത്തി​ച്ചു.

മതവി​ശ്വാ​സ​ങ്ങ​ളൊ​ന്നും കണക്കി​ലെ​ടു​ക്കാ​തെ എല്ലാവർക്കും സഹായം വെച്ചു​നീ​ട്ടി. “ഗ്രാമ​ത്തി​ലെ പുരോ​ഹി​തനെ ഞങ്ങൾ സഹായി​ച്ചു. അദ്ദേഹ​ത്തി​ന്റെ വീടിന്റെ ബേസ്‌മെന്റ്‌ ഞങ്ങൾ വൃത്തി​യാ​ക്കി​ക്കൊ​ടു​ത്തു” എന്ന്‌ ഒരു സാക്ഷി പറയുന്നു. തങ്ങൾക്കു ലഭിച്ച സഹായത്തെ മറ്റുള്ളവർ എങ്ങനെ വീക്ഷിച്ചു എന്നതിനെ കുറിച്ച്‌ അദ്ദേഹം പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “അവരെ സഹായി​ക്കാ​നാ​യി സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി വന്നവരാ​യി​ട്ടാണ്‌ ആളുകൾ ഞങ്ങളെ കണ്ടത്‌.” ഒരു ഉദ്യോ​ഗസ്ഥൻ ഇപ്രകാ​രം പറഞ്ഞു: “അവർ സുവി​ശേഷം അനുസ​രി​ക്കു​ക​യും അയൽക്കാ​രെ സഹായി​ക്കു​ക​യും ചെയ്യുന്ന രീതി​യാ​യി ഇതിനെ കാണാം. തങ്ങളുടെ മതത്തി​നും സുവി​ശേ​ഷ​ങ്ങൾക്കും ചേർച്ച​യിൽ അവർ ജീവിച്ചു കാണിച്ചു.” സാക്ഷി​യായ ഒരു സന്നദ്ധ​സേവക ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “മുന്നോ​ട്ടു ചെന്നു സഹായി​ക്കാൻ ഹൃദയം പ്രേരി​പ്പി​ക്കു​ന്നു. നമ്മുടെ അയൽക്കാർക്കു​വേണ്ടി എന്തെങ്കി​ലും ചെയ്യാൻ കഴിയു​ന്നത്‌ ശരിക്കും സന്തോ​ഷ​മുള്ള കാര്യ​മാണ്‌.”

ഡിസം​ബ​റിൽ ഒന്നിനു​പു​റകെ ഒന്നായി ആഞ്ഞടിച്ച രണ്ടു കൊടു​ങ്കാ​റ്റു​കൾക്കു ശേഷം അനേകം സാക്ഷി​ക്കു​ടും​ബ​ങ്ങൾക്ക്‌ കുറെ ദിവസ​ത്തേക്കു തങ്ങളുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളു​മാ​യി യാതൊ​രു സമ്പർക്ക​വും പുലർത്താ​നാ​യില്ല. സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും പ്രാ​ദേ​ശിക മൂപ്പന്മാ​രു​ടെ​യും നേതൃ​ത്വ​ത്തിൽ ദുരി​താ​ശ്വാ​സ പ്രവർത്ത​നങ്ങൾ ക്രമീ​ക​രി​ക്ക​പ്പെട്ടു. ചിലയി​ട​ത്തൊ​ക്കെ റോഡു​കൾ നിറയെ തടസ്സങ്ങ​ളാ​യി​രു​ന്നു; ടെലി​ഫോൺ ലൈനു​ക​ളെ​ല്ലാം പൊട്ടി​ക്കി​ടന്നു. അതു​കൊണ്ട്‌ ഏതാനും കിലോ​മീ​റ്റർ അകലെ​യുള്ള സുഹൃ​ത്തു​ക്ക​ളു​മാ​യി​പ്പോ​ലും സമ്പർക്കം പുലർത്താൻ ഒരു നിർവാ​ഹ​വു​മി​ല്ലാ​യി​രു​ന്നു. മരം വീഴാ​നുള്ള സാധ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും ചില സാക്ഷികൾ കൊടു​ങ്കാ​റ്റു നാശം വിതച്ച വനാന്ത​ര​ങ്ങ​ളി​ലൂ​ടെ സൈക്കി​ളി​ലും കാൽന​ട​യാ​യു​മൊ​ക്കെ യാത്ര​ചെ​യ്‌ത്‌ തങ്ങളുടെ സഭയിലെ ഒറ്റപ്പെട്ടു പോയ അംഗങ്ങളെ സഹായി​ച്ചു. ഒരിക്കൽക്കൂ​ടി, സന്നദ്ധ​സേ​വകർ സ്‌കൂ​ളു​ക​ളും ലൈ​ബ്ര​റി​ക​ളും ക്യാമ്പു​ക​ളും അയൽവീ​ടു​ക​ളും വൃത്തി​യാ​ക്കി​ക്കൊ​ണ്ടും വനപാ​ത​ക​ളി​ലെ തടസ്സങ്ങൾ നീക്കി​ക്കൊ​ണ്ടും കഠിന​വേല ചെയ്‌തു.

‘ഒരു സ്‌നേ​ഹ​കു​മി​ള​യ്‌ക്കു​ള്ളിൽ’

ദുരന്ത​ത്തി​നി​ര​യായ പലരെ​യും, പ്രത്യേ​കിച്ച്‌ പ്രായ​മാ​യ​വ​രെ​യും കൊച്ചു​കു​ട്ടി​ക​ളെ​യും ഈ അനുഭവം ആകെ തളർത്തി​ക്ക​ളഞ്ഞു. തങ്ങളുടെ വീടും പ്രിയ​പ്പെ​ട്ട​വ​രു​മൊ​ക്കെ നഷ്ടപ്പെ​ട്ട​വർക്ക്‌ സാധാരണ ജീവി​ത​ത്തി​ലേക്കു മടങ്ങാൻ ഇനിയും ഏറെക്കാ​ലം വേണ്ടി​വ​രും. അതിന്‌ അവർക്കു സ്വന്തക്കാ​രു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും സഹായ​വും ആവശ്യ​മാണ്‌. ഓഡ്‌ പ്രദേ​ശത്തെ വെള്ള​പ്പൊ​ക്കത്തെ തുടർന്ന്‌ അടിയ​ന്തിര മാനസിക വൈദ്യ​ചി​കി​ത്സ​യ്‌ക്കാ​യി രൂപീ​ക​രിച്ച ഒരു കമ്മിറ്റി​യി​ലെ ഡോക്ടർ ഗബ്രി​യെൽ കോട്ടെൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ദുരന്ത​ത്തി​നി​ര​യാ​യ​വർക്ക്‌ അവരുടെ അതേ മതസമു​ദാ​യ​ത്തിൽപ്പെ​ട്ടവർ നൽകുന്ന ഏതു പിന്തു​ണ​യും വളരെ വില​പ്പെ​ട്ട​താണ്‌.”

ഇത്തരം സഹായം നൽകു​ന്ന​തി​നെ ധാർമി​ക​വും തിരു​വെ​ഴു​ത്തു​പ​ര​വു​മായ ഒരു കടമയാ​യി​ട്ടാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ വീക്ഷി​ക്കു​ന്നത്‌. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: ‘[സത്യ​ക്രി​സ്‌തീയ സമുദാ​യ​ത്തി​ന്റെ] ശരീര​ത്തിൽ ഭിന്നത വരരുത്‌. അവയവങ്ങൾ അന്യോ​ന്യം ഒരു​പോ​ലെ കരു​തേ​ണ്ട​താണ്‌ . . . ഒരു അവയവം കഷ്ടം അനുഭ​വി​ക്കു​ന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും​കൂ​ടെ കഷ്ടം അനുഭ​വി​ക്കു​ന്നു.’—1 കൊരി​ന്ത്യർ 12:25, 26.

കൊടു​ങ്കാ​റ്റു​ണ്ടായ സമയത്ത്‌ എട്ടു മാസം ഗർഭി​ണി​യാ​യി​രുന്ന ഏലെൻ ഇപ്പോൾ ഏതാനും മാസം പ്രായ​മുള്ള ഒരു പെൺകു​ഞ്ഞി​ന്റെ അമ്മയാണ്‌. അവൾ ഇങ്ങനെ പറയുന്നു: “ശക്തമായ കാറ്റും മഴയും ശമിച്ച്‌ ഏതാനും മണിക്കൂ​റു​കൾക്കു​ള്ളിൽ ഒരു ഡസനോ​ളം ക്രിസ്‌തീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ഞങ്ങളുടെ വീട്ടി​ലെത്തി. എല്ലാം വൃത്തി​യാ​ക്കാൻ അവർ സഹായി​ച്ചു. വന്നവരു​ടെ കൂട്ടത്തിൽ കൊടു​ങ്കാ​റ്റി​നാൽ ബാധി​ക്ക​പ്പെട്ട സഹോ​ദ​ര​ങ്ങ​ളും ഉണ്ടായി​രു​ന്നു. എത്ര വലിയ സഹായ​മാണ്‌ അവർ ചെയ്‌തു​ത​ന്നത്‌! അവരുടെ ഉള്ളിൽനിന്ന്‌, പൂർണ​ഹൃ​ദ​യ​ത്തോ​ടെ​യാണ്‌ അവർ അതു ചെയ്‌തത്‌.”

വെള്ള​പ്പൊ​ക്ക​ത്തിൽ വീടു തകർന്നു​പോയ ഓഡെറ്റ്‌ തന്റെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങളെ കുറിച്ചു പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “അവർ എന്നെ വളരെ​യ​ധി​കം ആശ്വസി​പ്പി​ച്ചു. എനി​ക്കെന്റെ വികാ​രങ്ങൾ പ്രകടി​പ്പി​ക്കാൻ വാക്കു​ക​ളില്ല. അവർ എനിക്കാ​യി ചെയ്‌ത സംഗതി​കൾ എന്റെ ഹൃദയത്തെ വളരെ​യ​ധി​കം സ്‌പർശി​ച്ചി​രി​ക്കു​ന്നു.” വിലമ​തി​പ്പു നിറഞ്ഞു​തു​ളു​മ്പിയ ഒരു ഹൃദയ​ത്തിൽനിന്ന്‌ മറ്റൊരു സഹോ​ദരി പറഞ്ഞ വാക്കു​ക​ളിൽ അനേക​രു​ടെ വികാ​രങ്ങൾ പ്രതി​ഫ​ലി​ച്ചി​ട്ടുണ്ട്‌: “നമ്മൾ ശരിക്കും ഒരു സ്‌നേ​ഹ​കു​മി​ള​യ്‌ക്കു​ള്ളിൽ ആണ്‌!”

“കറുത്ത വേലി​യേറ്റം”

ഡിസംബർ മാസം പകുതി​യോ​ടെ, അതായത്‌ കൊടു​ങ്കാറ്റ്‌ ഉണ്ടാകു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ഏറിക്കാ എന്ന സൂപ്പർടാ​ങ്കർ ഫ്രാൻസി​ന്റെ പടിഞ്ഞാ​റൻ തീരത്തു​നിന്ന്‌ ഏകദേശം 50 കിലോ​മീ​റ്റർ അകലെ​യുള്ള ആഴക്കട​ലിൽ മുങ്ങി​പ്പോ​യി. ബ്രിട്ടനി മുതൽ വെൻഡി വരെയുള്ള 400 കിലോ​മീ​റ്റ​റോ​ളം വരുന്ന തീര​രേ​ഖയെ മലീമ​സ​മാ​ക്കി​ക്കൊണ്ട്‌ അതിലു​ണ്ടാ​യി​രുന്ന 10,000 ടൺ എണ്ണ വെള്ളത്തി​ലേക്കു മറിഞ്ഞു. തുടർന്നു​വന്ന കൊടു​ങ്കാറ്റ്‌ ഈ പാരി​സ്ഥി​തിക ദുരന്തത്തെ കൂടുതൽ വഷളാക്കി. അനേകം ചെറിയ എണ്ണപ്പാ​ടകൾ രൂപം​കൊ​ള്ളു​ന്ന​തിന്‌ അത്‌ ഇടയാ​ക്കി​യ​തി​നാൽ മലിനീ​ക​രണം വ്യാപി​ക്കു​ക​യും എണ്ണ നീക്കം​ചെ​യ്യുക കൂടുതൽ ബുദ്ധി​മു​ട്ടാ​യി​ത്തീ​രു​ക​യും ചെയ്‌തു. പാറക​ളി​ലും മണ്ണിലും ഒട്ടിപ്പി​ടിച്ച കൊഴുത്ത എണ്ണ നീക്കം​ചെ​യ്യു​ന്ന​തിൽ സഹായി​ക്കാൻ പ്രായ​ഭേ​ദ​മ​ന്യേ ആയിര​ക്ക​ണ​ക്കി​നു സന്നദ്ധ​സേ​വകർ ഫ്രാൻസി​ന്റെ എല്ലാ ഭാഗങ്ങ​ളിൽനി​ന്നും എത്തി​ച്ചേർന്നു.

ഈ അപകടം വലിയ​തോ​തി​ലുള്ള സാമു​ദ്രിക പരിസ്ഥി​തി മലിനീ​ക​രണം വരുത്തി​വെച്ചു. ചിപ്പി, കക്കാ വ്യവസാ​യ​ങ്ങളെ അതു ഗുരു​ത​ര​മാ​യി ബാധിച്ചു. പക്ഷിശാ​സ്‌ത്ര​ജ്ഞ​രു​ടെ കണക്കു​ക​ള​നു​സ​രിച്ച്‌ 4,00,000 കടൽപ്പ​ക്ഷി​ക​ളെ​ങ്കി​ലും ഇതിന്റെ ഫലമായി—പഫിൻ, മുങ്ങാ​ങ്കോ​ഴി, ഗാനെറ്റ്‌ എന്നിവ​യും വിശേ​ഷി​ച്ചും ഗിലെ​മോ​ട്ടും—ചത്തൊ​ടു​ങ്ങി. 1978 മാർച്ചിൽ, ആമോ​കോ കാഡിസ്‌ എന്ന എണ്ണക്കപ്പൽ ബ്രിട്ടനി തീരത്തി​നു സമീപം കടൽത്ത​ട്ടിൽ ഉറച്ചു​പോ​യ​പ്പോൾ ചത്ത പക്ഷിക​ളു​ടെ എണ്ണത്തിന്റെ പത്തിര​ട്ടി​യാണ്‌ ഇത്‌. അയർലൻഡ്‌, ഇംഗ്ലണ്ട്‌, സ്‌കോ​ട്ട്‌ലൻഡ്‌ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ ശൈത്യ​കാ​ലം ചെലവ​ഴി​ക്കു​ന്ന​തിന്‌ ഫ്രാൻസി​ന്റെ തീരങ്ങ​ളിൽ എത്തിയ​താ​യി​രു​ന്നു മിക്ക പക്ഷിക​ളും. റോഷ്‌ഫോർട്ട്‌ പക്ഷിസം​രക്ഷക സമിതി​യു​ടെ ഡയറക്ടർ ഇങ്ങനെ പറഞ്ഞു: “ഇതൊരു എണ്ണ ദുരന്ത​മാണ്‌. ഇതുവരെ ഉണ്ടായി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും വിപത്‌ക​ര​മായ ഒന്നുതന്നെ. . . . അപൂർവ പക്ഷിക​ളു​ടെ എണ്ണം തീരെ കുറയു​ക​യോ ഫ്രാൻസി​ന്റെ തീരങ്ങ​ളിൽനിന്ന്‌ അവ പൂർണ​മാ​യും അപ്രത്യ​ക്ഷ​മാ​കു​ക​യോ ചെയ്‌തേ​ക്കു​മെന്നു ഞങ്ങൾ ഭയപ്പെ​ടു​ന്നു.”

[കടപ്പാട്‌]

© La Marine Nationale, France

[15-ാം പേജിലെ ചിത്രം]

ഹെലിക്കോപ്‌റ്ററുകൾ നൂറു​ക​ണ​ക്കി​നാ​ളു​ക​ളു​ടെ രക്ഷയ്‌ക്കെത്തി. ക്യൂഷാക്‌ ദോദി​ലെ ഒരു ദൃശ്യം

[കടപ്പാട്‌]

B.I.M.

[15-ാം പേജിലെ ചിത്രം]

നാശം വിതയ്‌ക്ക​പ്പെട്ട മുന്തി​രി​ത്തോ​പ്പു​ക​ളു​ടെ നടുവി​ലൂ​ടെ പോകുന്ന ഒരു റെയിൽപ്പാ​ളം ഇപ്പോൾ ഉപയോ​ഗ​യോ​ഗ്യ​മ​ല്ലാ​തെ കിടക്കു​ക​യാണ്‌

[കടപ്പാട്‌]

B.I.M.

[15-ാം പേജിലെ ചിത്രം]

കൊടുങ്കാറ്റിൽ നൂറു​ക​ണ​ക്കി​നു കാറുകൾ തകർക്ക​പ്പെ​ട്ടു

[16-ാം പേജിലെ ചിത്രം]

വിൽഡെനിയിൽ, ഈ മനുഷ്യൻ ഏഴു മണിക്കൂറ്‌ കുടു​ങ്ങി​പ്പോ​യി

[കടപ്പാട്‌]

J.-M Colombier

[16, 17 പേജു​ക​ളി​ലെ ചിത്രങ്ങൾ]]

ക്രൂസ്‌ പ്രവി​ശ്യ​യി​ലെ പൈൻ മരങ്ങൾ തീപ്പെ​ട്ടി​ക്കൊ​ള്ളി​കൾ പോലെ ഒടിഞ്ഞു​വീ​ണു

[കടപ്പാട്‌]

© Chareyton/La Montagne/MAXPPP

[16, 17 പേജു​ക​ളി​ലെ ചിത്രം]

വേഴ്‌സൈലെസ്‌ കൊട്ടാര ഉദ്യാ​ന​ങ്ങ​ളിൽ മാത്രം 10,000 മരങ്ങൾ കടപു​ഴ​കി

[കടപ്പാട്‌]

© Charles Platiau/Reuters/MAXPPP

[17-ാം പേജിലെ ചിത്രം]

പിറ്റേ ദിവസം രാവിലെ നോർമാൻഡി​യി​ലെ സെൻ-പ്യെർ-സ്യൂർ-ദിവിലെ ഒരു കാഴ്‌ച

[കടപ്പാട്‌]

© M. Daniau/AFP

[18-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികൾ ലാ റെദോർത്തി​ലെ ഒരു വൃദ്ധസ​ദ​ന​വും (മുകളിൽ) റെസാക്ക്‌ ദോദി​ലെ ടൗൺഹാ​ളും (വലത്ത്‌) വൃത്തി​യാ​ക്കു​ന്നു