വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രചാരണത്തിന്‌ ഇരയാകാതിരിക്കുക!

പ്രചാരണത്തിന്‌ ഇരയാകാതിരിക്കുക!

പ്രചാ​ര​ണ​ത്തിന്‌ ഇരയാ​കാ​തി​രി​ക്കുക!

“ഒരു വിഡ്‌ഢി ഏതുവാ​ക്കും വിശ്വ​സി​ക്കും.”സദൃശ​വാ​ക്യ​ങ്ങൾ 14:15, ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാ​ന്തരം.

വിദ്യാ​ഭ്യാ​സ​വും പ്രചാ​ര​ണ​വും തമ്മിൽ ഒരു വലിയ വ്യത്യാ​സം ഉണ്ട്‌. ഒരാൾ എങ്ങനെ ചിന്തി​ക്ക​ണ​മെന്നു വിദ്യാ​ഭ്യാ​സം കാണി​ച്ചു​ത​രു​ന്നു. എന്നാൽ, അയാൾ എന്തു ചിന്തി​ക്ക​ണ​മെ​ന്നു​ള്ള​താണ്‌ പ്രചാ​രണം അയാ​ളോ​ടു പറയു​ന്നത്‌. കാര്യ​ത്തി​ന്റെ എല്ലാ വശങ്ങളും അവതരി​പ്പി​ക്കു​ക​യും ചർച്ച​ചെ​യ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാണ്‌ നല്ല അധ്യാ​പകർ ചെയ്യുക. പ്രചാ​രകർ പക്ഷേ, യാതൊ​രു ദാക്ഷി​ണ്യ​വും കൂടാതെ അവരുടെ കാഴ്‌ച​പ്പാ​ടു​കൾ നിങ്ങളു​ടെ മേൽ അടി​ച്ചേൽപ്പി​ക്കും. അവയെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യാൻ അവർ യാതൊ​രു താത്‌പ​ര്യ​വും കാണി​ക്കു​ക​യില്ല. മിക്ക​പ്പോ​ഴും, അവരുടെ യഥാർഥ ലക്ഷ്യങ്ങൾ എന്തെല്ലാ​മാ​ണെന്ന്‌ മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ വലിയ ബുദ്ധി​മു​ട്ടാണ്‌. അവർ വസ്‌തു​ത​ക​ളെ​ല്ലാം പഠിച്ച ശേഷം തങ്ങൾക്ക്‌ ഉപയോ​ഗ​പ്പെ​ടു​ന്നവ മാത്രം പറയു​ക​യും ബാക്കി​യു​ള്ളവ മറച്ചു​പി​ടി​ക്കു​ക​യും ചെയ്യുന്നു. നുണക​ളും അർധ-സത്യങ്ങ​ളു​മൊ​ക്കെ പറയു​ന്ന​തിൽ പ്രത്യേക പ്രാവീ​ണ്യ​മുള്ള അവർ, വസ്‌തു​ത​കളെ തങ്ങൾക്കു വേണ്ടുന്ന രീതി​യിൽ വളച്ചൊ​ടി​ക്കു​ക​യും കോട്ടി​മാ​ട്ടു​ക​യും ചെയ്യുന്നു. അവർ ലക്ഷ്യമി​ടു​ന്നത്‌ നിങ്ങളു​ടെ വികാ​ര​ങ്ങ​ളെ​യാണ്‌ അല്ലാതെ ന്യായ​യു​ക്ത​മാ​യി ചിന്തി​ക്കാ​നുള്ള നിങ്ങളു​ടെ പ്രാപ്‌തി​യെ അല്ല.

തങ്ങൾ പറയു​ന്നത്‌ ഉചിത​വും ധർമി​ഷ്‌ഠ​വു​മാ​ണെന്ന്‌ തോന്ന​ത്ത​ക്ക​വി​ധം കാര്യങ്ങൾ അവതരി​പ്പി​ക്കാൻ പ്രചാ​രകർ സർവ​ശ്ര​മ​വും നടത്തും. എന്നുമാ​ത്രമല്ല, അവ പിൻപ​റ്റു​മ്പോൾ നിങ്ങൾ ആളൊരു മിടു​ക്ക​നാണ്‌ എന്ന തോന്നൽ ഉളവാ​കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താ​നും അവർ ശ്രമി​ക്കു​ന്നു. അവർ പറയു​ന്നത്‌ അതു​പോ​ലെ കേൾക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ വിവര​മുള്ള ഒരു ആളാണ്‌, നിങ്ങൾ ഒറ്റയ്‌ക്കല്ല, നിങ്ങൾക്ക്‌ ഒരു ആശങ്കയ്‌ക്കും കാരണ​മു​ണ്ടാ​കില്ല എന്നൊക്കെ വിശ്വ​സി​പ്പി​ക്കാൻ അവർ ശ്രമി​ക്കു​ന്നു.

എന്നാൽ, “വൃഥാ​വാ​ചാ​ല​ന്മാ​രും മനോ​വ​ഞ്ച​ക​ന്മാ​രു”മെന്ന്‌ ബൈബിൾ വിളി​ക്കു​ന്ന​തരം ആളുക​ളിൽ നിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ സ്വയം സംരക്ഷി​ക്കാൻ കഴിയും? (തീത്തൊസ്‌ 1:10) അവരുടെ തന്ത്രങ്ങ​ളിൽ ചിലത്‌ മനസ്സി​ലാ​ക്കാൻ കഴിഞ്ഞാൽ നിങ്ങളു​ടെ മുമ്പാകെ അവതരി​പ്പി​ക്ക​പ്പെ​ടുന്ന ഏതൊരു സന്ദേശ​വും കൂടുതൽ നന്നായി വിലയി​രു​ത്താൻ നിങ്ങൾക്കു കഴിയും. അങ്ങനെ ചെയ്യു​ന്ന​തി​നുള്ള ഏതാനും മാർഗങ്ങൾ ചുവടെ ചേർക്കു​ന്നു.

തിര​ഞ്ഞെ​ടു​ക്കൽ മനോ​ഭാ​വം ഉള്ളവരാ​യരി​ക്കുക: മുഴു​വ​നാ​യി തുറന്നു​വെ​ച്ചി​രി​ക്കുന്ന ഒരു മനസ്സിനെ എന്തും—ഓടയി​ലൂ​ടെ വരുന്ന മലിന​വ​സ്‌തു​ക്കൾ പോലും—ഉള്ളിലൂ​ടെ ഒഴുകാൻ അനുവ​ദി​ക്കുന്ന ഒരു പൈപ്പി​നോട്‌ ഉപമി​ക്കാൻ കഴിയും. തങ്ങളുടെ മനസ്സുകൾ വിഷലി​പ്‌ത​മാ​കു​വാൻ ആരും ആഗ്രഹി​ക്കു​ന്നില്ല. പുരാ​ത​ന​നാ​ളി​ലെ ഒരു രാജാ​വും പ്രബോ​ധ​ക​നു​മായ ശലോ​മോൻ ഈ മുന്നറി​യി​പ്പു നൽകി: “അല്‌പ​ബു​ദ്ധി ഏതു വാക്കും വിശ്വ​സി​ക്കു​ന്നു; സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 14:15) അതു​കൊണ്ട്‌, കേൾക്കുന്ന കാര്യങ്ങൾ എല്ലാം കണ്ണുമ​ടച്ചു വിശ്വ​സി​ക്കുന്ന കൂട്ടത്തി​ലാ​യി​രി​ക്ക​രുത്‌ നാം. മറിച്ച്‌ നമ്മുടെ മുന്നിൽ അവതരി​പ്പി​ക്കുന്ന എല്ലാ സംഗതി​ക​ളും സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ച്ചു​നോ​ക്കണം. അതിനു​ശേഷം, ഏതു സ്വീക​രി​ക്കണം ഏതു സ്വീക​രി​ക്കേണ്ട എന്നു തീരു​മാ​നി​ക്കേ​ണ്ട​തുണ്ട്‌.

എന്നിരു​ന്നാ​ലും, നമ്മുടെ ചിന്തയെ മെച്ച​പ്പെ​ടു​ത്താൻ ഉതകുന്ന തരം വസ്‌തു​തകൾ പരി​ശോ​ധി​ക്കാൻ മനസ്സി​ല്ലാ​ത്ത​വി​ധം ഇടുങ്ങിയ ചിന്താ​ഗ​തി​ക്കാർ ആയിരി​ക്കാൻ നാം ആഗ്രഹി​ക്കു​ക​യില്ല. ഇതു സംബന്ധിച്ച്‌ ഒരു ശരിയായ സമനില കണ്ടെത്താൻ എങ്ങനെ​യാ​ണു സാധി​ക്കുക? പുതിയ വിവരങ്ങൾ ലഭിക്കു​മ്പോൾ അവ തട്ടിച്ചു​നോ​ക്കാൻ പറ്റിയ ഒരു മാനദണ്ഡം ഉണ്ടായി​രി​ക്കു​ക​യാണ്‌ അതിന്റെ രഹസ്യം. ഇക്കാര്യ​ത്തിൽ, ഒരു ക്രിസ്‌ത്യാ​നി​യെ സഹായി​ക്കാൻ, അവന്റെ ചിന്തകളെ വഴിന​യി​ക്കാൻ, അവന്‌ മഹാജ്ഞാ​ന​ത്തി​ന്റെ ഒരു ഉറവി​ട​മുണ്ട്‌—ബൈബിൾ. ഒരുവ​ശത്ത്‌ അവൻ തന്റെ മനസ്സിന്റെ വാതാ​യ​നങ്ങൾ തുറന്നു വെച്ചി​രി​ക്കു​ന്നു, അതായത്‌ അവൻ പുതിയ വിവര​ങ്ങളെ സ്വാഗ​തം​ചെ​യ്യു​ന്നു. ഈ വിവര​ങ്ങളെ അതീവ​ശ്ര​ദ്ധ​യോ​ടെ ബൈബി​ളി​ന്റെ നിലവാ​ര​ങ്ങ​ളു​മാ​യി വിലയി​രു​ത്തി​യ​ശേഷം അവയു​മാ​യി യോജി​ച്ചു​പോ​കു​ന്നവ അവൻ സ്വീക​രി​ക്കു​ന്നു. മറുവ​ശത്ത്‌, തന്റെ ബൈബി​ള​ധി​ഷ്‌ഠിത മൂല്യ​ങ്ങൾക്ക്‌ ഘടകവി​രു​ദ്ധ​മായ ആശയങ്ങൾ സ്വീക​രി​ക്കു​ന്ന​തിൽ പതിയി​രി​ക്കുന്ന അപകടങ്ങൾ അവന്റെ മനസ്സ്‌ മനസ്സി​ലാ​ക്കു​ക​യും ചെയ്യുന്നു.

വിവേ​ച​നം ഉപയോ​ഗി​ക്കുക: “നേരിയ വ്യതി​യാ​ന​ങ്ങൾപോ​ലും മനസ്സി​ലാ​ക്കാ​നുള്ള സൂക്ഷ്‌മ​ബു​ദ്ധി”യെയാണു വിവേ​ചനം എന്നു പറയു​ന്നത്‌. “ഒന്നിനെ മറ്റൊ​ന്നിൽനി​ന്നു വേർതി​രി​ച്ച​റി​യു​ന്ന​തി​നുള്ള മനസ്സിന്റെ ശക്തി അഥവാ പ്രാപ്‌തി” ആണത്‌. വിവേ​ചനം ഉള്ള ഒരാൾക്ക്‌ കാര്യ​ങ്ങ​ളു​ടെ​യോ ആശയങ്ങ​ളു​ടെ​യോ അതിസൂക്ഷ്‌മ വിശദാം​ശ​ങ്ങൾപോ​ലും ഗ്രഹി​ക്കാ​നും നല്ല ന്യായ​ബോ​ധം പ്രകട​മാ​ക്കാ​നും കഴിയും.

“ചക്കരവാ​ക്കും മുഖസ്‌തു​തി​യും പറഞ്ഞു സാധു​ക്ക​ളു​ടെ ഹൃദയ​ങ്ങളെ വഞ്ചിച്ചു​ക​ളയു”ന്നവർ ആരെല്ലാ​മാ​ണെന്നു മനസ്സി​ലാ​ക്കാൻ വിവേ​ചനം നമ്മെ സഹായി​ക്കു​ന്നു. (റോമർ 16:18) അപ്രധാ​ന​മാ​യ​തും വഴി​തെ​റ്റി​ക്കു​ന്ന​തു​മായ വിവരങ്ങൾ തള്ളിക്ക​ള​യാ​നും ഒപ്പം ഒരു കാര്യ​ത്തി​ന്റെ സത്ത വേർതി​രി​ച്ച​റി​യാ​നും വിവേ​ചനം നമ്മെ പ്രാപ്‌ത​രാ​ക്കും. എന്നാൽ, ഒരു സംഗതി വഴി​തെ​റ്റി​ക്കു​ന്ന​താ​ണോ എന്ന്‌ എങ്ങനെ വിവേ​ചി​ച്ച​റി​യാൻ കഴിയും?

വിവരങ്ങൾ പരി​ശോ​ധി​ച്ചു നോക്കുക: ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു ക്രിസ്‌തീയ ഉപദേ​ഷ്ടാ​വായ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “എല്ലാ നിശ്വസ്‌ത സന്ദേശ​ങ്ങ​ളും വിശ്വ​സി​ക്ക​രുത്‌, പകരം അവ പരി​ശോ​ധ​ന​യ്‌ക്കു വിധേ​യ​മാ​ക്കു​വിൻ.”(1 യോഹ​ന്നാൻ 4:1, NW) ചില ആളുകൾ സ്‌പോ​ഞ്ചു​കൾ പോ​ലെ​യാണ്‌, എന്തും വലി​ച്ചെ​ടു​ക്കുന്ന പ്രകൃ​ത​ക്കാർ. നമുക്ക്‌ ചുറ്റു​മുള്ള കാര്യ​ങ്ങ​ളെ​ല്ലാം കണ്ണുമ​ടച്ച്‌ സ്വീക​രി​ക്കുക വളരെ എളുപ്പ​മുള്ള കാര്യ​മാണ്‌.

പക്ഷേ, അതിലും എത്രയോ ഉത്തമമാണ്‌ വ്യക്തി​ക​ളെന്ന നിലയിൽ തങ്ങൾ സ്വീക​രി​ക്കാൻ ഇഷ്ടപ്പെ​ടുന്ന വിവരങ്ങൾ ഏതെല്ലാ​മാ​ണെന്ന്‌ സ്വയം തീരു​മാ​നി​ക്കു​ന്നത്‌! നാം എന്തു കഴിക്കു​ന്നു​വോ അതാണ്‌ നമ്മെ നാം ആക്കുന്നത്‌ എന്നു പറയാ​റു​ണ്ട​ല്ലോ. ശരീരത്തെ പരി​പോ​ഷി​പ്പി​ക്കുന്ന ആഹാര​ത്തി​ന്റെ കാര്യ​ത്തിൽ മാത്രമല്ല, മനസ്സി​ലേക്കു കടന്നു​ചെ​ല്ലുന്ന വിവര​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. അതു​കൊണ്ട്‌, നിങ്ങൾ എന്തു വായി​ച്ചാ​ലും കേട്ടാ​ലും കണ്ടാലും ശരി, അവ പ്രചാ​ര​ണാ​ത്മ​ക​മാ​ണോ സത്യമാ​ണോ എന്നു പരി​ശോ​ധി​ച്ചു​നോ​ക്കുക.

നിഷ്‌പ​ക്ഷ​രാ​യി നില​കൊ​ള്ളാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, പുതിയ പുതിയ വിവരങ്ങൾ ലഭ്യമാ​കു​ന്ന​തി​ന​നു​സ​രിച്ച്‌ നമ്മുടെ വ്യക്തി​പ​ര​മായ അഭി​പ്രാ​യങ്ങൾ തുടർച്ച​യാ​യി പരി​ശോ​ധ​ന​യ്‌ക്കു വിധേ​യ​മാ​ക്കാൻ നാം സന്നദ്ധരാ​കണം. ഒന്നുമ​ല്ലെ​ങ്കി​ലും, അവ അഭിപ്രായങ്ങൾ മാത്ര​മാ​ണ​ല്ലോ. അവ എത്ര​ത്തോ​ളം ആശ്രയ​യോ​ഗ്യ​മാണ്‌ എന്നത്‌ നമ്മുടെ പക്കലുള്ള വസ്‌തു​ത​ക​ളു​ടെ സാധു​ത​യെ​യും നമ്മുടെ വാദമു​ഖ​ങ്ങ​ളു​ടെ ഗുണ​മേ​ന്മ​യെ​യും അതു​പോ​ലെ നാം സ്വീക​രി​ക്കാൻ ഇഷ്ടപ്പെ​ടുന്ന മാനദ​ണ്ഡ​ങ്ങ​ളെ​യും അല്ലെങ്കിൽ മൂല്യ​ങ്ങ​ളെ​യും ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.

ചോദ്യ​ങ്ങൾ ചോദി​ക്കുക: ‘പ്രേര​ണാ​ത്മ​ക​മായ വാദമു​ഖ​ങ്ങൾകൊണ്ട്‌ നമ്മെ വഞ്ചിക്കാൻ’ താത്‌പ​ര്യ​മുള്ള അനേകർ ഇന്ന്‌ ഈ ലോക​ത്തിൽ ഉണ്ടെന്ന്‌ നാം കണ്ടുക​ഴി​ഞ്ഞു. (കൊ​ലൊ​സ്സ്യർ 2:4, NW) അതു​കൊണ്ട്‌, അത്തരം വാദമു​ഖ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ നാം ചില ചോദ്യ​ങ്ങൾ ചോദി​ക്കേ​ണ്ട​തുണ്ട്‌.

ആദ്യം​ത​ന്നെ, എന്തെങ്കി​ലും തരത്തി​ലുള്ള മുൻവി​ധി​കൾ ഒളിഞ്ഞി​രി​പ്പു​ണ്ടോ എന്നു പരി​ശോ​ധി​ച്ച​റി​യുക. ഈ സന്ദേശ​ത്തി​ന്റെ ലക്ഷ്യ​മെ​ന്താണ്‌? അതിൽ നിറയെ അപകീർത്തി​പ്പെ​ടു​ത്തുന്ന പ്രയോ​ഗ​ങ്ങ​ളും അതു​പോ​ലെ ഗൂഢാർഥ​മുള്ള പ്രയോ​ഗ​ങ്ങ​ളും ഉണ്ടെങ്കിൽ അത്‌ എന്തു​കൊ​ണ്ടാണ്‌? ഗൂഢാർഥ​മുള്ള പ്രയോ​ഗ​ങ്ങ​ളെ​ല്ലാം ഒഴിച്ചു​നി​റു​ത്തി സന്ദേശം മാത്ര​മെ​ടു​ക്കു​ക​യാ​ണെ​ങ്കിൽ, അതിന്റെ ഗുണങ്ങൾ എന്തെല്ലാ​മാണ്‌? സാധി​ക്കു​മെ​ങ്കിൽ, ആ സന്ദേശം അവതരി​പ്പി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു കൂടെ വിലയി​രു​ത്താൻ ശ്രമി​ക്കുക. അവർ സത്യം സംസാ​രി​ക്കു​ന്ന​വ​രാ​ണോ? സന്ദേശ​ത്തിൽ അവർ ഏതെങ്കി​ലും “ആധികാ​രിക ഉറവി​ട​ങ്ങളെ” കുറിച്ചു പരാമർശി​ക്കു​ന്നു​ണ്ടെ​ങ്കിൽ, അവ എന്താണ്‌ അല്ലെങ്കിൽ ആരാണ്‌? ഈ വ്യക്തിക്ക്‌—സംഘട​ന​യ്‌ക്ക്‌ അല്ലെങ്കിൽ പ്രസി​ദ്ധീ​ക​ര​ണ​ത്തിന്‌—പ്രസ്‌തുത വിഷയ​ത്തിൽ വിദഗ്‌ധ ജ്ഞാനം ഉണ്ടെന്നോ ആശ്രയ​യോ​ഗ്യ​മായ വിവരം പ്രദാനം ചെയ്യാൻ കഴിയു​മെ​ന്നോ ഒക്കെ നിങ്ങൾ എന്തു​കൊ​ണ്ടാ​ണു വിശ്വ​സി​ക്കു​ന്നത്‌? വികാ​ര​ങ്ങളെ ഉണർത്താൻ പോന്ന വിധത്തി​ലാ​ണു സന്ദേശം അവതരി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​കു​ന്നെ​ങ്കിൽ സ്വയം ഇങ്ങനെ ചോദി​ക്കുക, ‘തികച്ചും നിർവി​കാ​ര​മാ​യി കാണു​ക​യാ​ണെ​ങ്കിൽ, ഈ സന്ദേശ​ത്തി​ന്റെ നല്ല വശങ്ങൾ എന്തെല്ലാ​മാണ്‌?’

വെറുതെ ഭൂരി​പ​ക്ഷ​ത്തി​ന്റെ പിന്നാലെ പായരുത്‌: ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ എല്ലാവ​രും ചിന്തി​ക്കു​ന്നതു ശരിയാ​യി​ക്കൊ​ള്ള​ണ​മെ​ന്നില്ല എന്നു തിരി​ച്ച​റി​ഞ്ഞാൽതന്നെ, മറ്റുള്ള​വ​രിൽ നിന്നു വ്യത്യ​സ്‌ത​മാ​യി ചിന്തി​ക്കാ​നുള്ള ധൈര്യം നിങ്ങൾക്കു ലഭിക്കും. എല്ലാവ​രും ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ഒരു പ്രത്യേക തരത്തി​ലാ​ണു ചിന്തി​ക്കു​ന്നത്‌ എന്നതു​കൊണ്ട്‌ നിങ്ങളും അങ്ങനെ​തന്നെ ചിന്തി​ക്കണം എന്നുണ്ടോ? ഭൂരി​പക്ഷം ആളുകൾ എന്തു വിശ്വ​സി​ക്കു​ന്നു എന്നതല്ല സത്യത്തി​ന്റെ അളവു​കോൽ. പിന്നിട്ട നൂറ്റാ​ണ്ടു​ക​ളിൽ, പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രുന്ന പല ആശയങ്ങ​ളും പിന്നീടു തെറ്റാ​ണെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌. എന്നിട്ടും, ഭൂരി​പ​ക്ഷ​ത്തി​ന്റെ വഴിയെ പോകാ​നുള്ള ചായ്‌വാണ്‌ ഇപ്പോ​ഴും മിക്കവ​രും കാണി​ക്കു​ന്നത്‌. പുറപ്പാ​ടു 23:2-ൽ കൊടു​ത്തി​രി​ക്കുന്ന കൽപ്പന​യിൽ വളരെ നല്ലൊരു തത്ത്വം അടങ്ങി​യി​ട്ടുണ്ട്‌: “ബഹുജ​നത്തെ അനുസ​രി​ച്ചു ദോഷം ചെയ്യരു​തു.”

യഥാർഥ പരിജ്ഞാ​ന​വും പ്രചാ​ര​ണ​വും

വ്യക്തമാ​യി ചിന്തി​ക്കു​ന്ന​തി​നുള്ള ഉത്തമ വഴികാ​ട്ടി​യാണ്‌ ബൈബിൾ എന്ന്‌ നേരത്തെ സൂചി​പ്പി​ച്ചി​രു​ന്നു. യേശു ദൈവ​ത്തോട്‌ പ്രാർഥ​ന​യിൽ പറഞ്ഞ സംഗതി​യോട്‌ യഹോ​വ​യു​ടെ സാക്ഷികൾ പൂർണ​ഹൃ​ദ​യ​ത്തോ​ടെ യോജി​ക്കു​ന്നു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹ​ന്നാൻ 17:17) കാരണം, ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വായ ദൈവം, “സത്യത്തി​ന്റെ ദൈവ​മാണ്‌.”—സങ്കീർത്തനം 31:5 (ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാ​ന്തരം [NIBV])

അതേ, ആധുനി​ക​മായ മാർഗങ്ങൾ ഉപയോ​ഗി​ച്ചുള്ള പ്രചാ​ര​ണ​ത്തി​ന്റേ​തായ ഈ യുഗത്തിൽ സത്യത്തി​ന്റെ ഉറവിടം എന്ന നിലയിൽ നമുക്ക്‌ ധൈര്യ​ത്തോ​ടെ യഹോ​വ​യു​ടെ വചനത്തി​ലേക്കു നോക്കാൻ കഴിയും. ആത്യന്തി​ക​മാ​യി, ‘കൗശല​വാ​ക്കു​കൾകൊണ്ട്‌ നമ്മെ ചൂഷണം ചെയ്യു​ന്ന​വ​രിൽ’ നിന്ന്‌ അതു നമ്മെ സംരക്ഷി​ക്കും.—2 പത്രൊസ്‌ 2:3, NIBV.

[9-ാം പേജിലെ ചിത്രം]

അപ്രധാനവും വഴി​തെ​റ്റി​ക്കു​ന്ന​തു​മായ വിവരങ്ങൾ തള്ളിക്ക​ള​യാൻ വിവേ​ചനം സഹായി​ക്കും

[10-ാം പേജിലെ ചിത്രം]

നിങ്ങൾ വായി​ക്കു​ന്ന​തോ കാണു​ന്ന​തോ ആയ എന്തും സത്യമാ​ണോ എന്നറി​യാൻ പരി​ശോ​ധി​ച്ചു നോ​ക്കേ​ണ്ട​തുണ്ട്‌

[11-ാം പേജിലെ ചിത്രം]

ഭൂരിപക്ഷാഭിപ്രായം എപ്പോ​ഴും ആശ്രയ​യോ​ഗ്യ​മല്ല

[11-ാം പേജിലെ ചിത്രം]

സത്യത്തിന്റെ ഉറവിടം എന്ന നിലയിൽ നമുക്ക്‌ ധൈര്യ​ത്തോ​ടെ ദൈവ​വ​ച​ന​ത്തി​ലേക്കു നോക്കാൻ കഴിയും